മുഹമ്മദ് അബ്‌ദുറഹ്‌മാൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(Mohammad Abdurahman Sahib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ‌്മാൻ[3]. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു[4]. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നും അറിയപ്പെടുന്നു. മുസ്‌ലിം ഐക്യസംഘവുമായി സഹകരിച്ചുകൊണ്ട് സാമുദായികപരിഷ്കരണരംഗത്തും സാഹിബ് പ്രവർത്തിച്ചിരുന്നു[5][6].

മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ്
ജനനം1898
മരണം1945 നവംബർ 23
പൊറ്റശ്ശേരി
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബിരുദം
തൊഴിൽപത്രാധിപൻ[1]
തൊഴിലുടമഅൽ അമീൻ പത്രം[1]
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യസമരം[2]
സ്ഥാനപ്പേര്പത്രാധിപൻ
രാഷ്ട്രീയ കക്ഷിഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്
പ്രമാണം:Aifbflag.PNG
ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജീവിത രേഖ

തിരുത്തുക

മുഹമ്മദ് അബ്ദുർറഹ‌്മാൻ 1898-ൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കോഴിക്കോട് ബാസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുർറഹ‌്മാൻറെ രാഷ്ട്രീയ രംഗപ്രവേശം.

 
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ സ്മരണാർത്ഥം 1998ൽ തപാൽവകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ്

സമരരംഗത്ത്

തിരുത്തുക

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത്[അവലംബം ആവശ്യമാണ്].

കലാപം തുടങ്ങി 2 മാസങ്ങൾക്കുശേഷം 1921, ഒക്ടോബറിൽ പട്ടാളനിയമം ലംഘിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുർറഹ‌്മാനെ 2 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 1923-ലാണ് ഇദ്ദേഹം മോചിതനായത്; തുടർന്ന് വീണ്ടും കോൺഗ്രസ്-ഖിലാഫത്ത് പ്രവർത്തനങ്ങളിൽ സജീവമായി. ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ ഒരു പത്രം ആവശ്യമാണെന്ന് മനസ്സിലാക്കിയ അബ്ദുർറഹ‌്മാൻ സാഹിബ്‍ 1924-ൽ അൽ അമീൻ എന്ന പത്രം ആരംഭിച്ചു. മുസ്‌ലിം ജനവിഭാഗങ്ങളിൽ ദേശാഭിമാനവും സ്വാതന്ത്യ്രവാഞ‌്ഛയും ഉളവാക്കുന്നതിൽ ഈ പത്രം വഹിച്ച പങ്ക് സുപ്രധാനമാണ്[4]. മലബാറിൽ നിന്നുള്ള മാപ്പിളമാരെ കൂട്ടത്തോടെ ആൻഡമാൻ ദ്വീപുകളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള മദ്രാസ് സർക്കാരിന്റെ അന്തമാൻ സ്കീം എന്ന നീക്കത്തെ വിജയകരമായി ചെറുക്കുവാൻ അൽ അമീനിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു.

1921-ലെ കലാപത്തെ എതിർത്ത കോണ്ഗ്രസ് നിലപാടിനെ തുടർന്ന് കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട മുസ്‌ലിം സമുദായം മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുകയാണുണ്ടായത്[7]. ഇക്കാരണത്താൽ തന്നെ 1930-ലെ നിയമലംഘനപ്രസ്ഥാനത്തിൽ നിന്ന് മുസ്‌ലിംകൾ വിട്ടുനിൽക്കുമെന്ന ധാരണ രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിന്നിരുന്നു. നിയമലംഘനപ്രസ്ഥാനത്തെ ബഹിഷ്കരിക്കുവാനുള്ള ചില മുസ്‌ലിം നേതാക്കളുടെ ആഹ്വാനവും ഈ വിശ്വാസത്തിനു ആക്കം കൂട്ടി. എന്നാൽ മുസ്‌ലിംകൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കണമെന്ന സാഹിബിന്റെ നിലപാട് അവർക്കിടയിൽ സ്വാധീനം ചെലുത്തുകയും നിരവധി യുവാക്കൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തു. നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന്‌ 9 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1931-ൽ കെ.പി.സി.സി.യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസ്സിലെ വലതുപക്ഷ വിഭാഗവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയും കേന്ദ്ര നിയമനിർമ്മാണസഭയിലേയ്ക്ക് 1934-ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തതിനെത്തുടർന്ന് അബ്ദുർറഹ‌്മാൻ സാഹിബ്‍ കെ.പി.സി.സി. അംഗത്വം രാജിവച്ചു. 1935-ൽ വീണ്ടും കോൺഗ്രസ്സിൽ സജീവമായ ഇദ്ദേഹം കോൺഗ്രസ്സിലെ ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. കോൺഗ്രസ്സിനുള്ളിൽ മറ്റൊരു ഗ്രൂപ്പായി പ്രവർത്തിച്ച സാഹിബും അണികളും ദേശീയ മുസ്‌ലിംകൾ എന്നാണ് അറിയപ്പെട്ടത്.

രാഷ്ട്രീയ രംഗത്ത്

തിരുത്തുക

1937-ൽ മലപ്പുറം നിയോജകമണ്ഡലത്തിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ മദ്രാസ് അസംബ്ളിയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1938, 39, 40 എന്നീ വർഷങ്ങളിലെ കെ.പി.സി.സി. തെരഞ്ഞെടുപ്പുകളിൽ അബ്ദുർറഹ‌്മാൻ സാഹിബ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയ വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് ഇദ്ദേഹത്തിനു സാധിച്ചു. മലബാറിൽ കർഷക പ്രസ്ഥാനം ശക്തിപ്രാപിച്ചത് കോൺഗ്രസ്സിലെ ഇടതുപക്ഷ-മുസ്‌ലിം കൂട്ടുകെട്ടിന്റെ കാലത്തായിരുന്നു. 1939-ൽ രാജാജി മന്ത്രിസഭ ഭൂബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയിലെ അംഗമെന്നനിലയിൽ അബ്ദുർറഹ‌്മാൻ സാഹിബ് ഇ.എം.എസ്., ഇ. കണ്ണൻ എന്നിവരോടൊപ്പം സമർപ്പിച്ച വിയോജന കുറിപ്പാണ് പിന്നീടു കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമങ്ങളുടെ അടിസ്ഥാനമായിത്തീർന്നത്.

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്‌ദുറഹ്‌മാൻ സാഹിബ്‍ അവരിൽ നിന്നും അകന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് കേരള ഘടകത്തിന്റെ സ്ഥാപക ചെയർമാനായി. നേതാജി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചപ്പോൾ കേരളത്തിൽ കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്ന അബ്‌ദുറഹ്‌മാൻ സാഹിബ് ആ സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്കിൽ ചേരുകയും കേരള ഘടകത്തിന്റെ സ്ഥാപകനുമായി.ഈ കാരണത്താൽ അബ്ദുൾ റഹ്മാൻ സാഹിബിനെ കേരളത്തിലെ സുഭാഷ്ചന്ദ്ര ബോസ് എന്ന് വിശേഷിപ്പിക്കുന്നു. നേതാജിയുടെ അറസ്റ്റിനു പിന്നാലെ 1940 ജൂലൈ 3-ന് രാജ്യരക്ഷാ നിയമം 26-ാം വകുപ്പുപ്രകാരം അബ്ദുർറഹ‌്മാൻ സാഹിബ് അറസ്റ്റ് ചെയ്യപ്പെട്ടു. 5 വർഷത്തെ ജയിൽവാസത്തിനുശേഷം ഇദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഇതിനോടകം ശക്തിപ്രാപിച്ചിരുന്ന മുസ്‌ലിംലീഗിന്റെ ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്തതിനാൽ ഇദ്ദേഹത്തിന് അവരുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടി വന്നു[8][9]. എങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിന്ന അബ്ദുർറഹ‌്മാൻ സാഹിബിന്‌ കേരളത്തിലെ മുസ്‌ലിംകളിൽ വലിയൊരു വിഭാഗത്തെ ദേശീയധാരയിൽ നിലനിർത്തുവാൻ കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ പൊറ്റശ്ശേരിയിലെ ബ്രിട്ടീഷ് അനുകൂലിയുമായിരുന്ന ചേന്നമംഗലൂർ കളത്തിങ്ങൽ അബ്ദുസ്സലാം അധികാരിയുടെ[10] (ഹമീദ് ചേന്ദമംഗല്ലൂരിന്റെ പിതാവ്) വീട്ടിൽ നിന്ന് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം. അതൊരു കൊലപാതകമായിരുന്നോ എന്ന് ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്.

സ്മരണിക

തിരുത്തുക

1998-ൽ അബ്ദുറഹ്‌മാൻ സാഹിബിന് ബഹുമതിയായി ഇന്ത്യാ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി[11]. മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ കോളേജും[12] കോഴിക്കോട് ഇൻഡ്യൻ‌നെസ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അക്കാദമിയും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്[13][14] "മുഹമ്മദബ്ദുറഹിമാൻ" എന്ന പേരിൽത്തന്നെ എഴുതിയ കവിതയുടെ മുഖവുരയിൽ മഹാകവി ഇടശ്ശേരി എഴുതി "സ്മര്യപുരുഷൻ്റെ രോമഹർഷപ്രദമായ വീരചരിതം പാടാനുള്ള രസംകൊണ്ട് എഴുതിയത്" എന്ന്. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രത്തിൽ സാഹിബ് വഹിച്ച വീരോചിതമായ പങ്കിനെപ്പറ്റിയും ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്ത നിലപാടിനെപ്പറ്റിയും കവിതയിൽ പ്രതിപാദിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിൻ്റെ മനോഹരമായ ഈണത്തിലാണ് കവിത രചിച്ചിട്ടുള്ളത്. 1950-51-ൽ ആണെന്നു തോന്നുന്നു രചന. മതസൗഹാർദ്ദത്തെക്കുറിച്ചും ഖുർആൻ ചൈതന്യത്തെക്കുറിച്ചും പറയുന്ന അക്കിത്തത്തിന്റെ മരണമില്ലാത്ത മനുഷ്യൻ എന്ന കവിത സാഹിബിന്റെ സ്മരണയ്ക്കായാണ് എഴുതപ്പെട്ടത്[15].

ചലചിത്രം

തിരുത്തുക

പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം നിർവഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വീരപുത്രൻ. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് സാഹിത്യകാരൻ എൻ.പി. മുഹമ്മദ് രചിച്ച "മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ" എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ് ഈ ചരിത്ര സിനിമ. ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ മരണകാരണം എന്താണ് എന്ന വിവാദം ഈ സിനിമ പുറത്തിറങ്ങിയ ശേഷം ഉയരുകയുണ്ടായി[16][17][18].

  1. 1.0 1.1 Natarajan, J. History of Indian Journalism. Publication Division, Ministry of Information and Broadcasting, Govt. of India. p. 246. Retrieved 11 May 2020.
  2. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Archived from the original (PDF) on 2020-06-10. Retrieved 10 നവംബർ 2019.
  3. "Mapping the life of a freedom fighter". The Hindu. June 22, 2010. Archived from the original on 2013-04-11. Retrieved 26 February 2013.
  4. 4.0 4.1 "Muhammad Abdul Rahman Sahib". Kerala Media Academy. Retrieved 2021-08-19.
  5. സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. Retrieved 28 ഓഗസ്റ്റ് 2019.
  6. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 115. Retrieved 24 ഒക്ടോബർ 2019.
  7. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 460.
  8. "മലയാളം" (PDF). മലയാളം വാരിക. 2012 മാർച്ച് 16. Archived from the original (PDF) on 2016-03-06. Retrieved 2013 മെയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  9. "ശബ്ദമില്ലാത്ത ശബ്ദം" (PDF). മലയാളം വാരിക. 2013 ജനുവരി 04. Archived from the original (PDF) on 2016-03-06. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)
  10. http://malayalam.filmibeat.com/news/24-minister-aryadan-defends-veeraputhran-movie-aid0032.html
  11. "India 1998 Muhammed Abdurahman Sahib". Archived from the original on 2016-03-04. Retrieved 26 February 2013.
  12. "MAMOC". Archived from the original on 2021-05-22. Retrieved 2021-05-22.
  13. "About Mohammed Abdurahman Memorial Orphanage College". Mohammed Abdurahiman Memorial Orphanage College. Archived from the original on 2013-04-15. Retrieved 26 February 2013.
  14. "SHASHI THAROOR INAUGURATES ACADEMY". Retrieved 26 February 2013.
  15. "On the expanse of time". The Hindu. 24 January 2013. Retrieved 26 February 2013.
  16. മലയാളം വാരിക, 2012 മാർച്ച് 16 Archived 2016-03-06 at the Wayback Machine. പേജ് 52
  17. "Director rues row over Veeraputhran". The Hindu. October 22, 2011. Retrieved 26 February 2013.
  18. "'Veeraputhran distorts history'". The Hindu. October 24, 2011. Retrieved 26 February 2013.

കൂടുതൽ‍ വായനക്ക്

തിരുത്തുക

അബ്ദുർറഹ‌്മാൻ‍ സാഹിബിനെ ഓർക്കുമ്പോൾ-ഡോ. എം . ഗംഗാധരൻ(സമകാലിക മലയാളം വാരിക 2005 ജനുവരി 15)

       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...