തോമസ് മെറ്റ്കാഫ്
പ്രശസ്തനായ ഒരു ബ്രിട്ടീഷ് കൊളോണിയൽ ഭരണകർത്താവായിരുന്നു തോമസ് മെറ്റ്കാഫ് എന്ന തോമസ് തിയോഫിലസ് മെറ്റ്കാഫ് (ഇംഗ്ലീഷ്: Thomas Theophilus Metcalfe) (ജീവിതകാലം: 1795 ജനുവരി 2 – 1853 നവംബർ 3). അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്റെ കാലത്ത് ദില്ലിയിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്നു.
തോമസ് മെറ്റ്കാഫ് | |
---|---|
ജനനം | പോർട്ട്ലാൻഡ് പ്ലേസ്, London | 2 ജനുവരി 1795
മരണം | 3 നവംബർ 1853[1] | (പ്രായം 58)
അന്ത്യ വിശ്രമം | സെയിന്റ് ജെയിംസ് പള്ളി, ഡെൽഹി 28°39′56.2″N 77°13′53.5″E / 28.665611°N 77.231528°E |
തൊഴിൽ | മുഗൾ സഭയിലെ ഗവർണർ ജനറലിന്റെ പ്രതിനിധി |
തൊഴിലുടമ | ഈസ്റ്റ് ഇന്ത്യ കമ്പനി |
സ്ഥാനപ്പേര് | ബാരനറ്റ് |
പിൻഗാമി | തിയോഫിലസ് ജോൺ മെറ്റ്കാഫ് |
ജീവിതപങ്കാളി(കൾ) | ഗ്രേസ് ക്ലാർക്ക് (1815-); ഫെലിസിറ്റി ആന്നി ബ്രൌൺ (1826 മുതൽ 1842-ൽ അവരുടെ മരണം വരെ) |
കുട്ടികൾ | തിയോഫിലസ് ജോൺ മെറ്റ്കാഫ് എമിലി ആൻ തിയോഫില മെറ്റ്കാഫ് ചാൾസ് തിയോഫിലസ് മെറ്റ്കാഫ് ജോർജിയാന ഷാർലറ്റ് തിയോഫില മെറ്റ്കാഫ് എലിസ തിയോഫില ഡെബണയർ മെറ്റ്കാഫ് സോഫിയ സെലീന തിയോഫില മെറ്റ്കാഫ് |
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്ററായിരുന്ന തിയോഫിലസ് മെറ്റ്കാഫിന്റെ പുത്രനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ചാൾസ് മെറ്റ്കാഫ് ഇന്ത്യയുടെ ഗവർണർ ജനറലും ദില്ലിയിലെ റെസിഡന്റും ആയിരുന്നു. 1813-ൽ തന്റെ സഹോദരന്റെ സഹായിയായാണ് തോമസ് മെറ്റ്കാഫ് ദില്ലിയിലെത്തിയത്. അദ്ദേഹത്തിന്റെ മൊത്തം ഔദ്യോഗികജീവിതവും ദില്ലിയിലായിരുന്നു.[2]
ഔദ്യോഗികജീവിതം
തിരുത്തുക1835-ൽ മെറ്റ്കാഫ് ദില്ലിയിലെ റെസിഡന്റായി. 1853-ൽ മരിക്കുംവരെ അദ്ദേഹം ഈ ചുമതലയിലിരുന്നു. തോമസ് മെറ്റ്കാഫ് തന്റെ മുൻഗാമികളിൽനിന്ന് വളരെ വ്യത്യസ്തനായിരുന്നു. അദ്ദേഹം മുഗൾസംസ്കാരത്തോട് കാര്യമായി ഇഴുകിച്ചേർന്നിരുന്നില്ല. രാജകീയാചാരങ്ങളോടുള്ള ഭ്രമവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭാര്യ ഫെലിസിറ്റി 1842-ൽ മരിച്ചതിനുശേഷം[3] മെറ്റ്കാഫ് തന്റെ മുൻഗാമികളിൽനിന്ന് വ്യത്യസ്തമായി ഏകനായി ജീവിച്ചു. മുൻഗാമികളെപ്പോലെ ഇന്ത്യൻ ഭാര്യമാരെ സ്വീകരിക്കുകയോ ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുകയോ അദ്ദേഹം ചെയ്തില്ല. ഹുക്ക വലിക്കുക എന്ന ഒരു ഇന്ത്യൻ ശീലം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.[4]
മുഗളരുമായുള്ള ബന്ധം
തിരുത്തുകഅന്നത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർഷാ സഫറിന്റെ മരണശേഷം മുഗൾ രാജകുടുംബത്തെ ചെങ്കോട്ടയിൽ നിന്ന് ഒഴിപ്പിച്ച് കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു തോമസ് മെറ്റ്കാഫിന്റെ പ്രധാനചുമതലയായിരുന്നത്. അദ്ദേഹം ഇതിനായി സഫറിന്റെ പുത്രനായ മിർസ ഫഖ്രുവുമായി ദീർഘമായ ചർച്ചകൾ നടത്തി ഒരു ധാരണയിലെത്തുകയും ചെയ്തിരുന്നു.[2][5] പകരം സഫറിന്റെ ഇഷ്ടപുത്രനായ മിർസ ജവാൻ ബഖ്തിനെ തഴഞ്ഞ്, മിർസ ഫഖ്രുവിനെ ഭാവിചക്രവർത്തിസ്ഥാനത്തേക്ക് നിശ്ചയിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പ്രതികാരമാണ് മെറ്റ്കാഫിന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വിശ്വസിക്കുന്നത്.
അദ്ദേഹത്തിന് സഫറിനോട് അൽപം ആത്മബന്ധമുണ്ടായിരുന്നെങ്കിലും യഥാർത്ഥബഹുമാനമൊന്നുമുണ്ടായിരുന്നില്ല. സഫർ അശക്തനാണെന്നും തീരുമാനങ്ങളിൽ ചാഞ്ചാട്ടക്കാരനാണെന്നും പൊങ്ങച്ചക്കാരനാണെന്നുമൊക്കെയാണ് മെറ്റ്കാഫ് തന്റെ മകൾക്കെഴുതിയ കത്തിൽ സഫറിനെക്കുറിച്ച് വിവരിക്കുന്നത്. സഫറിന്റെ നടപടികൾ ഭരണനിർവഹണത്തിന് തടസമുണ്ടാക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[4]
എന്നാൽ സഫർ, മെറ്റ്കാഫിന് നൽകിയ പേർഷ്യൻ ബഹുമതികളിൽ അദ്ദേഹം ഏറെ അഭിമാനിച്ചിരുന്നു. സാഹിബ്-ഇ-വാല, മാനാഖ്വബ് അലി മാൻസിബ്, ഫർസന്ദ് അർജമന്ദ്, പായിവന്ദ്-ഇ-സുൽത്താനി, മുസ്സം ഉദ്ദൌള, അമീനുൾമുൽക് സർ തോമസ് മെറ്റ്കാഫ്, ബാരൻ ബഹാദൂർ, ഫിറോസ് ജംഗ്, സാഹബ് കാലൻ ബഹാദൂർ ഓഫ് ഷാജഹാനാബാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ ബഹുമതികളടക്കമുള്ള പേര്. മെറ്റ്കാഫ് ഈ ബഹുമതികളുടെ വിവിധ കാലിഗ്രാഫി പതിപ്പുകളുണ്ടായക്കുകയും ഒരു ആൽബമാക്കുകയും ചെയ്തിരുന്നു.[4]
കമ്പനിയുടെ അവഗണന
തിരുത്തുകദില്ലിയിലെ റെസിഡന്റ് പദവിയിൽ ഏറെക്കാലം ജോലി ചെയ്തെങ്കിലും സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ മെറ്റ്കാഫ് അവഗണിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പല കീഴുദ്യോഗസ്ഥരും ഇക്കാലത്ത് അദ്ദേഹത്തേക്കാൾ ഉന്നതസ്ഥാനത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ജോൺ ലോറൻസ് പഞ്ചാബിന്റെ ചീഫ് കമ്മീഷണറായത് ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന് തൊട്ടുമുമ്പ് ഡെൽഹിയിലെ റെസിഡന്റായിരുന്ന ജ്യേഷ്ഠൻ ചാൾസിന് പ്രഭുസ്ഥാനം ലഭിക്കുകയും ഇന്ത്യയിലെ താൽക്കാലിക ഗവർണർ ജനറലാകുകയും പിന്നീട് കാനഡയിലെ ഗവർണർ ജനറലാകുകയും ചെയ്തു.
ഡെൽഹിയുടെ ദീർഘമായ ചരിത്രവും ഹിന്ദുസ്ഥാന്റെ തലസ്ഥാനം, മുഗൾ സാമ്രാജ്യത്തിന്റെ കേന്ദ്രം എന്നീ നിലകളിലുള്ള അതിന്റെ സ്ഥാനവും മൂലം ഡെൽഹിയിലെ റെസിഡന്റ് സ്ഥാനത്തിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും കമ്പനിയുടെ അധികാരനിലകളനുസരിച്ച് അത് അത്ര ഉയർന്നതല്ലായിരുന്നു. 1833-ൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ എന്ന ഒരു പുതിയ പ്രവിശ്യ രൂപീകരിക്കുകയും ആഗ്രയെ അതിന്റെ ആസ്ഥാനമാക്കി ലെഫ്റ്റനന്റ് ഗവർണർ ഭരണവും ആരംഭിച്ചപ്പോൾ, അതിന്റെ കീഴിൽ വന്ന ഡെൽഹി റെസിഡന്റിന്റെ പ്രാധാന്യം വീണ്ടും കുറഞ്ഞിരുന്നു.[6]
കുടുംബവും ജീവിതരീതിയും
തിരുത്തുകവളരെ സന്തോഷപ്രദമായ വിവാഹജീവിതമാണ് തോമസ് മെറ്റ്കാഫിനുണ്ടായിരുന്നതെങ്കിലും 1842 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ ഭാര്യ ഫെലിസിറ്റി ഒരു പനിയെത്തുടർന്ന് മരണമടഞ്ഞു. അയാളുടെ ആറ് മക്കളും ഇംഗ്ലണ്ടിൽ ബോഡിങ് സ്കൂളിലായിരുന്നു. ഏകനായ മെറ്റ്കാഫ് അന്തർമുഖനായി മാറി. 1850-കളുടെ തുടക്കത്തിൽ അയാളുടെ മക്കൾ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ തുടങ്ങിയപ്പോഴേക്കും അയാൾ ഒരു കാർക്കശ്യക്കാരനായി മാറിയിരുന്നു.[4] മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ പതിവുകളായിരുന്നു അദ്ദേഹത്തിന്റേത്. വൈകിട്ട് മൂന്നുമണിക്കായിരുന്നു അദ്ദേഹത്തിന്റെ അത്താഴം എന്നത് ഇതിനൊരുദാഹരണമാണ്.[7] തന്റെ പതിവുകളെ തെറ്റിക്കുന്ന എന്തിനോടും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ദിനചര്യകൾ ഒരേപോലെ ആവർത്തിച്ചു.[4]
തോമസ് മെറ്റ്കാഫിന്റെ മൂത്ത മകനായിരുന്ന തിയോഫിലസിന്റെ സ്വഭാവം അദ്ദേഹവുമായി ഒട്ടും പൊരുത്തപ്പെടുന്നതായിരുന്നില്ല. പത്തുവർഷം ഇംഗ്ലണ്ടിൽ പഠിച്ചതിനുശേഷം ഒരു ജൂനിയർ മജിസ്ട്രേറ്റായി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ജോലിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു തിയോഫിലസ്. 1851-ൽ തിയോഫിലസിന് ദില്ലിയിൽ നിയമനം ലഭിക്കുകയും ചെയ്തു. ദുർനടപ്പുകളും നിയമലംഘനങ്ങളും ആഘോഷങ്ങളിലും വിനോദങ്ങളിലും ഉള്ള താൽപര്യം അച്ഛന് ഒട്ടും ഇഷ്ടമായിരുന്നില്ല. ദില്ലിയിൽ നിയമനം ലഭിക്കുന്ന കാലത്തുതന്നെ കൃത്യവിലോപത്തിന്റെ പേരിൽ തിയോഫിലസ് നിയമനടപടി നേരിടുന്നുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല.[8]
തോമസ് മെറ്റ്കാഫിന് ആൺമക്കളേക്കാൾ നല്ല ബന്ധം തന്റെ പെൺമക്കളുമായായിരുന്നു. എന്നാൽ ഒരു സ്കോട്ടിഷ് പട്ടാളക്കാരനായിരുന്ന എഡ്വേഡ് കാംബെല്ലുമായി തന്റെ മകൾ ജോർജീനയുടെ സ്നേഹബന്ധം അംഗീകരിക്കാൻ അദ്ദേഹത്തിനായില്ല. മുൻ ബ്രിട്ടീഷ് മുഖ്യസൈന്യാധിപനായിരുന്ന ചാൾസ് നേപ്പിയറുടെ അടുപ്പക്കാരനും അനുയായിയുമായിരുന്നു കാംബെൽ എന്നതായിരുന്നു ഇതിന്റെ ഒരു കാരണം. മെറ്റ്കാഫ്, നേപ്പിയറുമായി വലിയ അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഇതിനു പുറമേ കാംബെല്ലിന്റെ മോശം ധനസ്ഥിതിയും മെറ്റ്കാഫിന്റെ എതിർപ്പിന് കാരണമായിരുന്നു. ഡെൽഹിയിൽവച്ചാണ് ജോർജീനയും കാംബെലും കണ്ടുമുട്ടിയതും പ്രേമബദ്ധരായതും. മെറ്റ്കാഫ് എതിർത്തപ്പോൾ ജോർജീന നിരാഹാരം ആരംഭിച്ചു. തുടർന്ന് മെറ്റ്കാഫ് അവളെ മസ്സൂറിയിലേക്ക് മാറ്റി. ഇവിടേക്കും കാംബെൽ എഴുത്തുകളയച്ചുകൊണ്ടിരുന്നെങ്കിലും ഇവയെല്ലാം മെറ്റ്കാഫ് പിടിച്ചെടുത്തിരുന്നു. എന്തായിരുന്നാലും ഇവരുടെ ബന്ധത്തിൽ തടയിടാൻ മെറ്റ്കാഫിനായില്ല.[9] 1852 അവസാനത്തോടെ നിവൃത്തിയില്ലാതെ അദ്ദേഹം അവരുടെ വിവാഹത്തിന് അനുവാദം കൊടുക്കുകയും ചെയ്തു.[5]
മരണം
തിരുത്തുക1853 നവംബർ 3-ന്[10] ദഹനസംബന്ധമായ ഒരു അസുഖത്തെത്തുടർന്ന് തോമസ് മെറ്റ്കാഫ് മരണമടഞ്ഞു.[2] ഈ അസുഖം, അൽപാൽപ്പമായുള്ള വിഷപ്രയോഗത്തിലൂടെയുണ്ടായതാണെന്നാണ് അദ്ദേഹത്തിന്റെ വൈദ്യന്മാർ വിശ്വസിച്ചിരുന്നത്.[11] മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിന്റെയും രാജ്ഞി സീനത്ത് മഹലിന്റെയും ഇഷ്ടപുത്രനായിരുന്ന മിർസ ജവാൻ ബഖ്തിനെ തഴഞ്ഞ് മൂത്ത പുത്രനായ മിർസ ഫഖ്രുവിനെ ഭാവിചക്രവർത്തിയായി അംഗീകരിച്ചതിൽ അസന്തുഷ്ടയായ രാജ്ഞിയുടെ ആജ്ഞപ്രകാരമായിരുന്നു ഈ വിഷപ്രയോഗമെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വിശ്വസിച്ചത്.[2][5]
1853 വേനൽക്കാലത്തുതന്നെ താൻ വിഷപ്രയോഗത്തിനിരയാകുകയാണെന്ന് തോമസ് മെറ്റ്കാഫ് സംശയിച്ചു. വളരെ ശ്രദ്ധയോടെ ക്രമവും നിയന്ത്രിതവുമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളേ ഉണ്ടാകാറില്ലായിരുന്നു. മഴക്കാലത്തിന്റെ ആരംഭത്തിൽ അദ്ദേഹം വളരെ പെട്ടെന്ന് രോഗബാധിതനാകുകയും ഛർദിലാരംഭിക്കുകയും ചെയ്തു. ആഴ്ചകളോളം അദ്ദേഹത്തിന് ഭക്ഷണം കഴിക്കാനാകുന്നുണ്ടായിരുന്നില്ല. അദ്ദേഹം വളരെ മെലിയുകയും വിളറിവെളുക്കുകയും ചെയ്തു. എന്നാൽ യാതൊരു വേദനയും ഉണ്ടായിരുന്നുമില്ല.[12] തുടർന്ന് അദ്ദേഹത്തിന് വളരെ നേർത്ത സൂപ്പൊഴികെ മറ്റൊന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയിലായി.[10] മിർസ ഫഖ്രുവുമായുള്ള ചർച്ചകൾക്ക് നേതൃത്വം കൊടുത്ത വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ലെഫ്റ്റനന്റ് ഗവർണർ ജെയിംസ് തോമാസൻ, വിദേശകാര്യസെക്രട്ടറിയായിരുന്ന ഹെൻറി എലിയറ്റ് എന്നിവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതറിഞ്ഞപ്പോൾ താൻ വിഷപ്രയോഗത്തിനിരയായിരിക്കുകയാണെന്നുതന്നെ മെറ്റ്കാഫ് ഉറപ്പിച്ചു.[13] ഇരുവരും 1853-ൽത്തന്നെ മരിച്ചിരുന്നു.[10] 1853 സെപ്റ്റംബർ-ഒക്റ്റോബർ സമയത്ത് മകൾ ജോർജീനയുടെ വിവാഹത്തിനായി സിംല സന്ദർശിച്ച് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് മെറ്റ്കാഫിന് മരണം സംഭവിച്ചത്. ഈ യാത്രയിൽത്തന്നെ അദ്ദേഹം മരണത്തോടടുത്തിരുന്നു.[10]
തോമസ് മെറ്റ്കാഫിനെ കൊല്ലാനുപയോഗിച്ച വിഷം പച്ചിലമരുന്നായിരുന്നു എന്നും, ഡെൽഹിയിലെ പ്രസിദ്ധരായ തദ്ദേശീയവൈദ്യന്മാരായിരിക്കാം (ഹക്കീമുകൾ) അത് തയ്യാറാക്കിയതെന്നുമാണ് അദ്ദേഹത്തിന്റെ മകൾ അനുമാനിക്കുന്നത്. മെറ്റ്കാഫിന്റെ അന്ത്യരാത്രിയിൽ മകൻ തിയോഫിലസിന്റെ താൽപര്യപ്രകാരം അദ്ദേഹത്തെ പരിശോധിപ്പിക്കാനായി, ബഹാദൂർഷാ സഫറിന്റെ വൈദ്യനായിരുന്ന ഹക്കീം അസനുള്ള ഖാനെ വിളിപ്പിച്ചിരുന്നു. എന്നാൽ മെറ്റ്കാഫിന്റെ സർജനായിരുന്ന ഡോക്റ്റർ റോസ്സ്, അസനുള്ള ഖാനെ പരിശോധിപ്പിക്കാനനുവദിച്ചില്ല. മെറ്റ്കാഫിന്റെ മരണത്തിനുപിന്നിൽ അസനുള്ള ഖാന്റെ പങ്കാളിത്തം കൂടിയുണ്ടെന്ന് റോസ്സ് സംശയിച്ചിരുന്നു.[10] മെറ്റ്കാഫ് വിഷപ്രയോഗം കൊണ്ട് മരിച്ചതാണെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, ഇത് വിഷപ്രയോഗം മൂലമാണെന്നും സീനത്ത് മഹലാണ് ഇതിനു പിന്നിലെന്നും ഉള്ള വിശ്വാസം ഈസ്റ്റ് ഇന്ത്യ കമ്പനി വൃത്തങ്ങളിൽ ശക്തമായിരുന്നു. ബ്രിട്ടീഷുകാർ മുഗൾ കുടുംബത്തെ മുമ്പത്തേക്കാളുമുപരി വെറുപ്പോടെ വീക്ഷിക്കാൻ ഇത് കാരണമാകുകയും ചെയ്തു.[14]
മെറ്റ്കാഫ് മരിക്കുന്നതിനുമുമ്പ്, മിർസ ഫഖ്രുവും അധികകാലം ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞിരുന്നു.[14] 1856-ൽ ഫഖ്രു മരിച്ചെങ്കിലും അത് കോളറ ബാധ മൂലമായിരുന്നു.
ചരിത്രസ്നേഹി
തിരുത്തുകഡെൽഹിയിലെ ചരിത്രസ്മാരകങ്ങളുടെ മേൽ മെറ്റ്കാഫിന് വലിയ താൽപര്യമുണ്ടായിരുന്നു. തന്റെ ഔദ്യോഗികജീവിതകാലത്ത് മെറ്റ്കാഫ് ദില്ലിയിലെ വിവിധ ചരിത്രസ്മാരകങ്ങൾ ക്രമമായി സന്ദർശിച്ചു. ഇവയുടെ ചരിത്രം പഠിക്കുന്നതിന് അദ്ദേഹം ഡെൽഹി ആർക്കിയോളജിക്കൽ സൊസൈറ്റി സ്ഥാപിച്ചു. സയ്യിദ് അഹ്മദ് ഖാൻ ഈ സൊസൈറ്റിയിലെ പ്രധാന അംഗമായിരുന്നു. സൈസൈറ്റിക്ക് സ്വന്തമായി ജേണലും ഉണ്ടായിരുന്നു. നഗരത്തിലെ പണ്ഡിതരിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ഉർദുവിൽനിന്ന് മെറ്റ്കാഫ് തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതായിരുന്നു ഈ ജേണലിലെ ഉള്ളടക്കത്തിൽ ഭൂരിഭാഗവും.[4]
1842-നും 1844-നുമിടയിൽ മസർ അലി ഖാൻ എന്ന ഒരു ചിത്രകാരനെക്കൊണ്ട് ഡെൽഹിയിലെ ചരിത്രസ്മാരകങ്ങളുടെയും കൊട്ടാരങ്ങളുടെയും മറ്റുമെല്ലാം ചിത്രങ്ങൾ മെറ്റ്കാഫ് വരപ്പിക്കുകയും അതിനെ ദെഹ്ലീ ബൂക്ക് എന്ന പേരിൽ ഒരു ആൽബമാക്കി മാറ്റുകയും ചെയ്തു. ദില്ലി നഗരത്തിന്റെ 20 അടി നീളമുള്ള ഒരു പാനരോമിക് ചിത്രച്ചുരുളും[൨] അദ്ദേഹം ചിത്രീകരിപ്പിച്ചിരുന്നു. ഇവ രണ്ടുമാണ് 1857-ലെ ലഹളക്കുമുമ്പുള്ള ദില്ലിയുടെ സമ്പൂർണ്ണദൃശ്യങ്ങൾ നൽകുന്ന ഇന്നവശേഷിക്കുന്ന ഏറ്റവും മികച്ച ചരിത്രരേഖ. ഇവ ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ഓറിയെന്റൽ ആൻഡ് ഇന്ത്യ ഓഫീസ് കളക്ഷൻസിൽ സൂക്ഷിച്ചിട്ടുണ്ട്.[4]
മെറ്റ്കാഫ് ഹൗസുകൾ
തിരുത്തുകമറ്റു ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് സമ്പാദിച്ച് ബ്രിട്ടനിൽ പോയി ജീവിക്കാൻ ആഗ്രഹിച്ചപ്പോൾ മെറ്റ്കാഫ് തന്റെ ഇംഗ്ലണ്ടിലെ സമ്പാദ്യമെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുകയും മെറ്റ്കാഫ് ഹൗസുകൾ എന്ന പേരിൽ രണ്ട് വീടുകൾ ഡെൽഹിയിൽ പണിയുകയും ചെയ്തു.[4]
കശ്മീരി ഗേറ്റിന് വടക്ക് യമുനാതീരത്തുള്ള മെറ്റ്കാഫ് ഹൗസ് എന്ന കൊട്ടാരസദൃശ്യമായ പല്ലേഡിയൻ ശൈലിയിലുള്ളതാണ്. മെറ്റ്കാഫിന്റെ ജീവിതകാലത്ത് ഇത് ഡെൽഹിയിലെ പ്രധാന അധികാരമേന്ദ്രമായിരുന്നു. ജഹാൻ നുമ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. ഇംഗ്ലീഷ് പൂച്ചെടികളടങ്ങിയ പൂന്തോട്ടങ്ങളും, മാർബിൾ തൂണുകളും, നീന്തൽക്കുളവും, സൈപ്രെസ് അവെന്യൂകളും, ഓറഞ്ച് തോട്ടങ്ങളും, 25000-ത്തോളം പുസ്തകങ്ങളടങ്ങിയ ഗ്രന്ഥശാലയും ഇവിടെയുണ്ടായിരുന്നു. റോസ് വുഡ് കൊണ്ടുള്ള ജോർജിയൻ ഫർണീച്ചറും നല്ല ഓയിൽ പെയിന്റിങ്ങുകളും കൊണ്ട് ഇത് അലങ്കരിക്കപ്പെട്ടിരുന്നു. നെപ്പോളിയൻ ബോണപ്പാർട്ടുമായി ബന്ധപ്പെട്ട ചരിത്രവസ്തുക്കൾ പ്രദർശിപ്പിച്ചിരുന്ന ഒരു നെപ്പോളിയൻ ഗാലറിയും ഇവിടെ ഉണ്ടായിരുന്നു. നെപ്പോളിയന്റെ രത്നമോതിരവും ആന്റോണിയോ കനോവ നിർമ്മിച്ച നെപ്പോളിയന്റെ തലയുടെ ശിൽപ്പവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.[4] ഇന്ന് ഈ വീട് ഡി.ആർ.ഡി.ഒയുടെ കൈവശമാണ്.
രണ്ടാമത്തെ മെറ്റ്കാഫ് ഹൗസ്, ദക്ഷിണദില്ലിയിലെ മെഹ്റോളിയിലാണ്. മുഗളരുടെ വേനൽക്കാലകൊട്ടാരമായ സഫർ മഹലിനടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ദിൽകുഷ എന്ന പേരിലും ഇത് അറിയപ്പെടുന്നു. മുഗളരുടെ അഷ്ടഭുജാകൃതിയിലുള്ള ഒരു ശവകുടീരം പരിഷ്കരിച്ചാണ് ഈ വീടുണ്ടാക്കിയത്. ഒരു മുഗൾ ചാർബാഗും ഒരു വിളക്കുമാടവും ഒരു ചെറിയ കോട്ടയും ഒരു പ്രാവിൻസങ്കേതവും ബോട്ടിങ്ങിനുള്ള ഒരു കുളവും ഒരു സിഗറാറ്റും ദിൽകുഷയിൽ ഉണ്ടായിരുന്നു.[4]
ഇരു മെറ്റ്കാഫ് ഹൗസുകളും വിശാലമായ പറമ്പുകളിലാണ് സ്ഥിതിചെയ്തിരുന്നത്. അലംകൃതമായ വലിയ ജോർജിയൻ കവാടങ്ങളും ഇവക്കുണ്ടായിരുന്നു.[4]
അവലംബം
തിരുത്തുക- ↑ Biography and Genealogy[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 2.3 ലാസ്റ്റ് മുഗൾ[൧], താൾ: XX
- ↑ "ദ ടോംബ് അറ്റ് സിംല ഓഫ് ദ സെക്കൻഡ് വൈഫ് ഓഫ് സർ തോമസ് മെറ്റ്കാഫ് (ലെഫ്റ്റ്), ഇൻസ്ക്രിപ്ഷൻ ഓൺ ദ ടേബ്ലറ്റ് ഇൻ സെയിന്റ് ജെയിംസ് ചർച്ച് ഡെൽഹി (റൈറ്റ്)". ബ്രിട്ടീഷ് ലൈബ്രറി ഓൺലൈൻ ഗ്യാലറി. Archived from the original on 2012-10-16. Retrieved 2013 നവംബർ 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 ലാസ്റ്റ് മുഗൾ[൧], താൾ: 49-53
- ↑ 5.0 5.1 5.2 ലാസ്റ്റ് മുഗൾ,[൧] താൾ: 115
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 54
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 101
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 55
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 56
- ↑ 10.0 10.1 10.2 10.3 10.4 ലാസ്റ്റ് മുഗൾ,[൧] താൾ: 118
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 113
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 114
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 116
- ↑ 14.0 14.1 ലാസ്റ്റ് മുഗൾ,[൧] താൾ: 119
കുറിപ്പുകൾ
തിരുത്തുക- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ൨ ^ മസർ അലി ഖാൻ വരച്ച ഡെൽഹി പനോരമ ചിത്രം ഇവിടെക്കാണാം