ആട്ടപ്രകാരങ്ങൾ
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയദൃശ്യകലാരൂപങ്ങൾ രംഗത്ത് അവതരിപ്പിക്കുമ്പോൾ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതിയാണ് ആട്ടപ്രകാരം. അഭിനയത്തിൽ ഉപയോഗിക്കപ്പെട്ടുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിർദ്ദേശങ്ങൾ ഇത്തരം കൃതികളിൽ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടൻ അഥവാ നടി പ്രദർശിപ്പിക്കേണ്ട മനോധർമങ്ങളെയും ആട്ടപ്രകാരഗ്രന്ഥങ്ങൾ സന്ദർഭാനുസരണം വിവരിക്കുന്നു.
മലയാളസാഹിത്യചരിത്രത്തിൽ ആദ്യമായുണ്ടായ ഗദ്യകൃതികൾ ആട്ടപ്രകാരങ്ങൾ ആണെന്നു കരുതപ്പെടുന്നു. ആട്ടപ്രകാരം ക്രമദീപിക എന്നിവയുടെ കർത്താവായി കരുതുന്നത് തോലനെ ആണ് ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയെ അടിസ്ഥാനമായി ഉണ്ടായ ആട്ടപ്രകാരങ്ങളാണ് പര്ണശാലാങ്കo, ശൂർപ്പണഖാങ്കo, അംഗുലീയാങ്കo,അശോകവനികാങ്കം. ഭാഷയിലെ ഏറ്റവും പഴക്കമുള്ള ആട്ടപ്രകാരമാണ് മന്ത്രാങ്കവും മത്തവിലാസവും. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണത്തിനുണ്ടായ ആട്ടപ്രകാരമാണ് മന്ത്രാങ്കo. അക്കാലത്തെ മറ്റു മലയാളസാഹിത്യസൃഷ്ടികളിൽ, ചെന്തമിഴിന്റെയോ സംസ്കൃതത്തിന്റെയോ രണ്ടിന്റെയുംകൂടിയോ അതിപ്രസരം പൊതുവേ ദൃശ്യമാണെന്നിരിക്കെ, സ്വതന്ത്രമായ ഒരു വ്യവഹാരഭാഷ സൃഷ്ടിക്കാനുള്ള യത്നം ഈ ആട്ടപ്രകാരങ്ങളിൽ കാണുന്നു എന്നത് എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്.
പഴയകാലം മുതൽ പ്രചാരത്തിലിരുന്നതും പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നവയുമായ പല ആട്ടക്കഥകൾക്കും പുതിയ ആട്ടപ്രകാരങ്ങൾ എഴുതിച്ചേർത്ത് പ്രസിദ്ധീകരിക്കാൻ കേരളകലാമണ്ഡലംപോലെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്.
'കൗടലീയ'ത്തിന്റെ കാലത്തും ഒരു പക്ഷെ അതിനു മുൻപും പിൻപും കേരള ഭാഷയിലുണ്ടായ മിക്ക ഗദ്യ കൃതികളും ഒരിനത്തിൽപ്പെട്ടവയാണ്. കൂടിയാട്ടം എന്ന പേരിൽ കേരളത്തിൽ അഭിനയിച്ചിരുന്ന സംസ്കൃത നാടകങ്ങളിൽ ഓരോ ഭാഗവും അഭിനയിക്കുന്നതെങ്ങനെയാണെന്ന് വിശദവും സൂക്ഷ്മവുമായ നിർദ്ദേശങ്ങൾ നടീ നടന്മാർക്ക് നൽകുന്ന ഗ്രന്ഥങ്ങളാണ് ആട്ടപ്രകാരങ്ങൾ എന്ന് അറിയപ്പെടുന്നത്.കഥാഗതിയിലെ ഓരോ ഘട്ടത്തിലും നടൻ രംഗത്തു നിന്നു എന്തൊക്കെ ചെയ്യണം എന്ന് വിവരിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥമായാണ് അന്നും ഇന്നും ഇത്തരം വിഭാഗത്തിൽപ്പെടുന്നവ അറിയപ്പെടുന്നത്.
"ആട്ടപ്രകാരം" ഉപയോഗിച്ച ചില നാടകങ്ങൾ
തിരുത്തുക- ശൂർപ്പണാങ്കം
- മന്ത്രാങ്കം
- അശോക വനികാങ്കം
- മത്തവിലാസം
- പർണശാലാങ്കo
- അംഗുലീയാങ്കo
ഗദ്യ ഭാഷ
തിരുത്തുകഅട്ട പ്രകാരങ്ങളിൽ ഉപയോഗിച്ചിരുന്ന ഭാഷ വലിയ സാഹിത്യ പ്രധാനമല്ലാത്തതായിരുന്നു. കാര്യബോധനം മാത്രമാണ് അതു ലക്ഷ്യമിട്ടിരുന്നത്. ആയതിനാൽ ഏത് വിദ്യാഭാസ പശ്ചാത്തലത്തിലുള്ളയാൾക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന ഗ്രന്ഥമാണിത്.
ഉപയോഗം
തിരുത്തുകഒരു നാടകത്തിനു തന്നെ ഒന്നിലധികം ആട്ടപ്രകാരങൾ ഉപയോഗിച്ചിരുന്നു. പിന്നണി പ്രവർത്തനങ്ങൾ വ്യക്തമാക്കുവാനായി 'ഉപ ആട്ടപ്രകാരങ്ങളും' അന്നു നിലനിന്നിരുന്നു. 'ഉപഅഭിനയ നിർദ്ദേശക ഗ്രന്ഥ'ങ്ങളായി അതു പരിഗണിക്കപ്പെട്ടിരുന്നു. ചുരുക്കത്തിൽ ഇന്നത്തെ 'നാടക സ്ക്രിപ്റ്റു'കളുടെ മുൻഗാമിയാണ് 'ആട്ടപ്രകാരങ്ങൾ' എന്നു പറയാം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആട്ടപ്രകാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |