പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നവകേരള മിഷന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്. 2017 ജനുവരി 27നാണ് പദ്ധതി തുടക്കം കുറിച്ചത്.[1] ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.[2] തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |
---|---|
ദൗത്യ പ്രസ്താവന | "പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക" |
ഭൂസ്ഥാനം | കേരളം |
ഉടമ | കേരള സർക്കാർ |
മന്ത്രാലയം | പൊതുവിദ്യാഭ്യാസ വകുപ്പ് |
സ്ഥാപിച്ച തീയതി | ജനുവരി 2017 |
ഹൈടെക് സ്കൂൾ
തിരുത്തുകപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പ്രവർത്തനങ്ങളുടെ നിർവഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ചു.[3] ഐ.ടി@സ്കൂൾ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്. [4]
മികവിന്റെ കേന്ദ്രങ്ങൾ
തിരുത്തുകപൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങൾ ആകുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത് 34 വിദ്യാലയങ്ങളെ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തി. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നത്. 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ 34 സ്‌കൂളുകൾ. നേരത്തെ 17 സ്‌കൂളുകൾ പദ്ധതി പൂർത്തിയാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. കിഫ്ബിയിൽ നിന്നും 5 കോടി രൂപയാണ് ഓരോ സ്‌കൂളിനുമായി ചിലവഴിക്കുന്നത്.[5] ജനപ്രതിനിധികളുടെ വികസന ഫണ്ടും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും, ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും ചേർത്തായിരുന്നു നിർമ്മാണം. ഈ സ്‌കൂളുകളിൽ 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികൾ, കിച്ചൺ ബ്ലോക്ക്, ഡൈനിംഗ് ഹാൾ, ടോയിലെറ്റ് ബ്ലോക്കുകൾ, ലബോറട്ടറികൾ, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂർത്തിയായി. [6]
മികവിന്റെ കേന്ദ്രങ്ങളായ സ്കൂളുകൾ
തിരുത്തുക- വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ജി.ജി.എച്ച്.എസ്.എസ് പട്ടം
- നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ജി.ജി.എച്ച്.എസ്.എസ് നെടുമങ്ങാട്
- കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കഴക്കൂട്ടം
- കൊല്ലം ജില്ലയിലെ കൊല്ലം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്,
- കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് കൊട്ടാരക്കര
- കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ശൂരനാട്
- കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി
- ആലപ്പുഴ ജില്ലയിൽ ആലപ്പുഴ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കലവൂർ
- കോട്ടയം ജില്ലയിൽ പാലാ നിയോജകമണ്ഡലത്തിലെ എം.ജി.ജി.എച്ച്.എസ്.എസ് പാലാ
- കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഗവ.വി.എച്ച്.എസ്.എസ് പൊൻകുന്നം (എച്ച്.എസ്.എസ് ബ്ലോക്ക്)
- ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് തൃക്കൊടിത്താനം
- ഇടുക്കി ജില്ലയിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ജി.എച്ച്.എസ്.എസ് തൊടുപുഴ
- ദേവികുളം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി
- എറണാകുളം ജില്ലയിൽ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് സൗത്ത് വാഴക്കുളം
- പിറവം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പിറവം (എച്ച്.എസ് ബ്ലോക്ക്)
- കോതമംഗലം നിയോജകമണ്ഡലത്തിലെ ജി.എം.എച്ച്.എസ്.എസ് ചെറുവത്തൂർ
- കളമശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കൊങ്ങോർപ്പിള്ളി
- തൃശ്ശൂർ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചെറുതുരുത്തി, ചേലക്കര
- മലപ്പുറം ജില്ലയിൽ വേങ്ങര നിയോജകമണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് വേങ്ങര
- തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നെടുവ
- കോഴിക്കോട് ജില്ലയിൽ ബേപ്പൂർ നിയോജകമണ്ഡലത്തിലെ ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്
- കുന്നമംഗലം നിയോജകമണ്ഡലത്തിലെ ആർ.ഇ.സി.ജി.എച്ച്.എസ്.എസ് ചാത്തമംഗലം
- കൊടുവള്ളി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പന്നൂർ
- ഏലത്തൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പയിമ്പ്ര
- പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ
- ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസ് നടുവണ്ണൂർ
- കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കുറ്റ്യാടി
- നാദാപുരം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വളയം
- കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തിലെ എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂർ
- കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചെറുതാഴം
- ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ശ്രീകണ്ഠാപുരം
- തലശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചിറക്കര
- കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാട്യം എന്നിവയാണ്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-13. Retrieved 2017-09-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-02. Retrieved 2017-09-15.
- ↑ http://www.deshabhimani.com/education/high-tech-school-karala/602881
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-09. Retrieved 2017-09-15.
- ↑ "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങൾ; 34 സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു". ദേശാഭിമാനി. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറം കണ്ണികൾ
തിരുത്തുക- http://missions.kerala.gov.in/ Archived 2017-08-31 at the Wayback Machine.
- വെബ് സൈറ്റ് Archived 2020-01-11 at the Wayback Machine.