പ്രധാനമായും ഭക്തിഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായ ഒരു സംഗീതജ്ഞനാണ് ടി.എസ്. രാധാകൃഷ്ണൻ [1][2](ജനനം: നവംബർ 5, 1957). രാധാകൃഷ്ണജി എന്ന് അടുപ്പമുള്ളവർ വിളിയ്ക്കുന്ന ഇദ്ദേഹം ഏകദേശം 200 ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത മോഹൻ, ഉണ്ണിമേനോൻ തുടങ്ങി ഒട്ടുമിക്ക ഗായകരും ഇദ്ദേഹത്തിന്റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ശ്രീവാഴും പഴവങ്ങാടിയിലെ, ഒരു നേരമെങ്കിലും, നീലപ്പീലിക്കാവടിയേന്തി, വടക്കുന്നാഥാ സർവം, ഒരു യുഗം തൊഴുതാലും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. എറണാകുളം സ്വദേശിയായ രാധാകൃഷ്ണൻ, നിരവധി ഭക്തിഗാനമേളകൾ നടത്തിയും ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. എതിർപ്പുകൾ, ഗീതം, വാൽമീകം എന്നീ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും [3]ഭക്തിഗാനങ്ങളിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും ശ്രദ്ധ പതിപ്പിയ്ക്കുന്നത്.

ജീവിതരേഖതിരുത്തുക

ഹോട്ടൽ ബിസിനസ്സുകാരനായിരുന്ന ശങ്കരനാരായണയ്യരുടെയും സുബ്ബലക്ഷ്മിയമ്മാളുടെയും ഒമ്പതുമക്കളിൽ ഏഴാമനായി 1957 നവംബർ 5-ന് (തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ) ജനിച്ച രാധാകൃഷ്ണൻ, ചെറുപ്പം മുതലേ സംഗീതത്തിന്റെ വഴിയിലായിരുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങൾ എല്ലാവരും സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് സ്വാഭാവികമായും രാധാകൃഷ്ണനെയും സ്വാധീനിച്ചു. ഏഴാം വയസ്സിൽ രാധാകൃഷ്ണൻ കർണാടക സംഗീതം അഭ്യസിച്ചുതുടങ്ങി. തൃപ്പൂണിത്തുറ കെ.സി. കല്യാണസുന്ദരം ഭാഗവതരായിരുന്നു ആദ്യഗുരു. പിന്നീട് തഞ്ചാവൂർ സുബ്രഹ്മണ്യ ഭാഗവതർ, എസ്. രാമനാഥൻ തുടങ്ങിയവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. എന്നാൽ ഇതുവരെ അദ്ദേഹം കർണാടക സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടില്ല എന്നത് രസകരമായ ഒരു വസ്തുതയാണ്.


പദ്മയാണ് രാധാകൃഷ്ണന്റെ ഭാര്യ. 1984-ലായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് ശങ്കർ വിനായക്, ലക്ഷ്മി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇരുവരും സ്വന്തമായി ജോലിയുണ്ടെങ്കിലും സംഗീതലോകത്ത് ശ്രദ്ധിയ്ക്കാറുണ്ട്. സത്യസായിബാബയുടെ അടിയുറച്ച ഭക്തനായ രാധാകൃഷ്ണൻ, പണ്ടുമുതലേ പുട്ടപർത്തിയിൽ ദർശനത്തിനെത്താറുണ്ട്.

അവലംബംതിരുത്തുക

  1. https://m3db.com/t-s-radhakrishnan
  2. "Metro Plus Kochi / Music : Honour for devotional music". The Hindu. 2006-05-08. മൂലതാളിൽ നിന്നും 2009-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-05.
  3. https://web.archive.org/web/20080203143402/http://www.hindu.com/fr/2006/05/12/stories/2006051200800200.htm
"https://ml.wikipedia.org/w/index.php?title=ടി.എസ്._രാധാകൃഷ്ണൻ&oldid=3921537" എന്ന താളിൽനിന്ന് ശേഖരിച്ചത്