ജോൺ ലോറൻസ്
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയായിരുന്നു ജോൺ ലോറൻസ് (ഇംഗ്ലീഷ്: John Lawrence) എന്ന ജോൺ ലൈർഡ് മൈർ (ജീവിതകാലം 1811 മാർച്ച് 4 – 1879 ജൂൺ 27). 1864 മുതൽ 1869 വരെ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയായിരുന്നു. 1846 മുതൽ 1849 വരെ ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണർ, 1849 മുതൽ 1853 വരെ പഞ്ചാബ് ഭരണബോർഡ് അംഗം, 1853 മുതൽ 1858 വരെ പഞ്ചാബിന്റെ ചീഫ് കമ്മീഷണർ, ലെഫ്റ്റനന്റ് ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു.[1] 1859 മുതൽ 1863 അവസാനം വരെ ലണ്ടനിലെ ഇന്ത്യൻ കൗൺസിലിൽ അംഗവുമായിരുന്നു.[2]
ലോറൻസ് പ്രഭു | |
---|---|
ഇന്ത്യയുടെ വൈസ്രോയും ഗവർണർ ജനറലും | |
ഓഫീസിൽ 1864 ജനുവരി 12 – 1869 ജനുവരി 12 | |
Monarch | വിക്റ്റോറിയ |
പ്രധാനമന്ത്രി | |
മുൻഗാമി | വില്ല്യം ഡെനിസൺ കാവൽ പദവി |
പിൻഗാമി | റിച്ചാഡ് ബൂർക്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 4, 1811 |
മരണം | ജൂൺ 27, 1879 | (പ്രായം 68)
ദേശീയത | ബ്രിട്ടീഷുകാരൻ |
പങ്കാളി | ഹാരിയറ്റ് ഹാമിൽട്ടൺ (മരണം: 1917) |
ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഹെൻറി ലോറൻസും ബ്രിട്ടീഷ് ഇന്ത്യയിൽ (പ്രത്യേകിച്ച് പഞ്ചാബിൽ) പ്രധാനപ്പെട്ട ഒദ്യോഗികപദവികൾ വഹിച്ചിരുന്നു. 1848 - 1853 കാലയളവിൽ മൂന്നംഗ പഞ്ചാബ് ഭരണബോർഡിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരും തികഞ്ഞ പറ്റേണലിസ്റ്റ് ഭരണാധികാരികളായി വിലയിരുത്തപ്പെടുന്നു. പഞ്ചാബ് ഭരണകാലത്ത്, അക്കാലത്തെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവിന്റെ കാഴ്ചപ്പാടുപോലെതന്നെ, തദ്ദേശീയരെ ഭരണത്തിൽനിന്ന് പരമാവധി അകറ്റിനിർത്തിക്കൊണ്ട് കടുത്ത നിയന്ത്രണമുള്ള ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണരീതിയായിരുന്നു ജോൺ ലോറൻസ് നടപ്പിലാക്കിയത്.[1] പഞ്ചാബിലെ ഇദ്ദേഹത്തിന്റെയും സഹോദരന്റെയും ഭരണത്തെ ചരിത്രകാരന്മാർ ലോറൻസ് രാജ് എന്ന് പരാമർശിക്കാറുമുണ്ട്.
1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ലഹള പഞ്ചാബിലേക്ക് പടരാതിരിക്കാൻ ജോൺ സ്വീകരിച്ച നടപടികൾ പ്രശംസകൾക്ക് പാത്രമായി. ഇന്ത്യൻ ശിപായികളുടെ നിയന്ത്രണത്തിലായ ദില്ലി തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ചതു ജോൺ ആയിരുന്നു. പഞ്ചാബിൽ നിന്ന് ജോൺ അയച്ച സൈന്യമാണ് ദില്ലിയിലെ തദ്ദേശീയവിമതരിൽ നിന്ന് നഗരം തിരിച്ചുപിടിച്ചത്. പിടിച്ചടക്കിയ ദില്ലി നഗരത്തിൽ ബ്രിട്ടീഷ് പട്ടാളക്കാർ നടത്തിയ ക്രൂരപ്രതികാരനടപടികൾ അവസാനിപ്പിക്കാനും നഗരം തന്നെ പൂർണ്ണമായി നശിപ്പിക്കാനുള്ള അവരുടെ പദ്ധതികൾക്ക് തടയിടാനും നടത്തിയ ശ്രമത്തിന്റെ പേരിലും അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു.[3]
ഇന്ത്യയിലെ ഗവർണർ ജനറലായി നിയമിക്കപ്പെട്ട പ്രഭുസ്ഥാനമില്ലാത്ത ആദ്യത്തെയാളായിരുന്നു ജോൺ. പഞ്ചാബിന്റെ രക്ഷകൻ എന്നും ബ്രിട്ടീഷ് ഇന്ത്യയുടെ രക്ഷകൻ എന്നും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.
പൊതുവേ ഒരു യുദ്ധവിരുദ്ധനായിരുന്നു ജോൺ. 1857-ലെ ലഹളക്കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാർ നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുമ്പോൾ അഫ്ഗാനിസ്താനിൽ നിന്നും ആക്രമണമുണ്ടാകുകയാണെങ്കിൽ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുള്ള അതിർത്തിപ്രദേശങ്ങൾ അവർക്കുവിട്ടുകൊടുത്ത് യുദ്ധമൊഴിവാക്കണം എന്ന നിലപാടാണ് ജോൺ എടുത്തത്. ഇന്ത്യയിലെ ഗവർണർ ജനറലായിരുന്ന കാലത്ത്, ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിക്കപ്പുറത്തെ റഷ്യൻ മുന്നേറ്റങ്ങളെ തടയുന്നതിന് അഫ്ഗാനിസ്താനിൽ ബ്രിട്ടീഷുകാർ ഇടപെടണെന്നും അവിടെ ആധിപത്യം സ്ഥാപിക്കണമെന്നുമുള്ള കടുത്ത സമ്മർദ്ധങ്ങളുണ്ടായിരുന്നിട്ടും ജോൺ കരുതിക്കൂട്ടിയുള്ള നിഷ്ക്രിയത്വനയം സ്വീകരിച്ചു. 1870-കളുടെ അവസാനം ബ്രിട്ടീഷ് സർക്കാർ ഈ നയത്തിൽ നിന്ന് വ്യതിചലിച്ച് അഫ്ഗാനിസ്താനിൽ യുദ്ധത്തിന് വട്ടം കൂട്ടിയപ്പോൾ എതിർത്തവരിൽ പ്രധാനിയായിരുന്നു ജോൺ.
ജീവചരിത്രം
തിരുത്തുകജനനം, ആദ്യകാലം
തിരുത്തുകബ്രിട്ടീഷ് സൈനികനായിരുന്ന അലക്സാണ്ടർ ലോറൻസിന്റെയും ലെറ്റീഷ്യ കാതറിൻ നോക്സിന്റെയും പന്ത്രണ്ട് മക്കളിൽ എട്ടാമനായി 1811 മാർച്ച് 4-ന് ഇംഗ്ലണ്ടിലെ യോർക്ക്ഷയറിലെ റിച്ച്മണ്ടിൽ ജനിച്ചു. പിതാവിന് ഇക്കാലത്ത് റിച്ച്മണ്ടിലായിരുന്നു ജോലി. ജോണിന് രണ്ടു വയസു പ്രായമുള്ളപ്പോൾ കുടുംബം ഗേൺസിയിലേക്കും പിന്നീട് ഓസ്റ്റെൻഡിലേക്കും മാറി. പിതാവ് സൈനികജീവിതത്തിന്റെ തിരക്കിലായിരുന്നതിനാൽ കുടുംബം നടത്തുന്നതിലും ജോണിന്റെ സ്വാഭാവം രൂപപ്പെടുന്നതിലും അമ്മയുടെ പങ്ക് പ്രധാനമായിരുന്നു. മൂന്ന് മൂത്ത ജ്യേഷ്ഠൻമാരും പഠനത്തിനായി വീടുവിട്ടിരുന്നതിനാൽ ജോൺ തന്റെ മാതാപിതാക്കൾക്കും മൂത്ത സഹോദരിമാരായ ലെറ്റീഷ്യക്കും ഹൊണൊറിയക്കും ഒപ്പം വീട്ടിലായിരുന്നു. മാതാപിതാക്കൾക്കുപുറമേ സഹോദരി ലെറ്റീഷ്യയും ജോണിനും കുടുംബാംഗങ്ങൾക്കെല്ലാം വഴികാട്ടിയായിരുന്നു.
ചെറുപ്പത്തിൽ ജോണിന് ഗുരുതരമായ ഒഫ്താൽമിയ ആഘാതം വന്നിരുന്നു. ഒരു വർഷത്തോളം ഇരുട്ടുമുറിയിൽ കഴിച്ചുകൂട്ടേണ്ടിവന്നു. രോഗമുക്തനായതിനുശേഷം പിതാവിനൊപ്പവും സമയം ചെലവഴിക്കാനും അദ്ദേഹത്തിനായി. പിതാവ് വാട്ടർലൂ യുദ്ധത്തിൽ പങ്കെടുക്കുന്ന കാലത്ത് അദ്ദേഹത്തിന് 4 വയസ്സായിരുന്നു. യുദ്ധരംഗത്ത് പിതാവിനൊപ്പമായിരുന്നു ജോണും കുടുംബവും.[4]
വിദ്യാഭ്യാസം
തിരുത്തുകഎട്ടാം വയസിൽ 1819-ൽ ജ്യേഷ്ഠൻ ഹെൻറിക്കൊപ്പം ബ്രിസ്റ്റളിലെ ക്ലിഫ്റ്റണിലുള്ള മിസ്റ്റർ ഗഫ്സ് സ്കൂളിൽ പഠനമാരംഭിച്ചു. കുടുംബം ഇക്കാലത്ത് ക്ലിഫ്റ്റണിലായിരുന്നു. ജ്യേഷ്ഠനോടൊപ്പം ഇടപഴകാൻ ആദ്യമായി ലഭിച്ച അവസരമായിരുന്നു ഇത്. ഒരു വർഷത്തിനുശേഷം ഹെൻറി അഡിസ്കോമ്പിലേക്ക് പോയെങ്കിലും ജോൺ 1823 വരെ അവിടെ പഠനം തുടർന്നു. അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു. 1825 മുതൽ 27 വരെ നോർത്ത് വിൽറ്റ്ഷയറിലെ വ്രാക്സ്ഹോൾ ഹോൾ എന്ന സ്കൂളിലാണ് ജോൺ പഠിച്ചത്.
മുതിർന്ന സഹോദരന്മാരെപ്പോലെ അഡിസ്കോമ്പിൽ പഠിച്ച് പട്ടാളജീവിതം നയിക്കാനായിരുന്നു ജോണിന്റെ ആഗ്രഹം എന്നാൽ മൂത്തവർക്കെല്ലാം അവിടെ പ്രവേശനം തരപ്പെടുത്തിക്കൊടുത്ത കുടുംബസുഹൃത്തായ ജോൺ ഹഡിൽസ്റ്റോൺ എന്ന രാഷ്ട്രീയനേതാവ്, ജോണിനോട് സിവിൽ സെർവീസിനായി ഹൈലിബറി കോളേജിൽ ചേരാനാണ് ഉപദേശിച്ചത്. സഹോദരി ലെറ്റീഷ്യയുടെ പ്രേരണപ്രകാരം മനസ്സില്ലാമനസോടെയാണ് ജോൺ ഹൈലീബറിയിൽ ചേർന്നത്. 1827-29 കാലത്താണ് അദ്ദേഹമിവിടെ പഠിച്ചത്. ഹൈലിബറിയിൽ ജോൺ മികച്ച വിദ്യാർത്ഥിയായിരുന്നു. ബംഗാളിയിലും ചരിത്രത്തിലും നിയമത്തിലും അദ്ദേഹങ്ങൾ മികച്ച വിജയങ്ങൾ നേടി സമ്മാനങ്ങൾ കരസ്ഥമാക്കി. നിലവിലെ ഇന്ത്യൻ ഭരണാധികാരികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഭരണത്തിനുപകരം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് മുൻഗണന എന്ന ജോണിന്റെ കാഴ്ചപ്പാട് ആരംഭിച്ചത് ഹൈലീബറിയിലെ പഠനകാലത്തായിരിക്കണം എന്ന് വിലയിരുത്തപ്പെടുന്നു. ഹൈലിബറിയിൽ നിന്ന് ഉന്നതവിജയം നേടി പുറത്തിറങ്ങുകയും ബംഗാൾ പ്രെസിഡൻസിയിൽ നിയമനം നേടുകയും ചെയ്തു. പഠനകാലത്ത് ഹൈലിബറിയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എഡ്വേഡ് തോൺടൺ, മൈക്കേൽ എഡ്ജ്വർത്ത്, ഡൊണാൾഡ് മക്ലോഡ് എന്നിവർ പിൽക്കാലത്ത് ജോണിനു കീഴിൽ പഞ്ചാബിൽ ജോലി ചെയ്തിരുന്നു.[4]
ഇന്ത്യയിൽ
തിരുത്തുകഇന്ത്യയിൽ നിയമനം ലഭിച്ചതിനെത്തുടർന്ന് 1829 സെപ്റ്റംബർ 2-ന് മുതിർന്ന സഹോദരങ്ങളായ ഹെൻറിക്കും ഹൊണോറിയക്കും ഒപ്പം പോർട്ട്സ്മൗത്തിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പൽ കയറി.[4] അഞ്ചുമാസവും ഒരാഴ്ചയും നീണ്ട യാത്രക്കുശേഷം 1830 ഫെബ്രുവരി 9-ന് കൊൽക്കത്തയിലെത്തി. തുടക്കത്തിൽ കൊൽക്കത്തയിലെ കാലാവസ്ഥയും സിഥിതിഗതികളുമായി പൊരുത്തപ്പെടാനാകതെ നിരാശനായിരുന്നു. ഒരു 100 പൗണ്ട് വർഷം കിട്ടുന്ന ജോലിയുണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുമായിരുന്നു എന്നദ്ദേഹം പിന്നീട് പരാമർശിച്ചിട്ടുണ്ട്. വന്നതിന് പത്തുമാസത്തിനുശേഷം, ഉർദു, പേർഷ്യൻ ഭാഷകളിൽ പരീക്ഷ വിജയിച്ചു. സാധാരണ ആളുകൾ തിരഞ്ഞെടുക്കാറുള്ള കൊൽക്കത്തക്കുപകരം അന്ന് വടക്കുപടിഞ്ഞാറൻ അതിർത്തിക്കടുത്തായിരുന്ന ഡെൽഹിയിൽ നിയമനം തിരഞ്ഞെടുത്തു. പെട്ടെന്നുതന്നെ ദില്ലിയിലെത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഗംഗയിലൂടെയുള്ള കൂടുതൽ സൗകര്യപ്രദമായ യാത്രക്കുപകരം കരയിലൂടെ പല്ലക്കിൽ 18 ദിവസംകൊണ്ട് ദില്ലിയിലേക്കുള്ള 900 മൈൽ യാത്രചെയ്തു.[5]
ദില്ലിയിൽ
തിരുത്തുക1831-ൽ ജോൺ ദില്ലിയിലെത്തി. തോമസ് മെറ്റ്കാഫ് ആയിരുന്നു അന്ന് ദില്ലി ഭരിച്ചിരുന്നത്. ഭരണകർത്താവ് എന്നതിനുപറമേ ജഡ്ജ്, മജിസ്ട്രേറ്റ്, കളക്റ്റർ എന്നീ ചുമതലകളും മെറ്റ്കാഫിനുണ്ടായിരുന്നു. മെറ്റ്കാഫിനു കീഴിൽ ജോൺ, ഒരു അസിസ്റ്റന്റ് ജഡ്ജ്-മജിസ്ട്രേറ്റ്-കളക്റ്റർ ആയി നിയമിതനായി. മെറ്റ്കാഫിന് ജോണിനുപുറമേ മറ്റനവധി സഹായികളുമുണ്ടായിരുന്നു. ചാൾസ് ട്രെവല്യൻ ഇവരിലൊരാളായിരുന്നു. ഹൈലിബറിയിൽനിന്നും രണ്ടുവർഷം മുൻപെത്തിയ ട്രെവല്യൻ, ഇതിനുശേഷം ജോൺ ലോറൻസിന്റെ ജീവിതകാലം മുഴുവനുമുള്ള സുഹൃത്തായി മാറി. ദില്ലിയിൽ വച്ചാണ് ഇവിടെവച്ചാണ് ജോൺ, റോബർട്ട് നേപ്പിയറെയും കണ്ടുമുട്ടിയത്.
റെസിഡെൻസിയിൽ വസിക്കുന്നതിനു പകരം അതിന് ഒന്നര മൈൽ ദൂരത്തുള്ള ഒരു പുരോഹിതന്റെ വീട്ടിലാണ് ജോൺ താമസിച്ചത്. ജോണിന്റെ ദില്ലിയിലെ നിയമനം, അന്ന് കർണാലിൽ ആയിരുന്ന സഹോദരന്മാരായ ഹെൻറിക്കും ജോർജിനും ഒപ്പം ഇടപഴകാനും അവസരം നൽകി. തന്റെ നാലുവർഷത്തെ ദില്ലി വാസക്കാലത്ത് ജോൺ പലവട്ടം കർണാൽ സന്ദർശിച്ചു.[5]
പാനിപ്പത്തിലെ നിയമനം
തിരുത്തുക1835-ൽ ജോണിന് ദില്ലിയുടെ വടക്കൻ ഡിവിഷന്റെ താൽക്കാലികചുമതല ലഭിച്ചു. ദില്ലിക്ക് 70 മൈൽ വടക്കുള്ള പാനിപ്പത്തിലായിരുന്നു നിയമനം. ഒരു ഭരണകർത്താവ് എന്ന നിലയിൽ സുപ്രധാന പ്രവൃത്തിപരിചയം ജോണിന് സിദ്ധിച്ചത് ഇവിടത്തെ രണ്ടുവർഷകാലത്താണ്. അദ്ധ്വാനശീലരായ ജാട്ട് കൃഷിക്കാരുടെ മേഖലയായ പാനിപ്പത്തിൽ കമ്പനിക്കുവേണ്ടി നികുതിനിർണ്ണയവും ഭരണവും നടത്തുക എന്നതായിരുന്നു കർത്തവ്യം. മജിസ്ട്രേറ്റിന്റെ പദവിയുണ്ടായിരുന്നതിനാൽ പോലീസിന്റെ ചുമതലയും ജോണിനായിരുന്നു. നാട്ടുകാരായ നികുതിപിരിവുകാരുടെ മാത്രം സഹായത്തോടെയായിരുന്നു ആദ്യത്തെ കുറേ മാസങ്ങൾ ജോൺ ഭരിച്ചിരുന്നത്. കുറച്ചുനാളുകൾക്കുശേഷം ജോൺ റൈക്സ് എന്ന ഒരു ചെറുപ്പക്കാരൻ ഉദ്യോഗസ്ഥനും സഹായിയായെത്തി.
പാനിപ്പത്തിലെ ഭരണകാലത്ത് റോബർട്ട് ബേഡിന്റെ പ്രശസ്തമായ ഭൂനികുതി സർവേ നടപടികളിൽ ജോൺ ആകൃഷ്ടനാവുകയും അതിൽ സഹകരിക്കുകയും ചെയ്തു. നികുതിപിരിവിന്റെ തോത് കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് മനസ്സിലാക്കിയ ജോൺ, അത് കുറക്കാനുള്ള നടപടി സ്വീകരിച്ചു. നാട്ടുകാരുമായി അടുത്തിടപഴകുകയും തർക്കങ്ങളും മറ്റുമുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി തീർപ്പുകൽപ്പിക്കുകയും ചെയ്തു. ഭൂമിയെ സംബന്ധിച്ച തർക്കം ഭൂമിയിൽവച്ചുതന്നെ തീർക്കണം എന്ന പേർഷ്യൻ പഴഞ്ചൊല്ല് അദ്ദേഹം മിക്കപ്പോഴും ആവർത്തിച്ചിരുന്നു.
ഇക്കാലത്ത് ജോണിന്റെ ഇംഗ്ലീഷുകാരുമായുള്ള സംസർഗം വളരെ കുറഞ്ഞു. സഹായിയിരുന്ന റൈക്സിനെ ഇടക്കാലത്ത് വടക്കൻ മേഖലകളുടെ സ്വതന്ത്രചുമതല നൽകി പറഞ്ഞയക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും നാട്ടുകാരുമായുള്ള സമ്പർക്കവും അദ്ദേഹത്തിന്റെ സംസാരരീതിയിൽ സാരമായ മാറ്റങ്ങളുണ്ടാക്കി. നിരവധി പേർഷ്യൻ വാക്കുകൾ അദ്ദേഹത്തിന്റെ സംസാരത്തിൽ കയറിക്കൂടി.[5]
ഗുഡ്ഗാവ്, ഇട്ടാവ
തിരുത്തുക1837-ൽ ജോണിന്റെ പാനിപ്പത്തിലെ ചുമതല, സ്ഥിരമായി മറ്റൊരാൾക്ക് നൽകി. ഇതിനെത്തുടർന്ന് ദില്ലിയിലെ പഴയ ഉദ്യോഗത്തിലേക്ക് മടങ്ങിയെത്തുകയും ആറുമാസം അവിടെത്തുടരുകയും ചെയ്തു. തുടർന്ന് ദില്ലിക്ക് തെക്കുള്ള ഗുഡ്ഗാവ് ജില്ലയിൽ നിയമനം ലഭിച്ചു. ഹൈലിബറിയിൽ ഒപ്പമുണ്ടായിരുന്ന മാർട്ടിൻ ഗബ്ബിൻസിനോടൊപ്പമായിരുന്നു ഇവിടത്തെ ജോലി.
1838 നവംബറിൽ വീണ്ടും തെക്കുകിഴക്കുള്ള ഇട്ടാവയിൽ സെറ്റിൽമെന്റ് ഓഫീസറായി നിയമിതനായി. പാനിപ്പത്തിലെ ജോണിന്റെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ റോബർട്ട് ബേഡ് ഇട്ടാവയിലേക്ക് അദ്ദേഹത്തെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. വരൾച്ച മൂലം ആകെ താറുമാറാകുകയും നികുതിപിരിവ് മുട്ടിയതുമായ ഒരു ജില്ലയുടെ നികുതി തിട്ടപ്പെടുത്തലിന്റെ മേൽനോട്ടമായിരുന്നു ഇവിടത്തെ ജോണിന്റെ ചുമതല. കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാൽ ജോണിന് ഇട്ടാവയിലെ ജോലിയിൽ താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും ബേഡിന്റെ ക്ഷണം ഒന്നുകൊണ്ടുമാത്രമാണ് ഈ ജോലി സ്വീകരിച്ചത്. ആ ജില്ല അപ്പോൾ മാത്രമേ രൂപികരിച്ചിരുന്നതേയുള്ളൂ എന്നതിനാൽ താമസിക്കാൻ വീടൊന്നും കിട്ടിയില്ല. അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ. ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു. ഇത് ജോണും ക്യുമിനും തമ്മിലുള്ള നീണ്ട ചങ്ങാത്തത്തിന് വഴിയൊരുക്കി. 1838-39 കാലഘട്ടത്തിൽ ജോൺ ഇട്ടാവയിൽ ജോലിചെയ്തു.[5]
നാട്ടിലേക്കുള്ള മടക്കവും വിവാഹവും
തിരുത്തുക1839-ൽ ജോണിന് കടുത്ത പനി പിടിപെട്ടു. മരണത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ വൈദ്യർ അഭിപ്രായപ്പെട്ടെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ഇട്ടാവ വിട്ട് കൽക്കത്തയിലെത്തിയതിനുശേഷം ആരോഗ്യം വീണ്ടും മോശമായി. മൂന്നുവർഷത്തേക്ക് അവധിയെടുക്കുവാൻ ഉത്തരവായതിനെത്തുടർന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുകയും 1840 ജൂണിൽ ഇംഗ്ലണ്ടിലെത്തുകയും ചെയ്തു.[5] തുടർന്ന് സ്കോട്ട്ലൻഡിൽ വിനോദയാത്ര പോയതിനു ശേഷം, ഐർലൻഡിൽ ഫോയൽ കോളേജും ലണ്ടൻഡെറിയും സന്ദർശിച്ചു. ഇക്കാലത്ത് ഐർലൻഡിലെ ഡോനെഗൽ കൗണ്ടി സന്ദർശിക്കുന്നതിനിടയിലാണ് അദ്ദേഹം റിച്ചാർജ് ഹാമിൽട്ടണെയും മകളായ ഹാരിയറ്റിനെയും ആദ്യമായി കണ്ടുമുട്ടുന്നത്. (ഹാരിയറ്റിനെ പിന്നീട് ജോൺ വിവാഹം കഴിച്ചു.) 1840 അവസാനം ജ്യേഷ്ഠൻ ജോർജിന്റെ ഭാര്യയെ ജർമ്മനിയിലെ ബോണിൽ സന്ദർശിക്കുകയും, തുടർന്ന് 1841-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തി അപ്പോൾ വിവാഹിതയായിരുന്ന സഹോദരി ലെറ്റീഷ്യയെയും ഇംഗ്ലണ്ടിലെ ബാത്തിൽ സന്ദർശിച്ചു.
ഇക്കാലയളവു ജോൺ മുഴുവൻ വിവാഹത്തിനു പറ്റിയ സ്ത്രീകളെ തിരയുകയായിരുന്നു. 1841 ജുണിൽ ഐർലൻഡിലെ ഹാരിയറ്റ് കാതറൈൻ ഹാമിൽട്ടണെ പത്നിയാക്കാനായി തിരഞ്ഞെടുത്തു. 1841 ഓഗസ്റ്റ് 26-ന് ഇവർ വിവാഹിതരായി. ഇറ്റലിയിലായിരുന്നു ഇവരുടെ മധുവിധു.[6]
രണ്ടാമതും ഇന്ത്യയിലേക്ക്
തിരുത്തുകഇറ്റലിയിൽ വച്ചാണ് ബ്രിട്ടീഷ് സേനയുടെ അഫ്ഗാനിസ്താനിലെ പരാജയത്തെക്കുറിച്ചും ജ്യേഷ്ഠൻ ജോർജിനും ചേട്ടത്തി ഹൊണോറിയയുടെ സഹോദരനും സംഭവിച്ച ദുരന്തങ്ങളും ജോൺ അറിഞ്ഞത്. ഇറ്റലിയിൽ നിന്നും മടങ്ങി ലണ്ടനിലെത്തിയ അദ്ദേഹം വീണ്ടും രോഗബാധിതനായി എങ്കിലും ഇന്ത്യയിലേക്ക് പോകാൻ ആകാംക്ഷാഭരിതനായി. വൈദ്യരുടെ മുന്നറിയിപ്പുകളെ അവഗണിച്ച് 1842 നവംബർ 14-ന് ജോണും ഹാരിയറ്റും ബോംബെയിലെത്തി. ഇന്ത്യയിലെത്തിയ ഉടനെ ഹാരിയറ്റിന് കോളറ പിടിപെട്ടെങ്കിലും പെട്ടെന്ന് സുഖപ്പെട്ടു. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ യമുനക്ക് തെക്കുള്ള ബുന്ദേൽഖണ്ഡ് പ്രവിശ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട കാരണം ബോംബെയിൽനിന്ന് ആഗ്ര, ദില്ലി എന്നിവിടങ്ങളിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയായിരുന്നു. മദ്ധ്യപ്രവിശ്യകൾ വഴി അലഹബാദിലേക്ക് തിരിച്ചു. പല്ലക്ക് വഴി പൂനയിലും ആറാഴ്ചയെടുത്ത് നാഗ്പൂരിലും എത്തി.
നിയമനമൊന്നുമില്ലാതെയാണ് ജോൺ ഇന്ത്യയിലെത്തിയത്. അഫ്ഗാൻ യുദ്ധം കാരണം ജോലി കിട്ടുക എന്നതും ബുദ്ധിമുട്ടായിരുന്നു. ജോൺ എഴുത്തുകളിലുടെ ജോലിക്കായി ശ്രമം തുടങ്ങി. നാഗ്പൂരിൽനിന്ന് അലഹബാദിലേക്കും സഹോദരൻ റിച്ചാഡിനെക്കാണാൻ കാൺപൂരിലേക്കും പോയി. തുടർന്ന് ആഗ്രയിലെത്തി. ഇങ്ങനെ ജോലിക്കായി മീറഠിലേക്കുള്ള ഒരു യാത്രക്കിടയിൽ, അഫ്ഗാനികളുടെ തടവിൽനിന്നും മോചിപ്പിക്കപ്പെട്ട സഹോദരൻ ജോർജിനെകണ്ടുമുട്ടിയത്. ജോർജിന്റെ ഉപദേശപ്രകാരം ഡെൽഹിക്ക് പോയി. ദില്ലിയിൽ ഒരു മാസത്തേക്ക് സിവിൽ സെഷൻസ് ജഡ്ജ് തസ്തികയിൽ താൽക്കാലികനിയമനം കിട്ടി. തുടർന്ന് ആറുമാസത്തേക്കുള്ള മറ്റൊരു താൽക്കാലികനിയമനം കർണാലിൽ ലഭിച്ചു. ഇക്കാലത്ത് അംബാലയിൽ ഉണ്ടായിരുന്ന ഹെൻറിയെയും കാണാനായി. കൈഥലിലെ വിമതരെ അമർച്ച ചെയ്യാൻ നിയോഗിക്കപ്പെട്ട ഹെൻറി, കൂടുതൽ സൈനികർക്കുവേണ്ടി കർണാലിലെത്തുന്നതിനിടെയായിരുന്നു ഈ കൂടിക്കാഴ്ച. ജോൺ ഹെൻറിക്കൊപ്പം കൈഥലിൽപ്പോകുകയും വിമതരെ അമർച്ചചെയ്ത് കർണാലിൽ മടങ്ങിയെത്തുകയും ചെയ്തു.
1843 ജൂണിൽ ജോണിന് ഒരു പെൺകുഞ്ഞ് ജനിച്ചു. കേറ്റ് എന്നായിരുന്നു പേരിട്ടത്. 1843 നവംബർ വരെ ജോൺ കർണാലിൽതുടരുകയും തുടർന്ന് ദില്ലിയിൽ മറ്റൊരു താൽക്കാലിക നിയമനം ലഭിക്കുകയും ചെയ്തു. 1844 അവസാനത്തോടെയാണ് അദ്ദേഹത്തിനൊരു സ്ഥിരം ജോലി ലഭിച്ചത്. ദില്ലിലേയും പാനിപ്പത്തിലേയും രണ്ടു ജില്ലകളിലെ മജിസ്ട്രേറ്റും കളക്റ്ററും ആയായിരുന്നു നിയമനം. എങ്കിലും അദ്ദേഹത്തിന്റെ ശമ്പളം അവധിക്കുമുമ്പുള്ളതിന്റെ പകുതി മാത്രമായിരുന്നു.[6]
ദില്ലിയിലെ ഈ നിയമനത്തെത്തുടർന്ന് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ഒരു മുൻനിരഭരണജ്ഞൻ പരിഷ്കർത്താവ് എന്നീ സ്ഥാനങ്ങളിലേക്ക് ജോൺ തിരിച്ചെത്തി. ഇക്കാലത്ത് കാഠ്മണ്ഡുവിൽ റെസിഡന്റായിരുന്ന സഹോദരൻ ഹെൻറിയിൽ നിന്നും വ്യത്യസ്തമായി ജോൺ സജീവമായ കേന്ദ്രത്തിലായിരുന്നു ജോലി ചെയ്തത്. തന്റെ ജില്ലകളിലെ ഉത്തരവാദിത്തങ്ങൾക്കു പുറമേ, ജയിൽ പരിഷ്കരണം, നികുതി തിട്ടപ്പെടുത്തൽ പോലെയുള്ള പ്രവിശ്യയുടെ വലിയ നയപരമായ കാര്യങ്ങളിലും ജോണിന് ഇടപെടേണ്ടിവന്നു. ജയിലിലെ ഉദ്യോഗസ്ഥർക്ക് കൂടുതൽ വേതനം നൽകുകയും ജില്ലാജയിലുകൾ സെൻട്രൽ ജയിലുകൾ എന്നിങ്ങനെ തരംതിരിവുകളുണ്ടാക്കുകയും കുറ്റവാളികളെ തരം തിരിക്കുക, മികച്ച ഡോക്ടർമാരെ ജയിലിൽ നിയമിക്കുക തുടങ്ങിയവക്കെല്ലാം ജോൺ ശുപാർശ ചെയ്തു. ഡെൽഹിയിൽ മജിസ്ട്രേറ്റായുള്ള പരിചയം, പിന്നീട് നിയമനിർമ്മാണങ്ങൾ നടത്തുന്നതിനും ഉപകാരമായി. റെവന്യൂ നികുതി നിർണ്ണയമാണ് ഇന്ത്യയിൽ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഏറ്റവും ആവശ്യമെന്ന് മനസ്സിലാക്കിയ ജോൺ, മഹൽവാരി രീതിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഇക്കാലത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന ജെയിംസ് തോമാസന്റെ ഏറ്റവും പ്രിയങ്കരനായ കീഴുദ്യോഗസ്ഥനായി പേരെടുത്തു.[7]
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് യുദ്ധത്തിനായുള്ള വെടിക്കോപ്പുകളും മറ്റു വിഭവങ്ങളും എത്തിക്കുന്നതിനുള്ള പിന്നണിപ്രവർത്തനത്തിൽ ജോൺ കാഴ്ചവച്ച മികച്ച പ്രകടനം ഗവർണർ ജനറലായ ഹാർഡിഞ്ചിൽ വളരെ മതിപ്പുളവാക്കി. നിർണ്ണായകമായ സൊബ്രാവ് പോരാട്ടത്തിന് ഒരു ദിവസം മുമ്പാണ് ജോൺ ദില്ലിയിൽ നിന്ന് അയച്ച നാലായിരം കാളവണ്ടികളിൽ നിറയെ വെടിക്കോപ്പുകളും വൻ പീരങ്കികളും ഹാർഡിഞ്ചിന് ലഭിച്ചത്. സൊബ്രാവിലെ പോരാട്ടത്തിലും വിജയത്തിലും ഇത് സുപ്രധാനഘടകമാകുകയും ചെയ്തു.
യുദ്ധത്തിന്റെ തുടക്കംതന്നെ സിസ് സത്ലുജ് പ്രദേശത്ത് ആധിപത്യമുറപ്പിച്ചതിനുശേഷം, ഗവർണർ ജനറൽ ഹാർഡിഞ്ച്, ജോണിന്റെ സേവനം അവിടെയാവശ്യമുണ്ടെന്നും ജോണിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ട് ജെയിംസ് തോമാസണ് എഴുതിയിരുന്നു. എന്നാൽ മിടുക്കനായ ജോണിനെ വിട്ടുകൊടുക്കാൻ തോമാസണ് താൽപര്യമുണ്ടായിരുന്നില്ല. പകരം മറ്റൊരു ഉദ്യോഗസ്ഥനെ അയച്ചു. എന്നാൽ ഹാർഡിഞ്ച് ഇയാളെ തിരിച്ചയച്ച് ജോണിനെത്തന്നെ വേണമെന്ന് നിർബന്ധമായും ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ജോൺ ഹാർഡിഞ്ചിന്റെ ക്യാമ്പിലേക്ക് തിരിച്ചു. ഈ യാത്രക്കിടയിൽ ജോണിന് ഗുരുതരമായ കോളറ പിടിപെട്ടു. ജോൺ മരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു യാത്രയിൽ ഒപ്പമുണ്ടായിരുന്ന ബാൽക്കേഴ്സ് രാംസേ കരുതിയെങ്കിലും ജോൺ ഫോഡ് എന്ന ഡിസ്റ്റിക്റ്റ് ഓഫീസറുടെ സഹായം കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു.[8]
ജലന്ധർ ദൊവാബിന്റെ ഭരണം
തിരുത്തുകഒന്നാം ആംഗ്ലോ-സിഖ് യുദ്ധശേഷം സിഖുകാർ ബ്രിട്ടീഷുകാർക്ക് അടിയറവച്ച ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണറായി 1846-ൽ ജോൺ നിയമിതനായി. പല ഉന്നതോദ്യോഗസ്ഥരേയും മറികടന്നാണ് വെറും മുപ്പത്തിനാല് വയസ്സുള്ള ജോണിനെ ഈ പദവിയിൽ ഹാർഡിഞ്ച് നിയമിച്ചത്. പഞ്ചാബിലെ റെസിഡന്റായി നിയമിതനായ ജ്യേഷ്ഠൻ ഹെൻറിയുടെ ഭാഗികനിയന്ത്രണത്തിൻകീഴിലായിരുന്നു ഈ നിയമനം. മറ്റൊരു ജ്യേഷ്ഠനായ ജോർജും ഇക്കാലത്ത് പഞ്ചാബിൽ ഹെൻറിക്കുകീഴിൽ ജോലിചെയ്യുകയായിരുന്നു. തുടക്കം മുതലേ ഹെൻറിയുടെ നയങ്ങളോട് ചേർന്നുപോകാൻ ജോണിനായിരുന്നില്ല. ഇന്ത്യൻ പ്രഭുത്വത്തെയും അവരുടെ പരമ്പരാഗതരീതികളെയും നിലനിർത്തി അവ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ഹെൻറിയുടെ ചിന്ത. എന്നാൽ ഒരു സിവിൽ ഉദ്യോഗസ്ഥനായി പരിശീലനം സിദ്ധിച്ച ജോൺ ഇതിന് നേരെ വിപരീതചിന്താഗതിക്കാരനായിരുന്നു. പരമ്പരാഗതരീതികൾ അഴിമതി നിറഞ്ഞതാണെന്നും അവ തുടച്ചുമാറ്റണമെന്നും ജോൺ കരുതി.
1846 മാർച്ച് 10-ന് ജോൺ ജലന്ധറിൽ ഭരണമേറ്റെടുത്തു. ഏപ്രിലിൽ ആർ.എൻ. കസ്റ്റ്, എച്ച്. വാൻസിറ്റാർട്ട് എന്നിവർ ജോണിന്റെ സഹായികളായി നിയമിക്കപ്പെട്ടു. പ്രവിശ്യയിലെ ഭദ്രമല്ലാത്ത ക്രമസമാധാനനില മൂലം സർവേ നടത്തി നികുതി കണക്കാക്കുന്നതിനുപകരം പഴയ കണക്കുകളെ ആശ്രയിക്കാൻ ജോൺ തീരുമാനിച്ചു. തദ്ദേശപ്രതിനിധികളുടെ കണക്കുകൾ അഴിമതി നിറഞ്ഞതായതിനാൽ മുൻ ദിവാൻമാരുടെ കണക്കുകളെ ആധാരമാക്കിയും ഗ്രാമവാസികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് ആസ്തി തിട്ടപ്പെടുത്തിയും നികുതി കണക്കാക്കി. മേഖലയിലെ നികുതിയെക്കുറിച്ച് വിശദമായി പഠിച്ചതിൽ നിന്ന്, ഇടനിലക്കാർ, സർക്കാർ നിശ്ചയിച്ച നികുതിയേക്കാൾ 30 ശതമാനത്തോളം അധികം വാങ്ങുന്നുണ്ടെന്ന് ജോൺ മനസ്സിലാക്കി. പലയിടത്തും നികുതി കുറച്ച് നിശ്ചയിക്കുകയും ചെയ്തു. നികുതി തിട്ടപ്പെടുത്തുന്നതിൽ തെറ്റുകൾ ഉണ്ടാകുകയാണെങ്കിൽ അത് സർക്കാരിന് നഷ്ടം വന്നാലും കൃഷിക്കാരന് പ്രതികൂലമാകരുതെന്നായിരുന്നു ജോണിന്റെ അഭിപ്രായം. തന്റെ ഭരണത്തിന്റെ തുടക്കത്തിൽത്തന്നെ ട്രാൻസ്-സത്ലുജ് മേഖലയെ ജോൺ മൂന്ന് ജില്ലകളായി വിഭജിച്ചു. സമതലപ്രദേശത്തുള്ള ജലന്ധർ, ഹോശിയാർപൂർ എന്നിവയും മലമ്പ്രദേശത്തുള്ള കംഗ്രയും (ഇതിൽ കുലുവും ഉൾപ്പെട്ടിരുന്നു) ആയിരുന്നു ഇവ. തന്റെ ഭരണച്ചെലവുകൾ പരമാവധി കുറച്ചുനിർത്താനും അദ്ദേഹം ശ്രമിച്ചു.
ജലന്ധർ ദൊവാബിലെ 233 ഗ്രാമങ്ങളടങ്ങിയ ജഗീറുകളിൽ നിന്നുള്ള വാർഷികനികുതിവരുമാനം 18 ലക്ഷത്തോളമായിരുന്നു. എന്നാൽ ഇതുമുഴുവനും സർക്കാരിന് ലഭിക്കുന്നുണ്ടായിരുന്നില്ല. സൈനികശക്തിയുള്ള ജഗീർദാർമാർ കരം സർക്കാറിലേക്കടക്കുന്നുണ്ടായിരുന്നില്ല. മുൻകാല രാജാക്കൻമാർ ജൻമികൾക്ക് ഭരിക്കാനും കരമൊഴിവായും എഴുതിക്കൊടുത്തിരുന്നതും തലമുറയായി അവർ ആദായമെടുത്തുകൊണ്ടിരുന്നതുമായ ഭൂമിയിലെ നികുതിപിരിവ് കാര്യക്ഷമമാക്കാനും ഭൂമി തിരികെപ്പിടിക്കാനും ഉള്ള നടപടികൾ ജോൺ കൈക്കൊണ്ടു. ഇവിടെ തലവരിനികുതികൾ, നിർബന്ധിതതൊഴിലെടുപ്പിക്കൽ, കടത്തുനികുതികൾ തുടങ്ങിയവ ചുമത്തുന്നതിൽ നിന്ന് ജൻമികളെ വിലക്കുകയും ചെയ്തു. ജൻമികൾക്ക് ജഗീറുകളിൽമേലുല്ള അവകാശം തലമുറകളായി എന്നെന്നേക്കും തുടരുന്നത് നിർത്തി. നിലവിൽ ദലീപ് സിങ്ങിന്റെ കാലത്ത് ലഭിച്ചവ മാത്രം നിലനിർത്താനും അതിനുമുമ്പത്തെ രാജാക്കൻമാർ നൽകിയ അവകാശം റദ്ദുചെയ്യാനും നടപടിയെടുത്തു.
പ്രദേശത്ത് നിലവിലിരുന്ന മാമൂലൂകൾക്കനുസരിച്ച് നിയമങ്ങൾ ക്രോഡീകരിച്ചു. ഭരണത്തിന്റെ താഴേത്തട്ടുകളിൽവരെ അദ്ദേഹത്തിന്റെ ശ്രദ്ധ എത്തിച്ചേർന്നു. പഴയ തർക്കങ്ങൾ പരിഹരിക്കുന്നതിന് രണ്ട് പഞ്ചായത്തുകൾ അദ്ദേഹം സ്ഥാപിച്ചു. റോഡുകളും മറ്റും നിർമ്മിക്കുന്നതിന് കൂടുതൽ പണം സർക്കാരിൽനിന്നും ആവശ്യപ്പെട്ടു. പെൺകുട്ടികളെ കൊലചെയ്യുന്ന രീതി നിർത്തലാക്കുന്നതിനും അദ്ദേഹം ശ്രമം നടത്തി. ഇത്തരം കൊലപാതകം നടത്തുന്നവരെ തൂക്കിലേറ്റുമെന്ന് അദ്ദേഹം ബേദി വംശജർക്ക് മുന്നറിയിപ്പ് നൽകി. സതിക്കും കുഷ്ഠരോഗികളെ കൊലപ്പെടുത്തുന്ന രീതിക്കും എതിരെ അദ്ദേഹം ഉത്തരവുകൾ പുറത്തിറക്കി.
സമതലപ്രദേശങ്ങളിലെ നികുതിതിട്ടപ്പെടുത്തൽ പുരോഗമിച്ചുകൊണ്ടിരിക്കേ, കംഗ്രയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും ജോലികൾ കസ്റ്റിനേയും വൻസിറ്റാർട്ടിനെയും ഏൽപ്പിച്ച് 1846 ഏപ്രിൽ 22-ന് ജോൺ അവിടേക്ക് നീങ്ങി. ഈ യാത്രക്കിടയിലും അദ്ദേഹം കടന്നുപോയ ഓരോ ജില്ലയിലും റെവന്യൂ-പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും മൂന്നുവർഷത്തേക്കുള്ള നികുതി നിശ്ചയിക്കുകയും ചെയ്തു. കംഗ്രയുടെ കീഴടങ്ങലിനുശേഷം അദ്ദേഹം ഇതേ പണി തുടർന്ന് കിഴക്കോട്ട് നീങ്ങി, ജൂണിൽ കുലുവിലെത്തി. കുലുവിൽ വച്ച് അദ്ദേഹം വീണ്ടും രോഗബാധിതനാകുകയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വിശ്രമത്തിനായി സിംലയിലേക്ക് പോകുകയും ചെയ്തു.[8]
ലാഹോർ ഭരണം
തിരുത്തുകരോഗബാധിതനായ ജ്യേഷ്ഠൻ ഹെൻറിയുടെ അഭാവത്തിൽ 1846 ഓഗസ്റ്റ് 19 മുതൽ ലാഹോറിലെ കാവൽ റെസിഡന്റ് ചുമതലയും ജോൺ വഹിച്ചിരുന്നു. പരോക്ഷഭരണത്തിന്റെ ആദ്യത്തെ അനുഭവമായിരുന്നു അത്. സമ്പൂർണ്ണനിയന്ത്രണമുണ്ടായിരുന്ന ജലന്ധർ ദൊവാബിലെ തന്റെ ജോലിയിൽനിന്ന് വിട്ടുനിന്ന് ഭരണകാര്യങ്ങളിൽ നേരിട്ട് ഒന്നും നടപ്പാക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന ലാഹോറിലെ രാഷ്ട്രീയ ഉദ്യോഗത്തോട് അദ്ദേഹത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. ലാഹോറിലെത്തിയ ഉടനേ, മന്ത്രിയായ ലാൽ സിങ് ആണ് അവിടത്തെ പ്രശ്നങ്ങളുടെയും കശ്മീരിലെ വിമതപ്രവർത്തനങ്ങളുടെയും കാരണക്കാരൻ എന്ന് ജോണിന് പിടികിട്ടി. എല്ലാം വാഗ്ദാനം ചെയ്യുകയും ഒന്നും നടപ്പിലാക്കാത്തതുമായ ഒരു സൂത്രശാലിയായിരുന്നു ലാൽ സിങ് എന്നായിരുന്നു ജോണിന്റെ അഭിപ്രായം. ലാൽ സിങ്ങാകട്ടെ, സർദാർമാരെ റെസിഡന്റുമായി സന്ധിക്കുന്നതിൽനിന്ന് വിലക്കുകയും ജോണിന് ചുറ്റും ചാരന്മാരെ നിയോഗിക്കുകയും ചെയ്തു. പഞ്ചാബിലെ സാമ്പത്തിക കാര്യങ്ങളുടെ കൈകാര്യത്തിലും ലാൽ സിങ്ങിന്റെ ഇടപെടൽ മൂലം ജോണിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. നവംബറായപ്പോഴേക്കും ജോണിന് ലാഹോറിൽ തുടരുന്നത് അസഹ്യമായി. ജലന്ധർ ദൊവാബിലേക്ക് തിരിച്ചുപോകാൻ തന്റെ സഹോദരന്റെ ലാഹോറിലേക്കുള്ള തിരിച്ചുവരവ് കാത്തിരുന്നു. ദർബാറിൽ അഴിമതിയും നഗരത്തിൽ ലൈംഗിക അരാജകത്വവും മാത്രമേ ജോൺ കണ്ടുള്ളൂ. ലാഹോറികളുടെ ദുർനടപ്പിനെ അദ്ദേഹം വിമർശിച്ചു. നഗരത്തിലെ വേശ്യകളുടെ എണ്ണം അദ്ദേഹത്തെ ഞെട്ടിച്ചു. കൊട്ടാരം മുതൽ കുടിൽ വരെയുള്ള പഞ്ചാബിലെ പെണ്ണുങ്ങൾ അപകീർത്തികാരികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു. നവംബറിൽ ജലന്ധർ ദൊവാബിലേക്ക് മാറാനായത് അദ്ദേഹത്തിന് ആശ്വാസമായി. കശ്മീരിലെ വിമതപ്രവർത്തനത്തിന്റെ പേരിൽ ലാൽ സിങ്ങിനെ വിചാരണ ചെയ്യാൻ 1846 ഡിസംബറിൽ രൂപീകരിച്ച അന്വേഷണക്കോടതിയിലും ഹെൻറിക്കും ഫ്രെഡറിക് ക്യൂറിക്കുമൊപ്പം ജോണും അംഗമായിരുന്നു.
ലാഹോർ കരാർ പ്രകാരം 1846 അവസാനം പഞ്ചാബിൽ നിന്ന് ബ്രിട്ടീഷ് സൈന്യം പിൻമാറിയാൽ അത് അവിടെ അരാജകത്വത്തിന് വഴിവക്കുമെന്നും. റാണിയും ലാൽ സിങ്ങും ഒരു മാസം പോലും സ്ഥാനത്തുണ്ടാവില്ലെന്നും, നിലവിൽ ഭരണത്തിന്റെ ഉന്നതങ്ങളിലുള്ള മറ്റു പ്രമുഖരൊന്നും ഭരണം നടത്താൻ പ്രാപ്തരല്ലെന്നും ലാഹോറിൽ റെസിഡന്റായിരിക്കുമ്പോൾ ജോൺ, ഗവർണൽ ജനറൽ ഹാർഡിഞ്ചിനെഴുതിയിരുന്നു. ബ്രിട്ടീഷ് സൈന്യം പിൻമാറുന്നപക്ഷം ജിന്ദനും ലാൽ സിങും കൊല്ലപ്പെടാനും ശേഷം ദലീപ് സിങ്ങിന്റെ രക്ഷാകർത്തത്വമവകാശപ്പെട്ടുള്ള തർക്കങ്ങൾക്കുമുള്ള സാധ്യതയും ജോൺ പങ്കുവച്ചു. ദലീപ് സിങ്ങിന്റെ സംരക്ഷണം ബ്രിട്ടീഷുകാർ ഏറ്റെടുത്ത് ദലീപ് പ്രായപൂർത്തിയാകുന്നതുവരെ ഭരണം ബ്രിട്ടീഷുകാർ നടത്തണമെന്നും ജോൺ ശുപാർശ ചെയ്തു. ജനങ്ങളും ബ്രിട്ടീഷ് ഭരണത്തെ സ്വാഗതം ചെയ്യുമെന്നായിരുന്നു ജോണിന്റെ കണക്കുകൂട്ടൽ.[9] ഈ ശുപാർശകളാണ് ഭൈരോവൽ കരാറിലേക്ക് നയിച്ചത്. ഈ കരാറിലൂടെ ബ്രിട്ടീഷ് റെസിഡന്റിന് പഞ്ചാബിൽ സമ്പൂർണ്ണഭരണാവകാശം സിദ്ധിച്ചു.
റെസിഡന്റ് പദവിയിൽ - സമ്പൂർണ്ണനിയന്ത്രണത്തിന്റെ കാലഘട്ടം
തിരുത്തുക1847 ഓഗസ്റ്റിൽ റെസിഡന്റായിരുന്ന ജ്യേഷ്ഠൻ ഹെൻറി രോഗബാധിതനായി നാട്ടിലേക്ക് മടങ്ങിയപ്പോൾ ജോൺ റെസിഡന്റായി വീണ്ടും നിയമിക്കപ്പെട്ടു. ഭൈരോവൽ കരാറിലൂടെ റെസിഡന്റിന് സിദ്ധിച്ച ഭരണാവകാശങ്ങൾ ഉപയോഗപ്പെടുത്തി പഞ്ചാബ് ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ജോൺ ശ്രമിച്ചു. കരം പിരിവിലും സാമ്പത്തികകാര്യങ്ങളിലും പരിഷ്കാരങ്ങൾ വരുത്തി. രാജാവ് ദലീപ് സിങ്ങിന്റെ വിദ്യാഭ്യാസകാര്യങ്ങളും ജോൺ ക്രമപ്പെടുത്തി. ദിവസേന ദർബാറിൽ സംബന്ധിക്കാനും ദിനംപ്രതി എഴുത്തും വായനയും ചരിത്രവും ഒന്നൊന്നര മണിക്കൂർ പഠിക്കലും വ്യായാമം ചെയ്യലും ശീലമാക്കിച്ചു. ദലീപ് ഇതിനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.
പഞ്ചാബിലെ സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണത്തിനായുള്ള ജോണിന്റെ നിർദ്ദേശങ്ങൾ ഗവർണർ ജനറലായ ഹാർഡിഞ്ച് അംഗീകരിച്ചെങ്കിലും ജ്യേഷ്ഠൻ ഹെൻറിക്ക് പൂർണ്ണസമ്മതമായിരുന്നില്ല. ഹെൻറിയുടെ നാട്ടിലേക്കുള്ള മടക്കത്തിനുശേഷം, തദ്ദേശീയ സർക്കാരിനെപ്പറ്റിയുള്ള തന്റെ എതിരഭിപ്രായങ്ങൾ, ജോൺ കൂടുതൽ തുറന്ന് പ്രകടിപ്പിക്കാനാരംഭിച്ചു. ഹെൻറിയെപ്പോലെ പ്രവിശ്യാസർക്കാറിന്റെ ചാഞ്ചാട്ടങ്ങളുമായി ജോണിന് ഒത്തുപോകാൻ സാധിക്കുമായിരുന്നില്ല. മർക്കടമുഷ്ടിക്കാരും കാര്യപ്രാപ്തിയില്ലാത്തവരും ആത്മാർത്ഥതയില്ലാത്തവരുമായ ഒരു കൂട്ടം മന്ത്രിമാരം നികുതിപിരിവുകാരുമാണ് ലാഹോർ സർക്കാർ എന്നായിരുന്നു ജോണിന്റെ അഭിപ്രായം. ഹെൻറിയുടെ അഭാവത്തിൽ ജോണിന്റെ നിർദ്ദേശങ്ങൾ സർക്കാർ പെട്ടെന്ന് അംഗീകരിക്കുകയും പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കാനും, ജോണിന് പ്രവിശ്യയുടെ കാര്യങ്ങളിൽ പൂർണ്ണമായും ഇടപെടാനും സാധിച്ചു. 1848-ന്റെ തുടക്കത്തോടെ കരംപിരിവ് കാര്യക്ഷമമാകാൻ തുടങ്ങി.
പഞ്ചാബിലെ സിവിൽ ക്രിമിനൽ കോടതികൾക്കായുള്ള നിയമസംഹിതകളും ജോൺ തയ്യാറാക്കി നടപ്പിൽ വരുത്തി. നിയമങ്ങൾ നിർമ്മിച്ചെങ്കിലും അവ നടപ്പിലാക്കുന്നതിന് പര്യാപ്തരായ ഉദ്യോഗസ്ഥർ പഞ്ചാബിലുണ്ടായിരുന്നില്ല. റെസിഡന്റിന്റെ സഹായികൾക്കുപോലും നിയമങ്ങൾ ആദ്യം പഠിച്ചതിനുശേഷം മറ്റുള്ളവരെ പഠിപ്പിക്കേണ്ട അവസ്ഥയായിരുന്നു.
ഇക്കാലത്ത് മുൻ മന്ത്രിയായിരുന്ന ലാൽ സിങ്ങിന്റെ ഖജനാവിൽനിന്ന് 23 ലക്ഷം രൂപയും മറ്റു വിലപിടിച്ച വസ്തുക്കളും ലഭിച്ചത് ഒരു അപ്രതീക്ഷിതനേട്ടമായിരുന്നു. രഞ്ജിത് സിങ്ങിന്റെ പ്രിയപ്പെട്ട കുതിരയുടെ തലയിലണിഞ്ഞിരുന്ന ഏതാണ്ട് പതിനായിരം പൗണ്ടോളം വിലമതിപ്പുള്ള രത്നമടങ്ങിയ ആഭരണം ഇക്കൂട്ടത്തിലുള്ളതായിരുന്നു. ഈ ശേഖരത്തിലെ വെള്ളിനാണയങ്ങളിൽ ഏറിയപങ്കും, സൈനികർക്കുള്ള ശമ്പളക്കുടിശ്ശികയിനത്തിൽ നൽകി. 10 ലക്ഷം ദർബാറിന് നൽകി, ബ്രിട്ടീഷ് സർക്കാറിനുള്ള അതിന്റെ കടം അത്രകണ്ട് കുറച്ചു.
പഞ്ചാബിലെ നികുതിവരുമാനം 94 ലക്ഷത്തോളമാണെന്ന് ജോൺ കണക്കാക്കി, എങ്കിലും ചെലവ് ഇതിലധികമായിരുന്നു. ചെലവിൽ കാര്യമായ വെട്ടിക്കുറക്കലുകൾ നടത്തിയെങ്കിലും വീണ്ടും പലതും വെട്ടിക്കുറക്കാനുണ്ടായിരുന്നു. ഭരണത്തിലെ സ്വാധീനശക്തികളായ തദ്ദേശീയപ്രഭുക്കന്മാരെ നിരാശപ്പെടുത്താതെ ഇത് ചെയ്യുക എന്നതായിരുന്നു ബുദ്ധിമുട്ട്. ചെലവുചുരുക്കലിന്റെ പ്രധാനഘടകമായിരുന്നത് ദർബാറിൽ നടന്നുവന്നിരുന്ന അനുഷ്ഠാനങ്ങളായിരുന്നു. ദർബാറിലെ അംഗങ്ങളുടെയും ജോലിക്കാരുടെയും മക്കളുടെ വിവാഹത്തിന് സമ്മാനങ്ങൾ വാങ്ങലും കൊടുക്കലും, റെസിഡന്റുമാരുടെയും സഹപ്രവർത്തകരുടെയും മാറ്റസമയത്ത് പണം സമ്മാനിക്കൽ, ഉന്നതർക്ക് സ്ഥാനമാനങ്ങൾ പ്രദേശങ്ങളുടെ ഭരണാവകാശം തുടങ്ങിയവ നൽകുക തുടങ്ങിയ ചടങ്ങുകൾക്ക് ലക്ഷക്കണക്കിന് രൂപ ലാഹോർ ഖജനാവിൽ നിന്ന് ചെലവാക്കുന്നുണ്ടായിരുന്നു. ഇവയെല്ലാം നിർത്തലാക്കാനുള്ള നടപടികൾ ജോൺ കൈക്കൊണ്ടു.
1848 മാർച്ച് മാസം തുടക്കത്തിൽ ലാഹോറിലെ റെസിഡന്റ് സ്ഥാനം ഫ്രെഡറിക് ക്യൂറിക്ക് കൈമാറി, ജോൺ ജലന്ധർ ദൊവാബിന്റെ ഭരണത്തിലേക്ക് തിരിച്ചുപോയി. ജോണിൽ നിന്ന്, റെസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ പഞ്ചാബിലെ ഭരണം അടിമുടി മാറിയതായും മിതമായ ഇടപെടൽ എന്ന പരമ്പരാഗതനയത്തിൽ ബഹൂദൂരം മുന്നോട്ടുപോയി, പരോക്ഷഭരണത്തിൽ സാധ്യമായ ഭരണനിയന്ത്രണത്തിന്റെ അങ്ങേയറ്റമായിരുന്നു ജോൺ നടപ്പാക്കിയത് എന്ന് ക്യൂറി വിലയിരുത്തി. ഭരണത്തിന്റെ എല്ലാ മേഖലകളിലും റെസിഡെന്റിന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും സ്വാധീനം നേരിട്ടെത്തിച്ചേർന്നിരുന്നു. പുതിയ ഗവർണർ ജനറലായെത്തിയ ഡൽഹൗസി പ്രഭുവിനും ജോണിന്റെ രീതികളോടായിരുന്നു ആഭിമുഖ്യം. ജോണിന്റെ രീതികളെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്റർ സമിതിയും അംഗീകരിച്ചു. പഞ്ചാബിലെ ബ്രിട്ടീഷ് നിയന്ത്രണം എത്ര അധികമായാലും അത്രയും ഗുണകരമായിരിക്കുമെന്ന് അവർ വിലയിരുത്തി.[10] എന്നാൽ ഈ നടപടികൾ ബ്രിട്ടീഷുകാരും സിഖുകാരും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിതെളിക്കുകയും 1848-49 കാലയളവിൽ നടന്ന രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിലൂടെ പഞ്ചാബ്, ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൽകീഴിലാകുകയും ചെയ്തു.
രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത്
തിരുത്തുകജോൺ ഒരു സിവിൽ ഉദ്യോഗസ്ഥൻ മാത്രമായാണ് പരിശീലനം നേടിയിരുന്നതെങ്കിലും രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് സൈന്യത്തെ നയിക്കുകയും പോരാട്ടങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. യുദ്ധം നടക്കുന്ന കാലത്ത്, അദ്ദേഹം, ലാഹോറിൽ റെസിഡന്റ് സ്ഥാനത്തുനിന്ന് വിടുതൽ നേടി, ട്രാൻസ്-സത്ലുജ് മേഖലയുടെ ഭരണകാര്യങ്ങൾക്കായി ജലന്ധറിലായിരുന്നു.
1848 സെപ്റ്റംബറിൽ സിഖ് കലാപം അതിന്റെ മൂർദ്ധന്യാവസ്ഥയിലിരിക്കുമ്പോൾ, ലാഹോറിൽ നിന്നുള്ള വിമതർ കിഴക്കോട്ടും, വടക്ക് ജമ്മു മേഖലയിലേക്കും കടക്കുന്നുണ്ടെന്നും ട്രാൻസ്-സത്ലുജിലെ കുന്നിൻപ്രദേശങ്ങളെല്ലാം അവരുടെ ഭീഷണിയിലാണെന്നും ജോണിനു വിവരംകിട്ടി. മേജർ ഫെറിസ്, മേജർ ഹോഡ്ജ്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സൈനികഘടകങ്ങളെ ജോൺ രംഗത്തിറക്കുകയും ഫെറിസിന്റെ നേതൃത്വത്തിലുള്ള സേനയോടൊന്നിച്ച് നൂർപൂർ, കാങ്ഡ എന്നിവിടങ്ങളിൽ അദ്ദേഹം സ്വയം യുദ്ധക്കളത്തിലിറങ്ങുകയും ചെയ്തു. പഠാൻകോട്ട്, മുകേരിയ, അംബോട്ട തുടങ്ങിയ ഇടങ്ങളിലേക്കും അദ്ദേഹം സൈന്യത്തോടൊപ്പം നീങ്ങി. മുതിർന്ന സൈനികോദ്യോഗസ്ഥർ പഠാൻകോട്ടിലും മറ്റും കലാപം നിയന്ത്രിക്കുന്ന സമയത്ത് ജോണും ഒരു സഹായിയും ഒരു സേനയെ നയിച്ച്, മലമ്പ്രദേശങ്ങളിലെ കലാപകാരികളെ പിടികൂടുകയോ തുരത്തുകയോ ചെയ്തു. ഡിസംബറോടെ മേഖല മുഴുൻ നിയന്ത്രണത്തിലാക്കി.
ജലന്ധറിലെ ജില്ലാ ഓഫീസറും ജോണിന്റെ കീഴുദ്യോഗസ്ഥനുമായിരുന്ന റോബർട്ട് കസ്റ്റ്, ജോണിന്റെ മലമ്പ്രദേശങ്ങളിലെ സൈനികനടപടികളെക്കുറിച്ച് പ്രകീർത്തിച്ചിട്ടുണ്ട്. സൈനികനടപടികൾക്ക് പുറപ്പെടുമ്പോൾ ജോൺ ഗ്രാമമുഖ്യൻമാർക്കായി നൽകിയ സന്ദേശം ശ്രദ്ധേയമാണ്. പിൽക്കാലത്ത് പഞ്ചാബിലെ ഒരു ഇതിഹാസകഥാപാത്രമായി ജോൺ മാറിയതിലും ഈ സന്ദേശത്തിന് പങ്കുണ്ട്.
“ | കഴിഞ്ഞ മൂന്നു വർഷം ഞാനിവിടം പേന മാത്രമുപയോഗിച്ച് ഭരിച്ചു. ആവശ്യമെങ്കിൽ ഞാൻ വാളുപയോഗിച്ചും ഭരിക്കും | ” |
ജോണുമായി ചർച്ച നടത്തുന്നതിന് എത്തുന്ന ഗ്രാമത്തലവൻമാർക്കു മുമ്പിൽ ഒരു വാളും പേനയും വക്കുമായിരുന്നു എന്നും അവർ എല്ലായ്പ്പോഴും പേന തിരഞ്ഞെടുക്കുമായിരുന്നു എന്നും കസ്റ്റ് കൂട്ടിച്ചേർക്കുന്നു. 1887-ൽ വിക്റ്റോറിയ രാജ്ഞിയുടെ ജൂബിലി സ്മരണയുടെ ഭാഗമായി എഡ്ഗാർ ബോയെം നിർമ്മിച്ച ജോണിന്റെ ഒരു പ്രതിമ ലാഹോറിൽ സ്ഥാപിച്ചിരുന്നു. ഈ പ്രതിമക്കുമുന്നിൽ മേൽപ്പറഞ്ഞ സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനായി "നിങ്ങൾ എന്തുകൊണ്ട് ഭരിക്കപ്പെടണം - പേനയോ വാളോ?" ("By which will ye be governered - the pen or the sword?") എന്ന വാചകം കൊത്തിവച്ചിരുന്നു. ലാഹോർ ഹൈക്കോടതിക്കു മുമ്പിൽ സ്ഥാപിച്ചിരുന്ന ഈ പ്രതിമയിലെ വാചകങ്ങൾ 1920-ൽ ഇന്ത്യൻ ദേശീയവാദികൾക്ക് നിന്ദ്യമായിത്തോന്നുകയും തുടർന്ന് അത് "ഞാൻ നിങ്ങളെ പേനകൊണ്ടും വാളുകൊണ്ടും സേവിച്ചു" ("I served you with pen and sword") എന്നാക്കി മാറ്റിയെഴുതി.[11] പാകിസ്താന്റെ സ്വാതന്ത്ര്യത്തിനുശേഷം 1951-ൽ ഈ പ്രതിമ ലാഹോറിൽ നിന്നും നീക്കം ചെയ്തു.[12]
പഞ്ചാബ് ഭരണബോർഡിൽ
തിരുത്തുകരണ്ടാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം 1849-ൽ പഞ്ചാബ്, ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ടു. ഗവർണർ ജനറൽ ഡൽഹൗസിയുടെ തീരുമാനപ്രകാരം പഞ്ചാബിലെ ഭരണത്തിന് ചുമതലപ്പെടുത്തിയ മൂന്നംഗ ഭരണബോർഡിൽ ജോണും അംഗമായിരുന്നു. ജ്യേഷ്ഠനും ലാഹോർ റെസിഡന്റുമായിരുന്ന ഹെൻറി ലോറൻസ് അദ്ധ്യക്ഷനായിരുന്ന ഈ ബോർഡിൽ സി.ജി. മാൻസെൽ ആയിരുന്നു മൂന്നാമത്തെയംഗം.[13]
റോബർട്ട് ബേഡ്, ജെയിംസ് തോമാസൺ എന്നിവരുടെയും പിൽക്കാലത്ത് ജോണിന്റെയും നേതൃത്വത്തിൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ സമീപകാലത്ത് നടപ്പിലാക്കിയ പരിഷ്കാരനടപടികളും അതിർത്തി നിർണ്ണയിക്കലും കരംപിരിവ് സമ്പ്രദായവും പഞ്ചാബിലേക്ക് വ്യാപിപ്പിക്കുക എന്നതായിരുന്നു ഡൽഹൗസിയുടെ ലക്ഷ്യം. ഇതിന്റെ ചുമതല ജോണിനെയായിരുന്നു ഡൽഹൗസി ഏൽപ്പിച്ചത്. തദ്ദേശീയമാമൂലുകളെ പരിഗണിക്കാതെയുള്ള ജോണിന്റെ ഭരണനിർവഹണനടപടികളിൽ ജ്യേഷ്ഠൻ ഹെൻറിക്ക് വിയോജിപ്പുണ്ടായിരുന്നു. അതുകൊണ്ട് ഹെൻറി നേതൃസ്ഥാനത്തിരിക്കുന്ന ഒരു ഭരണസംവിധാനത്തിൽ ജോണിന് തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഡൽഹൗസി കരുതിയിരുന്നു. ഇക്കാരണത്താൽ ഹെൻറിയെ ബോർഡിന്റെ അദ്ധ്യക്ഷസ്ഥാനത്ത് നിയമിച്ചെങ്കിലും ബോർഡിലെ മൂന്നംഗങ്ങൾക്കും തുല്യാധികാരം നൽകി. എല്ലാ തീരുമാനങ്ങൾക്കും രണ്ടംഗങ്ങളുടെയെങ്കിലും അംഗീകാരം ആവശ്യമായിരുന്നു. ഹെൻറിയുടെ വിവേചനാധികാരം കുറച്ച്, തീരുമാനങ്ങളിൽ ജോണിന് മേൽക്കൈ നൽകാനുള്ള ഡൽഹൗസിയുടെ തന്ത്രമായിരുന്നു ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ഡൽഹൗസിയുടെ പിന്തുണയിൽ പഞ്ചാബിൽ നിരവധി പരിഷ്കാരങ്ങൾ ജോൺ നടപ്പിലാക്കി. ഭൂമിസംബന്ധമായ തർക്കങ്ങൾ കോടതിയിലേക്കു വിടാതെ സെറ്റിൽമെന്റ് ഓഫീസിൽത്തന്നെ പരിഹരിക്കാൻ സംവിധാനമൊരുക്കി. സെറ്റിൽമെന്റ് ഓഫീസിന്റെ അനുമതിയില്ലാതെ ഇത്തരം തർക്കങ്ങൾ സിവിൽകോടതികൾ പരിഗണിച്ചുകൂടാ എന്നും ഭരണബോർഡ് ഉത്തരവിറക്കി. ഭരണനടപടികൾ പരിഷ്കരിച്ച് കാര്യക്ഷമമാക്കി. ബോർഡിലേക്ക് സമർപ്പിക്കുന്ന എല്ലാ ഭരണപരമായ ശുപാർശകളും പൂർണവിവരങ്ങളടങ്ങിയതായിരിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടു. താഴേത്തട്ടിൽനിന്നുള്ള എല്ലാ ശുപാർശകളും പരിശോധനകൾക്കു ശേഷം മാത്രം അനുവദിച്ചു. ജില്ലകളിലെ റെവന്യൂ വരവുചെലവുകൾ വ്യവഹാരങ്ങളുടെ സ്ഥിതി തുടങ്ങിയവയെല്ലാം ബോർഡിന് സമർപ്പിക്കണമായിരുന്നു. പഞ്ചാബിലെ എല്ലാ പൊതുഭരണ ഉദ്യോഗസ്ഥൻമാർക്കും ജുഡീഷ്യൽ, സാമ്പത്തിക, മജിസ്റ്റീരിയൽ അധികാരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് പോകുമായിരുന്നില്ല. പെട്ടെന്നു തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഇതുവഴി സാധിക്കുമായിരുന്നു. അധികാരം മുകളിൽ നിന്ന് താഴേക്ക് കണ്ണിപൊട്ടാതെ പ്രവഹിച്ചു. കേന്ദ്രീകൃതാധിപത്യത്തിന്രെ പ്രഭാവം എല്ലാ മുക്കിലും മൂലയിലുമുള്ള ഓരോ ഉദ്യോഗസ്ഥനിലും എത്തിച്ചേർന്നു. നിയമനടപടികൾ ലളിതവും നാടൻ രീതികൾക്കനുസരിച്ച് പരുവപ്പെടുത്തിയതുമായിരുന്നു. റെസിഡൻസി കാലഘട്ടത്തിൽ ഹെൻറി ലോറൻസും സഹായികളും നടത്തിയിരുന്ന ഫെഡറൽ ഭരണരീതിക്ക് കടകവിരുദ്ധമായ രീതിയായിരുന്നു ഡൽഹൗസിയുടെ പിന്തുണയിൽ ജോൺ പഞ്ചാബിൽ നടപ്പാക്കിയത്. ബോർഡ് അദ്ധ്യക്ഷനായ ഹെൻറിയുടെ അഭിപ്രായങ്ങളോട് പരുഷമായി ഡൽഹൗസി എതിർത്തപ്പോൾ ജോണിന്റെ നടപടികൾക്ക് അനുഭാവത്തോടെ അദ്ദേഹം പിന്തുണനൽകി. ഹെൻറിയുടെ നിലപാടിന് വിരുദ്ധമായി മികച്ച സേവനത്തിന് ജഗീറുകൾ പ്രതിഫലമായി നൽകുന്ന പരമ്പരാഗതരീതിയോട് ജോണിന് താൽപര്യമുണ്ടായിരുന്നില്ല. ഡൽഹൗസിയും ജോണിന്റെ ഈ നിലപാടിനെ പിന്തുണച്ചു. 1849-ൽ പഞ്ചാബിൽ ബ്രിട്ടീഷ് നാണയം പുറത്തിറക്കാനുള്ള നടപടിയും ജോൺ കൈക്കൊണ്ടു.[11]
ജ്യേഷ്ഠനുമായുള്ള തർക്കങ്ങൾ
തിരുത്തുകബോർഡിലെ ഒരുമിച്ചുള്ള പ്രവർത്തനകാലഘട്ടം ഇരു ലോറൻസ് സഹോദരന്മാരും തമ്മിലുള്ള തർക്കങ്ങളുടെ കാലമായിരുന്നു. എഴുത്തുകുത്തുകളിൽ ഹെൻറി വരുത്തുന്ന കാലതാമസം, പഞ്ചാബി പ്രഭുക്കൻമാരുടെ നേരെയുള്ള ഇരുവരുടെയും മനോഭാവത്തിലുള്ള വ്യത്യാസം, എല്ലാ മേഖലയിലും ഒരുപോലെ നിയന്ത്രണം നടപ്പാക്കാനുള്ള ജോണിന്റെ ആഗ്രഹം തുടങ്ങിയവയായിരുന്നു തർക്കവിഷയങ്ങൾ. ജനനേതാക്കളെ രാഷ്ട്രീയനിയന്ത്രണത്തിൽ നിർത്തിക്കൊണ്ട് താഴേത്തട്ടിൽ ഏറ്റവും മിതമായ ഇടപെടൽ ആയിരുന്നു ഹെൻറിയുടെ വീക്ഷണം. തർക്കങ്ങൾ മൂലം ഒരുമിച്ചുള്ള ഭരണം മടുത്തുവെന്ന് 1852 ഡിസംബറിൽ ജോൺ എഴുതിയിട്ടുണ്ട്. ഈ സമയത്ത് ഹെൻറിയും ഏതാണ്ട് ഇതേ അവസ്ഥയിലെത്തിയിരുന്നു.
ബാക്കി ബോർഡംഗങ്ങളുടെ, പ്രത്യേകിച്ച് ഹെൻറിയുടെ, വീഴ്ചകൾക്കും പ്രവർത്തനത്തിലെ താമസത്തിനും താൻ ഇരയാവുകയാണെന്നായിരുന്നു ജോണിന്റെ നിലപാട്. അതുകൊണ്ട് ബോർഡ് അംഗങ്ങളുടെ പ്രവർത്തനമേഖലകൾ വിഭജിക്കാൻ ജോൺ ഹെൻറിയോടാവശ്യപ്പെട്ടെങ്കിലും ഹെൻറിക്കിതിൽ താൽപര്യമുണ്ടായിരുന്നില്ല. ഡൽഹൗസി ഇതിന് തൽപരനായിരിക്കില്ലെന്നാണ് ഹെൻറി കരുതിയത്. യുദ്ധകാലത്ത് വിമതപ്രവർത്തനം നടത്താതിരുന്ന തേജ് സിങ്, ഷേഖ് ഇമാമുദ്ദീൻ തുടങ്ങിയ സിഖ് പ്രമുഖർക്ക് സഹായങ്ങൾ നൽകണമെന്ന ഹെൻറിയുടെ അഭിപ്രായത്തിലും ജോൺ എതിരഭിപ്രായം പ്രകടിപ്പിച്ചു.
ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം 1852 ഓയപ്പോഴേക്കും വളരെ മൂർച്ഛിച്ചു. പരസ്പരം, നേരിട്ടുള്ള ആശയവിനിമയം പോലും അവസാനിച്ചു. ഇതിനിടയിൽ മാൻസെലിനു പകരം മൂന്നാം ബോർഡംഗമായി ചുമതലയേറ്റ സഹപാഠിയായിരുന്ന റോബർട്ട് മോണ്ട്ഗോമറിയായിരുന്നു ഇരുവരുടെയും ഇടനിലക്കാരനായി വർത്തിച്ചിരുന്നത്. ബോർഡംഗങ്ങളുടെ ചുമതലകൾ വിഭജിക്കുന്നതിന് ഹെൻറിയും ജോണും വിവിധ നിർദ്ദേശങ്ങൾ വച്ചെങ്കിലും അതൊന്നും ഡൽഹൗസിക്ക് സ്വീകാര്യമായില്ല. ഇരുവരും വഴക്കിലാണെങ്കിൽക്കൂടിയും പഞ്ചാബ് ഭരണം വളരെ നല്ലരീതിയിലായിരുന്നു മുന്നോട്ടുപോകുന്നത് എന്നായിരുന്നു ഡൽഹൌസിയുടെ വിലയിരുത്തൽ. ജ്യേഷ്ഠനുമായുള്ള തർക്കങ്ങൾ മൂലം പഞ്ചാബിൽ നിന്ന് തന്നെ മാറ്റി നിയമിക്കണമെന്ന് 1851-ൽത്തന്നെ ജോൺ ഡൽഹൗസിക്കെഴുതിയിരുന്നു. എന്നാൽ ഹെൻറിയെ ബോർഡിൽ നിന്നും മാറ്റി, ജോണിന് മുഴുവൻ അധികാരങ്ങളും നൽകണം എന്ന നിലപാടായിരുന്നു ഡൽഹൗസിക്കുണ്ടായിരുന്നത്. 1852 അവസാനമായപ്പോഴേക്കും ഇരുവരും സ്ഥാനമൊഴിയാൻ തയ്യാറായി. 1852 ഡിസംബറിൽ ഇക്കാര്യം വിശദീകരിച്ച് ജോൺ ഒരു നീണ്ട എഴുത്ത് ഗവർണർ ജനറലിന്റെ വിദേശകാര്യസെക്രട്ടറിയായ ഫ്രെഡറിക് കോർട്ട്നേക്ക് അയച്ചു. സഹോദരനുമായുള്ള വഴക്കിനെക്കുറിച്ചും, ഹൈദരബാദിൽ ഉടൻ ഒഴിവുവന്നേക്കാവുന്ന പൊളിറ്റിക്കൽ ഏജന്റിന്റെ തസ്തികയിലേക്ക് തന്നെ മാറ്റിനിയമിക്കണമെന്നും ഇതിൽ അഭ്യർത്ഥിച്ചിരുന്നു. ഹെൻറിയും ഹൈദരാബാദിലേക്ക് മാറാൻ തയ്യാറായിരുന്നു. തുടർന്ന് ഡൽഹൌസിയുടെ താൽപര്യപ്രകാരം ഒരാളെ പഞ്ചാബിൽ നിലനിർത്താനും മറ്റെയാളെ ഹൈദരാബാദിലേക്ക് മാറ്റാനും ജോൺ ഡൽഹൌസിക്കെഴുതി. ഇതിൻപ്രകാരം ജോൺ പഞ്ചാബിലെ ചീഫ് കമ്മീഷണറായി നിയമിക്കപ്പെട്ടു. ഹെൻറിയെ ഹൈദരാബാദിനു പകരം രജപുത്താനയിലെ പൊളിറ്റിക്കൽ ഏജന്റായി നിയമിക്കുകയും ചെയ്തു. 1853 ഫെബ്രുവരി 7-ന് ബോർഡ് അദ്ധ്യക്ഷനായിരുന്ന ഹെൻറി പഞ്ചാബിന്റെ അതിർത്തി കടന്ന ദിവസം ബോർഡിന് അന്ത്യമായി.[14]
പിന്നീട് ഹെൻറിയുടെ അവസാനകാലഘട്ടങ്ങളിലാണ് ജോണും ഹെൻറിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്. 1857 തുടക്കത്തിൽ ഹെൻറിയെ പേർഷ്യയിലേക്കുള്ള ഒരു സൈനികാക്രമണത്തിന്റെ തലവനായി നിയമിക്കാൻ ജോൺ അന്നത്തെ ഗവർണർ ജനറലായിരുന്ന കാനിങ് പ്രഭുവിനോട് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. 1857 ഫെബ്രുവരിയിൽ അവധിലെ ചീഫ് കമ്മീഷണർ സ്ഥാനം ഏറ്റെടുക്കുന്നതുസംബന്ധിച്ച അഭിപ്രായമാരാഞ്ഞും ഹെൻറി ജോണിന് കത്തയച്ചിരുന്നു. എഴുത്തുകുത്തുകളിൽ ഹെൻറി വരുത്തുന്ന കാലതാമസവും കുടിശ്ശികയും ഒഴിവാക്കുക എന്നതു തന്നെയായിരുന്നു, ജോണിന് ജ്യേഷ്ഠന് നൽകാനുണ്ടായ ഉപദേശം.
1857 ഓഗസ്റ്റ് 6-നാണ് ലഹളയെത്തുടർന്ന് ഹെൻറി മരിച്ചതായുള്ള അറിയിപ്പ് ജോണിന് ലഭിച്ചത്. ഹെൻറിയുടെ കഴിവുകളിൽ അമിതമായി വിശ്വസിച്ചിരുന്ന ജോണിന് ഈ വാർത്ത തീർത്തും അപ്രതീക്ഷിതമായിരുന്നു. ഹെൻറി ആരംഭിച്ച ലോറൻസ് അസൈലങ്ങളുടെ ഉലഞ്ഞ സാമ്പത്തികനിലയെക്കുറിച്ചും അത് സർക്കാർ ഏറ്റെടുത്ത് ഒരു പൊതുസ്ഥാപനമാക്കി മാറ്റണമെന്നും ജോൺ തുർന്ന് കാനിങ്ങിനോട് അഭ്യർത്ഥിച്ചു. പൊതുസേവനത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്ത തന്റെ സഹോദരന് സ്മാരകമായി സമ്മാനിക്കാവുന്ന ഏറ്റവും വലിയ കാര്യം ഇതായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനെത്തുടർന്ന് സർക്കാർ ഈ അസൈലങ്ങൾ ഏറ്റെടുത്തു.[15]
പഞ്ചാബിന്റെ ചീഫ് കമ്മീഷണർ
തിരുത്തുക1753 ഫെബ്രുവരിയിൽ ജോൺ പഞ്ചാബിന്റെ ചീഫ് കമ്മീഷണറായി. ഡൽഹൗസിയുടെ കീഴിൽ പഞ്ചാബ് ഭരണത്തിന്റെ പൂർണാധികാരവും ജോണിന് ലഭിച്ചു. ഫിനാൻഷ്യൽ കമ്മീഷണർ, ജ്യുഡീഷ്യൽ കമ്മീഷണർ എന്നിങ്ങനെ രണ്ട് സഹായികളും ജോണിനു കീഴിലുണ്ടായിരുന്നു.[16] ബോർഡംഗമായിരുന്ന റോബർട്ട് മോണ്ട്ഗോമറി തന്നെയായിരുന്നു ജ്യുഡീഷ്യൽ കമ്മീഷണർ.[17] ജോർജ് ഫ്രെഡറിക് എഡ്മണ്ട്സ്റ്റോൺ ആയിരുന്നു ഫിനാൻഷ്യൽ കമ്മീഷണർ.[18] പിൽക്കാലത്ത് ഡൊണാൾഡ് മക്ലോഡും ജോണിനു കീഴിൽ ഫിനാൻഷ്യൽ കമ്മീഷണറായിരുന്നു.
ബോർഡിലെ അഭിപ്രായവ്യത്യാസങ്ങൾ മൂലം മുടങ്ങിക്കടന്ന പണികൾ പൂർത്തിയാക്കുക എന്നതായിരുന്നു ജോണിന്റെ ആദ്യത്തെ ചുമതല. ബോർഡിലെ പ്രവർത്തനകാലത്തുതന്നെ, ഡൽഹൌസിയുടെ പിന്തുണയോടെ മികച്ച സിവിൽ ഉദ്യോഗസ്ഥരെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുകയെന്നത് ജോണിന്റെ നടപടികളിലൊന്നായിരുന്നു. ചീഫ് കമ്മീഷണറായപ്പോഴും ജോൺ ഈ രീതി തുടർന്നു. പുതിയ ചുമതലയിൽ അദ്ദേഹത്തിന് സിവിലിയൻ ഉദ്യോഗസ്ഥരെ മാത്രമല്ല, ഹെൻറിയുടെ കാലത്ത് പഞ്ചാബിൽ നിയമിക്കപ്പെട്ട സൈനിക-ഭരണജ്ഞരെക്കൂടി തന്നെ ശൈലിയിലേക്ക് പരിശീലിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ദൌത്യം കൂടിയുണ്ടായിരുന്നു. ജോൺ ചീഫ് കമ്മീഷണറായപ്പോൾ അവരിൽച്ചിലർ സ്ഥാനമൊഴിഞ്ഞു. ബാക്കിയുള്ളവർക്ക് ജോണിനുകീഴിൽത്തുടരാൻ കഠിനപ്രയത്നം നടത്തേണ്ടിവന്നു. തന്റെ സഹായികളോടുള്ള ജോണിന്റെ എഴുത്തുകൾ വിട്ടുവീഴ്ചയില്ലാതെ കാര്യക്ഷമമായി പ്രവര്ത്തിക്കുന്നതിന് അവരെ ഉപദേശിച്ചുകൊണ്ടുള്ള വളരെ തുറന്ന മനഃസ്ഥിതിയോടെയുള്ളതായിരുന്നു. ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർത്തിയിരുന്നു. എല്ലായ്പ്പോഴും കഠിനമായ ജോലികളായിരുന്നു അവരെ അദ്ദേഹം ഏൽപ്പിച്ചുകൊണ്ടിരുന്നത്. ഹെൻറിയെ അപേക്ഷിച്ച്, ജോൺ എഴുത്തുകുത്തുകൾക്ക് വളരെ പ്രാധാന്യം നൽകിയിരുന്നു. ഈ പ്രാധാന്യം തന്റെ കീഴിലുള്ള മറ്റുള്ളവരും പാലിക്കണമെന്ന് നിഷ്കർഷയുമുണ്ടായിരുന്നു. ഒരു പ്രശ്നത്തിനെതിരെ പ്രതികരിക്കുന്നതിൽ താമസം വരുത്തുകയോ പണികൾ വച്ചുതാമസിപ്പിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ നോട്ടത്തിലെ ഏറ്റവും വലിയ കുറ്റങ്ങളായിരുന്നു. ഇതിനെ അദ്ദേഹം കണക്കറ്റ് വിമർശിച്ചിരുന്നു. എഴുത്തുകുത്തുകൾക്കായി പ്രത്യേകസമയം കണ്ടെത്താതെ അത് മറ്റു പണികൾക്കൊപ്പം തന്നെ ചെയ്തുതീർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജോണിന്റെ ഇത്തരം നിലവാരമാനദണ്ഡങ്ങൾ ഒട്ടേറ ചെറുപ്പക്കാരായ ഉദ്യേഗസ്ഥർക്ക് അസഹ്യമായിരുന്നു. അതിർത്തിപ്രദേശങ്ങളിലെ സൈനിക-ഭരണകർത്താക്കളോട് സൈനികനടപടികളിൽ അധികം ശ്രദ്ധപുലർത്താതെ സിവിലിയൻ ജോലികളിൽ കൂടുതൽ ശ്രദ്ധപുലർത്താൻ ജോൺ ആവശ്യപ്പെട്ടു. എഡ്വേഡ്സിനെയും നിക്കോൾസനെയും പോലുള്ള ഭരണപാടവമുള്ള സൈനികരെ അതിർത്തികളിൽ ആവശ്യമുണ്ടെന്ന് ജോണിന് ബോദ്ധ്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം സിവിലിയൻ ഉദ്യോഗസ്ഥരെ കൂടുതലായി നിയമനത്തിന് പരിഗണിച്ചു. തന്റെ നിലവാരത്തിനനുസരിച്ചുള്ള ഉദ്യോഗസ്ഥരുടെ പോരായ്മ എപ്പോഴും ജോണിന് അനുഭവപ്പെട്ടിരുന്നു. യോഗ്യരായ ഉദ്യോഗസ്ഥർക്കായി വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ഭരണാധികാരിയായിരുന്ന ജെയിംസ് തോമാസണും, ഡൽഹൗസിക്കും അദ്ദേഹം നിരന്തരം കത്തുകളയച്ചിരുന്നു. സിവിലിയൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ ശമ്പളം ഉറപ്പാക്കുന്നതിനും അദ്ദേഹം ശ്രമങ്ങൾ നടത്തിയിരുന്നു.
ഇക്കാലത്ത് പഞ്ചാബിൽ ജില്ലാ ഓഫീസർ ആയിരുന്ന ചാൾസ് ഐറ്റ്ചിസൺ അന്നത്തെ ഭരണനടപടികളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
“ | പഞ്ചാബിലെ ഏത് വിദൂരകോണിലും ഒരു കലാപമോ കൊലപാതകമോ, വലിയ കളവോ നടന്നാൽ ഡെപ്യൂട്ടി കമ്മീഷണറോ സഹായിയോ അവിടെ നോരിട്ടെത്തുമായിരുന്നു. കോളറ പോലുള്ള പകർച്ചവ്യാധികൾ പടർന്നാൽ അത്തരം ഗ്രാമങ്ങൾ മുഴുവൻ സന്ദർശിക്കണം. സ്ഥലവും വിളകളും നേരിട്ട് സന്ദർശിക്കാതെ നികുതിയിൽ ഒരു ഇളവും നൽകാൻ പാടില്ലായിരുന്നു. അതായത് സിവിൽ ഉദ്യോഗസ്ഥർ കാര്യങ്ങൾ സ്വന്തം കണ്ണുകൊണ്ട് കാണുകയും കാര്യങ്ങൾ സ്വയം നടത്തുകയും അന്വേഷണങ്ങൾ സ്വയം നടത്തുകയും വേണമായിരുന്നു എന്നത് അലിഖിതനിയമമായിരുന്നു. | ” |
ഹെൻറിയുടെ കാലത്ത് പ്രവിശ്യാഭരണാധികാരികൾക്കുണ്ടായിരുന്ന സ്വതന്ത്രമായ നടപടികൾക്ക് നിയന്ത്രണം വന്നു. സമാധാനപരമായ മാർഗ്ഗങ്ങൾക്ക് ഒട്ടും സാധ്യതയില്ലാത്തപ്പോൾ മാത്രം സൈനികനടപടികളിലേക്ക് തിരിയുക എന്നതായി നയം.
പഞ്ചാബിലെ പാതകളുടെയും കനാലുകളുടെയും നിർമ്മാണം പുരോഗമിക്കുന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. റോബർട്ട് നേപ്പിയറുടെ നേതൃത്വത്തിലായിരുന്നു ഈ ജോലികൾ നടന്നിരുന്നത്. ചെലവ് പരിഗണിക്കാതെ പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്ന നേപ്പിയറെ നിയന്ത്രിക്കുന്നതിനായിരുന്നു ജോൺ ഈ വിഷയത്തിൽ പാടുപെട്ടിരുന്നത്. 1853 തുടക്കത്തിൽ ഹെൻറിയുടെ മടക്കത്തിനു ശേഷം തന്നെ നേപ്പിയറോട് കൃത്യമായ ഇടവേളകളിൽ നടന്നുകൊണ്ടിരിക്കുന്ന പണികളുടെയെല്ലാം കണക്കുകൾ ബോധിപ്പിക്കാൻ ജോൺ ആവശ്യപ്പെട്ടിരുന്നു. പക്ഷേ 1855 ആയിട്ടും ഇക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.[16] നേപ്പിയറെ സ്ഥലം മാറ്റി നിയമിക്കണമെന്നുപോലും ജോൺ ഗവർണർ ജനറലിന് എഴുതിയിരുന്നു.[15] ഹെൻറിയുമായി ഉണ്ടായിരുന്ന തർക്കങ്ങളുടെ ഒരു തുടർച്ച തന്നെയാണ് ഇതെന്ന് ജോണിന് ബോധ്യമായി. കാലക്രമേണ ജോണിന് നേപ്പിയറുടെ വകുപ്പിൽ നിയന്ത്രണം കൊണ്ടുവരാനായെങ്കിലും അവർ തമ്മിലുള്ള വ്യക്തിബന്ധം മയപ്പെടുത്താനായില്ല.[16] ജോണുമായുള്ള അഭിപ്രായവ്യത്യാസം മൂലം ജോൺ നിക്കോൾസൺ പഞ്ചാബിൽ നിന്ന് കശ്മീരിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും കുറച്ചുവർഷങ്ങൾക്കുശേഷം തിരിച്ചെത്തി പെഷവാറിന്റെ ചുമതലയേറ്റു.[15]
റെവന്യൂ തന്നെയായിരുന്നു ജോണിന്റെ പ്രവർത്തനങ്ങളിലെ പ്രധാനഭാഗം. കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കർഷകരിൽനിന്ന് പണമിടപാടുകാരിലേക്കും പുറംദേശങ്ങളിലെ ജന്മിമാരിലേക്കും മാറുന്നത് അദ്ദേഹത്തെ അലട്ടി. 1854-ലെ പഞ്ചാബ് സിവിൽ നിയമം ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ആവിഷ്കരിച്ചതാണ്. അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി. ബോർഡിന്റെ കാലത്ത് നടപ്പാക്കിയ സിവിൽ നിയമങ്ങൾക്കു പകരമായിരുന്നു ഈ പുതിയ നിയമം.[16] പഞ്ചാബിലേക്ക് ടെലിഗ്രാഫ് ബന്ധം സ്ഥാപിക്കപ്പെട്ടതും ജോണിന്റെ ഈ ഭരണകാലത്താണ്.[15]
അഫ്ഗാനിസ്താനുമായുള്ള ഉടമ്പടികൾ
തിരുത്തുകപഞ്ചാബ് ചീഫ് കമ്മീഷണർ സ്ഥാനത്തിരുന്ന്, 1855-ൽ ഒരു നയതന്ത്രജ്ഞൻ എന്ന നിലയിലും ജോൺ കഴിവ് തെളിയിച്ചു. അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി.
ക്രിമിയൻ യുദ്ധത്തിൽ തുർക്കികളുടെ പക്ഷം ചേർന്ന് ബ്രിട്ടൻ, റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടത്, അഫ്ഗാനിസ്താനിലൂടെ ഇന്ത്യയിലേക്കുള്ള ഒരു റഷ്യൻ ആക്രമണത്തിന് കാരണമാകുമോ എന്ന് ആശങ്കപ്പെടുന്ന കാലയളവായിരുന്നു അത്. ഈ സാഹചര്യത്തിൽ ദോസ്ത് മുഹമ്മദുമായി ഒരു ഉടമ്പടിയിലെത്തേണ്ടത് ആവശ്യമാണെന്ന് അന്നത്തെ പെഷവാറിലെ പ്രതിനിധിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് ഉപദേശിച്ചിരുന്നു. 1841-ലെ തിരിച്ചടികളോർത്ത് ജോൺ വളരെ കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ നടപടികളെടുത്തുള്ളൂ.
ഇക്കാലത്ത് ദോസ്ത് മുഹമ്മദാകട്ടെ, ഹെറാത്തിലുണ്ടാകാവുന്ന പേർഷ്യൻ ആക്രമണത്തെ ഭയന്ന് ബ്രിട്ടീഷുകാരുമായി ഒരു സൗഹൃദ ഉടമ്പടിക്ക് ശ്രമിക്കുകയായിരുന്നു. ജോണുമായി ചർച്ച നടത്തുന്നതിന് ദോസ്ത് മുഹമ്മദ്, അദ്ദേഹത്തിന്റെ പുത്രൻ ഗുലാം ഹൈദർ ഖാനെ ചുമതലപ്പെടുത്തി. ഗുലാം ഹൈദർ, ഖൈബർ ചുരത്തിനടുത്ത് ബ്രിട്ടീഷുകാരുടെ നിയന്ത്രണപ്രദേശമായ ജാമ്രൂദിലെത്തുകയും 1855 മാർച്ചിൽ ജോൺ ഭാര്യ ഹാരിയറ്റിനൊപ്പം അവിടെയെത്തി ചർച്ച നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇരുപക്ഷത്തിനും സ്വീകാര്യമായ കരാർ തയ്യാറാക്കി. അഫ്ഗാനിസ്താനിലേക്കുള്ള ബ്രിട്ടീഷ് ആക്രമണം തടയുക, റഷ്യയോ പേർഷ്യയോ അഫ്ഗാനിസ്താനെ ആക്രമിച്ചാൽ ബ്രിട്ടീഷ് സഹായം നേടുക ഇതിനുപുറമേ പെഷവാർ ബ്രിട്ടീഷുകാരിൽ നിന്നും നേടിയെടുക്കുക തുടങ്ങിയവയായിരുന്നു ദോസ്ത് മുഹമ്മദ് ഖാൻ ഈ ഉടമ്പടിയിലൂടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് ജോൺ വിലയിരുത്തുന്നത്.
റഷ്യൻ ആക്രമണം തടയുന്നതിനായി, അഫ്ഗാനിസ്താനുമായി ഒരു കരാറിലെത്താൻ സാധിച്ചത് ഗവർണർ ജനറൽ ഡൽഹൗസിയുടെ തൊപ്പിയിലെ ഒരു തൂവലായും വിലയിരുത്തപ്പെട്ടു. ഇതിന്റെ അംഗീകാരമായി ഡൽഹൌസി, ജോണിന് ബാരനറ്റ് സ്ഥാനമോ അല്ലെങ്കിൽ കെ.സി.ബി. പദവിയോ ശുപാർശ ചെയ്യാമെന്നേറ്റു. ജോണിന്റെ താൽപര്യം കെ.സി.ബി. പദവിയോടായിരുന്നു. 1856 ഫെബ്രുവരിയിൽ കൽക്കത്തയിലെത്തിയായിരുന്നു ജോൺ ഈ സ്ഥാനം സ്വീകരിച്ചത്. സ്ഥാനമൊഴിയുന്ന ഡൽഹൌസി, പുതിയ ഗവർണർ ജനറലായ കാനിങ് എന്നിവരെ സന്ദർശിക്കുക എന്നതും ഈ യാത്രയുടെ ലക്ഷ്യങ്ങളായിരുന്നു. ഈ അവസരത്തിൽ ഹെൻറിയും കൽക്കത്തയിലെത്തിയിട്ടുണ്ടായിരുന്നു. ലാഹോറിൽവച്ച് 1853-ൽ പിരിഞ്ഞതിനുശേഷം അവർ ആദ്യമായി കണ്ടുമുട്ടിയത് അവിടെയാണ്.
പഞ്ചാബിനെ ചീഫ് കമ്മീഷണർ ഭരണത്തിൽ നിന്ന് ലെഫ്റ്റനന്റ് ഗവർണർ ഭരണത്തിലേക്ക് മാറ്റുക എന്ന പദ്ധതി ഡൽഹൗസിക്കുണ്ടായിരുന്നു. ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തിയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു. പഞ്ചാബിലെ ജോണിന്റെ ജോലിക്കാലത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹത്തിന് ഈ നിയമനം ലഭിച്ചത്.[16]
1856-ൽ ഹെറാത്ത് പേർഷ്യക്കാർ കീഴടക്കിയതിനുശേഷം[19] പേർഷ്യക്കെതിരെ അവിടെ ഒരു ബ്രിട്ടീഷ് ആക്രമണം നടത്താനുള്ള നിർദ്ദേശമുയർന്നിരുന്നു. ഇക്കാര്യത്തിൽ ജോണിന് എതിരഭിപ്രായമായിരുന്നു. പേർഷ്യൻ ആക്രമണം റഷ്യൻ പിന്തുണയിലാണെന്നും, അത് ഇന്ത്യയിലേക്ക് മുന്നേറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും അവരുമായുള്ള യുദ്ധം, സുലൈമാനി മലനിരകളുടെ ഇപ്പുറത്തായിരിക്കണം നടത്തേണ്ടതെന്നും അല്ലാതെ അഫ്ഗാനിസ്താനിൽ യുദ്ധം നടത്തിയാൽ അത് വളരെ സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കുമെന്നും അഫ്ഗാനികളെ വിശ്വസിക്കാനാവില്ലെന്നും എന്തെങ്കിലും ഒരു പിഴവുപറ്റിയാൽ അവർ ശത്രുപക്ഷത്തുചേരുമെന്നും ജോൺ അഭിപ്രായപ്പെട്ടു. പേർഷ്യക്കും റഷ്യക്കുമെതിരെ ഒരു സഖ്യത്തിനായി 1857 ജനുവരിയിൽ ജോൺ, ആമിർ ദോസ്ത് മുഹമ്മദ് ഖാനുമായി സന്ധിച്ചു. ദോസ്ത് മുഹമ്മദിന് നൽകിക്കൊണ്ടിരുന്ന ധനസഹായം തുടരുന്നതിനും ധാരണയുണ്ടാക്കി.[15] ഈ കരാർ മൂലം കന്ദഹാറിൽ മേജർ എച്ച്.ബി. ലംസ്ഡെൻ-ന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്ക് ഒരു സൈനികത്താവളം ആരംഭിക്കാനും സാധിച്ചു.[19] ജോണിന്റെ നിർദ്ദേശപ്രകാരം, ഹെറാത്തിലേക്ക് സൈനികാക്രമണം വേണ്ടെന്ന് കാനിങ് ഫെബ്രുവരിയിൽ തീരുമാനിച്ചു.[15]
സമീപനത്തിലെ മാറ്റം
തിരുത്തുകപഞ്ചാബിലെ ചീഫ് കമ്മീഷണർ സ്ഥാനത്തിരിക്കുന്ന കാലയളവിലെല്ലാം, അനാരോഗ്യവും കീഴ്ജീവനക്കാരുമായുള്ള തർക്കങ്ങളും കടുത്ത ജോലിഭാരവും ജോണിനെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യ ഹാരിയറ്റിനും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അനാരോഗ്യം മൂലം വൈദ്യനിർദ്ദേശപ്രകാരം, 1855 മുതലേ അദ്ദേഹം വേനൽക്കാലങ്ങളിൽ മുറീ കുന്നുകളിലേക്ക് താമസം മാറ്റിയിരുന്നു. 1855 നവംബറിൽ ഗർഭിണിയായിരുന്ന ഹാരിയറ്റ് മുറീയിൽ നിന്നും ലാഹോറിലേക്കുള്ള യാത്രാമദ്ധ്യേ ഒരു ചാപിള്ളയെ പ്രവസവിച്ചു.
ചീഫ് കമ്മീഷണർ സ്ഥാനത്ത് ജോണിന്റെ ജോലിഭാരം വളരെയധികമായിരുന്നു. വർഷാവർഷം പതിനായിരക്കണക്കിന് കത്തുകൾ കൈകാര്യം ചെയ്യുകയും ആയിരക്കണക്കിന് വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുകയും വേണമായിരുന്നു. ഇതിനിടയിൽ സ്വതന്ത്രചിന്തകരായിരുന്ന സഹപ്രവർത്തകരുമായുള്ള തർക്കങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു. ഔദ്യോഗികജീവിതത്തിലെ മുഴുകൽ മൂലം ജോണിന് സുഹൃദ്ബന്ധങ്ങൾ കുറവായിരുന്നു. പൊതുജീവിതത്തിൽ താൻ ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരാണ് തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പണ്ടത്തെ തന്റെ സഹപ്രവർത്തകരോട്, 1855 കാലയളവിൽ എഴുതിയ എഴുത്തുകളിൽ കൂടുതൽ തുറന്ന സ്നേഹപ്രകടനം ദൃശ്യമാണ്. തന്റെ കടുത്ത രീതികളെ ന്യായീകരിക്കുകയും ക്ഷമചോദിക്കുകയും ചെയ്യുന്ന രൂപത്തിലുള്ളവയായിരുന്നു ഇവ.
തദ്ദേശീയരീതികളോടും പ്രഭുക്കന്മാരോടുമുള്ള ജോണിന്റെ മനോഭാവത്തിലും ഇക്കാലത്ത് കൂടുതൽ മാർദ്ദവപ്പെട്ടുവന്നു. 1855-ൽ മക്ലോഡിനെഴുതിയ ഒരു എഴുത്ത് ഇതിന് ദൃഷ്ടാന്തമാണ്. കനാൽ നിർമ്മാണത്തിനായി ബ്രിട്ടീഷ് എഞ്ചിനീയർ ലഭ്യമല്ലെങ്കിൽ, തദ്ദേശീയരെ ഉപയോഗപ്പെടുത്തി അത് നിർമ്മിക്കാനും തദ്ദേശീയരുടെ രീതികൾ ശാസ്ത്രീയമല്ലെങ്കിലും, മുൽത്താനിലും ബന്നൂവിലും തദ്ദേശീയർ നിർമ്മിച്ച കനാലുകൾ അവരുടെ നിർമ്മാണവൈദഗ്ദ്യത്തിനുദാഹരണമാണെന്നും ജോൺ എഴുതി. 1853-ൽ തദ്ദേശീയനായ പണ്ഡിറ്റ് മൻഫൂലിനെ അദ്ദേഹം തന്റെ എക്സ്ട്രാ അസിസ്റ്റന്റ് ആയി നിയമിച്ചു. ബോർഡിന്റെ കാലത്ത് ജോൺ നിശിതമായി വിമർശിച്ചിരുന്ന പല കാര്യങ്ങളും ഉദാരമായി ചീഫ് കമ്മീഷണർ സ്ഥാനത്തുനിന്ന് നടപ്പിലാക്കി. ഇത്തരം നിർദ്ദേശങ്ങൾ പലപ്പോഴും സർക്കാർ നിരസിക്കുകയും ഡൽഹൗസിയിൽ നിന്ന് ശാസനാസ്വഭാവമുള്ള ഒരു എഴുത്ത് പോലും കിട്ടുകയും ചെയ്തു. ജോണിന്റെ ശൈലി, ഹെൻറിയുടേതിലേക്ക് സാവധാനം നീങ്ങുന്ന കാഴ്ചയാണിത്. ഹെൻറി പഞ്ചാബിൽ നിന്ന് പോയതിനുശേഷമാണ് അദ്ദേഹത്തിന്റെ സ്വാധീനം സഹോദരനിൽ ശക്തിപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു.[16] എന്നാൽ ജോണിൽ ഇത്തരത്തിൽ മാറ്റം വന്നു എന്ന് ഹെൻറിക്ക് അഭിപ്രായമുണ്ടായിരുന്നില്ല.[20]
തദ്ദേശീയപ്രഭുക്കന്മാരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന്, പിരിയുന്ന സമയത്ത്, ഹെൻറി നൽകിയ ഉപദേശം, സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് കാരണമായിരുന്നിരിക്കാം. തന്റെ ഭരണനടപടികൾ മൂലം കൈവരിച്ച മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ മൂലം കൂടുതൽ ഉദാരമായ നടപടികളെടുക്കാനുള്ള പ്രേരണയും ഈ മാറ്റങ്ങൾക്കു കാരണമായിരിക്കാം.[16]
1857-ലെ കലാപകാലം
തിരുത്തുകഇന്ത്യയിലെ യൂറോപ്യൻ സൈനികരുടെ എണ്ണം തദ്ദേശീയസൈനികർക്കാനുപാതികമായി വളരെ കുറവാണെന്ന അഭിപ്രായമായിരുന്നു ജോണിനുണ്ടായിരുന്നത്. അതിർത്തികളിലെ യൂറോപ്യൻ സൈനികരെ പട്ടണങ്ങളിലേക്ക് മാറ്റി നിയമിക്കണമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നു. 1857-ലെ ലഹള ജോണിന്റെ അഭിപ്രായങ്ങൾ ശരിവക്കുന്നതായിരുന്നു.
ലഹളക്കാലത്ത് പഞ്ചാബിലെ നടപടികൾ, തൊട്ടടുത്ത വടക്കുപടിഞ്ഞാറൻ പ്രവിശ്യകളെ അപേക്ഷിച്ച് വളരെ കാര്യക്ഷമമായിരുന്നു. 1857 വസന്തമായപ്പോഴേക്കും കാട്രിഡ്ജ് പ്രശ്നത്തിന്റെ അലകൾ പഞ്ചാബിലും എത്തിച്ചേർന്നു. ഇതിനെത്തുടർന്ന് മേയ് മാസത്തിൽ ജോൺ സിയാൽകോട്ടിലെ മസ്കെറ്റ്റി വിദ്യാലയം സന്ദർശിക്കുകയും സൈനികർ പുതിയ തോക്കുപയോഗിക്കുന്നതിൽ എന്തെങ്കിലും വിമുഖത കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. മീറഠിലെ കലാപത്തെക്കുറിച്ച് ടെലിഗ്രാം ലഭിച്ച ഉടനെ ലാഹോറിലെ തദ്ദേശീയസൈനികരെ നിരായുധരാക്കി. ലാഹോർ കോട്ടയിലെ തദ്ദേശീയ സൈനികർക്കുപകരം യൂറോപ്യൻ സൈനികരെ നിയോഗിച്ചു. ഇതുമൂലം പഞ്ചാബിലേക്ക് ലഹള പടർന്നില്ല. സിഖുകാർക്ക് കരുത്തനായ ഒരു നേതാവില്ലായിരുന്നു എന്നതും കലാപം പടരാതിരിക്കാൻ കാരണമായി. ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന സിഖുകാർക്ക് തലപ്പാവ് വെക്കാനും, മറ്റു ഖൽസ ആചാരങ്ങളനുഷ്ഠിക്കാനും അനുവാദമുണ്ടായിരുന്നു. കൂടതെ അവർ പൊതുവേ ഹിന്ദുസ്ഥാനി കിഴക്കന്മാരോട് നീചമനോഭാവമുള്ളവരും ആയിരുന്നു. പഞ്ചാബിലെ സ്ഥിതിഗതികളും വളരെ മെച്ചമായിരുന്നു. ബ്രിട്ടീഷ് ഭരണമാരംഭിച്ചതിനുശേഷം വിളവും, നികുതിപിരിവ് രീതികളും നിയമങ്ങളും നീതിനിർവഹണവും വളരെ മെച്ചപ്പെട്ടിരുന്നു. ഇവയെല്ലാം പഞ്ചാബിൽ ബ്രിട്ടീഷ് വിരുദ്ധവികാരം ശക്തിപ്പെടാതിരിക്കാൻ കാരണമായി.
പഞ്ചാബിലെ തദ്ദേശീയ സൈനികരിൽ ഏതാണ്ട് പകുതിയോളമുണ്ടായിരുന്ന പഞ്ചാബിലെ ഹിന്ദുക്കളായ സൈനികർ, മറ്റിടങ്ങളിലെന്ന പോലെ വിമതപക്ഷത്തേക്ക് ചാഞ്ഞിരുന്നു. ലഹളയുടെ ഭാഗമായി ഫിറോസ്പൂരിൽ മേയ് 13-14-ന് ഒരു വിമതആക്രമണം ഉണ്ടായെങ്കിലും അത് എളുപ്പത്തിൽ അടിച്ചമർത്തപ്പെട്ടു. നേതൃത്വത്തിന്റെ വീഴ്ചയാണ് ഈ കലാപത്തിനുകാരണമെന്നായിരുന്നു ജോൺ വിലയിരുത്തിയത്. ഇവിടത്തെ ബ്രിഗേഡിയർ ഇന്നെസ്, തദ്ദേശീയസൈനികരെ നിരായുധീകരിക്കുന്നതിനുപകരം, അവരെ പല വിഭാഗങ്ങളായി വിഭജിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് കാരണമായത്. ശിപായികൾ ലഹളയാരംഭിച്ച്, ആയുധപ്പുര പിടിച്ചടക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട് ചിതറിപ്പോയി. ചിലർ തടവുകാരായി പിടിക്കപ്പെട്ടു. കുറേപ്പേർ ദില്ലിയിലേക്ക് നീങ്ങി. ജോണിന്റെ നിർദ്ദേശപ്രകാരം, ഇവിടത്തെ വിമതർ ശിക്ഷിക്കപ്പെട്ടിരുന്നില്ല. കടുത്ത ശിക്ഷ നൽകാൻ പറ്റിയ ആരെയും ജോണിന് കണ്ടെത്താനായില്ലെന്നാണ് അദ്ദേഹത്തിന്റെ സെക്രട്ടറി ഇന്നെസിനെഴുതിയത്.
ജൂൺ തുടക്കത്തിൽ ജലന്ധറിലും കലാപമുണ്ടായി. ലുധിയാനയിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജോർജ് റിക്കെറ്റ്സിന്റെ നേതൃത്വത്തിൽ ഈ പ്രശ്നവും പരിഹരിക്കപ്പെട്ടു.
പെഷവാർ, നൗഷേറ തുടങ്ങി വടക്കുപടിഞ്ഞാറൻ അതിർത്തി മുഴുവനും കലാപങ്ങൾ ഉടലെടുത്തെങ്കിലും എഡ്വേഡ്സ്, നിക്കോൾസൺ, സിഡ്നി കോട്ടൻ പോലുള്ളവരുടെ മികച്ച നേതൃത്വം ഇവിടെയൊന്നും പ്രശ്നങ്ങൾ വളരാതിരിക്കാൻ കാരണമായി. ഭയങ്കരമായ ശിക്ഷകളാണ് ഇവർ വിമതരായ ഇന്ത്യൻ ഭടന്മാർക്കു നൽകിയത്. പലരെയും പീരങ്കിയിൽ കയറ്റി ചുട്ടുകൊന്നിരുന്നു. ജൂൺ പത്തിന് ഒരു സുബാദാർ, ആറ് ഹവീൽദാർമാർ, പതിനൊന്ന് നായിക്മാർ, 22 ശിപായിമാർ എന്നിവരെ ഈ വിധം കൊന്നിരുന്നു. കൂടുതൽ മയമുള്ള സമീപനം വേണമെന്നായിരുന്നു ഇക്കാര്യത്തിൽ ജോണിന്റെ അഭിപ്രായമായിരുന്നത്.
ലഹളക്കാർക്കെതിരെയുള്ള അമൃത്സറിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന എഫ്. കൂപ്പറുടെ നടപടികളും ക്രൂരമായിരുന്നു. അദ്ദേഹം തടവുകാരായി പിടിച്ച 280 പേരിൽ പലരെയും വെടിവച്ചുകൊല്ലുകയും ബാക്കിയുണ്ടായിരുന്നവരിൽ 45 പേരെ ഒരു മുറിയിൽ അടച്ചിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയും പിന്നെയും ബാക്കിവന്ന 42 പേരെ പീരങ്കിയിൽ കയറ്റി ചുട്ടുകൊല്ലുകയും ചെയ്തു.[15] കൂപ്പറുടെ നടപടിയിൽ ജോൺ സന്തുഷ്ടനായിരുന്നു കൂപ്പറെ പ്രശംസിച്ചിരുന്നു എന്നും ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകും എന്ന് അദ്ദേഹം എഴുതി എന്നുമാണ് ഖുശ്വന്ത് സിങ് വിലയിരുത്തുന്നത്.[21] എന്നാൽ ജോൺ ഈ നടപടിയെ വിമർശിച്ചിരുന്നു എന്നും കൂപ്പറുടെ റിപ്പോർട്ടിനെ അറപ്പുളവാക്കുന്നതായി വിശേഷിപ്പിച്ചു എന്നാണ് ജോണിന്റെ ജീവചരിത്രകാരനായ ബോസ്വർത്ത് സ്മിത്തിന്റെ അഭിപ്രായം. എന്നാൽ ലാഹോറിൽപ്പോലും പീരങ്കിയിൽ കയറ്റി വെടിവച്ചുകൊല്ലുന്ന ശിക്ഷാരീതി നിലനിന്നിരുന്നു. ജൂൺ 12-ന് രാജ്യദ്രോഹക്കുറ്റത്തിന്് രണ്ട് ശിപായികളെ അനാർക്കലിയിൽ വച്ച് പീരങ്കിയിൽ കയറ്റി വെടിവച്ചുകൊന്നു. എന്തൊക്കയായാലും സൈനികരെ നിരായുധീകരിക്കുന്നതിനുള്ള ഉടനടിയുള്ള നടപടികളും കടുത്ത ശിക്ഷകളും പഞ്ചാബിൽ കലാപം നിയന്ത്രിക്കുന്നതിന് സഹായകമായി.
ബ്രിട്ടീഷുകാരുടെ ഏതു ചെയ്തികളും ഇന്ത്യൻ സൈനികരെ മതം മാറ്റാനാണെന്ന് വ്യാഖ്യാനിക്കുന്ന ശിപായിമാരുടെ മനോഭാവം ഒരുതരം ഭ്രാന്താണെന്നാണ് ജോൺ അഭിപ്രായപ്പെട്ടത്. പഞ്ചാബിൽ കലാപം പടർന്നില്ലെന്നു മാത്രമല്ല, വിമതർക്കെതിരെ പോരാടുന്നതിന് പഞ്ചാബ് ബ്രിട്ടീഷുകാരുടെ ഒരു താവളമാകുകയും ചെയ്തു. ലഹളക്കാരുടെ കൈയിലകപ്പെട്ട ഡെൽഹി തിരിച്ചുപിടിക്കുന്നതടക്കമുള്ള പ്രധാന സൈനികനടപടികളിൽ പഞ്ചാബിലെ സൈനികരാണ് ബ്രിട്ടീഷുകാർക്ക് തുണയായത്.
പഞ്ചാബി പ്രഭുക്കന്മാരുടെ ബ്രിട്ടീഷുകാരോടുള്ള കൂറും കലാപത്തെ നേരിടുന്നതിൽ പ്രധാനമായിരുന്നു. മുസ്ലീം കർഷകരിലെയും മുസ്ലീം പ്രഭുക്കന്മാരിലെയും ഒരു ചെറിയ വിഭാഗം, കലാപകാരികളെ പിന്തുണച്ചെങ്കിലും പ്രഭുക്കന്മാരിൽ ഭൂരിഭാഗവും ബ്രിട്ടീഷുകാരെ പിന്തുണക്കുകയായിരുന്നു. ജിന്ദ്, പട്യാല, നാഭ, കൽസിയ, കപൂർത്തല എന്നിവിടങ്ങളിലെ രാജാക്കന്മാരും മലോധ്, ഖേരി, ബഹാദൂർ, ലോധ്രാൻ തുടങ്ങിയ ഇടങ്ങളിലെ പ്രഭുക്കന്മാരും, സിംഹ്പൂരിയകൾ, കർത്താർപൂരിലെ സോധികൾ തുടങ്ങിയവരെല്ലാം ബ്രിട്ടീഷുകാരുടെ കൂടെ നിന്നു.
1857 മേയിൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ഡെൽഹിയടക്കമുള്ള പല പട്ടണങ്ങളും ലഹളക്കാരുടെ നിയന്ത്രണത്തിലായതിനാലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും അവിടങ്ങളിലേക്കുള്ള ബന്ധം അറ്റിരുന്നതിനാലും ഈ സമയം മുതൽ മൊത്തം വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ നിർണയാധികാരം ജോണിനായിരുന്നു. പഞ്ചാബിലെ സമാധാനാന്തരീക്ഷവും പഞ്ചാബി പട്ടാളക്കാർക്ക് വിമതരോട് പൊരുതാനുള്ള മനോഭാവവും മൂലം ജോണിന് പഞ്ചാബിൽ പുതിയ റെജിമെന്റുകൾ രൂപീകരിക്കാനും അവരെ ഡെൽഹിയിലേക്ക് അയക്കാനും സാധിച്ചു. സിഖ് സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം സൈന്യം പിരിച്ചുവിടപ്പെട്ട പഞ്ചാബികൾ ബ്രിട്ടീഷ് സേനയിൽ ചേരാനുള്ള അവസരമായി ഈ കലാപം ഉപയോഗിച്ചു. കമ്പനിയുടെ ജോലിയിൽ ചേരാനായി ദൈവം കൊണ്ടുതന്ന അവസരമായാണ് പഞ്ചാബികൾ ഈ ലഹളയെക്കാണുന്നതെന്ന് ജോൺ, കാനിങ്ങിനെഴുതിയിരുന്നു. പഞ്ചാബിലെ ജനങ്ങളുടെ സംതൃപ്തിയും അവരുടെ കൂറുമാണ് ഇന്ത്യയെ രക്ഷിച്ചതെന്നും അല്ലെങ്കിൽ നമ്മൾ നശിച്ചുപോയേനേ എന്നും ദില്ലി തിരിച്ചുപിടിച്ചതിനു ശേഷം ജോൺ എഴുതിയിരുന്നു.
ഡെൽഹിയിലേക്കയക്കുന്നതിനായി ജോൺ വലിയ ഒരു സേനയെ തയ്യാറാക്കി. മേയ് 16-ന് റാവൽപിണ്ഡിയിൽ നടന്ന യുദ്ധകൌൺസിലിൽ ജോണിനൊപ്പം, ജനറൽ റീഡ്, നെവിൽ ചാമ്പെർലൈൻ, ഹെർബെർട്ട് എഡ്വേഡ്സ് എന്നിവർ പങ്കെടുത്തു. ഈ സമയത്ത് ചൈനയിലേക്ക് നിയോഗിക്കപ്പെട്ടിരുന്ന സേനയെയും ഡെൽഹിയിലേക്ക് നീങ്ങാൻ തിരിച്ചുവിളിച്ചു. ഡെൽഹിയിലെ റിഡ്ജിലാണ് പഞ്ചാബിൽ നിന്നുള്ള സേനാഘടകങ്ങൾ തമ്പടിച്ചത്. ജൂലൈ ആയപ്പോഴേക്കും ഡെൽഹിയിൽ പിടിച്ചുനിൽക്കുന്നതിനുതന്നെ കൂടുതൽ സേനയെ ആവശ്യമുണ്ടെന്ന് അവിടത്തെ സേനാനായകനായിരുന്ന ആർച്ച്ഡേൽ വിൽസൺ ജോണിനോടാവശ്യപ്പെട്ടു. ബംഗാളിൽനിന്നും ഒരു സഹായവും പ്രതീക്ഷിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. മാത്രമല്ല പഞ്ചാബിൽത്തന്നെ പലയിടത്തായും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ബാക്കിയുള്ള സേനയെ അവിടത്തെ സമാധാനം നിലനിർത്തുന്നതിന് പഞ്ചാബിൽത്തന്നെ നിർത്തണോ അതോ ദില്ലിയിലേക്ക് അയച്ച് ദില്ലി ആക്രമണം പൂർത്തിയാക്കണോ എന്ന ആശയക്കുഴപ്പത്തിൽ ജോൺ അകപ്പെട്ടു. തീരുമാനം അദ്ദേഹത്തിന് സ്വയം എടുക്കണമായിരുന്നു.
ദില്ലിയിൽ നിന്ന് സേനയെ പിൻവലിച്ചാൽ അത് വിമതരുടെ വൻവിജയമായി എണ്ണപ്പെടുമെന്നും കലാപം വ്യാപിക്കാനും ശക്തിപ്പെടാനും സാദ്ധ്യതയുണ്ടെന്നും ജോൺ വിലയിരുത്തി. അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു. നിലവിൽ ബ്രിഗേഡിയർ ജനറലായിരുന്ന ജോൺ നിക്കോൾസണെയും അദ്ദേഹം ദില്ലിക്കയച്ചു. ഗുലാബ് സിങ് അയച്ച ഒരു സൈന്യത്തെ ജോണിന്റെ സഹോദരൻ റിച്ചാർഡ് ലോറൻസിന്റെ നേതൃത്വത്തിൽ ജമ്മുവിൽ നിന്ന് ജൂലൈ 30-നും അയച്ചു. ഓഗസ്റ്റ് പന്ത്രണ്ടിന് ഈ സംയുക്തസൈന്യം ഫിറോസ്പൂരിൽനിന്ന് ദില്ലി ലക്ഷ്യമാക്കി തിരിച്ചു. ജോണിന് സംഘടിപ്പിക്കാവുന്നതിന്റെ പരമാവധിയായിരുന്നു ഇത്. ഇതിനുശേഷം 4000-ത്തോളം യൂറോപ്യന്മാർ മാത്രമേ പ്രവിശ്യയിൽ അവശേഷിച്ചിരുന്നുള്ളു. ഫലത്തിനായി കാത്തിരിക്കുക മാത്രമേ തുടർന്ന് ജോണിന് ചെയ്യാനുണ്ടായിരുന്നുള്ളൂ.
ഡെൽഹിയിൽ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ പെഷവാർ, ദോസ്ത് മുഹമ്മദിന് വിട്ടുകൊടുത്തുകൊണ്ട് ഒരു ധാരണയിലെത്തുന്നതിനെക്കുറിച്ച് ജോൺ ആലോചിക്കുകയും ചാമ്പർലൈൻ, എഡ്വേഡ്സ്, നിക്കോൾസൺ, കോട്ടൺ തുടങ്ങിയ കീഴുദ്യോഗസ്ഥരോട് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ദില്ലിയിൽ പരാജയം സംഭവിച്ചാൽ പഞ്ചാബികളടക്കമുള്ള തദ്ദേശീയർ ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും അതോടൊപ്പം തന്നെ ദോസ്ത് മുഹമ്മദ്, പെഷവാർ പിടിച്ചടക്കാൻ ശ്രമിക്കുമെന്നും ജോൺ ആശങ്കപ്പെട്ടു. ദോസ്ത് മുഹമ്മദ് ഒരു ശത്രുവായി പെഷവാർ പിടിച്ചടക്കുന്നതിലും നല്ലത്, പെഷവാർ വിട്ടുകൊടുത്ത് അഫ്ഗാനികളുടെ കൂറ് സമ്പാദിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കരുതി. ഉപഭൂഖണ്ഡത്തിലാകെ ബ്രിട്ടീഷുകാർ നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുമ്പോൾ ഇത്തരം തീർച്ചയില്ലാത്ത അതിർത്തിപ്രദേശങ്ങൾ കെട്ടിപ്പിടിച്ചുകിടക്കുന്നത് ബുദ്ധിശൂന്യതയാണെന്നായിരുന്നു ജോൺ വിലയിരുത്തിയത്. സിന്ധുവിനെ അതിർത്തിയാക്കി അറ്റോക്കിനെ അതിർത്തിപ്പട്ടണമായി നിലനിർത്തി കൊഹാട്ടും ദേരാജാത്തും വരെ വിട്ടുകൊടുക്കാൻ ജോൺ ഉറപ്പിച്ചിരുന്നു. കീഴുദ്യോഗസ്ഥരെല്ലാം ജോണിന്റെ നിർദ്ദേശത്തിൽ അത്ഭുതപ്പെടുകയും അവരിതിനെ എതിർക്കുകയും ചെയ്തു. ജോണിന്റെ അനാരോഗ്യമാണ് ഇത്തരത്തിൽ ചിന്തിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്നായിരുന്നു അവരുടെ മതം. ദില്ലിയിലെ പരാജയം മൂലം പഞ്ചാബിലുണ്ടാകുന്ന അതേ തരത്തിലുള്ള ലഹളകൾ പെഷവാർ വിട്ടുകൊടുത്താലും ഉണ്ടാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ഡെൽഹിയിൽ ഒരു പരാജയം ഉണ്ടാകുകയാണെങ്കിൽ പെഷവാർ വിട്ടുകൊടുക്കാനുള്ള തന്റെ തീരുമാനം നടപ്പാക്കുമെന്ന് എഡ്വേഡ്സിനും കൂട്ടർക്കും ജോൺ ജൂൺ 25-ന് മുന്നറിയിപ്പ് നൽകി. കാനിങ് ആണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് എന്നതിനാൽ ജോൺ ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞ് കാനിങ്ങിനും ജൂണിലും ജൂലൈയിലും കത്തെഴുതിയിരുന്നു. എന്നാൽ പെഷവാർ അവസാനനിമിഷംവരെ നിയന്ത്രണത്തിൽ നിർത്തുക എന്ന നിർദ്ദേശമായിരുന്നു കാനിങ്ങിൽ നിന്ന് ലഭിച്ചത്. ഈ നിർദ്ദേശം ഓഗസ്റ്റ് 7-ന് ജോണിന് ലഭിക്കുന്നതിനു മുമ്പുതന്നെ ദില്ലിയിൽ ബ്രിട്ടീഷ് സേനയുടെ സ്ഥിതി മെച്ചപ്പെട്ടതിനാൽ പെഷവാർ കൈമാറ്റം എന്ന ആശയം ജോൺ ഉപേക്ഷിച്ചിരുന്നു.
നിർണായകപോരാട്ടത്തിനായി ജോൺ അയച്ച സൈന്യം സെപ്റ്റംബർ 4-നാണ് പഞ്ചാബിൽ നിന്ന് ദില്ലിയിലെത്തിയത്. തുടക്കത്തിലെ ചില പീരങ്കിയാക്രമണങ്ങൾക്കുശേഷം 14-നാണ് കനത്ത ആക്രമണം ആരംഭിച്ചത്. ആദ്യ ആക്രമണം വിജയകരമായിരുന്നു നഗരത്തിന്റെ മൂന്നു കവാടങ്ങൾ - കശ്മീരി, മോറി, കാബൂൾ ഗേറ്റുകൾ - ബ്രിട്ടീഷ് നിയന്ത്രണത്തിലായി. നാശനഷ്ടങ്ങളും വലുതായിരുന്നു. പ്രധാന ആക്രമണവിഭാഗത്തിന്റെ നേതൃത്വമേറ്റിരുന്ന ജോൺ നിക്കോൾസണ് കശ്മീരി ഗേറ്റിലെ പോരാട്ടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും കുറച്ചുദിവസത്തിനുശേഷം മരിക്കുകയും ചെയ്തു. ഭരണപരമായ അഭിപ്രായവ്യത്യാസങ്ങളും തന്നെക്കാൾ തന്റെ ജ്യേഷ്ഠൻ ഹെൻറിയുടെ ശൈലിയോട് ആഭിമുഖ്യമുള്ളവനുമായിട്ടും നിക്കോൾസന്റെ മരണത്തിൽ ജോൺ വളരെ ദുഖിതനായിരുന്നു.[15]
ദില്ലിയുടെ ചുമതല
തിരുത്തുകസെപ്റ്റംബർ 22-നാണ് ദില്ലിയുടെ നിയന്ത്രണം കൈക്കലായതായും ശേഷിച്ച വിമതർ സ്ഥലം വിട്ടതായും ജോൺ കാനിങ്ങിനെഴുതി. ഡെൽഹിയുൾപ്പെടുന്ന വടക്കുപടിഞ്ഞാൻ പ്രവിശ്യകളുടെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന ജോൺ റസ്സൽ കോൾവിൻ ആഗ്രയിൽ ആക്രമിക്കപ്പെടുകയും സെപ്റ്റംബർ 9-ന് മരിക്കുകയും ചെയ്തിരുന്നു. കുറച്ചുദിവസത്തിനുശേഷം അദ്ദേഹത്തിന്റെ ഡെൽഹിയിലെ പ്രതിനിധിയായിരുന്ന ഹെർവി ഗ്രേറ്റ്ഹെഡ് ഡെൽഹി റിഡ്ജിലെ സൈനികക്യാമ്പിൽവച്ചും മരിച്ചിരുന്നു. കോൾവിനു പകരം പ്രവിശ്യയിലേക്ക് നിയോഗിക്കപ്പെട്ടിരുന്ന കേണൽ ഹ്യൂ ഫ്രേസർ ആഗ്രയിൽ നിന്ന് കടക്കാനാകാതെ നിൽക്കുകയായിരുന്നു. സാഹചര്യങ്ങളുടെ നിർബന്ധപ്രകാരം സ്വാഭാവികമായി ജോൺ ഡെൽഹിയുടെ ഭരണാധികാരിയായി.
ഈ സമയത്ത് കേണൽ ഹെൻറി പെൽഹാം ബേൺ ഡെൽഹിയിലെ സൈനികഗവർണറായി നിയമിക്കപ്പെട്ടു മുൻ പഞ്ചാബി മജിസ്ട്രേറ്റ് ആയിരുന്ന ചാൾസ് സോണ്ടേഴ്സ് ജോണിന്റെ പ്രതിനിധിയായും നിയോഗിക്കപ്പെട്ടു. തുടർന്ന് പട്ടാളനിയന്ത്രണം ആവശ്യമില്ലെന്ന ഘട്ടത്തിലെത്തിയപ്പോൾ സോണ്ടേഴ്സ് ജോണിനുകീഴിൽ ഡെൽഹിയിലെ കമ്മീഷണറായി നിയമിക്കപ്പെട്ടു. ഡെൽഹിയുടെ ഭരണം യഥാർത്ഥത്തിൽ പഞ്ചാബിൽ നിന്നായി.
ദില്ലി നിയന്ത്രണത്തിലാക്കിയതിനുശേഷം, നിഷ്കരുണമായ പ്രതികാരനടപടികളാണ് ബ്രിട്ടീഷ് സൈനികർ നഗരവാസികൾക്കു നേരെ നടത്തിയത്. വിമതരാണെന്ന് സംശയിക്കപ്പെട്ടവരെ തിടുക്കത്തിൽ വിചാരണ ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തു. നഗരത്തിലെ നിരപരാധികളായ താമസക്കാർ, അവർക്ക് കലാപത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഒരന്വേഷണവുമില്ലാതെ കശാപ്പുചെയ്യപ്പെട്ടു. കൊള്ളയടിയും ഒരു നിയന്ത്രണവുമില്ലാതെ വ്യാപകമായി നടന്നു. മുഗൾ രാജാവ് ബഹദൂർഷാ സഫറിനെ തടവിലാക്കി. രാജകുമാരന്മാരെ തടവിലാക്കാൻ ആജ്ഞാപിക്കപ്പെട്ടയിടത്ത്, വില്യം ഹോഡ്സൺ അവരെ കൊലപ്പെടുത്തി.
കൊലപാതകങ്ങളും കൊള്ളയും നടത്തിക്കൊണ്ടിരുന്ന സൈനികരെ അതില് നിന്ന് പിന്തിരിപ്പിച്ച് നഗരത്തെ സമ്പൂർണ്ണനാശത്തിൽനിന്ന് രക്ഷിക്കുക എന്നതായിരുന്നു ജോണിന്റെ പ്രധാനനടപടി. ദില്ലിയെ തകർത്തുതരിപ്പണമാക്കുക എന്ന പദ്ധതി ചില സൈനികർക്കുണ്ടായിരുന്നു. ജമാ മസ്ജിദ് തകർക്കണമെന്നായിരുന്നു ചിലരുടെ ആഗ്രഹം. അല്ലെങ്കിൽ അതിനുമുകളിൽ ഒരു കുരിശ് സ്ഥാപിച്ച് ഒരു ക്രിസ്ത്യൻ പള്ളിയാക്കി മാറ്റണമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ജോൺ ഇതിനെയെല്ലാം എതിർക്കുകയും കൊട്ടാരവും ജമാ മസ്ജിദും നഗരമതിലുകളും കാത്തുസൂക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. നമുക്ക് എളുപ്പം നശിപ്പിക്കാനാവുമെന്നും എന്നാൽ അതുപോലെ കെട്ടിയുണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ജോണിന്റെ അഭിപ്രായം. സൈന്യത്തെ കൊട്ടാരത്തിനകത്ത് വിന്യസിക്കാനും നഗരം സാധാരണനിലയിലേക്ക് തിരിച്ചെത്താനനുവദിക്കാനും ജോൺ നിർദ്ദേശിച്ചു.
വാണിജ്യ-സാമൂഹിക-രാഷ്ട്രീയപ്രാധാന്യമുള്ള ഡെൽഹിയുടെ നിയന്ത്രണമാണ് അത് നശിപ്പിക്കുന്നതിനേക്കാൾ ബുദ്ധിപരം എന്ന് ജോൺ വിശ്വസിച്ചു. അവിടത്തെ ചില താമസക്കാർ എത്രവലിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ലഹളയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു. പ്രൈസ് ഏജന്റുമാരെ പിൻവലിക്കാനും അതിവേഗത്തിലുള്ള ശിക്ഷിക്കൽ നടന്നിരുന്നിടത്ത് ഒരു ട്രൈബ്യൂണൽ സ്ഥാപിക്കാനും ജോൺ നിർബന്ധിച്ചു. പക്ഷേ ജോണിന്റെ നടപടികൾ ഫലത്തിലാകുന്നതിനുമുമ്പുതന്നെ നഗരത്തിൽ ഏറെ നാശനഷ്ടങ്ങളും രക്തം ചീന്തലും നടന്നുകഴിഞ്ഞിരുന്നു. ക്രമസമാധാനപാലനത്തിനായി ജോൺ അഞ്ഞൂറ് പഞ്ചാബി പട്ടാളക്കാരെ ഒക്ടോബർ അവസാനം ദില്ലിയിലേക്കയച്ചു. ദില്ലിയിലെ റെവന്യൂ-നീതിന്യായ മേഖലകളിൽ പഞ്ചാബ് ശൈലി നടപ്പിലാക്കാനും അദ്ദേഹം തീരുമാനിച്ചു.[15]
ലെഫ്റ്റനന്റ് ഗവർണർ സ്ഥാനവും നാട്ടിലേക്കുള്ള മടക്കവും
തിരുത്തുക1856-ൽ ഡൽഹൗസി, ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് മടങ്ങിയതോടെ സ്ഥാനത്ത് തുടരാനുള്ള ജോണിന്റെ താൽപര്യം മങ്ങാനാരംഭിച്ചു.[16] ഇക്കാലത്ത് ജോണിന്റെ ആരോഗ്യം വളരെ മോശമാകുകയും കാഴ്ച മങ്ങുകയും ചെയ്തു. ജോലിഭാരം കൊണ്ടുള്ള തലവേദന ശമിക്കുന്നതിന് തലയിൽത്തേച്ച അക്കോണൈറ്റ് കണ്ണിനെ ബാധിച്ചതാണ് കാഴ്ച മങ്ങിയതിനുള്ള കാരണം. 1856-ൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനമെടുത്ത് മോണ്ട്ഗോമറിയെ ചുമതലകളേൽപ്പെച്ചെങ്കിലും അടുത്തുതന്നെ ലഭിക്കാനിടയുള്ള ലെഫ്റ്റനന്റ് ഗവർണർ സ്ഥാനം കാത്തിരുന്നും, 1857-ലെ ലഹളയും അദ്ദേഹത്തെ പഞ്ചാബിൽ തുടരാൻ നിർബന്ധിതനാക്കി. ലഹള നിയന്ത്രണവിധേയമായതോടെ 1857 ഡിസംബറിൽ ജോൺ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഭാര്യയും മക്കളുമൊത്ത് ഒരു പഞ്ചാബ് പര്യടനം ആരംഭിക്കുകയും ഇതിനിടയിൽ 1858 ജനുവരി 6-ന് വീട്ടുകാരെ കറാച്ചിയിൽ നിന്ന് നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഈ സമയത്ത് ജോണിന് ഏഴു മക്കളുണ്ടായിരുന്നു.
പഞ്ചാബിൽ കലാപമുണ്ടായ മിക്ക പ്രദേശങ്ങളും 1858 ജനുവരി മുതൽ ജോൺ സന്ദർശിച്ചു. ഈ സമയത്തോടെ കലാമുയർത്തിയ എല്ലാ നേതാക്കളും കീഴടങ്ങിയിരുന്നു. അതിർത്തിയും ശാന്തമായിരുന്നു. ദില്ലിയിൽ, ഝജ്ജറിലേയും ബല്ലബ്ഗഡിലേയും ഫറൂഖ്നഗറിലേയും നവാബ്മാരെ ഇക്കാലത്ത് തൂക്കിക്കൊന്നിരുന്നു ക്രമേണ അവിടവും ശാന്തമാകുകയും ദില്ലിയിലേക്കയച്ച സൈനികഘടകങ്ങളും പഞ്ചാബിലേക്ക് തിരിച്ചെത്താൻ തുടങ്ങിയിരുന്നു. 1858-ൽ പഞ്ചാബിൽ ലെഫ്റ്റനന്റ് ഗവർണർ തസ്തിക അനുവദിക്കപ്പെട്ടു. ജോൺ പ്രവിശ്യയുടെ ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണരുമായി.
തുടക്കത്തിൽ 1858 ഏപ്രിലിൽ നാട്ടിലേക്ക് മടങ്ങാമെന്ന് വിചാരിച്ചിരുന്ന ജോൺ കലാപം പൂർണ്ണമായി കെട്ടടങ്ങി സ്ഥിതിഗതികൾ ശാന്തമാകുന്നതിനായി 1859 ഫെബ്രുവരിയിലേക്ക് യാത്രമാറ്റിവച്ചു. ഇന്ത്യയിൽ നിന്നും എന്നെന്നേക്കുമായി മടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. രോഗബാധിതയായിരുന്ന സഹോദരി ലെറ്റീഷ്യക്ക് അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. സെപ്റ്റംബറിൽ ജോൺ പെഷവാറും അതിർത്തി പ്രദേശങ്ങളും സന്ദർശിച്ചു. സേനാനായകരായ സിഡ്നി കോട്ടണുമായും നെവിൽ ചാമ്പർലൈനുമായും ഹെർബെർട്ട് എഡ്വേഡ്സുമായും ചർച്ചകൾ നടത്തി. എഡ്വേഡ്സും ഇതേവർഷം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഹെൻറിയുടെ ജീവചരിത്രം എഴുതാനുള്ള എഡ്വേഡ്സിന്റെ പദ്ധതിയെ ജോൺ പ്രോത്സാഹിപ്പിച്ചു.
അതിർത്തിയിൽനിന്ന് ജോൺ സിയാൽകോട്ടിലേക്കും തുടർന്ന് ജമ്മുവിലേക്കും കടന്നും. ജമ്മുവിൽ ഗുലാബ് സിങ്ങിന്റെ അനന്തരാവകാശിയായ മഹാരാജാ രൺബീർ സിങ്ങിനെ സന്ദർശിച്ചു. ഇക്കാലത്ത് രൺബീർസിങ്, ജലാലാബാദിൽ ആസ്ഥാനമുറപ്പിച്ചിരുന്ന ദോസ്ത് മുഹമ്മദ്, നേപ്പാളിലെ മന്ത്രിയായിരുന്ന ജംഗ് ബഹാദൂർ എന്നിവർ തമ്മിൽ ബന്ധപ്പെടുന്നുവെന്നും ഒരു സഖ്യമുണ്ടാക്കാനുള്ള പദ്ധതിയുണ്ടെന്ന് കിംവദന്തി പരന്നിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയുക എന്നതായിരുന്നു ജോണിന്റെ സന്ദർശനലക്ഷ്യം. രൺബിർ സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് ഇങ്ങനെയൊരു പദ്ധതിയേയില്ലെന്ന് ജോൺ വിലയിരുത്തി.
1858 ഡിസംബറിൽ ജോൺ ലാഹോറിൽ തിരിച്ചെത്തി. മോണ്ട്ഗോമറിയെ പകരം നിയമിച്ച് ജോൺ നാട്ടിൽ പോകാനൊരുങ്ങി. എന്നാൽ ഈ സമയത്ത് മോണ്ട്ഗോമറി അവധിൽ നിയമിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് ലാഹോറിലേക്കെത്താനിയില്ല. അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു. അതുകൊണ്ട് പഞ്ചാബ് റെയിൽവേയുടെ തറക്കല്ലിടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. അമൃത്സറിനെയും ലാഹോറിനെയും മുൽത്താനുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.[15]
ഫെബ്രുവരി 26-ന് അദ്ദേഹം ലാഹോറിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. സിന്ധുവിലൂടെ ഹൈദരബാദിലേക്കും അവിടെ നിന്നും കറാച്ചി-ബോംബെ വഴി മാർച്ച് 29-ന് പാരീസിലെത്തുകയും അവിടെനിന്ന് ലണ്ടനിലേക്കും എത്തി. തുടക്കത്തിൽ രണ്ട് വീടുകളിലായായിരുന്നു ലോറൻസ് കുടുംബം ലണ്ടനിൽ വസിച്ചിരുന്നത് 1861-ഓടെ അപ്പർ ഹൈഡ് പാർക്ക് ഗാർഡൻസിൽ ഒറ്റവീട് ലഭിക്കുകയും അങ്ങോട്ട് മാറുകയും ചെയ്തു.[2]
ബഹുമതികൾ
തിരുത്തുകലഹളക്കാലത്തെ ഇന്ത്യയിലെ മികച്ച പ്രകടനത്തിന്റെ പേരിൽ ഇംഗ്ലണ്ടിലെത്തിയ ജോണിന് നിരവധി സ്വീകരണങ്ങളും പുരസ്കാരങ്ങളും ലഭിച്ചു. 1859 ജൂണിൽ ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ലണ്ടൻ പുരസ്കാരം ലഭിച്ചു. ഈ ചടങ്ങിൽ ജോണിന്റെയും, ജ്യേഷ്ഠൻ ഹെൻറിയുടെയും ഇന്ത്യയിലെ പ്രകടനങ്ങൾ അഭിനന്ദിക്കപ്പെട്ടു. ഇരുവരെയും ഗ്രാച്ചി സഹോദരൻമാരുടെ പുനർജന്മങ്ങളായാണ് വിശേഷിപ്പിക്കപ്പെട്ടത്. പഞ്ചാബിലെ ഭരണനൈപുണ്യത്തിനും അവിടെ കലാപം അമർച്ച ചെയ്തതിന്റെ പേരിലും ദില്ലി തിരിച്ചുപിടിച്ചതിനും ജോൺ ഏറെ അഭിനന്ദിക്കപ്പെട്ടു. ഓർഗനൈസർ ഓഫ് വിക്റ്ററി എന്നും സേവിയർ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന ബഹുമതിയും അദ്ദേഹത്തിന് നൽകി. കേംബ്രിഡ്ജും ഓക്സ്ഫഡും അദ്ദേഹത്തിന് ബഹുമാനബിരുദങ്ങൾ നൽകി. ഇതിനുപുറമേ നിരവധി അംഗീകാരങ്ങൾ ജോണിനെത്തേടിയെത്തി. വിൻസർ കോട്ടയിൽ രാജ്ഞിയെ സന്ദർശിക്കാനും ആൽബർട്ട് രാജകുമാരനുമായി നിരവധി കൂടിക്കാഴ്ചകൾക്കും ഇക്കാലത്തദ്ദേഹത്തിന് അവസരം ലഭിച്ചു. 1861-ൽ പുതിയതായി ഏർപ്പെടുത്തിയ ഓർഡെർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ എന്ന ബഹുമതി ആദ്യമായികിട്ടിയവരിൽ ഒരാളായിരുന്നു ജോൺ. ദലീപ് സിങ്ങടക്കം മറ്റു ചിലർക്കും ഈ ബഹുമതി ഒപ്പം ലഭിച്ചു.[2]
ഇന്ത്യൻ കൗൺസിലിൽ
തിരുത്തുക1859 ഏപ്രിലിൽ ജോണിന് പുതിയതായി രൂപീകരിക്കപ്പെട്ട ഇന്ത്യൻ കൗൺസിലിൽ അംഗത്വം ലഭിച്ചു. സ്റ്റാൻലി പ്രഭു അതിന്റെ അദ്ധ്യക്ഷനും ഫ്രെഡറിക് ക്യൂറി അതിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. പഞ്ചാബിൽ സമ്പൂർണ്ണാധികാരം കൈയാളിയിരുന്ന ജോണിന് കൗൺസിൽ ഒട്ടുംതന്നെ ആവേശമുണ്ടാക്കുന്നതായിരുന്നില്ല. കൗൺസിലിൽ നിന്ന് രാജിക്കുപോലും അദ്ദേഹം ശ്രമിച്ചു. ഇംഗ്ലീഷ് ജീവിതത്തിലെ കെട്ടുപാടുകളെക്കുറിച്ച് പരാതിപ്പെട്ട അദ്ദേഹം വളരെ തിരക്കേറിയ ജോലിസ്ഥലമായ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് പഞ്ചാബിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു. ഇക്കാലത്ത് ബോംബെയുടെ ഗവർണർസ്ഥാനം ലഭ്യമായെങ്കിലും അത് പഞ്ചാബല്ലായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അതേറ്റെടുത്തില്ല.[2]
ഇന്ത്യയുടെ വൈസ്രോയ്
തിരുത്തുകജോൺ പഞ്ചാബിൽ ഭരണത്തിലിരിക്കുന്ന അവസാനകാലത്തുതന്നെ അദ്ദേഹത്തെ ഇന്ത്യയിലെ ഗവർണർ ജനറൽ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.[15] എന്നാൽ പ്രഭുക്കൻമാർക്കുമാത്രമേ ഈ ഉന്നതപദവി നൽകുമായിരുന്നുള്ളൂ എന്ന കീഴ്വഴക്കമുണ്ടായിരുന്നതിനാലാണ് ഈ സ്ഥാനം അദ്ദേഹത്തിന് ലഭിക്കാതെപോയത്. 1863 നവംബറിൽ ഇന്ത്യയുടെ ഗവർണർ ജനറലും വൈസ്രോയിയുമായിരുന്ന എൽജിൻ പ്രഭു രോഗബാധിതനായി മരണമടഞ്ഞു. ഉടൻതന്നെ തൽസ്ഥാനത്തേക്ക് ജോണിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു. 1863-ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമൂലം, കുലമഹിമയല്ല, കാര്യപരിചയം ഉള്ളവരെ വേണം വൈസ്രോയ് സ്ഥാനത്തേക്ക് നിയമിക്കേണ്ടതെന്ന വാദത്തിന് ശക്തി പകർന്നു. 1863 നവംബർ 30-ന് ജോൺ ഇന്ത്യയിലെ വൈസ്രോയിയായി നിയമിക്കപ്പെട്ടു.
ഈ നിയമനത്തിൽ ജോൺ വളരെ സന്തോഷിച്ചു. എന്നാൽ കുടുംബം വീണ്ടും വേർപിരിയുമെന്നും, ജോണിന്റെ ആരോഗ്യകാര്യങ്ങളിലെ ആശങ്കയും മൂലം ഹാരിയറ്റ് ഇതിൽ ദുഃഖിച്ചു. ഹാരിയറ്റിന്റെ നിർബന്ധപ്രകാരം വൈദ്യോപദേശം തേടിയതിനുശേഷമാണ് ജോൺ ഇന്ത്യയിലേക്ക് പോകാൻ തീരുമാനമെടുത്തത്. 1863 ഡിസംബർ 9-ന് അദ്ദേഹം ഇന്ത്യയിലേക്ക് യാത്രയാരംഭിച്ചു. ഗർഭിണിയായിരുന്ന ഹാരിയറ്റും മറ്റു വീട്ടുകാരും ഇംഗ്ലണ്ടിൽ തുടർന്നു. 1864 ശരത്കാലത്ത് അവർക്ക് ഒരു പെൺകുട്ടികൂടി പിറന്നു. ജോൺ ഇന്ത്യയിലെത്തിയതിനു ശേഷം,1865 ഡിസംബറിൽ ഹാരിയറ്റും ഇളയ പെൺകുട്ടിയും ഇന്ത്യയിലേക്ക് വരുകയും ജോണിന് കുടുംബജീവിതം തുടരാനാകുകയും ചെയ്തു.
1864 ജനുവരി 12-നാണ് ജോൺ കൽക്കത്തയിലെത്തിയത്. അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിന് എത്രയും പെട്ടെന്ന് ലാഹോറിലേക്കെത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ജോൺ ഇന്ത്യയിലെത്തുംമുമ്പേ അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. എൽജിൻ പ്രഭുവിന്റെ മരണത്തിനുശേഷം കൽക്കത്തയിലെ ഭരണനടപടികളിൽ കുടിശ്ശികകൾ തീർക്കുക എന്നതായി അദ്ദേഹത്തിന്റെ പ്രധാനജോലി. ഷർട്ട്സ്ലീവ്സും സ്ലിപ്പറും വേഷമാക്കി അർദ്ധരാത്രിവരെയിരുന്ന് ജോൺ ജോലി ചെയ്തു. ഇടക്കൊക്കെ ഏതെങ്കിലും സന്ദർശകരെ കാണാനുണ്ടെങ്കിൽ ആ വേഷത്തിൽത്തന്നെ കാണുമായിരുന്നു. മുൻ ഗവർണർ ജനറൽമാരിൽ നിന്ന് വ്യത്യസ്തമായി നഗരത്തിലൂടെ അദ്ദേഹത്തിന് നടത്തം പതിവായിരുന്നു. ഇത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു.
തന്റെ ഓഫീസിന്റെ പ്രവർത്തനച്ചെലവ് അദ്ദേഹം കുറച്ചുകൊണ്ടുവന്നു. സർക്കാർ കാര്യാലയങ്ങളിൽ പ്രാർത്ഥനകൾക്ക് ഏർപ്പാട് ചെയ്തു. മിക്ക ജോലിക്കാർക്കും ഞായറാഴ്ച അവധി നൽകി. അദ്ദേഹത്തിന്റെ സാമ്പത്തിക നടപടികളും മതാഭിനിവേശവും മൂലം തദ്ദേശീയ പത്രങ്ങൾ പ്യൂറിറ്റൻ (puritan) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
വർഷാവർഷം ചൂടുകാലത്ത് തലസ്ഥാനം സിംലയിലേക്ക് മാറ്റുന്ന നടപടി ആരംഭിച്ചത് ജോൺ ആയിരുന്നു. 1870-കളോടെ സിംല ഒരു വേനൽക്കാലതലസ്ഥാനമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 1864-ലാണ് ആദ്യമായി 484 പേരടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ സിംലയിലേക്ക് യാത്ര ചെയ്തത്. 1864-ൽത്തന്നെ സിംലയിൽ ഒരു സൈനിക ആസ്ഥാനം സ്ഥിരമായി തുടങ്ങാനും തീരുമാനമായി.
നാട്ടുരാജാക്കൻമാരെ വിളിച്ചുകൂട്ടി മഹാദർബാർ നടത്തുന്ന പതിവാരംഭിച്ചതും ജോണിന്റെ വൈസ്രോയ് കാലയളവിലാണ്. 1864-ലെ ശരത്കാലത്ത് ലാഹോറിലാണ് ആദ്യത്തെ മഹാദർബാർ നടന്നത്. താൻ ലെഫ്റ്റനന്റ് ഗവർണറായിരിക്കേ നിർമ്മാണദ്ഘാടനം നടത്തിയ ലാഹോർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് അദ്ദേഹം 1864-ൽ തന്റെ ഇഷ്ടനഗരമായ ലാഹോറിൽ ചെന്നിറങ്ങിയത്. ലാഹോറിൽ തന്റെ പേരിലുള്ള ലോറൻസ് ഹോളിന്റെ ഉദ്ഘാടനവും അദ്ദേഹം ഈ സന്ദർശനത്തിൽ നടത്തി. ഏതാണ് 600-ഓളം നാട്ടുരാജാക്കന്മാരും അവരുടെ അനുചരൻമാരും എൺപതിനായിരത്തോളം പട്ടാളക്കാരും ലാഹോറിലെ ഈ മഹാദർബാറിൽ പങ്കെടുത്തിരുന്നു. ഈ സമയത്ത് അദ്ദേഹം നിരവധി നാട്ടുരാജാക്കന്മാരുമായി ചർച്ചകൾ നടത്തുകയും കപൂർത്തലയിലെ രാജാവിന് സ്റ്റാർ ഓഫ് ഇന്ത്യ ബഹുമതി സമ്മാനിക്കുകയും ചെയ്തു. രഞ്ജിത് സിങ് സൈനികപരിശോധനക്കുപയോഗിച്ചിരുന്ന, ലാഹോറിന് വടക്കുവശത്തുള്ള മൈതാനത്താണ് മഹാദർബാർ നടന്നത്. രാജ്ഞിയുടെ പ്രതിനിധിയായി വൈസ്രോയ് പ്രധാന സിംഹാസനത്തിൽ ഇരിക്കുകയും ഒരു വശത്ത് നാട്ടുരാജാക്കന്മാർ അവരുടെ റാങ്കനുസരിച്ചും മറുവശത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇരുന്നുകൊണ്ടായിരുന്നു മഹാദർബാർ നടന്നിരുന്നത്. ജമ്മു കശ്മീരിലെ രൺബീർ സിങ് ആയിരുന്നു ഈ മഹാദർബാറിൽ ഏറ്റവും ഉയർന്ന സ്ഥാനക്കാരനായ രാജാവ്. ഹിന്ദുസ്ഥാനിയിലാണ് ജോൺ ഈ ദർബാറിൽ പ്രസംഗിച്ചത്. ദർബാറിൽ മുഗൾ ശൈലിയിലുള്ള കാഴ്ചസമർപ്പിക്കലും (നസർ) തിരിച്ച് ഖെലാത്ത് സമ്മാനിക്കൽ ചടങ്ങുമുണ്ടായിരുന്നു. പഞ്ചാബ് ഭരണകാലത്ത് ജോൺ വളരെ വിമർശിച്ച ചടങ്ങായിരുന്നു ഇത്. 1857-ലെ ലഹളക്കുശേഷം നാട്ടുരാജാക്കന്മാരുടെ പ്രാധാന്യം കൂടുതൽ ജോണിന് ബോദ്ധ്യപ്പെട്ടുവെന്ന് വിലയിരുത്തപ്പെടുന്നു. മുൽത്താനിലേക്കുള്ള റെയിൽവേബന്ധവും ജോൺ ഈ സമയത്ത് ഉദ്ഘാടനം ചെയ്തു.[2]
മാറുന്ന ഭരണരീതി
തിരുത്തുകതന്റെ കീഴിൽ തന്റെ ഇഷ്ടപ്രകാരമുള്ള ഒരേപോലെയുള്ള ഭരണം എന്ന പറ്റേണൽ ഭരണരീതി വേണമെന്ന് മുമ്പ് ശഠിച്ചിരുന്ന ജോണിന് അതിൽനിന്ന് ഏറെ വ്യത്യസ്തമായി വിവിധതരത്തിലുള്ള ഭരണസംവിധാനങ്ങളുടെ തലപ്പത്തിരിക്കേണ്ട അവസ്ഥയാണ് വൈസ്രോയ് സ്ഥാനത്തെത്തിയപ്പോൾ സംഭവിച്ചത്. ബോംബെ, മദ്രാസ് പ്രെസിഡൻസികളിലെ ഏറെ സ്വയംഭരണാവകാശമുള്ള ഗവർണർമാർ, തന്റെ കീഴിലുള്ള വിവിധ പ്രവിശ്യകളിലെ ലെഫ്റ്റനന്റ് ഗവർണർമാരും കമ്മീഷണർമാരും, വിവിധ നാട്ടുരാജ്യങ്ങളിലെ റെസിഡന്റുമാരും ഏജന്റുമാരും, ഭരണനിർവഹണത്തിനും നിയമനിർമ്മാണത്തിനുമായി, വിവിധ മേഖലകളിൽനിന്നുള്ള അംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൗൺസിലുകൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ഒത്തുകൊണ്ടുപോകുക എന്നത് അദ്ദേഹത്തിന് ഏറെ വിഷമമുള്ള കാര്യമായിരുന്നു. ഇതിനുംപുറമേ ബ്രിട്ടണിലെ ഇന്ത്യക്കുവേണ്ടിയുള്ള വിദേശകാര്യസെക്രട്ടറിയായിരുന്ന ചാൾസ് വുഡിന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കുകയും വേണമായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് കൽക്കത്തയും ലണ്ടനും ടെലിഗ്രാഫ് വഴി ബന്ധിക്കപ്പെട്ടിരുന്നതിനാൽ ലണ്ടനിൽ നിന്നുള്ള ഈ നിയന്ത്രണം ഇക്കാലത്ത് കാര്യമായി വർദ്ധിച്ചിരുന്നു.
കമാൻഡർ ഇൻ ചീഫായിരുന്ന ഹ്യൂ റോസ്, കൌൺസിലിലെ സൈനിക അംഗമായിരുന്ന റോബർട്ട് നേപ്പിയർ, ബോംബെയിലെ ഗവർണറായിരുന്ന ബാർട്ടിൽ ഫ്രേർ എന്നിവരൊഴികെയുള്ള കൌൺസിൽ അംഗങ്ങളുമായി രമ്യതയിലായിരുന്നു ജോൺ മുന്നേറിയിരുന്നത്. സൈന്യത്തിലെ ശമ്പളം, സൈന്യത്തിന്റെ വിന്യാസാനുപാതം പോലെയുള്ള സിവിൽ കാര്യങ്ങളിൽ കൌൺസിൽ തീരുമാനത്തിന് വിരുദ്ധമായി കമാൻഡർ-ഇൻ-ചീഫ് നടപടികളെടുക്കുന്നതായിരുന്നു അവർ തമ്മിലുള്ള തർക്കത്തിന് കാരണം. ബാർട്ടിൽ ഫ്രെറുമായുള്ള പ്രശ്നം, അദ്ദേഹത്തിന്റെ നിയന്ത്രണംവിട്ട ചെലവുകൾ സംബന്ധിച്ചതായിരുന്നു. ചെലവുകൾ സംബന്ധിച്ച് ജോൺ നൽകിയ മാർഗ്ഗരേഖകൾ ഫ്രേർ അവഗണിച്ചത്, ജോണിനെ ചൊടിപ്പിച്ചു. ഇക്കാലത്തെ ഗവർണർ ജനറൽ പദവി, റോസാപ്പൂമെത്തയല്ലെന്നും, നാലുപാടുംനിന്നുള്ള പ്രശ്നങ്ങളാൽ മുഖരിതമാണെന്നുമായിരുന്നു ജോണിന്റെ വിലയിരുത്തൽ.
ബംഗാൾ പ്രസിഡൻസിയുടെയും വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളിലെയും ഭരണസംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട വികേന്ദ്രീകരണത്തിന് ഊന്നൽ നൽകുന്ന മാറ്റങ്ങൾ ജോൺ എതിർത്തിരുന്നു. ബംഗാളിൽ, ലെഫ്റ്റനന്റ് ഗവർണർ ഭരണത്തിനു പകരം, ബോംബെയിലെയും മദ്രാസിലെയും പോലെ കൂടുതൽ സ്വാതന്ത്ര്യമുള്ള ഗവർണർ ഭരണത്തിന് ശുപാർശ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ഒറ്റ ഭരണകേന്ദ്രമുണ്ടാകണമെന്നും അത് ഗവർണർ ജനറൽ ആയിരിക്കണമെന്നുമായിരുന്നു ജോണിന്റെ അഭിപ്രായം. തന്റെ കീഴിലുള്ളവർ നിർദ്ദേശപ്രകാരം ഭരണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. കൗൺസിൽ അംഗമായിരുന്ന ഹെൻറി മെയ്ൻ, ബോംബെയുടെ ഗവർണറായിരുന്ന ബാർട്ടിൽ ഫ്രേർ എന്നിവരായിരുന്നു ബ്രിട്ടീഷ് ഭരണരീതിയിലെ വികേന്ദ്രീകരണത്തിന് വേണ്ടി വാദിച്ചിരുന്നവരിൽ പ്രമുഖർ. വൈസ്രോയിയുടെ ശാസനപ്രകാരമുള്ള ഭരണത്തിനുപകരം വിശാലമായ അഭിപ്രായസമന്വയത്തീലൂടെയുള്ള ഭരണം വേണമെന്നാണഅ ഇരുവരും വാദിച്ചിരുന്നത്. ജോൺ വൈസ്രോയുടെ അധികാരക്കുറവിനെക്കുറിച്ച് വെറുതേ പെരുപ്പിച്ചുകാട്ടുകയാണെന്നും ഇവർ അഭിപ്രായപ്പെട്ടു. വൈസ്രോയ്ക്ക് ലെഫ്റ്റനന്റ് ഗവർണർമാരുടെയും ചീഫ് കമ്മീഷണർമാരുടെയും മേലുള്ള അധികാരം മാത്രമല്ല, ബോംബെയിലെയും മദ്രാസിലെയും ബംഗാളിലെയും ഗവർണർമാരുടെ ധനകാര്യങ്ങളിൽ നിയന്ത്രണവും അതിലൂടെ ഇന്ത്യയൊട്ടാകെയുള്ള പൊതുമരാമത്തുപണികളുടെ പൂർണ്ണനിയന്ത്രണമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ബംഗാളിലും മറ്റും കുറച്ചുപേരടങ്ങിയ ഒരു കൗൺസിലിന്റെ കീഴിലായിരുന്നെങ്കിൽ മെച്ചപ്പെട്ട ഭരണം നടന്നേനെ എന്ന് ഫ്രേർ 1867-ൽ അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബിലും വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലും വ്യക്തികേന്ദ്രീകൃതഭരണത്തിനുപകരം കൗൺസിൽ രീതിയിലുള്ള ഭരണവ്യവസ്ഥകൾ വേണെമെന്നും, വ്യക്തികേന്ദ്രീകൃതഭരണമാണ് വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ലഹളയുണ്ടാകാൻ കാരണമായതെന്നും ഫ്രേർ അഭിപ്രായപ്പെട്ടു.
പഞ്ചാബിന്റെ ഭാഗമായിരുന്ന പെഷവാർ ഡിവിഷന്റെ കമ്മീഷണറായിരുന്ന മേജർ ജെയിംസ്, മേഖലയിലെ പ്രത്യേകതകൾ കാരണം സിവിൽ ജോലികളും രാഷ്ട്രീയ-സൈനികജോലികളും ഒരുമിച്ച് നടത്തിക്കൊണ്ടുപോകുന്നത് അസാധ്യമാണെന്ന് കാണിച്ച്, ഒന്നുകിൽ പെഷവാറിനൊപ്പം ദേര ഇസ്മയിൽഖാൻ കൂടി കൂട്ടിച്ചേർത്ത് അവിടെ ഒരു പ്രത്യേകം ചീഫ് കമ്മീഷണറെ നിയോഗിക്കുകയോ അല്ലെങ്കിൽ നീതിന്യായനടപടികൾക്കായി പെഷവാറിൽ ഒരു പ്രത്യേകം ഓഫീസറെ നിയോഗിക്കുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടു. എല്ലാ അധികാരങ്ങളോടും കൂടിയ ഒറ്റക്കമ്മീഷണർ എന്ന ജോണിന്റെ ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട്, പഞ്ചാബിന്റെ ലെഫ്റ്റനന്റ് ഗവർണറും ഒപ്പം വൈസ്രോയിയായിരുന്ന ജോണും ഈ നിർദ്ദേശത്തെ എതിർത്തു. ജെയിംസിന്റെ നിർദ്ദേശം നടപ്പാക്കിയാൽ അത് സിന്ധിന്റെ അതിർത്തികളിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നും ഭരണരീതികളിൽ മൊത്തം മാറ്റം വരുത്തേണ്ടിവരുമെന്നും വലിയ ഭരണച്ചെലവിന് കാരണമാകുമെന്നും ജോൺ കണക്കാക്കി. അതിർത്തിയിലെ സിവിൽ ഉദ്യോഗസ്ഥർ ഗോത്രവർഗ്ഗക്കാരുടെ കാര്യങ്ങളിൽ അനാവശ്യഇടപെടൽ നടത്തുന്നതുകൊണ്ടാണ് അവർക്ക് രാഷ്ട്രീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരുന്നതെന്നായിരുന്നു ജോണിന്റെ അഭിപ്രായം. തന്റെ ഉദ്യോഗസ്ഥരോട് കൂടുതലായി ദൈനംദിന ഭരണകർത്തവ്യങ്ങളിൽ മുഴുകാനും കൂടുതൽ സാഹസികതക്ക് മുതിരരുതെന്നുമായിരുന്നു ജോണിന്റെ ഉപദേശം.
ഇതേസമയം മെയ്നും ഫ്രേറും പോലെയുള്ള പരിഷ്കരണവാദികൾ ജെയിംസിന്റെ നിർദ്ദേശത്തോട് അനുകൂലമായി വാദിച്ചു. തന്റെ പഞ്ചാബ് ഭരണകാലത്ത് ജോൺ അവിടെ ആവിഷ്കരിച്ചിരുന്ന, സർക്കാരിന്റെ വിവിധ ചുമതലകളായ രാഷ്ട്രീയ, ധനകാര്യ, ഭരണ, നീതിന്യായ ഘടകങ്ങൾ ഒരേ വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന രീതി, തദ്ദേശീയ രാജാക്കന്മാരുടെ അരാജകത്വത്തിൽനിന്ന് മോചനം നേടുന്ന രാജ്യങ്ങളിൽ തൽക്കാലത്തേക്ക് നടപ്പാക്കാൻ ഏറ്റവും യോജിച്ചതാണെങ്കിലും ആ രീതി അനാവശ്യമായി കാലാകാലത്തോളം തുടർന്നുപോകുന്നത് നീതീകരിക്കാവുന്നതല്ലെന്നാണ് ഹെൻറി മേയ്ൻ അഭിപ്രായപ്പെട്ടത്. എന്തായാലും 1901-ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയെ ചീഫ് കമ്മീഷണർ ഭരണത്തിലുള്ള ഒരു പ്രവിശ്യയായി മാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത് ജെയിംസിന്റെയും മേയ്നിന്റെയും വാദങ്ങളാണ്.
ലെഫ്റ്റനന്റ് ഗവർണർ പോലുള്ള വ്യക്തിഗതഭരണാധികാരികളുടെ ഏകാധിപത്യരീതികൾ, പ്രത്യേകിച്ചും ജോണിന്റെ വൈസ്രോയ് കാലയളവിലുണ്ടായ ഒറീസ്സ ക്ഷാമത്തിനുശേഷം കൂടുതലായി വിമർശനവിധേയമായി. ലെഫ്റ്റന്റ് ഗവർണർക്ക് ഒരു എക്സിക്യൂട്ടീവ് കൌൺസിൽ ഉണ്ടായിരുന്നെങ്കിൽ കൂടുതലാളുകളെ മരണത്തിൽ നിന്ന് രക്ഷിക്കാമായിരുന്നു എന്നായിരുന്നു വാദിക്കപ്പെട്ടത്.
ലഹളക്കാലത്ത് പഞ്ചാബിൽ തദ്ദേശീയരുടെ കൂറ് നിലനിർത്താനായതിന്റെയും മറ്റും പേരിൽ ഇതിനെത്തുടർന്ന് പഞ്ചാബിൽ ജോൺ ആവിഷ്കരിച്ച പിതൃഭാവഭരണരീതികൾ പ്രകീർത്തിക്കപ്പെടുകയും, 1859-ലെ റെന്റ് ആക്റ്റ് അനുസരിച്ച് ബംഗാളിൽ വരെ കളക്റ്ററുടെയും മജിസ്ട്രേറ്റിന്റെയും അധികാരങ്ങൾ ഏകീകരിക്കുക വരെ ചെയ്തു. ഈ ഭരണരീതിയുടെ വക്താവായ ജോണിന്റെ ഗവർണർ ജനറൽ ആയുള്ള നിയമനം അതിന് കൂടുതൽ പ്രചാരം സിദ്ധിക്കുമെന്ന് കരുതപ്പെട്ടെങ്കിലും, 1860-കളിലെയും 70-കളിലെയും നിലവിൽ വന്ന പുതിയ നിയമങ്ങൾ എല്ലാ അധികാരങ്ങളോടും കൂടിയ വ്യക്തിഗതഭരണത്തിൽ നിന്ന് കൂടുതൽ വികേന്ദ്രീകൃതമായ ഭരണത്തിലേക്ക് മാറാൻ കാരണമായി. ആധുനികവൽക്കരണത്തിനും സാമ്പത്തികവികസനത്തിനും ഇതാണ് നല്ലതെന്ന് ഇക്കാലത്ത് വിലയിരുത്തപ്പെട്ടു. താൻ പിന്തുടർന്ന ഭരണരീതിയെ ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾക്ക് ജോണിനുതന്നെ തുടക്കംകുറിക്കേണ്ടിവന്നു എന്നത് ഒരു വിധിവൈപരീത്യമായിരുന്നു. 1857-ലെ ലഹളക്കു ശേഷം ഇന്ത്യയിലെ ഭരണരീതി തദ്ദേശീയരാജാക്കാൻമാരോട് കൂടുതൽ സഹകരിച്ചുകൊണ്ടുള്ള സമവായശൈലിയിലേക്ക് മാറുകയായിരുന്നു. ജോണിന്റെ വൈസ്രോയ് കാലഘട്ടം, പറ്റേണലിസ്റ്റ് ഭരണരീതിയെ നിലനിർത്താനായുള്ള പ്രതിരോധത്തിന്റെ കാലഘട്ടമായി വിലയിരുത്തുന്നു.[2]
നയതന്ത്രം
തിരുത്തുകകിഴക്ക് ബർമ്മ മുതൽ പടിഞ്ഞാറ് പേർഷ്യൻ ഗൾഫിലെ ഏദൻ വരെ വിശാലമായിക്കിടക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ അയൽരാജ്യങ്ങളുമായി നയതന്ത്രജോലികളും ജോണിന്റെ ജോലിയുടെ ഭാഗമായിരുന്നു. റഷ്യയുടെ മദ്ധ്യേഷ്യയിലേക്കുള്ള വികാസവും, അതിനനുസരിച്ച് അഫ്ഗാനിസ്താനിലും വടക്കുപടിഞ്ഞാറൻ അതിർത്തിയിലും കൈക്കൊള്ളേണ്ട നടപടികളായിരുന്നു ജോണിന് കൈകാര്യം ചെയ്യേണ്ടിയിരുന്ന പ്രധാന നയതന്ത്രവിഷയം. (വൻകളി കാണുക). ജോൺ വൈസ്രോയിയായ കൊല്ലം റഷ്യയുടെ മുന്നേറ്റം അതിവേഗമായിരുന്നു. അഫ്ഗാനിസ്താന്റെ തൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. 1865 - 1867-നുമിടയിൽ ഖോഖാൻ, താഷ്കെന്റ്, സമർഖണ്ഡ്, ബുഖാറ എന്നിവ റഷ്യൻ നിയന്ത്രണത്തിലായി.
റഷ്യൻ മുന്നേറ്റനയത്തിനെതിരെ പ്രതികരിക്കുന്നതിൽ ബ്രിട്ടീഷുകാർക്കിടയിൽ രണ്ട് വീക്ഷണങ്ങളുണ്ടായിരുന്നു. സിന്ധ് വീക്ഷണം എന്നും പഞ്ചാബ് വീക്ഷണം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു. സിന്ധിൽ നിന്നുള്ള ആക്രമണമാണ് ഒന്നാമത്തെ നയത്തിന്റെ വക്താക്കൾക്കുണ്ടായിരുന്നത്. ക്വെത്ത, ബലൂചിസ്താൻ വഴി ബോലൻ ചുരത്തിലൂടെ അഫ്ഗാനിസ്താനിൽക്കടന്ന് ഹെറാത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയും അഫ്ഗാനിസ്താനിൽ ബ്രിട്ടീഷ് നയതന്ത്രോദ്യോഗസ്ഥരെ ഏർപ്പെടുത്തുകയും ഖീവ പോലെയുള്ള നഗരങ്ങളിൽ ബ്രിട്ടീഷ് പ്രതിനിധിസാന്നിദ്ധ്യം വേണമെന്നും ഈ നയത്തിന്റെ വക്താക്കൾ അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് നിയന്ത്രണം അനിവാര്യമാണെന്നും ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കാതെ റഷ്യക്കാരെയും പേർഷ്യക്കാരെയും അഫ്ഗാനിസ്താനിൽ വച്ചാണ് നേരിടേണ്ടതെന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം.
ജോൺ വ്യത്യസ്തമായ പഞ്ചാബ് ശൈലിയുടെ വക്താവായിരുന്നു. 1857-ലെ ലഹളക്കാലത്ത് അദ്ദേഹം സ്വീകരിച്ച നടപടിയുടെ തുടർച്ച തന്നെയായിരുന്നു അത്. നിലവിൽ സുലൈമാൻ മലനിരകളെ അതിർത്തിയാക്കുന്നതിനു പകരം സിന്ധൂനദിയെ അതിർത്തിയായി നിർത്തിക്കൊണ്ട് പ്രതിരോധിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഓക്ക്ലന്റിന്റെ അഫ്ഗാനിസ്താൻ ആക്രമണവും 1841-ലെ പരാജയവുമാണ് ജോണിനെ ഈ നയത്തിലേക്കെത്തിച്ചതിന്റെ പ്രധാനകാരണം. വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളിലെ തന്റെ തന്നെ അനുഭവവും ഇതിന് കാരണമായി. തുർക്കിസ്താനിലെ റഷ്യൻ മുന്നേറ്റങ്ങൾ കണ്ട് അദ്ദേഹം വിളറിപിടിച്ചില്ല. സംഭവങ്ങൾ വീക്ഷിച്ചുകൊണ്ട് സംയമനത്തോടെ നിൽക്കുന്ന നയം അദ്ദേഹം സ്വീകരിച്ചു. ഈ നയത്തിന്റെ വക്താക്കൾ ഇതിനെ കരുതിക്കൂട്ടിയുള്ള നിഷ്ക്രിയത്വം (മാസ്റ്റെർലി ഇനാക്റ്റിവിറ്റി - ഇംഗ്ലീഷ്: Masterly inactivity) എന്നുപറയാറുണ്ട്. പടിഞ്ഞാറുള്ള സംഭവവികാസങ്ങൾ കൊണ്ട് റഷ്യ സ്വയം ഒതുങ്ങിക്കോളുമെന്ന് ജോൺ വിശ്വസിച്ചു. അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി. ഏറെ സമ്മർദ്ദങ്ങളുണ്ടായിരുന്നിട്ടും, ദോസ്ത് മുഹമ്മദിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു പുത്രൻമാർ തമ്മിലുള്ള അവകാശത്തർക്കത്തിൽ ഇടപെടാനും ജോൺ വിസമ്മതിച്ചു. ഇന്ത്യയിലെ മികച്ച ആഭ്യന്തരഭരണവും, കുറഞ്ഞ സപ്ലൈലൈനുള്ള മികച്ച സേനയും എതിരാളികളെ അഫ്ഗാനിസ്താനിലൂടെയുള്ള ഒരു മുന്നേറ്റത്തിന് പ്രേരിപ്പിക്കുകയേയില്ലെന്നായിരുന്നു ജോണിന്റെ കണക്കുകൂട്ടൽ. അദ്ദേഹത്തിന്റെ വൈസ്രോയ് കാലഘട്ടത്തിൽ മുഴുവനും ഈ നയത്തിനെതിരെ വിമർശനങ്ങളുണ്ടായെങ്കിലും ജോണിനെത്തുടർന്നു വന്ന വൈസ്രോയിമാരും ഈ നയം തന്നെ പിന്തുടർന്നു. 1878-ൽ ലിട്ടൻ പ്രഭുവാണ് ഇതിനൊരു മാറ്റം വരുത്തിയത്. അതിന്റെ അനന്തരഫലങ്ങളും വിനാശകരമായിരുന്നു. (രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം കാണുക.)[2]
മറ്റു ഭരണനടപടികൾ
തിരുത്തുകകർഷകരും ജന്മികൾക്കുമിടയിലുള്ള ഭൂവുടമാവകാശം നിശ്ചയിക്കുന്നതിനായുള്ള പല നിയമങ്ങളും ജോണിന്റെ ഭരണകാലത്ത് നിലവിൽവന്നു. 1868-ലെ അവധിലെ റെന്റ് ആക്റ്റ്, പഞ്ചാബ് ടെനൻസി ആക്റ്റ് തുടങ്ങിയവ ഇക്കൂട്ടത്തിലുള്ളതാണ്. ഭരണമേഖലയിലായിരുന്നു ജോണിന്റെ ശക്തി. ഈ മേഖലയിലെ അദ്ദേഹത്തിന്റെ വിജയങ്ങൾ പലതും വിമർശകർ പലപ്പോഴും അദ്ദേഹത്തിന്റെയും ഹെൻറിയുടെയും പഞ്ചാബ് നയങ്ങളുടെ വിപുലീകരണം മാത്രമായി താഴ്ത്തിക്കെട്ടാറുണ്ട്. ഇന്ത്യയിലെ വനവകുപ്പിന്റെ പുനഃക്രമീകരണം, ഇന്ത്യൻ നഗരങ്ങളിൽ ഹെൽത്ത് ഓഫീസർമാരെ നിയമിച്ച നടപടി, കൂടുതൽ ആരോഗ്യപ്രദമായ മെച്ചപ്പെട്ട പട്ടാളബാരക്കുകളുടെ നിർമ്മാണം, ഇന്ത്യൻ ജയിലുകളുടെ പുനരുദ്ധാരണം, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സഹായധനം നൽകുന്ന സമ്പ്രദായം, വരുമാനനികുതിസമ്പ്രദായത്തിന് ആരംഭം കുറിക്കൽ തുടങ്ങിയവ ജോണിന്റെ ഭരണനടപടികളിൽ ഉൾപ്പെടുന്നു.[2]
അവസാനവർഷങ്ങൾ
തിരുത്തുക1869 ജനുവരിയിൽ കാലാവധി പൂർത്തിയാക്കിയ ജോൺ തന്റെ വൈസ്രോയ് സ്ഥാനം മേയോ പ്രഭുവിന് കൈമാറി ജനുവരി 19-ന് ഇംഗ്ലണ്ടിലേക്ക് മടങ്ങി സിലോണിൽ ഒരാഴ്ച തങ്ങിയതിനുശേഷം മാർച്ചിൽ നാട്ടിലെത്തി. നാട്ടിലെത്തിയ ഉടനെതന്നെ ലോഡ് ലോറൻസ് ഓഫ് ദ പഞ്ചാബ് ആൻഡ് ഓഫ് ഗ്രേറ്റ്ലി എന്ന പേരിൽ പ്രഭുസ്ഥാനം ലഭിച്ചു. ഇതിലെ രണ്ടാമത്തെ പേര്, സഹോദരി ലെറ്റീഷ്യ അദ്ദേഹത്തിനുവേണ്ടി എഴുതിവച്ച സാലിസ്ബറി പ്ലെയിനിലെ ഒരു ചെറിയ എസ്റ്റേറ്റിന്റെ പേരിൽനിന്നാണ്. അദ്ദേഹം വൈസ്രോയ് ആയിരുന്ന കാലത്തുതന്നെ സഹോദരി ലെറ്റീഷ്യ മരിച്ചിരുന്നു. ഇത് അദ്ദേഹത്തിന് കനത്ത മാനസിഘാതാമുണ്ടാക്കിയിരുന്നു.
കെൻസിങ്ടണിലായിരുന്നു ജോണും കുടുംബവും വസിച്ചിരുന്നത്. ഇക്കാലത്ത് ലണ്ടൻ സ്കൂൾ ബോർഡിന്റെ കെൻസിങ്ടണിൽനിന്നുള്ള ആദ്യത്തെ പ്രതിനിധിയായി ജോൺ തെരഞ്ഞെടുക്കപ്പെട്ടു. ഗ്വിൽഡ്ഹോളിൽ നടന്ന ബോർഡിന്റെ ആദ്യത്തെ യോഗത്തിൽത്തന്നെ ജോൺ ബോർഡിന്റെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ സഹപ്രവർത്തകരെയും തിരസ്കരിച്ച് മുഴുവൻ അധികാരവും തന്നിൽ കേന്ദ്രീകരിച്ച് കാര്യങ്ങൾ നടത്തുക എന്ന വാഞ്ഛയായിരുന്നു അദ്ദേഹം അവിടെ പ്രകടിപ്പിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി ചെയർമാൻ സ്ഥാനത്തെത്തിയ എഡ്വേഡ് ബക്സ്റ്റൻ പറയുന്നത്. ചെയർമാൻ സ്ഥാനത്ത് മൂന്നുവർഷം എന്ന മുഴുവൻ കാലാവധിയും അദ്ദേഹം പൂർത്തിയാക്കി. നോർത്ത് ബ്രിട്ടീഷ് ഇൻഷുറൻസ് കമ്പനിയുടെ ബോർഡ് അംഗമായും 1870-കളിൽ ചർച്ച് മിഷണറി സൊസൈറ്റിയിലും അദ്ദേഹം പ്രവർത്തിച്ചു. കെൻസിങ്റ്റണിനലെ ഹോം ഫോർ ക്രിപ്പിൾഡ് ബോയ്സിനെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കുന്നതിലും ഈസ്റ്റ് എൻഡിലെ തൊഴിലാളിസ്ത്രീകൾക്ക് സഹായം നൽകുന്നതിനുള്ള ഒരു പദ്ധതിയിലും ഭാഗഭാക്കായി.
1873-ൽ കാഴ്ചക്കുറവ് അന്ധതയുടെ വക്കിലെത്തി. ഒരു ശസ്ത്രക്രിയ നടത്തിയത് വഴി താൾക്കാലികമായി പരിപൂർമായും അന്ധനാകുകയും മാസങ്ങളോളം വേദന സഹിക്കേണ്ടിവരുകയും ചെയ്തു. തുടർന്ന് ഒരു കണ്ണിന് കാഴ്ച പൂർണ്ണമായി ഇല്ലാതാകുകയും മറ്റേതിൽ തിമിരം അവശേഷിക്കുകയും ചെയ്തു. രണ്ടാമത് ഒരു ശസ്ത്രക്രിയയിലൂടെ തിമിരം നീക്കിയെങ്കിലും കാഴ്ച മോശമായിരുന്നു. എങ്കിലും കാണാം എന്ന അവസ്ഥയിലെത്തി. എന്നാലും ഇക്കാലത്തും അദ്ദേഹം പത്രങ്ങളും പുസ്തകങ്ങളും ഏറെ വായിച്ചുകേൾക്കുകയും മറ്റുള്ളവരെക്കൊണ്ട് എഴുതിക്കുകയും ചെയ്തിരുന്നു.[22]
പ്രഭുസഭയിലെ പ്രവർത്തനങ്ങൾ
തിരുത്തുകപ്രഭുസഭയിൽ ജോൺ ഒരു ക്രോസ്ബെഞ്ചർ അഥവാ സ്വതന്ത്രനായിരുന്നു. ഇന്ത്യയെ സംബന്ധിച്ച കാര്യങ്ങളിലല്ലാതെ അദ്ദേഹം വിരളമായേ സംസാരിച്ചിരുന്നുള്ളൂ. ഇന്ത്യപ്പറ്റിയുള്ള കാര്യങ്ങളിൽത്തന്നെയായിരുന്നു ജീവിതാവസാനംവരെ അദ്ദേഹത്തിന്റെ താൽപര്യം. 1874-ൽ ബെഞ്ചമിൻ ഡിസ്രയേലി ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുകയും സാലിസ്ബറി പ്രഭു ഇന്ത്യക്കുവേണ്ടിയുള്ള സെക്രട്ടറിയാകുകയും 1876-ൽ ലിട്ടൻ പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേൽക്കുകയും ചെയ്തതോടെ ഇന്ത്യയിൽ റഷ്യക്കെതിരെ അഫ്ഗാനിസ്ഥാനിലൂടെയുള്ള സൈനികമുന്നേറ്റത്തിന് വീണ്ടും അരങ്ങൊരുങ്ങി. ക്വെത്ത പിടിച്ചടക്കുക, ബോലൻ ചുരത്തിന്റെ ചുവട് വരെ റെയിൽവേബന്ധം സ്ഥാപിക്കുക, ഹെറാത്തിലും കന്ദഹാറിലും കാബൂളിലും ഇംഗ്ലീഷ് പ്രതിനിധികളെ നിയോഗിക്കുക തുടങ്ങിയ നടപടികളിലൂടെ അഫ്ഗാനിസ്താനിൽ ബ്രിട്ടീഷ് നിയന്ത്രണം വർദ്ധിപ്പിച്ച് അവിടെ റഷ്യക്കെതിരെ പ്രതിരോധം തീർക്കുക എന്നതായിരുന്നു ഈ കാഴ്ചപ്പാട്. ജോണിന്റെ നയമായ കരുതിക്കൂട്ടിയുള്ള നിഷ്ക്രിയത്വം (masterly inactivity) തുടരണമെന്ന് വാദിച്ച് ജോണും അദ്ദേഹത്തിന്റെ അനുഗാമികളും ഒരു വർഷത്തോളം ശബ്ദമുയർത്തി. എങ്കിലും സർക്കാർ മുന്നേറ്റനയത്തിന് പച്ചക്കൊടി കാട്ടുകയും തുടർന്ന് അതൊരു യുദ്ധത്തിന് വഴിതെളിക്കുകയും ചെയ്തു. ജോൺ അവസാനമായി ഇടപെട്ട രാഷ്ട്രീയപ്രശ്നമായിരുന്നു ഇത്.
അഫ്ഗാൻ അതിർത്തിയിൽ യുദ്ധമാരംഭിക്കാനുള്ള സ്ഥിതി സംജാതമായപ്പോൾത്തന്നെ ജോണും അദ്ദേഹത്തിന്റെ അനുയായികളും, യുദ്ധം ഒരു വിഡ്ഢിത്തമായിരിക്കും എന്ന് ഡിസ്രയേലിയെയും മന്ത്രിമാരെയും ബോദ്ധ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തി. പുതിയ ഗവർണർ ജനറലായി നിയമിതനായ ലിട്ടൺ പ്രഭുവുമായി അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പുതന്നെ ജോൺ അതിർത്തികാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ജോണിന്റെ വീക്ഷണങ്ങൾ തനിക്ക് പരിചിതമാണ് എന്നഭിപ്രായപ്പെട്ട് ലിട്ടൻ പിൻമാറുകയായിരുന്നു. ബ്രിട്ടീഷ് നയതന്ത്രസംഘത്തിന് അഫ്ഗാനിസ്താനിലേക്ക് മുന്നേറാൻ അനുമതി നിഷേധിക്കപ്പെട്ട വിവരം ലണ്ടനിൽ കിട്ടിയപ്പോൾ, അഫ്ഗാനിസ്താനിൽനിന്ന് അകന്നുനിൽക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിനായുള്ള എഴുത്തുകളുടെ ഒരു പരമ്പരതന്നെ ജോൺ ദ ടൈംസിനെഴുതി. തുടർന്ന് യുദ്ധവിരുദ്ധക്കമ്മിറ്റിയുടെ (Committee of dissidents) ചെയർമാനുമായി. യുദ്ധമാരംഭിക്കാറായെങ്കിലും ഡിസ്രയേലി നിലപാടുകളിൽ അയവുവരുത്തിയിരുന്നില്ല. നവംബറിൽ ജോൺ നയിച്ച ഒരു പ്രതിനിധിസംഘത്തെ കാണുന്നതിനുപോലും അദ്ദേഹം വിസമ്മതിച്ചു.
ആംഗ്ലോ-അഫ്ഗാൻ യുദ്ധാരംഭത്തിലെ ബ്രിട്ടീഷ് വിജയങ്ങളെക്കുറിച്ചും ഗന്ധാമാക് സന്ധിയെത്തുടർന്ന് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ നയതന്ത്ര-സൈനികകേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങുന്നുവെന്നുമുള്ള വാർത്തകൾ അറിഞ്ഞപ്പോൾ "അവരെല്ലാവരും കൊല്ലപ്പെടും" എന്നായിരുന്നു ജോണിന്റെ പ്രതികരണം. ഇത് ശരിയായിത്തീരുകയും ചെയ്തു. 1879 സെപ്റ്റംബർ മുതൽ ബ്രിട്ടീഷുകാർക്ക് അഫ്ഗാനിസ്താനിൽ തിരിച്ചടികളുടെ കാലമായിരുന്നു. റഷ്യയാകട്ടെ അഫ്ഗാനിസ്താനിലേക്ക് മുന്നേറാൻ ശ്രമിച്ചതുമില്ല.[22] 1880-1881 കാലയളവിൽ അബ്ദുർറഹ്മാൻ ഖാനെ കാബൂളിലെ ഭരണമേൽപ്പിച്ച് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽനിന്ന് പൂർണ്ണമായും പിൻവാങ്ങി.
മരണം
തിരുത്തുക1879 ജൂൺ ആരംഭത്തിൽ മഴ നനഞ്ഞതിനെത്തുടർന്ന് ജോണിന്റെ ആരോഗ്യസ്ഥിതി വഷളായി. രോഗം അൽപം ഭേദപ്പെട്ടതിനു ശേഷം 19-ാം തിയതി മുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് വളരെ ക്ഷീണിതനായി. ജൂൺ 24-ാം തിയതി ബുധനാഴ്ച കാലത്ത് അദ്ദേഹത്തിന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതായി. ജൂൺ 27-ന് ജോൺ മരണമടഞ്ഞു.
ശവസംസ്കാരം ജൂലൈ ആരംഭത്തിൽ വെസ്റ്റ്മിൻസ്റ്റർ അബ്ബെയിലായിരുന്നു നടത്തിയത്. നമ്മുടെ മഹാനായ പ്രോകോൺസൽ എന്നും ഇന്ത്യയുടെ രക്ഷകൻ എന്നെക്കെയാണ് എന്നൊക്കയാണ് ദ ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[23] ഇന്ത്യൻ പ്രെസിഡൻസികളിൽ നിന്നുള്ള പ്രതിനിധികളും നിരവധി രാഷ്ട്രീയപ്രമുഖരും അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. പഞ്ചാബ് കാലഘട്ടത്തിലെ പ്രമുഖരായിരുന്നു ഏറിയപങ്കും. ചാൾസ് ബ്രോൺലോ, റോബർട്ട് മോണ്ട്ഗോമെറി, ജോർജ് ലോറൻസ്, ജോർജ് റിക്കറ്റ്സ്, റോബർട്ട് നേപ്പിയർ (മഗ്ദലയിലെ നേപ്പിയർ പ്രഭു), ഹെൻറിയുടെ വൈദ്യനായിരുന്ന ഡോക്റ്റർ ഫ്രേയർ, ഹെൻറിയോടൊപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ വിൽസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്ലൈഡ് പ്രഭു, ജെയിംസ് ഔട്ട്റാം എന്നിവരുടെ ശവകുടീരങ്ങൾക്കടുത്താണ് ജോണിനെ സംസ്കരിച്ചത്.[22]
ജീവചരിത്രങ്ങൾ
തിരുത്തുകജോൺ ലോറൻസിന്റെ ഇന്ത്യയിലെ കാലഘട്ടം, പ്രത്യേകിച്ച് പഞ്ചാബിലെ കാലം, കാര്യമായിത്തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു ജീവചരിത്രങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ പുറത്തിറിങ്ങിയിട്ടുണ്ട്.[1] ആദ്യത്തെ ജീവചരിത്രം രചിച്ചത് ബോസ്വർത്ത് സ്മിത്താണ്.[4] ജോണിന്റെ ജീവിതത്തെക്കുറിച്ച് സംക്ഷിപ്തവിവരണം "റൂളേഴ്സ് ഓഫ് ഇന്ത്യ" എന്ന പരമ്പരയിലും വന്നിട്ടുണ്ട്. ജോണും ഹെൻറിയും പഞ്ചാബിൽ ഒരുമിച്ചുണ്ടായ കാലഘട്ടത്തെക്കുറിച്ചുമുള്ള ചരിത്രവും രചിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1958-ൽ പുറത്തിറങ്ങിയ മൈക്കൽ എഡ്വേഡ്സ് രചിച്ച 'ദ നെസെസ്സറി ഹെൽ – ജോൺ ആൻഡ് ഹെൻറി ലോറൻസ് ആൻഡ് ദ ഇന്ത്യൻ എമ്പയർ' ആണ്. ലോറൻസ് രാജിനെക്കുറിച്ചും, വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെയും പഞ്ചാബിലെയും ഭൂനികുതിനയങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ ആധുനികകാലത്തുണ്ടായിട്ടുണ്ട്.[1]
താൽപര്യങ്ങൾ
തിരുത്തുകതന്റെ ഹൈലിബറി ജീവിതകാലം മുതൽക്കേ വാൾട്ടർ സ്കോട്ടിന്റെ നോവലുകളിൽ ജോൺ ഏറെ ആകൃഷ്ടനായിരുന്നു. ജോണിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് ഗയ് മേനറിങ് എന്ന സ്കോട്ടിന്റെ രണ്ടാമത്തെ നോവലാണ് അദ്ദേഹം വായിച്ചുകേൾക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. അതിലെ നായകനും ജോണിനെപ്പോലെത്തന്നെ ഇന്ത്യയിൽ ജോലിയെടുത്തതിനായായിരിക്കാം ഇതിനു കാരണം.[6]
തന്റെ സഹോദരൻ ഹെൻറിയെപ്പോലെത്തന്നെ ജോണും എഴുത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ ഔദ്യോഗികജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തിന് വിഷയമായത്. 1839 മുതൽ 41 വരെ ഇംഗ്ലണ്ടിൽ ചെലവഴിച്ച അവധിക്കാലമാണ് എഴുത്ത് ആരംഭിക്കാൻ പ്രേരകമായത്. തുടർന്ന് ഇത് തന്റെ ജീവിതാന്ത്യം വരെ തുടർന്നു. അദ്ദേഹം തന്റെ ജീവചരിത്രകാരനായ ബോസ്വർത്ത് സ്മിത്തിന് പറഞ്ഞുകൊടുത്ത കഥകൾ പലതും സ്മിത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്.[7]
സ്മാരകങ്ങൾ
തിരുത്തുകജോൺ ലോറൻസിന്റെ സ്മരണാർത്ഥമായി ദില്ലിയിലെ ഒരു റോഡിന് ലോറൻസ് റോഡ് എന്ന പേരിട്ടിട്ടുണ്ട്. ലാഹോറിലെ ബാഗ് ഇ ജിന്ന എന്ന ഉദ്യാനം മുൻപ് ലോറൻസ് ഗാർഡൻ എന്നാണ് അറിയപ്പെട്ടിരുന്നത്.[24] ഉദ്യാനത്തിന്റെ മദ്ധ്യത്തിലുള്ള ഇന്നത്തെ ഖ്വൈദ് ഇ അസം ലൈബ്രറി മന്ദിരം മുൻപ് ലോറൻസ് ഹോൾ, മോണ്ട്ഗോമറി ഹോൾ എന്നീ രണ്ടു മണ്ഡപങ്ങളായിരുന്നു.[25][26] ലോറൻസ് ഹോൾ 1862-ൽ പണിതീർന്നെങ്കിലും അതിന്റെ ഔദ്യോഗിക ഉദ്ഘാടനം, 1864-ൽ വൈസ്രോയിയായിരിക്കെ ജോൺ തന്നെയാണ് നടത്തിയത്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 5–6. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "16 - ലാസ്റ്റ് പോസ്റ്റ്സ്, ഇന്ത്യൻ കൗൺസിൽ ആൻഡ് വൈസ്രോയൽറ്റി (Last Posts, Indian Council and Viceroyalty), 1859 - 1869". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 383–408. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XXIV. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി - ↑ 4.0 4.1 4.2 4.3 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "1 - ഫാമിലി ആൻഡ് ദ ഏളി യേഴ്സ് (Family and the Early Years) 1809 – 1829". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 9–33. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 5.0 5.1 5.2 5.3 5.4 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 36–60. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 6.0 6.1 6.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 87–92. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 7.0 7.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 121–123. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 8.0 8.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 139, 142, 153–161. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "6 - സ്റ്റേയിങ് ഓൺ ഇൻ 1846 - ലാഹോർ, കശ്മീർ ആൻഡ് ബൈരോവാൾ (Staying on in 1846 - Lahore, Kashmir and Byrowal)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 165–168, 174–181. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "8 - എന്റൈർ ഇന്റെർഫെറൻസ് - ദ റെസിഡെൻസി ട്രാൻസ്ഫോംഡ്, ഓഗസ്റ്റ് 1847 - മേയ് 1848 (Entire Interference - The Residency Transformed, August 1847 - May 1848)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 209–225. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 11.0 11.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "10 - റ്റുഗെതർ ഓൺ ദ ബോർഡ് (Together on the Board) 1849 -1852". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 250–258. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ "WORD 2007 EDITED BY: RANA ATIF REHMAN 1 | P a g e Walking Past The Vanishing Memoirs" (PDF). Archived from the original (PDF) on 2012-04-17. Retrieved 19 ഏപ്രിൽ 2013.
- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 242. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "11 - സോ ഇർക്സം, സോ പെയിൻഫുൾ - ഡിസ്സെൻഷൻ ആൻഡ് ഡിസ്സൊല്യൂഷൻ (So Irksome, So painful - Dissention and Dissolution) 1850 - 1853". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 274–277, 284–291, 296. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 15.10 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "15 - 'എ കൈൻഡ് ഓഫ് മാഡ്നെസ്സ്' - ഡെൽഹി, ഇംപീരിയൽ പഞ്ചാബ് ആൻഡ് ദ റീസ്റ്റോറേഷൻ ഓഫ് ബ്രിട്ടീഷ് റൂൾ ('A Kind of Madness' - Delhi, Imperial Punjab, and the Restoration of British Rule) 1857 - 1858". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 353–380. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 16.0 16.1 16.2 16.3 16.4 16.5 16.6 16.7 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "12 - ജോൺ'സ് പഞ്ചാബ് രാജ് (John's Punjab Ran), 1853 - 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 296–313. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ജോൺ ആൻഡ്രൂ ഹാമിൽട്ടൺ (1885-1900). "മോണ്ട്ഗോമെറി, റോബർട്ട് (1809-1887)". ഡിക്ഷ്ണറി ഓഫ് നാഷണൽ ബയോഗ്രഫി, 1885-1900 (in ഇംഗ്ലീഷ്). Retrieved 2013 ഏപ്രിൽ 24.
{{cite book}}
: Check date values in:|accessdate=
(help) - ↑ നിർമ്മല ഗുപ്ത (1999). "1 - ഇൻഡിജെനസ് എജ്യുക്കേഷൻ ബിഫോർ 1849 (Indegenous Education Before 1849)". എജ്യുക്കേഷണൽ ഡെവലപ്മെന്റ് എ ഹിസ്റ്റോറിക്കൽ പെഴ്സ്പെക്റ്റീവ് (in ഇംഗ്ലീഷ്). ഡെൽഹി, ഇന്ത്യ: അനാമിക പബ്ലിഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂ ഡെൽഹി. p. 13. ISBN 81-86565-42-6. Retrieved 27 ഏപ്രിൽ 2013.
- ↑ 19.0 19.1 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 245–257. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "13 - എക്സൈൽ ആൻഡ് റിട്ടേൺ - മൗണ്ട് അബു ആൻഡ് ലക്നൗ (Exile and Return - Mount Abu and Lucknow), 1853 - 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 319. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ ഖുശ്വന്ത് സിങ്ങിന്റെ ഹിസ്റ്ററി ഓഫ് ദ സിഖ്സിനകത്ത് പരാമർശിച്ചിട്ടുള്ള 1857 ഓഗസ്റ്റ് 2-ന് ജോൺ ലോറൻസ് എഫ്. കൂപ്പർക്കെഴുതിയ കത്ത്
- ↑ 22.0 22.1 22.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "17 - ലാസ്റ്റ് യേഴ്സ് (Last Years), 1869 - 1879". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 411–417. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link) - ↑ 'ആംഗ്ലോ-ഇന്ത്യൻസ് അറ്റ് ലോഡ് ലോറൻസെസ് ഫ്യുനെറൽ', ദ ടൈംസ്, 1879 ജൂലൈ 8, പേജ് 10
- ↑ "ഖ്വൈദ് ഇ അസം ലൈബ്രറി, ലാഹോർ, പാകിസ്താൻ". http://www.ilmkidunya.com. Archived from the original on 2013-06-11. Retrieved 2013 ജൂൺ 21.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|work=
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-16. Retrieved 2013-06-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-16. Retrieved 2013-06-21.