എറണാകുളം ശിവക്ഷേത്രം

(എറണാകുളം ഹനുമാൻ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാദേവ ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. കേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ഒരു ക്ഷേത്രമാണിത്. ഹൈന്ദവ, ശൈവ വിശ്വാസപ്രകാരം ശ്രീ പരമേശ്വരൻ അഥവാ പരമശിവനാണ്‌ മുഖ്യ പ്രതിഷ്ഠ. കിരാതമൂർത്തിയായും പാർവ്വതീസമേതനായും രണ്ടുരൂപങ്ങളിൽ ഇവിടെ ശിവന് പ്രതിഷ്ഠകളുണ്ട്. എറണാകുളത്തപ്പൻ എന്ന്‌ അറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ എറണാകുളം നഗരത്തിന്റെ കുലദൈവമായി കണക്കാക്കപ്പെടുന്നു. എറണാകുളം ക്ഷേത്രം വാസ്തവത്തിൽ മൂന്ന് ക്ഷേത്രങ്ങളടങ്ങിയ ഒരു വലിയ ക്ഷേത്രസമുച്ചയമാണ്. ഈ ശിവക്ഷേത്രത്തിന്‌ സമീപം കന്നഡശൈലിയിലുള്ള ഹനുമാൻ ക്ഷേത്രവും തമിഴ് ശൈലിയിലുള്ള സുബ്രഹ്മണ്യ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. എങ്കിലും മൂന്ന് ക്ഷേത്രങ്ങളും സ്വതന്ത്രമായിത്തന്നെ നിലനിന്നുപോരുന്നു. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്കാരങ്ങളെ ഒരുമിച്ച് കാണാൻ കഴിയുന്നു എന്ന പ്രത്യേകതയും ഇതുവഴി ലഭിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. പരശുരാമപ്രതിഷ്ഠിതനായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്.[1] പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരുമാണ് ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. മകരമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇന്ന് ക്ഷേത്രഭരണം.

എറണാകുളം ശിവക്ഷേത്രം
ക്ഷേത്ര ഗോപുരം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഎറണാകുളം
മതവിഭാഗംഹിന്ദുയിസം
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyകൊച്ചിൻ ദേവസ്വം ബോർഡ്
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലി

ഐതിഹ്യം

തിരുത്തുക

സ്ഥലനാമം

തിരുത്തുക

'എറണാകുളം' എന്ന സ്ഥലപ്പേരിനെ ചൊല്ലി പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. 'ഏറെ നാൾ കുളം' ആണ് എറണാകുളമായതെന്നാണ് ഒരു വാദം. ഒരുപാടുകാലം എറണാകുളം ജലത്തിലായിരുന്നുവെന്ന് കാണിയ്ക്കുന്നതാണ് ഈ പ്രയോഗം. മറ്റൊരു അഭിപ്രായം, 'ഇറയനാർകുളം' ആണ് എറണാകുളമായതെന്നാണ്. തമിഴ് ഭാഷയിൽ ശിവനെ 'ഇറയനാർ' എന്ന് വിളിയ്ക്കാറുണ്ട്. ഇന്നത്തെ തെക്കേ ഇന്ത്യ മുഴുവൻ പഴയ തമിഴകത്തിന്റെ കീഴിലായിരുന്നതിനാൽ ഈ വാദത്തിന് വിശ്വാസ്യതയുണ്ട്. ശിവന്റെ സ്ഥാനം എന്ന അർത്ഥത്തിൽ 'ഇറയനാർകളം' എന്ന പേര് വരികയും അത് പിന്നീട് എറണാകുളമാകുകയും ചെയ്തുവെന്നാണ് ഈ വാദം പിന്തുടരുന്ന ചരിത്രകാരന്മാർ പറയുന്നത്. മറ്റൊരു അഭിപ്രായം 'ഋഷിനാഗക്കുളം' ആണ് എറണാകുളമായതെന്നാണ്. എറണാകുളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. ക്ഷേത്രത്തിന്റെ ഉദ്ഭവകഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരാണത്.

പ്രതിഷ്ഠ

തിരുത്തുക

ദ്വാപരയുഗത്തിൽ കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന് ദേവലൻ എന്ന പേരിൽ ഒരു ശിഷ്യനുണ്ടായിരുന്നു. ഒരിയ്ക്കൽ കുലുമുനി നടത്താൻ നിശ്ചയിച്ച ഹോമത്തിന് പൂജാദ്രവ്യങ്ങൾ ശേഖരിയ്ക്കാൻ ദേവലനും സഹപാഠികളും കൂടി കാട്ടിലേയ്ക്കുപോയി. പോകുന്ന വഴിയ്ക്കുവച്ച് അവർ ഒരു പാമ്പിനെ കണ്ടു. അതിനെ കണ്ടപ്പോൾത്തന്നെ മറ്റു ശിഷ്യന്മാരെല്ലാം പേടിച്ച് ഓടിപ്പോയി ചെടികൾക്കിടയിൽ മറഞ്ഞിരുന്നു. എന്നാൽ ദേവലനാകട്ടെ അടുത്തുകണ്ട ഒരു കാട്ടുവള്ളി കണ്ട് അതുകൊണ്ട് കുരുക്കിട്ടുപിടിച്ച് പാമ്പിനെ കൊന്നു. സഹപാഠികളിൽ നിന്ന് വിവരമറിഞ്ഞ കുലുമുനി പാമ്പിനെ കൊന്ന ദേവലൺ പാമ്പിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയായി മാറട്ടെ എന്ന് ശപിച്ചു. ഇതുകേട്ട ദേവലൻ ശാപമോക്ഷം അഭ്യർത്ഥിച്ചപ്പോൾ ശാന്തനായ കുലുമുനി അവന് ശാപമോക്ഷം കൊടുത്തു:

ഇവിടെനിന്ന്‌ കിഴക്ക്‌ ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടിൽ നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്‌. ഈ വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണദിക്കിലേക്ക്‌ പോകുക. ഒരു സ്ഥലത്ത്‌ വച്ച്‌ നീ പൂജ ചെയ്യുമ്പോൾ ആ വിഗ്രഹം അവിടെ ഉറച്ചുപോകും. അവിടെ വച്ച്‌ നീ ശാപമോചിതനാകും.

ശാപം കാരണം ദേവലൻ നാഗർഷി എന്നുപേരായ ഒരു നാഗമായി മാറി. നാഗർഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക്‌ യാത്രയായി. യാത്രയ്ക്കിടയിൽ ഒരുപാട് സ്ഥലങ്ങൾ നാഗർഷി സന്ദർശിച്ചു. എറണാകുളത്തെത്തിയപ്പോൾ നാഗർഷി വൃക്ഷത്തണലിൽ വിഗ്രഹത്തെ വച്ചിട്ട്‌ അടുത്തുള്ള കുളത്തിലിറങ്ങി കുളിച്ച്‌ വന്ന്‌ പൂജ ചെയ്തു. രാവിലെ കുളക്കടവിൽ കുളിയ്ക്കാനെത്തിയവർ ഒരു ഭീകരജീവി നടത്തുന്ന പൂജ കണ്ട്‌ ഭയന്ന്‌ ആളുകളെ വിളിച്ചുകൂട്ടി. അവരെത്തി നാഗർഷിയെ ഉപദ്രവിക്കുവാൻ തുടങ്ങിയതോടെ ശിവലിംഗവുമായി രക്ഷപ്പെടാൻ ശ്രമിച്ച നാഗർഷിക്ക്‌ ശിവലിംഗം അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. ശിവലിംഗത്തിന്‌ മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി നാഗർഷി ശാപമോചിതനായി. കുളികഴിഞ്ഞുവന്ന നാട്ടുകാർ ദേശാധിപനായ തൂശത്തുകൈമളെ ഈ വിവരം അറിയിക്കുകയും ശിവലിംഗം ഇരുന്ന സ്ഥാനത്ത്‌ ഒരു ക്ഷേത്രം പണിയിയ്ക്കുകയും ചെയ്തു. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ എറണാകുളം മഹാശിവക്ഷേത്രം.

ചരിത്രം

തിരുത്തുക

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് കൊച്ചിക്കായലിന്റെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കലാലയങ്ങളിലൊന്നായ മഹാരാജാസ് കോളേജ്, കണയന്നൂർ താലൂക്ക് ഓഫീസ്, സെഷൻസ് കോടതി, കൊച്ചി ആർട്ട് ഗ്യാലറി, രാജേന്ദ്രമൈതാൻ, സുഭാഷ് പാർക്ക് തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ രണ്ടുഭാഗത്തും ഗോപുരങ്ങളുണ്ട്. കായലിനോടുചേർന്ന് മറൈൻ ഡ്രൈവ് റോഡ് കടന്നുപോകുന്നു. റോഡിന്റെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ കവാടം കാണാം. റോഡിൽ നിന്ന് ക്ഷേത്രഗോപുരം വരെ ഏകദേശം നൂറുമീറ്റർ ദൂരം കാണും. ക്ഷേത്രകവാടത്തിനകത്താണ് വാഹനപാർക്കിങ് സൗകര്യവും മറ്റുമുള്ളത്. പോകുന്ന വഴിയിൽ നിരവധി മരങ്ങൾ കാണാം. അവയെല്ലാം കഴിഞ്ഞ് ഏതാനും ദൂരം കൂടിപ്പോയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. ഇരുനിലകളോടുകൂടിയ പടിഞ്ഞാറേ ഗോപുരം വലിയ അലങ്കാരപ്പണികളൊന്നുമില്ലെങ്കിലും ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. ഗോപുരത്തിനടുത്താണ് ദേവസ്വം ഓഫീസും ചെരുപ്പ് കൗണ്ടറുമുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് എറണാകുളം ദേവസ്വം. ഗോപുരത്തിൽ നിന്ന് അല്പം മാറി ക്ഷേത്രം വക വെടിപ്പുര സ്ഥിതിചെയ്യുന്നു. വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്.

പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് ആദ്യമെത്തുന്നത് ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ചാനകളെ വച്ച് എഴുന്നള്ളിയ്ക്കാം. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം അമ്പതടി ഉയരം വരുന്ന ഈ കൊടിമരം പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു സാമാന്യം. വലിപ്പമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. എന്നാൽ പുറത്തുനിന്നുള്ള ദർശനത്തിന് അത് തടസ്സമല്ല. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

താരതമ്യേന ചെറിയൊരു മതിലകമാണ് എറണാകുളം ശിവക്ഷേത്രത്തിലേത്. ഏകദേശം രണ്ടേക്കർ വിസ്തീർണ്ണമേ വരൂ ഈ മതിലകത്തിന്. എന്നാൽ, മഹാക്ഷേത്രത്തിന്റെ മറ്റ് ലക്ഷണങ്ങളെല്ലാമുണ്ട്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് ക്ഷേത്രം വക ഹാളായ എറണാകുളത്തപ്പൻ ഹാൾ സ്ഥിതിചെയ്യുന്നത്. വിവാഹാദികാര്യങ്ങൾക്കും കലാപരിപാടികൾക്കുമായി ഉപയോഗിച്ചുവരുന്ന ഹാളാണിത്. ഇവിടെ ഇത്തരത്തിൽ പരിപാടികളില്ലാത്ത ദിവസങ്ങൾ കുറവാണ്. വടക്കുകിഴക്കേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. മുഖപ്പോടുകൂടിയ ശ്രീകോവിലാണിത്. ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശമുള്ള വിഗ്രഹമാണിവിടെയുള്ളത്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെവച്ചാണ്. ഇവിടെനിന്ന് ഒരല്പം മാറിയാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠയും. നാഗരാജാവായി ശിവന്റെ കണ്ഠാഭരണമായ വാസുകിയും കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടക്കമുള്ള പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ.

ക്ഷേത്രമതിലകത്തിന് പുറത്ത് വടക്കുകിഴക്കുഭാഗത്താണ് ഐതിഹ്യപ്രസിദ്ധമായ ക്ഷേത്രക്കുളം. 'ഋഷിനാഗക്കുളം' എന്നറിയപ്പെടുന്ന ഈ ക്ഷേത്രക്കുളത്തിലാണത്രേ പൂജയ്ക്കുമുമ്പ് നാഗർഷി കുളിച്ചത്. അതാണ് ഈ പേരിന്റെ കാരണമെന്ന് പറയപ്പെടുന്നു. ഈ കുളത്തിൽ തന്നെയാണ് ഉത്സവാവസാനം ഭഗവാന്റെ ആറാട്ടും നടക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വാതിൽ അടച്ചിട്ടിരിയ്ക്കുകയാണ്. ആദിയിൽ കിഴക്കോട്ട് ദർശനമായിരുന്നു ഭഗവാൻ എന്നതിന്റെ സൂചനകൾ ചിലത് കാണിച്ചുതരുന്നുണ്ട് ഈ വാതിൽ. അത്യുഗ്രമൂർത്തിയായ ഭഗവാന്റെ കോപം കാരണം കിഴക്കുഭാഗത്ത് അഗ്നിബാധ പതിവായപ്പോൾ വില്വമംഗലം സ്വാമിയാർ ദർശനം തിരിയ്ക്കുകയായിരുന്നു എന്നാണ് കഥ. എന്നാൽ, ഭഗവാനോടൊപ്പം കുടികൊള്ളുന്ന പാർവ്വതീദേവി ഇന്നും കിഴക്കോട്ട് ദർശനമായിത്തന്നെ കുടികൊള്ളുന്നു. തെക്കേ നടയിൽ വിശേഷിച്ചൊന്നും തന്നെ കാണാനില്ല.

സുബ്രഹ്മണ്യസ്വാമിക്ഷേത്രം

തിരുത്തുക

ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് എറണാകുളത്തപ്പൻ ഹാളിന്റെ തൊട്ടടുത്തായി തമിഴ്‌നാട് ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട മറ്റൊരു ക്ഷേത്രം കാണാം. വള്ളീ-ദേവയാനീസമേതനായ സുബ്രഹ്മണ്യസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിർമ്മാണശൈലിയിലും പൂജാവിധികളിലുമെല്ലാം തമിഴ് സ്വാധീനം പുലർത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഗണപതി, ദക്ഷിണാമൂർത്തി ശിവൻ, മഹാവിഷ്ണു, ദുർഗ്ഗാ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. തൈപ്പൂയം, സ്കന്ദഷഷ്ഠി, വൈകാശി വിശാഖം, തൃക്കാർത്തിക എന്നിവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാമാസത്തിലെയും വെളുത്ത ഷഷ്ഠിയും വിശേഷമാണ്. ചൊവ്വാഴ്ച പ്രധാനം. എറണാകുളത്തപ്പൻ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും അതുമായി എടുത്തുപറയത്തക്ക ബന്ധമൊന്നും ഈ ക്ഷേത്രത്തിനില്ല. എന്നിരുന്നാലും എറണാകുളം ശിവ ക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും എത്തുന്ന ഭക്തർ ഇവിടെയും ദർശനം നടത്താറുണ്ട്.

ഹനുമാൻസ്വാമി ക്ഷേത്രം

തിരുത്തുക

കിഴക്കേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി കർണാടക ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട മറ്റൊരു ചെറുക്ഷേത്രം കാണാം. ഹനുമാൻ സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തോടുചേർന്ന് ഒരു അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടിയിരിയ്ക്കുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഹനുമാൻ ക്ഷേത്രത്തിനും സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പഴക്കമേയുള്ളൂ. ഇതാകട്ടെ, എറണാകുളത്തെ തുളു മാധ്വബ്രാഹ്മണരുടെ ആഗ്രഹമനുസരിച്ച് അവരിലൊരാളായിരുന്ന കൊച്ചി ദിവാൻ വെങ്കടറാവു പണികഴിപ്പിച്ചതാണ്. കന്നഡ മധ്വസമ്പ്രദായമനുസരിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്. ഇത്തരത്തിൽ പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണൻ മുഖ്യപ്രതിഷ്ഠയായി വരാത്ത അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പ്രധാനപ്രതിഷ്ഠയായ ഹനുമാൻ സ്വാമി പടിഞ്ഞാറോട്ട് ദർശനമായിരിയ്ക്കുന്നു. ഹനുമാനോടൊപ്പം ഇവിടെ ശ്രീരാമന്നും പ്രതിഷ്ഠയുണ്ട്. ഉപദേവതകളായി നാഗദൈവങ്ങളും രാഘവേന്ദ്രസ്വാമികളും കുടികൊള്ളുന്നു. ഹനുമാൻ ജയന്തിയും ശ്രീരാമനവമിയുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. പ്രധാന ദിവസങ്ങൾ ശനി, വ്യാഴം, ചൊവ്വ. എറണാകുളത്തപ്പൻ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും അതുമായി എടുത്തുപറയത്തക്ക ബന്ധമൊന്നും ഈ ക്ഷേത്രത്തിനില്ല. എന്നിരുന്നാലും എറണാകുളം ശിവ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഇവിടെയും ദർശനം നടത്താറുണ്ട്.

ശ്രീകോവിൽ

തിരുത്തുക

സാമാന്യം വലിപ്പമുള്ള വട്ടശ്രീകോവിലാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിലേത്. ഏകദേശം നൂറടി ചുറ്റളവ് ഈ ശ്രീകോവിലിനുണ്ട്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. രണ്ടരയടിയോളം പൊക്കമുള്ള ശിവലിംഗം പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. അലങ്കാരസമയത്ത് ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തിരുവെറണാകുളത്തപ്പൻ, ശിവലിംഗമായി ശ്രീലകത്ത് വിരാജിയ്ക്കുന്നു.

മറ്റു മഹാക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടത്തെ ശ്രീകോവിലിൽ ചിത്രശില്പകലാവൈദഗ്ദ്ധ്യത്തിന്റെ ശേഷിപ്പുകളൊന്നും തന്നെ ഏറ്റുവാങ്ങിയിട്ടില്ല. തികച്ചും ലളിതമായ നിർമ്മിതിയാണ്. സാധാരണയായി കാണാറുള്ള മിനുക്കുപണികൾ പോലും ഇവിടെയില്ലെന്നതാണ് വാസ്തവം. വടക്കുവശത്ത്, ശ്രീകോവിലിന്റെ ഓവ് മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഓവിനപ്പുറം പ്രദക്ഷിണം പാടില്ല.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന സ്ഥലം കുറവാണ് നാലമ്പലത്തിനകത്ത്. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടം ഹോമങ്ങൾക്കും മറ്റും ഉപയോഗിയ്ക്കുന്നു. പ്രധാന ശ്രീകോവിലിന്റെ നേരെ വടക്കായി കിരാതമൂർത്തി കുടികൊള്ളുന്നു. ശിവഭഗവാന്റെ മറ്റൊരു ഭാവമാണ് കിരാതമൂർത്തി. അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകിയ ഭാവത്തിലാണ് ഈ മൂർത്തി കുടികൊള്ളുന്നത്. പ്രധാന ശിവപ്രതിഷ്ഠയുടെ അതേ പ്രാധാന്യമാണ് ഇതിനും നൽകിവരുന്നത്. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. സാധാരണ ക്ഷേത്രങ്ങളിലേതുപോലെയാണ് ഇവിടെയും ഗണപതിയുടെ പ്രതിഷ്ഠാരീതിയും മറ്റും. ഗണപതിയ്ക്കൊപ്പം തന്നെ ഇവിടെ സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരമൂർത്തികളാണെന്നാണ് വിശ്വാസം. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം

തിരുത്തുക

ശ്രീകോവിലിന്റെ നേരെ മുന്നിലായി ചതുരാകൃതിയിൽ നമസ്കാരമണ്ഡപം സ്ഥിതിചെയ്യുന്നു. നാലുകാലുകളോടുകൂടിയ താരതമ്യേന ചെറിയ മണ്ഡപമാണിതെന്നതിനാൽ പ്രദക്ഷിണത്തിന് നന്നേ ബുദ്ധിമുട്ടുണ്ട്. മണ്ഡപത്തിന്റെ മേൽക്കൂരയും ചെമ്പുമേഞ്ഞതാണ്. ഇതിന്റെ മുകളിലും സ്വർണ്ണത്താഴികക്കുടം കാണാം. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളിൽ മറ്റുചില ദേവ-ബ്രാഹ്മണരൂപങ്ങളും കാണാം. മണ്ഡപത്തിന്റെ കിഴക്കുഭാഗത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു പ്രതിമയുണ്ട്. ഭക്തർ ഈ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് സ്ഥിരം കാഴ്ചയാണ്. നന്ദിയോട് ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാനോട് പറയുമെന്നാണ് വിശ്വാസം.

പ്രതിഷ്ഠ

തിരുത്തുക

തിരുവെറണാകുളത്തപ്പൻ (പരമശിവൻ)

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. അത്യുഗ്രമൂർത്തിയായ ശിവനായാണ് പ്രതിഷ്ഠാസങ്കല്പം. കിരാതമൂർത്തിയായും പാർവ്വതീസമേതനായും രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ പ്രതിഷ്ഠ ഭഗവാന്നുണ്ട്. രണ്ടരയടി ഉയരമുള്ള ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ഭഗവാൻ കുടികൊള്ളുന്നു. ആദ്യം കിഴക്കോട്ടായിരുന്നു ഭഗവദ്ദർശനമെന്നും, ഉഗ്രമൂർത്തിയായ ശിവന്റെ കോപം മൂലം കിഴക്കുഭാഗത്തെ ചേർത്തറ പോലുള്ള സ്ഥലങ്ങൾ അഗ്നിയ്ക്കിരയായപ്പോൾ, ഭക്തനായ വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥന മാനിച്ച് ഭഗവാൻ സ്വയം പടിഞ്ഞാറുഭാഗത്തേയ്ക്ക് കൊച്ചി കായലിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞതാണെന്നും, അതല്ല പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി പഴയന്നൂർ ക്ഷേത്രത്തിലെ ഭഗവതിയ്ക്ക് ദർശനം നൽകാനായാണ് തിരിഞ്ഞതെന്നും കഥകളുണ്ട്. എങ്കിലും, പടിഞ്ഞാറോട്ട് ദർശനമായ ശിവപ്രതിഷ്ഠ എന്നത് ഒരു പ്രത്യേകതയാണ്. കിരാതമൂർത്തിയായ പ്രതിഷ്ഠയും ഏകദേശം ഇതേ ഉയരത്തിലാണ്. ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ, വെടിവഴിപാട് എന്നിവയാണ് എറണാകുളത്തപ്പന്റെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

തിരുത്തുക

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിലാണ് ശിവപാർവ്വതീപുത്രനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരുന്ന വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം എന്നിവ ധരിച്ച ഗണപതി മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.

സുബ്രഹ്മണ്യൻ

തിരുത്തുക

ഗണപതിയോടൊപ്പം അതേ ശ്രീകോവിലിലാണ് സഹോദരനായ സുബ്രഹ്മണ്യന്റെയും പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരുന്ന വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ബാലസുബ്രഹ്മണ്യന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. പാലഭിഷേകം, ഭസ്മാഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല തുടങ്ങിയവയാണ് സുബ്രഹ്മണ്യന്റെ പ്രധാന വഴിപാടുകൾ.

അയ്യപ്പൻ

തിരുത്തുക

നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം ശ്രീകോവിലിലാണ് ഹരിഹരപുത്രനായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. രണ്ടടി ഉയരമുള്ള വിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുള്ള വിഗ്രഹമാണിവിടെ. മുഖപ്പോടുകൂടിയ ഈ നടയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം, നെയ്യഭിഷേകം, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് അയ്യപ്പന്റെ നടയിലെ പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ

തിരുത്തുക

അയ്യപ്പനെ ശ്രീകോവിലിനടുത്തുതന്നെ പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.

നിത്യപൂജകൾ

തിരുത്തുക

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. പുലർച്ചെ രണ്ടുമണിയ്ക്കുള്ള നിയമവെടിയോടെയും തുടർന്ന് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിലിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെയും ഭഗവാനെ പള്ളിയുണർത്തിയ ശേഷം മൂന്നുമണിയ്ക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനം. മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു മണിക്കൂറാണ് നിർമ്മാല്യദർശനം. നിർമ്മാല്യദർശനത്തിനുശേഷം അഭിഷേകം നടത്തുന്നു. നാലേകാലിന് ഭഗവാന് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും ആറുമണിയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. എതിരേറ്റുപൂജയ്ക്കിടയിൽത്തന്നെ ഗണപതിഹോമവും നടത്തുന്നു. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ഈ ആചാരം. ശീവേലി കഴിഞ്ഞാൽ ജലധാരയും നവകാഭിഷേകവും നടത്തുന്നു. എട്ടുമണിയ്ക്ക് പന്തീരടി പൂജ. പത്തരയോടെ ഉച്ചപൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് രാത്രി ഏഴരമണിയ്ക്ക് അത്താഴപൂജയും എട്ടരമണിയ്ക്ക് അത്താഴശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നട വീണ്ടും അടയ്ക്കുന്നു.

ക്ഷേത്രത്തിലെ തന്ത്രാധികാരം തൃപ്പൂണിത്തുറ പുലിയന്നൂർ, പൊന്നാനി പുഴക്കര ചേന്നാസ് എന്നിങ്ങനെ രണ്ട് കുടുംബങ്ങൾക്കായി വീതിച്ചുനൽകിയിട്ടുണ്ട്. കേരളത്തിൽ രണ്ട് കുടുംബക്കാർക്ക് തന്ത്രാധികാരമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ശിവക്ഷേത്രം. വിശേഷച്ചടങ്ങുകളിൽ ഇരുകൂട്ടരും ഒന്നിച്ചാണ് ക്രിയകൾ നടത്തുന്നത്. മേൽശാന്തി, കീഴ്ശാന്തി പദവികൾ ദേവസ്വം ബോർഡ് നിയമനമാണ്.

ഉത്സവങ്ങൾ

തിരുത്തുക

കൊടിയേറ്റുത്സവം

തിരുത്തുക

മകരമാസത്തിൽ തിരുവാതിരനാളിൽ ആറാട്ടായി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ധ്വജാദിമുറയിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നിരവധി പൂജകളും താന്ത്രികക്രിയകളും നടത്താറുണ്ട്.

ശിവരാത്രി

തിരുത്തുക

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിലാണ് മഹാശിവരാത്രി ആചരിച്ചുവരുന്നത്.

ദർശന സമയം

തിരുത്തുക

*അതിരാവിലെ 3.30 AM മുതൽ രാവിലെ 11.45 AM വരെ. ഉച്ചക്ക് 12 PM മണിയ്ക്ക് നട അടയ്ക്കുന്നു.

*വൈകുന്നേരം 4 PM മുതൽ രാത്രി 8.30 PM വരെ.

വഴിപാടുകൾ

തിരുത്തുക

ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാമഹേശ്വരപൂജ, സ്വയംവര പുഷ്‌പാഞ്‌ജലി, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, ആയുർസൂക്ത പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, കൂവളഹാര സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകൾ.

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക