ജോസ് പനച്ചിപ്പുറം

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ജോസ് പനച്ചിപ്പുറം (ജനനം: ഓഗസ്റ്റ് 24, 1951, വാഴൂർ, കോട്ടയം) . മലയാള മനോരമ ദിനപത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

1951 ഓഗസ്‌റ്റ്‌ 24-ന്‌ കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫ്രഞ്ച്‌ ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ്‌ ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്‌ത ശേഷം 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത്‌ എഡിറ്റോറിയൽ ഡയറക്ടറായി പ്രവർത്തിക്കുന്നു. 1979 മുതൽ എല്ലാ ആഴ്‌ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്‌നേഹപൂർവം’ എന്നൊരു പംക്‌തിയും എഴുതാറുണ്ട്. 1971-ൽ മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ്‌ ലഭിച്ചു. പരേതയായ ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കൾ ആശ, അശോക്‌ എന്നിവരാണ്.

ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ

തിരുത്തുക
  • ധാരാവി (കഥാസമാഹാരം)
  • സ്നേഹപൂർവ്വം പനച്ചി
  • തരംഗങ്ങളിൽ
  • അലിഖിതം
  • തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിൽ എവിടെയോ
  • കണ്ണാടിയിലെ മഴ
  • ആഷാഢം (കഥാസമാഹാരം)
  • എഴുതപ്പെട്ടിരിക്കുന്നതുപോലെ (കഥാസമാഹാരം),
  • കഥയിൽ ഇല്ലാത്ത ഒരാൾ (നോവലെറ്റുകൾ),
  • സ്വന്തം (നോവൽ)
  • ആർദ്രം (നോവൽ)
  • കാറ്റാടിയുടെ ഗീതം (നോവൽ)
  • അലിഖിതം (നോവൽ)
  • മാൻപേടക്കുന്നിലെ സീത (നോവൽ).
  • വിഷുക്കണി - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
  • കഥയിലെ കൂട്ടുകാർ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം
  • സ്വപ്‌നം കണ്ടുറങ്ങാൻ - സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടിയുള്ള കഥാസമാഹാരം

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച പത്രസംവിധാനത്തിനുള്ള ദേശീയ അവാർഡ് - 1980
  • മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ്‌ - 1971
  • കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജോസ്_പനച്ചിപ്പുറം&oldid=4107202" എന്ന താളിൽനിന്ന് ശേഖരിച്ചത്