തൃക്കൂർ മഹാദേവക്ഷേത്രം
അഗ്നിദേവനാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പുരാതന ഗുഹാക്ഷേത്രമാണ് തൃക്കൂർ മഹാദേവക്ഷേത്രം. തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ തൃക്കൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു അന്നു വിശ്വസിക്കുമ്പോഴും ഇത് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു [1]. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ തെക്കുകിഴക്കുമാറി മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ് ക്ഷേത്രം. കേരളത്തിലെ ഏറ്റവും പേരുകേട്ട ഗുഹാക്ഷേത്രങ്ങളിലൊന്നാണിത്. ഈ ക്ഷേത്രം ആദിയിൽ ജൈനക്ഷേത്രമായിരുന്നുവെന്നും പിന്നീട് ഹൈന്ദവവൽക്കരിക്കപ്പെട്ടതാണെന്നും ചരിത്രകാരന്മാർ പറയുന്നു. അഗ്നിസ്വരൂപനായ ശിവൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ, പക്ഷേ ശ്രീകോവിലിന്റെ നട വടക്കോട്ടാണ്. ഇത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശിവനോടൊപ്പം ക്ഷേത്രശ്രീകോവിലിൽ പാർവ്വതീസങ്കല്പവുമുണ്ട്. കൂടാതെ, ഉപദേവതകളായി ഗണപതി, ശാസ്താവ്, വരാഹമൂർത്തി (സാളഗ്രാമരൂപത്തിൽ), ഭദ്രകാളി, ദുർഗ്ഗ, ചാമുണ്ഡി, അന്തിമഹാകാളൻ, സപ്തമാതൃക്കൾ, നാഗദൈവങ്ങൾ എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. മകരമാസത്തിൽ തിരുവാതിരനാളിൽ മണലിപ്പുഴയിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന എട്ടുദിവസത്തെ ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, തുലാമാസത്തിൽ തിരുവാതിരനാളിലെ കളഭാഭിഷേകം, കന്നിമാസത്തിൽ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്ത് കുടുംബക്കാരുടെ ഉടമസ്ഥതയിലാണ് ഈ ക്ഷേത്രം.
തൃക്കൂർ മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°40′25″N 76°33′36″E / 9.67361°N 76.56000°E |
പേരുകൾ | |
മറ്റു പേരുകൾ: | Trikkur Cave Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | തൃക്കൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം (മകരം), ശിവരാത്രി, തിരുവാതിര |
ക്ഷേത്രങ്ങൾ: | 1 |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | പാലിയം ദേവസ്വം |
ഐതിഹ്യം
തിരുത്തുകഅവർണ്ണസമുദായക്കാരനായ കുന്നപ്പിള്ളി നാരായണൻ എന്നൊരാളാണ് ഈ ക്ഷേത്രം കണ്ടെത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹത്തിൻറെ കറവുപശു വീട്ടിൽ മടങ്ങിവരാതായപ്പോൾ പശുവിനെ തേടി പുറപ്പെടുകയും അവസാനം ഒരു ഗുഹയിൽ പശുവിനെ കണ്ടെത്തുകയും ചെയ്തു. ആ ഗുഹയാണ് ഇന്നത്തെ ക്ഷേത്രം. അതിൽ കണ്ടെത്തിയ ശിവലിംഗമാണ് ഇന്നത്തെ ക്ഷേത്രപ്രതിഷ്ഠ. ഗുഹയിൽ നിന്ന് ദിവ്യതേജസ്സ് ജ്വലിക്കുന്നതു കണ്ട നാരായണൻ ഉടൻ തന്നെ കാരേക്കാട്ട് തിരുമേനിയേയും പെരുമ്പടപ്പ് വൈദികനേയും പാലിയത്തച്ചനേയും വിവരമറിയിച്ചു. ദേവപ്രശ്നം വെച്ചപ്പോൽ ദേവസാന്നിധ്യം ഉണ്ടെന്നറിഞ്ഞു. അങ്ങനെ പാലിയത്തച്ചന്റെ നേതൃത്വത്തിൽ ക്ഷേത്രം ഉയരുകയും ചെയ്തു.
അഗ്നിദേവൻ ശ്രീമഹാദേവനൊപ്പം വസിക്കുന്നു എന്നു ഇവിടെ വിശ്വാസമുണ്ട്. തന്മൂലം മഴയുള്ളപ്പോഴും മഴക്കാറുള്ളപോഴും ഇവിടെ നിത്യശീവേലിസമയത്ത് ഭഗവത്വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിക്കാറില്ല.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകതൃക്കൂർ ഗ്രാമത്തിന്റെ ഒത്ത നടുക്ക് മണലിപ്പുഴയുടെ കിഴക്കേക്കരയിൽ സമുദ്രനിരപ്പിൽ നിന്ന് 150 അടി ഉയരത്തിലുള്ള ഒരു കുന്നിന്മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് പോസ്റ്റ് ഓഫീസ്, എൽ.പി. സ്കൂൾ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറുഭാഗത്തുകൂടെ മണലിപ്പുഴയൊഴുകുന്നു. പുഴക്കരയിലായി പുറയങ്കാവ് എന്ന പേരിൽ ഒരു ദേവീക്ഷേത്രമുണ്ട്. ഉഗ്രദേവതയായ ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. മധ്യകേരളത്തിൽ കുംഭഭരണി ആഘോഷത്തിന് പേരുകെട്ട പതിനെട്ടരക്കാവുകളിൽ ഒന്നാണിത്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഭദ്രകാളിയ്ക്ക് ഉപദേവതകളായി ഗണപതിയും അയ്യപ്പനും നവഗ്രഹങ്ങളും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറയങ്കാവ് കടവിലാണ് ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നത്. പുറയങ്കാവിൽ നിന്ന് അല്പം മാറിയാൽ ക്ഷേത്രത്തിലേയ്ക്കുള്ള പടിക്കെട്ടുകൾ തുടങ്ങുന്നു. 126 പടികളുണ്ട് ക്ഷേത്രമുറ്റം വരെ. അതിമനോഹരമാണ് പടി കയറുമ്പോഴുള്ള പരിസരക്കാഴ്ചകൾ. നിറയെ മരങ്ങളും ചെടികളും തഴച്ചുവളരുന്ന പ്രദേശം ഹരിതാഭ ചൊരിഞ്ഞുനിൽക്കുന്നു. നഗരത്തിരക്കുകളിൽ വലയുന്നവർക്ക് ആശ്വാസത്തിനുള്ള ഒരു കേന്ദ്രമാണ് ഈ സ്ഥലം. ദർശനവശമായ കിഴക്കുഭാഗത്ത് മുന്നിൽ വലിയൊരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാൽ പിന്നിട്ടുകഴിഞ്ഞാൽ ക്ഷേത്രത്തിന്റെ പേരെഴുതിയ ഒരു കവാടം കാണാം. ഇത് താരതമ്യേന പുതിയതാണ്. പടിക്കെട്ടുകൾ കടന്നാൽ റോഡിന്റെ വടക്കുവശത്തായി 81 പടികൾ കാണാം. അവ കയറിയാൽ ക്ഷേത്രഗോപുരത്തിന് മുന്നിലെത്താം. രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരം താരതമ്യേന പുതിയതാണ്. ഇതിന് തൊട്ടടുത്തായി ക്ഷേത്രം വക ഓഡിറ്റോറിയം കാണാം. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടത്തപ്പെടുന്നു. കൂടാതെ നാമജപത്തിനും ഇത് ഉപയോഗിയ്ക്കപ്പെടുന്നുണ്ട്.
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണാൻ കഴിയുന്നത് വലിയ ആനക്കൊട്ടിലാണ്. ഓടുമേഞ്ഞ ഈ ആനക്കൊട്ടിലിന് സാമാന്യം നീളവും വീതിയുമുണ്ട്. എട്ടു ഭീമൻ തൂണുകളോടുകൂടിയ ഈ ആനക്കൊട്ടിലിലെ ഓരോ തൂണിലും മനോഹരമായ ചുവർച്ചിത്രങ്ങൾ കാണാം. ശിവൻ, പാർവ്വതി, ഗണപതി, സരസ്വതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ തുടങ്ങിയ ഈശ്വരമൂർത്തികളെയെല്ലാം ഇതിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ഏകദേശം അഞ്ചാനകളെ വരെ ഇവിടെ ഒരു സമയം നിർത്താൻ കഴിയും. ആനക്കൊട്ടിലിനപ്പുറം ഒരു ദീപസ്തംഭമുണ്ട്. ഇതിൽ നിത്യവും സന്ധ്യയ്ക്ക് വിളക്കുകൊളുത്തുന്നു. ഇതിനുമപ്പുറത്താണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കൊടിമരത്തിനുമപ്പുറം തുറസ്സായ സ്ഥലത്ത് വലിയ ബലിക്കല്ലുമുണ്ട്. ബലിക്കല്ലിനുമപ്പുറത്താണ് ഗുഹ സ്ഥിതിചെയ്യുന്നത്. ഗുഹയുടെ ഒത്ത നടുക്കുള്ള ഭാഗമാണ് ശ്രീകോവിൽ; അതിന്റെ തെക്കുകിഴക്കുഭാഗത്തുള്ള പ്രത്യേകം സ്ഥലം തിടപ്പള്ളിയും. തന്മൂലം നിവേദ്യവസ്തുക്കൾ കൊണ്ടുവരാൻ പുറത്തുകടക്കേണ്ട ആവശ്യം ശാന്തിക്കാർക്കില്ല. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ഓവ് മുറിഞ്ഞുള്ള പ്രദക്ഷിണത്തിന്റെ പ്രശ്നം ഭക്തർക്ക് ഇവിടെ വരുന്നില്ല. ഈ ഗുഹയ്ക്ക് വടക്കുഭാഗത്തുള്ള സ്ഥലത്താണ് നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടം. ഇതിന് ചുവട്ടിലായി തുറസ്സായ ഒരു തറയിൽ ആറുമൂർത്തികളുടെ പ്രതിഷ്ഠകൾ കാണാം. ഗണപതി, അയ്യപ്പൻ, അന്തിമഹാകാളൻ, ഭദ്രകാളി, ദുർഗ്ഗ, ചാമുണ്ഡി എന്നിവരാണ് ആ ആറുമൂർത്തികൾ. ഇവരെ തൊഴുതശേഷം അടുത്തുള്ള പടികൾ ചവുട്ടിയാൽ നാലമ്പലത്തിലേയ്ക്കുള്ള കവാടത്തിലെത്തും.
ക്ഷേത്രത്തിലൂടെ പ്രദക്ഷിണം വച്ചുവരുമ്പോൾ ശ്രീകോവിൽ നിൽക്കുന്ന ഗുഹയുടെ മുകളിൽ കിഴക്കോട്ട് ദർശനം നൽകി ഗണപതിഭഗവാന്റെ ഒരു പ്രതിഷ്ഠയുണ്ട്. ശ്രീകോവിലിന്റെ തെക്കുകിഴക്കുഭാഗത്താണ് കരിങ്കല്ലിൽ തീർത്ത കൊച്ചു ഗണപതിവിഗ്രഹം സ്ഥിതിചെയ്യുന്നത്. ഇതിൽ നിത്യവും കറുകമാല ചാർത്തിവച്ചിട്ടുണ്ട്. ഈ ഗണപതിയുടെ നേരെ മുന്നിൽ താഴ്ചയിലായി ഒരു ഹോമമണ്ഡപം കാണാം. ഇവിടെ വച്ചാണ് നിത്യവും ഗണപതിഹോമം നടത്തപ്പെടുന്നത്. തന്റെ പേരിലുള്ള ഹോമം ഭഗവാൻ നേരിട്ടുകാണുന്നു എന്നാണ് സങ്കല്പം. ഗണപതിയെ തൊഴുത് പ്രദക്ഷിണമായി മുന്നോട്ടുപോകുമ്പോൾ ഗുഹയുടെ വലതുവശത്ത് പാറയുടെ മുകളിൽ മാതൃശാല കാണാം. സപ്തമാതൃക്കളുടെ പ്രതിഷ്ഠ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരളീയ ക്ഷേത്രങ്ങളിൽ അപൂർവ്വമാണ് മാതൃശാലകൾ. സാധാരണയായി ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ തെക്കുവശത്ത് ബലിക്കല്ലുകളുടെ രൂപത്തിൽ സ്ഥിതിചെയ്യാറുള്ള സപ്തമാതൃക്കൾക്ക് ഇവിടെ വിഗ്രഹങ്ങളുണ്ട്. അത്യപൂർവ്വമാണ് ഈ പ്രതിഭാസം. വടക്കോട്ടാണ് ദർശനം. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി എന്നിവരാണ് സപ്തമാതൃക്കൾ. ഇവർക്ക് നിത്യവും പൂജയുണ്ട്. മാതൃശാലയിൽ തൊഴുത് വീണ്ടും മുകളിലെത്തിയാൽ പാറയിലെ ഒരു ഗർത്തത്തിൽ തീർത്ഥക്കിണർ കാണാം. മഹാദേവൻ കുടികൊള്ളുന്ന ശ്രീകോവിലിന്റെ നേരെ മുകളിലാണ് ഈ കിണർ വന്നിരിയ്ക്കുന്നത്. അതിനാൽ ഗംഗാസങ്കല്പത്തിലാണ് ഇവിടെ ദർശനം. മുകളിൽ നിന്നുനോക്കുമ്പോൾ ഈ ഗർത്തത്തിന് ഏകദേശം ഒമ്പതടി വീതിയുണ്ട്. താഴോട്ടു പോകുംതോറും വീതി കുറഞ്ഞുവരികയും അവസാനം ഒരടി മാത്രമാകുകയും ചെയ്യും. തീർത്ഥക്കിണർ എന്നാണ് പറയുന്നതെങ്കിലും ഇതിലെ ജലം ആരും ഉപയോഗിയ്ക്കാറില്ല. ഏതു കൊടിയ വേനൽക്കാലത്തായാലും ഇതിലെ വെള്ളം വറ്റുകയോ വെള്ളത്തിന്റെ അളവിൽ മാറ്റമുണ്ടാകുകയോ ചെയ്യാറില്ല എന്നത് വലിയൊരു പ്രത്യേകതയാണ്. ഈ ഭാഗത്തുനിന്ന് നോക്കുമ്പോൾ തൃക്കൂർ ഗ്രാമത്തിന്റെയും പരിസരഗ്രാമങ്ങളുടെയും ഭംഗി ഏറ്റവും മനോഹരമായി ആസ്വദിയ്ക്കാൻ സാധിയ്ക്കും.
തുടർന്ന് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ സർപ്പക്കാവ് കാണാം. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവുമടങ്ങിയ ചെറിയൊരു സർപ്പക്കാവാണ് ഇവിടെയുള്ളത്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് പാറക്കെട്ടുകൾ ചിന്നിച്ചിതറിക്കിടക്കുന്നു. അവയിൽ പലതിലും വിവിധ ദേവതാരൂപങ്ങൾ കാണാൻ സാധിയ്ക്കും. ക്ഷേത്രത്തിന്റെ വടക്കുഭാഗം വലിയൊരു കാടാണ്. നിറയെ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും അവിടെക്കാണാം. ഇന്നും അവിടെ മൃഗങ്ങളും പക്ഷികളും സ്വൈരവിഹാരം നടത്തിക്കഴിയുന്നു. വടക്കുഭാഗത്ത് സ്ഥലം വളരെക്കുറവാണ്. ഈ വഴിയിലൂടെ എഴുന്നള്ളിപ്പുകളും മറ്റും നടത്തുക എന്നത് ദുസ്സാധ്യമായ കാര്യമാണ്. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താവുന്നതുമാണ്. ശിവരാത്രിനാളിൽ ശയനപ്രദക്ഷിണം നടത്താനും ഈ വഴി ഉപയോഗിച്ചുവരുന്നുണ്ട്.
ശ്രീകോവിൽ
തിരുത്തുക24 അടി നീളവും 18 അടി വീതിയും 18 അടി ഉയരവുമുള്ള അതിഭീമാകാരമായ ഒരു ഗുഹയാണ് ഈ ക്ഷേത്രത്തിലെ ശ്രീകോവിൽ. കരിങ്കല്ലിൽ തീർത്ത ഈ ഗുഹയ്ക്ക് വടക്കുഭാഗത്താണ് പ്രവേശനകവാടം. മറ്റുള്ള മൂന്നുഭാഗങ്ങളിലും അടഞ്ഞ വഴിയാണ്. വലിയൊരു പാറയുടെ ഒത്ത നടുക്കായാണ് ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. ഇതിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് ശിവലിംഗം കുടിയിരിയ്ക്കുന്ന ഗർഭഗൃഹം. ആറടിയിലധികം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കാമദേവനെ വധിച്ചശേഷം ക്രോധമടങ്ങാത്ത ശിവനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, മൂന്നാം തൃക്കണ്ണ് തുറന്ന ഭാവമായി കണക്കാക്കപ്പെടുന്നു. ഒരിയ്ക്കൽ കിഴക്കുഭാഗത്ത് നടയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ചില അനർത്ഥങ്ങൾ കാണാനിടയാകുകയും തന്മൂലം ആ ശ്രമം ഉപേക്ഷിയ്ക്കുകയും ചെയ്തുവത്രേ. ഇതുമൂലം ശിവലിംഗത്തിന്റെ ഇടതുവശത്താണ് (വടക്കുഭാഗം) നട പണിതിരിയ്ക്കുന്നത്. സോപാനപ്പടിയും അലങ്കാരങ്ങളുമെല്ലാം അവിടെയാണ്. പാർശ്വദർശനം എന്നാണ് ഇതിന് പറയുക. കേരളത്തിലെ മറ്റൊരു ശിവക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. ശിവഭഗവാന്റെ ഉഗ്രതയ്ക്ക് ശമനമുണ്ടാക്കാൻ എന്ന സങ്കല്പത്തിൽ പാർവ്വതീദേവിയുടെ സങ്കല്പവും ശ്രീകോവിലിൽ കൊണ്ടുവന്നിട്ടുണ്ട്. സ്വയംവരപാർവ്വതിയായാണ് സങ്കല്പം. ശ്രീപാർവ്വതീപ്രീതിയ്ക്ക് പിൻവിളക്ക് കൊളുത്തുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു.
ശ്രീകോവിലിൽ ശിവലിംഗത്തിന്റെ പുറകുവശത്ത് കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ ഒരു രൂപം പാറയിൽ കൊത്തിവച്ചിട്ടുണ്ട്. ഏകദേശം നാലടി ഉയരം വരുന്ന ഈ രൂപം ഗുഹയ്ക്കകത്തായതിനാൽ ഭക്തർക്ക് പുറത്തുനിന്ന് ദർശിയ്ക്കാനാകില്ല. എങ്കിലും ഇത് നിൽക്കുന്ന ഭാഗത്തിനുനേരെയും ഒരു നട പണിതിട്ടുണ്ട്. ഇതിലൂടെയാണ് ഗണപതിയുടെ നിവേദ്യം നടത്തുന്നത്. അഗ്നിദേവൻ നിത്യവും ഭഗവാനോടൊപ്പം വസിയ്ക്കുന്നു എന്നാണ് സങ്കല്പം. തന്മൂലം, മഴക്കാറുള്ളപ്പോൾ ഭഗവാനെ പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കാറില്ല. ആഗ്നേയതേജസ്സിൽ നിന്നാണ് ശിവപുത്രനായ സുബ്രഹ്മണ്യന്റെ പിറവി എന്ന് വിശ്വാസമുള്ളതിനാൽ ഇത് സുബ്രഹ്മണ്യസാന്നിദ്ധ്യമായും കണക്കാക്കപ്പെടുന്നു. തന്മൂലം ക്ഷേത്രശ്രീകോവിൽ ഇവിടെ കൈലാസത്തിന് തുല്യമായി മാറുന്നു. ശ്രീകോവിൽ ഗുഹയായതിനാൽ അതിനുചുറ്റും പ്രദക്ഷിണം സാദ്ധ്യമല്ല. അതിനാൽ, ഓവുമുറിഞ്ഞുള്ള പ്രദക്ഷിണത്തിന്റെ പ്രശ്നം ഇവിടെയില്ല.
നാലമ്പലം
തിരുത്തുകമറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രീകോവിലിനെ ചുറ്റിപ്പറ്റിയല്ല ഇവിടെ നാലമ്പലം പണിതിരിയ്ക്കുന്നത്; പകരം ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ശ്രീകോവിൽ ഗുഹയായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. ഇവയിൽ വടക്കേ വാതിൽമാടത്തിൽ വച്ചാണ് ക്ഷേത്രത്തിലെ തുലാഭാരം നടത്തുന്നത്. ധാരാളം വസ്തുക്കൾ കൊണ്ട് തുലാഭാരം നടത്താറുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനം കയറുകൊണ്ടുള്ളതാണ്. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഇത് അത്യന്തം ഉത്തമമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ദൂരദിക്കുകളിൽ നിന്നുപോലും ഈ വഴിപാടിനായി ഭക്തജനങ്ങൾ എത്താറുണ്ട്. തുലാഭാരം നടത്തുന്ന കയർ ഇവിടെവച്ചുതന്നെ നശിച്ചുപോകണമെന്നാണ് ചിട്ട. തെക്കേ വാതിൽമാടത്തിലാണ് നിത്യേനയുള്ള ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നത്.
നിത്യപൂജകൾ
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലിയുമുള്ള ഈ മഹാക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകീട്ട് അഞ്ചുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ രാത്രി എട്ടുമണിവരെയും ദർശനമാകാം. രാവിലെ നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. പിന്നീട് അഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. അതുകഴിഞ്ഞ് ശിവലിംഗം അലങ്കരിയ്ക്കുന്നു. ആറുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് എതിരേറ്റുപൂജയും ഗണപതിഹോമവും ശീവേലിയും. പിന്നീട് എട്ടുമണിയ്ക്ക് പന്തീരടിപൂജയും അതിനുശേഷം ധാരയും നവകാഭിഷേകവും നടത്തും. 11 മണിയ്ക്ക് ഉച്ചപൂജയും ശീവേലിയും നടത്തി 12 മണിയ്ക്ക് നടയടയ്ക്കുന്നു.
തുടർന്ന് വൈകീട്ട് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദീപാരാധനയ്ക്ക് നടയടയ്ക്കാറില്ല. പിന്നീട് രാത്രി ഏഴുമണിയ്ക്ക് അത്താഴപൂജയും ശീവേലിയും. അതുകഴിഞ്ഞ് എട്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
ക്ഷേത്രത്തിലെ തന്ത്രാധികാരം പെരുവനം കുന്നത്ത് പടിഞ്ഞാറേടത്ത് മനയ്ക്കാണ്. നാട്ടുകാർ ചേർന്ന് തിരഞ്ഞെടുക്കുന്ന ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ക്ഷേത്രത്തിലെ ആഘോഷങ്ങൾ
തിരുത്തുകകൊടിയേറ്റുത്സവം
തിരുത്തുകമകരമാസത്തിൽ തിരുവാതിരനാളിൽ ആറാട്ടായി എട്ടുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. അങ്കുരാദിമുറയിൽ നടക്കുന്ന ഉത്സവത്തിന് എട്ടുദിവസവും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകാറുണ്ട്.
ശിവരാത്രി
തിരുത്തുകപഞ്ചഗവ്യ-കളഭാഭിഷേകങ്ങൾ
തിരുത്തുകധനു തിരുവാതിര
തിരുത്തുകനവരാത്രി
തിരുത്തുകപ്രധാന വഴിപാട്
തിരുത്തുകപ്രധാന വഴിപാട് കയർ തുലാഭാരമാണ്. അത് ശ്വാസംമുട്ടലിൽ നിന്നും ആശ്വാസം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. തുലാഭാരത്തിൽ കിട്ടിയ കയറ് ഇവിടെ ഇരുന്ന് നശിച്ചുപോകണമെന്നാണ് ആചാരം. കൂടാതെ ധാര, ശംഖാഭിഷേകം, കൂവളമാല, കറുകഹോമം, പിൻവിളക്ക്, കതിനവെടി തുടങ്ങിയവയും വഴിപാടുകളിൽ പ്രധാനം. ശിവരാത്രിദിവസം സന്ധ്യയ്ക്ക് ശയനപ്രദക്ഷിണവും വഴിപാടായുണ്ട്.
ചിത്രശാല
തിരുത്തുക-
നടപന്തൽ
-
നാഗപ്രതിഷ്ഠ
-
പ്രദക്ഷിണവഴി
-
കിഴക്കേ ഗോപുരം
-
ഗണപതി പ്രതിഷ്ഠ
-
ഹോമമണ്ഡപം
അവലംബം
തിരുത്തുക- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“