കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം ആണ്. കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നിരുന്നാലും ക്ഷേത്രത്തിലെ ഉപദേവനായിരുന്ന ശിവപാർവ്വതീപുത്രനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ദേവാലയത്തിന്റെ പ്രശസ്തി. ബാലഗണപതിയെന്നാണ് സങ്കൽപ്പം. കേരളത്തിലെ പ്രസിദ്ധമായ അഞ്ച് ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രം, കാസർഗോഡ് മധൂർ ഗണപതിക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം, പമ്പ മഹാഗണപതിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ. സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, നാഗദൈവങ്ങൾ എന്നിവരാണ് മറ്റുള്ള ഉപദേവതകൾ. ഉണ്ണിയപ്പമാണ് ഗണപതിയുടെ പ്രധാന പ്രസാദം. കൊട്ടാരക്കയിലെ ഉണ്ണിയപ്പം അതിപ്രസിദ്ധമാണ്. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. ഇത് ശിവന്നുള്ളത്. ചിങ്ങമാസത്തിലെ ഗണേശ ചതുർത്ഥിയും പ്രധാനമാണ്. കൂടാതെ, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര ആഘോഷം, കന്നിമാസത്തിലെ നവരാത്രി, മകരമാസത്തിലെ തൈപ്പൂയം, മീനമാസത്തിലെ പങ്കുനി ഉത്രം, തുടങ്ങിയവയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
മണികണ്ഠേശ്വരം മഹാദേവക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കൊട്ടാരക്കര |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ശിവൻ ഗണപതി |
ആഘോഷങ്ങൾ | മേടത്തിരുവാതിര ഉത്സവം ശിവരാത്രി വിനായക ചതുർത്ഥി നവരാത്രി തൈപ്പൂയം |
ജില്ല | കൊല്ലം |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | http://www.kottarakaramahaganapathi.org/ |
വാസ്തുവിദ്യാ തരം | കേരളീയ വാസ്തുവിദ്യ |
ആകെ ക്ഷേത്രങ്ങൾ | 5 |
ഐതിഹ്യം
തിരുത്തുകകൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ് പ്രധാനം - കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു.
പടിഞ്ഞാറ്റിൻകരക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്നും ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവന് നിവേദിയ്ക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിയ്ക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിയ്ക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ് ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ് പ്രശസ്തം.
പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ് എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. അപ്പോൾ വിശപ്പ് നിൽക്കുകയും ചെയ്തു. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ് ഉണ്ണിയപ്പം.
ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാണ്. കിഴക്കേക്കര ശിവക്ഷേത്രത്തിന്റെ നിർമ്മാണച്ചുമതല പെരുന്തച്ചന്നായിരുന്നു. പ്ലാന്തടിയിൽ താൻ നിർമിച്ച ഗണപതിവിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ ഇവിടെ ശിവനെയാണ് പ്രതിഷ്ഠിക്കേണ്ടതെന്നും വേണമെങ്കിൽ ഉപദേവനായി ഗണപതിയെ പ്രതിഷ്ഠിയ്ക്കാമെന്നും പറയുകയും ചെയ്തു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഗണപതിയെ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രം ഇനി ഈ മകന്റെ പേരിൽ അറിയപ്പെടുമെന്ന് പെരുന്തച്ചൻ പറയുകയും അതുതന്നെ നടക്കുകയും ചെയ്തു.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകകൊട്ടാരക്കര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രനടയ്ക്കുമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം പരന്നുകിടക്കുന്നു. അതിനാൽ, ദർശനവശത്തുനിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിയ്ക്കുന്നത്. കൊട്ടാരക്കര താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ക്ഷേത്രത്തിന്റെ സമീപത്താണ്. വടക്കുഭാഗത്ത് അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തിസ്വരൂപമാകുന്നു. ദിവസവും അരയാലിനെ പൂജിയ്ക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അരയാൽ കടന്നാൽ ക്ഷേത്രമുറ്റത്തെത്താം.
സാധാരണ ഒരു ക്ഷേത്രത്തിന്റെ കെട്ടും മട്ടും മാത്രമാണ് കൊട്ടാരക്കര ക്ഷേത്രത്തിനുള്ളത്. എടുത്തുപറയാനായി ഒരു സ്വർണ്ണക്കൊടിമരവും അടുത്തകാലത്ത് നിർമ്മിച്ച ഷീറ്റും മാത്രമാണുള്ളത്. ശിവന്റെ നടയ്ക്കുനേരെ പണിത, ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന സ്വർണ്ണകൊടിമരത്തിന് അധികം പഴക്കവും വലിപ്പവുമില്ല. തെക്കേ നടയിൽ ഗണപതിയുടെ നടയ്ക്കുനേരെയും പ്രവേശനകവാടമുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയ ശ്രീകോവിലിൽ ശാസ്താവ് കുടികൊള്ളുന്നു. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശാസ്താവിന്റെ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശാസ്താനടയുടെ അടുത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറുഭാഗത്താണ് സുബ്രഹ്മണ്യപ്രതിഷ്ഠ. ബാലസുബ്രഹ്മണ്യഭാവത്തിലുള്ള ഭഗവാനാണ് ഇവിടെയുള്ളത്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യന്റെ നടയിൽ ഷഷ്ഠിവ്രതവും കാവടിയും വിശേഷമാണ്.
ക്ഷേത്രത്തിന്റെ സമീപത്തുതന്നെ വേറെയും രണ്ട് ശിവക്ഷേത്രങ്ങളുണ്ട്. ഇവയിൽ പടിഞ്ഞാറുഭാഗത്തുള്ള പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം അതിപ്രസിദ്ധമാണ്. ഐതിഹ്യമാലയിൽ പരാമർശമുള്ള ഈ ക്ഷേത്രത്തിൽ മണികണ്ഠേശ്വരത്തെപ്പോലെ ഒരേ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും കുടികൊള്ളുന്നു. കൂടാതെ അതേ ശ്രീകോവിലിൽ ഗണപതിയുമുണ്ട്. എന്നാൽ, മണികണ്ഠേശ്വരത്തിന് വിപരീതമായി ശിവൻ പടിഞ്ഞാറോട്ടും പാർവ്വതി കിഴക്കോട്ടുമാണ് ദർശനം ചെയ്യുന്നത്. മണികണ്ഠേശ്വരത്തേതിനെക്കാൾ വലുപ്പവും പഴക്കവും കൂടുതലുണ്ട് ഈ ക്ഷേത്രത്തിന്. ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, യക്ഷിയമ്മ എന്നിവർക്കും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ആണ്ടുവിശേഷങ്ങൾ. രണ്ടാമത്തെ ക്ഷേത്രം വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പനയ്ക്കൽ ശിവക്ഷേത്രമാണ്. ഇത് വളരെ ചെറിയൊരു ക്ഷേത്രമാണ്. കിഴക്കോട്ട് ദർശനമായി വലിയൊരു വട്ടശ്രീകോവിലും ചെറിയൊരു ചതുരശ്രീകോവിലും മാത്രമേ ഇവിടെയുള്ളൂ. യഥാക്രമം ശിവനും ഗണപതിയുമാണ് ഈ ശ്രീകോവിലുകളിലെ പ്രതിഷ്ഠ.
ശ്രീകോവിൽ
തിരുത്തുകസാമാന്യം വലിപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് നൂറടി ചുറ്റളവുണ്ട്. ഇതിനകത്ത് മൂന്ന് മുറികളാണ്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇത് മൂന്നാക്കിത്തിരിച്ചിരിയ്ക്കുന്നു. ഇതിൽ ഒരുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവഭഗവാനും മറുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീദേവിയും രണ്ടിനുമിടയിൽ തെക്കോട്ട് ദർശനമായി ഗണപതിഭഗവാനും കുടികൊള്ളുന്നു. മൂന്നിടത്തെയും വിഗ്രഹങ്ങൾക്ക് മൂന്നടി വീതം ഉയരമുണ്ട്. നിത്യേന ഇവയ്ക്ക് അലങ്കാരങ്ങൾ ചാർത്തിവരുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും സാധാരണസമയത്ത് മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് മൂന്ന് ദേവതകളും കൊട്ടാരക്കര ശ്രീലകത്ത് വിരാജിയ്ക്കുന്നു.
ശ്രീകോവിലിന്റെ പുറംഭിത്തികളിൽ ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ കാണാനില്ല. അവ കൂട്ടിച്ചേർക്കാൻ ശ്രമങ്ങൾ നടത്തിരിയുന്നെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. വടക്കുവശത്ത് ഓവ് പണിതിട്ടുണ്ട്. ഭഗവാന് അഭിഷേകം ചെയ്ത ജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം അനുവദിച്ചിട്ടില്ല.
നാലമ്പലം
തിരുത്തുകശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന ചെറുതാണ് നാലമ്പലമെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി പണിതിരിയ്ക്കുന്നു. ഉണ്ണിയപ്പത്തിന്റെ സ്വാദ് നിത്യേന അലയടിയ്ക്കുന്ന ഈ തിടപ്പള്ളിയിലേയ്ക്ക് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. തന്റെ പ്രിയനിവേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഗണപതി നേരിട്ടുകാണുന്നു എന്നാണ് സങ്കല്പം. വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്.
ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവയിൽ ബലി തൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.
പ്രതിഷ്ഠകൾ
തിരുത്തുകമണികണ്ഠേശ്വരൻ (ശിവൻ)
തിരുത്തുകക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശാന്തഭാവത്തിലുള്ള ശിവനായാണ് സങ്കല്പം. മൂന്നടി ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മണികണ്ഠനായ അയ്യപ്പന്റെ പിതാവ് (ഈശ്വരൻ) എന്ന അർത്ഥത്തിലാണ് പ്രതിഷ്ഠയ്ക്ക് ഈ പേരുവന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സ്വയംഭൂവാണ് മണികണ്ഠേശ്വരത്തപ്പന്റെ ലിംഗം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് കുടികൊള്ളുന്ന ഭഗവാന് ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക് തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. കുടുംബസമേതസങ്കല്പത്തിലുള്ള ശിവനായതിനാൽ ഉമാമഹേശ്വരപൂജ പോലുള്ള വഴിപാടുകളുമുണ്ട്.
പാർവ്വതീദേവി
തിരുത്തുകക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശിവന്റെ അതേ ശ്രീകോവിലിന്റെ പുറകുവശത്ത് (പടിഞ്ഞാറുഭാഗം) പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. അനഭിമുഖമായ ശിവ-പാർവ്വതീപ്രതിഷ്ഠകൾ വരുന്ന ക്ഷേത്രമായതിനാൽ അർദ്ധനാരീശ്വരസങ്കല്പം വരുന്നു. മൂന്നടി ഉയരം വരുന്ന ദേവീവിഗ്രഹം ദാരുനിർമ്മിതമാണ്. അതിനാൽ വിഗ്രഹത്തിൽ ജലാഭിഷേകം നടത്താറില്ല. മഞ്ഞൾപ്പൊടി കൊണ്ടാണ് അഭിഷേകം നടത്താറുള്ളത്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയായി കണക്കാക്കപ്പെടുന്നു. മഞ്ഞൾപ്പൊടി അഭിഷേകം, പട്ടും താലിയും ചാർത്തൽ, കൂട്ടുപായസം എന്നിവയാണ് ദേവിയുടെ പ്രധാന വഴിപാടുകൾ.
ഗണപതി
തിരുത്തുകക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. വാസ്തവത്തിൽ ഉപപ്രതിഷ്ഠയായിരുന്ന ഗണപതി, പിന്നീട് പ്രധാനദേവനായി മാറുകയായിരുന്നു. മൂന്നടി ഉയരം വരുന്ന ദാരുവിഗ്രഹത്തിൽ തെക്കോട്ട് ദർശനമായാണ് ഗണപതിഭഗവാൻ കുടികൊള്ളുന്നത്. ഉളിയന്നൂർ പെരുന്തച്ചൻ തീർത്തതാണെന്ന് പറയപ്പെടുന്ന ഈ ഗണപതിവിഗ്രഹത്തിൽ ഉദയാസ്തമനമായി അപ്പം മൂടുന്നതാണ് പ്രധാന വഴിപാട്. ഇതിന് വൻ ചെലവുണ്ട്. ക്ഷേത്രത്തിലെ തിടപ്പള്ളിയിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന ഗണപതിയ്ക്ക് ഉണ്ണിയപ്പനിവേദ്യം അതിവിശേഷമാണ്. കൂടാതെ ഗണപതിഹോമം, നാളികേരമുടയ്ക്കൽ, കറുകമാല, പഞ്ചാമൃതം, ത്രിമധുരം തുടങ്ങിവയും വഴിപാടുകളായുണ്ട്.
ഉപദേവതകൾ
തിരുത്തുകധർമ്മശാസ്താവ്
തിരുത്തുകനാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിലാണ് ഹരിഹരപുത്രനായ ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഒന്നരയടി ഉയരം വരുന്ന ശിലാവിഗ്രഹം ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപത്തിലാണ്. ശാസ്താവിന്റെ ശ്രീകോവിലിന് പ്രത്യേകം മുഖപ്പുണ്ട്. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ളുതിരി എന്നിവയാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ.
സുബ്രഹ്മണ്യൻ
തിരുത്തുകനാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിലാണ് ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി മൂന്നടി ഉയരം വരുന്ന വിഗ്രഹം ബാലസുബ്രഹ്മണ്യന്റെ രൂപത്തിലാണ്. സുബ്രഹ്മണ്യന്റെ ശ്രീകോവിലിനും പ്രത്യേകം മുഖപ്പുണ്ട്. ഷഷ്ഠീപതിയായ സുബ്രഹ്മണ്യസ്വാമിയ്ക്ക് ഷഷ്ഠിനാളുകൾ അതിവിശേഷമാണ്. പഞ്ചാമൃതം, പാലഭിഷേകം, ഭസ്മാഭിഷേകം, കാവടിനിറ തുടങ്ങിയവയാണ് സുബ്രഹ്മണ്യന് പ്രധാന വഴിപാടുകൾ.
നാഗദൈവങ്ങൾ
തിരുത്തുകശാസ്താവിന്റെ ശ്രീകോവിലിന് തൊട്ടടുത്ത് പ്രത്യേകം തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായ വാസുകിയും നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്ന ഈ പ്രതിഷ്ഠയുടെ ദർശനവും കിഴക്കോട്ടാണ്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും സമർപ്പണം, ആയില്യപൂജ എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.
നിത്യപൂജകൾ
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കൊട്ടാരക്കര ശ്രീമഹാഗണപതിക്ഷേത്രം അഥവാ മണികണ്ഠേശ്വരം ശിവക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നാദസ്വരം, തവിൽ തുടങ്ങിയ വാദ്യോപകരണങ്ങളോടെയും ഏഴുതവണയുള്ള ശംഖുവിളിയോടെയും ഭഗവാനെ പള്ളിയുണർത്തുന്നു. അതിനുശേഷം നാലരയ്ക്കാണ് നടതുറക്കുന്നത്. ആദ്യത്തെ ചടങ്ങ് പതിവുപോലെ നിർമ്മാല്യദർശനമാണ്. പത്തുമിനിറ്റ് നീണ്ടുനിൽക്കുന്ന നിർമ്മാല്യദർശനത്തിനുശേഷം അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. എണ്ണ, ജലം തുടങ്ങിയ ദ്രവ്യങ്ങൾ ഉപയോഗിച്ച് വിശദമായ അഭിഷേകത്തിനുശേഷം മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. ഇതേസമയത്തുതന്നെ, ഗണപതിയ്ക്ക് ഉണ്ണിയപ്പനിവേദ്യവും ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ടാകും. അഞ്ചരമണിയോടെ ഉഷഃപൂജ തുടങ്ങുന്നു. ഏകദേശം അരമണിക്കൂർ നീണ്ടുനിൽക്കുന്ന ഉഷഃപൂജ, ആദ്യം മഹാദേവന്നും പിന്നീട് ദേവിയ്ക്കും അവസാനം ഗണപതിയ്ക്കുമാണ് നടത്തപ്പെടുന്നത്. അതിനുശേഷം സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തും. രാവിലെ ഏഴേകാലിന് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ശീവേലി നടക്കുന്നത്. നാലമ്പലത്തിനകത്തും പുറത്തുമായി സ്ഥിതിചെയ്യുന്ന, ഇവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകളിൽ മുഴുവൻ ബലിതൂകി ഒടുവിൽ പ്രധാന ബലിക്കല്ലിലും ബലിതൂകി ശീവേലി അവസാനിയ്ക്കുന്നു. അതിനുശേഷം ഒമ്പതുമണിയോടെ പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടക്കുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്ന പേരുവന്നത്. ഈ സമയത്തുതന്നെയാണ് ശിവന്നുള്ള പ്രധാന വഴിപാടുകൾ ധാര തുടങ്ങുന്നത്. പിന്നീട് പത്തുമണിയോടെ നവകകലശപൂജയും അതിനുശേഷം നവകാഭിഷേകവും നടക്കുന്നു. നിത്യനവകം നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടാരക്കര ക്ഷേത്രം. പത്തരമണിയ്ക്ക് ഉച്ചപ്പൂജ തുടങ്ങുന്നു. ഉഷഃപൂജയുടെ അതേ ക്രമത്തിലാണ് ഉച്ചപ്പൂജയും നടക്കുന്നത്. മൂന്നുനടകളിലുമായി അരമണിക്കൂർ നേരം നടക്കുന്ന ഉച്ചപ്പൂജയ്ക്കുശേഷം പതിനൊന്നുമണിയോടെ ഉച്ചശീവേലി നടത്തും. ഉഷഃശീവേലിയുടെ അതേ ചടങ്ങുകളാണ് ഇതിനും. ഉച്ചശീവേലി കഴിഞ്ഞ് പതിനൊന്നരമണിയോടെ നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ദീപങ്ങളെല്ലാം ഈ സമയത്ത് അലംകൃതമാകും. ഉഷഃപൂജയുടെയും ഉച്ചപ്പൂജയുടെയും അതേ ക്രമത്തിലാണ് ദീപാരാധനയും നടത്തപ്പെടുന്നത്. ദീപാരാധന കഴിഞ്ഞാൽ രാത്രി ഏഴരമണിയോടെ അത്താഴപ്പൂജ തുടങ്ങും. ഇതും ഉഷഃപൂജയുടെയും ഉച്ചപ്പൂജയുടെയും അതേ ക്രമത്തിലാണ്. അതിനുശേഷം ഏഴേമുക്കാലിന് അത്താഴശീവേലി. ഉഷഃശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ക്രമത്തിൽ നടത്തപ്പെടുന്ന ഈ ചടങ്ങും കഴിഞ്ഞ് രാത്രി എട്ടുമണിയോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.
ക്ഷേത്രത്തിൽ മേൽ വിവരിച്ച എല്ലാ പ്രധാന ചടങ്ങുകളും ശിവന്നാണ് നടത്തപ്പെടുന്നത്. നിത്യവുമുള്ള അഞ്ചുപൂജകളും, മൂന്നുശീവേലികളുമെല്ലാം ശിവന്നാണ്. ഗണപതിയ്ക്കും പാർവ്വതിയ്ക്കും മൂന്നുപൂജകളേയുള്ളൂ. എങ്കിലും ഭക്തജനവിശ്വാസമനുസരിച്ച് ഗണപതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. നടതുറന്നിരിയ്ക്കുന്ന സമയം മുഴുവൻ ഉണ്ണിയപ്പത്തിന്റെ ഗന്ധം ക്ഷേത്രത്തിൽ പരക്കുന്നുണ്ടാകും. നിരവധി ഭക്തർ ഇതിനായിമാത്രം ഇങ്ങോട്ടെത്താറുണ്ട്. സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റം വരും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ ഉണ്ണിയപ്പം വഴിപാടുണ്ടാകാറില്ല. അന്ന് അപ്പം മൂടലാണ് നടത്തുന്നതുകൊണ്ടാണിത്. ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ ഗ്രഹണം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, ഗ്രഹണം കഴിഞ്ഞ് ശുദ്ധിക്രിയകളും നടത്തിയേ തുറക്കൂ.
ക്ഷേത്രത്തിലെ തന്ത്രാധികാരം വഹിയ്ക്കുന്നത് കേരളത്തിലെ ആദ്യ തന്ത്രികുടുംബമായി കണക്കാക്കപ്പെടുന്ന തരണനെല്ലൂർ മനയാണ്. തൃശ്ശൂർ ജില്ലയിൽ തൃപ്രയാറിനടുത്ത് സ്ഥിതിചെയ്യുന്ന ഈ കുടുംബത്തിന്റെ ശാഖകളിലൊന്നായ നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തന്ത്രാധികാരം. ഇതല്ലാതെ കേരളത്തിൽ അങ്ങോളമിങ്ങോളം പലയിടങ്ങളിലായി തരണനെല്ലൂർ ശാഖകൾക്ക് തന്ത്രാധികാരമുള്ള ക്ഷേത്രങ്ങൾ കാണാം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ പൂർണ്ണമായും ദേവസ്വം ബോർഡിന്റെ പരിധിയിലാണ്.
വിശേഷദിവസങ്ങൾ
തിരുത്തുകകൊടിയേറ്റുത്സവം
തിരുത്തുകമേടമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ പതിനൊന്നുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ ശിവന് പ്രാധാന്യം നൽകുന്ന ഉത്സവമാണ് ഇത്. പതിന്നൊന്നുദിവസവും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികക്രിയകളും നടക്കുന്നു. അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ മൂന്നുതരം ഉത്സവങ്ങളിൽ ധ്വജാദി വിഭാഗത്തിൽ പെട്ട ഉത്സവമാണ് ഇവിടെയുള്ളത്. കൊടിയേറ്റത്തോടുകൂടി ആരംഭിയ്ക്കുന്ന ഉത്സവം എന്നാണ് ധ്വജാദിയുടെ അർത്ഥം.
ഒന്നാം ദിവസം രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടുകൂടിയാണ് ആഘോഷങ്ങളുടെ തുടക്കം. തുടർന്ന് മഹാമൃത്യുഞ്ജയഹോമവും നടക്കും. അതിനുശേഷം രാത്രി ഏഴരയോടെയാണ് കൊടിയേറ്റം. ശുദ്ധമായ പട്ടിൽ തീർത്ത, ഏഴുവർണ്ണങ്ങളോടുകൂടിയ കൊടി വിശേഷാൽ പൂജകൾക്കുശേഷം തന്ത്രി കൊടിമരത്തിൽ കയറ്റുന്നു. തുടർന്നുള്ള പതിനൊന്നുദിവസങ്ങളിൽ കൊട്ടാരക്കര മുഴുവൻ ആഘോഷലഹരിയിലമരും. മൂന്നുനേരം വിശേഷാൽ ശ്രീഭൂതബലി ഈ ദിവസങ്ങളിലെ പ്രധാന താന്ത്രികച്ചടങ്ങാണ്. സാധാരണ നടക്കുന്ന ശീവേലിയുടെ വിസ്തരിച്ച രൂപമാണ് ശ്രീഭൂതബലി. ഈയവസരത്തിൽ കൂടുതൽ ബലിതൂകൽ നടക്കാറുണ്ട്. കൂടാതെ, വാദ്യമേളങ്ങൾക്കും കൂടുതൽ പ്രാധാന്യമുണ്ട്. പഞ്ചവാദ്യം, പഞ്ചാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ഭഗവാൻ ഈയവസരത്തിൽ എഴുന്നള്ളാറുള്ളത്. കൂടാതെ, കരപറച്ചിൽ എന്നൊരു വിശേഷാൽ ചടങ്ങും ഇവിടെയുണ്ട്. കിഴക്കേക്കരയും പടിഞ്ഞാറ്റിൻകരയും തമ്മിൽ മുമ്പുണ്ടായിരുന്ന ശത്രുത തീർത്തതിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടക്കുന്നത്. ഉത്സവത്തിനിടയ്ക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ എത്തുമ്പോൾ പടിഞ്ഞാറ്റിൻകരയിൽ നിന്ന് ഭക്തജനങ്ങൾ വന്ന് മണികണ്ഠേശ്വരത്തപ്പന് കാഴ്ചദ്രവ്യങ്ങൾ സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ഇതിന് ബദലയായി പടിഞ്ഞാറ്റിൻകര ഉത്സവത്തിനും കരപറച്ചിലുണ്ട്.
ഒമ്പതാം ദിവസം ക്ഷേത്രത്തിലെ ഉത്സവബലി നടക്കുന്നു. ശ്രീഭൂതബലിയുടെയും വിസ്തരിച്ച രൂപമാണ് ഉത്സവബലി. രാവിലെ ഉഷഃപൂജയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് ബലിതൂകിത്തുടങ്ങുന്നതാണ് ഈ ചടങ്ങ്. ഈയവസരത്തിൽ സ്ഥിരം ബലിതൂകുന്ന സ്ഥലങ്ങളെക്കൂടാതെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ നന്ദി), ഉപദേവതാപ്രതിഷ്ഠകൾ തുടങ്ങിയ സ്ഥലങ്ങളിലും വിശേഷാൽ ബലിതൂകുന്നു. ഇവയിൽത്തന്നെ സപ്തമാതൃക്കൾക്ക് ബലിതൂകുന്ന അവസരം അതിവിശേഷമാണ്. മൃദംഗം, മദ്ദളം തുടങ്ങിയ വാദ്യങ്ങളോട് രൂപസാദൃശ്യമുള്ള മരം എന്ന വാദ്യമുപയോഗിച്ച് പാണികൊട്ടിയാണ് ബലിതൂകൽ നടക്കുന്നത്. സപ്തമാതൃക്കൾക്ക് തൂകുന്ന അവസരത്തിൽ മാത്രമാണ് നാലമ്പലത്തിനകത്ത് ദർശനം നടക്കുന്നത്. തുടർന്ന് പുറത്തുകടന്നശേഷം വീണ്ടും ബലിതൂകിവരുന്നു. അന്നേദിവസം ക്ഷേത്രത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന വിശ്വാസമുള്ളതിനാൽ പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കും. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ ചടങ്ങ് തുടരും.
പത്താം ദിവസം പള്ളിവേട്ട. ക്ഷേത്രത്തിനടുത്തുള്ള പനയ്ക്കൽ കാവ് എന്ന സ്ഥലത്തുവച്ചാണ് പള്ളിവേട്ട നടക്കുന്നത്. തിന്മയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരു പന്നിയുടെ രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങ്. ആനപ്പുറത്ത് കയറി ബഹളങ്ങളില്ലാതെ പനയ്ക്കൽ കാവിലേയ്ക്ക് പുറപ്പെടുന്ന ഭഗവാൻ, തുടർന്ന് 'പന്നി'യെ 'കൊന്ന'ശേഷം ആഘോഷമായി തിരിച്ചുവരുന്നു. പിറ്റേന്ന് രാവിലെയാണ് ആറാട്ട്. പള്ളിവേട്ടയ്ക്കുശേഷം രാവിലെ പശുക്കുട്ടിയെ കണികണ്ട് ഉണരുന്ന ഭഗവാൻ, തുടർന്ന് നേരെ ആറാട്ടിന് പുറപ്പെടുന്നു. ക്ഷേത്രക്കുളത്തിൽ തന്നെയാണ് ആറാട്ട്. കുളത്തിലിറങ്ങും മുമ്പ് തന്ത്രിയുടെ നേതൃത്വത്തിൽ സമസ്ത പുണ്യതീർത്ഥങ്ങളെയും കുളത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങുണ്ട്. അതിനുശേഷം തിടമ്പുമായി കുളത്തിലിറങ്ങുന്ന തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുതവണ മുങ്ങിനിവരുന്നു. തുടർന്ന് കരയ്ക്കെത്തിച്ചശേഷം വിഗ്രഹത്തിൽ ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് അഭിഷേകം നടത്തിയശേഷം വിഗ്രഹവുമായി കുളത്തിലിറങ്ങി വീണ്ടും മൂന്നുതവണ മുങ്ങിനിവരുന്നു. ഭഗവദ്സാന്നിധ്യം കൊണ്ട് പവിത്രമായ കുളത്തിൽ ഭക്തരും മുങ്ങിനിവരുന്നു. അതിനുശേഷം വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും ഏഴുപ്രദക്ഷിണം. പിന്നീട് കൊടിയിറക്കുന്നു. എന്നാൽ, അതിനുശേഷവും ചില കലാപരിപാടികൾ നടക്കാറുണ്ട്. അവയുടെയും അവസാനത്തിലാണ് ഉത്സവം സമാപിയ്ക്കുന്നത്.
വിനായക ചതുർത്ഥി
തിരുത്തുകചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി ആഘോഷിയ്ക്കുന്നത്. ഗണപതിഭഗവാന്റെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഭാരതമെമ്പാടുമുള്ള ഗണപതിക്ഷേത്രങ്ങളിൽ അതിവിശേഷമാണ് ഈ ദിവസം. കൊട്ടാരക്കര ക്ഷേത്രത്തിൽ വിനായക ചതുർത്ഥി അതിവിശേഷമായി ആചരിച്ചുവരുന്നു. അന്നേദിവസം രാവിലെ നടതുറന്നുകഴിഞ്ഞാൽ വിശേഷാൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടത്തപ്പെടുന്നു. 1008 നാളികേരം ഉപയോഗിച്ചുള്ള ഈ ഹോമം ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ഇതിനോടനുബന്ധിച്ചുതന്നെ ഗജപൂജയും ആനയൂട്ടും പതിവുണ്ട്. ക്ഷേത്രം വകയുള്ള ആനകളെക്കൂടാതെ കേരളത്തിന്റെ വിവിധ മൂലകളിൽ നിന്നുള്ള ആനകളെയും ഇങ്ങോട്ട് കൊണ്ടുവരാറുണ്ട്. മോദകമാണ് അന്നേദിവസത്തെ പ്രധാന നിവേദ്യം. കൊട്ടാരക്കര ഗണപതിയ്ക്ക് മോദകം നിവേദിയ്ക്കുന്നത് വിനായക ചതുർത്ഥിദിവസം മാത്രമാണ്. കൂടാതെ, ഉദയാസ്തമനമായി അപ്പം മൂടലും പതിവുണ്ട്. മാത്രവുമല്ല, ക്ഷേത്രം നിലവിൽ അറിയപ്പെടുന്നത് ഗണപതിയുടെ പേരിലാണെങ്കിലും അന്നുമാത്രമാണ് ഗണപതി പുറത്തേയ്ക്കെഴുന്നള്ളുന്നത്. മൂന്ന് ആനകളോടുകൂടിയ വിശേഷാൽ എഴുന്നള്ളത്ത് കാണാൻ നിരവധി ഭക്തജനങ്ങൾ തടിച്ചുകൂടാറുണ്ട്. ചതുർത്ഥിയോടനുബന്ധിച്ച് നിരവധി കലാപരിപാടികളും നടത്താറുണ്ട്. അന്നേദിവസം ചന്ദ്രനെ ദർശിയ്ക്കുന്നത് വിശ്വാസപ്രകാരം നിരോധിച്ചിരിയ്ക്കുന്നു.
ശിവരാത്രി
തിരുത്തുകകുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി ദിവസമാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശിവക്ഷേത്രങ്ങളിൽ അതിവിശേഷമാണ് ഈ ദിവസം. മണികണ്ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അന്നേദിവസം വിശേഷാൽ പൂജകളും അഭിഷേകങ്ങളും ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. രാവിലെ നടക്കുന്ന മഹാമൃത്യുഞ്ജയഹോമത്തോടെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ തുടങ്ങുന്നത്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ ഏഴുദ്രവ്യങ്ങളും 1008 പ്രാവശ്യം ഹോമിയ്ക്കുന്നതാണ് മഹാമൃത്യുഞ്ജയഹോമം. ഉച്ചയ്ക്ക് വിശേഷാൽ ആനയെഴുന്നള്ളത്തുണ്ടാകാറുണ്ട്. മൂന്ന് പ്രദക്ഷിണത്തോടുകൂടിയ എഴുന്നള്ളിപ്പിന് അകമ്പടിയായി ചെണ്ടമേളമുണ്ടാകും. അന്ന് രാത്രി നടയടയ്ക്കില്ല. പകരം, രാത്രിയിലെ ഓരോ യാമത്തിലും വിശേഷാൽ പൂജകളും അതിനോടനുബന്ധിച്ചുള്ള കലശാഭിഷേകവുമുണ്ടാകും. നിരവധി ഭക്തർ ഇത് തൊഴാനായി ഉറക്കമൊഴിച്ച് ക്ഷേത്രത്തിൽ തങ്ങാറുണ്ട്. ശിവരാത്രിയോടനുബന്ധിച്ചും നിരവധി കലാപരിപാടികൾ നടക്കാറുണ്ട്.
നവരാത്രി
തിരുത്തുകകന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. ദേവീപൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസങ്ങളാണ് ഇവ. കൊട്ടാരക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്നായ ശ്രീപാർവ്വതീദേവിയുടെ പ്രധാന ആണ്ടുവിശേഷമാണ് നവരാത്രി. ഒമ്പതുദിവസവും ദേവിയ്ക്ക് വിശേഷാൽ പൂജകളും അലങ്കാരങ്ങളുമുണ്ടാകാറുണ്ട്. നവദുർഗ്ഗമാരുടെ രൂപത്തിലുള്ള അലങ്കാരങ്ങൾ അവയിൽ പ്രധാനമാണ്. നവരാത്രിയുടെ എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ് നടത്തുന്നു. പുസ്തകങ്ങൾ, ആയുധങ്ങൾ, സംഗീതോപകരണങ്ങൾ, പേനകൾ തുടങ്ങി സംഗീത-സാഹിത്യസംബന്ധിയായ എല്ലാ കാര്യങ്ങളും ഈയവസരത്തിൽ പൂജയ്ക്കുവയ്ക്കാറുണ്ട്. ക്ഷേത്രമതിലകത്ത് പ്രത്യേകമായി അലങ്കരിച്ച മണ്ഡപത്തിലാണ് പൂജവെപ്പ് നടത്തുന്നത്. അടുത്ത ദിവസമായ മഹാനവമി മുഴുവൻ അടച്ചുപൂജയാണ്. അതിന്റെയും പിറ്റേന്ന് വിജയദശമിനാളിൽ രാവിലെ പൂജകൾക്കുശേഷം പുസ്തകാദികാര്യങ്ങൾ തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ക്ഷേത്രത്തിൽ ആയിരക്കണക്കിന് കുട്ടികൾ ആദ്യാക്ഷരം കുറിയ്ക്കുന്നു. അറിവിന്റെ ദേവനായ ഗണപതിഭഗവാനുമുന്നിൽ വിദ്യാരംഭം കുറിയ്ക്കുന്നത് അതിവിശേഷമായി കണക്കാക്കിവരുന്നു. നവരാത്രിനാളുകളിൽ ക്ഷേത്രത്തിൽ കുറച്ചുകാലമായി ബൊമ്മക്കൊലു ദർശനവും പതിവുണ്ട്. സ്ഥലത്തെ തമിഴ് ബ്രാഹ്മണരുടെ വകയാണ് ഈ ചടങ്ങ്. ഒട്ടുമിയ്ക്ക ഹിന്ദു ദേവീ-ദേവന്മാരുടെയും രൂപങ്ങൾ പല തട്ടുകളിലായി കോർത്തുവച്ചുണ്ടാക്കുന്ന ഈ കാഴ്ച അത്യാകർഷകമാണ്. കൂടാതെ, ധാരാളം കലാപരിപാടികളും ഈയവസരത്തിൽ നടത്താറുണ്ട്.
ധനു തിരുവാതിര
തിരുത്തുകമണ്ഡലകാലം
തിരുത്തുകതൈപ്പൂയം
തിരുത്തുകകന്നി ആയില്യം
തിരുത്തുകമുഖ്യവഴിപാടുകൾ
തിരുത്തുക- ഉദയാസ്തമനപൂജ
- അഷ്ടദ്രവ്യ ഗണപതിഹോമം
- നാളികേരം ഉടയ്ക്കൽ
- പുഷ്പാഞ്ജലി
- പുഷ്പാർച്ചന
- തുലാഭാരം
- തിരുമധുരം