ഉപ്പുസത്യാഗ്രഹം

(ഉപ്പു സത്യാഗ്രഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദണ്ഡി യാത്രയിൽ ഗാന്ധി

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.[1] മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി[2][3] ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം.[4][5] ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.

ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗാന്ധിയെ ബ്രിട്ടൻ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളു. ഉപ്പു സത്യാഗ്രഹസമരം ഏതാണ്ട് ഒരു വർഷക്കാലം നീണ്ടു നിന്നു. രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലിൽ നിന്നും വിട്ടയക്കുന്നതു വരെ ഉപ്പു സത്യാഗ്രഹ സമരം തുടർന്നു.[6] ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകൾ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു.[7]

ബ്രിട്ടനെതിരേയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യാഗ്രഹം. ഉപ്പിനും നികുതി ചുമത്തിയപ്പോൾ, ഗാന്ധിജിയാണ് ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരമാർഗ്ഗം കണ്ടെത്തുന്നത്. 1930 കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമരത്തിന്റെ രീതിയെ ഉടച്ചുവാർക്കാൻ ഗാന്ധിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഗാന്ധി 1882 ലെ ബ്രിട്ടീഷ് സാൾട്ട് ആക്ടിനെ മുഖ്യ ലക്ഷ്യമാക്കി ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരം അവതരിപ്പിക്കുന്നത്.[8]

ഉള്ളടക്കം

പൂർണ്ണസ്വരാജ്തിരുത്തുക

1929 ലെ പുതുവത്സരതലേന്ന് നെഹ്രു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണപതാക ഉയർത്തി അവിടെ കൂടിയിരുന്നവരോട് അഭിസംബോധനചെയ്തു സംസാരിച്ചു[9][10]. അവിടെ കൂടിയിരുന്നവരെല്ലാം തന്നെ നെഹ്രുവിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. കൂടാതെ അന്നേ ദിവസം പൊതു ഇടങ്ങളിലും മറ്റും ത്രിവർണ്ണപതാക ഉയർത്താനും ജനങ്ങളോട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടു.

1895 ലെ ഉപ്പ് നിയമം രാജ്യത്തിന്റെ ഉപ്പ് വ്യവസായത്തിന്റെ കുത്തക ബ്രിട്ടന് ചാർത്തിക്കൊടുത്തു. ഇതിനെതിരേ സമരം ചെയ്യാനായിരുന്നു ഗാന്ധി തീരുമാനിച്ചത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കെങ്കിലും ഉപ്പ് സൗജന്യമായി ലഭ്യമായിരുന്നുവെങ്കിലും, അങ്ങനെ ചെയ്യുന്നത് ഉപ്പ് നിയമത്തെ ലംഘിക്കുന്നതാവുമായിരുന്നു, കുറഞ്ഞത് ആറുമാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റവുമായിരുന്നു.[11] എല്ലാവരും ഉപ്പ് കോളനി സർക്കാരിൽ നിന്നും വിലകൊടുത്തു വാങ്ങണമായിരുന്നു.

ഉപ്പ് സമരമാർഗ്ഗംതിരുത്തുക

ഉപ്പ് സത്യാഗ്രഹം എന്ന രീതി ഗാന്ധിജി അവതരിപ്പിച്ചപ്പോൾ തന്നെ കോൺഗ്രസ്സിന്റെ പ്രവർത്തക സമിതിയിലുള്ളവർ ഇതിന്റെ വിജയത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു. ജവഹർലാൽ നെഹ്രു ഈ ആശയത്തെ തുടക്കത്തിൽ തന്നെ എതിർത്തു. സർദ്ദാർ വല്ലഭായ് പട്ടേൽ, ഉപ്പ് നികുതിവിഷയത്തേക്കാൾ നല്ലത് ഭൂനികുതി ബഹിഷ്കരണം ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.[12] ചിരിക്കാതിരിക്കാൻ കഴിയുന്നില്ല എന്നാണ് ഈ തീരുമാനത്തെക്കുറിച്ച് സ്റ്റേറ്റ്സ്മാൻ പത്രം പറഞ്ഞത്.[12] എന്നാൽ ഗാന്ധിജി മാത്രം ഈ തീരുമാനത്തിൽ ആത്മവിശ്വാസമുള്ളവനായിരുന്നു. സാധാരണക്കാരന്റെ പ്രശ്നത്തെ ഏറ്റെടുക്കുകവഴി, അവരേയും സ്വാതന്ത്ര്യസമരത്തിന്റെ പാതയിലേക്ക് ആകർഷിക്കുവാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇപ്പോൾ ഉപ്പിനാണ് അവർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്, നാളെ അത് വായുവും ആകാശവുമായേക്കാം. അതുകൊണ്ട് തന്നെ ഇതായിരിക്കണം സമരത്തിന്റെ കേന്ദ്രബിന്ദു എന്ന് ഗാന്ധിജി അസന്നിഗ്ദമായി പ്രഖ്യാപിച്ചു. സി. രാജഗോപാലാചാരി ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ അനുകൂലിച്ച വ്യക്തികളിലൊരാളായിരുന്നു.[13]

സത്യാഗ്രഹംതിരുത്തുക

പൂർണ്ണസ്വരാജ് എന്ന ലക്ഷ്യവും, സത്യാഗ്രഹം എന്ന മാർഗ്ഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. 1920-22 കാലഘട്ടത്തിൽ ഗാന്ധിജി കൊണ്ടുവന്ന നിസ്സഹകരണസമരം അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയിരുന്നു. ചൗരിചൗരാ സംഭവവുമായി ബന്ധപ്പെട്ട് ഈ സമരം പിൻവലിക്കേണ്ടി വന്നിരുന്നില്ലായെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം ഇതുതന്നെയായിരുന്നേനെ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. 1928 ൽ നടന്ന ബർദോളി സത്യാഗ്രഹം ഒരു പരിപൂർണ്ണ വിജയമായിരുന്നു.[14]. അത് ബ്രിട്ടീഷ് സർക്കാരിനെ തന്നെ സ്തംഭനാവസ്ഥയിലെത്തിച്ചു. അവസാനം സത്യഗ്രഹികളുടെ ചില നിബന്ധനകൾക്ക് വഴങ്ങാൻ സർക്കാർ തയ്യാറാവുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം അഹിംസയും, സത്യാഗ്രഹവുമാണെന്ന തന്റെ വിശ്വാസം അടിയുറച്ചതാക്കിയത് ബർദോളി സമരമാണെന്ന് പിന്നീടി ഗാന്ധിജി പറഞ്ഞിട്ടുണ്ട്.[15]

ദണ്ഡി യാത്രതിരുത്തുക

1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു. 21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. 4,000 ഓളം വരുന്ന ജനങ്ങളോട് അന്ന് വൈകീട്ട് ഗാന്ധി പറഞ്ഞു. യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു. കൂടാതെ ധാരാളം സന്നദ്ധപ്രവർത്തകരും, ജാഥയിൽ ചേരാനായി എത്തി.[16] സരോജിനി നായിഡുവിനെപ്പോലുള്ള നേതാക്കൾ ജാഥയിൽ ചേർന്നു. ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളം വാർത്തകൾ ഈ ജാഥയെക്കുറിച്ചു ഇടതോരാതെ വന്നിരുന്നു. ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി. ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറയുകയുണ്ടായി.

അവലംബംതിരുത്തുക

 1. തോമസ്, വെബർ (1997). ഓൺ ദ സാൾട്ട് മാർച്ച്. ഹാർപ്പർ കോളിൻസ്. ഐ.എസ്.ബി.എൻ. 978-8172232634. 
 2. ഡാൽട്ടൺ ഇൻട്രൊഡക്ഷൻ ടു ഗാന്ധിസ്, ഡിസ്ഒബീഡിയൻസ്, ഗാന്ധി & ഡാൽട്ടൺ, 1996, പുറം . 72.
 3. ഡെന്നിസ്, ‍ഡാൽട്ടൺ (2012 (റീ പ്രിന്റ്)). മഹാത്മാ ഗാന്ധി, നോൺ വയലന്റ് പവർ ഇൻ ആക്ഷൻ. കൊളംബിയ സർവ്വകലാശാല. ഐ.എസ്.ബി.എൻ. 978-0231159593.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 4. ജോൺസൺ, പുറം. 37.
 5. ആക്കർമാൻ & ഡുവാൾ, പുറം. 109.
 6. ഡാൽട്ടൺ പുറം. 92.
 7. ജോൺസൺ, പുറം. 234.
 8. "ഗാന്ധിസ് സോൾട്ട് മാർച്ച് ടു ഡെൽഹി". ഇമോറി സർവ്വകലാശാല. 
 9. "കോൺഗ്രസ്സ് & ഫ്രീഡം മൂവ്മെന്റ്". ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി. 
 10. ലിയോൺ, അഗർവാൾ. ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ. ഇഷ ബുക്സ്. p. 128. ഐ.എസ്.ബി.എൻ. 81-8205-470-2. 
 11. "ദണ്ഡി എ വാർ ഓൺ സാൾട്ട് ടാക്സ്". ടൈംസ് ഓഫ് ഇന്ത്യ. 13-മാർച്ച്-2005.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 12. 12.0 12.1 ഗോപാൽകൃഷ്ണ, ഗാന്ധി (05-ഏപ്രിൽ-2010). "ദ ഗ്രേറ്റ് ദണ്ഡി മാർച്ച് - എയ്റ്റി ഇയേർസ് ആഫ്ടർ". ദ ഹിന്ദു.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 13. ഡെന്നിസ്, ‍ഡാൽട്ടൺ (2012 (റീ പ്രിന്റ്)). മഹാത്മാ ഗാന്ധി, നോൺ വയലന്റ് പവർ ഇൻ ആക്ഷൻ. കൊളംബിയ സർവ്വകലാശാല. p. 96-98. ഐ.എസ്.ബി.എൻ. 978-0231159593.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 14. "സർദാർ പട്ടേൽ, ദ ഹീറോ ഓഫ് ബർദോളി". ഫ്രീഇന്ത്യാ.ഓർഗ്. 
 15. "കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാ ഗാന്ധി"' 41: 208–209, ഡാൽട്ടൺ, പുറം. 94.
 16. "ദണ്ഡി യാത്ര". കോളേജ് ഓഫ് ലെറ്റേഴ്സ് ആന്റ് സയൻസ്. ശേഖരിച്ചത് 27-ജൂൺ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

വീഡിയോതിരുത്തുക

ഗാന്ധിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ

പുറത്തു നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപ്പുസത്യാഗ്രഹം&oldid=2478672" എന്ന താളിൽനിന്നു ശേഖരിച്ചത്