രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം

1878 മുതൽ 1880 വരെയുള്ള കാലയളവിൽ ബ്രിട്ടണും, അമീർ ഷേർ അലി ഖാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താനും തമ്മിൽ നടന്ന യുദ്ധവും അനുബന്ധപോരാട്ടങ്ങളുമാണ് രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം എന്നറിയപ്പെടുന്നത്. ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം പോലെത്തന്നെ റഷ്യയുടേയും ബ്രിട്ടന്റേയും മദ്ധ്യേഷ്യയിലെ ആധിപത്യത്തിനായുള്ള ശ്രമങ്ങൾ (വൻ‌കളി) തന്നെയാണ് ഈ യുദ്ധത്തിനും കാരണമായത്.

രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിലെ ആദ്യപോരാട്ടങ്ങളിലൊന്നായ പെയ്‌വാർ കോട്ടൽ യുദ്ധം

മദ്ധ്യേഷ്യയിലെ റഷ്യൻ മുന്നേറ്റങ്ങളും, റഷ്യയുടെ അഫ്ഗാനിസ്താനുമായുള്ള ബന്ധങ്ങളും കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാർ അതുവരെ തുടർന്നുപോന്ന നിഷ്ക്രിയത്വനയം ഉപേക്ഷിച്ച് അഫ്ഗാനിസ്താനിൽ സ്വാധീനം ചെലുത്താൻ ശ്രമമാരംഭിച്ചു. 1878-ൽ ഒരു ബ്രിട്ടീഷ് സംഘത്തിന് അഫ്ഗാനിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ബ്രിട്ടീഷുകാർ അഫ്ഗാനിസ്താൻ ആക്രമിക്കുകയും 1879 തുടക്കത്തിൽ കാബൂൾ പിടിച്ചടക്കുകയും ചെയ്തു. തുടർന്ന് അഫ്ഗാൻ അമീർ ഷേർ അലി ഖാൻ കാബൂളിൽ നിന്ന് പലായനം ചെയ്യുകയും മരണമടയുകയും ചെയ്തു. ഷേർ അലിയുടെ പുത്രൻ യാക്കൂബ് ഖാനെ തങ്ങളുടെ നിയന്ത്രണത്തിൽ കാബൂളിലെ അമീർ ആയി വാഴിക്കാനും ഗന്ദാമാക് സന്ധിയിലൂടെ അഫ്ഗാനിസ്താന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും ബ്രിട്ടീഷ് ഭരണകൂടത്തിന് ഈ യുദ്ധത്തിലൂടെ സാധിച്ചു. എങ്കിലും തദ്ദേശീയരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് 1880/81-ഓടെ ബ്രിട്ടീഷുകാർക്ക് അഫ്ഗാനിസ്താനിൽ നിന്നും പിൻ‌വാങ്ങേണ്ടിവന്നു. കാബൂളിലെ ഭരണം അബ്ദ് അൽ റഹ്മാൻ ഖാനെ ഏൽപ്പിക്കുകയും ചെയ്തു.

പശ്ചാത്തലം

തിരുത്തുക
 
ബെഞ്ചമിൻ ഡിസ്രയേലി

ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിൽ 1841-42 കാലയളവിൽ സംഭവിച്ച പരാജയങ്ങളും, 1857-ലെ ഇന്ത്യൻ ലഹളയും മൂലം അഫ്ഗാനിസ്താനിലെ കാര്യങ്ങളിൽ തുടർന്ന് ഇടപെടാതിരിക്കുന്ന നയമാണ് ഇന്ത്യയിലെ ബ്രിട്ടീഷുകാർ സ്വീകരിച്ചുവന്നിരുന്നത്. 1864-ൽ ഗവർണർ ജനറലായെത്തിയ ജോൺ ലോറൻസ് സ്വീകരിച്ച കരുതിക്കൂട്ടിയുള്ള നിഷ്ക്രിയത്വം (Masterly inactivity) എന്നറിയപ്പെടുന്ന ഈ നയം അദ്ദേഹത്തിനു പിന്നാലെ വന്ന ഗവർണർ ജനറൽമാരും അതുപോലെ തുടർന്നു. മദ്ധ്യേഷ്യയിൽ റഷ്യൻ മുന്നേറ്റങ്ങളുണ്ടായിട്ടും, അഫ്ഗാനിസ്താൻ അമീർ ഷേർ അലിയുടെ അഭ്യർത്ഥനകളുണ്ടായിരുന്നിട്ടും ബ്രിട്ടീഷുകാർ നിഷ്ക്രിയത്വം നിലനിർത്തി.[1]

1874-ൽ ബെഞ്ചമിൻ ഡിസ്രയേലി, ഇംഗ്ലണ്ടിൽ പ്രധാനമന്ത്രിയാകുകയും സാലിസ്ബറി പ്രഭു ഇന്ത്യയുടെ കാര്യങ്ങൾക്കായുള്ള വിദേശകാര്യസെക്രട്ടറിയാകുകയും ചെയ്ത അവസരത്തിൽ അഫ്ഗാനിസ്താനിലെ കരുതിക്കൂട്ടിയുള്ള നിഷ്ക്രിയത്വനയം ബ്രിട്ടൺ ഉപേക്ഷിച്ചു. 1873-ൽ റഷ്യക്കാർ, ഖീവയും 76-ൽ ഖോകന്ദ് എമിറേറ്റും അധീനതയിലാക്കിയതിലുള്ള പരിഭ്രാന്തിയിലായിരുന്നു ഇത്.[2] അഫ്ഗാൻ അമീർ ഷേർ അലിയുടെ റഷ്യക്കാരുമായുള്ള പ്രത്യക്ഷബന്ധങ്ങളും ഈ നിലപാടുമാറ്റത്തിന് കാരണമായി. എന്നാൽ ഷേർ അലി, റഷ്യക്കാരുമായുള്ള ബന്ധങ്ങളെ ഒഴിവാക്കാനും ശ്രമിച്ചിരുന്നു.[3]

ഇതിനെത്തുടർന്ന് ഹെറാത്തിൽ ബ്രിട്ടീഷ് നിരീക്ഷകരെ വിന്യസിക്കുന്നതിന് അഫ്ഗാനിസ്താനിലെ അമീർ ആയ ഷേർ അലിയോട് ആവശ്യപ്പെടാൻ ഇന്ത്യയിലെ അന്നത്തെ ഗവർണർ ജനറലായ നോർത്ത് ബ്രൂക്ക് പ്രഭുവിനോട് ബ്രിട്ടീഷ് ഭരണകൂടം ആവശ്യപ്പെട്ടു. ഇതിനു വൈമനസ്യം കാണിച്ച അദ്ദേഹത്തെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് മാറ്റി, മുന്നേറ്റനയത്തിന്റെ വക്താവായ ലിട്ടൺ പ്രഭുവിനെ 1876-ൽ തൽസ്ഥാനത്ത് നിയമിച്ചു. 1876 ഡിസംബർ 8-ന് ബ്രിട്ടീഷുകാർ കന്ദഹാറിനടുത്തുള്ള ക്വെത്തയിൽ ആധിപത്യം സ്ഥാപിച്ച് അതിനെ ഒരു സൈനികത്താവളമാക്കി.

1878-ൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. റഷ്യൻ സേന ഇസ്താംബൂളിനടുത്തെത്തുകയും, ബ്രിട്ടീഷ് സേന മർമോറ കടലിൽ തയ്യാറായി സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം മദ്ധ്യേഷ്യയിലെ റഷ്യൻ സേന അഫ്ഗാനിസ്താനിലേക്കും ഇന്ത്യയിലേക്കും മുന്നേറാൻ തയ്യാറായി. എന്നാൽ ബെർലിൻ സമ്മേളനം വഴി (Congrets of Berlin) ഒരു ലോകയുദ്ധം ഒഴിവാകുകയും അഫ്ഗാനിസ്താനെ ഇരു ശക്തികളും തങ്ങൾക്കിടയിലെ ഇടപ്രദേശം ആയി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഈ കരാർ നിലവിൽ വരുന്നതിനു മുൻപേ, യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ഇരുകൂട്ടരും നടത്തിയിരുന്നു.[2]

യുദ്ധത്തിന്റെ ആരംഭം

തിരുത്തുക
 
അഫ്ഗാൻ അമീർ, ഷേർ അലിയും സുഹൃത്തുക്കളും (റഷ്യൻ കരടിയും ബ്രിട്ടീഷ് സിംഹവും) - വൻ‌കളിയെ സൂചിപ്പിക്കുന്ന 1878-ലെ രാഷ്ട്രീയകാർട്ടൂൺ

1878 ജൂലൈ 22-ന് താഷ്കെന്റിലെ റഷ്യൻ ജനറൽ കോഫ്മാൻ അയച്ച സ്റ്റോലിയെറ്റോവ് എന്ന ഒരു ദൂതൻ കാബൂളിലെത്തി. മനസ്സില്ലാമനസോടെയാണ് അമീർ ഷേർ അലി ഇയാളെ സ്വീകരിച്ചത്. ഷേർ അലി റഷ്യക്കാരുടെ കീശയിലായെന്ന് വിലയിരുത്തിയ ഇന്ത്യയിലെ ഗവർണർ ജനറൽ ലിട്ടൻ പ്രഭു, ഉടൻതന്നെ ഒരു നയതന്ത്രസംഘത്തെ കാബൂളിലേക്കയക്കാൻ തീരുമാനിച്ച് ഷേർ അലിയോട് അനുവാദമാരാഞ്ഞു. ചർച്ചക്കു മുമ്പ് റഷ്യക്കാരെ പുറത്താക്കണമെന്നും ലിട്ടൻ ഷേർ അലിക്ക് നിർദ്ദേശം നൽകിയിരുന്നു. ബ്രിട്ടീഷ് സംഘത്തിന് വ്യവസ്ഥകളോടെയുള്ള അനുവാദമാണ് ഷേർ അലി നൽകിയത്. ഖൈബർ ചുരത്തിലൂടെയുള്ള വഴി ഒഴിവാക്കി, കന്ദഹാർ വഴി കാബൂളിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നടപടിക്ക് ഇംഗ്ലണ്ടിൽ നിന്നുള്ള അനുവാദത്തിന് കാക്കാതെയും, ഷേർ അലിയുടെ സമ്മതം ലഭിക്കുന്നതിനു മുമ്പായിത്തന്നെയും ലിട്ടൻ, ഖൈബർ ചുരത്തിലൂടെ അഫ്ഗാനിസ്താനിലേക്ക് സംഘത്തെ അയച്ചിരുന്നു. ജനറൽ നെവില്ലെ ചാമ്പർലൈന്റെ നേതൃത്വത്തിൽ ഒരു സംഘത്തേയും അവരുടെ അകമ്പടിക്ക് 1000 പേരടങ്ങുന്ന ഒരു സൈന്യവുമാണ് അഫ്ഗാനിസ്താനിലേക്ക് നീങ്ങിയത്. ഖൈബർ ചുരത്തിനടുത്തുള്ള അലി മസ്ജിദിൽ വച്ച് ഈ സംഘം തടയപ്പെട്ടു. ഒരു യുദ്ധത്തിനുള്ള സാഹചര്യം സംജാതമായി. നവംബർ 20-നകം പ്രതികരണം ആവശ്യപ്പെട്ട് ഷേർ അലിക്ക് അന്ത്യശാസനം നൽകുകയും തുടർന്ന് യുദ്ധമാരംഭിക്കുകയും ചെയ്തു.[2][3]

യുദ്ധത്തിന്റെ ആരംഭവേളയിൽത്തന്നെ ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇംഗ്ലണ്ടിലുടലെടുത്തിരുന്നു. ഇന്ത്യയിലെ മുൻ വൈസ്രോയിയായിരുന്ന ജോൺ ലോറൻസ് യുദ്ധവിരുദ്ധരിൽ പ്രമുഖനായിരുന്നു. എങ്കിലും ഈ പ്രതിഷേധങ്ങളെ വകവക്കാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡിസ്രയേലി യുദ്ധത്തെ അനുകൂലിച്ചു. ഡിസ്രയേലിയുടെ വീക്ഷണത്തിൽ പ്രധാനയൂറോപ്യൻ ശക്തി എന്ന നിലയിലുള്ള ബ്രിട്ടന്റെ സ്ഥാനം അപകടത്തിലായിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതിന് അഫ്ഗാനിസ്താനിലെ ആധിപത്യം ആവശ്യമാണെന്നും അദ്ദേഹം കരുതി. ജനറൽ റോബർട്ട്സിനെ അഫ്ഗാനിസ്താനിലേക്ക് യുദ്ധത്തിനയച്ച അദ്ദേഹം 1878 ഡിസംബറിൽ യുദ്ധനടപടിയെ പാർലമെന്റിൽ നീതീകരിക്കുകയും ചെയ്തു.[3]

1878 നവംബർ 21-ന് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ കടക്കുകയും 1879 ജനുവരി 8-ന് കാബൂൾ പിടിച്ചടക്കുകയും ചെയ്തു. റഷ്യക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാതെ വന്നതിനാൽ ഷേർ അലി വടക്കോട്ട് പലായനം ചെയ്തു. 1879 ഫെബ്രുവരി 21-ന് ബൽഖിനടുത്ത് മസാർ-ഇ ശരീഫിൽ[4] വച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.[2]

ഗന്ദാമാക് സന്ധി

തിരുത്തുക
 
മുഹമ്മദ് യാക്കൂബ് ഖാൻ (മദ്ധ്യത്തിൽ) - ഗന്ധാമാക്കിലെ ചർച്ചകൾക്കിടെ - 1879 മേയ് മാസത്തിൽ ചിത്രീകരിച്ച് ചിത്രം. ചിത്രത്തിൽ ഇടതുവശത്തു നിന്ന് രണ്ടാമതായി മേജർ ലൂയി കാവനാരിയെയും കാണാം

ഷേർ അലി മുൻപ് കാബൂളിൽ തടവിലിട്ടിരുന്ന അദ്ദേഹത്തിന്റെ പുത്രൻ യാക്കൂബ് ഖാനെ മോചിപ്പിച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തെ രാജാവാക്കി. യാക്കൂബ് ഖാന്റെ സൈന്യാധിപൻ ഗന്ധാമാക്കിലെ ബ്രിട്ടീഷ് പാളയത്തിലെത്തുകയും അവിടെ ബ്രിട്ടീഷുകാരുമായി ഒരു സന്ധിയിലൊപ്പുവക്കുകയും ചെയ്തു. ഗന്ദാമാക്ക് സന്ധി എന്നറിയപ്പെടുന്ന ഈ സമാധാന സൗഹൃദസന്ധി, 1879 മേയ് 26-നാണ് ഒപ്പുവക്കപ്പെട്ടത്. ഈ സന്ധിയിലൂടെ അഫ്ഗാനിസ്താന്റെ വിദേശനയം ബ്രിട്ടീഷുകാരുടെ മേൽക്കോയ്മക്ക് കീഴിലായി. ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർക്ക് കാബൂളിൽ ഒരു സ്ഥിരം സൈനികത്താവളം ലഭിക്കുകയും വിദേശാക്രമണങ്ങളിൽ നിന്ന് അഫ്ഗാനിസ്താനെ സംരക്ഷിക്കുന്നതിനുള്ള ഉറപ്പ് തിരിച്ച് അമീറിനും ലഭിച്ചു. ഇതിനു പുറമേ ഇന്ന് പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന തെക്കുഭാഗത്തെ കുറേ പ്രവിശ്യകൾ അഫ്ഗാനിസ്താന്റെ ഭാഗമായി അംഗീകരിച്ചുകൊണ്ടുതന്നെ ബ്രിട്ടീഷുകാർക്ക് ഭരണത്തിന് വിട്ടുനൽകി. ക്വെത്തക്ക് വടക്കുപടിഞ്ഞാറുള്ള പിശിൻ, ക്വെത്തക്ക് തെക്കുകിഴക്കുള്ള സിബി, പെഷവാറിന് തെക്കുള്ള കുറാം താഴ്വര എന്നിവയായിരുന്നു ഈ പ്രദേശങ്ങൾ‍. സിബിയും പിശിനും 1887-ൽ ബ്രിട്ടീഷുകാർ ഔദ്യോഗികമായി സ്വന്തമാക്കി.[2]

ബ്രിട്ടീഷുകാർക്ക് നേരിട്ട തിരിച്ചടികൾ

തിരുത്തുക
 
അബ്ദ് അൽ റഹ്മാൻ ഖാൻ

ഗന്ദാമാക് സന്ധിയിലൂടെ രാജ്യത്തിന്റെ സ്വതന്ത്രവിദേശനയം അടിയറ വെച്ചത്, തദ്ദേശീയരിൽ വൻ പ്രതിഷേധം ഉടലെടുക്കാൻ കാരണമായി. സന്ധിയിലെ വ്യവസ്ഥയനുസരിച്ച് 1879 ജൂലൈ 24-ന് മേജർ ലൂയി കാവനാരി, ബ്രിട്ടീഷ് പ്രതിനിധിയായി കാബൂളിലെത്തി. ബാലാ ഹിസാറിലെ കെട്ടിടങ്ങളിൽ വാസമുറപ്പിച്ച ബ്രിട്ടീഷുകാർക്ക് ഉടൻ തന്നെ തിരിച്ചടി നേരിട്ടു. സെപ്റ്റംബർ 3-ന് കാവനാരിയേയും സംഘത്തേയും ഒരു അഫ്ഗാൻ ജനക്കൂട്ടം കൊലപ്പെടുത്തു. ഇതിനെത്തുടർന്ന് കർക്കശക്കാരനായിരുന്ന ജനറൽ ഫ്രെഡറിക് റോബർട്ട്സ് കാബൂളിലെത്തി. കാബൂളിലെ ബാലാ ഹിസാർ, റോബർട്ട് നശിപ്പിച്ചു. ഭരണം പൂർണ്ണമായും ബിട്ടീഷുകാർ ഏറ്റെടുത്തതോടെ യാക്കൂബ് ഖാൻ ഇന്ത്യയിലേക്ക് കടന്നു.

 
ഷേർപൂർ സൈനികത്താവളത്തിലെ ഡർബാർ മൈതാനം

1879-ലെ തണുപ്പുകാലമായപ്പോഴേക്കും കാബൂളിലെ ബ്രിട്ടീഷുകാരുടെ നില പരുങ്ങലിലായി. അതോടെ അവർക്ക് ഷേർപൂറിലെ സൈനികത്താവളത്തിൽ ഒതുങ്ങേണ്ടിവന്നു. ഡിസംബർ 23-ന് തദ്ദേശീയരുടെ ഒരു വൻ ആക്രമണത്തേയ്യും ബ്രിട്ടീഷുകാർക്ക് നേരിടേണ്ടിവന്നു. അഫ്ഗാനിസ്താനെ റഷ്യക്കാരുടെ കൈയിലകപ്പെടാതെ ഒരു തദ്ദേശീയനേതാവിന്റെ കൈയിലേൽപ്പിക്കാനായി ബ്രിട്ടീഷുകാർ തുടർന്ന് ശ്രമമാരംഭിച്ചു.

1880-ൽ മുൻ അമീർ അഫ്സൽ ഖാന്റെ പുത്രനായിരുന്ന അബ്ദ് അൽ റഹ്മാൻ ഖാൻ റഷ്യയിൽ നിന്നും അഫ്ഗാനിസ്താനിൽ തിരിച്ചെത്തി. 1880 ജൂലൈ മാസം ബ്രിട്ടീഷുകാർ കാബൂളിന്റെ ഭരണം അബ്ദ് അൽ റഹ്മാന്റെ കൈയിലേൽപ്പിച്ചു.

 
മുഹമ്മദ് അയൂബ് ഖാൻ

1880 ജൂലൈ 27-ന് ഷേർ അലിയുടെ പേർഷ്യയിലായിരുന്ന മറ്റൊരു പുത്രൻ മുഹമ്മദ് അയൂബ് ഖാൻ ഹെറാത്തിലെ അമീർ ആയി പ്രഖ്യാപിക്കുകയും മേഖലയിൽ ജനറൽ ബറോസിന്റെ നേതൃത്വത്തിൽ വിന്യസിച്ചിരുന്ന 2500-പേരടങ്ങുന്ന ബ്രിട്ടീഷ് സൈന്യത്തെ കന്ദഹാറിനടുത്തുള്ള മായ്‌വന്ദിൽ വച്ച് പരാജയപ്പെടുത്തുകയും ചെയ്തു. ആയിരത്തോളം ബ്രിട്ടീഷ് സൈനികർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു.[ക] ഇതിനു പിന്നാലെ അയൂബ് ഖാൻ കന്ദഹാറും ആക്രമിച്ചതോടെ ബ്രിട്ടീഷുകാരുടെ കന്ദഹാറിലെ നിലയും പരിതാപകരമായി. ഇതോടെ ഇവർ കാബൂളിൽ നിന്നും സഹായമഭ്യർത്ഥിച്ചു. ജനറൽ റോബർട്ട്സിന്റെ നേതൃത്വത്തിലുള്ള സേന കന്ദഹാറിലേക്ക്ക് നീങ്ങി. അങ്ങനെ സെപ്റ്റംബർ 1-ന് ബ്രിട്ടീഷ് സേന കന്ദഹാറിൽ വച്ച് അഫ്ഗാനികളെ പരാജയപ്പെടുത്തി.

ബ്രിട്ടീഷ് പിന്മാറ്റം

തിരുത്തുക

കന്ദഹാറിൽ അയൂബ് ഖാനെതിരെ വിജയിക്കാനായെങ്കിലും ബ്രിട്ടണിൽ ഡിസ്രയേലിക്കു പകരം ഗ്ലേഡ്സ്റ്റോൺ അധികാരത്തിലെത്തിയതോടെ 1880 ഓഗസ്റ്റിൽ കാബൂളിൽ നിന്നും 1881 ഏപ്രിലിൽ കന്ദഹാറിൽ നിന്നും ബ്രിട്ടീഷുകാർ പിന്മാറി.[2]

ഗന്ദാമാക് ഉടമ്പടിപ്രകാരം കാബൂളിലും മറ്റു നഗരങ്ങളിലും പ്രതിനിധികളെ നിയമിക്കാൻ ബ്രിട്ടീഷുകാർക്ക് അവകാശമുണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് ബ്രിട്ടീഷ് വംശജർക്കു പകരം ഇന്ത്യക്കാരായിരുന്നു ബ്രിട്ടീഷ് പ്രതിനിധികളായി അഫ്ഗാനിസ്താനിൽ എത്തിയിരുന്നത്. ഇതിനോടൊപ്പം ബ്രിട്ടീഷുകാർ അഫ്ഗാനികൾക്ക് സൈനികസാമ്പത്തികസഹായവും നൽകിപ്പോന്നു. റഷ്യക്കാരിൽ നിന്നും ആക്രമണമുണ്ടായാൽ സഹായിക്കാമെന്ന വാഗ്ദാനവും ബ്രിട്ടീഷുകാർ അവർക്ക് നൽകി.[5]

കുറിപ്പുകൾ

തിരുത്തുക
  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "16 - ലാസ്റ്റ് പോസ്റ്റ്സ്, ഇന്ത്യൻ കൗൺസിൽ ആൻഡ് വൈസ്രോയൽറ്റി (Last Posts, Indian Council and Viceroyalty), 1859 - 1869". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 407–408. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  2. 2.0 2.1 2.2 2.3 2.4 2.5 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 259–262. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 3.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "17 - ലാസ്റ്റ് യേഴ്സ് (Last Years), 1869 - 1879". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 414. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  4. "Dupree: Amir Sher Ali Khan". Archived from the original on 2010-08-30. Retrieved 2010-03-08.
  5. Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 263. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)