താളിയോലയിലെഴുതപ്പെട്ട മലയാള ഭാഷയിലെ ആദ്യ ചരിത്ര ഗ്രന്ഥമാണ് നിരണം ഗ്രന്ഥവരി . [1] 179 താളിയോലകളുടെ രണ്ടു പുറവുമായി എഴുതപ്പെട്ടിട്ടുള്ളതും, നിരണത്തു വെച്ച് പകര്ത്തി എഴുതിയതും, ഇപ്പോൾ തിരുവല്ല മേപ്രാലുള്ള കണിയാന്ത്ര കുടുംബത്തില് സൂക്ഷിച്ചിരിക്കുന്നതുമായ കൈയ്യെഴുത്ത് ഗ്രന്ഥമാണിത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ 1829 വരെയുള്ള ചരിത്രമാണ് മുഖ്യപ്രതിപാദ്യ വിഷയം. ഈ പകർപ്പ് 1824-നും 1829-നും ഇടയിൽ എഴുതി പൂർത്തിയാക്കി എന്ന് ആഭ്യന്തരസൂചനകളിൽ നിന്നും മനസ്സിലാക്കാം. 19-20 നൂറ്റാണ്ടുകളിലെ ഭാഗികമായ മറ്റു പല പകർപ്പുകളും ഇതിനുണ്ട്. പ്രത്യേകം പേരൊന്നും നൽകിയിട്ടില്ലാതിരുന്ന ഈ താളിയോല ഗ്രന്ഥത്തിന് 1971-ൽ ജോസഫ് ഇടമറുകാണ് നിരണം ഗ്രന്ഥവരി എന്ന പേരു നൽകിയത്. 1971-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കേരള സംസ്കാരം എന്ന കൃതിയിൽ ഈ ഗ്രന്ഥത്തെ നിരണം ഗ്രന്ഥവരി എന്നു പരാമർശിക്കുകയും ഉദ്ധരണികൾ ഉപയോഗിക്കുകയും ചെയ്തു. 1988-ൽ തിരുവനന്തപുരം ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ഈ താളിയോലഗ്രന്ഥം അക്ഷരമാറ്റം നടത്തി കടലാസിൽ പകർത്തി. 2000 ആഗസ്റ്റിലാണ് നിരണം ഗ്രന്ഥവരി ആദ്യമായി പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.

പ്രതിപാദ്യ വിഷയങ്ങൾ

തിരുത്തുക

അധ്യായങ്ങളോ ഖണ്ഡികകളോ തിരിക്കാതെ തുടർച്ചയായി എഴുതപ്പെട്ടിട്ടുള്ളതാണ് ഈ താളിയോല ഗ്രന്ഥമെങ്കിലും അതിനെ വിഷയബന്ധിതമായ അധ്യായങ്ങളായി തിരിച്ചാൽ ഒന്നു മുതൽ നാലുവരെ അധ്യായങ്ങൾ ചരിത്രവും അഞ്ചും ആറും അധ്യായങ്ങൾ വിശ്വാസ പഠനങ്ങളും ഏഴാമധ്യായം തോമാശ്ലീഹായെ സംബന്ധിക്കുന്ന ഒരു ഐതിഹ്യവുമാണ്. എട്ടാമധ്യായം പരസ്പരബന്ധമില്ലാത്ത വിജ്ഞാനശകലങ്ങളുടെ ശേഖരവും ഒൻപതാമധ്യായം വജ്രങ്ങളുടെ ലക്ഷണശാസ്ത്രവുമാണ്. ഭാഷാ-ചരിത്രപരമായി ശ്രദ്ധേയമായ ഒരു സ്വകാര്യ കത്താണ് പത്താമധ്യായം. 35 മലയാള കവിതകളുടെ സമാഹാരമാണ് അവസാന ഭാഗം. ചരിത്രം, ബൈബിൾ കഥകൾ, വേദശാസ്ത്രം, തത്ത്വചിന്ത, പഞ്ചാംഗം തുടങ്ങി വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന മലയാള കവിതകളാണിവ. ഇവയിൽ പലതും ഭാഗികമായി നഷ്ടപ്പെട്ടുപോയി.

യഥാർഥത്തിൽ മൂന്നും നാലും അധ്യായങ്ങൾ മാത്രമാണ് മലങ്കര സഭാചരിത്രം. ഒന്നും രണ്ടും അധ്യായങ്ങൾ യഥാക്രമം പഴയനിയമകാലത്തെ യഹൂദചരിത്രവും ആദിമനൂറ്റാണ്ടുകളിലെ ക്രൈസ്തവസഭാ ചരിത്രവുമാണ്. മലങ്കര സഭാചരിത്രത്തിന് ആദിമുതലുള്ള പശ്ചാത്തലവിവരണം എന്ന നിലയിലാണ് അവ ചേർത്തിട്ടുള്ളത്. ഈ അധ്യായങ്ങൾ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുളള ആഗോളസഭാചരിത്രത്തിന്റെ സംഗ്രഹീത രൂപമാണ്. ആദാമിൽ ആരംഭിച്ച് യേശുക്രിസ്തുവിലൂടെയും, തുടർന്ന് അപ്പോസ്തലന്മാർ‍, പൊതു സുന്നഹദോസുകൾ ഇവയുടെ ചരിത്രം വിവരിച്ച് ഓർത്തഡോക്സ് വിശ്വാസവും പാരമ്പര്യവുമാണ് കലർപ്പില്ലാത്തതും കണ്ണിമുറിയാത്തതും എന്ന് സ്ഥാപിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. ഇതിന് പാശ്ചാത്യ സുറിയാനി സഭാചരിത്ര ഗ്രന്ഥങ്ങളെ പൂർണമായും ആശ്രയിക്കുന്നു.

ഇതിനിടയിൽ പാശ്ചാത്യ സുറിയാനി ചരിത്രങ്ങളിൽ ഉൾപ്പെടാത്ത തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതവൃത്തി, രക്തസാക്ഷിമരണം മുതലായ പ്രാദേശിക പാരമ്പര്യങ്ങൾ ചേർത്ത് ഓർത്തഡോക്സ് മുഖ്യധാരയുടെ ഭാഗമാണ് മലങ്കര നസ്രാണികൾ എന്ന് സ്ഥാപിക്കാനും ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. അതിനുശേഷമാണ് മൂന്നാമധ്യായത്തിലെ സംഭവങ്ങൾ കൊല്ലവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആരംഭിക്കുന്നത്.

അഞ്ചാമധ്യായം സുറിയാനി ഭാഷയിലുള്ള ഒരു വിശ്വാസ പാഠത്തിന്റെ മലയാള പരിഭാഷയാണ്. അതിൽ സുറിയാനി വ്യാകരണത്തിന്റെ സ്വാധീനവും പ്രകടമാണ്. ആറാമധ്യായം പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽനിന്നുകൊണ്ട് മലങ്കരസഭയും റോമൻ കത്തോലിക്ക സഭയുമായി അഭിപ്രായവ്യത്യാസമുള്ള ചില സംഗതികളിൽ തങ്ങളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടുള്ള ഏഴു പ്രബന്ധങ്ങളാണ്.

എട്ടാമധ്യായത്തിലെ വൈവിധ്യമാർന്ന വിഷയങ്ങൾ പല സ്രോതസ്സുകളിൽ നിന്നും സംഭരിച്ചതാണ്. അവയിൽ പാശ്ചാത്യ സുറിയാനി ഗ്രന്ഥങ്ങൾ, കൽദായ, ലത്തീൻ പാരമ്പര്യങ്ങൾ, സംസ്കൃത കൃതികൾ, പ്രാചീന മലയാള കൃതികൾ, പ്രാദേശിക ഐതിഹ്യങ്ങൾ, ആയുർവേദം, ഗണിതം, ശകുനശാസ്ത്രം തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. നിരണം ഗ്രന്ഥവരിയുടെ മറ്റു പകർപ്പുകളിൽ മൂന്നാമധ്യായംവരെയുള്ള ചരിത്രഭാഗം മാത്രമാണ് ഏറിയും കുറഞ്ഞുമുള്ളത്.

രചയിതാവ്-രചനാകാലം

തിരുത്തുക

ഇന്ന് നിരണം ഗ്രന്ഥവരി എന്ന കണിയാന്ത്ര താളിയോലഗ്രന്ഥം ഒരു പകർപ്പുമാത്രമാണെന്ന് ആന്തരിക സൂചനകളിൽ നിന്നും വ്യക്തമാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം കണിയാന്ത്ര തൊമ്മി ചാണ്ടി കത്തനാരാണ് ഈ പകർപ്പിന്റെ സമ്പാദകൻ.

ഡോ. പി.ജെ. തോമസ്, സി.എം. ആഗൂർ, ടി.കെ. ജോസഫ്, ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ് മുതലായവർ 'മാർ ദിവന്ന്യാസ്യോസിന്റെ ഡയറി' എന്നു വിളിക്കുന്നുണ്ടെങ്കിലും ഇത് അദ്ദേഹത്തിന്റെ കൃതിയല്ല. നിരണം ഗ്രന്ഥവരിയിൽ ചരിത്രമെഴുതണമെന്ന് മാർ ദിവന്ന്യാസ്യോസ് ആവശ്യപ്പെട്ടു എന്നല്ലാതെ സ്വയം എഴുതി എന്നു പറയുന്നില്ല. അദ്ദേഹത്തിന്റെ കാലശേഷം ഏഴാം മാർത്തോമ്മാ രചനയ്ക്ക് മേൽനോട്ടം വഹിക്കുന്നതായി പരാമർശമുണ്ട്.

മൂലകൃതി കൊല്ലവർഷം 981 (1806)-ൽ രചിച്ചു തുടങ്ങി എന്നു നിരണം ഗ്രന്ഥവരിയിൽ പരാമർശമുണ്ടെങ്കിലും നിരണം ഗ്രന്ഥവരിയിലെയും കരവട്ടുവീട്ടിൽ മാർ ശീമോൻ ദിവന്ന്യാസ്യോസിന്റെ നാളാഗമത്തിലെയും ആഭ്യന്തര സൂചനകൾപ്രകാരം രചനാകാലം 1771-73 കാലംവരെ പിമ്പോട്ടു പോകുന്നുണ്ട്. ഒരു പക്ഷേ, തുടർച്ചയായി രചിച്ചുവന്ന ദിനവൃത്താന്തത്തിന്റെ ക്രോഡീകരണമാവാം 1806-ൽ നടന്നത്.

പ്രാധാന്യത

തിരുത്തുക

ചരിത്രപരം

തിരുത്തുക

നിരണം ഗ്രന്ഥവരിക്ക് ചരിത്രപരമായി വളരെ പ്രാധാന്യമുണ്ട്. മലയാളിയാൽ എഴുതപ്പെട്ട മലങ്കര നസ്രാണികളുടെ ആദ്യ ചരിത്രഗ്രന്ഥമാണിത്. നിരണം ഗ്രന്ഥവരി യൂറോപ്യൻ സ്വാധീനമില്ലാതെ തികച്ചും ദേശീയമായ കാഴ്ചപ്പാടോടെ, ദേശീയമായ ഭരണസ്വാതന്ത്രം ഉയർത്തിപ്പിടിക്കുന്ന ഒരു മനോഭാവം ഉള്ളവരാൽ രചിക്കപ്പെട്ടതാണ്.

രചനാകാലം നൽകുന്ന ശ്രദ്ധേയമായ മറ്റൊരു പ്രാധാന്യം നിരണം ഗ്രന്ഥവരിയുടെ ആദ്യഭാഗം 1773-നു മുമ്പുതന്നെ എഴുതപ്പെട്ടു എന്നതാണ്. അങ്ങനെയെങ്കിൽ 1781-ൽ എഴുതപ്പെട്ട വെള്ളയുടെ ചരിത്രത്തെക്കാൾ പുരാതനമാണ് നിരണം ഗ്രന്ഥവരി; അങ്ങനെ മലയാളത്തിലെ ആദ്യചരിത്രഗ്രന്ഥം എന്ന സ്ഥാനവും ഈ കൃതിക്ക് അവകാശപ്പെടാം .

കലുഷമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്നതെന്നതും നിരണം ഗ്രന്ഥവരിയുടെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്നു. പോർച്ചുഗീസുകാരുടെ പതനം, ഡച്ചുകാരുടെ ഉയർച്ചയും താഴ്ചയും, ബ്രിട്ടീഷുകാരുടെ ഉദയം, തിരുവിതാംകൂറിന്റെ രൂപീകരണം, മൈസൂർ പടയോട്ടം, വേലുത്തമ്പി കലാപം തുടങ്ങിയ സുപ്രധാന കാലഘട്ടമാണ് ഇതിൽ പരാമർശ വിധേയമാകുന്നത്.

ഭാഷാപരം

തിരുത്തുക

നിരണം ഗ്രന്ഥവരിയിലെ ഭാഷയുടെ പ്രത്യേകത അതിന്റെ അത്ഭുതാവഹമായ പദസ്വാധീനമാണ്. യൂറോപ്യൻ ഭാഷകളിൽ നിന്നു അപൂർവം പദങ്ങൾ മാത്രമാണ് ഇതിൽ കടന്നുകൂടിയിരിക്കുന്നത്. ഓർത്തഡോക്സ് വേദശാസ്ത്രം, ത്രിത്വ വിശ്വാസം, ദൈവപുത്രന്റെ അളത്വം മുതലായ വിഷയങ്ങൾ വിവരിക്കുവാൻ നിരണം ഗ്രന്ഥവരിയിൽ പ്രയോഗിക്കുന്ന പദങ്ങൾ ശ്രദ്ധാർഹമാണ്. ഒരു ചെറിയ വ്യത്യാസം പോലും വേദവിപരീതത്തിനു വഴിവയ്ക്കുന്ന ഈ ഭാഗങ്ങൾ പരകീയപദങ്ങൾ കൂടാതെതന്നെ തെറ്റില്ലാതെ പരിഭാഷപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ട്.

ഭാഷാപരമായി അതീവ പ്രാധാന്യമുള്ള മറ്റൊന്നാണ് നിരണം ഗ്രന്ഥവരിയിലെ പദ്യങ്ങൾ. ദ്രാവിഡ വൃത്തത്തിലുളള ഇവയുടെ കർത്താവ് ഒരാളാകണമെന്നില്ല. സുറിയാനി പാരമ്പര്യത്തിന്റെ ശക്തമായ സ്വാധീനമുണ്ടെങ്കിലും തികച്ചും കേരളീയമായ സാഹിത്യമാനങ്ങൾ ഈ കവിതകൾക്കുണ്ട്. കേരളീയശൈലികൾക്ക് ക്രൈസ്തവമാനം നല്കുവാനും, അതേ സമയം ബൈബിൾ പ്രമേയങ്ങളെ മലയാളവത്കരിക്കാനും കവി(കൾ) ശ്രമിച്ചിട്ടുണ്ട്. കിളിപ്പാട്ടുരീതിയിൽ എഴുതപ്പെട്ട ഒരു കവിതയിൽ കവി കഥപറയാൻ ക്ഷണിക്കുന്നത് ക്രൈസ്തവമതപ്രതീകങ്ങളിലൊന്നായ പ്രാവിനെയാണ്. ക്രിസ്തുവിന്റെ കന്യാജനനത്തെ

എന്ന തികച്ചും കേരളീയമായ ഉപമാനംകൊണ്ടാണ് വർണിച്ചിരിക്കുന്നത്. 'ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുക' എന്ന ബൈബിൾ ഉപമയെ മലയാളികൾക്ക് സംവേദ്യമായരീതിയിൽ

എന്നു പരാവർത്തനം ചെയ്തിരിക്കുന്നു.

  1. മലയാളസാഹിത്യ ചരിത്രം എഴുതപ്പെടാത്ത ഏടുകൾ. നാഷണൽ ബുക്ക് സ്റ്റാൾ. 24.3.2014. p. 105. ISBN 9 780000 194596. {{cite book}}: |first= missing |last= (help); Check date values in: |date= (help)

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിരണം ഗ്രന്ഥവരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിരണം_ഗ്രന്ഥവരി&oldid=3635425" എന്ന താളിൽനിന്ന് ശേഖരിച്ചത്