ലാൽ സിങ്

സിഖ് സാമ്രാജ്യത്തിലെ സൈന്യാധിപൻ, മന്ത്രി

സിഖ് സാമ്രാജ്യത്തിലെ സേനാനായകനും മന്ത്രിയുമായിരുന്നു രാജാ ലാൽ സിങ്. ദലീപ് സിങ്ങിനുവേണ്ടി റാണി ജിന്ദൻ കൗർ, റീജന്റ് ഭരണം നടത്തുമ്പോൾ, 1845 മുതൽ ലാൽ സിങ്, സിഖ് ഭരണകൂടത്തിലെ പ്രധാനമന്ത്രിയും റാണിയുടെ ഉപദേഷ്ടാവുമായിരുന്നു. ഇതിനുപുറമേ റാണി ജിന്ദന്റെ കാമുകനുമായിരുന്നു അദ്ദേഹം. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ ലാൽ സിങ്, സിഖ് സേനയെ നയിച്ചിരുന്നു. ഈ യുദ്ധത്തിൽ അവരുടെ തോൽവിക്കും ലാൽ സിങ്ങിന്റെ നടപടികൾ കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് റെസിഡൻസി കാലഘട്ടത്തിൽ, അമൃത്സർ കരാറിന് വിരുദ്ധമായി, കശ്മീരിലെ വിമതപ്രവർത്തനത്തിന് ഒത്താശചെയ്തു എന്നതിന്റെ പേരിൽ ലാൽ സിങ് വിചാരണക്ക് വിധേയനാകുകയും 1846 ഡിസംബറിൽ നാടുകടത്തപ്പെടുകയും ചെയ്തു.

ലാൽ സിങ്

സിഖ് ഭരണത്തിന്റെ തലപ്പത്തെത്തുന്നു

തിരുത്തുക
 
റാണി ജിന്ദൻ കൗർ

1844-ൽ പ്രധാനമന്ത്രിയായിരുന്ന ഹീരാ സിങ് ഡോഗ്രയുടെ മരണത്തിനുശേഷം, റാണി ജിന്ദൻ, സിഖ് സാമ്രാജ്യത്തിന്റെ ഭരണത്തിൽ പിടിമുറുക്കുകയും, ജിന്ദന്റെ സമീപവൃന്ദത്തിലുണ്ടായിരുന്ന അവരുടെ സഹോദരൻ ജവാഹർ സിങ്, ദാസിയായ മംഗള എന്നിവർക്കൊപ്പം ജിന്ദന്റെ കാമുകനായ ലാൽ സിങ്ങിനും ഭരണത്തിൽ പ്രാധാന്യം കൈവന്നു. 1845-ൽ ജവാഹർ സിങ് കൊല്ലപ്പെട്ടതോടെ ലാൽ സിങ് കൂടുതൽ പ്രബലനായി. എന്നാൽ ഇക്കാലത്ത് ഖൽസ സൈന്യത്തിന്, ലാൽസിങ്ങിനോടും റാണിയോടും പൂർണ്ണമായ കൂറുണ്ടായിരുന്നില്ല. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് സിഖ് സേനയെ ലാൽ സിങ് നയിച്ചെങ്കിലും അദ്ദേഹവും മറ്റൊരു സേനാനായകനായ തേജ് സിങ്ങും എതിരാളികളായ ബ്രിട്ടീഷുകാരുമായി രഹസ്യസഖ്യത്തിന് ശ്രമിച്ചിരുന്നു. യുദ്ധത്തിലെ ആദ്യഘട്ടപോരാട്ടമായിന്ന 1845 ഡിസംബറിൽ നടന്ന മുദ്കി പോരാട്ടത്തിൽ വിജയിക്കാൻ സാദ്ധ്യതയുണ്ടായിരുന്നിട്ടും ലാൽ സിങ് ഫിറോസ്ശഹറിലേക്ക് പിൻമാറി. ഇത് സിഖ് സേനയുടെ പരാജയത്തിന് കാരണമായിത്തീർന്നു.[1] യുദ്ധത്തിനുശേഷവും ലാൽ സിങ് പ്രധാനമന്ത്രിയായി തുടർന്നു. എന്നാൽ ഡോഗ്ര പക്ഷക്കാരനെന്ന കാരണത്താൽ ജനങ്ങളുടെയോ സൈന്യത്തിന്റെയോ പിന്തുണ ആർജ്ജിക്കാനായില്ല. ബ്രിട്ടീഷ് റെസിഡൻസി കാലത്ത്, സിഖ് സാമ്രാജ്യത്തിന്റെ ഭരണത്തിലെ പ്രധാന പ്രശ്നം ലാൽ സിങ്ങായിരുന്നു എന്നാണ് റെസിഡന്റായിരുന്ന ഹെൻറി ലോറൻസ് അഭിപ്രായപ്പെടുന്നത്. ചെലവ് കുറക്കാനും വരുമാനം വർദ്ധിപ്പിക്കാനുമുള്ള ബ്രിട്ടീഷ് ആവശ്യങ്ങൾ, സേനക്ക് നൽകുന്ന ശമ്പളം വൈകിപ്പിച്ചും ജഗീറുകളിലെ മുഖ്യരെ പിഴിഞ്ഞുമാണ് ലാൽ സിങ് നിറവേറ്റിയിരുന്നത് എന്നാണ് ഹെൻറിയുടെ അഭിപ്രായം. ഒപ്പം വൻ സ്വകാര്യസ്വത്തുണ്ടാക്കുകയും ഒരു സ്വകാര്യസേനയെ പരിപാലിക്കുകയും ചെയ്തു. ഹെൻറി റെസിഡന്റായിരിക്കുന്ന കാലത്ത് ലാൽസിങ്ങിന്റെ പക്ഷപാതനടപടികളിൽ അതൃപ്തരായ പ്രവിശ്യകളിലെ ഭരണാധികാരികൾ ഹെൻറിയോട് പരാതി പറയുകയും ഏവരോടും തുല്യമായി പെരുമാറാൻ ഹെൻറി ലാൽസിങ്ങിനോടാവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രവിശ്യാഭരണാധികാരികൾ ഇംഗ്ലീഷുകാരോട് നേരിട്ട് പരാതിപ്പെടുന്നത് ഭരണം നടത്തിക്കൊണ്ടുപോകാൻ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ലാൽസിങ്ങും പരാതിപ്പെട്ടു. എല്ലാം വാഗ്ദാനം ചെയ്യുകയും ഒന്നും നടപ്പിലാക്കാത്തതുമായ ഒരു സൂത്രശാലിയായിരുന്നു ലാൽ സിങ് എന്നായിരുന്നു 1846 ഓഗസ്റ്റിൽ ലാഹോറിൽ കാവൽ റെസിഡന്റായി എത്തിയ ജോൺ ലോറൻസ് അഭിപ്രായപ്പെട്ടത്. ലാൽ സിങ് സർദാർമാരെ റെസിഡന്റുമായി സന്ധിക്കുന്നതിൽനിന്ന് വിലക്കുകയും ജോണിന് ചുറ്റും ചാരന്മാരെ നിയോഗിക്കുകയും ചെയ്തു. പഞ്ചാബിലെ സാമ്പത്തിക കാര്യങ്ങളുടെ കൈകാര്യത്തിലും ലാൽ സിങ്ങിന്റെ ഇടപെടലിൽ ജോൺ അതൃപ്തി പ്രകടിപ്പിച്ചു.[2]

വിചാരണയും നാടുകടത്തലും

തിരുത്തുക

ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തെത്തുടർന്നുണ്ടായ സന്ധികരാറുകൾ പ്രകാരം സിഖ് ദർബാർ കശ്മീരടക്കുമുള്ള സാമ്രാജ്യത്തിന്റെ വടക്കുകിഴക്കൻ മലമ്പ്രദേശങ്ങൾ 1846 മാർച്ചിൽ തുടക്കത്തിൽ ബ്രിട്ടീഷുകാർക്ക് അടിയറവക്കുകയും, ഇതിൽ കശ്മീരും ജമ്മുവും ബ്രിട്ടീഷുകാർ ഗുലാബ് സിങ്ങിന് വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ കശ്മീരിന്റെ ഭരണാധികാരിയായിരുന്ന സിഖ് പ്രതിനിധി ഷേഖ് ഇമാമുദ്ദീൻ പ്രദേശത്തിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ വർഷാവസാനം വരെ തയ്യാറായിരുന്നില്ല. 1846 ഒക്ടോബറിൽ ഗുലാബ് സിങ് ബ്രിട്ടീഷ് പിന്തുണയോടെ സൈനികനടപടിക്ക് മുതിർന്നതോടെ ഇമാമുദ്ദീൻ ബ്രിട്ടീഷുകാരോട് കീഴടങ്ങുകയും ലാൽ സിങ്ങിന്റെ നിർബന്ധപ്രകാരമാണ് താൻ അപ്രകാരം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു. ലാൽ സിങ്ങിനെ വിചാരണ ചെയ്യുന്നതിന് 1846 ഡിസംബർ 3-ന് ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ വിദേശകാര്യസെക്രട്ടറിയായ ഫ്രെഡറിക് ക്യൂറി, പഞ്ചാബ് റെസിഡന്റ് ഹെൻറി ലോറൻസ്, ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണർ ജോൺ ലോറൻസ് എന്നിവരടങ്ങിയ അന്വേഷണകോടതി രൂപീകരിക്കപ്പെട്ടു. കശ്മീരിലെ വിമതപ്രവർത്തനത്തിന്റെ കാരണക്കാരൻ ലാൽ സിങ് ആണെന്ന് തെളിയിക്കുന്ന, ലാൽ സിങ് തനിക്കെഴുതിയ മൂന്ന് എഴുത്തുകൾ ഷേഖ് ഇമാമുദ്ദീൻ അന്വേഷണക്കോടതിക്ക് കൈമാറി. അതിലൊന്ന് തന്റേതാണെന്ന് ലാൽ സിങ്ങും സമ്മതിക്കുകയും ചെയ്തു. ഡിസംബർ 4-നുതന്നെ ലാൽ സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയും ഇതിനെത്തുടർന്ന് 2000 അഫ്ഗാൻ കുതിരക്കാരും ജനറൽ കോർട്ട്ലാൻഡ് നയിച്ചിരുന്ന കാലാൾപ്പടയും ആർട്ടില്ലറിയും അടങ്ങിയ ലാൽ സിങ്ങിന്റെ സ്വകാര്യസേനയെ ദർബാർ ഉത്തരവുപ്രകാരം പിൻവലിക്കുകയും, ലാൽ സിങ്ങിനെ ഡിസംബർ 13-ന് ഫിറോസ്പൂർ വഴി നാടുകടത്തുകയും ചെയ്തു. ഷേഖ് ഇമാമുദ്ദീനെ വെറുതേവിട്ടു.[2]

  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 133–139. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  2. 2.0 2.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "6 - സ്റ്റേയിങ് ഓൺ ഇൻ 1846 - ലാഹോർ, കശ്മീർ ആൻഡ് ബൈരോവാൾ (Staying on in 1846 - Lahore, Kashmir and Byrowal)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 165–176. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ലാൽ_സിങ്&oldid=3091177" എന്ന താളിൽനിന്ന് ശേഖരിച്ചത്