അങ്ങാടിപ്പുറം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

10°58′47″N 76°11′39″E / 10.9798100°N 76.1941220°E / 10.9798100; 76.1941220 കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും തീർഥാടന കേന്ദ്രവുമാണ് അങ്ങാടിപ്പുറം. പെരിന്തൽമണ്ണ നഗരത്തിൻ്റെ ഇരട്ട നഗരമായി സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലൂടെയാണ് പാലക്കാട്ടുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള ദേശീയപാത (NH 966) കടന്നുപോകുന്നത്. ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിൽ നിന്നും ഏകദേശം 16 കിലോമീറ്റർ ദൂരമുണ്ട് അങ്ങാടിപ്പുറത്തേയ്ക്ക്. അങ്ങാടിപ്പുറം ആസ്ഥാനമായി ഒരു പഞ്ചായത്തുമുണ്ട്. പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രം ഇവിടെയാണുള്ളത്. കൂടാതെ അങ്ങാടിപ്പുറം തളി ശിവക്ഷേത്രം, ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം, ആൽക്കൽമണ്ണ ധന്വന്തരിക്ഷേത്രം, മാണിക്യപുരം ധർമ്മശാസ്താ-മഹാവിഷ്ണുക്ഷേത്രം, രാവർമണ്ണ ശിവക്ഷേത്രം, മീൻകുളത്തിക്കാവ് ഭഗവതിക്ഷേത്രം, പാലക്കോട് ശിവക്ഷേത്രം, പല്ലൂർക്കാട് പരിയാപുരം മഹാവിഷ്ണുക്ഷേത്രം, മുതുവറ മഹാവിഷ്ണുക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. അതിനാൽ, അങ്ങാടിപ്പുറം ഒരു ക്ഷേത്രനഗരമായി അറിയപ്പെടുന്നു. [1] കേരളത്തിൽ ലാറ്ററൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലങ്ങളിലൊന്നാണ് അങ്ങാടിപ്പുറം.

തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം
അങ്ങാടിപ്പുറം
Map of India showing location of Kerala
Location of അങ്ങാടിപ്പുറം
അങ്ങാടിപ്പുറം
Location of അങ്ങാടിപ്പുറം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
സമയമേഖല IST (UTC+5:30)
കോഡുകൾ

ചരിത്രം

തിരുത്തുക

അങ്ങാടിപ്പുറത്തിന്റെ ചരിത്രം വള്ളുവനാട് രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വള്ളുവനാട് സ്വരൂപത്തിന്റെ ആസ്ഥാനം അങ്ങാടിപ്പുറമായിരുന്നു[2]. പ്രതാപകാലത്ത് വടക്ക് പന്തലൂർ മല മുതൽ തെക്ക് ഭാരതപ്പുഴ വരെ വ്യാപിച്ചുകിടന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വള്ളുവനാട്. ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകളും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളും ഉൾപ്പെടുന്നതായിരുന്നു ഈ ഭൂപ്രദേശം. വള്ളുവനാടിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലും കിഴക്കുഭാഗത്ത് അട്ടപ്പാടി മലകളും അതിരിട്ടിരുന്നു. ഐതിഹ്യമനുസരിച്ച് അവസാനത്തെ ചേരരാജാവ് തെക്കൻ മലബാറിന്റെ ഭാഗമായ ഈ പ്രദേശം മുഴുവൻ തന്റെ സാമന്തനായ വള്ളുവനാട്ട് രാജാവിന് സമർപ്പിച്ച് മക്കയിൽ പരിശുദ്ധ ഹജ്ജ് നിർവ്വഹിയ്ക്കാൻ പോയി. തന്റെ ഉടവാളും പരിചയും കൂടി ദാനം ചെയ്തശേഷമാണ് അദ്ദേഹം സ്ഥലം വിട്ടത്. ചിലരുടെ വിശ്വാസം അനുസരിച്ച് ചേരരാജാവിന്റെ മറ്റൊരു സാമന്തനും വള്ളുവനാട്ട് രാജാവിന്റെ ശത്രുവുമായിരുന്ന സാമൂതിരിയിൽ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം വാളും പരിചയും സമ്മാനിച്ചത്. 'വെള്ളാട്ടിരി', 'വള്ളുവക്കോനാതിരി' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന വള്ളുവനാട്ട് രാജാവും സാമൂതിരിയും അങ്ങനെ പരമ്പരാഗത ശത്രുക്കളായി മാറി[2]. ഇവർ തമ്മിലുള്ള ശത്രുതയുടെ മറ്റൊരു കാരണമായിരുന്നു 12 വർഷത്തിലൊരിയ്ക്കൽ തിരുനാവായയിൽ നാവാമുകുന്ദക്ഷേത്രമണപ്പുറത്തുവച്ചുനടന്നിരുന്ന മാമാങ്കം. ആദ്യകാലത്ത് ഒരു ക്ഷേത്രോത്സവമായിരുന്ന മാമാങ്കത്തിന്റെ നടത്തിപ്പവകാശം പ്രദേശത്തെ ബ്രാഹ്മണർക്കായിരുന്നു. അവരുടെ മേധാവി 'രക്ഷാപുരുഷൻ' എന്ന് അറിയപ്പെട്ടു. പിന്നീട് വള്ളുവക്കോനാതിരിയ്ക്ക് ലഭിച്ച ഈ അധികാരം ഏതോ ഒരു കാലത്ത് സാമൂതിരി പിടിച്ചടക്കുകയായിരുന്നു. അങ്ങനെയാണ് വലിയൊരു ശത്രുതയുടെ ഉത്സവമായി മാമാങ്കം മാറിയത്. ഈ ശത്രുതയുടെ ഭാഗമായി വള്ളുവനാട്ടെ പടയാളികളായ ചാവേറുകൾ സാമൂതിരിയുമായി ഏറ്റുമുട്ടാൻ തീരുമാനിച്ചു. തിരുമാന്ധാംകുന്നിലമ്മയെ തൊഴുത് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ പുറകിലുള്ള ചാവേർത്തറയിൽ നിന്ന് പുറപ്പെടുന്ന ചാവേറുകൾ സാമൂതിരിയുടെ പടയുമായി ഏറ്റുമുട്ടി വീരചരമം പ്രാപിയ്ക്കാൻ തുടങ്ങി. ഇത്തരത്തിൽ നിരവധി ചാവേറുകളുടെ ചോര തിരുനാവായ മണപ്പുറത്തൊഴുകി. തിരുനാവായയിലെ മണിത്തറയിൽ വച്ചാണ് ചാവേറുകൾ കൊല്ലപ്പെട്ടിരുന്നത്. മാമാങ്കത്തിന്റെ സ്മരണകൾ ഇന്നും തിരുനാവായയിലുറങ്ങുന്നുണ്ട്.

പിൽക്കാലത്ത്, മൈസൂർ രാജാക്കന്മാരുടെയും മറ്റും ആക്രമണം കാരണം വള്ളുവനാട് സാമ്രാജ്യം നാമാവശേഷമായതോടെ അങ്ങാടിപ്പുറത്തിന്റെ പ്രാധാന്യം അസ്തമിച്ചു. അന്നത്തെ വള്ളുവനാട്ട് രാജാവ് അഭയാർത്ഥം തിരുവിതാംകൂറിൽ താമസമാക്കി. പിന്നീട്, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിൽ വന്ന അങ്ങാടിപ്പുറം മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലയിൽ വള്ളുവനാട് താലൂക്കിന്റെ ഭാഗമായി. സ്വാതന്ത്ര്യത്തിനുശേഷവും കുറച്ചുകാലം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്ന അങ്ങാടിപ്പുറം, കേരളപ്പിറവിയ്ക്കുശേഷം പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോഴാണ് അങ്ങാടിപ്പുറം മലപ്പുറം ജില്ലയുടെ ഭാഗമായത്.

സ്ഥലവിവരങ്ങൾ

തിരുത്തുക

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറും, മലപ്പുറത്തുനിന്ന് 16 കിലോമീറ്റർ തെക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന അങ്ങാടിപ്പുറം, തിരക്കേറിയ ഒരു സ്ഥലമാണ്. കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി, സ്ഥലത്തിന്റെ വടക്കുഭാഗത്തുകൂടെ കടന്നുപോകുന്നുണ്ട്.

അനുബന്ധം

തിരുത്തുക
  1. "മലപ്പുറം ജില്ല - ക്ഷേത്രങ്ങൾ". Malapurram.nic.in. Archived from the original on 2006-09-06. Retrieved 2006-10-13.
  2. 2.0 2.1 princelystatesofindia.com


"https://ml.wikipedia.org/w/index.php?title=അങ്ങാടിപ്പുറം&oldid=4082840" എന്ന താളിൽനിന്ന് ശേഖരിച്ചത്