ജയവിജയന്മാർ (സംഗീതജ്ഞർ)
കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കർണാടക സംഗീതജ്ഞരും സംഗീതസംവിധായകരും ഗായകരുമായിരുന്നു ജയവിജയ എന്ന അപരനാമത്തിൽ പ്രവർത്തിച്ചിരുന്ന കെ.ജി. ജയനും(1934-2024) ഇരട്ടസഹോദരനായിരുന്ന കെ.ജി. വിജയനും(1934-1988). കോട്ടയം സ്വദേശികളായിരുന്ന ഇവർ പ്രധാനമായും ഭക്തിഗാനരംഗത്താണ് ശ്രദ്ധേയരായതെങ്കിലും ഏതാനും ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും നാടകഗാനങ്ങളും ഇവർ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ, ഗുരുവും നീയേ സഖിയും നീയേ, ദർശനം പുണ്യദർശനം, ആരാധിയ്ക്കുന്നവർക്ക് ആധാരമായ് വിളങ്ങും, ശരണം ശ്രീ ഗുരുവായൂരപ്പാ, ശ്രീ ശബരീശാ ദീനദയാലാ തുടങ്ങി നിരവധി ഭക്തിഗാനങ്ങളും നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയ ചലച്ചിത്രഗാനങ്ങളും ഇവർ ഒന്നിച്ചുചെയ്തവയാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യന്മാരായ ഇരുവരും നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചും ശ്രദ്ധേയരായി. ഇവരിലെ ഇളയ വിജയൻ 1988-ൽ ഒരു വാഹനാപകടത്തിൽ അന്തരിച്ചു. തുടർന്ന് ജയൻ ഒറ്റയ്ക്ക് തന്റെ സംഗീതയാത്ര തുടർന്നുവന്നു.
ജീവിതരേഖ
തിരുത്തുകശ്രീനാരായണഗുരുവിന്റെ ശിഷ്യനും താന്ത്രികാചാര്യനുമായിരുന്ന കോട്ടയം കടമ്പൂത്തറമഠം ഗോപാലൻ തന്ത്രികളുടെയും നാരായണിയമ്മയുടെയും മൂന്നാമത്തെയും നാലാമത്തെയും ആൺമക്കളായി 1934 നവംബർ 21-ന് വൃശ്ചികമാസത്തിലെ ഭരണി നക്ഷത്രത്തിലായിരുന്നു ജയവിജയന്മാരുടെ ജനനം. പുരാണങ്ങളിൽ അഗാധമായ അറിവുണ്ടായിരുന്ന ഗോപാലൻ തന്ത്രികൾ, ശ്രീമദ്ഭാഗവതത്തിൽ നിന്നാണ് മക്കൾക്ക് പേരുകൾ കണ്ടെത്തിയത്. ഭാഗവതമനുസരിച്ച് വൈകുണ്ഠത്തിൽ മഹാവിഷ്ണുവിന്റെ കാവൽക്കാരായ രണ്ട് ദേവന്മാരാണ് ജയനും വിജയനും. സനകാദികളുടെ ശാപം കാരണം ഇവർ രാക്ഷസന്മാരായി ജനിയ്ക്കുകയും ഭഗവാനാൽ തന്നെ വധിയ്ക്കപ്പെടുകയും ചെയ്തു. ഇവരുടെ പേരുകളാണ് ഈ സംഗീതജ്ഞർക്കും ലഭിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ഇരുവരും സംഗീതം അഭ്യസിച്ചുതുടങ്ങിയിരുന്നു. നാട്ടുകാരൻ തന്നെയായിരുന്ന രാമൻ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് രാധാകൃഷ്ണ അയ്യർ എന്ന ഗുരുവിന്റെ കീഴിലും സംഗീതം അഭ്യസിച്ച ഇരുവരും ഒമ്പതാം വയസ്സിൽ കുമാരനല്ലൂർ ക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റം കുറിച്ചു. കോട്ടയം സേക്രഡ് ഹാർട്ട് സ്കൂളിലും ആലുവ അദ്വൈതാശ്രമത്തിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ ജയവിജയന്മാർ, 1952-ൽ തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ഗാനഭൂഷണം കോഴ്സിന് ചേർന്നു. കർണാടക സംഗീതചക്രവർത്തിയായിരുന്ന ശെമ്മങ്കുടി ശ്രീനിവാസ അയ്യർ പ്രിൻസിപ്പാളും മധുര കെ.സി. കേശവഭാഗവതർ, കെ.ആർ. കുമാരസ്വാമി, സി.എസ്. കൃഷ്ണയ്യർ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞർ അദ്ധ്യാപകരായും അക്കാലത്ത് അവിടെ ജോലി ചെയ്തുവന്നിരുന്നു. അവരിൽ നിന്നെല്ലാം സംഗീതം അഭ്യസിച്ച ഇരുവരും 1956-ൽ ഫസ്റ്റ് ക്ലാസോടെ ഗാനഭൂഷണം പാസായി. തുടർന്ന് ജയൻ ചേർത്തലയിലും വിജയൻ അടുത്തുള്ള എരമല്ലൂരിലുമുള്ള സർക്കാർ സ്കൂളുകളിൽ സംഗീതാദ്ധ്യാപകരായി ജോലി ചെയ്തു തുടങ്ങി. അക്കാലത്തുതന്നെ സംഗീതജ്ഞരെന്ന നിലയിൽ ഇരുവരും പ്രശസ്തരായിക്കഴിഞ്ഞിരുന്നു.
സംഗീതലോകത്തേയ്ക്ക്
തിരുത്തുകനാലുവർഷത്തോളം അദ്ധ്യാപകജോലി ചെയ്തുവന്ന ജയവിജയന്മാർ, പിന്നീട് കർണാടക സംഗീതലോകത്തെ അതികായനായിരുന്ന ഡോ. എം. ബാലമുരളീകൃഷ്ണയുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ കീഴിൽ സംഗീതം അഭ്യസിയ്ക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ജോലി രാജിവച്ച് വിജയവാഡയിലേയ്ക്ക് താമസം മാറുകയും ചെയ്തു. ബാലമുരളീകൃഷ്ണ പിന്നീട് ചെന്നൈയിലേയ്ക്ക് താമസം മാറിയപ്പോഴും അവർ അദ്ദേഹത്തിനുകീഴിൽ സംഗീതപഠനം തുടർന്നുവന്നു. ഇക്കാലത്ത് നിരവധി കച്ചേരികളിൽ ബാലമുരളീകൃഷ്ണയുടെ സഹഗായകരായി അവർ പങ്കെടുത്തിട്ടുണ്ട്. ഇക്കാലത്തുതന്നെയാണ് ഇരുവരും സംഗീതസംവിധാനം ആരംഭിയ്ക്കുന്നത്. 1962-ൽ എച്ച്.എം.വി.യ്ക്കുവേണ്ടി ഇരുവരും ചേർന്ന് രണ്ട് അയ്യപ്പഭക്തിഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിയ്ക്കുകയും, തുടർന്ന് അവ അക്കാലത്തെ പ്രശസ്ത ഗായികയായിരുന്ന പി. ലീലയെക്കൊണ്ട് പാടിയ്ക്കുകയും ചെയ്തു. ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ, കാലകാലൻ സുതനേ എന്നിവയായിരുന്നു അവ. എം.പി. ശിവം എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എം. പരമേശ്വരൻ നായരായിരുന്നു ഗാനരചയിതാവ്. പിന്നെയും ധാരാളം ഭക്തിഗാനങ്ങൾക്ക് ഇരുവരും സംഗീതസംവിധാനം നിർവ്വഹിച്ചുപോന്നു. ജയവിജയന്മാർ തന്നെയെഴുതി പി. ജയചന്ദ്രൻ ആലപിച്ച ശ്രീശബരീശാ ദീനദയാളാ എന്ന ഗാനവും എം.പി. ശിവം എഴുതി കെ.ജെ. യേശുദാസ് ആലപിച്ച ദർശനം പുണ്യദർശനം എന്ന ഗാനവും അവയിൽ പ്രധാനമാണ്. ഇവ കൂടാതെയും ധാരാളം ഭക്തിഗാനങ്ങൾ ഇവർ ചെയ്തിട്ടുണ്ട്.
ഇതിനിടയിലാണ് ചലച്ചിത്രഗാനലോകത്തേയ്ക്ക് ജയവിജയന്മാർ കടന്നുവരുന്നത്. ചെന്നൈയിൽ താമസിയ്ക്കുന്ന കാലത്ത് പലവിധ ചലച്ചിത്രസംവിധായകരെയും കാണാനിടയായ അവരെ, അക്കാലത്തെ പ്രശസ്ത സംവിധായകനായിരുന്ന പി.എ. തോമസ്, തന്റെ പുതിയ ചിത്രമായ ഭൂമിയിലെ മാലാഖയ്ക്ക് സംഗീതസംവിധാനം നിർവ്വഹിയ്ക്കാൻ ക്ഷണിയ്ക്കുകയായിരുന്നു. 1965-ലായിരുന്നു ഇത്. എസ്. ജാനകി ആലപിച്ച മുൾമുടി ചൂടിയ നാഥാ എന്ന ഗാനമാണ് ഇരുവരും സൃഷ്ടിച്ച ആദ്യ ചലച്ചിത്രഗാനം. പിന്നീട് കുരുതിക്കളം, ശബരിമല ശ്രീ ധർമ്മശാസ്താ, ഭജഗോവിന്ദം, നിറകുടം, തെരുവുഗീതം തുടങ്ങി പതിനഞ്ചോളം ചലച്ചിത്രങ്ങൾക്ക് ഇരുവരും ചേർന്ന് സംഗീതസംവിധാനം നിർവ്വഹിച്ചു. ബിച്ചു തിരുമലയുടെ വരികൾക്കാണ് അവർ കൂടുതലും ഈണം പകർന്നത്. കൂടാതെ പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും അവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ചെമ്പൈയ്ക്കൊപ്പമുള്ള നാളുകൾ
തിരുത്തുകബാലമുരളീകൃഷ്ണയുടെ വീട്ടിൽ താമസിച്ച് സംഗീതം അഭ്യസിച്ചുവരുന്ന കാലത്താണ് ജയവിജയന്മാർക്ക് ചെമ്പൈയുടെ ശിഷ്യന്മാരാകാനും അവസരം ലഭിയ്ക്കുന്നത്. ഒരു ദിവസം പ്രശസ്ത കർണാടക സംഗീതജ്ഞനും ചെമ്പൈയുടെ ശിഷ്യനുമായിരുന്ന ടി.വി. ഗോപാലകൃഷ്ണൻ, അക്കാലത്ത് ചെമ്പൈയ്ക്കൊപ്പം സ്ഥിരമായി പാടിയിരുന്ന അദ്ദേഹത്തിന്റെ സഹോദരപുത്രൻ നാരായണന് സുഖമില്ലാതെ കിടക്കുകയാണെന്നും പകരക്കാരായി ജയവിജയന്മാർക്ക് പാടാൻ അവസരമുണ്ടാക്കാമെന്നും പറയുകയുണ്ടായി. അതിനുമുമ്പായി ബാലമുരളീകൃഷ്ണയുടെ അനുമതി ചോദിയ്ക്കാൻ ചെന്ന ജയവിജയന്മാരോട് അദ്ദേഹം പറഞ്ഞത് തീർച്ചയായും ചെമ്പൈയുടെ കീഴിൽ പഠിയ്ക്കേണ്ടതാണെന്നും അത് അവർക്ക് ഗുണം ചെയ്യുമെന്നുമാണ്. അങ്ങനെയാണ് ജയവിജയന്മാർ ചെമ്പൈയുടെ ശിഷ്യന്മാരാകുന്നത്.
ചെമ്പൈയുടെ കീഴിൽ പഠിയ്ക്കുമ്പോഴും ബാലമുരളീകൃഷ്ണയുടെ വീട്ടിലാണ് ജയവിജയന്മാർ താമസിച്ചുവന്നത്. പിന്നീട് ഇരുവരും അടുത്തുള്ള ഒരു ലോഡ്ജിലേയ്ക്ക് താമസം മാറി. ഏകദേശം പത്തുവർഷക്കാലം ഇരുവരും ചെമ്പൈയുടെ കീഴിൽ സംഗീതം അഭ്യസിച്ചുവന്നു. ചെമ്പൈ അക്കാലത്ത് നടത്തിയ പല കച്ചേരികളിലും ജയവിജയന്മാരുടെയും സാന്നിദ്ധ്യമുണ്ടാകുമായിരുന്നു. ഇക്കാലത്തുതന്നെ, യേശുദാസിന്റെ ഭാര്യ പ്രഭയെയും സഹോദരി ജയമ്മയെയും അവർ സംഗീതം പഠിപ്പിയ്ക്കാനും തുടങ്ങി. യേശുദാസും ജയമ്മയും ഇക്കാലത്ത് അവരുടെ സംഗീതസംവിധാനത്തിൽ ഏതാനും ഗുരുവായൂരപ്പഭക്തിഗാനങ്ങളും പാടുകയുണ്ടായി. ആരാധിയ്ക്കുന്നവർക്ക് ആധാരമായ് വിളങ്ങും, അരുമ തൂകും മലയാളം എന്നിവ അവയിൽ പ്രധാനമാണ്. യേശുദാസിനെ ചെമ്പൈയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ജയവിജയന്മാരാണ്.
ഒരുമിച്ചു ചെയ്ത ഗാനങ്ങൾ
തിരുത്തുകപതിനഞ്ചോളം ചിത്രങ്ങൾക്കും നൂറ്റിയമ്പതോളം ആൽബങ്ങൾക്കും ഒരുപാട് നാടകങ്ങൾക്കും ജയവിജയന്മാർ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. അക്കാലത്തെ പ്രശസ്തരായ എല്ലാ ഗായകരെക്കൊണ്ടും അവർ ഗാനങ്ങൾ പാടിയ്ക്കുകയും സ്വയം ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്. ഇവയിൽ പ്രസിദ്ധമായ ചിലവയാണ് ചുവടെ ചേർക്കുന്നത്.
ഹിന്ദു ഭക്തിഗാനങ്ങൾ
തിരുത്തുക- ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ
- കാലകാലൻ സുതനേ
- ദർശനം പുണ്യദർശനം
- ഗുരുവും നീയേ സഖിയും നീയേ
- ആരാധിയ്ക്കുന്നവർക്ക്
- അഞ്ചു വിളക്കെടുക്കാം
- അരുമ തൂകും മലയാളം
- ശ്രീകോവിൽ നട തുറന്നു
- ശ്രീ ശബരീശാ ദീനദയാളാ
- സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ
- വണ്ടിപ്പെരിയാറും മേടും
- കാലം കാർത്തികമാസം
- വിഷ്ണുമായയിൽ പിറന്ന
- നല്ലതുവരുത്തുക നമുക്ക് നിലവയ്യാ
- മലമുകളിൽ വാഴും ദേവാ
- മാമല വാഴുമെൻ ശ്രീമണികണ്ഠനെ
- പദാരവിന്ദ ഭക്തലോകപാലനൈകലോലുപം
- എല്ലാം എല്ലാം അയ്യപ്പൻ
- ശരണം ശ്രീ ഗുരുവായൂരപ്പാ
ചലച്ചിത്രഗാനങ്ങൾ
തിരുത്തുക- കഴിഞ്ഞ സംഭവങ്ങൾ ഉയിർത്തെഴുന്നേറ്റാൽ
- ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നിൻ
- നക്ഷത്രദീപങ്ങൾ തിളങ്ങി
- ജീവിതമെന്നൊരു തൂക്കുപാലം
- ഹൃദയം ദേവാലയം
നാടക-ലളിതഗാനങ്ങൾ
തിരുത്തുക- കണ്ണനെ കാണാത്ത കണ്ണെന്തിനാ
- ഞാനൊരു ബ്രഹ്മചാരി
- ഉറുമ്പുറുമ്പോ തന്നാരാ
- മയങ്ങല്ലേ മനുഷ്യാ നീ
- കടലിനക്കരെ കല്പവൃക്ഷത്തിലെ
വിജയന്റെ മരണവും ജയന്റെ തിരിച്ചുവരവും
തിരുത്തുകജയവിജയന്മാർ പാട്ടുകളും കച്ചേരികളുമായി വേദികളിൽ നിറഞ്ഞുനിൽക്കുന്ന കാലത്താണ്, 1988 ജനുവരി എട്ടിന് അവരിലെ വിജയൻ ഇഹലോകവാസം വെടിയുന്നത്. തിരുച്ചിറപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിയ്ക്കാൻ സ്വന്തം കാറിൽ പോകുന്നതിനിടയിൽ, ദിണ്ടിഗലിൽ വച്ച് വിജയന് ഹൃദയാഘാതം അനുഭവപ്പെടുകയും തുടർന്ന് കാർ അടുത്തുള്ള മരത്തിൽ ഇടിയ്ക്കുകയുമായിരുന്നു. ശബ്ദം കേട്ട് അടുത്തുകൂടിയ നാട്ടുകാരിൽ ചിലർ വിജയനെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ അദ്ദേഹം അന്തരിച്ചു. 53 വയസ്സേ അന്ന് അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. മൃതദേഹം അന്നുരാത്രി തന്നെ കോട്ടയത്തെ വീട്ടിലെത്തിയ്ക്കുകയും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിയ്ക്കുകയും ചെയ്തു. മരണം നടന്ന് ഏഴാം ദിവസമായിരുന്ന ജനുവരി 14-ന് അദ്ദേഹത്തിന്റെ ചിതാഭസ്മം പമ്പാനദിയിൽ നിമജ്ജനം ചെയ്തു.
വിജയന്റെ മരണത്തെത്തുടർന്ന് മാനസികമായി തളർന്നുപോയ ജയനെ, പിന്നീട് ഉറ്റസുഹൃത്തായ യേശുദാസ് സംഗീതലോകത്തേയ്ക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. യേശുദാസിന്റെ സ്വന്തം കമ്പനിയായ തരംഗിണി പുറത്തിറക്കിയ മയിൽപ്പീലി എന്ന ഗുരുവായൂരപ്പഭക്തിഗാനസമാഹാരത്തിനാണ് ജയൻ ആദ്യമായി തനിച്ച് സംഗീതസംവിധാനം നിർവഹിച്ചത്. എസ്. രമേശൻ നായർ രചിച്ച ഒൻപത് ഗുരുവായൂരപ്പഭക്തിഗാനങ്ങൾക്കും ജയൻ തന്നെ ഈണം പകരുകയും യേശുദാസ് അവ ആലപിയ്ക്കുകയും ചെയ്തു. 1988 നവംബറിൽ പുറത്തിറങ്ങിയ മയിൽപ്പീലി, റെക്കോർഡ് വിജയമാണ് കരസ്ഥമാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒരുലക്ഷം കാസറ്റുകൾ ഇതിന്റേതായി വിറ്റുപോകുകയുണ്ടായി. ചന്ദനചർച്ചിത നീലകളേബരം, ഒരുപിടി അവിലുമായ്, അണിവാകച്ചാർത്തിൽ ഞാനുണർന്നു കണ്ണാ, ഗുരുവായൂരപ്പാ നിൻ മുന്നിൽ തുടങ്ങിയ മയിൽപ്പീലിയിലെ ഒൻപത് ഗാനങ്ങളും ഇന്നും ജനപ്രിയമായി തുടരുന്നു.
തുടർന്ന് വേറെയും ഒരുപാട് ആൽബങ്ങൾക്ക് ജയൻ ഒറ്റയ്ക്ക് സംഗീതം പകരുകയുണ്ടായി. ദേവീഗീതം, ഹരിമുരളി, അയ്യപ്പതൃപ്പാദം, വന്ദേ മുകുന്ദം, ഹരിചന്ദനം തുടങ്ങിയവ അവയിൽ പ്രധാനമാണ്. കൂടാതെ, വിജയന്നൊപ്പം പാടിയ പഴയ അയ്യപ്പഭക്തിഗാനങ്ങൾ അദ്ദേഹം വീണ്ടും പാടി പുറത്തിറക്കുകയുണ്ടായി. തിരുവാഭരണം എന്നു പേരിട്ട ഈ ഗാനസമാഹാരം 2003-ലാണ് പുറത്തിറങ്ങിയത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ ഈ ആൽബം വൻവിജയം നേടിയതിനുശേഷം പുതിയ ചില ഗാനങ്ങളും അദ്ദേഹം സ്വയം ഈണം പകർന്ന് പാടുകയുണ്ടായിട്ടുണ്ട്. എ.വി. വാസുദേവൻ പോറ്റി, പി.സി. അരവിന്ദൻ, എസ്. രമേശൻ നായർ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, പള്ളിപ്പുറം മോഹനചന്ദ്രൻ, രാജീവ് ആലുങ്കൽ, സന്തോഷ് വർമ്മ തുടങ്ങിയവരാണ് ജയൻ തനിച്ചുചെയ്ത ഗാനങ്ങളിൽ അധികവും രചിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടുമ്പോഴും ജയൻ മരണം വരെയും സംഗീതത്തിൽ സജീവമായി തുടർന്നു. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം അടക്കമുള്ള പരിപാടികളിലെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കെ.ജി. ജയൻ 89-മത്തെ വയസിൽ 2024 ഏപ്രിൽ 16-ന് രാവിലെ 6 മണിയ്ക്ക് തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ച് അന്തരിച്ചു.[1][2][3][4][5] മൃതദേഹം വീട്ടിലും ലായം കൂത്തമ്പലത്തിലും പൊതുദർശനത്തിന് വച്ചശേഷം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു.
കുടുംബജീവിതം
തിരുത്തുക1962 ജൂൺ 22-നാണ് ജയവിജയന്മാർ വിവാഹിതരായത്. റിട്ട. സ്കൂൾ അധ്യാപികയായിരുന്ന പരേതയായ വി.കെ. സരോജിനിയാണ് ജയന്റെ ഭാര്യ. ഇവർ 2009-ൽ അന്തരിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് ബിജു, മനോജ് എന്നിങ്ങനെ രണ്ട് ആണ്മക്കളുണ്ട്. മൂത്ത മകനായ ബിജു കെ. ജയൻ, അച്ഛന്റെ പാത പിന്തുടർന്ന് സംഗീതരംഗത്ത് നിലയുറപ്പിച്ചു. ഇളയമകനായ മനോജ് കെ. ജയൻ, മലയാളചലച്ചിത്രരംഗത്തെ അതിപ്രശസ്തനായ ഒരു നടനാണ്. 1988 മുതൽ ചലച്ചിത്രരംഗത്ത് തുടരുന്ന മനോജ് കെ. ജയൻ, മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പെരുന്തച്ചൻ, സർഗ്ഗം, അനന്തഭദ്രം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിൽ വരുന്നു.
കെ.എസ്.ഇ.ബി.യിലെ റിട്ട. ഉദ്യോഗസ്ഥയായിരുന്ന രാജമ്മയാണ് വിജയന്റെ ഭാര്യ. ഇവർക്കും രണ്ട് ആണ്മക്കളാണുണ്ടായത് - മനു കെ. വിജയൻ, മഞ്ജുനാഥ് കെ. വിജയൻ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. ഇവരിൽ ഇളയവനായ മഞ്ജുനാഥ്, അച്ഛന്റെ പാത പിന്തുടർന്ന് ഗായകനും സംഗീതസംവിധായകനുമായി. പിതൃസഹോദരപുത്രനായ മനോജ് കെ. ജയൻ അഭിനയിച്ച ക്ലിയോപാട്ര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുനാഥ്, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചുവരുന്നു.