പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}

പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ്‌ ഉണ്ണിച്ചിരുതേവീചരിതം. രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ്‌ ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം.

ഉള്ളടക്കം

തിരുത്തുക

ശിവനെ സ്തുതിച്ചുകൊണ്ടാണ്‌ കാവ്യം ആരംഭിക്കുന്നത്. ശേഷം വാഗ്ദേവതയെയും ഗണപതിയെയും സ്തുതിച്ച്, അച്ചൻ രചിച്ച മഹാകാവ്യചന്ദ്രോദയത്തിനു മുമ്പിൽ ഒരു മിനുങ്ങിനുതുല്യമാണ് തന്റെ ഗദ്യമെന്ന ആമുഖത്തോടെ പ്രതിപാദനത്തിലേക്ക് കടക്കുന്നു. ആര്യാവൃത്തത്തിൽ എഴുതിയ ഒരു ശ്ലോകമൊഴികെ ദണ്ഡകപ്രായമായ ഗദ്യങ്ങൾ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 ചമ്പൂഗദ്യങ്ങൾ ഉണ്ട്.

ബ്രാഹ്മണഗ്രാമങ്ങളിൽ ‘നായകമണി’യായ ചോകിരം ഗ്രാമത്തിൽ (ഇന്നത്തെ ശുകപുരം) ആതവർമ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അർദ്ധനാരീശ്വരനായ തെങ്കൈലനാഥനെയും വർണ്ണിച്ചുകൊണ്ടാണ് കഥാരംഭം. ആഴ്വാഞ്ചേരിത്തമ്പ്രാക്കളാകുന്ന ബ്രഹ്മാവിനോടും നീലഞ്ചുവരരാകുന്ന (അകവൂർ മന) കർണ്ണികയോടും എട്ടില്ലങ്ങളാകുന്ന അകവിതളുകളോടും ബന്ധുഗ്രാമങ്ങളാകുന്ന പുറവിതളുകളോടും കൂടിയ, ‘മലർമകളാലുപലാളിത’മായ നാഭീനളിനമാണ് ചോകിരം ഗ്രാമം. അവിടെ സ്ഥിതി ചെയ്യുന്ന പൊയിലം എന്ന സ്ഥലത്തിന്റെ വർണ്ണനയാണ് പിന്നീട്. പൊയിലത്തിന്റെ പ്രകൃതി വർണ്ണിച്ച ശേഷം വള്ളുവനാട്ടു സാമന്തർക്കുതുല്യരായ സോമയാജികളെക്കുറിച്ച് പറയുന്നു. പൊയിലത്തെ കൃഷ്ണനെ ഭക്തിസാന്ദ്രമായി കീർത്തിക്കുന്നുണ്ട് കവി. നായികാഗൃഹമായ തോട്ടുവായ്പള്ളിയെന്ന നടീമന്ദിരത്തിന്റെ പ്രകൃതി ദീർഘമായി വർണ്ണിക്കുന്നു പിന്നെ.

ആര്യാവൃത്തത്തിൽ ഉണ്ണിച്ചിരുതേവിയെ ഒരു മണിപ്രവാളകവികാമുകൻ സ്തുതിക്കുന്നതു കേട്ട് ഇന്ദ്രൻ അയാളെ സമീപിച്ച് കവിത ആരെക്കുറിച്ചാണെന്ന് ആരായുന്നു. കവി രായരന്റെ പ്രേയസിയായിരുന്ന നങ്ങയ്യയെയും അവരുടെ മകൾ രായരമ്പിള്ളയെയും വർണ്ണിച്ച ശേഷം ഉണ്ണിച്ചിരുതേവിയെ ആപാദചൂഡം വർണ്ണിക്കുന്നു. അതുകേട്ട് കാമപരവശനായി ഇന്ദ്രൻ മണിപ്രവാളകവിക്കൊപ്പം കോവിലിലേക്ക് യാത്രയാകുന്നു. വഴിക്ക് ചിറ്റങ്ങാടിയിലെ പുലയപ്പെണ്ണുങ്ങളുടെ സംസാരത്തെയും ആനാർച്ചിറ നഗരത്തിലെ കച്ചവടത്തെയും പരാമർശിക്കുന്നു. ഉണ്ണിച്ചിരുതേവിയുടെ വീടണയുന്ന ഇന്ദ്രൻ വീടിന്റെ ഭംഗികണ്ട് സ്വർഗ്ഗത്തെ ഓർത്തുപോകുന്നു. വായ്പ്പള്ളിവീട്ടിൽ സന്ദർശനത്തിനെത്തുന്ന ജാരന്മാരുടെയും ജളപ്രഭുക്കളുടെയും ചെയ്തികൾ കണ്ടുനിൽക്കുന്നു.

ആകെ 30 ഗദ്യങ്ങളുള്ളതിൽ 8 ഗദ്യങ്ങൾ കവി ചിരുതേവീഗൃഹത്തിൽ തിങ്ങിക്കൂടിയ പുരുഷവൃന്ദത്തെ അപഹസിക്കാനാണ് ഉപയോഗിക്കുന്നത്. ഉണ്ണിച്ചിരുതേവിയെ പ്രീതിപ്പെടുത്താൻ കിണയുന്ന രാജസേവകരെയും നായർപ്പടയാളികളെയും നമ്പൂതിരിമാരെയും പന്നിയൂർ ഗ്രാമക്കാരേയും മണിപ്രവാളകവികളെയും മുതുക്കന്മാരെയും ജളപ്രഭുക്കളെയുമെല്ലാം കണക്കിന് കളിയാക്കുന്നുണ്ട് കവി.

ലഭിച്ച ഭാഗം ഇവിടെ അവസാനിക്കുന്നു. ഗദ്യങ്ങളിൽ പല ഭാഗങ്ങളും നശിച്ചുപോയ അവസ്ഥയിലാണ്; വിശേഷിച്ചും മുപ്പതാം ഗദ്യം.

കവി, ദേശം, കാലം

തിരുത്തുക

പന്നിയൂർ ഗ്രാമക്കാരെ ശകാരിക്കുന്ന കവി ചോകിരം ഗ്രാമക്കാരനാണ് എന്ന് ഊഹിക്കാം. ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന ചിരുതേവീകാമുകനായ മണിപ്രവാളകവി കവിയുടെതന്നെ പ്രതിരൂപമാകണം. ഗ്രന്ഥാവസാനം ‘മറയഞ്ചേരിക്കേരളമിശ്രാമറവാചാ’ എന്ന പരാമർശംവെച്ച് മറയഞ്ചേരി (മറവഞ്ചേരി) നമ്പൂതിരിമാരിൽ ആരെങ്കിലുമാകാം കവിയെന്ന് പി.വി. കൃഷ്ണൻ നാ‍യർ പറയുന്നു. ഉണ്ണിച്ചിരുതേവിയെക്കുറിച്ച് അച്ചൻ രചിച്ച മഹാകാവ്യത്തെക്കുറിച്ച് കാവ്യാരംഭത്തിൽ പറയുന്നുണ്ട്. ‘അച്ചൻ’ കവിയുടെ അച്ഛനോ അച്ചൻ എന്നു വിളിക്കപ്പെടുന്ന ഏതെങ്കിലും വ്യക്തിയോ ആകാം.

ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണിയച്ചീചരിതത്തോളം പഴക്കമുണ്ട് [1]. 13-ആം ശതകത്തിന്റെ അന്ത്യഘട്ടത്തിൽ, ഉണ്ണിയച്ചീചരിതത്തോടടുപ്പിച്ചാണ് ഇതിന്റെ രചന എന്ന് കരുതുന്നു[2]. വെള്ളാട്ടിരിയുടെ ഭരണത്തിലുള്ള ചോകിരം ഗ്രാമക്കാരും സാമൂതിരിയുടെ ഭരണത്തിലുള്ള പന്നിയൂർ ഗ്രാമക്കാരും തമ്മിലുള്ള വഴക്ക് ഇതിന് ദൃഷ്ടാന്തമാകുന്നു.

സാമൂഹികജീവിതം

തിരുത്തുക

പൊയിലം ഗ്രാമത്തിന്റെ വർണ്ണന മുതൽ പ്രകൃതിയും കാർഷികസംസ്കൃതിയും നിറഞ്ഞുനിൽക്കുന്നു ഉണ്ണിച്ചിരുതേവീചരിതത്തിൽ. കമുകുകളെയും അതിൽ ചുറ്റിവളരുന്ന വെറ്റിലക്കൊടികളെയും വർണ്ണിച്ചിരിക്കുന്നു. പൂവാടികളാൽ നിറഞ്ഞതാണ് പൊയിലം. പൊയിലം എന്ന വാക്കുതന്നെ പൊയിൽ (= ഉദ്യാനം) എന്ന വാക്കിൽനിന്നുണ്ടായതാണ്. കൈതകൾ പൂത്തുനിൽക്കുന്ന തോടരികിലെ തോട്ടുവായ്പള്ളിയിലെ തോട്ടം വെറ്റിലക്കൊടി നിറഞ്ഞതാണ്. വയലുകളെയും അതിൽ വിരിഞ്ഞുനിൽക്കുന്ന കുടത്താമരപ്പൂക്കളും വർണ്ണിച്ചിരിക്കുന്നു. ചെമ്പകവും കരിമ്പും തെങ്ങും കരിമ്പനകളും പിലാവും മാവും നെല്ലു തഴച്ച വയലുകളും തോട്ടുവായ്പ്പള്ളിയിലുണ്ട്‍. ഉപമാനങ്ങളിലും ഈ മരുതപ്രദേശത്തിന്റെ പ്രകൃതി പ്രതിബിംബിച്ചിരിക്കുന്നു‍.

ആഴ്വാഞ്ചേരി‍, എട്ടില്ലം, നീലഞ്ചുവരർ/അകചുവരർ (അകവൂർ), മറയഞ്ചേരി, എന്നീ ബ്രാഹ്മണഗൃഹങ്ങൾക്കും പൊയിലത്തെ സോമയാജികൾക്കും കവി പ്രമുഖസ്ഥാനം നൽകിയിരിക്കുന്നു. വേദമുഖരിതമാണ് അവിടം. ദക്ഷിണാമൂർത്തിക്ഷേത്രം, പൊയിലത്തെ ശ്രീകൃഷ്ണക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്.

കവി തരം കിട്ടിയാൽ പന്നിയൂർ ഗ്രാമക്കാരെ ദുഷിക്കാതിരിക്കുന്നില്ല. 13-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇരു ഗ്രാമങ്ങളും തമ്മിൽ ഉണ്ടായിരുന്ന വഴക്കിന് മറ്റിടങ്ങളിലും ദൃഷ്ടാന്തമുണ്ട്.

മണിപ്രവാളസാഹിത്യത്തിൽ വർണ്ണിക്കുന്ന കൂത്തസ്ത്രീകൾ ദേവദാസികളല്ല, കൂത്തമ്പലങ്ങളിൽ കൂത്തുനടത്തുന്ന അമ്പലവാസിസ്ത്രീകളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്; ഉണ്ണീച്ചിരുതേവിയും അത്തരത്തിൽ ഒരു അമ്പലവാസിസ്ത്രീയാണെന്നും[3]. അത് എന്തുതന്നെയായാലും മണിപ്രവാളസാഹിത്യത്തിൽ കൂത്തിനുള്ള സ്ഥാനം ഉണ്ണിച്ചിരുതേവീചരിതത്തിലും പ്രകടമാണ്. ‘നടവിടകവിവരകേളീനില’യമാണ് ചോകിരം ഗ്രാമം. ‘വിടരിൽ നന്മുടികളും പെരുകു നല്ലടികളും നടികളും’ കുടികൊള്ളുന്നതാണ് അവിടത്തെ പൊയിലം. 8-ആം ഗദ്യത്തിൽ ‘വാട്ടമില്ലാ‍ മലർക്കാവിൽ വണ്ടിണ്ടതൻ പാട്ടിനാലുള്ള സമ്പല്ലവീമേത്യ കൂത്താട്ടവല്ലും മലർത്തെന്നൽ പോരുന്നിട’മെന്നും ‘നാട്ടിലെങ്ങും നിലം നല്ലതല്ലാഞ്ഞ് നാട്യവിദ്യ സ്വയം കോവിൽകൊള്ളാൻ തീർത്ത ഇല്ല’മെന്നും തോട്ടുവായ്പ്പള്ളിയെപ്പറ്റി പറഞ്ഞിരിക്കുന്നു.

ചിറ്റങ്ങാടി, ആയാനാർച്ചിറ നഗരം എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ചരിത്രപഠിതാക്കളുടെ ഉപാദാനങ്ങളാണ്. പണം, തിരമം എന്നീ നാണയങ്ങളെക്കുറിച്ചും വീശം, കാണി, മാവ്, കൈ, പലം, ശലാക തുടങ്ങി വിവിധമായ അളവുകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. പല ഭാഷ സംസാരിക്കുന്നവരാണ് അങ്ങാടിയിൽ കൂടിയിട്ടുള്ളത്. ചിറ്റങ്ങാടിയിൽ വെച്ച് ദാസികളായ പുലയസ്ത്രീകൾ അന്യോന്യം നടത്തുന്ന ശകാരം കവി സംഭാഷണഭാഷയ്ക്ക് വലിയ കോട്ടംതട്ടാതെതന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

ഇതേ വിധം സംഭാഷണഭാഷയെ മുന്നിർത്തിയാണ് ചിരുതേവീഗൃഹത്തിലെ ഘോഷങ്ങൾ കവി നമുക്ക് കാട്ടിത്തരുന്നത്.

കിളിപ്പാട്ട്, അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്, കുയിൽവൃത്തം, ഗാഥ തുടങ്ങിയ കാവ്യരൂപങ്ങളെക്കുറിച്ചുള്ള സൂചന ഉണ്ണിച്ചിരുതേവീചരിതത്തിലുണ്ട്. ലീലാതിലകത്തിൽ ഉദ്ധരിച്ച ‘സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും’ എന്ന മണിപ്രവാളത്തെക്കുറിച്ചുള്ള ആശയം ഉൾക്കൊള്ളുന്ന ഭാഗവും ഉണ്ണിച്ചിരുതേവീചരിതത്തിൽ കാണാം.

കാവ്യഭംഗി

തിരുത്തുക

വർണ്ണനകളാണ് മറ്റു ചമ്പുക്കളെപ്പോലെ ഉണ്ണിച്ചിരുതേവീചരിതത്തിലെയും കാമ്പ്. ആദ്യന്തം അനായാസവും അനവദ്യവുമായി അനുപ്രാസം ദീക്ഷിക്കുന്ന കവി ശബ്ദാർത്ഥാലങ്കാരങ്ങളിൽ കൃതഹസ്തനാണ്. പൊയിലം വർണ്ണന നോക്കുക:

എത്ര അനായാസം കവി യമകം ചമച്ചിരിക്കുന്നു! ആറാമത്തെ ഗദ്യത്തിൽ ദീർഘമായ ശ്ലേഷം നിബന്ധിച്ചിരിക്കുന്നത് കവിയുടെ സാമർത്ഥ്യത്തിന് മറ്റൊരു തെളിവാണ്.

ശബ്ദാലങ്കാരങ്ങളിലും കവി പിറകിലല്ല. ഉണ്ണിച്ചിരുതേവിയുടെ വർണ്ണന നോക്കുക:

വൈവിധ്യമാർന്ന താളങ്ങളിലാണ് ഗദ്യങ്ങൾ നിബന്ധിച്ചിരിക്കുന്നത്.

കാവ്യഗുണംകൊണ്ട് ഉണ്ണിയച്ചീചരിതത്തെയും ജയിക്കുന്നു ഉണ്ണിച്ചിരുതേവീചരിതം എന്ന് ഇളംകുളം പ്രശംസിച്ചിരിക്കുന്നു.

കുറിപ്പുകൾ

തിരുത്തുക
  1. പരമേശ്വരയ്യർ, ഉള്ളൂർ എസ്. കേരളസാഹിത്യചരിത്രം.
  2. കുഞ്ഞൻപിള്ള, ഇളംകുളം (2008) [1958]. "സംസ്കൃതമിശ്രശാഖ". In കെ.എം. ജോർജ്ജ് (ed.). സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ. കോട്ടയം: സാ.പ്ര.സ.സം. p. 210.
  3. സോമൻ, പി. (2001). ദേവദാസികളും സാഹിത്യചരിത്രവും (1 ed.). തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്.
"https://ml.wikipedia.org/w/index.php?title=ഉണ്ണിച്ചിരുതേവീചരിതം&oldid=1671316" എന്ന താളിൽനിന്ന് ശേഖരിച്ചത്