കേരളത്തിൽ നിന്നുള്ള ഒരു എഴുത്തുകാരനും സാമൂഹികപരിഷ്കർത്താവും ആണ് മൂർക്കോത്ത് കുമാരൻ (1874-1941). മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂർക്കോത്ത് കുമാരൻ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തിൽ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. അധ്യാപകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനായിരുന്നു.

മൂർക്കോത്ത് കുമാരൻ
മൂർക്കോത്ത് കുമാരൻ
ജനനം1874 മെയ് 23
മരണം1941
തൊഴിൽഎഴുത്തുകാരൻ

മലബാർ പ്രദേശത്ത് ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചു.

ജീവിതരേഖ

തിരുത്തുക

മൂർക്കോത്തു കുമാരൻ വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തു കുടുംബത്തിൽ 1874 മെയ് 23-ന് ജനിച്ചു. പിതാവ് - മൂർക്കോത്ത് വലിയ രാമുണ്ണി, മാതാവ് - പരപ്പുറത്തു കുഞ്ചിരുത. കുമാരന്റെ ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. അച്ഛന്റെ തറവാട്ടിലാണ് കുമാരൻ വളർന്നത്. തലശ്ശേരി, മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്വന്തമായി മിതവാദി എന്നൊരു മാസിക നടത്തി. ചെറുകഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. വിവിധ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1941 ജൂൺ 25-ന് 67-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

എസ്. എൻ. ഡി. പി. യോഗത്തിൻറെ രണ്ടാമത്തെ ജനറൽ സെക്രട്ടറി ആയിരുന്നു,[അവലംബം ആവശ്യമാണ്] എന്നാൽ ജഡ്ജ് ആയി നിയമനം കിട്ടിയതിനാൽ അധികം കാലം ഈ സ്ഥാനത്ത് ഇദ്ദേഹത്തിന് തുടരുവാനായില്ല.[അവലംബം ആവശ്യമാണ്] ഗുരുദേവന്റെ പ്രതിമ, തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തതും ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം രചിച്ചതും ആയിരുന്നു. കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധർമം, ദീപം, സത്യവാദി, കഠോരകുഠാരം എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കുമാരനാശാന്റെ വീണപൂവ് മിതവാദിയിൽ പ്രസിദ്ധീകരിച്ചത് മൂർക്കോത്ത് കുമാരൻ പത്രാധിപരായിരുന്നപ്പോഴാണ്. ഒ.ചന്തുമേനോൻ, കേസരി വേങ്ങയിൽ നായനാർ, ഗുണ്ടർട്ട് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്.[1]

യശോദയാണ് കുമാരന്റെ ഭാര്യ. മാധ്യമപ്രവർത്തകനായിരുന്ന മൂർക്കോത്ത് കുഞ്ഞപ്പ, നയതന്ത്രവിദഗ്ധനും ഭാരതീയ വായുസേനയിലെ പൈലറ്റുമായിരുന്ന മൂർക്കോത്ത് രാമുണ്ണി, മൂർക്കോത്ത് ശ്രീനിവാസൻ എന്നിവരാണ് മക്കൾ.



  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-12. Retrieved 2018-07-09.
"https://ml.wikipedia.org/w/index.php?title=മൂർക്കോത്ത്_കുമാരൻ&oldid=4086868" എന്ന താളിൽനിന്ന് ശേഖരിച്ചത്