ഉണ്ണിയാടീചരിതം
പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ ചമ്പൂകാവ്യം. ശൃംഗാരവർണനാ പ്രധാനമായ മണിപ്രവാളകാവ്യമാണിത്. അപൂർണമാണ് ലഭ്യമായിട്ടുള്ള ഗ്രന്ഥം.സ്ത്രീസൗന്ദര്യപ്രശംസയെ കേന്ദ്രമാക്കിക്കൊണ്ട് രചിച്ച വർണനപ്രധാനമായ കാവ്യമാണിത്.14-ാം ശതകത്തിലെ കേരളത്തിലെ സാമൂഹികസ്ഥിതിയിലേക്കു വെളിച്ചം വീശുന്ന കൃതിയാണ് ഇത് .
രചയിതാവ്
തിരുത്തുകഉണ്ണിയാടിക്ക് പന്ത്രണ്ടുവയസ്സായപ്പോൾ രാജസദസ്യനായിരുന്ന ദാമോദരച്ചാക്യാർ എഴുതിയ കാവ്യമാണ് ഉണ്ണിയാടീചരിതം. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. മഹോദയപുരത്തു രാമവർമ്മനുമൊത്തുള്ള ഉണ്ണിയാടിയുടെ വിവാഹം ശിവവിലാസം എന്ന കാവ്യത്തിൽ ഇദ്ദേഹം തന്നെ വർണ്ണിക്കുന്നുണ്ട്.
ഇതിവ്യത്തം
തിരുത്തുകഒരിക്കൽ പ്രാവൃട്ട് എന്നു പേരുള്ള ഗന്ധർവ സുന്ദരിയുമായി ചന്ദ്രൻ രമിച്ചതറിഞ്ഞ് ചന്ദ്രപത്‌നിയായ രോഹിണി ശപിച്ചതിനാൽ പ്രാവൃട്ട് കായംകുളം രാജാവിന്റെയും ചെറുകര കുട്ടത്തിയുടെയും മകളായി കിയൂർ ക്ഷേത്രത്തിനു സമീപമുള്ള മറ്റത്ത് നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ ജനിച്ചുവെന്നാണ് പൂർവകഥ. ഭൂമിയിൽ നിന്നു പുറപ്പെട്ട ഒരു പാട്ടുകേട്ട് ആകൃഷ്ടനായ ചന്ദ്രൻ ആ പാട്ട് ആരുടേതെന്ന് അന്വേഷിച്ചുവരാൻ സുവാകനെയും മതിദീപനെയും നിയോഗിച്ചു. അവർ അഞ്ചാം ദിവസം തിരിച്ചുചെന്ന് ചന്ദ്രനെ വിവരമറിയിച്ചു. അവരുടെ വാക്കുകളിൽ ഭൂലോകം, കേരളം, തൃശൂർ, കൊടുങ്ങല്ലൂർ, ഓടനാട്, കിയൂർ, മറ്റം എന്നീ പ്രദേശങ്ങളെക്കുറിച്ചുള്ള വർണന മനോഹരമായി കവി നിർവഹിച്ചിരിക്കുന്നു. തുടർന്ന് ചെറുകരക്കുട്ടത്തി, ഉണ്ണിയാടി, ഓരോ കാര്യലാഭത്തിനായി നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ വന്ന ആളുകൾ, ശൃംഗാര പദ്യരചനയിൽ മുഴുകിക്കഴിയുന്ന കവികൾ തുടങ്ങിയവരെ വർണിച്ചിട്ടുണ്ട് . ഇത്രയും ഭാഗമേ കിട്ടിയിട്ടുള്ളൂ.രചനാസൗഷ്ഠവത്തിൽ ഈ കാവ്യം മികച്ചുനിൽക്കുന്നു. ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നു. പലേടത്തും ഗദ്യമാണ് കൂടുതൽ കാണുന്നത്. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു.