ത്രിഗുണങ്ങൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മൂലപ്രകൃതിയുടെ ഭാഗമായ സത്ത്വഗുണം, രജോഗുണം, തമോഗുണം എന്നിവ. ത്രിഗുണങ്ങളുടെ അസന്തുലിതാവസ്ഥയാണ് സൃഷ്ടിയുടെ കാരണമായി പറയുന്നത്. ഈ മൂന്ന് ഗുണങ്ങളുടെ സംബന്ധത്താലാണ് അന്തരാത്മാവ് സ്ഥാവര ജംഗമ സ്വരൂപങ്ങളെ പ്രാപിച്ചിരിക്കുന്നത്. മൂന്ന് ഗുണങ്ങളും സമതുലിതമാകുമ്പോൾ പ്രളയാവസ്ഥയായിരിക്കും. പ്രകാശം, ലാഘവത്വം എന്നിവ സത്ത്വത്തിന്റെയും ചലനാത്മകതയും രാഗവും രജസ്സിന്റെയും ഗുരുത, അജ്ഞത മുതലായവ തമസ്സിന്റെയും സ്വഭാവ സവിശേഷതകളാണ്.
സാംഖ്യശാസ്ത്രപ്രകാരം സിദ്ധമായിട്ടുള്ള സത്ത്വമെന്ന ഗുണമാണ് പ്രകൃതിയുടെ പ്രകാശാദികൾക്കു കാരണമായിട്ടുള്ളത്. സത്ത്വം സമർഥചൈതന്യമാണ്. മഹാവിഷ്ണു സത്ത്വഗുണപ്രധാനനാണ്. സാത്വികഗുണത്തോടുകൂടിയുള്ളവർ ഊർധലോകത്തിൽ (സ്വർലോകം) ജനിക്കുന്നുവെന്നാണ് വിശ്വാസം. രാജസഗുണത്തോടുകൂടിയവരാകട്ടെ മധ്യമലോകത്തിൽ (ഭൂലോകം) ജനിക്കുന്നുവെന്നും താമസഗുണക്കാർ അധോലോകത്തിൽ (പാതാളം) ജനിക്കുന്നുവെന്നും ആണ് സാംഖ്യമതാനുയായികൾ വിശ്വസിച്ചുപോരുന്നത്. ത്രിഗുണാതീതമായി പുരുഷനെ മാത്രമാണ് ഇവർ കൈക്കൊള്ളുന്നത്. പഞ്ചഭൂതങ്ങൾ, ജ്ഞാനേന്ദ്രിയങ്ങൾ, കർമേന്ദ്രിയങ്ങൾ, ദൃശ്യപ്രപഞ്ചം തുടങ്ങിയവയെല്ലാം ത്രിഗുണാത്മകങ്ങളും എന്നാൽ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി ഭിന്നസ്വഭാവികളുമാണ്. രജോഗുണപ്രധാനനായി അറിയപ്പെടുന്നത് ബ്രഹ്മാവാണ്. തമോഗുണപ്രധാനനാണ് പരമശിവൻ. രജസ്സ് എല്ലാ ക്രിയകളുടെയും ഉറവിടമാണ്. അത് ദുഃഖത്തെ ഉളവാക്കുന്നു. രജോഗുണം പരിഭ്രാന്തമായ സുഖാനുഭവത്തിലേക്കും അവിശ്രമ പ്രയത്നത്തിലേക്കും നയിക്കുന്നു. തമോഗുണമാകട്ടെ ക്രിയാശീലത്തെ തടയുന്നു. ഈ മൂന്ന് ഗുണങ്ങളും ഒരിക്കലും ഭിന്നങ്ങളായി വർത്തിക്കുന്നില്ല. അവ അന്യോന്യം പോഷിപ്പിച്ച് ഒരു വിളക്കിലെ ജ്വാല, എണ്ണ, തിരി എന്നിവപോലെ ബന്ധപ്പെട്ടു വർത്തിക്കുന്നു. ത്രിഗുണങ്ങൾ തന്നെയാണ് പ്രകൃതിയുടെ സാരതത്ത്വമായി വർത്തിക്കുന്നത്.
ശാസ്ത്രീയവീക്ഷണമനുസരിച്ച് സത്ത്വം സ്ഥിതികോർജമാണ്. രജസ്സ് ഗതികോർജവും തമസ്സ് ജഡത്വവുമാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ത്രിഗുണങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |