കോവിലൻ

ഇന്ത്യന്‍ രചയിതാവ്‌

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2). 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ
കോവിലൻ
ജനനം9 ജൂലൈ 1923 (1923-07-09)
മരണം2 ജൂൺ 2010 (2010-06-03)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾകോവിലൻ
തൊഴിൽനോവലിസ്റ്റ്
അറിയപ്പെടുന്നത്ഏഴമെടങ്ങൾ, തട്ടകം

ജീവിതരേഖ

തിരുത്തുക

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. വട്ടോമ്പറമ്പിൽ വേലപ്പനും കൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ. കണ്ടാണശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 മുതൽ 1946 വരെ റോയൽ ഇന്ത്യൻ നേവിയിലും, 1948 മുതൽ 1968 വരെ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.

കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.

ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന കോവിലൻ 87-ആം വയസ്സിൽ 2010 ജൂൺ 2-ന് പുലർച്ചെ 2:40-ന് കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വെച്ച് അന്തരിച്ചു.[1] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കണ്ടാണശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കോവിലന്റെ ഭാര്യ ശാരദ നേരത്തേ മരിച്ചിരുന്നു. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളുണ്ട്.

 • തോറ്റങ്ങൾ
 • ശകുനം
 • ഏ മൈനസ് ബി
 • ഏഴമെടങ്ങൾ
 • താഴ്വരകൾ
 • ഭരതൻ
 • ഹിമാലയം
 • തേർവാഴ്ചകൾ
 • ഒരു കഷ്ണം അസ്ഥി
 • ഈ ജീവിതം അനാഥമാണ്
 • സുജാത
 • ഒരിക്കൽ മനുഷ്യനായിരുന്നു
 • തിരഞ്ഞെടുത്ത കഥകൾ
 • പിത്തം
 • തകർന്ന ഹൃദയങ്ങൾ
 • ആദ്യത്തെ കഥകൾ
 • ബോർഡ്‌ഔട്ട്
 • കോവിലന്റെ കഥകൾ
 • കോവിലന്റെ ലേഖനങ്ങൾ
 • ആത്മഭാവങ്ങൾ
 • തട്ടകം
 • നാമൊരു ക്രിമിനൽ സമൂഹം

പുരസ്കാരങ്ങൾ

തിരുത്തുക
 • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങൾ എന്ന നോവലിനു്
 • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)[2]
 • മുട്ടത്തു വർക്കി പുരസ്കാരം (1995)
 • ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏർപ്പെടുത്തിയത്), (1995)
 • എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവൽ)
 • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
 • കേരള സാഹിത്യ പരിഷത്ത് അവാർഡ് (1998): തട്ടകം (നോവൽ)
 • സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവൽ)
 • എൻ.വി. പുരസ്കാരം (1999): തട്ടകം (നോവൽ)
 • വയലാർ പുരസ്കാരം (1999): തട്ടകം (നോവൽ)
 • എഴുത്തച്ഛൻ പുരസ്കാരം (2006)
 • ഖത്തർ ‘പ്രവാസി’യുടെ ബഷീർ പുരസ്കാരം
 • മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)
 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-05. Retrieved 2010-06-02.
 2. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോവിലൻ&oldid=3803601" എന്ന താളിൽനിന്ന് ശേഖരിച്ചത്