കാനേഷുമാരി

(ജനസംഖ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളേയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽനിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്തു വിശകലനം ചെയ്യുന്നതുമായ പ്രവർത്തനമാണു 'കാനേഷുമാരി'. ഒരേസമയത്ത് എല്ലാവരിൽ നിന്നും അവരവരെകുറിച്ചു് വിവരം ശേഖരിക്കുന്നതു് കാനേഷുമാരിയുടെ ഒരു പ്രത്യേകതയാണ്. സാധാരണയായി ഈ വാക്കു ഒരു രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനെക്കുറിക്കുന്നു. ഐക്യരാഷ്ട്രസഭ ഐക്യരാഷ്ട്രസഭയുടെ ഉപദേശപ്രകാരം അഞ്ച് അല്ലെങ്കിൽ പത്തുവർഷത്തിലൊരിക്കൽ കാനേഷുമാരി നടത്തേണ്ടതാണ്.

കാനേഷുമാരിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ജനാധിപത്യപ്രക്രീയ (നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം), ധനകാര്യാസൂത്രണം (നികുതിവരുമാനത്തിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളവിഹിതം നിശ്ചയിക്കൽ) ഗവേഷണം, വ്യാവസായികാവശ്യങ്ങൾ, പദ്ധതിനിർവഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും അവയുടെ പരമ്പരാഗതരീതികൾ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെൻസസ്(നോർവേ, സ്വീഡൻ)'മൈക്രോ സെൻസസ്‌' അഥവാ 'സാമ്പിൾ സെൻസസ്‌' (ഫ്രാൻസ് , ജർമ്മനി ) മുതലായ രാഷ്ട്രങ്ങളിൽ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിൾ ഉപയോഗിച്ച് കാനേഷുമാരിയിൽ ചില വിവരങ്ങൾ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ൽ)

പേരിനു പിന്നിൽ

തിരുത്തുക

കാനേഷുമാരി എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാർത്ഥം വീട്ടുനമ്പർ എന്നു മാത്രമാണ്‌. പേർഷ്യൻ ഭാഷയിൽ ഖനേ(Khaneh) എന്നാൽ വീട് എന്നാണർത്ഥം. ഷൊമാരേ(Shomareh) എന്നാൽ എണ്ണം എന്നർത്ഥം . പിന്നീട് ഈ രണ്ടു പദങ്ങളും യോജിച്ച് കാനേഷുമാരി എന്നായി.[1]

കാനേഷുമാരി ഭാരതത്തിൽ

തിരുത്തുക

ഭാരതത്തിൽ പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായിരുന്ന അശോകന്റെ ഭരണകാലത്തും ഗുപ്ത ഭരണകാലത്തും ഭാരതത്തിൽ ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്[അവലംബം ആവശ്യമാണ്]. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്].

ബ്രിട്ടീഷ് ഇന്ത്യയിൽ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളിൽ കാനേഷുമാരി നടന്നു[അവലംബം ആവശ്യമാണ്]. 1881 ൽ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങൾ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റിൽ ചേർത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം ജാതി, മതം തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിച്ചിരുന്നു. പിന്നീട് ആയൂർദൈർഘ്യം, ശിശുമരണം, മാതൃമരണം, സാക്ഷരത, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയിൽ ഉൾപ്പെടുത്തുകയുണ്ടായി.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പു് നടന്നത് 1951 ലാണ്[അവലംബം ആവശ്യമാണ്]. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്[അവലംബം ആവശ്യമാണ്]. ഇതിനു പുറമേ കുടുംബം, തൊഴിൽ, മതം, അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് ഭാരതത്തിലെ 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം സഹസ്രാബ്ദത്തിലേയും ആദ്യത്തെ കണക്കെടുപ്പും. ഇന്ത്യയിലെ 15-മത് സെൻസസ് ( കാനേഷുമാരി) ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു. ഇതിന്റെ, 2011 മാർച്ച് 31ന് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121.02 കോടിയായി ഉയർന്നു. 18 കോടിയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പുരുഷന്മാർ 62.37 കോടി, സ്ത്രീകൾ 58.65 കോടിഎന്നതാണ് ഇപ്പോഴത്തെ നില. കേരളത്തിൽ 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ ഉള്ളതായും പുതിയ കാനേഷുമാരി കണക്ക് അറിയിക്കുന്നു.ദേശീയ തലത്തിൽ ഇത് 1000 പുരുഷന്മാർക്ക് 914 സ്ത്രീകൾ എന്ന നിലയിലാണ്. [2]

തിരുവിതാംകൂറിൽ

തിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പിനോട് ബന്ധപ്പെട്ട് തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ജനങ്ങളുടെയും അവരുടെ സാമൂഹ്യവും മതപരവുമായ സ്ഥിതിയേയും കണക്കാക്കുന്നതിനായി 1875 മെയ് 18-ന് കാനേഷുമാരി ആരംഭിച്ചു. ഈ കണക്കെടുപ്പ് ജനങ്ങളിൽ പ്രത്യേകിച്ചും താഴ്ന്നജാതികൾക്കിടയിൽ വലിയ രീതിയിൽ ആശങ്കയുണ്ടാക്കിയിരുന്നു. കണക്കെടുപ്പിനും മാസങ്ങൾക്കു മുൻപുതന്നെ അതിനെക്കുറിച്ചുള്ള വിളംബരം ഉണ്ടായിരുന്നു. അതിനെത്തുടർന്ന് പുതിയ നികുതികൾ അടിച്ചേൽപ്പിക്കുന്നതോ മുൻകാലങ്ങളിലേതുപോലെ തങ്ങളെ അടിച്ചമർത്തുന്നതിനോ, മിഷണറിമാരുടെയും മതപരിവർത്തനം നേടിയ തദ്ദേശീയരുടെ സഹായത്തോടുകൂടി ക്രിസ്ത്യാനികളെ കപ്പൽ കയറ്റി വിദേശത്തേയ്ക്ക് അയക്കുകയോ ചെയ്യും എന്നൊക്കെ പലരും ഭയപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ഭീതി ലഘൂകരിക്കുന്നതിനായി വീണ്ടും വീണ്ടും വിളംബരം പുറപ്പെടുവിക്കുകയും മിഷൻ പ്രവർത്തകർ മലയാളത്തിലും തമിഴിലും നോട്ടീസുകൾ ഉണ്ടാക്കി വിതരണം ചെയ്യുകയും എന്യൂമറേറ്റർമാരെ സഹായിക്കുന്നതിനായി അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തു. 23,11,379 ആണ് ഈ കണക്കെടുപ്പിൽ നിന്നും ലഭ്യമായ ജനസംഖ്യ. ഇതിൽ 17,02,805 പേർ ഹിന്ദുക്കളും 1,39,905 പേർ മുഹമ്മദീയരും 4,66,874 പേർ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശീയരായ ക്രിസ്ത്യാനികളും ആണെന്നു കണക്കാക്കി. ഇവരെകൂടാതെ 1,383 യൂറേഷ്യക്കാർ, 201 യൂറോപ്യന്മാർ, 154 യഹൂദന്മാർ എന്നിവരുടേയും കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിഭാഗം ക്രിസ്ത്യാനികൾ ഉള്ളതിനാൽ തിരുവിതാംകൂറിനെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള നാട്ടുരാജ്യമായി സ്ഥിരീകരിക്കുകയും ചെയ്തു. [3]

1875-ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ വിസ്തീർണ്ണം 6,731 ചതുരശ്ര നാഴികയായി കണക്കാക്കിയിട്ടുണ്ട്. ശരാശരി ജനസംഖ്യ ചതുരശ്രനാഴികയ്ക്ക് 343 പേർ എന്ന കണക്കിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തീരദേശത്തെ ജനങ്ങളുടെ എണ്ണം ച.നാഴികയ്ക്ക് 1280 വരെയും ഉൾനാടൻ പ്രദേശങ്ങളിലേത് 37 വരെയുമാണ്. 100 പുരുഷന്മാർക്ക് 110 സ്ത്രീകൾ എന്ന നിരക്കിലാണ് സ്ത്രീപുരുഷ അനുപാതമെങ്കിലും 100 ആൺകുട്ടികൾക്ക് 85 പെൺകുട്ടികൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനസംഖ്യയിൽ ശരാശരി 5.74 ശതമാനം ആളുകൾക്ക് എഴുതാനും വായിക്കാനും അറിയാം എങ്കിലും പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടേയും വ്യത്യാസമനുസരിച്ച് അതും വളരെ വ്യത്യസ്തമായ കണക്കുകളാണ് നൽകുന്നത്. 6.56, 5.75, 4.72 എന്നീ ശതമാനക്കണക്കിൽ യഥാക്രമം ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു ജാതി വിഭാഗങ്ങളിലെ ജനങ്ങൾക്ക് അക്ഷരാഭ്യാസം ഉണ്ട്. അതിൽ തന്നെ പഠന-ഭരണ-സാംസ്കാരിക കേന്ദ്രമായ തിരുവനന്തപുരത്ത് 15 ശതമാനം ആളുകൾക്ക് വിദ്യാഭ്യാസം ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. പക്ഷേ തിരുവനന്തപുരത്തു നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന തിരുവിതാംകൂറിന്റെ തന്നെ ഭാഗമായ മൂവാറ്റുപുഴ, തൊടുപുഴ, ചെങ്കോട്ട, പത്തനാപുരം, ചെങ്ങന്നൂർ എന്നീ ജില്ലകളിലും താഴ്ന്ന ജാതിക്കാർ ധാരാളമുള്ള ചേർത്തലയിലും ആകെ ജനസംഖ്യയുടെ 3 മുതൽ 4 ശതമാനം ആളുകൾക്കാണ് അക്ഷരാഭ്യാസം ഉള്ളവരായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ 60,000 ജനസംഖ്യയായി കണക്കാക്കിയിട്ടുള്ള കുന്നത്തൂരിൽ 2.79 ശതമാനമാണ് അക്ഷരാഭ്യാസമുള്ള ജനങ്ങൾ[3].

ബ്രിട്ടീഷ് ഇന്ത്യയിലെ കാനേഷുമാരിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിൽ 1881 ഫെബ്രുവരി 17-ന് മറ്റൊരു കാനേഷുമാരി നടത്തുകയും അതിൽ ആകെ ജനസംഖ്യ 24,01,158 പേരായും അതിൽ 12,04,024 പേർ സ്ത്രീകളും 11,97,134 പുരുഷന്മാരും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്[3].

കാനേഷുമാരി ദിനം

തിരുത്തുക

ഫെബ്രുവരി 9 ന് ഇന്ത്യയിൽ ദേശീയ കനേഷുമാരി ദിന (National Census Day) മായി ആചരിക്കുന്നു.[4] ലോക കനേഷുമാരി ദിനം (World Census Day) ആചരിക്കുന്നത് ജൂലായ് 11 നാണ്.[5]

  1. കിളിവാതിൽ - ദേശാഭിമാനി ദിനപത്രം 2010 ഏപ്രിൽ 23
  2. Biggest "Census operation in history kicks off". The Hindu. April 1, 2010. Retrieved April 1, 2010. {{cite news}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 റവ. സാമുവൽ മെറ്റീർ. Native Life of Travancore(1883). തിരുവനന്തപുരം: പരിഭാഷ:ഞാൻ കണ്ട കേരളം (2005), എ.എൻ. സത്യദാസ്, ആരോ ബുക്സ്, ധനുവച്ചപുരം. {{cite book}}: |access-date= requires |url= (help)
  4. "When is Indian Census Day This Year? Indian Census Day 2020".
  5. "World Population Day".
"https://ml.wikipedia.org/w/index.php?title=കാനേഷുമാരി&oldid=3973633" എന്ന താളിൽനിന്ന് ശേഖരിച്ചത്