പ്രാചീന സംസ്കൃത നാടകങ്ങൾക്ക്, നടന്മാരുടെ ഉപയോഗത്തിനു വേണ്ടി ക്രമദീപികയെന്നും ആട്ടപ്രകാരങ്ങളെന്നും രണ്ടു ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. നാടകകർത്താവ് പറയാത്തതും നടന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ടതുമായ ബാഹ്യവിഷയങ്ങളെ ഉപദേശിക്കുന്നതാണ് ക്രമദീപിക. ഇത് ഗദ്യരീതിയിലുള്ളവയാണ്. വേഷവിധാനം, പ്രവേശനരീതി തുടങ്ങിയ ഉപദേശങ്ങളെല്ലാം ഇതിൽപ്പെടുന്നു. ക്രമദീപികകൾ ഇടകലർന്ന ആട്ടപ്രകാരങ്ങളും ആട്ടപ്രകാരങ്ങൾ ഉൾക്കൊളളുന്ന ക്രമദീപികകളുമാണ് അധികം കാണുന്നത്. ശുദ്ധമായ ക്രമദീപികകൾ കാണുന്നത് ആശ്ചര്യചൂഢാമണി, പ്രതിമ, അഭിഷേകം എന്നീ രാമയണ നാടകങ്ങൾക്കാണ്. വേഷവിധാനത്തിനുള്ള സാമഗ്രികൾ, വേഷങ്ങളുടെ പ്രത്യേകതകൾ, നടത്തം, ഇരിപ്പ്, നോട്ടം, രസഭാവാദിപ്രകാശനത്തിൽ അംഗീകരിക്കേണ്ടുന്ന പ്രകാരവിശേഷങ്ങൾ, വാക്കുച്ചരിക്കുമ്പോൾ സ്വീകരിക്കേണ്ടുന്ന സ്വരവിശേഷങ്ങൾ, വിക്കുക, കൊഞ്ഞുക, ഇഴയുക തുടങ്ങിയ ഉച്ചാരണ വൈചിത്ര്യങ്ങൾ, നൃത്തഭേദങ്ങൾ തുടങ്ങി നാട്യാചാര്യൻ ഉപദേശിക്കേണ്ട കാര്യങ്ങളെല്ലാം ക്രമദീപികയിൽ വരുന്നു. കൂടാതെ നടനും മറ്റുമുളള പ്രതിഫലത്തിന്റേയും അവകാശങ്ങളുടേയും വിവരങ്ങളുമുണ്ട്. കേരളീയ നടനകലയുടെ ഒരു അടിസ്ഥാന ശാസ്ത്രമാണ് രാമായണം ക്രമദീപിക. [1].

അവലംബം തിരുത്തുക

  1. പ്രാചീന മധ്യകാലീന സാഹിത്യം - ഡോ: നളിനി സതീഷ്