മലയാളത്തിലെ പ്രശസ്തനായ ഒരു ഭക്തിഗാനരചയിതാവും കവിയുമാണ് പൂരപ്പറമ്പിൽ ചെങ്ങര അരവിന്ദൻ എന്ന പി.സി. അരവിന്ദൻ (ജനനം: ജൂലൈ 25, 1953). മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ അരവിന്ദൻ, 1500-ലധികം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്.[1] വടക്കുന്നാഥാ സർവ്വം നടത്തും നാഥാ,[2] തൃപ്രങ്ങോടപ്പാ ദുഃഖങ്ങൾ തീർക്കാൻ, തുമ്പിക്കരമതിൽ അൻപിൻ നിറകുടമേന്തും, കന്നിയിൽ ആയില്യം നാളിൽ തുടങ്ങിയവ അദ്ദേഹം രചിച്ച പ്രമുഖ ഗാനങ്ങളാണ്. ഇവ കൂടാതെ ധാരാളം ലളിതഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രമാണ് അദ്ദേഹം ഗാനരചന നിർവ്വഹിച്ച ഏക ചലച്ചിത്രം.

കെ.ജെ. യേശുദാസ്, സുജാത മോഹൻ, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര,[3] എം.ജി. ശ്രീകുമാർ, കൃഷ്ണചന്ദ്രൻ, ഉണ്ണി മേനോൻ, ജി. വേണുഗോപാൽ, കെ.ജി. ജയൻ (ജയവിജയന്മാർ), മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, മനോജ് കെ. ജയൻ, രാധിക തിലക്, ബിജു നാരായണൻ, കാവാലം ശ്രീകുമാർ , ദേവാനന്ദ്, അഖില ആനന്ദ്, ശങ്കർ വിനായക്, ഗണേഷ്‌ സുന്ദരം, എം.ഡി. സോമശേഖർ, സംഗീത മാധ‌വ്, അനുപമ, ഗായത്രി അശോകൻ, രാജലക്ഷ്മി അഭിരാം, ശ്രീവൽസൻ ജെ. മേനോൻ, ചിത്ര അരുൺ, ഉദയ് രാമചന്ദ്രൻ, ടി.എസ്. രാധാകൃഷ്ണൻ, സിന്ധു പ്രേംകുമാർ , സുദീപ് കുമാർ [1][4] തുടങ്ങിയ ഗായകർ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

രവീന്ദ്രൻ, കൈതപ്രം വിശ്വനാഥ്‌, ഗംഗൈ അമരൻ, വിദ്യാധരൻ, വി. ദക്ഷിണാമൂർത്തി, സുരേഷ് മേനോൻ, സതീഷ് വിനോദ്, ടി. എസ്. രാധാകൃഷ്ണൻ, എസ് പി വെങ്കിടേഷ്, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്‌, കണ്ണൂർ രാജൻ, കെ.ജി. ജയൻ (ജയവിജയന്മാർ), ജി.എസ്. വെങ്കടേഷ്, അരവിന്ദ് ശ്രീറാം, ബാലഭാസ്കർ, ശിവദാസ് വാര്യർ, രാജേഷ് രാജ്, കെ.എസ്‌. വെങ്കടേഷ്‌, കെ.എം. ഉദയൻ, മോഹൻദാസ്‌ തുടങ്ങിയ സംഗീതജ്ഞർ ഇദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകി.[1]

ജീവിതരേഖ തിരുത്തുക

ചെറിയച്ചൻവീട്ടിൽ മാധവത്തരകന്റെയും പൂരപ്പറമ്പിൽ ചെങ്ങര ജാനകി നങ്ങയുടെയും മകനായി 1953 ജൂലൈ 25-ന് (കർക്കടകമാസത്തിലെ പൂരാടം നക്ഷത്രം) അങ്ങാടിപ്പുറത്ത് ജനിച്ച അരവിന്ദൻ, പ്രശസ്ത സാഹിത്യകാരനായിരുന്ന നന്തനാരുടെ അനന്തരവൻ കൂടിയാണ്. ആദ്യനാളുകളിൽ അമ്മാവന്റെ വഴി പിന്തുടർന്ന് കഥാരചനയോട് കൂടുതൽ അടുപ്പം കാണിച്ച അദ്ദേഹം, പിന്നീടാണ് കവിതകളിലേയ്ക്ക് തിരിഞ്ഞത്. അധ്യാപകനാകണമെന്നായിരുന്നു ചെറുപ്പത്തിൽ ആഗ്രഹമെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അത് സാധിച്ചില്ല. കോളേജ് പഠനത്തിനിടയിൽ അദ്ദേഹത്തിന് ഏവറി ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലി ലഭിയ്ക്കുകയും, തുടർന്ന് എറണാകുളത്തേയ്ക്ക് പോകേണ്ടിവരികയും ചെയ്തു. അക്കാലത്ത് നിരവധി ലളിതഗാനങ്ങൾ അദ്ദേഹം രചിച്ചെങ്കിലും അവ പുറത്തിറങ്ങിയില്ല. പിൽക്കാലത്ത് കോഴിക്കോട്ടേയ്ക്ക് സ്ഥലം മാറ്റം കിട്ടിയത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

ചെറുപ്പം മുതലേ എല്ലാ ഞായറാഴ്ചകളിലും നാട്ടിലെ പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭജന നടത്തുന്ന പതിവുണ്ടായിരുന്ന അരവിന്ദൻ, തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് ഒരു ഭക്തിഗാന ആൽബം ഇറക്കണമെന്ന് ഒരിയ്ക്കൽ തീരുമാനിയ്ക്കുകയുണ്ടായി. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്ന അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് അതിനായി ധനസഹായം തുടങ്ങുകയും തൃശ്ശൂരിലെ ആൽഫാ ഇലക്ട്രോണിക്സ് എന്ന കമ്പനിയ്ക്ക് ആൽബം പുറത്തിറക്കാൻ അനുവാദം നൽകുകയും ചെയ്തു. അങ്ങനെയാണ് പ്രസാദം എന്ന പേരിൽ പത്തുഗാനങ്ങളടങ്ങിയ ഒരു സമാഹാരം പുറത്തിറങ്ങുന്നത്. 1986-ലായിരുന്നു ഇത്. പ്രശസ്ത സംഗീതജ്ഞനായിരുന്ന മങ്കട ദാമോദരൻ മാസ്റ്ററാണ് സംഗീതസംവിധാനം നിർവ്വഹിച്ചത്. പി. ലീല, മണ്ണൂർ രാജകുമാരനുണ്ണി, കല്യാണി മേനോൻ, കൃഷ്ണചന്ദ്രൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. ഈ ആൽബം ഒരു വിജയമായിരുന്നു. തുടർന്ന് കല്യാണി മേനോൻ മുഖേന ചെന്നൈയിലെ സംഗീതാ കാസറ്റ്സ് എന്ന കമ്പനിയുമായി ബന്ധപ്പെടുകയും ആ കമ്പനി ഇറക്കിയ പൊന്നോണം എന്ന ആൽബത്തിനുവേണ്ടി ഗാനരചന നിർവ്വഹിയ്ക്കുകയും ചെയ്തു. ബി.എ. ചിദംബരനാഥായിരുന്നു സംഗീതസംവിധായകൻ. ഈ ആൽബത്തിനുവേണ്ടിയാണ് അദ്ദേഹത്തിന് ആദ്യത്തെ ശമ്പളം ലഭിയ്ക്കുന്നത്. 250 രൂപയായിരുന്നു ആദ്യശമ്പളം. കല്യാണി മേനോൻ തന്നെയാണ് അദ്ദേഹത്തെ യേശുദാസുമായും പരിചയപ്പെടുത്തിയത്. പിന്നെയും ഏതാനും ആൽബങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചുപോന്നു. അരവിന്ദൻ രചിച്ച ലളിതഗാനങ്ങൾ, കോഴിക്കോട് ആകാശവാണി നിലയത്തിൽ സംപ്രേഷണം ചെയ്തുവന്നു.

എന്നാൽ, അരവിന്ദന്റെ ഗാനരചനാജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത് 1989-ൽ തരംഗിണി പുറത്തിറക്കിയ ഗംഗാതീർത്ഥം എന്ന ശിവഭക്തിഗാനസമാഹാരത്തിലൂടെയാണ്. ഭക്തിഗാന ആൽബം രംഗത്തെ വൻ ഹിറ്റുകളിലൊന്നായി മാറിയ ഈ ആൽബത്തിലെ ഗാനങ്ങളിലൂടെ അദ്ദേഹം ഭക്തിഗാനരചനാരംഗത്ത് തന്റേതായ ഒരു ഇരിപ്പിടം സൃഷ്ടിച്ചെടുത്തു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് ശിവക്ഷേത്രങ്ങളെക്കുറിച്ച് അരവിന്ദൻ രചിച്ച ഗാനങ്ങൾക്ക് ഈണം പകർന്നത് ടി.എസ്. രാധാകൃഷ്ണനാണ്; അവ ആലപിച്ചത് യേശുദാസും. പ്രഭാതമായ് തൃക്കണിയേകിയാലും, വടക്കുന്നാഥാ സർവ്വം നടത്തും നാഥാ, തൃപ്രങ്ങോടപ്പാ ദുഃഖങ്ങൾ തീർക്കാൻ, തിരുനക്കരത്തേവരേ, ശ്രീകണ്ഠേശ്വരാ ശശിധരാ തുടങ്ങി ഈ ആൽബത്തിലെ പത്തുഗാനങ്ങളും ഇപ്പോഴും ഭക്തിഗാനമേളകളിലെ നിത്യസാന്നിദ്ധ്യങ്ങളാണ്. ഈ ഗാനങ്ങളുടെ പിറവിയിലേയ്ക്ക് നയിച്ച സംഭവങ്ങൾ ഇതൊക്കെയാണ്: കല്യാണി മേനോൻ വഴി യേശുദാസുമായി പരിചയപ്പെട്ട അരവിന്ദനെ, തരംഗിണി ഇറക്കാൻ തീരുമാനിച്ചിരുന്ന ശിവഭക്തിഗാനസമാഹാരത്തിലെ ഗാനരചയിതാവാക്കി തരംഗിണി നിശ്ചയിച്ചു. തുടർന്ന്, സുപ്രസിദ്ധ കവിയും ചരിത്രകാരനുമായിരുന്ന നാലാങ്കൽ കൃഷ്ണപിള്ളയുമായി പരിചയപ്പെടുന്ന അരവിന്ദൻ, അദ്ദേഹത്തിൽ നിന്നുകിട്ടിയ അറിവനുസരിച്ച് കേരളത്തിലെ പത്ത് പ്രധാന ശിവക്ഷേത്രങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും, അവയിൽ ഓരോയിടത്തും ദർശനം നടത്തിയശേഷം അതാത് ക്ഷേത്രങ്ങളെക്കുറിച്ച് ഗാനങ്ങൾ രചിയ്ക്കുകയും ചെയ്തു. അതിനിടയിൽ ഒരു ദിവസം, ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ അരവിന്ദൻ, ഭക്തിഗാനരംഗത്ത് അന്നേ പ്രസിദ്ധനായിരുന്ന ടി.എസ്. രാധാകൃഷ്ണനുമായി പരിചയപ്പെടുകയും താൻ രചിച്ചുകഴിഞ്ഞ ഗാനങ്ങൾ അദ്ദേഹത്തിന് നൽകുകയും ചെയ്തു. തുടർന്ന് രാധാകൃഷ്ണൻ അവയ്ക്ക് അനുയോജ്യമായ ഈണങ്ങളിടുകയും അദ്ദേഹം അവ യേശുദാസിന് കേൾപ്പിച്ചുകൊടുക്കുകയും ചെയ്തു. അവ കേട്ട് ഇഷ്ടപ്പെട്ട യേശുദാസ് തുടർന്ന് അവ പാടാൻ തീരുമാനിയ്ക്കുകയായിരുന്നു. തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ വച്ച് യേശുദാസ് താൻ രചിച്ച ഗാനങ്ങൾ പാടുന്നത് നേരിട്ടു കണ്ടത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി അരവിന്ദൻ ഇന്നും കരുതുന്നു.

ഗംഗാതീർത്ഥത്തിന്റെ വൻ വിജയത്തോടെ ഭക്തിഗാനരംഗത്ത് അരവിന്ദന് തിരക്കേറി. പിന്നീട് നിരവധി ആൽബങ്ങൾക്കാണ് അദ്ദേഹം ഗാനരചന നിർവഹിച്ചത്. ശരണ തരംഗിണി വോ. 1 (1992), പാഞ്ചജന്യം വോ. 3 (1992) ശ്രുതിലയ തരംഗിണി (1993), ദേവീഗീതം വോ. 2 (1994), തുളസിമാല വോ. 1 (1994), തുളസിമാല വോ. 2 (1995), പ്രണവം (1995), സുദർശനം (1997), പഞ്ചാമൃതം (1997), വിഷ്ണുഗീതം (1997), അയ്യപ്പതൃപ്പാദം (1999), സത്യം ശിവം (2000), രുദ്രതീർത്ഥം (2002), അഖിലാണ്ഡേശ്വരാ അയ്യപ്പാ (2002), അർച്ചന (2005), കാണിപ്പൊന്ന് (2006), ശാസ്താഗീതങ്ങൾ (2008) തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവഹിച്ച പ്രധാന ആൽബങ്ങളിൽ പെടുന്നു. ഗുരുവായൂരും ശബരിമലയുമടക്കം കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലെ മൂർത്തികളെക്കുറിച്ചും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ടി.എസ്. രാധാകൃഷ്ണനാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഏറ്റവും കൂടുതൽ ഈണം പകർന്നത്. യേശുദാസും ജയചന്ദ്രനും ചിത്രയുമടക്കം മലയാളത്തിലെ എല്ലാ പ്രധാന ഗായകരും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ ആനച്ചന്തത്തിനുവേണ്ടി അദ്ദേഹം രചിച്ച ശ്യാമവാനിലേതോ എന്ന ഗാനം ഏറെ ജനശ്രദ്ധ നേടി. ജയ്സൺ ജെ. നായർ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചത് ജി. വേണുഗോപാലാണ്. ഇതിനുശേഷവും അദ്ദേഹത്തിന് ചലച്ചിത്രങ്ങൾക്കുവേണ്ടി പാട്ടെഴുതാൻ അവസരം വന്നിരുന്നെങ്കിലും അവ അദ്ദേഹം നിരസിച്ചു.

എൽ.ഐ.സി.യിലെ വിരമിച്ച ഉദ്യോഗസ്ഥയായ വിജയലക്ഷ്മിയാണ് അരവിന്ദന്റെ ഭാര്യ. മൂന്ന് ആണ്മക്കളാണ് അരവിന്ദൻ-വിജയലക്ഷ്മി ദമ്പതികൾക്കുള്ളത്. മൂവരും വിവാഹിതരായി ഉയർന്ന നിലയിൽ ജീവിച്ചുപോരുന്നു. അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തുള്ള ശ്രീദളം വീട്ടിലാണ് അരവിന്ദൻ താമസിച്ചുവരുന്നത്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "സിനിമേതര ഗാനശേഖരം ഗാനരചന : പി സി അരവിന്ദൻ". msidb.org. Retrieved 21 ഒക്ടോബർ 2020.
  2. "വടക്കുംനാഥാ സർവ്വം നടത്തും നാഥാ". m3db.com. Retrieved 21 ഒക്ടോബർ 2020.
  3. "പി.സി. അരവിന്ദൻ". gaana.com. Retrieved 21 ഒക്ടോബർ 2020.
  4. "P.C. Aravindan Songs". jiosaavn.com. Retrieved 21 ഒക്ടോബർ 2020.
"https://ml.wikipedia.org/w/index.php?title=പി.സി._അരവിന്ദൻ&oldid=3921532" എന്ന താളിൽനിന്ന് ശേഖരിച്ചത്