കേരള മുസ്‌ലിം ഐക്യസംഘം
1922-ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊള്ളുകയും[3] 1934 വരെ നിലനിൽക്കുകയും[4] ചെയ്ത കേരളത്തിൽ രൂപീകൃതമായ ആദ്യത്തെ[അവലംബം ആവശ്യമാണ്] മുസ്‌ലിം സംഘടിതവേദിയാണ് കേരള മുസ്‌ലിം ഐക്യസംഘം. കേരളത്തിൽ മുസ്‌ലിം നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ മക്തി തങ്ങൾ, ശൈഖ് ഹമദാനി, വക്കം മൗലവി[3]എന്നിവർ നടത്തിയ പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം ലഭിച്ചത് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആവിർഭാവത്തോടെയാണ്[4].
രൂപീകരണം | 1922[1][2] |
---|---|
ബന്ധങ്ങൾ | ഇസ്ലാമിസം, ഇസ്‌ലാം |
ചരിത്രം തിരുത്തുക
1921ലെ മലബാർ കലാപാനന്തരം കൊടുങ്ങല്ലൂരെത്തിയ കെ.എം. മൗലവിയുടെയും ഹമദാനി തങ്ങളുടെയും ഇ.കെ. മൗലവിയുടെയും ശ്രമഫലമായി അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ദുരവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ, 1922ൽ എറിയാട് എന്ന സ്ഥലത്ത് നിഷ്പക്ഷ സംഘം എന്ന സംഘടനക്ക് രൂപംനൽകി. ഹമദാനി ശൈഖ് രൂപീകരിച്ച സംഘടനയുടെ ആദ്യ പ്രസിഡന്റ് കോട്ടപ്പുറത്ത് സീതി മുഹമ്മദ് ഹാജിയും സെക്രട്ടറി കുഞ്ഞു മുഹമ്മദ് ഹാജിയുമായിരുന്നു [5][6].
കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും നിലനിന്ന പല കക്ഷിവഴക്കുകളും പരിഹരിക്കുന്നതിൽ സംഘടന വിജയം നേടിയതിനെ തുടർന്ന് ഇതേവർഷം എറിയാട് വെച്ചുതന്നെ മറ്റൊരു യോഗം ചേർന്ന് നിഷ്പക്ഷ സംഘത്തെ വിപുലീകരിച്ച് മുസ്‌ലിം ഐക്യസംഘം എന്ന സംഘടനക്ക് രൂപം നൽകി. 1921ലെ കലാപാനന്തരം സമൂഹത്തിന് ആത്മവിശ്വാസം നൽകാൻ സംഘടന ശ്രമിച്ചു. മുസ്‌ലിംകൾക്കിടയിൽ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കെതിരിൽ സമൂഹ മനസാക്ഷിയെ ഉണർത്തുന്നതിലും സംഘടന ശ്രദ്ധിച്ചു.
1923ൽ കൊടുങ്ങല്ലൂരിൽ വെച്ച് വക്കം മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന ഒന്നാം വാർഷിക സമ്മേളനത്തിൽ ഭരണഘടനക്ക് അംഗീകാരം നൽകി. അത് എഴുതി ഉണ്ടാക്കിയത് കെ എം മൗലവിയും സീതിസാഹിബും. 1924 ൽ ആലുവയിൽ വെച്ച് നടന്ന രണ്ടാം വാർഷികയോഗത്തിൽ വെച്ചായിരുന്നു കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസഭക്ക് രൂപം നൽകിയത്[3]. ഐക്യസംഘം പ്രവർത്തനങ്ങൾ പ്രധാനമായും സമ്പന്നരായ മധ്യവർഗത്തിനിടയിലും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരിലുമാണ് പ്രചരിച്ചിരുന്നത്. ഭൗതിക വിദ്യാഭ്യാസം നേടാത്ത സാധാരണ മുസ്‌ലിംകളിലേക്ക് സ്വീകാര്യത നേടിത്തുടങ്ങിയ കാലത്താണ് അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. കാലാകാലങ്ങളായി ആചരിച്ചുവന്നിരുന്ന ആചാര അനുഷ്ഠാനങ്ങളെ എതിർത്തു എന്നതും യാഥാസ്ഥിതിക പണ്ഡിതന്മാർക്ക് സാധാരണക്കാർക്കിടയിലുള്ള സ്വാധീനവും ഇതിന്റെ വളർച്ചയെ മുരടിപ്പിച്ചതിന് കാരണങ്ങളാണ്. 1934-ൽ ഐക്യസംഘം പിരിച്ചുവിട്ടുവെങ്കിലും[4] അതുയർത്തിയ മുദ്രാവാക്യങ്ങളും ആശയങ്ങളും പിൽക്കാലത്ത് മറ്റു പല മുസ്‌ലിം മത–സാമൂഹ്യ–രാഷ്ട്രീയ–വിദ്യാഭ്യാസ സംഘടനകളെയും സ്വാധീനിക്കുകയും കേരള മുസ്‌ലിംകളിൽ ഇന്ന് കാണുന്ന മുന്നേറ്റത്തിനും ഉന്നമനത്തിനും ഹേതുവാകുകയും ചെയ്തു[7][8].
പ്രസിദ്ധീകരണങ്ങൾ തിരുത്തുക
- മുസ്‌ലിം ഐക്യം (1923), മലയാളലിപിയിൽ
- അൽ ഇർശാദ് (1923), അറബിമലയാളം ലിപിയിൽ
- അൽ ഇസ്‌ലാഹ് (1925), അറബിമലയാളം ലിപിയിൽ
അവലംബം തിരുത്തുക
- ↑ സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. ശേഖരിച്ചത് 28 ഓഗസ്റ്റ് 2019.
- ↑ "Article". Samakalika Malayalam Weekly. 19 (48): 40. 22 April 2016. ശേഖരിച്ചത് 27 May 2020.
- ↑ 3.0 3.1 3.2 മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. പുറം. 128. ശേഖരിച്ചത് 23 ഒക്ടോബർ 2019.
- ↑ 4.0 4.1 4.2 SIHC 1981 PRO VOL II. Dr. Narinder Sharma (സംശോധാവ്.). Muslim Resurgence in Kerala. പുറം. 183. ശേഖരിച്ചത് 17 ജൂലൈ 2019.
- ↑ മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. പുറം. 129. ശേഖരിച്ചത് 23 ഒക്ടോബർ 2019.
- ↑ ഇസ്‌ലാമിക വിജ്ഞാനകോശം/ഭാഗം 8
- ↑ പ്രസ്ഥാനങ്ങളും ദർശനങ്ങളും -ഇസ്‌ലാം വാള്യം 5, യുവത ബുക്സ്
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-19.