പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിന്റെ ഭാഗമായ പമ്പയിൽ, പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ചെറുതും അതേ സമയം അതിപ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് പമ്പാ ഗണപതി ക്ഷേത്രം. സർവ്വവിഘ്നഹരനായ മഹാഗണപതി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, പാർവ്വതി, ശ്രീരാമൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ശബരിമല തീർത്ഥാടനവേളയിലെ പ്രധാനപ്പെട്ട ഒരു സങ്കേതമാണ് ഈ ക്ഷേത്രം. പമ്പാനദിയിൽ കുളിച്ച് പിതൃതർപ്പണവും കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ, നീലിമല കയറ്റത്തിനുമുമ്പ് ഈ ഗണപതിയെ തൊഴുത് നാളികേരമുടയ്ക്കുന്നത് ഒരു ആചാരമാണ്. ശബരിമല ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രം എല്ലാദിവസവും തുറക്കും എന്നത് ശ്രദ്ധേയമാണ്. വിനായക ചതുർഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ ചിങ്ങം ഒന്നിന് നടക്കുന്ന ത്രിവേദലക്ഷാർച്ചന, മണ്ഡലകാലം എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം തിരുത്തുക

ഏറെ പഴക്കമുള്ള ക്ഷേത്രമൊന്നുമല്ല പമ്പയിലേത്. 1950-ലെ തീപിടുത്തത്തിനുശേഷമാണ് ഈ ക്ഷേത്രം പണിതത്. എങ്കിലും ഒരുപാടുകാലമായി ഇവിടെ ഗണപതിവിഗ്രഹമുണ്ടെന്നാണ് വിശ്വാസം. നീലിമല കയറ്റത്തിനുമുമ്പ് സർവ്വവിഘ്നഹരനായ ഗണപതിഭഗവാനെ തൊഴുത് മലകയറുന്നത് പുണ്യകരമായി വിശ്വസിയ്ക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പമ്പാ_ഗണപതി_ക്ഷേത്രം&oldid=3392219" എന്ന താളിൽനിന്ന് ശേഖരിച്ചത്