കസ്തൂരി രംഗൻ സമിതി റിപ്പോർട്ട്

മാധവ് ഗാഡ്ഗിൽ സമിതിയുടെ പരിസ്ഥിതി റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കകൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു.[1]

വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്ത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്. അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. ഉയർന്ന വന മേഖല ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക മേഖലയായി പട്ടികയിലില്ലായെന്നത് പരിസ്ഥിതി പ്രവർത്തകരുടെ വിമർശനത്തിനു വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല പൂർണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിൻറെ പട്ടികയിലില്ല. മൂന്ന് വില്ലേജുകൾ മാത്രമാണ് പട്ടികയിലുള്ളത്. ഫലത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിൻറെ അന്തഃസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാടെയുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റക്കാരുടെ പേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും സമിതി നിർദ്ദേശിക്കുന്നുണ്ട്. അതുപോലെ ഈ മേഖലയിലെ അൻപത് വർഷത്തിന് മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശയെ ഈ സമിതിയും പിൻതാങ്ങിയെങ്കിലും പുതിയ പഠന റിപ്പോർട്ടുമായി അംഗീകാരത്തിനായി അപേക്ഷിക്കണമെന്നു കേരള സർക്കാരിനോടു നിർദ്ദേശിക്കുകയും ചെയ്തു. കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട ചർച്ച ചെയ്തു നടപ്പാക്കണമെന്നും കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികം പ്രമേയത്തിലൂടെ സർക്കാരുകളോട് ആവശ്യപ്പെട്ടു.[1][2]

ഖനനം, ക്വാറി, മണൽവാരൽ, താപോർജനിലയം, 20,000 ചതുരശ്രമീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റുനിർമ്മാണങ്ങളും, 50 ഹെക്ടറിലേറെയുള്ളതോ, ഒന്നരലക്ഷം ചതുരശ്രമീറ്ററിലേറെ നിർമ്മാണമുള്ളതോ ആയ ടൗൺഷിപ്പ് അല്ലെങ്കിൽ മേഖലാവികസനപദ്ധതികൾ, ചുവപ്പുഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്ക് പരിസ്ഥിതിലോലപ്രദേശത്ത് പൂർണനിയന്ത്രണമാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. കേരളത്തിലെ 11 ജില്ലകളിൽ 37 ശതമാനം പ്രദേശങ്ങളിൽ നിവസിക്കുന്ന ജനങ്ങൾക്ക് വീട് നിർമ്മിക്കാനോ, വികസനപ്രവർത്തനങ്ങൾക്കോ സാധ്യമാകാത്ത നിലയാണെന്ന് പ്രതിപക്ഷം ആക്ഷേപമുയർത്തി.[3]

കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങൾ

തിരുത്തുക

കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചുള്ള നിർദ്ദേശം 2013 നവംബർ 14 മുതൽ ബാധകമാക്കി. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങൾ (വില്ലേജ്, ജില്ലാ അടിസ്ഥാനത്തിൽ)

  • തിരുവനന്തപുരം – നെടുമങ്ങാട് താലൂക്ക്: പെരിങ്ങമ്മല, തെന്നൂർ, വിതുര, മണ്ണൂർക്കര. കാട്ടാക്കട താലൂക്ക്: വാഴിച്ചാൽ, കള്ളിക്കാട്, അമ്പൂരി,കുളത്തുമ്മൽ, മലയിൻകീഴ്.
  • കൊല്ലം - പത്തനാപുരം താലൂക്ക് : പുന്നല, പിറവന്തൂർ, ഇടമൺ, തെൻമല, ആര്യങ്കാവ്, തിങ്കൾക്കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.
  • കോട്ടയം- കാഞ്ഞിരപ്പള്ളി താലൂക്ക് : കൂട്ടിക്കൽ. മീനച്ചിൽ താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര.
  • ഇടുക്കി – ദേവികുളം താലൂക്ക് : മറയൂർ, കീഴാന്തൂർ, കണ്ണൻദേവൻ ഹിൽസ്, കുട്ടമ്പുഴ, കൊട്ടകാമ്പൂർ, കാന്തല്ലൂർ, വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസൽ, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ. പീരുമേട് താലൂക്ക് : ഉപ്പുതറ, കുമിളി, മഞ്ഞുമല, പെരിയാർ, കൊക്കയാർ, പീരുമേട്, മേപ്പാറ, പെരുവന്താനം. തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, ഇടുക്കിയുടെ *ഭാഗം, അറക്കുളം.

ഉടുമ്പൻചോല താലൂക്ക് : ചിന്നക്കനാൽ, ബൈസൺവാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തൊടി, ശാന്തൻപാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപാറ, ഉടുമ്പൻചോല, ഉപ്പുതോട്, പാറത്തോട്, കൽക്കൂന്തൽ, തങ്കമണിയുടെ ഭാഗം, അയ്യപ്പൻകോവിൽ, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടൻമേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.

  • പത്തനംതിട്ട -കോഴഞ്ചേരി താലൂക്ക്: തണ്ണിത്തോട്, അരുവാപ്പുലം. റാന്നി താലൂക്ക്: ചിറ്റാർ-സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.
  • തൃശ്ശൂർ – മുകുന്ദപുരം താലൂക്ക്: പരിയാരം.
  • പാലക്കാട് – ആലത്തൂർ താലൂക്ക്: കിഴക്കഞ്ചേരി-1. ചിറ്റൂർ താലൂക്ക്: മുതലമട-1, മുതലമട-2, നെല്ലിയാമ്പതി. മണ്ണാർക്കാട് താലൂക്ക്: പുതൂർ, പാടവയൽ, അഗളി, കോട്ടത്തറ, കല്ലാമല, ഷോളയാർ, പാലക്കയം. പാലക്കാട് താലൂക്ക്: പുതുപ്പരിയാരം-1, മലമ്പുഴ-1, പുതുശ്ശേരി ഈസ്റ്റ്.
  • മലപ്പുറം – നിലമ്പൂർ താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായ്, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.
  • കോഴിക്കോട് – കോഴിക്കോട് താലൂക്ക് : കെടവൂർ, പുതുപ്പാടി, നെല്ലിപ്പൊയിൽ, കോടഞ്ചേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപാറ. വടകര താലൂക്ക്: തിനൂർ, കാവിലുംപാറ.
  • വയനാട് – മാനന്തവാടി താലൂക്ക് : തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടർനാട്. സുൽത്താൻ ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂൽപ്പുഴ. വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടിയുടെ ഭാഗം, ചുണ്ടേൽ, കുന്നത്തിടവക, വെള്ളരിമല.
  • കണ്ണൂർ -തലശ്ശേരി താലൂക്ക്: ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി

പ്രതിഷേധം

തിരുത്തുക

റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഹർത്താലിന് ആഹ്വാനം ചെയ്തു. വലിയ പ്രതിഷേധത്തിന് ഇടയാക്കിയ കൊട്ടിയൂർ മേഖലയിലുണ്ടായ കലാപത്തിൽ മൂന്നുകോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെട്ടു.

മലയാള പരിഭാഷ

തിരുത്തുക

http://keralabiodiversity.org/index.php?option=com_content&view=article&id=185&Itemid=201

  1. 1.0 1.1 37 % ഓഫ് വെസ്റ്റേൺ ഘട്ട് ഇക്കോളജി സെൻസിറ്റീവ്: കസ്തൂരി പാനൽ റിപ്പോർട്ട് - ടൈംസ് ഓഫ് ഇന്ത്യ, archived from the original on 2013-11-14, retrieved 2013 ഏപ്രിൽ 21 {{citation}}: Check date values in: |accessdate= (help)
  2. കസ്തൂരി രംഗൻ സമതി സർക്കാരിന് റിപ്പോർട്ട് നൽകി - റിപ്പോർട്ടർ ഓൺലൈൻ, retrieved 2013 ഏപ്രിൽ 21 {{citation}}: Check date values in: |accessdate= (help)
  3. "ജനങ്ങളോടുള്ള വെല്ലുവിളി". ദേശാഭിമാനി. Retrieved 2013 നവംബർ 17. {{cite news}}: Check date values in: |accessdate= (help)