പ്രശസ്തനായ ബ്രിട്ടീഷ് സൈനികനായിരുന്നു അലക്സാണ്ടർ ലോറൻസ്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി ഇന്ത്യയിലും ബ്രിട്ടനു വേണ്ടി യൂറോപ്പിലും പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ആംഗ്ലോ-മൈസൂർ യുദ്ധത്തിലെ നിർണായകഘട്ടമായ ശ്രീരംഗപട്ടണം ആക്രമണം, യൂറോപ്പിലെ വാട്ടർലൂ യുദ്ധം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിൽ ഭരണരംഗത്തും സൈനികരംഗത്തും പ്രശസ്തരായ ജോൺ ലോറൻസ്, ഹെൻറി ലോറൻസ്, ജോർജ് ലോറൻസ് എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്.

ജീവിതരേഖ തിരുത്തുക

വടക്കൻ ഐർലൻഡിൽ ഡെറി കൗണ്ടിയിലുള്ള കോൾറൈനിലെ ഒരു മില്ലുടമയുടെ ആറു മക്കളിലൊരാളായിരുന്നു അലക്സാണ്ടർ ലോറൻസ്. 1776-ൽ പിതാവ് മരിച്ചപ്പോൾ ഇതിൽ മൂന്ന് ആൺമക്കൾ അമേരിക്കയിലേക്ക് പോയി. ഒരാൾ നാവികസേനയിൽ സർജനായിച്ചേർന്നു. അനാഥനായ പത്തുവയസ്സുകാരൻ അലക്സാണ്ടർ കോൾറൈനിലുള്ള തന്റെ സഹോദരിമാരുടെ സംരക്ഷണയിലാണ് വളർന്നത്.[1]

ഇന്ത്യയിൽ തിരുത്തുക

1783-ൽ തനിക്ക് 17 വയസ്സുള്ളപ്പോൾ ലോറൻസ് ഇന്ത്യയിലേക്കെത്തി. അക്കാലത്തെ സാമാന്യരീതിയനുസരിച്ച്, കമ്മീഷനില്ലാതെ ഒരു വളണ്ടിയർ ഓഫീസർ ആയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. യുദ്ധക്കളത്തിലെ പ്രകടനത്തിലൂടെയോ പണംകൊടുത്ത് വാങ്ങിയോ കമ്മീഷൻ കരസ്ഥമാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ശമ്പളമൊന്നും വാങ്ങിയിരുന്നില്ല എങ്കിലും സാധ്യമായ രീതിയിൽ നല്ല ഒരു ജീവിതം അദ്ദേഹം നയിച്ചു. രണ്ടുവട്ടം കമ്മീഷനുകൾ നേടാനായെങ്കിലും ഒന്ന് ലണ്ടനിലെ എഴുത്തുകുത്തുകളിലെ തെറ്റുമൂലവും രണ്ടാമത്തേത് മറ്റൊരാളുടെ കൈവശമെത്തിയതും മൂലം അദ്ദേഹത്തിന് ലഭിച്ചില്ല. അവസാനം 1788-ൽ അദ്ദേഹം ഒരു കമ്മീഷൻ പണംകൊടുത്ത് വാങ്ങി.

1791-92 കാലത്ത് ടിപ്പു സുൽത്താനെതിരെയുള്ള കോൺവാലിസിന്റെ ആദ്യസന്നാഹത്തിൽ പങ്കാളിയായി. ആദ്യശ്രമത്തിൽ പരാജയപ്പെട്ട് കൈവശമുള്ളതെല്ലാം നഷ്ടപ്പെട്ട് പിൻവാങ്ങുന്നതിനിടയിൽ അലക്സാണ്ടർ രോഗബാധിതനായി. 1795-ൽ കൊച്ചിക്കുമേലുള്ള ആക്രമണത്തിലും 1796-ലെ കൊളംബോ ആക്രമണത്തിലും 1797-ൽ പഴശ്ശിരാജക്കെതിരെയുള്ള കോട്ടയം യുദ്ധത്തിലും പങ്കെടുത്തു വളരെ പ്രശംസക്ക് പാത്രമായി.[1]

ശ്രീരംഗപട്ടണം ആക്രമണം തിരുത്തുക

1799-ൽ ശ്രീരംഗപട്ടണം ആക്രമണത്തിൽ ബ്രിട്ടീഷ് സേനയിലെ ദ ഫോർലോൺ ഹോപ്പ് എന്നറിയപ്പെട്ടിരുന്ന നാലു കമാൻഡോ സംഘങ്ങളിലൊന്നിന്റെ തലവനായിരുന്നു അലക്സാണ്ടർ. ഫോർലോൺ ഹോപ്പ് എന്ന പേര്, രക്ഷപ്പെടാനുള്ള ഈ സംഘത്തിന്റെ നേരിയ സാധ്യതയെ സൂചിപ്പിക്കുന്നതാണ്. 1799 മേയ് 4-ന് നടന്ന യുദ്ധത്തിൽ ധീരമായി പോരാടുകയും മസ്കെറ്റ് വെടിയേറ്റ് പരിക്കേറ്റതിനുശേഷവും തന്റെ കൂട്ടാളികൾക്ക് പോരാടാൻ പ്രേരണ നൽകുകയും ചെയ്തു. രക്തം വാർന്ന് കുഴഞ്ഞുവീണ അദ്ദേഹം അന്നുച്ചക്കുശേഷം മുഴുവൻ യുദ്ധഭൂമിയിൽ വെയിലിൽക്കിടക്കുകയും. യൂനിഫോം കണ്ട് തിരിച്ചറിഞ്ഞ സഹപ്രവർത്തകർ മരിച്ചെന്നു കരുതിയെങ്കിലും ജീവനുണ്ടെന്ന് കണ്ടതിനാൽ ക്യാമ്പിലേക്ക് തിരികെക്കൊണ്ടുപോയി. ഫോർലോൺ ഹോപ്പിലെ ജീവനോടെ ശേഷിച്ച ഒരേയൊരാളായിരുന്നു അദ്ദേഹം.[2]

ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1799-ൽത്തന്നെ അലക്സാണ്ടർ തിരിച്ച് ജോലിയിൽ സജീവമായി . ഇതേ വർഷം അവസാനം കൊച്ചിയിൽ വച്ച് ഒരു കപ്പലപകടത്തിലും ഉൾപ്പെട്ടു. തുടർന്ന് സിലോണിൽ തന്റെ റെജിമെന്റിൽ എത്തിയ അദ്ദേഹം 1808 വരെ അവിടെത്തുടർന്നു.[1]

ഇംഗ്ലണ്ടിലേക്ക് തിരുത്തുക

1808-ൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുവാൻ നിർബന്ധിതമാകുകയായിരുന്നു. 25 വർഷത്തെ പട്ടാളജോലിക്കുശേഷവും ഒരു റെജിമെന്റൽ ക്യാപ്റ്റനാവാനേ കഴിഞ്ഞുള്ളൂ എന്നതിൽ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു എങ്കിലും ഈ നിരാശ പിൽക്കാലത്ത് പരിഹരിക്കപ്പെട്ടു. യോർക്ക്ഷയറിലെ റിച്ച്മണ്ടിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. മൂന്നുവർഷത്തിനുശേഷം ഗേൻസിയിലെ ഒരു സൈന്യഘടകത്തിന്റെ ലെഫ്റ്റനന്റ് കേണൽ ആയി നിയമിതനായി. 1815-ൽ ഈ റെജിമെന്റ് ഓസ്റ്റെൻഡിലേക്ക് മുന്നേറാൻ ഉത്തരവായി. വാട്ടർലൂ യുദ്ധം മുഴുവനും ലോറൻസ്, നാല് റെജിമെന്റുകളെയും ആർട്ടില്ലെറിയെയും നയിക്കുകയും ചെയ്തു.[1]

വിവാഹം, കുടുംബം തിരുത്തുക

1798 മേയ് 5-ന് അലക്സാണ്ടർ, ലെറ്റീഷ്യ കാതറിൻ നോക്സ് എന്ന ഡനെഗോലിലെ ഒരു പുരോഹിതന്റെ പുത്രിയെ വിവാഹം കഴിച്ചു. ഇവർ സ്കോട്ടിഷ് മതപരിഷ്കർത്താവായ ജോൺ നോക്സിന്റെ വംശപരമ്പരയിൽപ്പെട്ടതായിരുന്നു. കുടുംബം കൊണ്ടുനടക്കുന്നതിൽ അലക്സാണ്ടർക്കുണ്ടായിരുന്ന കാര്യശേഷിക്കുറവും അസൗകര്യവും പരിഹരിച്ച് കുടുംബത്തെ ഒരുമിച്ചുനിർത്തുന്നതിൽ ലെറ്റീഷ്യയുടെ പങ്ക് വളരെ വലുതായിരുന്നു.[1]

അലക്സാണ്ടറിനും ലെറ്റീഷ്യക്കും പന്ത്രണ്ട് മക്കളുണ്ടായി ഇതിൽ ആറുപേർ ഇന്ത്യയിൽ (സിലോണിലും) വച്ചും മറ്റുള്ളവർ ഇംഗ്ലണ്ടിൽവച്ചുമാണ് ജനിച്ചത്. ജോർജ് ടോംകിൻസ് (ഈ കുട്ടി മൂന്നാം വയസിൽ മരിച്ചു), ലെറ്റീഷ്യ, അലക്സാണ്ടർ, ജോർജ് സെയിന്റ് പാട്രിക്, ഹെൻറി, ഹൊണോറിയ, ജെയിംസ്, ജോൺ, മേരി ആൻ, ഷാർലറ്റ്, മാഴ്സിയ, റിച്ചാഡ് എന്നിവരായിരുന്നു ഇവർ.[1]

അവസാനകാലം തിരുത്തുക

1816-ൽ അസുഖം മൂലം സൈന്യത്തിൽ തുടരാനുള്ള ആഗ്രഹം ഉപേക്ഷിച്ച അദ്ദേഹം ഭാര്യക്കും മക്കൾക്കും നല്ല രീതിയിൽ ജീവിക്കുന്നതിന് തന്റെ കമ്മീഷൻ 3500 പൗണ്ട് പ്രതിഫലത്തിനും 100 പൗണ്ട് വാർഷികപെൻഷനും വേണ്ടി വിറ്റു. ഈ പെൻഷൻ തന്റെ ഡോക്ടർമാർക്ക് കൊടുക്കാൻ തികയില്ലെന്നും 300 പൗണ്ടെങ്കിലും പെൻഷൻ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പെൻഷൻ വർദ്ധിപ്പിക്കാൻ അപേക്ഷിച്ചെങ്കിലും യുദ്ധകാര്യാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പാമെർസ്റ്റോൺ പ്രഭു ഇത് നിരസിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ പെൻഷനപേക്ഷിച്ച അദ്ദേഹത്തിന് കമ്പനി തുടക്കത്തിൽ 80 പൗണ്ടും പിന്നിട് 90 പൗണ്ടും വാർഷിക പെൻഷൻ കമ്പനി അനുവദിച്ചു. പിൽക്കാലത്ത് സർക്കാരും അദ്ദേഹത്തിന്റെ പെൻഷൻ 220 പൗണ്ടായി ഉയർത്തി. ഇതിനുപുറമേ അപ്നോർ കാസിലിന്റെ ഗവർണറായി നിയമിക്കപ്പെട്ടതിലൂടെ 50 പൗണ്ടും വാർഷികശമ്പളം ലഭിച്ചു. ഇതൊക്കെയാണെങ്കിലും തന്റെ സൈനികജീവിതത്തിൽ ഏറെ അഭിമാനിതനായും അതിനു ലഭിച്ച പ്രതിഫലത്തിൽ ഏറെ ദുഃഖിതനായുമാണ് അദ്ദേഹം മരണമടഞ്ഞത്.[1] 1835-ൽ എഴുപത്തി മൂന്നാം വയസ്സിലാണ് അലക്സാണ്ടർ മരിച്ചത്.[3]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "1 - ഫാമിലി ആൻഡ് ദ ഏളി യേഴ്സ് (Family and the Early Years) 1809 – 1829". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 7–11. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  2. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 1. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  3. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 44. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ലോറൻസ്&oldid=2319566" എന്ന താളിൽനിന്ന് ശേഖരിച്ചത്