സർപ്പാരാധന

(സർപ്പക്കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സർപ്പാരാധന അഥവാ നാഗാരാധന. പ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യൻ ആരാധിക്കുകയും പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സർപ്പാരാധനയുടെ തുടക്കം എന്ന് കണക്കാക്കപ്പെടുന്നു.

The altar where Jory Goddess is worshipped. The photo is taken at the main temple in Belur Karnataka , India
സർപ്പാരാധനയ്ക്ക് വരച്ച കളം

ശിലാരാധന, സർപ്പാരാധന എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തിൽ വസിക്കുന്ന സർപ്പരൂപിയായ ചെകുത്താൻ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്. വൈഷ്‌ണവർ വിഷ്ണുവിന്റെ ശയനവും വൈഷ്ണവ സർപ്പവുമായ അനന്തശേഷനെയും, ശൈവർ ശിവന്റെ കണ്ഠാഭരണവും ശിവ സർപ്പവുമായ വാസുകിയെയും, അഷ്ടനാഗങ്ങളെയും ആരാധിച്ചിരുന്നു. ഇതാണ് ഹിന്ദുമതത്തിൽ കാണപ്പെടുന്നത്.

ചരിത്രവും വ്യത്യസ്തരീതികളും

തിരുത്തുക

ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും ഇത് നിലനില്ക്കുന്നു. സുമേറിയൻ, ബാബിലോണിയൻ സംസ്കാരങ്ങളിൽ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്കിഗൽ, അല്ലാറ്റു എന്നിവയ്ക്ക് സർപ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങൾ ഗോത്രചിഹ്നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഗുഡിയായിലെ ഒരു പാത്രത്തിലെ കെട്ടുപിണഞ്ഞ ഇരട്ടസർപ്പം അത്തരമൊരു മാതൃകയാണ്. ലഭ്യമായ പ്രാചീന നാഗദേവതകളിലൊന്ന് 'ജീവദേവത' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നാഗരൂപമാണ്. അതിപ്രാചീന അതിരുകല്ലുകളിൽ ഒരു വിശുദ്ധമുദ്രയോടൊപ്പം ആലേഖനം ചെയ്ത നാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. തയാമത്ത് ദേവതയുടെ നാഗരൂപത്തിലുള്ള ചിത്രവും ലഭ്യമായിട്ടുള്ള പ്രാചീന മാതൃകകളിൽ ഒന്നാണ്.

ഈജിപ്ഷ്യൻ പുരാവൃത്തത്തിൽ നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളായി സർപ്പങ്ങളെ കാണാം. അപെപ് നാഗം നന്മയുടെയും ബാബിലോണിയൻ തയാമത്ത് തിന്മയുടെയും പ്രതീകങ്ങളാണ്. ഈജിപ്തിലും ബാബിലോണിയയിലും നിന്നുമാത്രമല്ല ഒട്ടുമിക്ക സംസ്കാരങ്ങളിൽനിന്നും നാഗാരാധനയുടെ പ്രാചീനത വെളിവാക്കുന്ന നിദർശനങ്ങൾ ലഭ്യമായിട്ടുണ്ട്. ചില പ്രാചീന സാക്ഷ്യങ്ങൾ ഇവയാണ് - നാഗഫണമുഖമാർന്ന ഒരു ദേവത ഒസിരിസ് ദേവന്റെ കിരീടത്തിനരികെ നില്ക്കുന്നതായുള്ള പേപ്പിറസ് ചിത്രം, സർപ്പത്തെ പുണരുന്ന വിശുദ്ധമാതാവിന്റെ ചിത്രം (ക്രീറ്റ് - ഇതിൽ മുടിയിഴകളും നാഗങ്ങളാണ്), സ്യൂസ്, ഡയോണിസ് ദേവതമാരുടെ നാഗരൂപമാർന്ന ശില്പങ്ങൾ.

സൂര്യദേവന്റെ പ്രതീകമായി മുർഖനെ കണ്ടിരുന്നതായുള്ള ചില തെളിവുകൾ ബാബിലോണിയയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചിലേടങ്ങളിൽ നാഗം രാജകീയചിഹ്നമായിരുന്നു. പൂർവികർ, രക്ഷകർ എന്നിവയുടെ പ്രതീകങ്ങളായും നാഗങ്ങളെ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉർവതാരാധനയുടെ പ്രതീകമാണ് മറ്റൊന്ന്. കുലചിഹ്നങ്ങൾ ആയും നാഗചിഹ്നം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. നന്മതിന്മകളുടെ എന്നപോലെ ചതി, രക്ഷ, വിഷം, പുനർജന്മം, രതി എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു നാഗങ്ങൾ. പടംപൊഴിച്ച് പുതുജന്മം നേടുന്ന ജീവി എന്ന നിലയിലാണ് അത് പുനർജന്മത്തിന്റെ പ്രതീകമായത് എന്നു കരുതപ്പെടുന്നു. ചില രാജ്യങ്ങളിൽ പാമ്പുകളെ ജലം, ദീർഘായുസ്സ്, സ്വാതന്ത്യ്രം, ബുദ്ധി എന്നിവയുടെ പ്രതീകമാക്കി ആരാധിക്കുന്നു. ഇവയുടെ സഞ്ചാരരീതി, പടംപൊഴിക്കുന്ന സ്വഭാവം, ഇമവെട്ടാത്ത കണ്ണുകൾ എന്നീ പ്രത്യേകതകളാണതിനുകാരണം.

പല രൂപങ്ങളിലാണ് പ്രാചീനകാലത്ത് നാഗങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നതും സങ്കല്പിക്കപ്പെട്ടിരുന്നതും. ഗ്രീക്, ജർമൻ പുരാവൃത്തങ്ങളിൽ നാഗങ്ങളെ 'ഡ്രാഗൺ' ആയി വിവരിച്ചിട്ടുള്ളതുകാണാം. ചൈനയിൽ നാഗം 'ഡ്രാഗൺ' തന്നെയായിരുന്നു. ചെകുത്താന്മാർ കടൽനാഗങ്ങളായി ജീവിച്ചിരുന്നുവെന്നും ആകാശഗംഗതന്നെ ഒരു നാഗമാണ് എന്നുമുള്ള സങ്കല്പങ്ങളും ഉണ്ടായിട്ടുണ്ട്. സ്വർഗത്തിലെ വെളിച്ചത്തിന്റെ നാഗങ്ങളായാണ് ആകാശഗംഗയെ കണക്കാക്കിപ്പോന്നിരുന്നത്. മേഘനാഗം, നാഗപീഠം, മഴവിൽനാഗം, ദേവന്മാരുടെ സഹചാരി എന്നു തുടങ്ങി ഭാരതീയ സങ്കല്പത്തിലെ നാഗരാജാവ്, നാഗയക്ഷി, നാഗമാതാക്കൾ എന്നിങ്ങനെ വൈവിധ്യമാർന്ന നാഗസങ്കല്പങ്ങൾ വിഭിന്ന സമൂഹങ്ങളിൽ നിലനിന്നിരുന്നതായും നിലനിന്നുപോരുന്നതായും കാണാം.

ചൈന, ശ്രീലങ്ക, ജപ്പാൻ, ജാവ, കമ്പോഡിയ, മെക്സിക്കോ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന നാഗാരാധന ഇന്നും തുടർന്നുപോരുന്നുണ്ട്. അതിന്റെ മറ്റൊരു മുഖമാണ് ഡ്രാഗൺ നൃത്തങ്ങൾ.

ഗ്രീക്കു പുരാവൃത്തങ്ങളിൽ തിന്മയുടെ പ്രതീകമായ ഭീകര ജീവികളായിട്ടാണ് സർപ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അവയെ നശിപ്പിക്കുന്നതിന് തീവ്രയത്നം നടത്തിയ കഥകളും പ്രചാരത്തിലുണ്ട്. ലെർണ എന്ന പ്രദേശത്ത് ഒൻപതു തലയുള്ള ഒരു സർപ്പത്തെ (Hydra) ഹെർക്കുലീസ് വധിച്ചതായുള്ള കഥ അക്കൂട്ടത്തിലൊന്നാണ്. പുരാതന ഗ്രീസിൽ നന്മയുടെ പ്രതീകങ്ങളായ സർപ്പങ്ങളെയും കാണാം.

ഗ്രീക്കുകാരുടെ ദൈവമായ സ്യൂസ് ഭൂമി സന്ദർശിക്കുമ്പോൾ സ്വീകരിച്ചിരുന്നത് പാമ്പിന്റെ രൂപമായിരുന്നു. ലോകൂണും (Laocoon) പുത്രന്മാരും റോമൻ ദേവനായ അപ്പോളോയെ തടഞ്ഞതിനു സർപ്പങ്ങളാൽ കൊല്ലപ്പെട്ടുവെന്നു വിശദീകരിക്കുന്നു. നോർവേയിലുള്ള മറ്റൊരു കഥ ഓർമുങ്കന്തറിന്റേതാണ്. നോർവേക്കാരുടെ ദൈവത്തിന്റെ പിതാവ് ഓഡിൻ (odin) ആയിരുന്നു. ഭീമാകാരവും അപൂർവവുമായ ഓർമുങ്കന്തർ വലിയ രൂപമായി വളർന്ന് ഭൂമിയെ ചുറ്റിവളഞ്ഞ് വായിലേക്ക് വാൽകടത്തി ഭീകരത പരത്തി. തുടർന്ന് ഭൂമിയിൽ കൊടുങ്കാറ്റ് വിതച്ചും മറ്റുദൈവങ്ങളെ ഉപദ്രവിച്ചും തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി. അവസാനം തോർ (thor) എന്ന ഇടിമുഴക്കമുണ്ടാക്കുന്ന ദൈവം ആ ഭീകരസത്വത്തെ ചുറ്റികകൊണ്ടടിച്ചുകൊന്നു. എന്നാൽ ആ സമയത്ത് ആ സത്ത്വത്തിന്റെ വായിൽനിന്നും വമിച്ച വിഷദ്രാവകത്തിൽ തോർ മുങ്ങിമരിക്കുകയുണ്ടായി.

ഈജിപ്ത്

തിരുത്തുക

പുരാതന ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം പാമ്പുകൾ കൃഷിയുടെ തുടക്കവും ഒടുക്കവുമുള്ള സമയങ്ങളെ സൂചിപ്പിക്കുന്നു. പാമ്പുകളുടെ ദേവതയായ ഇജോ (ഋഷീ) നൈൽ താഴ്വരയുടെ ദൈവമായും ആ പ്രദേശത്തെ ഭരണാധികാരികളുടെ ആരാധനാമൂർത്തിയായും കരുതപ്പെട്ടിരുന്നു. ഈ ദൈവത്തെ ഈജിപ്ഷ്യൻ മൂർഖന്റെ (Naja Hage) ചിത്രവുമായി ഉപമിച്ചിരിക്കുന്നു. ഇതിന്റെ തലയുടെ ഭാഗത്ത് സുവർണമുദ്രയുള്ളതിനാൽ ഇറൗസ് (Uraeus) എന്ന ഈജിപ്ഷ്യൻ പരമാധികാരികളുടെ ചിഹ്നമായിരുന്നു അതെന്നു മനസ്സിലാക്കാം.

അമേരിക്ക

തിരുത്തുക

അമേരിക്കയിലെ ഇന്ത്യൻ വംശജർ പാമ്പുകളെ ദൈവദൂതന്മാരായും ദൈവത്തിന്റെ പ്രതിരൂപമായും ആരാധിച്ചിരുന്നു. വടക്കേ അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് വരണ്ട പ്രദേശങ്ങളിൽ കൃഷിക്കും ജലസേചനത്തിനുമായി ഇപ്പോഴും ഹോപ്പി സർപ്പനൃത്തം (Hopi snake dance) നടത്തുന്നുണ്ട്. ഒൻപത് ദിവസം നീണ്ടുനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഈ ചടങ്ങിനുണ്ട്. ഇതിൽ പാമ്പിനെ പിടിച്ചശേഷം ഒരു പരിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നു. ചേരകളെപ്പോലെയുള്ള പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. ആഘോഷങ്ങൾക്കുശേഷം പാമ്പുകളെ നന്നായി കുളിപ്പിച്ച് ഹോപ്പികൾ അവയെ വായിൽ വച്ചുകൊണ്ട് നൃത്തം ചെയ്യുന്നു. പിന്നീട് അവയെ സ്വതന്ത്രമാക്കുന്നു. ഈ പാമ്പുകൾ ഹോപ്പികളുടെ ദൂതന്മാരായി ച്ചെന്ന് മഴയ്ക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കുമെന്നാണ് വിശ്വാസം. അതിലൂടെ ഇടി, മഴ, മിന്നൽ എന്നിവ ഉണ്ടായി കൃഷി മെച്ചപ്പെടുമെന്നും അവർ വിശ്വസിക്കുന്നു.

ഗ്ലാസ്സിലെ വെള്ളത്തിൽ കുതിരയുടെ രോമങ്ങൾ വീണാൽ അത് സർപ്പങ്ങളായി മാറുമെന്നുള്ള നാടോടിക്കഥ അമേരിക്കയിലെങ്ങും പ്രചാരത്തിലുണ്ട്. അമേരിക്കയിലെ ആദിവാസികളിൽ പലരും സർപ്പാരാധന നടത്തുന്നവരാണ്. മൃഗങ്ങൾ, ചെടികൾ, സൂര്യൻ, അഗ്നി, ജലം, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവയോടൊപ്പം പാമ്പിനെയും അവർ ആരാധിച്ചിരുന്നു. ഇവരിൽ മായന്മാർ, ഇങ്കാകൾ, റെഡ്ഡിന്ത്യക്കാർ എന്നിവർ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.

ഇസ്ലാം മതം

തിരുത്തുക

സർപ്പങ്ങളുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ വിശുദ്ധ ഖുർആനിലും വിശദീകരിക്കുന്നുണ്ട്. സൌർ എന്ന ഗുഹയിൽ പ്രവാചകന്റെ വരവും കാത്ത് അനേകവർഷങ്ങളായി ഒരു സർപ്പം കാത്തിരിപ്പുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകനായ മുഹമ്മദു നബിയും ശിഷ്യനും കൂടി മക്കയിൽനിന്ന് മദീനയിലേക്ക് യാത്ര ചെയ്യുമ്പോൾ ആ ഗുഹയിൽ ഒളിഞ്ഞിരിക്കേണ്ട ഒരു സന്ദർഭമുണ്ടായി. ഗുഹയിൽ കയറിയ ഉടൻതന്നെ ശിഷ്യൻ ഗുഹയുടെ ദ്വാരങ്ങളെല്ലാം അടച്ചു. ഗുഹയുടെ ഒരു ദ്വാരം തന്റെ കാലിന്റെ പെരുവിരൽ കൊണ്ടാണ് ശിഷ്യൻ അടച്ചുപിടിച്ചത്. തന്റെ മടിയിൽ ശയിക്കുന്ന പ്രവാചകനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അതിനുള്ളിലുണ്ടായിരുന്ന സർപ്പം ശിഷ്യനെ ദംശിക്കുകയും വിഷമേല്പ്പിക്കുകയും ചെയ്തു. ഉറക്കമുണർന്ന മുഹമ്മദു നബി വിഷദംശനമേറ്റ് അവശനായ ശിഷ്യനെ കണ്ടു. ഉടൻതന്നെ പ്രവാചകൻ ഉമിനീർ പുരട്ടി മുറിവിൽനിന്നും വിഷബാധയകറ്റി ശിഷ്യനെ രക്ഷിച്ചു.

ഭൂതവർഗം അല്ലെങ്കിൽ ജിന്ന് എല്ലാ ജീവികളുടെയും രൂപം പ്രാപിക്കുന്നുണ്ട് എന്ന് ഇസ്ലാംമതത്തിൽ വിശദമാക്കുന്നുണ്ട്. പാപികളെ മരണാനന്തരം ശിക്ഷിക്കുന്നത് വിഷസർപ്പങ്ങളെക്കൊണ്ടുകൂടിയാണെന്ന വിശ്വാസവുമുണ്ട്. മൂസാ നബിയുടെ കാലത്ത് അദ്ദേഹം തന്റെ വടിയെ പാമ്പാക്കി മാറ്റുകയും അതിനോട് സംസാരിക്കുകയും ചെയ്തതായി ഇസ്ലാം മതം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരും അനുയായികളും അത് നിരീക്ഷിച്ചറിഞ്ഞതായും സത്യസന്ധമാണെന്ന് തെളിയിച്ചതായും വിശദീകരിക്കുന്നുമുണ്ട്.

ഇന്ത്യയിൽ (ഹിന്ദുമതം)

തിരുത്തുക

വിഷ്ണുവിന്റെ ശയനമായ അനന്തശേഷനെയും ശിവന്റെ കണ്ഠാഭരണമായ വാസുകി എന്ന സർപ്പത്തെയും "നാഗരാജാവ്" എന്ന പേരിൽ പ്രത്യേക പ്രാധാന്യത്തോടെ ശൈവ-വൈഷ്ണവ മതക്കാർ ആരാധിച്ചിരുന്നു. ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഭാരതത്തിൽ സർപ്പാരാധന നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. സർപ്പത്തേയും മാതൃദേവതയേയും ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമായി കരുതണം എന്ന് “ഇന്ത്യയും ഇന്തോനേഷ്യൻ കലയും” എന്ന ഗ്രന്ഥത്തിൽ ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നുണ്ട്. ആര്യ-ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തതകളും ഈ വാദത്തിന് ഉപോൽബലകമാണ്. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്.

അഥർവവേദത്തിൽ സർപ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങൾ കാണാം. ഋഗ്വേദത്തിൽ പലതരം സർപ്പദംശനങ്ങൾ വിവരിച്ചിട്ടുണ്ട്. യജുർവേദത്തിലും അഥർവവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമർശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളിൽ നാഗസൂചനകൾ കാണാം.

അത്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങൾ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയിൽ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങൾ ഇത് കൂടുതൽ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലിപ്പത്തിലും നിറത്തിലുമാണ് ഇവയിൽ ഔന്നത്യശ്രേണീബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്. നാഗങ്ങളിൽ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വർണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണത്തിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്. നോ: അഷ്ടനാഗങ്ങൾ

ഹൈന്ദവപുരാണത്തിൽ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന് നഹുഷന്റേതാണ്. (നോ: നഹുഷൻ) നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്. നോ: ഗരുഡൻ

നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്. പാലാഴിമഥനത്തിനുശേഷം അസുരന്മാരിൽനിന്നും ദേവന്മാർ തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡൻ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങൾക്ക് കൊടുത്തു. നാഗങ്ങൾ അമൃതകലശം ദർഭപ്പുല്ല് വിരിച്ച് അതിൽ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാൻ പോയി. ആ തക്കംനോക്കി ദേവന്മാർ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങൾ അമൃത് കാണാതെ ആർത്തിയോടെ ദർഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ. പുരാണ നാഗകഥകളിൽ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയിൽ ജനിച്ച സുരസയിൽ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങൾ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളിൽ പറഞ്ഞുകാണുന്നത്.

നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളിൽ വിഭജിച്ചുകാണുന്നത്. ആകാശചാരികൾ പറനാഗങ്ങൾ, ഭൂതലവാസികൾ സ്ഥലനാഗങ്ങൾ, പാതാളവാസികൾ കുഴിനാഗങ്ങൾ.

പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തിൽ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂൽ, ദുർഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർ; ദക്ഷിണാമൂർത്തിക്ക് തോൾവള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിൻപത്തി കുട.

താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തിൽ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ സർപ്പശക്തിയാണ്. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.

ശില്പരത്നത്തിൽ നാഗവിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.

ഭാരതീയ ജ്യോതിഷത്തിൽ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.

ഭാരതീയനൃത്തകലയിൽ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളിൽ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.

നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതിൽ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമർദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.

നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങൾ ശിരസ്സിൽപ്പേറുന്ന ഒന്നാണെന്ന വിശ്വാസം ഭാരതത്തിൽ നിലവിലുണ്ട്.

കേരളത്തിലെ നാഗത്തെയ്യങ്ങൾ, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സർപ്പംതുള്ളൽ, നൂറും പാലും നല്കൽ, കളമെഴുത്തുപാട്ട്, സർപ്പപ്പാട്ട്, പുള്ളവൻപാട്ട്, ഉരുളി കമഴ്ത്തൽ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.

ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങൾ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലൻഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗർ, തമിഴ്നാട്ടിലെ നാഗർകോവിൽ, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂർ നാഗക്ഷേത്രം, കർണാടകയിലെ ധർമസ്ഥലയ്ക്കടുത്തുള്ള കുക്കെ

ശ്രീസുബ്രഹ്മണ്യക്ഷേത്രം, കേരളത്തിലെ ഹരിപ്പാടുള്ള മണ്ണാറശാല ശ്രീ നാഗരാജാക്ഷേത്രം, ത്രിശൂരിലെ  പാമ്പുംമേക്കാട്മന, ആന്ധ്രയിലെ കാളഹസ്തി.

ബുദ്ധമതം

തിരുത്തുക

ബുദ്ധമതത്തിൽ നാഗം രക്ഷകനാണ്. ബുദ്ധൻ തപം ചെയ്തിരിക്കെ, കൊടുങ്കാറ്റും പേമാരിയും ഉണ്ടായെന്നും അപ്പോൾ മണ്ണിനടിയിൽനിന്നുയർന്നുവന്ന മുകാലിൻഡ എന്ന നാഗം പത്തിവിടർത്തി കുടയായി പിടിച്ച് ബുദ്ധനെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. നാഗഫണച്ചുവട്ടിലിരുന്ന് ധ്യാനം ചെയ്യുന്ന ബുദ്ധപ്രതിമകൾ പലേടത്തുമുണ്ട്.

ക്രിസ്തുമതം

തിരുത്തുക

ബൈബിളിലെ സൃഷ്ടികർമങ്ങൾ വിശദീകരിക്കുന്ന ഉത്പത്തി പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ നാഗങ്ങളെ അവതരിപ്പിക്കുന്നതായുണ്ട്. ഏദൻതോട്ടത്തിലെ ഫലവൃക്ഷങ്ങളിൽനിന്നും പഴങ്ങൾ ഭക്ഷിക്കാമെങ്കിലും തോട്ടത്തിന്റെ മധ്യഭാഗത്തുള്ള വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന് ദൈവം കല്പിച്ചിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന സർപ്പരൂപിയായ സാത്താന്റെ പ്രേരണയിൽപ്പെട്ട് ഹവ്വ ആ കനി ഭക്ഷിച്ചു. തുടർന്ന് ആദമും അതു തിന്നു. ഉടൻതന്നെ അവരുടെ നഗ്നതയക്കുറിച്ച് അവർക്ക് ബോധ്യമുണ്ടാവുകയും അരതിയുടെ ഇലകൾ കോർത്തിണക്കി നാണം മറയ്ക്കുകയും ചെയ്തുവെന്നാണ് കഥ.

സർപ്പരൂപിയായ ഷഹന് ജീവനാഥൻ എന്നു പേരുണ്ടായിരുന്നു. നഹാഷ് എന്ന പേര് ക്യൂനിഫോം രേഖകളിലും ബൈബിളിലും കാണാം. നഹ്ഷാൻ എന്ന പേര് ഇതിന്റെ രൂപഭേദമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മുതല, ചീങ്കണ്ണി, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങിയ ജീവികളെ പൊതുവേ നഹാഷ് എന്നാണ് ബൈബിളിൽ വിളിക്കുന്നത്. ഇവയെല്ലാം ജലസർപ്പങ്ങളായാണ് പുരാതന ഇസ്രയേൽകാർ വിശ്വസിച്ചിരുന്നത്.

നോഹയുടെ പെട്ടകത്തിൽ എലി (ചെകുത്താൻ) കരണ്ടുണ്ടാക്കിയ ദ്വാരം പാമ്പ് അതിന്റെ വാൽകൊണ്ട് അടച്ച് സംരക്ഷിച്ചു എന്നൊരു കഥ കിഴക്കൻ യൂറോപ്പിൽ പ്രചാരത്തിലുണ്ട്. ആ സർപ്പം പക്ഷികളുടെ ഭാഷ മനുഷ്യന് വശമാക്കിക്കൊടുത്തുവത്രെ.

സർപ്പവും സ്ത്രീയും തമ്മിലുള്ള ശത്രുത പഴയ നാടോടിക്കഥകളിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽനിന്നുണ്ടായ ഉഗ്രമായ ദംശനത്താലാണ് സ്ത്രീകളിൽ ആർത്തവ പ്രക്രിയ ആരംഭിച്ചതെന്ന കഥ പ്രസിദ്ധമാണ്.

ഐതിഹ്യങ്ങൾ

തിരുത്തുക

കേരളോല്പത്തി സർപ്പകാവുകളെ സംബന്ധിച്ച ചില കഥകൾ വെളിപ്പെടുത്തുന്നു. കേരളം സൃഷ്ടിച്ച പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് കൊണ്ട് വന്ന് പാർപ്പിച്ച ആളുകൾക്ക് അനുഭവപ്പെട്ട സർപ്പശല്യം പരിഹരിക്കാൻ, സർപ്പകാവുകൾ ഉണ്ടാക്കി ആരാധിക്കാൻ നിർദ്ദേശിച്ചു എന്നാണ് ‘കേരളോല്പത്തി’യിൽ പറയുന്ന കഥ. സമൂഹത്തിൽ ആധിപത്യം നേടിയ ബ്രാഹ്മണർ കാലക്രമത്തിൽ സർപ്പപൂജയുടെ അധികാരം കരസ്ഥമാക്കിയെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, സർപ്പങ്ങൾക്കായി മാറ്റിവച്ച ഭൂമിയിൽ ആയുധങ്ങളുപയോഗിച്ച് വെട്ടുകയോ കൊത്തുകയോ ചെയ്യെരുതെന്നും പരശുരാമൻ നിർദ്ദേശിച്ചു എന്നാണു ഐതിഹ്യം. മനുഷ്യന്റെ ആക്രമണത്തിൽ നിന്നു പൂർണമായും വിമുക്തമായ സ്ഥലത്ത് വൃക്ഷലതാദികളും ജീവജാലങ്ങളും ഇങ്ങനെ സ്വതന്ത്രമായി വളരാനിടയായി.

സർപ്പാരാധന കേരളത്തിൽ

തിരുത്തുക

ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സർപ്പാരാധന നിലനിൽക്കുന്നുണ്ടെങ്കിലും സർപ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി”[സർപ്പങ്ങളുടെ നാട്] എന്നു കേരളത്തേയും “സഹ്യാദ്രി”[സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം] എന്ന് പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം.

സർപ്പങ്ങളെ കാവുകൾ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തിൽ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃതത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകൾ. കേരളത്തിലെ സർപ്പാരാധനാ സമ്പ്രദായത്തിന്റെ സവിശേഷദകളായ സർപ്പം പാട്ട് അഥവാ പുള്ളുവൻ പാട്ടും, പാമ്പിൻ തുള്ളലും, നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്റെ തുടർച്ചയായി കാണാം.

പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിർവഹിച്ചപ്പോൾ, അവിടം വാസയോഗ്യമാകണമെങ്കിൽ സർപ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമൻ, ഭൂമിയുടെ രക്ഷകരും കാവൽക്കാരുമെന്നനിലയിൽ സർപ്പങ്ങളെ പൂജിക്കുകയും അവർക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സർപ്പങ്ങൾ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.[൧]

പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമർശിക്കപ്പെട്ടുകാണുന്നത്. മുൻപറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമർശങ്ങൾക്കു പിന്നിൽ.

ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സർപ്പഫണത്താലി, സർപ്പരൂപം കൊത്തിയുണ്ടാക്കിയ വളകൾ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണർ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.

മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു.

കേരളത്തിലെ നാഗദൈവങ്ങൾ

തിരുത്തുക

വിശ്വാസങ്ങൾ

തിരുത്തുക

സർപ്പപൂജ ഐശ്വര്യദായകമാണെന്ന ഹൈന്ദവ വിശ്വാസത്തിന് ദശാപ്തങ്ങളുടെ പഴക്കമുണ്ട്. സന്താനലാഭത്തിനും ഐശ്വര്യലബ്ധിക്കും മംഗല്യത്തിനും സർപ്പപ്രീതി ആവശ്യമാണെന്നും സർപ്പത്തിന്റെ അപ്രീതി മഹാരോഗങ്ങൾക്ക് കാരണമാകുമെന്നും ഉള്ള വിശ്വാസം ഇന്നും ജനങ്ങളിൽ പ്രബലമാണ്.

പ്രശസ്തമായ സർപ്പക്കാവുകളും നാഗാരാധനാക്ഷേത്രങ്ങളും

തിരുത്തുക
 
ഒരു സർപ്പക്കാവ്

കേരളത്തിൽ ഇന്നു നിലനിൽക്കുന്ന ഏറ്റവും പ്രശസ്തമായ സർപ്പകാവുകൾ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാലയും തൃശൂർ ജില്ലയിൽ മാളയ്ക്ക് സമീപമുള്ള പാമ്പു മേയ്ക്കാട്ടുമനയും തിരുവില്ല്വാമലക്ക് അടുത്തുള്ള പാമ്പാടി പാമ്പുംകാവും പാലക്കാട്‌ ജില്ലയിൽ ചെർപ്പ്ലശ്ശേരിക്ക് അടുത്തുള്ള പാതിരികുന്നത്ത് മനയുമാണ്. തമിഴ് നാട്ടിലെ നാഗർകോവിലിലുള്ള നാഗരാജ ക്ഷേത്രവും സർപ്പാരാധനക്ക് പ്രശസ്തമാണ്‌.

പാമ്പുമ്മേക്കാട്(വ്)

തിരുത്തുക

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയിൽവെസ്റ്റേഷനു സമീപമാണിത്.

 
പാമ്പുമേക്കാട്ടുമനയിലെ നാഗയക്ഷിയുടെ വിഗ്രഹം

ഐതിഹ്യപ്രകാരം[൨], ഒരിക്കൽ ഇവിടത്തെ മേക്കാട്ടു നമ്പൂതിരിക്ക് കുളക്കടവിൽ പ്രത്യക്ഷനായ ദിവ്യരൂപം തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് കാണുവാനായി കൊടുത്തു. പിന്നീട് താൻ വാസുകിയാണെന്ന് ആ ദിവ്യരൂപം നമ്പൂതിരിയെ അറിയിച്ചു. ആ ദിവ്യരൂപത്തിന്റെ സാക്ഷാത്രൂപം കാണണമെന്ന ആഗ്രഹം നമ്പൂതിരി പ്രകടിപ്പിച്ചു. ആ ആവശ്യം ഉപേക്ഷിക്കുവാൻ വാസുകി നമ്പൂതിരിയോട് ആവശ്യപ്പെട്ടെങ്കിലും നമ്പൂതിരി ശാഠ്യം പിടിച്ചു. ഉടനെ വാസുകി തന്റെ വലിപ്പം കുറച്ച് ശ്രീപരമേശ്വരന്റെ മോതിരമായി കാണിച്ചുകൊടുത്തു. നമ്പൂതിരി ഭയംകൊണ്ട് ബോധരഹിതനായി. കുറേക്കഴിഞ്ഞ് എന്തുവരമാണ് ആവശ്യമെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. തന്റെ ഇല്ലം ദാരിദ്ര്യദുഃഖത്താൽ വലയുകയാണെന്നും അത് ഇല്ലാതാക്കി ഇല്ലത്ത് കുടിയിരിക്കണമെന്നും വിനയാന്വിതമായി അപേക്ഷിച്ചു. അപ്രകാരം സംഭവിക്കട്ടെയെന്ന് പറഞ്ഞ് വാസുകി അപ്രത്യക്ഷനായി. പിന്നീട് ഇല്ലത്ത് പല മട്ടിൽ നാഗദർശനമുണ്ടായി. അതിനെത്തുടർന്ന് വാസുകിയുടെ നിർദ്ദേശപ്രകാരമാണത്രെ അവിടെ നാഗപൂജ തുടങ്ങിയത് എന്നാണൈതിഹ്യം. മേക്കാടിന്റെ ഇല്ലമാണ് അങ്ങനെ പാമ്പുമ്മേക്കാട്(വ്) അഥവാ പാമ്പുമ്മേക്കാട്ടില്ലമായത്.

മണ്ണാറശാലക്ഷേത്രം

തിരുത്തുക

ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്.{{സൂചിക|൧|| അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തിൽ തീയ് കിഴക്കോട്ട് പടർന്ന് പരശുരാമൻ സർപ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താൽ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാർ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവൻ ഇനി മുതൽ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.

ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സർപ്പം തുള്ളൽ. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 ഏ. മാസത്തിലാണ്. സർപ്പം തുള്ളലിന് ഒൻപതു പേർ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായർ തറവാടുകളിലെ പ്രായംചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകർമങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സർപ്പംപാട്ടും സർപ്പം തുള്ളലും കഴിഞ്ഞാൽ തൊട്ടടുത്ത വർഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവർഷം ഗന്ധർവൻപാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാർ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവർഷം പുലസർപ്പംപാട്ടുനടത്തും.

വെട്ടിക്കോട് ക്ഷേത്രം

തിരുത്തുക

മധ്യതിരുവിതാംകൂറിലെ പുരാതനവും അതിപ്രശസ്തവുമായ ഒരു സർപ്പാരാധനാകേന്ദ്രമാണ് വെട്ടിക്കോട്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാകേന്ദ്രങ്ങളിലൊന്നാണിത്. നാഗങ്ങളുടെ രാജാവാണ് അനന്തൻ. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച എട്ട് പുത്രന്മാരായ നാഗരാജാക്കന്മാരിൽ ജ്യേഷ്ഠനും സർവഗുണസമ്പന്നനുമാണ് അനന്തൻ.

അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം

തിരുത്തുക

മണ്ണാർക്കാട്, പെരിന്തൽമണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചിൽ, പാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്. അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കൺമഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.

പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രം

തിരുത്തുക

നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമർപ്പണം, സർപ്പബലി എന്നിവയാണ് പ്രധാന വഴിപാടുകൾ. കണ്ണൂർ-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.

തൃപ്പൂണിത്തുറ-വൈക്കം റൂട്ടിൽ സ്ഥിതിചെയ്യുന്നു. ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.

  • പാതിരാകുന്നത്ത് മന ( കുളപ്രം )
  • ഉദയനാപുരം നാഗമ്പോഴിക്ഷേത്രം (കോട്ടയം), കാസർഗോഡ്
  • മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം
  • തിരുവനന്തപുരത്ത് പദ്മനാഭപുരം ക്ഷേത്രത്തിനടുത്തുള്ള അനന്തൻകാട് നാഗരുക്ഷേത്രം
  • എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം
  • മൂത്തകുന്നംക്ഷേത്രം
  • കെട്ടുള്ളിക്കാട്ടു ക്ഷേത്രം
  • ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം
  • വള്ളിക്കാവുക്ഷേത്രം
  • പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം
  • കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ശ്രീദുർഗാംബികാക്ഷേത്രം
  • കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സർപ്പാരാധനാകേന്ദ്രങ്ങളാണ്.

കുറിപ്പുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗാരാധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സർപ്പാരാധന&oldid=4102312" എന്ന താളിൽനിന്ന് ശേഖരിച്ചത്