യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിലൊരാളാണ് യാക്കോബ് ശ്ലീഹാ. മറ്റൊരു അപ്പോസ്തലനായ യോഹന്നാൻ ശ്ലീഹാ ഇദ്ദേഹത്തിന്റെ സഹോദരനാണ്. ഇദ്ദേഹം സെബദി പുത്രനായ യാക്കോബ് (James, son of Zebedee) എന്നും 'വലിയ യാക്കോബ്' (James the Great അഥവാ James the Elder) എന്നും അറിയപ്പെടുന്നു. അല്ഫായിയുടെ പുത്രനായ മറ്റൊരു യാക്കോബ് കൂടി അപ്പോസ്തോല സംഘത്തിൽ ഉണ്ടായിരുന്നതിനാലും ഇവരിൽ പ്രധാനി[1] സെബദി പുത്രനായ ഈ യാക്കോബായിരുന്നതിനാലുമാവാം 'വലിയ യാക്കോബ്' എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നത്. അല്ഫായിയുടെ പുത്രനായ യാക്കോബിനെ 'ചെറിയ യാക്കോബ്' (James the Less അഥവാ James the Minor) എന്നും അറിയപ്പെട്ടിരുന്നു. അപ്പോസ്തോലന്മാരുടെ കൂട്ടത്തിൽ ആദ്യം രക്തസാക്ഷിയായത് യാക്കോബ് ശ്ലീഹായാണ്.[1]

യാക്കോബ് ശ്ലീഹാ
(സെബദി പുത്രനായ യാക്കോബ്
അഥവാ
വലിയ യാക്കോബ്)
Saint James the Great by Guido Reni
അപ്പോസ്തോലൻ
ജനനംബേത്‌സയ്ദ, ഗലീലിയ, റോമാസാമ്രാജ്യം
മരണംAD 44
ജറുസലേം, യൂദയ പ്രവിശ്യ, റോമാസാമ്രാജ്യം
നാമകരണംPre-Congregation
ഓർമ്മത്തിരുന്നാൾ25 ജൂലൈ (പാശ്ചാത്യ ക്രൈസ്തവികത)
30 ഏപ്രിൽ (പൗരസ്ത്യ ക്രൈസ്തവികത)
പ്രതീകം/ചിഹ്നംRed Martyr, Scallop, Pilgrim's hat
മദ്ധ്യസ്ഥംPlaces
Spain, Guatemala, Seattle, Nicaragua, Guayaquil, Betis Church, Guagua, Pampanga, Badian, Buhay Na Tubig, Imus, Paete, Laguna, Sogod, Cebu, Philippines and some places of Mexico.
Professions
Veterinarians, equestrians, furriers, tanners, pharmacists, oyster fishers, woodcarvers.
ശ്ലീഹന്മാർ

പുതിയ നിയമത്തിൽ

തിരുത്തുക

യാക്കോബിന്റെയും യോഹന്നാന്റെയും പിതാവ് സെബദിയും മാതാവ്‌ ശലോമിയും ആണ്. ഈ സഹോദരന്മാരെ സെബദി മക്കൾ എന്നാണ് സുവിശേഷകർ വിശേഷിപ്പിച്ചിരിക്കുന്നത്. യേശു ഈ സഹോദരന്മാർക്ക് "ഇടിമുഴക്കത്തിന്റെ മക്കൾ" എന്നർത്ഥമുള്ള 'ബൊവനേർഗ്ഗസ്' എന്നൊരു പേരു കൂടി നൽകിയിരുന്നു.[2] യേശുവിന്റെ പ്രഥമ ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നു വി യാക്കോബ്. സുവിശേഷങ്ങൾ പ്രകാരം പിതാവിന്റയും സഹോദരനായ യോഹന്നാന്റെയും കൂടെ കടൽത്തീരത്ത് പടകിൽ ഇരിക്കുമ്പോഴായിരുന്നു യേശു വിളിച്ചത്, ഉടനെ യോഹന്നാനും യാക്കോബും പടകിനെയും അപ്പനെയും വിട്ടു യേശുവിനെ അനുഗമിച്ചു. പുതിയ നിയമത്തിലെ അപ്പോസ്തോലന്മാരുടെ നാലു പട്ടികയിലും ആദ്യത്തെ മൂന്നു പേരിൽ ഒരാളാണ് യാക്കോബ്. സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന പല പ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ അവസരം ലഭിച്ച മൂന്ന് അപ്പോസ്തലന്മാരിൽ ഒരാൾ ആയിരുന്നു യാക്കോബ് ശ്ലീഹാ.

സുവിശേഷ പ്രവർത്തനങ്ങൾ

തിരുത്തുക

യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം യാക്കോബ് സ്പെയിനിൽ പോയി സുവിശേഷം അറിയിച്ചെന്നും അതിനു ശേഷം പാലസ്തീനിലേക്ക് മടങ്ങി പോയെന്നും പരമ്പരാഗതമായി വിശ്വസിക്കുന്നു. യാക്കോബിന്റെ സ്പെയിനിലെ സുവിശേഷ ദൗത്യത്തിന് മതിയായ തെളിവുകളില്ല. എന്നാൽ അദ്ദേഹത്തിന്റെ സ്പെയിനിലെ പ്രവർത്തനങ്ങളെ പറ്റി നിരവധി പരമ്പരാഗത വിശ്വാസങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ഐതിഹ്യപ്രകാരം ചെറിയ ഒരു കൂട്ടം സ്പെയിൻകാർ മാത്രമാണ് ആദ്യം യാക്കോബിനെ പിൻപറ്റിയത്. തന്റെ സുവിശേഷ പ്രവർത്തനങ്ങൾക്ക് കാര്യമായ ഫലം ലഭിക്കാത്തതിൽ ദുഃഖിതനായി തീർന്ന യാക്കോബിന് വിശുദ്ധ മറിയം പ്രത്യക്ഷയായി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. സ്പെയിൻകാർ യാക്കോബ് ശ്ലീഹായെ തങ്ങളുടെ സ്വർഗീയ മധ്യസ്ഥൻ അഥവാ സംരക്ഷക പുണ്യവാളനായി കരുതി വരുന്നു.

അന്ത്യം

തിരുത്തുക

യാക്കോബ് ശ്ലീഹായുടെ അന്ത്യം ഹേറോദ് അഗ്രിപ്പാ ഒന്നാമൻ രാജാവിനാൽ ആയിരുന്നു. അദ്ദേഹത്തെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.[3] റോമാക്കാരല്ലാത്തവരെ ക്രൂശിൽ തറച്ചു കൊല്ലുന്നതായിരുന്നു അന്നത്തെ പതിവ്. എന്നാൽ യാക്കോബിന് റോമാ പൗരത്വം ഉണ്ടായിരുന്നത് കൊണ്ടോ റോമാക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നതു കൊണ്ടോ ആവാം അദ്ദേഹത്തിന് ക്രൂശുമരണം വിധിക്കാതിരുന്നത് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.[1] ഇദ്ദേഹത്തിന്റെ ഓർമ്മ പാശ്ചാത്യ സഭകൾ ജൂലൈ 25-നും പൗരസ്ത്യ സഭകൾ ഏപ്രിൽ 30-നും ആചരിക്കുന്നു.

പുറംകണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 പന്ത്രണ്ട് അപ്പൊസ്തലന്മാർ, പി.എസ്. ചെറിയാൻ, സുവാർത്താ ഭവൻ, ഓഗസ്റ്റ് 2009 പതിപ്പ്, പേജ്:79-99
  2. മർക്കോസ് 3:17
  3. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 12:1-2 - "ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു"
"https://ml.wikipedia.org/w/index.php?title=യാക്കോബ്_ശ്ലീഹാ&oldid=3753267" എന്ന താളിൽനിന്ന് ശേഖരിച്ചത്