തൃക്കാക്കര വാമനമൂർത്തിക്ഷേത്രം

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്ത
(തൃക്കാക്കര ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.

Thrikkakara Vamanamoorthy Kshethram
Thrikkakara Temple Entrance
Thrikkakara Temple Entrance
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതൃക്കാക്കര
മതവിഭാഗംഹിന്ദുയിസം
ജില്ലഎറണാകുളം
രാജ്യംഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലി
സ്ഥാപകൻകപില മഹർഷി/പരശുരാമൻ
തൃക്കാക്കര ക്ഷേത്ര ആറാട്ട്
ചുവർ വിളക്കുകൾ

പേരിനു പിന്നിൽ

തിരുത്തുക

തൃക്കാക്കര എന്ന സ്ഥലനാമം “തിരു കാല് കര”യുടെ ചുരുക്കപേരാണ്. ക്ഷേത്രനിർമ്മാണത്തോടെയാകണം 'തിരു' വിശേഷണം സ്ഥലപേരിന്റെ മുമ്പിൽ വന്നുചേർന്നത്. കാൽകര നാടിന്റെ ഭരണസഭ തൃക്കാക്കരക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നത്. ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്നതിനാൽ ആവാം തിരുകാൽക്കര എന്ന പേർ ലഭിച്ചത് എന്നും പറയുന്നു.

ഐതിഹ്യം, പുരാണം

തിരുത്തുക

ഭാഗവതത്തിൽ വാമനാവതാരം എന്ന ഭാഗത്തിൽ മഹാബലിയുടെ കഥ സവിസ്തരം പ്രതിപാദിക്കുന്നു.ഭക്തപ്രഹ്ലാദന്റെ പേരമകനായിരുന്നു മഹാബലി. അദ്ദേഹം ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടി. മികച്ച ഒരു ഭരണാധികാരിയായി പേരെടുത്ത അദ്ദേഹത്തെ എല്ലാവരും ആദരിച്ചു. സ്വർഗ്ഗലോകം കൂടി തന്റെ അധികാരത്തിന്റെ കീഴിൽ കൊണ്ടുവരാൻ മഹാബലി ആഗ്രഹിച്ചു. ഇതിൽ ഭയംപൂണ്ട ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ദേവന്മാരുടെ രക്ഷയ്ക്കായി ദേവമാതാവായ അതിഥി മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി തപസ് ചെയ്തു. ഒടുവിൽ വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും പാതാളവും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. പ്രസാദിച്ച ഭഗവാൻ തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. വാമനൻ അവിടെ മഹാബലിയുടെ കാവൽക്കാരനായി നിലകൊണ്ടു. കൂടാതെ അടുത്ത മന്വന്തരത്തിൽ മഹാബലിക്ക് സ്വർഗ്ഗത്തിലെ ഇന്ദ്രപദവിയും വാഗ്ദാനം ചെയ്തു. എല്ലാ വർഷവും ഭഗവാൻറെ പിറന്നാൾ ആയ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ എല്ലാവിധ സമൃദ്ധിയോടെയും തന്റെ പ്രജകളെ കാണാനുള്ള അനുഗ്രഹവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.

പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപിലമഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു.

വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് 'തിരുക്കാൽക്കര' എന്ന പേര് ഈ സ്ഥലത്തിന് വന്നത്. കപിലമഹർഷിയെക്കൂടാതെ പരശുരാമനുമായി ബന്ധപ്പെട്ടും ഐതിഹ്യം നിലവിലുണ്ട്.

ചരിത്രം

തിരുത്തുക

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയതെന്ന് കഥയുണ്ട്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാതിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.

ക്ഷേത്രത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ഇവയിൽ നിന്നാണ് ഓണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും മറ്റും നമുക്ക് അറിയാൻ കഴിയുന്നത്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളെ കാണാൻ പ്രദേശത്തെ നാടുവാഴികൾ ഒന്നിച്ചുകൂടിയിരുന്ന അവസരമായാണ് അവയിൽ നമുക്ക് ഓണത്തെ കാണാൻ കഴിയുന്നത്. പഴയ കാലത്ത് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവിയായിരുന്ന നമ്മാഴ്വാർ തൃക്കാക്കരയപ്പനെക്കുറിച്ച് രണ്ട് പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) രചിച്ചിരുന്നു. ഇവയിൽ അദ്ദേഹം സ്ഥലത്തെ 'കാൽക്കരൈ' എന്നും ഭഗവാനെ 'കാൽക്കരയപ്പപ്പെരുമാൾ' എന്നും ലക്ഷ്മീദേവിയെ 'പെരുംശെൽവ നായകി' എന്നും 'വാത്സല്യവല്ലി' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ക്ഷേത്രത്തെ അദ്ദേഹം 'കൊടിമതിൽ' എന്നും വിശേഷിപ്പിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങി. രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും അതെത്തുടർന്ന് ഊരാളന്മാർക്കും മറ്റും നേരിട്ട പ്രശ്നവുമെല്ലാം ക്ഷേത്രത്തെ പ്രതികൂലമായി ബാധിച്ചു. നിത്യനിദാനങ്ങൾക്കുപോലും ചെലവില്ലാതെയായി. പൂജാരിമാർക്ക് ഈ ക്ഷേത്രത്തോടുള്ള ഭക്തി വരെ നഷ്ടപ്പെട്ടു. ഇങ്ങനെ ക്ഷേത്രഭൂമി കാടുകയറി നശിച്ചു. ക്ഷേത്രത്തിന്റെ അധിഷ്ഠാനം മാത്രമേ ഇക്കാലത്ത് ബാക്കിയുണ്ടായിരുന്നുള്ളൂ. ഒടുവിൽ, 1921-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയാണ് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത്. തുടർന്ന് ക്ഷേത്രം അദ്ദേഹം ഏറ്റെടുത്തു. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. 1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി. ഇന്ന് ഇവിടെയുള്ള ഓണാഘോഷത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണ്.

കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃക്കാക്കര ക്ഷേത്രത്തിന്റെ ചരിത്രത്തിലൊരിയ്ക്കലും നമ്പൂതിരിമാരുടെ സ്വാധീനമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊച്ചിയും പരിസരപ്രദേശങ്ങളും അടക്കിഭരിച്ചിരുന്ന പ്രശസ്ത ബ്രാഹ്മണരാജകുടുംബമായ ഇടപ്പള്ളി സ്വരൂപത്തിനുപോലും ക്ഷേത്രത്തിന്മേൽ അവകാശം സ്ഥാപിയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് ഇടപ്പള്ളി തമ്പുരാൻ ഇവിടത്തെ ശാന്തിക്കാരനായി മാറുകയും ശാന്തിക്കാരനെ നിയമിയ്ക്കാനുള്ള അവകാശം നേടുകയും ചെയ്തു. 1949 വരെ ഈ സ്ഥിതി തുടർന്നു. ഇപ്പോൾ ദേവസ്വം ബോർഡാണ് ശാന്തി നിയമനങ്ങൾ നടത്തുന്നത്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

എറണാകുളം ജില്ലയിൽ എറണാകുളത്തുനിന്നും ഏകദേശം 8 കിലോമീറ്റർ വടക്കുകിഴക്കുമാറി കളമശ്ശേരി നഗരസഭയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കാക്കനാട്, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല തുടങ്ങിയവ തൃക്കാക്കരയിൽനിന്ന് വളരെ അടുത്താണ്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡ് കടന്നുപോകുന്നു. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുഭാഗത്തും വഴികളുണ്ട്.

എട്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ ക്ഷേത്രസമുച്ചയമാണ് തൃക്കാക്കരയിലേത്. ഇതിനകത്ത് രണ്ട് ക്ഷേത്രങ്ങളുണ്ട് - വാമനക്ഷേത്രവും ശിവക്ഷേത്രവും. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതലുള്ളത്. മഹാബലി തികഞ്ഞ ശിവഭക്തനായിരുന്നുവെന്നാണ് പുരാണകഥ. അദ്ദേഹം ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗമാണ് ശിവക്ഷേത്രത്തിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ശിവനെ വന്ദിച്ചശേഷം വേണം വാമനനെ വന്ദിയ്ക്കാനെന്നാണ് ക്ഷേത്രത്തിലെ ആചാരം. 2014-ൽ ഈ ശിവക്ഷേത്രവും ഇതിനകത്തുള്ള ഉപക്ഷേത്രങ്ങളും പുതുക്കിപ്പണിതു. മുമ്പുണ്ടായിരുന്ന ക്ഷേത്രം അപൂർണ്ണമായ നാലമ്പലത്തോടെയാണ് നിലകൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ ക്ഷേത്രത്തിന് പൂർണ്ണ നാലമ്പലവും പ്രത്യേകം തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. ശിവക്ഷേത്രത്തിന്റെ തൊട്ടുമുന്നിലാണ് മഹാബലിയുടെ സിംഹാസനപ്രതിഷ്ഠയുള്ളത്.

ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വാമനക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രത്തെ അപേക്ഷിച്ച് വലിപ്പം കൂടുതലാണ് വാമനക്ഷേത്രത്തിന്. ഇതിനോടുചേർന്നാണ് ഗോപുരങ്ങളും ആനക്കൊട്ടിലും ശീവേലിപ്പുരയും കൊടിമരവുമെല്ലാമുള്ളത്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണ് ഇവിടെയുള്ളത്. നാലഞ്ചാനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരമുള്ളത്. കൊടിമരത്തിനുമപ്പുറത്താണ് ക്ഷേത്രത്തിലെ ബലിക്കൽപ്പുര. വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ബലിക്കല്ല് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി സംരക്ഷിച്ചിരിയ്ക്കുന്നു. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

കിഴക്കും പടിഞ്ഞാറും നടകളിലുള്ള ഗോപുരങ്ങൾക്ക് നേരെ മുന്നിലും ക്ഷേത്രമതിൽക്കെട്ടിനകത്ത് തെക്കുഭാഗത്തും അരയാൽമരങ്ങളുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാണ് എന്നാണ് വിശ്വാസം. ബുദ്ധ - ജൈനമതങ്ങളിലും അരയാലിനെ പുണ്യകരമായി കണക്കാക്കുന്നു. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാൽ തന്നെ. ഒരു ആൽമരത്തിന്റെ ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമാണ് ഇവിടെയുള്ളത്.

വടക്കുഭാഗത്ത് ആനകളെ നിർത്തുന്ന സ്ഥലമാണ്. ഇതിനപ്പുറത്ത് ചെറിയൊരു ക്ഷേത്രക്കുളമുണ്ട്. 'കപിലതീർത്ഥം' എന്നാണ് ഇതിന്റെ പേര്. ക്ഷേത്രപ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്ന കപിലമഹർഷിയുടെ പേരിലറിയപ്പെടുന്ന ഈ കുളം വളരെ പവിത്രമായി കരുതുന്നു. ക്ഷേത്രം തന്ത്രിയ്ക്കും ശാന്തിക്കാർക്കും മാത്രമേ ഇതിൽ കുളിയ്ക്കാൻ അനുവാദമുള്ളൂ. മതിൽക്കുപുറത്ത് വടക്കുഭാഗത്ത് പൊതു ആവശ്യങ്ങൾക്കുള്ള ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഈ കുളത്തിൽ കുളിച്ചാണ് ഭക്തർ ക്ഷേത്രദർശനം നടത്തുന്നത്. ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഇവിടെത്തന്നെ.

മതിൽക്കകത്ത് വടക്കുകിഴക്കുഭാഗത്ത് ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. ഐതിഹ്യപ്രകാരം ഇവിടെ പണ്ട് ആത്മഹത്യ ചെയ്ത ഒരു ബ്രാഹ്മണബാലനാണ് ബ്രഹ്മരക്ഷസ്സായി വാഴുന്നത്. തൃക്കാക്കരയപ്പന്റെ നടയിൽ ഭജനമിരുന്ന ഈ ഉണ്ണി ഒരിയ്ക്കൽ കദളിപ്പഴം മോഷ്ടിച്ചുവെന്ന കുറ്റത്തിന് ശിക്ഷ കേൾക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നുവത്രേ. മരിയ്ക്കും മുമ്പ് അവൻ 'ഭഗവദ്ചൈതന്യം നശിച്ചുപോകട്ടെ' എന്ന് ശപിയ്ക്കുകയും ചെയ്തു. ഈ ശാപമാണ് ക്ഷേത്രത്തെ അധഃപതനത്തിലെത്തിച്ചതെന്ന് വിശ്വസിച്ചുവരുന്നു. ഇന്ന് ഏതൊരു ചടങ്ങും ബ്രഹ്മരക്ഷസ്സിന്റെ അനുഗ്രഹത്തോടെയേ നടത്താറുള്ളൂ. പതിവിന് വിപരീതമായി ബ്രഹ്മരക്ഷസ്സിന് ശ്രീകോവിൽ പണിതിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. സാധാരണയായി ഒരു തറ മാത്രമേ ബ്രഹ്മരക്ഷസ്സിന് കാണാറുള്ളൂ. ഉഗ്രഭാവത്തോടെയുള്ള പ്രതിഷ്ഠയായതുകൊണ്ടാണത്രേ ഇങ്ങനെ ചെയ്തത്.

ശ്രീകോവിലുകൾ

തിരുത്തുക

വൃത്താകൃതിയിൽ തീർത്ത ഒറ്റനില ശ്രീകോവിലാണ് പ്രധാന ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്തേയ്ക്ക് കയറാനുള്ള പടികൾ കരിങ്കല്ലിൽ പണിത് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുകയാണ്. നേരിട്ടുകയറാൻ പറ്റുന്ന രീതിയിലാണ് ഇവയുടെ നിർമ്മിതി. ശ്രീകോവിലിനകത്ത് അഞ്ചോളം മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടിയോളം ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീ തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. വാമനസങ്കല്പമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ്. അകത്ത് അഞ്ചോളം മുറികളുള്ളതിനാൽ സോപാനത്തുനിന്ന് ഏകദേശം 30 അടി ദൂരം വിഗ്രഹത്തിലേയ്ക്കുണ്ട്. ഇത്രയും ദൂരത്തുള്ള പ്രതിഷ്ഠകൾ അപൂർവ്വമാണ്. നാല് തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ച് തൃക്കാക്കരയപ്പൻ കുടികൊള്ളുന്നു.

വാമനമൂർത്തിയുടെ ശ്രീകോവിലിന്റെ പുറംചുവരുകൾ ധാരാളം ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും സമ്പന്നമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിൽ നിന്നുള്ള നിരവധി രംഗങ്ങൾ ഇവിടെ കാണാം. ഗജമസ്തകങ്ങളിലൂടെയാണ് ശ്രീകോവിലിന്റെ കഴുക്കോൽ താങ്ങിനിർത്തിയിട്ടുള്ളത്. വടക്കുവശത്ത് ഓവ് പണിതിരിയ്ക്കുന്നു.

ദീർഘചതുരാകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ് ശിവക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിൽ പ്രധാന ക്ഷേത്രത്തിലെ ശ്രീകോവിലുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ചെറുതും അനാകർഷകവുമാണ്. ഇതിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്. മുകളിലെ താഴികക്കുടം പിച്ചളയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതിനകത്ത് രണ്ട് മുറികളേയുള്ളൂ. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ഗർഭഗൃഹം. ഒരടിയോളം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്നതാണ് ഈ ശിവലിംഗമെന്ന് വിശ്വസിച്ചുവരുന്നു. സ്വയംഭൂലിംഗമായതിനാൽ മിനുക്കുപണികളൊന്നും തന്നെ ഇവിടെ നടത്തിയിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവ യാണ് പ്രധാന വഴിപാട്. തെക്കുംതേവർ എന്നറിയപ്പെടുന്ന മഹാദേവൻ മലതൃക്കാക്കരയിൽ കുടികൊള്ളുന്നു.

ശിവന്റെ ശ്രീകോവിൽ ഒഴുക്കൻ മട്ടിലുള്ള നിർമ്മിതിയായി കണക്കാക്കപ്പെടുന്നു. മുഖ്യപ്രതിഷ്ഠ തറനിരപ്പിൽ നിന്ന് അല്പം താഴെയാണ് സ്ഥിതിചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. വടക്കുവശത്ത് ഓവ് കരിങ്കല്ലിൽ നിർമ്മിച്ചിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം പാടില്ല.

നാലമ്പലങ്ങൾ

തിരുത്തുക

വാമനക്ഷേത്രത്തിനും ശിവക്ഷേത്രത്തിനും പ്രത്യേകമായി നാലമ്പലങ്ങൾ പണിതിട്ടുണ്ട്. രണ്ടിടത്തും നാലമ്പലം ഓടുമേഞ്ഞതാണ്. വാമനക്ഷേത്രത്തിലെ നാലമ്പലത്തിന്റെ പുറംചുവരുകളിൽ വിളക്കുമാടം കാണാം. നാലമ്പലത്തിലേയ്ക്ക് കടക്കുന്ന വഴിയിൽ ഇരുവശവുമായി വാതിൽമാടങ്ങൾ സ്ഥിതിചെയ്യുന്നു. തെക്കേ നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി ഭഗവതി കുടികൊള്ളുന്നു. സാധാരണരൂപത്തിലുള്ള വിഗ്രഹമാണ് ഭഗവതിയ്ക്ക്. വടക്കുപടിഞ്ഞാറേമൂലയിൽ അയ്യപ്പസ്വാമിയ്ക്ക് പ്രതിഷ്ഠയുണ്ട്. വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ കാണാം. ഗോപാലകൃഷ്ണഭാവത്തിലുള്ള പ്രതിഷ്ഠയാണിത്. നാലടി ഉയരം വരുന്ന വിഗ്രഹമാണിവിടെ. 'കടമ്പനാട്ട് തേവർ' എന്നും ഈ പ്രതിഷ്ഠ അറിയപ്പെടുന്നു.

ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, ദുർഗ്ഗ, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ]] എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരങ്ങളെ പ്രതിനിധീകരിയ്ക്കുന്നു എന്നാണ് വിശ്വാസം.

ശിവക്ഷേത്രത്തിലെ നാലമ്പലം ഏറെക്കാലമായി അപൂർണ്ണമായ നിലയിലായിരുന്നു. 2014-ലെ പുനരുദ്ധാരണത്തോടനുബന്ധിച്ചാണ് ഇത് പൂർത്തീകരിച്ചത്. ഇതിനകത്ത് ഇരുവശവും വാതിൽമാടങ്ങളുണ്ട്. ഇവിടെയുള്ള തിടപ്പള്ളി അടുത്ത കാലത്ത് മാത്രം പണിതതാണെങ്കിലും ക്ഷേത്രക്കിണർ മുമ്പേയുണ്ട്. ക്ഷേത്രത്തിൽ ശിവന്റെ ശ്രീകോവിലിന്റെ പുറകിൽ ഇരുവശത്തുമായി ഈരണ്ട് ശ്രീകോവിലുകൾ കാണാം. തെക്കുപടിഞ്ഞാറേമൂലയിലുള്ള ശ്രീകോവിലുകളിൽ ഗണപതിയും പാർവ്വതിയും വടക്കുപടിഞ്ഞാറേമൂലയിലുള്ള ശ്രീകോവിലുകളിൽ സുബ്രഹ്മണ്യനും ദുർഗ്ഗയും കുടികൊള്ളുന്നു. മുഖ്യപ്രതിഷ്ഠയുടേതുപോലെ കിഴക്കോട്ടുതന്നെയാണ് ഇവരുടെയും ദർശനം. ഇവരുടെ ശ്രീകോവിലുകളെല്ലാം ഒരേ രീതിയിലാണ് പണികഴിപ്പിച്ചിരിയ്ക്കുന്നത്. ശിവക്ഷേത്രത്തിന്റെ തൊട്ടുമുന്നിലാണ് മഹാബലിയുടെ സിംഹാസനസ്ഥാനം. ഒരു ആൽമരത്തിന്റെ ചുവട്ടിലാണ് മഹാബലിയുടെ സിംഹാസനം എന്ന പേരിൽ കസേര പണിതുവച്ചിരിയ്ക്കുന്നത്. നിത്യേന ഇതിന് വിളക്കുവയ്പുണ്ട്.

നമസ്കാരമണ്ഡപം

തിരുത്തുക

വാമനമൂർത്തിയുടെ ശ്രീകോവിലിനുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. ഇരുപതുകാലുകളോടുകൂടിയ നമസ്കാരമണ്ഡപമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം. മണ്ഡപത്തിന്റെ മച്ചിലും മേൽക്കൂരയിലും ദാരുശില്പങ്ങൾ കാണാം. വിവിധ പുരാണരംഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഇവിടത്തെ ചിത്രങ്ങളിലുണ്ട്. 1001 കലശം വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നാണ് കണക്ക്. മണ്ഡപത്തിന്റെ തെക്കുകിഴക്കേമൂലയിൽ യക്ഷിപ്രതിഷ്ഠയുണ്ട്. ഈ യക്ഷിയ്ക്ക് കരിവളയും ചാന്തും നൽകുന്നത് വിശേഷമാണ്.

പ്രധാന പ്രതിഷ്ഠകൾ

തിരുത്തുക

ശ്രീ തൃക്കാക്കരയപ്പൻ (വാമനമൂർത്തി)

തിരുത്തുക

തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ പ്രധാന പ്രതിഷ്ഠയായി വരുന്ന രാജ്യത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മഹാബലിയ്ക്ക് മൂന്നടി മണ്ണ് ദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിയ്ക്കുന്ന ഭാവമാണ് ഭഗവാന്. നാലടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. വാമനഭാവമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ഭഗവാന് പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

ശ്രീ തെക്കുംതേവർ (ശിവൻ)

തിരുത്തുക

തൃക്കാക്കര ക്ഷേത്രത്തിലെ രണ്ടാമത്തെ മുഖ്യപ്രതിഷ്ഠ. ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്നതാണ് ഈ ശിവലിംഗം എന്ന് വിശ്വസിച്ചുവരുന്നു. ഒരടിയോളം വലിപ്പമുള്ള സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഭഗവാന് ധാരയാണ് പ്രധാന വഴിപാട്. കൂടാതെ ശംഖാഭിഷേകം, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ എന്നിവയും പ്രധാനമാണ്.

ഉപദേവതകൾ

തിരുത്തുക

വാമനക്ഷേത്രം

തിരുത്തുക

ശാസ്താവ്

തിരുത്തുക

വാമനക്ഷേത്രത്തിലെ പ്രധാന ഉപദേവനാണ് താരകബ്രഹ്മസ്വരൂപനും ഹരിഹരപുത്രനുമായ ധർമ്മശാസ്താവ്. വാമനക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് ശാസ്താവ് കുടികൊള്ളുന്നത്. ഒന്നരയടി ഉയരമുള്ള ഇരിയ്ക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. സാധാരണ ശാസ്താവിഗ്രഹങ്ങളുടെ അതേ രൂപമാണ് ഈ വിഗ്രഹത്തിന്. ഈ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനമാണ് ശാസ്താവിന് പ്രധാന വഴിപാട്.

ശ്രീകൃഷ്ണൻ

തിരുത്തുക

വാമനക്ഷേത്രത്തിലെ മറ്റൊരു ഉപദേവതയായ ശ്രീകൃഷ്ണൻ നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി കുടികൊള്ളുന്നു. ഗോപാലകൃഷ്ണനായാണ് പ്രതിഷ്ഠാ സങ്കല്പം. 'കടമ്പനാട്ട് തേവർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ പ്രതിഷ്ഠ താരതമ്യേന അടുത്ത കാലത്തുണ്ടായതാണ്. നാലടി ഉയരം വരുന്ന മനോഹരമായ ശിലാവിഗ്രഹം തൃക്കൈകളിൽ കാലിക്കോലും ഓടക്കുഴലുമേന്തിയ ഭാവത്തിലാണ്. തൃക്കൈവെണ്ണ, പാൽപ്പായസം, തുളസിമാല, സഹസ്രനാമാർച്ചന എന്നിവയാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.

വാമനക്ഷേത്രത്തിലെ മറ്റൊരു ഉപദേവതയാണ് ശ്രീഭഗവതി. ശാസ്താവിന്റെ ശ്രീകോവിലിന് തൊട്ടടുത്താണ് ഭഗവതിയുടെ ശ്രീകോവിൽ. ശംഖചക്രവരദാഭയങ്ങൾ ധരിച്ച ദുർഗ്ഗാദേവിയാണ്. നമ്മാഴ്വാർ ഈ ദേവിയെ 'പെരുംശെൽവ നായകി', 'വാത്സല്യവല്ലി' എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഭഗവതിയ്ക്ക് പട്ടും താലിയും ചാർത്തുന്നതാണ് പ്രധാന വഴിപാട്. കൂട്ടുപായസവും പ്രധാനമാണ്.

യക്ഷിയമ്മ

തിരുത്തുക

വാമനക്ഷേത്രത്തിലെ മറ്റൊരു ഉപദേവതയായ ശ്രീ യക്ഷിയമ്മ നമസ്കാരമണ്ഡപത്തിന്റെ തെക്കുകിഴക്കേമൂലയിലാണ് കുടികൊള്ളുന്നത്. വാൽക്കണ്ണാടി നോക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലാണ് പ്രതിഷ്ഠ. കരിവളയും ചാന്തും നൽകുന്നതാണ് പ്രധാന വഴിപാട്. രണ്ടുനേരവും യക്ഷിയമ്മയ്ക്ക് വിളക്കുവയ്പുണ്ട്.

നാഗദൈവങ്ങൾ

തിരുത്തുക

വാമനക്ഷേത്രവളപ്പിൽ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ആൽമരത്തിന്റെ ചുവട്ടിൽ പ്രത്യേകമൊരുക്കിയ തറയിലാണ് നാഗദൈവങ്ങൾ കുടികൊള്ളുന്നത്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് പ്രതിഷ്ഠ. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും, പാൽപ്പായസം എന്നിവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ.

ബ്രഹ്മരക്ഷസ്സ്

തിരുത്തുക

വാമനക്ഷേത്രവളപ്പിൽ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. പണ്ട് ഈ ഭാഗത്ത് ആത്മഹത്യ ചെയ്ത ഒരു ബ്രാഹ്മണബാലനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത്. ഐതിഹ്യപ്രകാരം താൻ ചെയ്യാത്ത തെറ്റിന് ശിക്ഷ കേട്ട ഈ ഉണ്ണി തുടർന്ന് തൃക്കാക്കരയപ്പനെ ശപിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ ശാപമാണത്രേ പിന്നീട് ക്ഷേത്രത്തെ നാശത്തിലെത്തിച്ചത്. പിന്നീട് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തി ഗതകാലപ്രൗഢിയിലേയ്ക്ക് തിരിച്ചുവന്നപ്പോൾ ഈ ബ്രഹ്മരക്ഷസ്സിനെ ഉപദേവനാക്കി കുടിയിരുത്തുകയായിരുന്നു. ഇന്ന് ക്ഷേത്രത്തിലെ ഓരോ ചടങ്ങും ഈ ബ്രഹ്മരക്ഷസ്സിനെ പ്രീതിപ്പെടുത്തിയേ നടത്താറുള്ളൂ. ഭഗവാന്റെ ഉച്ഛിഷ്ടമാണ് ബ്രഹ്മരക്ഷസ്സിന് വഴിപാട്.

ശിവക്ഷേത്രം

തിരുത്തുക

ശിവക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ചെറിയ വിഗ്രഹമാണ് ഗണപതിയ്ക്ക്. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപമാണ് ഇതിനും. വിഘ്നേശ്വരപ്രീതിയ്ക്ക് ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല എന്നിവയാണ് ഗണപതിയുടെ മറ്റ് പ്രധാനവഴിപാടുകൾ.

സുബ്രഹ്മണ്യൻ

തിരുത്തുക

ശിവക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യരൂപത്തിലുള്ള വിഗ്രഹമാണിവിടെ. ഏതാണ്ട് മൂന്നടി ഉയരം വരും. വലത്തെകൈ കൊണ്ട് അനുഗ്രഹിച്ച് ഇടത്തെകൈ അരയിൽ കുത്തിനിൽക്കുന്ന രൂപമാണ് സുബ്രഹ്മണ്യന്. വലത്തെ ചുമലിൽ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല എന്നിവയാണ് പ്രധാന വഴിപാടുകൾ.

സുബ്രഹ്മണ്യന്റെ ശ്രീകോവിലിന് തൊട്ടടുത്താണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയടങ്ങിയ ശ്രീകോവിലും. കിഴക്കോട്ട് ദർശനമായ ദേവി ശാന്തഭാവത്തിലാണ് കുടികൊള്ളുന്നത്. ചതുർബാഹുവായ ദേവി തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ ധരിച്ചിട്ടുണ്ട്. പട്ടും താലിയും ചാർത്തൽ, കൂട്ടുപായസം, ലളിതാസഹസ്രനാമാർച്ചന എന്നിവയാണ് ദേവിയുടെ പ്രധാന വഴിപാടുകൾ.

പാർവ്വതി

തിരുത്തുക

ഗണപതിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പാർവ്വതീദേവിയുടെ പ്രതിഷ്ഠയടങ്ങിയ ശ്രീകോവിലും. ഗൗരീശങ്കരഭാവത്തിൽ ശിവൻ കുടികൊള്ളുന്ന ക്ഷേത്രമായതുകൊണ്ടാണ് പാർവ്വതിയും ഇവിടെ കുടികൊണ്ടത്. കിഴക്കോട്ട് ദർശനമായ ദേവിയുടെ വിഗ്രഹം ഒരു കയ്യിൽ താമര പിടിച്ച ഭാവത്തിലാണ്. പട്ടും താലിയും ചാർത്തുന്നതാണ് പ്രധാന വഴിപാട്.

നിത്യപൂജകളും തന്ത്രവും

തിരുത്തുക

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ക്ഷേത്രമാണ് തൃക്കാക്കര വാമനമൂർത്തിക്ഷേത്രം. ഇവയിൽ മൂന്ന് പൂജകൾ (ഉഷഃപൂജ, ഉച്ചപ്പൂജ, അത്താഴപ്പൂജ) ശിവക്ഷേത്രത്തിലും നടത്തുന്നുണ്ട്. പുലർച്ചെ നാലരയ്ക്ക് ശംഖനാദത്തോടെ പള്ളിയുണർത്തി അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം അഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. അഞ്ചേമുക്കാലോടെ ഉഷഃപൂജയും തുടർന്ന് സൂര്യോദയസമയത്ത് എതിരേറ്റുപൂജയും നടത്തുന്നു. ആറരയ്ക്ക് എതിരേറ്റുശീവേലി നടത്തുന്നു. എട്ടുമണിയ്ക്ക് പന്തീരടിപൂജയാണ്. പത്തരയ്ക്ക് ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്ന് ഏഴരയോടെ അത്താഴപ്പൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയും നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റമുണ്ടാകും. എല്ലാ മാസവും തിരുവോണം നക്ഷത്രദിവസം തന്ത്രിപൂജയും പ്രസാദ ഊട്ടുമുണ്ടാകാറുണ്ട്.

പ്രധാന ഉത്സവങ്ങൾ

തിരുത്തുക

തിരുവോണ മഹോത്സവം

തിരുത്തുക

ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന തിരുവോണ മഹോത്സവമാണ്. ആദ്യകാലത്ത് കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ 28 ദിവസം ഉത്സവമുണ്ടായിരുന്നു! പിന്നീട് ചിങ്ങമാസത്തിലെ അത്തം കൊടിയേറിയുള്ള ഉത്സവമായി ചുരുങ്ങി. ഇന്നും ഇത് അതേപോലെ ആചരിച്ചുവരുന്നു. ഉത്സവത്തോടനുബന്ധിച്ച് കൊടിയേറ്റത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിവിധ ശുദ്ധിക്രിയകൾ നടത്തുന്നുണ്ട്. അത്തം നാളിൽ ഒരു നിശ്ചിതമുഹൂർത്തത്തിൽ ഗരുഡാങ്കിതമായ ചെമ്പുകൊടിമരത്തിൽ കൊടിയുയർത്തുന്നതോടെ ഉത്സവം തുടങ്ങുന്നു. തൃപ്പൂണിത്തുറയിൽ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടിയാണ് 'അത്തച്ചമയം'. ഇതിനുള്ള കൊടി കൊണ്ടുവരുന്നതും തൃക്കാക്കരയിൽ നിന്നാണ്. പണ്ടുകാലത്ത് കൊച്ചി മഹാരാജാവ് തൃപ്പൂണിത്തുറയിൽ നിന്ന് എല്ലാ അലങ്കാരങ്ങളോടും കൂടി എഴുന്നള്ളി തൃക്കാക്കരയിലെത്തി കൊടി വാങ്ങിപ്പോകുന്ന പരിപാടിയുണ്ടായിരുന്നു.

കൊടിയേറ്റം കഴിഞ്ഞുള്ള പത്തുദിവസം തൃക്കാക്കര താന്ത്രികച്ചടങ്ങുകൾക്കും കലാപരിപാടികൾക്കും വേദിയാകും. വിശേഷാൽ ശീവേലി (ശ്രീഭൂതബലി), ദശാവതാരച്ചാർത്ത്, പൂക്കളമിടൽ എന്നിവയാണ് ഇവയിൽ പ്രധാനം. ഉത്സവക്കാലത്ത് പത്തുദിവസവും ക്ഷേത്രത്തിൽ ശ്രീഭൂതബലിയുണ്ടാകും. നിത്യശീവേലിയുടെ വിപുലീകരിച്ച രൂപമാണ് ശ്രീഭൂതബലി. രാവിലെയാണ് ഇത് നടത്തുക. ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. പത്തുദിവസങ്ങളിൽ വിഗ്രഹത്തിൽ ഭഗവാന്റെ പത്ത് അവതാരങ്ങളുടെ രൂപത്തിൽ ചന്ദനം ചാർത്തുന്നതാണ് ഈ ചടങ്ങ്. ഓരോ ദിവസവും മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ രൂപങ്ങളിൽ ഭഗവാന് ചന്ദനം ചാർത്തുന്നു. ഇവയിൽ അഞ്ചാം നാളിലെ വാമനദർശനം വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ അവസാന നാളിൽ കൽക്കിദർശനം കഴിഞ്ഞാൽ വാമനന്റെ മറ്റൊരു രൂപമായ ത്രിവിക്രമന്റെ രൂപത്തിലും ചന്ദനം ചാർത്തുന്നുണ്ട്. ക്ഷേത്രനടയിൽ പത്തുദിവസവും പൂക്കളമിടും. കൊടിമരച്ചുവട്ടിൽ പ്രത്യേകം സ്ഥലത്ത് ചാണകം മെഴുകി അതിന്മേൽ പല വർണ്ണങ്ങളിലുള്ള പൂക്കളിട്ടുകൊണ്ടാണ് ചടങ്ങ് നടത്തുന്നത്. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂട്ടിക്കൂട്ടിക്കൊണ്ടുവരും. തിരുവോണം നാളിൽ വലിയ പൂക്കളമായിരിയ്ക്കും ഉണ്ടാകുക. ശിവക്ഷേത്രനടയിലും ഈ ദിവസങ്ങളിൽ വിശേഷാൽ ചടങ്ങുകളുണ്ടാകും.

ഉത്സവനാളുകളിൽ ക്ഷേത്രത്തിൽ ധാരാളം കലാപരിപാടികളുമുണ്ടാകും. ചാക്യാർക്കൂത്ത്, കഥകളി, ഓട്ടൻ തുള്ളൽ, പാഠകം എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. കൂടാതെ ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങൾ, മിമിക്രി, കഥാപ്രസംഗം തുടങ്ങിയവയും ഭംഗിയായി നടത്താറുണ്ട്. ക്ഷേത്രപ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേമൂലയിലുള്ള സ്റ്റേജിലാണ് പരിപാടികൾ നടത്താറുള്ളത്.

പൂരാടം നാളിലാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി നടത്തുന്നത്. നിത്യേന നടക്കുന്ന ശീവേലിയുടെയും ശ്രീഭൂതബലിയുടെയും വിസ്തരിച്ച രൂപമാണ് ഉത്സവബലി. മരപ്പാണി കൊട്ടിക്കൊണ്ടാണ് ഇത് നടത്തുന്നത്. ഉത്രാടം നാളിലെ പകൽപ്പൂരവും വിശേഷച്ചടങ്ങാണ്. പിറ്റേന്ന് നടക്കുന്ന വലിയ പൂരത്തിന്റെ ഒരു ചെറുപതിപ്പ് എന്ന രീതിയിലാണ് ഇത് നടത്തുന്നത്. ഒമ്പത് ഗജവീരന്മാരെ അണിനിരത്തിയുള്ള ഈ പരിപാടി വളരെ ശ്രദ്ധേയമാണ്. ഇതിനോടനുബന്ധിച്ച് തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ച സമർപ്പിയ്ക്കുന്നതും പ്രധാനമാണ്. അന്ന് രാത്രിയാണ് പള്ളിവേട്ട. ഭഗവാൻ ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ പോയി ഒരു കിടങ്ങിൽ അമ്പെയ്ത് തീർക്കുന്നതാണ് ഈ ചടങ്ങ്. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാൻ തിരിച്ചെഴുന്നള്ളുന്നു. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേന്ന് രാവിലെ വളരെ വൈകി ഉണരുന്നു. അന്നാണ് വാമനന്റെ ജന്മനാൾ കൂടിയായ തിരുവോണം. രാവിലെ എല്ലാ താന്ത്രികച്ചടങ്ങുകൾക്കും ശേഷം മഹാബലിയെ ആനയിച്ചുകൊണ്ടുവരുന്ന പരിപാടി നടത്തുന്നു. ശിവക്ഷേത്രനടയിലാണ് ഈ ചടങ്ങുകളെല്ലാം നടത്തുന്നത്. അന്ന് രാത്രിയാണ് ആറാട്ട്. ഭഗവാൻ ഒമ്പത് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിനും നഗരത്തിനും ചുറ്റും പ്രദക്ഷിണം വച്ച് രാത്രി ഒമ്പതുമണിയോടെ ക്ഷേത്രക്കുളത്തിലെത്തുന്നു. വിശേഷാൽ പഞ്ചവാദ്യത്തോടെയാണ് എഴുന്നള്ളത്ത്. പുരാണകഥകളിലെ രംഗങ്ങൾ കോർത്തിണക്കിയ നിശ്ചലദൃശ്യങ്ങൾ അകമ്പടിയായുണ്ടാകും. ആറാട്ടുകടവിലെത്തുന്നതോടെ വിഗ്രഹം ആറാട്ടുകടവിലേയ്ക്ക് ഇറക്കിവയ്ക്കുന്നു. തുടർന്ന് തന്ത്രി സകല തീർത്ഥങ്ങളെയും ക്ഷേത്രക്കുളത്തിലേയ്ക്ക് ആവാഹിയ്ക്കുന്നു. അതിനുശേഷം തന്ത്രിയും ശാന്തിക്കാരും വിഗ്രഹം കയ്യിലേന്തി മൂന്നുതവണ മുങ്ങിനിവരുന്നു. പിന്നീട് വിഗ്രഹത്തിൽ മഞ്ഞളും ഇളനീരും അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി വീണ്ടും മൂന്നുതവണ മുങ്ങിനിവരുന്നു. ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ കുളത്തിൽ നിരവധി ഭക്തരും മുങ്ങിനിവരുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളത്ത് നടത്തുന്നു. വഴിയിലുള്ള ഭക്തർ ഭഗവാനെ നിറപറയും നിലവിളക്കും കൊണ്ട് സ്വീകരിയ്ക്കുന്നു. തുടർന്ന് ക്ഷേത്രത്തിൽ മടങ്ങിയെത്തിയ ശേഷം ഏഴുതവണ ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം വച്ച് കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നു.

ഉത്സവത്തിന്റെ അവസാന ദിവസങ്ങളായ ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ സദ്യ നൽകാറുണ്ട്. ക്ഷേത്രം വക ഓഡിറ്റോറിയത്തിലാണ് സദ്യ നടത്തുന്നത്. കള്ളവും ചതിയുമില്ലാതിരുന്ന ഒരു കാലത്തിന്റെ ഓർമ്മ പുതുക്കലായി ഈ ചടങ്ങ് നിലനിൽക്കുന്നു. ഈ ദിവസങ്ങളിൽ തന്നെയാണ് ക്ഷേത്രത്തിലെ വെടിക്കെട്ടും നടക്കുന്നത്.

ശിവരാത്രി

തിരുത്തുക

ശിവക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് കുംഭമാസത്തിൽ കറുത്ത ചതുർദ്ദശി ദിവസം നടത്തപ്പെടുന്ന ശിവരാത്രി. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ശിവരാത്രി നാളിലെ പ്രധാന ചടങ്ങ് അഭിഷേകമാണ്. ഭക്തർ കൊണ്ടുവരുന്ന അഭിഷേകദ്രവ്യങ്ങൾ ശിവലിംഗത്തിൽ തുടരേ അഭിഷേകം ചെയ്യുന്നു. അന്ന് രാത്രി ക്ഷേത്രനടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും. നിരവധി ഭക്തർ ഇത് തൊഴാൻ ഉറക്കമൊഴിഞ്ഞ് ക്ഷേത്രത്തിലുണ്ടാകാറുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക