മലബാറിലെ കുടിയേറ്റം
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ നിന്നായി കൂട്ടമായും അല്ലാതെയും മലബാറിലെ മലമടക്കുകൾക്കിടയിലേക്ക് കുടിയേറ്റം നടത്തിയത് കേരള ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അദ്ധ്യായമാണ് . കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ പല ഉൾപ്രദേശങ്ങളിലായി താമസസങ്കേതങ്ങൾ കണ്ടെത്തിയ ഇവരിൽ ഭൂരിപക്ഷവും മാർ തോമാ നസ്രാണികൾ ആയിരുന്നു
മലബാർ കുടിയേറ്റത്തിന്റെ ചരിത്രം
തിരുത്തുകസാധാരണയായി കുടിയേറ്റം രണ്ടു രീതിയിലാണു നടക്കുക. ആസൂത്രിതവും സംഘടിതവുമായ കുടിയേറ്റം, അങ്ങനെയല്ലാതെ ഒറ്റപ്പെട്ട കുടിയേറ്റങ്ങൾ. മലബാറിലേക്ക് ഈ പറഞ്ഞ രണ്ടു രീതിയിലും കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. 1920 മുതൽക്കാണ് തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് ആളുകൾ കുടിയേറിപ്പാർക്കാൻ തുടങ്ങിയത്. മിക്ക ആൾക്കാരും പാവപ്പെട്ട കർഷകരായിരുന്നു. തിരുവിതാംകൂറിലെ അവരുടെ തുണ്ടുകിടപ്പാടം വിറ്റുകിട്ടിയ പണവുമായി മലബാറിൽ വന്ന് സ്ഥലം വാങ്ങി കൃഷിചെയ്തു ജീവിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതോടൊപ്പം തോട്ടം വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചില വൻകിട തോട്ടമുടമകളും കുടിയേറ്റം നടത്തിയിട്ടുണ്ട്.
കുടിയേറ്റകാരണങ്ങൾ
തിരുത്തുകദിവാൻ സർ സി. പി. യുടെ ദുർഭരണവും വർദ്ധിച്ചു വരുന്ന ജനസംഖ്യാനിരക്കും ഭൂമിയുടെ ദൗർലഭ്യവുമൊക്കെയായിരുന്നു അന്നത്തെ കുടിയേറ്റത്തിന്റെ മുഖ്യ കാരണങ്ങൾ. വർദ്ധിച്ച രീതിയിലുള്ള പ്ലാന്റേഷൻ കൃഷിരീതിയും തത് ഫലമായുണ്ടായ മൂലധനസ്വരൂപീകരണവും ബാങ്കുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവയുടെ സ്വാധീനവും മലബാറിലേക്കുള്ള കർഷകകുടിയേറ്റത്തിന്റെ ആക്കം കൂട്ടി. അതുകൂടാതെ, മലബാറിലെ തുച്ഛമായ ഭൂവിലയും ഉദാരമായ ഭൂനിയമവും ഫലഭൂയിഷ്‌ഠമായ കന്നിമണ്ണും കർഷകരെ ഏറെ സ്വാധീനിച്ചിരുന്നു.
കുടിയേറ്റ മേഖലകൾ
തിരുത്തുകആദ്യമാദ്യം വന്നവർ കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ വണ്ടിയിറങ്ങി പേരാവൂർ, ഇരിട്ടി എന്നീ കിഴക്കൻ മലനിരകളെ ലക്ഷ്യമാക്കി ബസ്സിലും വാനിലും തോണികളിലും കാളവണ്ടിയിലും ഒടുക്കം നടന്നുമൊക്കെയായി ലക്ഷ്യസ്ഥാനം കണ്ടെത്തിയവരായിരുന്നു. പിന്നീട് വന്നവർ കുറച്ചുകൂടി വടക്കോട്ട് യാത്ര തിരിച്ച് പയ്യന്നൂർ, നിലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് റെയിൽവേ സ്റ്റേഷനുകളിൽ വണ്ടിയിറങ്ങി. കിഴക്കൻ മേഖലകളിലേക്കുള്ള ഇവരുടെ യാത്ര വളരേ ദുർഘടം പിടിച്ചതും ദുരിതപൂർണവുമായിരുന്നു. 1940 മുതലാണ് കാസർഗോഡ് ജില്ലയിലേക്കുള്ള കുടിയേറ്റം ആരംഭിച്ചത്.
കാസർഗോഡ് ജില്ലയിലെ കുടിയേറ്റം
തിരുത്തുകകാസർഗോഡ് ജില്ലയിലെ കുടിയേറ്റ കേന്ദ്രങ്ങളെ പ്രധാനമായി രണ്ടായി തിരിക്കാം. രാജപുരവും തോമാപുരവും. ഈ പ്രദേശങ്ങളുടെ യഥാർത്ഥപേരുകൾ യഥാക്രമം ഏച്ചിക്കോൽ എന്നും ചിറ്റാരിക്കാൽ എന്നുമായിരുന്നു. തോമപുരം എന്ന പേര് അത്ര പ്രബലമായ ജനസമ്മിതി നേടാതെ പോയി. ഇന്നും ചിറ്റാരിക്കൽ എന്ന പേരിൽ തന്നെയാണീ പ്രദേശം അറിയപ്പെടുന്നത്. എന്നാൽ രാജപുരത്തിന്റെ സ്ഥിതി നേരെ മറിച്ചാണ്. കുടിയേറ്റകർഷകർ നൽകിയ രാജപുരം എന്ന പേരിൽ തന്നെ ഈ പ്രദേശം വികസിച്ചു. പുതുതലമുറയ്‌ക്ക് ഏച്ചിക്കോൽ എന്ന പേര് തീർത്തും അന്യമായി. ചിറ്റാരിക്കൽ കേന്ദ്രീകരിച്ചു നടന്ന കുടിയേറ്റത്തിൽ രൂപീകൃതമായ മറ്റു മറ്റു കുടിയേറ്റ കേന്ദ്രങ്ങളാണ് മണ്ഡപം, കണ്ണിവയൽ, പാലാവയൽ, തയ്യേനി, കടുമേനി, ചെറുപുഴ, കാക്കടവ്, തിരുമേനി, മാലോം എന്നിവ. അതുപോലെ രാജപുരം കേന്ദ്രീകരിച്ചു നടന്ന കുടിയേറ്റത്തിൽ കുടിയേറ്റക്കാർ താവളമാക്കിയ സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവ ഒടയഞ്ചാൽ, ചുള്ളിക്കര, കൊട്ടോടി, പടിമരുത്, കാഞ്ഞിരടുക്കം, എണ്ണപ്പാറ, രാജപുരം, മാനടുക്കം, മേരിപുരം, ഉദയപുരം, മാലക്കല്ല്, പനത്തടി, അടോട്ട്കയ, പാണത്തൂർ, എള്ളുക്കൊച്ചി, റാണിപുരം, കരിവേഡകം, പടുപ്പ്, ബളാൽ, പരപ്പ എന്നിവയാണ്. ഇവിടെ എത്തിച്ചേർന്ന കൃഷിക്കാർ നാടുവാഴികളേയും ജന്മിമാരേയും സമീപിച്ച് തുച്ഛമായ വിലയ്‌ക്ക് ഭൂമിവാങ്ങി കൃഷി ആരംഭിച്ചു. ഹ്രസ്വകാലവിളയിൽ നിന്നും ദീർഘകാലവിളയിലേക്കും പിന്നീട് തോട്ടങ്ങളിലേക്കും അവർ നീങ്ങി.
നസ്രാണി കുടിയേറ്റങ്ങൾ
തിരുത്തുകകുടിയേറ്റഗ്രാമങ്ങളുടെ വളർച്ചയുടെ സ്വഭാവം നോക്കിയാൽ ഭൂരിഭാഗവും മാർ തോമാ നസ്രാണികളാണ്. തങ്ങളുടെ കേന്ദ്രങ്ങളിൽ പള്ളികൾ സ്ഥാപിക്കുകയായിരുന്നു നസ്രാണി കുടിയേറ്റകർഷകർ ആദ്യമായി ചെയ്തത്. പിന്നീട് പലയിടങ്ങളിലും സ്ഥലത്തിന് പുനർനാമകരണം ചെയ്യുകയുണ്ടായി. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ ആശുപത്രികൾ, പോസ്റ്റോഫീസ് പോലുള്ള പൊതുസ്ഥാപനങ്ങൾ തുടങ്ങിയ അതത് സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടു. പുരോഹിതൻമാരും പള്ളിയും മുൻകൈ എടുത്തിട്ടുള്ള വികസന പ്രക്രിയയിൽ ഏറിയപങ്കും നാട്ടുകാരുടെ കൂട്ടായ ശ്രമദാനത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്. മലയിടുക്കിലേക്കുള്ള റോഡുകൾ എല്ലാം തന്നെ ഇങ്ങനെ നാട്ടുകാരുടെ സഹകരണത്തിലൂടെ ഉണ്ടായിട്ടുള്ളവയാണ്. പിന്നീട് അവ പഞ്ചായത്തുകളും പി.ഡബ്ല്യു.ഡി.യും ഏറ്റെടുത്ത് ടാറിടുകയാണുണ്ടായത്. ഇങ്ങനെ നാടിന്റെ സർവതോന്മുഖമായ വികസനത്തിൽ കുടിയേറ്റജനത വഹിച്ച പങ്ക് വളരെ വലുതാണ്
രാജപുരം
തിരുത്തുകമംഗലാപുരം സെയിന്റ് അലോഷ്യസ് കോളേജിലെ പ്രൊഫസറായിരുന്ന വി. ജെ. ജോസഫ് എന്ന വ്യക്തിയാണ് സംഘടിതകുടിയേറ്റം എന്ന ആശയത്തിന് രൂപം കൊടുത്തത്. മലബാറിൽ കുറച്ചു ഭൂമി വാങ്ങി കോട്ടയം രൂപതയ്‌ക്കു കീഴിലുള്ള പാവപ്പെട്ട കർഷകർക്കു വിതിച്ചുകൊടുക്കാം എന്ന ഉദ്ദേശത്തോടെ ഇദ്ദേഹം കോട്ടയം രൂപതയുടെ ബിഷപ്പായിരുന്ന അലക്സാണ്ടർ ചൂളപ്പറമ്പിനെ സമീപിക്കുകയും അതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുകയും ചെയ്‌തു. അക്കാലത്ത് നീലേശ്വരം രാജാവിന്റെ വകയിലുള്ള 1800 ഏക്കർ ഭൂമി നികുതി കുടിശ്ശികയുടെ പേരിൽ സർക്കാർ ലേലത്തിനു വെക്കുകയുണ്ടായി. വി. ജെ. ജോസഫ് ബിഷപ്പ് അലക്സാണ്ടർ ചൂളപ്പറമ്പുമായി ആലോചിച്ച് അത്രയും ഭൂമി ലേലത്തിൽ പിടിച്ചു. 1942-ലാണ് സ്ഥലം വാങ്ങിയത്. പിന്നീട്, കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 72 കുടുംബങ്ങളെ തെരെഞ്ഞെടുക്കുകയും ഓരോ കുടുംബത്തിനും പന്ത്രണ്ടര ഏക്കർ സ്ഥലം വീതം വീതിച്ചു നൽകുകയും ചെയ്തു. ഇവരുടെ വിശ്വാസമനുസരിച്ച് സിറിയയിൽ നിന്നും ക്നായി തൊമ്മന്റെ നേതൃത്വത്തിൽ 72 കുടുംബങ്ങളായിരുന്നല്ലോ കേരളത്തിലേക്ക് കുടിയേറിയത്. അതിന്റെ ഒരു ഓർമ്മ പുതുക്കൽ കൂടിയായിരുന്നു ഈ കുടിയേറ്റം.
1943 ഫിബ്രുവരി 5 ന് കുടിയേറ്റ സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി. പിന്നീട് മുപ്പത് കിലോമീറ്റർ കിഴക്കുള്ള ഏച്ചിക്കോൽ (ഇന്നത്തെ രാജപുരം) എന്ന സ്ഥലത്ത് എത്തിച്ചേരുകയും അവിടെ നൂറടി നീളമുള്ള ഒരു ഷെഡുണ്ടാക്കി അവിടെ താമസമാരംഭിച്ചു. പിന്നീട്, തങ്ങൾക്കു കിട്ടിയ ഭൂമിയെ പ്ലോട്ടുകളായിത്തിരിച്ച് നറുക്കിട്ടെടുത്ത് അവിടങ്ങളിൽ കാടുവെട്ടിത്തെളിക്കുകയും വീടുവെച്ച് ഓരോരുത്തരും താമസം മാറുകയും ചെയ്തു. ഏച്ചിക്കോലുള്ള നൂറടി നീളമുള്ള ആ ഷെഡ് പിന്നീടവർ പള്ളിയായി ഉപയോഗിച്ചുതുടങ്ങി. സംഘടിതവും വളരെ ആസൂത്രിതവുമായ കുടിയേറ്റമായതിനാൽ മറ്റുള്ള അസംഘടിത കുടിയേറ്റക്കാർ അനുഭവിച്ച യാതനകൾ ഇവർക്കനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും മലമ്പനി, കാട്ടുമൃഗങ്ങളായ പന്നി മുതലായ മൃഗങ്ങളിൽ നിന്നുള്ള ശല്യങ്ങൾ എന്നിവ ഇവരെ വേട്ടയാടിയിരുന്നു. കോട്ടയം രൂപതയുടെ നേതതൃത്വത്തിൽ തന്നെ റോഡുകളും മറ്റു വികസനപ്രവർത്തനങ്ങളും പിന്നീട് നടത്തുകയുണ്ടായി. ഏച്ചിക്കോലുള്ള പള്ളിക്കു സമീപം 1944 -ൽ എൽ.പി. സ്കൂളും 1960 - ൽ ഹൈസ്കൂളും നിലവിൽ വന്നു. ഇന്നുകാണുന്ന രാജപുരം പള്ളിയുടെ നിർമ്മാണം 1962 -ഇൽ പൂർത്തിയായി. 1968 -ഇൽ കോളനിയുടെ സിൽ വർ ജൂബിലി ആഘോഷിച്ചു അപ്പോഴേക്കും പഴയ ഏച്ചിക്കോൽ വിസ്‌മൃതമാവുകയും പകരം രാജപുരം എന്ന പേർ സർവ്വസമ്മതമാവുകയും ചെയ്തിരുന്നു.
കോളനി വളർന്നതോടെ സമീപദേശങ്ങളായ ചുള്ളിക്കര, അയറോട്ട്, കൊട്ടോടി, കള്ളർ, മാലക്കല്ല്, പൂക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും അവിടങ്ങളിൽ പള്ളികളും മറ്റു സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തു.
റാണിപുരം
തിരുത്തുകരാജപുരം കേന്ദ്രീകരിച്ചുള്ള കുടിയേറ്റം കോട്ടയം രൂപതയ്‌ക്ക് വലിയ പ്രചോദനമാണുണ്ടാക്കിയത്. രാജപുരത്തു നിന്നും പതിനെട്ടു കിലോമീറ്റർ കിഴക്ക് പനത്തടി ടൗണിൽ നിന്നും മാറി നിൽക്കുന്ന കുന്നിൻപ്രദേശമാണ് റാണിപുരം. മാടത്തുമല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് റാണിപുരം എന്നാക്കി മാറ്റുകയാണുണ്ടായത്. 1969 -ഇൽ കോട്ടയം രൂപത 750 ഏക്കർ സ്ഥലം അവിടെ വാങ്ങിക്കുകയുണ്ടായി. ബിഷപ്പ് തോമസ് തറയിൽ, സഹായ മെത്രാൻ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരായിരുന്നു ഇതിനു നേതൃത്വം നൽകിയത്. പാവപ്പെട്ട 45 കുടുംബങ്ങൾക്ക് അത് വീതിച്ചു നൽകി. 1970 ജനുവരിയിൽ അവർ ഇവിടെ താമസം ആരംഭിച്ചു. തുടർന്ന് ഒരു പള്ളിയും എൽ.പി. സ്ക്കൂളും ഇവിടെ സ്ഥാപിതമായി. ഇന്ന് അടിയപ്പെടുന്ന ഒരു ടൂറിസ്‌റ്റ് സ്ഥലം കൂടിയാണ് റാണിപുരം
പനത്തടി എൻ. എസ്. എസ്. കോളനി
തിരുത്തുകനസ്രാണി കുടിയേറ്റങ്ങൾ പോലെ വ്യാപകമല്ലെങ്കിലും സംഘടിതമായി തന്നെ എൻ. എസ്. എസിന്റെ കുടിയേറ്റവും മലബാറിൽ നടന്നു. 1942 -ഇൽ 5000 ഏക്കർ സ്ഥലം എൻ. എസ്. എസ്. പനത്തടിയിൽ വാങ്ങിച്ചു. അതിൽ 2000 ഏക്കർ നായർ കുടുംബങ്ങൾക്ക് വീതിച്ചു കൊടുത്തു. ആദ്യകാലത്തുണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങളിൽ പകച്ചുപോയ പലരും തിരിച്ചുപോയി. എന്നാൽ 800 ഓളം കുടുംബങ്ങൾ പിടിച്ചു നിന്നു. ഓരോ കുടുംബത്തിനും മരാമത്ത് ചെലവിലേക്കായി 6000 രൂപ വിതം പല ഗഡുക്കളായി അക്കാലത്തു തന്നെ എൻ.എസ്.എസ് നൽകുകയുണ്ടായി. 5000 ഏക്കറിൽ ബാക്കി വന്ന 3000 ഏക്കർ സ്ഥലത്ത് എൻ. എസ്. എസ്. നേരിട്ട് തന്നെ റബറും മറ്റു നാണ്യവിളകളും കൃഷി ചെയ്തു വരുന്നു.
ഈഴവകുടിയേറ്റങ്ങൾ
തിരുത്തുകസംഘടിതവും ആസൂത്രിതവുമായ ഈഴവകുടിയേറ്റങ്ങൾ വളരെ കുറവാണെങ്കിലും ചെറിയചെറിയ ഗ്രൂപ്പുകളായുള്ള കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചിറ്റാരിക്കലിനടുത്ത് കടുമേനി, മണ്ഡപം ഭാഗങ്ങളിൽ സംഘടിതമായി തന്നെയുള്ള ഒറ്റപ്പെട്ട കുടിയേറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഇവിടെ ശ്രീനാരായണഗുരു ദേവന്റെ ഒരു ആരാധനമണ്ഡപവും ഉണ്ട്.
കുടിയേറ്റത്തിന്റെ ഗുണഫലങ്ങൾ
തിരുത്തുകകുടിയേറ്റത്തിന്റെ പ്രാരംഭഘട്ടത്തിൽ കർഷകർക്കേറ്റ കനത്ത തിരിച്ചടികളോട് പടപൊരുതി മലബാറിൽ തന്നെ പിടിച്ചുനിന്ന കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി മലബാറിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. ഏകാദ്ധ്യാപക വിദ്യാലയത്തിൽ തുടങ്ങി ഹൈസ്‌കൂൾ, പ്ലസ്‌റ്റുവരെ എത്തിയ രാജപുരത്തെ ഹോളീ ഫാമിലി ഹൈസ്‌കൂൾ, സെന്റ് പയസ് ടെൻത് കോളേജ്, മാലക്കല്ല് യു.പി. സ്കൂൾ, റാണിപുരം എൽ.പി. സ്കൂൾ, ചിറ്റാരിക്കൽ ഹൈസ്‌കൂൾ, കടുമേനി എസ്. എൻ. സ്കൂൾ, മുതലായവയൊക്കെ കുടിയേറ്റക്കരുടെ ശ്രമഫലമായി ഉണ്ടായവയാണ്. കൂടാതെ സർക്കാർ മേഖലയിൽ നിരവധി സ്‌കൂളുകൾ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിൽ ഇവർ വിജയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ, റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ തുടങ്ങി മിക്ക മേഖലകളിലും വമ്പിച്ച പുരോഗതിക്ക് കുടിയേറ്റ കർഷകർ തുടക്കമിട്ടു.
ഒരുകാലത്ത് നിബിഡവനമായിരുന്ന പ്രദേശം കിളച്ച് വിളവിറക്കി കൃഷിയിടമാക്കി മാറ്റി കാർഷികമേഖലയിലും വൻമുന്നേറ്റത്തിന്നിവർ തുടക്കം കുറിച്ചു. മരച്ചീനിയുടെ കടന്നുവരവ് തദ്ദേശിയരെക്കൂടി പട്ടിണിയിൽ നിന്നും രക്ഷപ്പെടുത്തി. റബ്ബർ, മരച്ചീനി, ചേന, മഞ്ഞൾ, ഇഞ്ചി, തുടങ്ങിയ നാണ്യവിളകൾ വ്യാപകമായി ഇവർ കൃഷി ചെയ്തു തുടങ്ങി. മലയോരമേഖലയിലെ കൃഷിയുടെ വ്യാപനവും കാർഷികരംഗത്തെ വളർച്ചയും ആദ്യകാല കുടിയേറ്റ കേന്ദ്രങ്ങളായ ചിറ്റാരിക്കൽ,വെള്ളരിക്കുണ്ട്, മാലോത്ത്, പരപ്പ, ഒടയഞ്ചാൽ, രാജപുരം, പനത്തടി, പാണത്തൂർ, ബന്തടുക്ക, പടുപ്പ് തുടങ്ങിയ പ്രദേശങ്ങളെ ചെറുപട്ടണങ്ങളാക്കി ഉയർത്തി. ഏകദേശം അമ്പതു വർഷങ്ങൾ കൊണ്ട് മലയോരമേഖലയുടെ മുഖഛായതന്നെ മാറ്റി എടുക്കുന്നതിൽ കർഷകകുടിയേറ്റക്കാർക്കു കഴിഞ്ഞു.
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- പുസ്തകം: കാസർഗോഡ്: ചരിത്രവും സമൂഹവും - കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം
- കേരളം ഇരുപതാം നൂറ്റാണ്ട് എന്ന വിഷയത്തെ ആധാരമാക്കി സമകാലീക മലയാളം വാരിക 2000 ജനുവരി 7 നു പബ്ലിഷ് ചെയ്ത പ്രത്യേക പതിപ്പ് - പേജ് നമ്പർ120 മുതൽ125 വരെ
- 1999 -ഇൽ പുറത്തിറങ്ങിയ സെന്റ് പയസ് ടെൻത് കോളേജിന്റെ പ്രഥമ കോളേജ് മാഗസിൻ ആയ നൈവേദ്യം എന്ന പുസ്തകം