മണിപ്രവാള ലഘുകാവ്യങ്ങൾ
സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള 1950-ൽ മണിപ്രവാളകവിതകൾ ഉൾക്കൊള്ളുന്ന ചില പഴയ ഓലക്കെട്ടുകൾ കണ്ടെടുത്ത് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ചില കവിതകളും ചേർത്ത് പദ്യരത്നം എന്നപേരിൽ പ്രസിദ്ധീകരിച്ചു. തോലന്റെതെന്ന് പറയപ്പെടുന്ന ചില ഒറ്റ ശ്ലോകങ്ങളും ലീലാതിലകത്തിൽ ഉദാഹരിച്ച ശ്ലോകങ്ങളും ഇതിൽ ഉൾപ്പെടും. മണിപ്രവാളകവിതയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ കിട്ടുന്നത് ഈ കവിതകളിലൂടെയാണ്. പ്രശസ്തകളായ നിരവധി ദേവദാസികളെയും വേശ്യാസ്ത്രീകളെയും പരാമർശിക്കുകയും വർണ്ണിക്കുകയും ചെയ്യുന്നു ഇവയിൽ.
ചെറിയച്ചി, ഉത്തരാചന്ദ്രിക, മല്ലീനിലാവ്, കൗണോത്തര, ഇട്ടിയച്ചി, മേദിനീവെണ്ണിലാവ്, എന്നിവയാണ് പദ്യരത്നത്തിൽ പ്രസിദ്ധീകരിച്ച ലഘുകാവ്യങ്ങൾ. മറ്റുള്ളവ ഒറ്റ ശ്ലോകങ്ങളും(മുക്തകങ്ങൾ) മറ്റുമാണ്. സമകാലികമാകാനിടയില്ലെങ്കിലും ഈ കാവ്യങ്ങൾ ചില പൊതു സ്വഭാവങ്ങളെ ഉൾക്കൊള്ളുന്നു. ഒട്ടെല്ലാ കൃതികളിലും നായികാനാമം പ്രതിശ്ലോകം ആവർത്തിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. മിക്കവാറും നായികാസംബോധനയിലാരംഭിച്ച് നായികയെപ്പറ്റി കവി ഒരു തോഴനോടു പറയുന്നമട്ടിൽ അവസാനിക്കുന്നു എന്നതാണഅ മറ്റൊരു പ്രത്യേകത. നായികയുടെ കീർത്തിക്കുവേണ്ടിയും പ്രീതിക്കുവേണ്ടിയുമാണ് കവിതകൾ എഴുതിയിട്ടുള്ളത്. പ്രമാണികളുടെ ആവശ്യനുസരണം കവിത രചിക്കുന്ന സന്ദർഭങ്ങളുമുണ്ട്. തന്റെ കവിതവഴിയുള്ള പ്രചരണത്തിൽ കവികൾ ഊറ്റംകൊള്ളുന്നു. ഇവയിൽ ചുരുക്കം ചില കവിതകളുടെ കർത്താക്കളെ മാത്രമേ അറിവുള്ളൂ.
ചെറിയച്ചി
തിരുത്തുക14-ആം [1] നൂറ്റാണ്ടിലുണ്ടായ, ദേവദാസീവർണ്ണന വിഷയമായ ഒരു മണിപ്രവാള ലഘുകാവ്യമാണ് ചെറിയച്ചി. ഉദയപുരത്ത് ചെറുകിൽ വീട്ടിലെ നർത്തകീപുത്രിയായ ചെറിയച്ചിയാണ് ഇതിലെ നായിക. ചെറിയച്ചിയുടെ കാമുകന് ചന്ദ്രോദയത്തിലുണ്ടാകുന്ന വിരഹവേദനയാണ് ഇതിലെ പ്രതിപാദ്യം. മാലിനീ വൃത്തത്തിൽ നിബന്ധിച്ച 30 ശ്ലോകങ്ങൾ. ഓരോ ശ്ലോകത്തിലും നായികയുടെ പേർ ഉൾച്ചേർത്തിരിക്കുന്നു. ചെറിയച്ചിയിൽനിന്നുള്ള 4 ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിരിക്കുന്നുണ്ട്.
ഉത്തരാചന്ദ്രിക
തിരുത്തുകഓടനാട് (കായംകുളം) ചിറവായില്ലത്തെ ദേവദാസിയാണ് ഈ കൃതിയിലെ നായിക. അവർക്ക് കവി നൽകിയ ആഢ്യപ്പേരാണ് ഉത്തരാചന്ദ്രിക. ചിറവായില്ലം ഓടനാട്ടു രാജവംശമല്ല, പ്രത്യേകം ഒരു യാദവശാഖയാണെന്ന് ഇളംകുളം[2]. രാമൻ എന്നാണ് കവിയുടെ പേർ. നായികയുടെ പേര് എല്ലാ പദ്യങ്ങളിലും പരാമർശിക്കുന്നു. വിരഹിയായ കാമുകൻ തന്നോടു കനിയാത്ത കാമുകിയെ വാഴ്ത്തി പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ്. അവളോട് അടുത്ത് പെരുമാറുന്ന തോഴനോട് തനിക്കുവേണ്ടി അവളെ അനുനയിക്കാനും ആവശ്യപ്പെടുന്നു. ഇടപ്പള്ളിയിൽ വെച്ചും ഇതേ കവി അവളെ വർണ്ണിച്ചിട്ടുള്ളതായി കവിതയിൽ പരാമർശിക്കുന്നു. 14-ആം ശതകത്തിന്റെ അവസാനമായിരിക്കണം കൃതിയുടെ കാലം[1].
ഇളയച്ചി
തിരുത്തുകതയ്യിൽ വീട്ടിലെ ഇളയച്ചിയെ വർണ്ണിക്കുന്ന രണ്ടു കവിതകളാണ് ഇതിലുള്ളത്. ഒന്നാമത്തതിൽ 24-ഉം രണ്ടാമത്തതിൽ 6-ഉം ശ്ലോകങ്ങൾ. അമ്പലപ്പുഴ രാജാവായ ദേവനാരായണന്റെ നിയോഗമനുസരിച്ചാണ് ഒന്നാമത്തെ കാവ്യത്തിന്റെ നിർമ്മിതി. ആ രാജാവിന്റെ പ്രേമഭാജനമായ ഒരു നർത്തകിയാണ് നായിക. രണ്ടാം ഭാഗം സ്വനിയോഗമനുസരിച്ചാണ് എഴുതിയത്. രണ്ടും ഒരാളുടെതാകാം. 15-ആം ശതകത്തിന്റെ പൂർവ്വാർദ്ധമായിരിക്കണം ഇതിന്റെ കാലം[1].
കൗണോത്തര
തിരുത്തുകകൗണോത്തര എന്ന സുന്ദരിയുടെ പ്രത്യംഗവർണ്ണനയാണ് ഈ കൃതിയിലെ പ്രതിപാദ്യം. കൗണ മീനച്ചിലാറും കൗണഭൂമി തെക്കുംകൂറുമാണ്. തെക്കുംകൂർ രാജവംശത്തിൽപ്പെട്ട ക്ഷത്രിയത്തരുണിയായ ഒരു ദേവദാസിയോ തെക്കുംകൂർ രാജാവിന്റെ കാമിനിയോ ആകാം നായിക [1]. കൗണക്ഷ്മാരമണമണിപ്രദീപം, കവിക്ഷ്മാരമണസുരലതാ എന്നൊക്കെയാണ് കവി വിശേഷിപ്പിക്കുന്നത്. ഉത്രമാത് എന്നും നായിക വിളിക്കപ്പെടുന്നു. മറ്റു കാവ്യങ്ങളിലും ഈ നായികയെ വർണ്ണിച്ചുകാണാം. പൗനരുക്ത്യമില്ലാതിരിക്കാനാണ് താൻ പുതിയ പേരിൽ അവളെ വർണ്ണിക്കുന്നതെന്ന് കവി പറയുന്നു.
കാലം 1400-ന് അടുത്തായിരിക്കാം. 2 ഭാഗമായിട്ടാണ് കവിത എഴുതിയിരിക്കുന്നത്. രണ്ടും വെവ്വേറെ കവികളുടെതായിരിക്കണം. ശൈലിയിലും കല്പനയിലും അന്തരം പ്രകടമാണ്. രണ്ടിലും പ്രത്യേകം വന്ദനശ്ലോകങ്ങളും കാണുന്നു<[1]. വെൺപലക്ഷ്മാരമണനിയോഗത്താലാണ് ആദ്യകാവ്യം എഴുതിയത്. വെമ്പലനാട് തെക്കുംകൂറും വടക്കുംകൂറും ആകാമെങ്കിലും തെക്കുംകൂർ രാജാവിനോടുള്ള ബന്ധമാണ് രണ്ടുകാവ്യങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. കൗണോത്തരയെ സംബോധന ചെയ്യുന്ന 21 പദ്യങ്ങളും തോഴനെ സംബോധന ചെയ്യുന്ന 3 പദ്യങ്ങളും ആണ് ഒന്നാം ഭാഗത്തിൽ. രണ്ടാം ഭാഗത്തിൽ 27 ശ്ലോകങ്ങൾ. അന്ത്യപദ്യമൊഴികെ എല്ലം കൗണോത്തരയെ സംബോധന ചെയ്യുന്നു. ഈ ഭാഗം ആദ്യത്തേതിനെക്കാൾ മനോഹരമാണ്.
മല്ലീനിലാവ്
തിരുത്തുക9 ശ്ലോകങ്ങളടങ്ങുന്ന ചെറിയ കാവ്യമാണ് മല്ലീനിലാവിനെക്കുറിച്ചുള്ളത്. വിരഹിയായ കാമുകൻ വികാരോദ്ദീപകമായ സന്ധ്യയുടെ ആഗമനത്തെ വർണ്ണിക്കുന്നു. ശൃംഗാരപോഷകമായ പ്രകൃതിവർണ്ണന ഉൾക്കൊള്ളുന്നു ഈ കൃതി.
ചെറിയച്ചിയും മല്ലീനിലാവും ഒരേ കവിയുടെ കൃതികളാണെന്ന് ഇളംകുളം അനുമാനിക്കുന്നു. രണ്ടുകാവ്യങ്ങളുടെയും അവസാനപദ്യങ്ങൾ സദൃശമാണ്. ലീലാതിലകകാരൻ തന്നെയാകാം ഈ കവിയെന്ന് അദ്ദേഹം നിഗമനംചെയ്യുന്നു[2]. ലീലാതിലകകാരൻ സംസ്കൃതത്തിൽനിന്ന് തർജ്ജുമചെയ്തുചേർത്ത ശ്ലോകങ്ങളുമായുള്ള സാമ്യമാണ് അദ്ദേഹത്തെ ഈ അഭ്യൂഹത്തിലെത്തിച്ചത്.
ഒറ്റ ശ്ലോകങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 ചേലനാട്ട് അച്യുതനുണ്ണി, എം.ആർ. രാഘവവാരിയർ - ആമുഖം, മണിപ്രവാളലഘുകാവ്യങ്ങൾ, വള്ളത്തോൾ വിദ്യാപീഠം-2007
- ↑ 2.0 2.1 ഇളംകുളം കുഞ്ഞൻപിള്ള -‘സംസ്കൃതമിശ്രശാഖ’-സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, എഡി. കെ.എം. ജോർജ്ജ്