കേരളത്തിൽ ജ്യോതിഷരംഗത്ത് പ്രശസ്തിയാർജ്ജിച്ച ഒരു സ്ഥലമാണ് പാഴൂർ പടിപ്പുര. 1800 വർഷങ്ങൾക്കുമുമ്പാണ് ഇത് പണികഴിപ്പിച്ച്തെന്ന് വിശ്വസിക്കുന്നു. ജ്യോതിഷാചാര്യനായിരുന്ന തലക്കളത്തൂർ ഗോവിന്ദ ഭട്ടതിരിയുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു. പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രത്തിനക്കരെയാണ്‌ പടിപ്പുര. പടിപ്പുരയിൽ വന്ന് പ്രശ്നം വയ്ക്കുന്നതിന്‌ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും ജ്യോതിഷവിശ്വാസികൾ ദിവസേന വന്നുകൊണ്ടിരിക്കുന്നു. "രക്ഷേൽ ഗോവിന്ദമക്ക" (1584362) എന്ന കലിദിന സംഖ്യ\അനുസരിച്ചുള്ള കാലഘട്ടത്തിലാണ്‌ പടിപ്പുരയുടെ നിർമ്മാണം.

ഐതിഹ്യം തിരുത്തുക

ക്ഷേത്രം ഉണ്ടാക്കുന്നതിനു മുമ്പും പടിപ്പുര ഉണ്ടായിരുന്നു. കുടുംബപ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പടിപ്പുരയ്ക്കൽ വന്നു. പകൽ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയിൽ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുർഭാവത്തിലാണ്‌ ജ്യോത്സ്യർക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണപ്രകാരം ജ്യോത്സ്യർക്കു ബോധ്യം വന്നു. ഇന്നു സമയമില്ല, നാളെ വരൂ പ്രശ്നം വയ്ക്കാം എനു പറഞ്ഞു ജ്യോത്സ്യർ നമ്പൂതിരിയെ മടക്കി അയച്ചു. നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു. നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകൾക്കിടയിൽക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളിൽ നിന്നു അൽപം അകലെ കരയോടടുത്തു മണൽപ്പരപ്പിൽ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയിൽ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോൾ വ്യക്തമായി. ശരിക്കും ഒരു ശിവലിംഗം തന്നെ.

ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു. രാത്രിയിൽ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തിൽ കഴിഞ്ഞു കൂടി. തച്ചുശാസ്ത്രം അറിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി. ശിവക്ഷേത്രം പണിയാനുള്ള മാർഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവൻ അദ്ദേഹത്തിന്റെ ചിന്ത. പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാൻ ഇടയായതിൽ ജ്യോത്സ്യർക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാൻ എന്താണു കാരണം?പ്രശ്നകർമ്മങ്ങൾക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകർമ്മം എന്താണെന്ന് ജ്യോത്സ്യർ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിർമ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യർക്കു സമാധാനമായി. ഭഗവാൻ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യർ നമ്പൂതിരിയെ യാത്രയാക്കി. ഒരു ഇടപ്രഭുവിന്റെ വധശിക്ഷയിൽ നിന്നു ഒരു ഹരിജൻ യുവാവിനെ രക്ഷിക്കാൻ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു. ക്ഷേത്രനിർമ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂർ ദേശത്ത്‌ എത്തിയപ്പോൾ താൻ രക്ഷിച്ച ഹരിജൻ യുവാവിൽ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാൻ ഇടയായി. അയാൾ മണ്ണു കിളച്ചപ്പോൾ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്രനിർമ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.

നദീതീരത്ത്‌ കിഴക്കോട്ട്‌ ദർശനമായി പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി നദി പുണ്യനദിയെന്ന നിലയിൽ കിഴക്കോട്ടൊഴുകുന്നു. മൂവാറ്റുപുഴ പാഴൂരു വന്നപ്പോൾ കിഴക്കോട്ടായത്‌ കാശിയെ അനുസ്മരിപ്പിക്കാനാണ്‌ എന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേർന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌. ഏതോ ശാന്തിക്കാരൻ പാതാളത്തിൽ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ എന്ന വിശ്വാസത്താൽ ഇതിനു 'പാതാള വരിക്ക' എന്നുപറയുന്നു.[1][2][3][4][5]

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Verukal - Pazhoor Padippura ഏഷ്യാനെറ്റ്
  2. Pazhoor Padippura - Livevartha
  3. "pazhoorpadippura.com". മൂലതാളിൽ നിന്നും 2016-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-19.
  4. "Legend of Pazhoor Padippura". മൂലതാളിൽ നിന്നും 2016-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-19.
  5. Pazhoor perum thrikovil Piravam 1 2 3 - Kshethrayanam

പുറമെയുള്ള കണ്ണികൾ തിരുത്തുക

9°53′09″N 76°28′44″E / 9.8858°N 76.4788°E / 9.8858; 76.4788

"https://ml.wikipedia.org/w/index.php?title=പാഴൂർ_പടിപ്പുര&oldid=3701621" എന്ന താളിൽനിന്ന് ശേഖരിച്ചത്