ചെറുകഥ

ഗദ്യത്തിലുള്ള കല്പിതകഥ
(Short story എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രധാന സാഹിത്യരൂപമായ ചെറുകഥ ഗദ്യത്തിലുള്ള കല്പിതകഥ (Fiction) യുടെ ഒരു ഉപ വിഭാഗമാണ്. കേസരി ബാലകൃഷ്ണപ്പിള്ള നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് " ജീവിതത്തിലെ ഒരു സംഭവത്തിന്റെയോ, രംഗത്തിന്റെയോ, ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രമാണ് ചെറുകഥ . ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. നോവലിലെതു പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുകയാണു ഇവിടെ ചെയ്യുന്നത്.

സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

ചരിത്രം

തിരുത്തുക

പഴയ മുത്തശ്ശികഥകളാണ് ചെറുകഥയുടെ ആദിരൂപം എന്നു കരുതപ്പെടുന്നത് . 19-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ പാശ്ചാത്യഭാഷകളിലാണ് ഇത് വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തുന്ന സംഭവാഖ്യാനത്തിനു മുൻതൂക്കം കൊടുക്കുന്നവയായിരുന്നു. കെട്ടുകഥ, മൃഗകഥ, ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമാണ് ചെറുകഥ. 19-ാം ശതകത്തിൽ യൂറോപ്യൻ സാഹിത്യത്തിൽ കാല്പനികത ശക്തമായതോടെ ചെറിയ കഥകൾ പുതിയ രൂപഭാവങ്ങളാർജിച്ച് നവീന സാഹിത്യരൂപമായ ചെറുകഥകളാവുകയും സമ്പർക്കഫലമായി മറ്റു ഭാഷാസാഹിത്യങ്ങളിലേക്ക് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയും ചെയ്തു.കണ്ടെത്തൽ ആദ്യ കാല കഥകളുടെ സ്വഭാവമാണ്. കാരണം ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം നടക്കുന്ന സമയത്താണ് ചെറുകഥ സാഹിത്യത്തിന്റെ ഉത്ഭവവും വളർച്ചയും.അതിനാൽ ശാസ്ത്രത്തിന്റെ സ്വഭാവം ആദ്യകാല കഥകളിൽ കാണാം.


നിർവ്വചനം

തിരുത്തുക

യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാർത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾ, വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ . ഇതിൽനിന്നു ചെറിയ കഥ ആയതുകൊണ്ട് ചെറുകഥ ആകുന്നില്ല എന്നുകാണാം. ഒരു കഥാരൂപം, ഒരു വികാരം, ഒരവസ്ഥ എന്ന തരത്തിൽ ഏകാഗ്രതാ ഗുണം പ്രകടമാക്കുന്നവയാണ് ചെറുകഥകൾ. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്തുള്ളതിനെ തിളക്കിക്കാട്ടുകയും പരിപോഷിപ്പിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. നോവലിലെന്നപോലെ സ്ഥലകാലങ്ങളുടെ മുഹൂർത്തവും വിശാലവുമായ പശ്ചാത്തലത്തിൽ ജീവിതപരിണാമങ്ങളെ ആവിഷ്‌കരിക്കുന്നതിനുപകരം സംക്ഷിപ്തത ചെറുകഥയുടെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണ്.കേസരി ബാലകൃഷ്ണനെ പോലെയുള്ള ധിഷണാശാലികളായ വിമർശകരുടെ ഉദ്ബോധനം, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘട്ടത്തിലാണ്. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാരൂർ നീലകണ്ഠപ്പിള്ള, എസ്. കെ. പൊറ്റെക്കാട്ട്, പി. സി. കുട്ടിക്കൃഷ്ണൻ, ലളിതാംബിക അന്തർജ്ജനം, പെരുന്ന തോമസ് , നാഗവള്ളി ആർ.എസ്. കുറുപ്പ്, പുളിമാന പരമേശ്വരൻ പിള്ള, ഇ. എം. കോവൂർ, വെട്ടൂർ രാമൻ നായർ, പോഞ്ഞിക്കര റാഫി, സി. എ. കിട്ടുണ്ണി, ടി. കെ. സി. വടുതല, എ. ഗോവിന്ദൻ, എൻ. പി. ചെല്ലപ്പൻനായർ, മലയാറ്റൂർ രാമകൃഷ്ണൻ, ആനന്ദക്കുട്ടൻ, വി. കെ. എൻ., ജെ. കെ. വി. എന്നിവർ ഇക്കാലഘട്ടത്തിൽ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭകളാണ്.

സോഷ്യലിസ്റ്റ് റിയലിസത്തിൽനിന്നും കാവ്യാത്മക റിയലിസത്തിലേയ്ക്കുള്ള പരിണാമമാണ് പിൽക്കാലത്ത് മലയാള ചെറുകഥയിൽ സംഭവിച്ചത്. ഒറ്റപ്പെടുന്ന മൂന്നാം തലമുറക്കഥാകൃത്തുക്കളെയാണ് നാം ഇവിടെക്കാണുന്നത്. സമൂഹത്തിന്റെ ഉദ്ധാരണത്തിനപ്പുറം വ്യക്തിജീവിതത്തിന്റെ സത്യമാണ് അവർക്കു പ്രധാനം. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എഴുതിത്തുടങ്ങിയ അവരിൽ പ്രതീക്ഷകളുടെ വൈയർത്ഥ്യവും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ ഗതിയും മോഹഭംഗമുളവാക്കിയിട്ടുണ്ട്. ഒരു വ്യർത്ഥതാബോധത്തിന്റെ വ്യാകുലത അവരുടെ കഥകളിൽ പൊതുവേ വ്യാപിച്ചുകാണാം. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളിൽ തുടങ്ങുന്നു. മാധവിക്കുട്ടി, എൻ. പി. മുഹമ്മദ്, കെ. ടി. മുഹമ്മദ്, പി. എ. മുഹമ്മദ് കോയ, വെട്ടൂർ രാമൻ നായർ, കോവിലൻ, നന്ദനാർ, പാറപ്പുറത്ത്, വിനയൻ, രാജലക്ഷ്മി, ജി. എൻ. പണിക്കർ, ഇ. വാസു, പി. വത്സല, ഉണ്ണിക്കൃഷ്ണൻ പുതൂർ തുടങ്ങിയവർ ആധുനികതയുടെ ആദ്യഘട്ടത്തിലെ മറ്റു പ്രമുഖ കഥാകൃത്തുക്കളാണ്.

സമൂഹത്തിൽ നിന്നും സ്വയം ഭ്രഷ്ടരായി അലയുക, വ്യക്തി അയാളിൽ നിന്നു തന്നെ ഒറ്റപ്പെട്ട് സ്വയം അപരിചിതനാവുക, യാതൊരുവിധ വ്യാമോഹങ്ങളും മോഹങ്ങളും ഇല്ലാതിരിക്കുക, മനുഷ്യജീവിതത്തിന് ആശ്വാസം പകരുന്ന മതം, ശാസ്ത്രം, ഹ്യൂമനിസം, രാഷ്ട്രീയം, സംസ്കാരം, മൂല്യകല്പന ഇവയിൽ വിശ്വാസമില്ലാതിരിക്കുക തുടങ്ങിയ പ്രത്യേകതകളുൾക്കൊള്ളുന്ന കഥാകാരസമൂഹമാണ് മലയാള ചെറുകഥയിലെ നാലാം തലമുറയായി പ്രത്യക്ഷപ്പെടുന്നത്. സ്വന്തം ക്ഷതങ്ങളിൽ സുഖം കാണുക, പീഡിതമായ ചേതനയോടെ ജീവിക്കുന്നതിൽ മാത്രം നന്മയും സൗന്ദര്യവും കാണുക ഇതൊക്കെ ആധുനികതയുടെ രണ്ടാം ഘട്ടത്തിലുള്ള ഈ കഥാകാരന്മാരുടെ പൊതുസമീപനമാണ്.

കാക്കനാടൻ, ഒ. വി. വിജയൻ, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദൻ, സേതു തുടങ്ങിയ നാലാം തലമുറക്കാർ പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനികരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു. രണ്ടാംഘട്ട ആധുനികതയുടെ വക്താക്കളായ കഥാകൃത്തുക്കൾ വൈയക്തികതയുടെ അതിപ്രസരം, സാമൂഹികലക്ഷ്യരാഹിത്യം, ദുർഗ്രഹത, അസ്തിത്വവിചാരംമുതലായ ചിന്താഗതികളിലുള്ള ആശയപരമായ വൈദേശികാടിമത്തം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒട്ടേറെ ആക്ഷേപങ്ങൾക്ക് വിധേയരായിട്ടുണ്ട്. ആധുനികാനന്തര തലമുറയിൽ പ്രത്യക്ഷപ്പെട്ട കഥാകൃത്തുക്കളാകട്ടെ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് നടത്തുന്നത്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കെതിരെയുള്ള പ്രതിരോധമായി കഥ മാറുന്നകാഴ്ചയാണ് ഇന്ന് മലയാളത്തിലുള്ളത്. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാർത്ഥതയും ഇത്തരം രചനകളുടെ മുഖമുദ്രയായി മാറുന്നു. ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന കൂർത്ത ഐസുകട്ടയായി മാറുന്നു. മരവിപ്പിൽ നിന്നു മോചനം നെടുമ്പോഴേയ്ക്കും ചോരവാർന്ന് ആസ്വാദകൻ പരിക്ഷീണിതനാകുന്നു. തിരിച്ചറിവുകൾ അവനെ വിഹ്വലനാക്കുന്നു. ഈ തലമുറയിൽശ്രദ്ധേയരായ കഥാകൃത്തുക്കളാണ് സുഭാഷ് ചന്ദ്രൻ, സന്തോഷ് ഏച്ചിക്കാനം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്,പി കെ പാറക്കടവ് ഇ. സന്തോഷ് കുമാർ, ടി.പി. വേണുഗോപാലൻ, പി.വി. ഷാജികുമാർ ,സിതാര. എസ്., പ്രിയ എ.എസ്. തുടങ്ങിയവർ.

എഴുത്തുകാർ

തിരുത്തുക

[1]

  1. വിശ്വസാഹിത്യ വിജ്ഞാനകോശം. State Institute of Encyclopaedic Publications. 2005. {{cite book}}: Cite has empty unknown parameters: |1= and |2= (help)
"https://ml.wikipedia.org/w/index.php?title=ചെറുകഥ&oldid=3950553" എന്ന താളിൽനിന്ന് ശേഖരിച്ചത്