ഹൈദരാബാദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹൈദരാബാദ് (വിവക്ഷകൾ) എന്ന താൾ കാണുക. ഹൈദരാബാദ് (വിവക്ഷകൾ)

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. തെലങ്കാനയിൽ സ്ഥിതി ചെയ്യുന്ന ഹൈദരബാദ്, 61 ലക്ഷത്തോളം വരുന്ന ജനസംഖ്യയോടെ, ഇന്ത്യയിലെ ആറാമത് വലിയ മെട്രോ നഗരമാണ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഈ നഗരം, ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും ഭൂമിശാസ്ത്രപരവും നാനാവിധ-ഭാഷാ-സംസ്കാരങ്ങളുടെയും സമാഗമബിന്ദുവായും വർത്തിക്കുന്നു. നൈസാമുകളുടെ നഗരം എന്നും അറിയപ്പെടുന്ന ഹൈദരബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഈ നഗരം ഇന്ന് വിവര സാങ്കേതിക വ്യവസായത്തിന്റെയും അനുബന്ധിത തൊഴിലുകളുടെയും ഇന്ത്യയിലെ പ്രധാന താൽപര്യകേന്ദ്രവുമാണ്.

ഹൈദരാബാദ്
Skyline of ഹൈദരാബാദ്, India
Skyline of ഹൈദരാബാദ്, India

ഹൈദരാബാദ്
17°22′N 78°28′E / 17.36°N 78.47°E / 17.36; 78.47
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം തെലങ്കാന
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ തേഗാല കൃഷ്ണ റെഡ്ഡി
വിസ്തീർണ്ണം 625ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 3,632,094(6,112,250 മെട്രോ)
ജനസാന്ദ്രത 121,163/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
500 XXX
++91 40
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചാർമിനാർ
ബിർളാ മന്ദിർ
ചാർമിനാർ

1562-ൽ ഇബ്രാഹിം കുത്തബ് ഷാ-വിനാൽ പണി തീർക്കപ്പെട്ട ഹുസ്സൈൻ സാഗർ എന്ന മനുഷ്യനിർമ്മിത തടാകത്താൽ വേറിട്ടു നിൽക്കുന്ന യുഗ്മ നഗരങ്ങളാണ് ഹൈദരബാദും അതിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സെക്കന്തരാബാദ് എന്ന നഗരവും.

സ്ഥലനാമപുരാണം തിരുത്തുക

തെലുങ്കിൽ ഭാഗ്യനഗരം (ഭാഗ്യം-ധനം) എന്നും അറിയപ്പെടുന്ന ഹൈദരബാദിന്റെ പേരിന്റെ ഉദ്ഭവത്തെപ്പറ്റി നിരവധി സിദ്ധാന്തങ്ങളാണ് ഉള്ളത്. ഏറ്റവും ജനപ്രിയമായ കഥ പറയുന്നതെന്തെന്നാൽ, നഗരം സ്ഥാപിച്ച ശേഷം മുഹമ്മദ് ഖിലി കുത്തബ് ഷാ, ഭാഗ്യമതി എന്നു പേരുള്ള ഒരു ബഞ്ചാര പെൺകുട്ടിയുമായി പ്രേമിച്ച് വിവാഹിതനായി ഭാഗ്യനഗരം എന്നു വിളിച്ചു തുടങ്ങി എന്നാണ്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച ഭാഗ്യമതി, സ്വന്തം പേര് ഹൈദർ മഹൽ എന്ന് മാറ്റുകയും അതിനനുയോജ്യമായി നഗരം ഹൈദരബാദ് (അക്ഷരാർത്ഥത്തിൽ ഹൈദറിന്റെ നഗരം) ആയിത്തീരുകയും ചെയ്തു.[1]

ചരിത്രം തിരുത്തുക

ഗോൾക്കൊണ്ട ഭരിച്ചിരുന്നത് സുൽത്താൻ ഖിലി കുത്തബ് മുൽക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുൽത്താനത്തിന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ൽ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തിൽ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്.[2] ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ.[3] 1591-ൽ തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ ചാർമിനാർ എന്ന സ്മാരകത്തിന്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു.[4]

പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പൽസമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊർജ്ജസ്വലമായ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂർ, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ എന്നിവ ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്. ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേർഷ്യനും ഇന്തൊ-ഇസ്ലാമികവുമായ സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത്. ചില സുൽത്താൻമാർ പ്രാദേശികമായ തെലുങ്ക് സംസ്കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോൾക്കൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കുമാറ് വളർന്ന ഹൈദരാബാദ്, ഒടുവിൽ കുത്തബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും (ബാഘുകൾ) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീർന്നു.

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് 1687-ൽ ഹൈദരാബാദ് കീഴടക്കി. ഹ്രസ്വമായിരുന്ന മുഗൾ ഭരണകാലത്തു നഗരത്തിന്റെ സമ്പൽസമൃദ്ധി ക്ഷയിക്കുകയായിരുന്നു. ഉടനെ തന്നെ നഗരത്തിലെ മുഗൾ-നിയുക്ത ഗവർണ്ണർമാർ കൂടുതൽ സ്വയംഭരണാവകാശം നേടി. 1724-ൽ, മുഗൾ ചക്രവർത്തി നിസാം-ഉൽ-മുൽക് (ദേശത്തിന്റെ ഗവർണ്ണർ) എന്ന പദവി നൽകിയാദരിച്ച അസഫ് ജാ I പ്രതിയോഗിയായ ഒരുദ്ധ്യോഗസ്ഥനെ കീഴ്പ്പെടുത്തി ഹൈദരാബാദിനു മേൽ അധികാരം സ്ഥാപിച്ചു. അങ്ങനെ ആരംഭിച്ച അസഫ് ജാഹി വംശത്തിന്റെ ഭരണം, ബ്രിട്ടനിൽ നിന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം കഴിയുന്നത് വരെ ഹൈദരാബാദിൽ തുടർന്നു. അസഫ് ജായുടെ പിൻഗാമികളാണ് പിന്നീട് ഭരിച്ചിരുന്ന ഹൈദരബാദിലെ നിസാമുമാർ. ഏഴ് നിസാമുമാരുടെ ഭരണത്തിൻ കീഴിൽ ഹൈദരാബാദിൽ സാംസ്കാരികമായും സാമ്പത്തികമായും വളർച്ച ഉണ്ടായി. രാജ്യത്തിന്റെ തന്നെ യഥാക്രമമായ തലസ്ഥാനമായി ഹൈദരാബാദ് മാറുകയും, പഴയ തലസ്ഥാനമായ ഗോൾക്കൊണ്ട മുഴുവനായും അവഗണിക്കപ്പെടുകയും ഉണ്ടായി.നിസാം, തുംഗഭദ്ര, ഒസ്മാൻ സാഗർ, ഹിമായത്ത് സാഗർ തുടങ്ങിയ വലിയ ജലസംഭരണികൾ പണി കഴിക്കപ്പെട്ടു. നാഗാർജുന സാഗറിനായുള്ള ഭൂമി അളക്കലും മറ്റും ആ കാലഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നെങ്കിലും പണി മുഴുവനാക്കിയത് 1969-ൽ ഇന്ത്യൻ സർക്കാരാണ്. നിസാമുമാരുടെ ധനൈശ്വര്യങ്ങളുടെ പ്രത്യക്ഷത്തിലുള്ള തെളിവാണ് നിസാമുമാരുടെ രത്നങ്ങൾ (ജ്വുവൽസ് ഒഫ് ദി നിസാംസ്).

1947-ൽ ബ്രിട്ടീഷുകാരിൽ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾക്കുള്ളിൽ, അന്നത്തെ നിസാം ഹൈദരാബാദിന് സ്വാതന്ത്ര്യമോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയ പാകിസഥാനിലേക്കു ചേരാനുള്ള അനുമതിയോ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയാകട്ടെ ഹൈദരാബാദിനു മേലെ സാമ്പത്തിക ഉപരോധം പ്രയോഗത്തിൽ വരുത്തി, ഇന്ത്യൻ യൂണിയനുമായി ഒരു സ്തംഭനാവസ്ഥാ ഉടമ്പടി ഒപ്പ് വയ്ക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു. അങ്ങനെ 1948 സെപ്റ്റംബർ 17-ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ ശേഷം, ഇന്ത്യൻ യൂണിയനുമായി ചേരുന്നതിനുള്ള കരാറിൽ നിസാം ഒപ്പ് വച്ചു.

1956 നവംബർ 1-നു, ഭാഷാധിഷ്ഠിതമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുഃനസംഘടിപ്പിച്ചപ്പോൾ, ഹൈദാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവൽക്കരിച്ച സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും, ബോംബെ രാജ്യത്തിലേക്കും (ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനം), കർണാടകത്തിലേക്കുമായി വിഭജനം ചെയ്യപ്പെട്ടു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായത് കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേർക്കപ്പെട്ടത്. അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു. 2014 ജൂൺ 2-ന് തെലങ്കാന സംസ്ഥാനം പിറവിയെടുത്തപ്പോൾ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ആന്ധ്രാപ്രദേശിന് തന്മൂലം തലസ്ഥാനം നഷ്ടമായെങ്കിലും ഔദ്യോഗികമായി 2024 വരെയെങ്കിലും തലസ്ഥാനം തുടരും എന്ന് നിയമമുണ്ടായി.

പ്രധാന ആകർഷണ കേന്ദ്രങ്ങൾ തിരുത്തുക

ഇതും കാണുക തിരുത്തുക

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. International Telugu Institute (തെലുഗ്: Antarjātīya Telugu Saṃstha). "Telugu Vāṇi": 12. {{cite journal}}: Cite journal requires |journal= (help)
  2. Olson, JS and R Shadle (1996). Historical Dictionary of the British Empire. Greenwood. p. 544. ISBN 0-31329-366-X.
  3. Aleem, S (1984). Developments in Administration Under H.E.H. the Nizam VII. Osmania University Press. p. 243.
  4. Bansal, SP (2005). Encyclopaedia of India. Smriti. pp. 61. ISBN 8-18796-771-4.
"https://ml.wikipedia.org/w/index.php?title=ഹൈദരാബാദ്&oldid=3968809" എന്ന താളിൽനിന്ന് ശേഖരിച്ചത്