മുക്തകം
നാലുവരി അല്ലെങ്കിൽ ഒരു ശ്ലോകം കൊണ്ട് സമഗ്രമായ ഒരാശയത്തെ ആവിഷ്കരിക്കാൻ കഴിയുന്ന, ചമത്കാരഭംഗിയും അർത്ഥസാന്ദ്രതയും ഭാവഗരിമയും ഉള്ള മനോഹരമായ ശ്ലോകങ്ങളെയാണ് മുക്തകങ്ങൾ എന്നു പറയുന്നത്. മുത്തുമണിപോലെ തിളക്കവും മൂല്യവുമുള്ളതാണ് ഈ ശ്ലോകങ്ങൾ. മുക്തം എന്നാൽ മറ്റൊന്നുമായി ചേർന്ന് നിൽക്കാത്തത് അഥവാ ഒറ്റപ്പെട്ടു (മുക്തമായി) നിൽക്കുന്നത് എന്നർത്ഥം. ഒറ്റശ്ലോകം എന്നും അറിപ്പെടാറുണ്ട്.
- ചെറിയ കവിതകൾ
- വളരെ വലിയ ആശയങ്ങൾ
- കാവ്യ മുത്തുകൾ
- ഒറ്റ ശ്ലോകങ്ങൾ
ചില നിർവചനങ്ങൾ
തിരുത്തുകമുക്തകം ശ്ലോക ഏവൈകശ്ചമത്കാരക്ഷമഃ സതാം എന്ന് കാവ്യാദർശത്തിൽ ആചാര്യ ദണ്ഡി മുക്തകത്തെ നിർവചിക്കുന്നു.
മുക്തകം ശ്ലോക ഏകസ്യാൽ ചമത്കാരക്ഷമഃ സതാം എന്ന് അഗ്നിപുരാണത്തിലും നിർവചനമുണ്ട്.
ഛന്ദോബദ്ധപദം പദ്യം തേന മുക്തേന മുക്തകം എന്ന് സാഹിത്യദർപ്പണത്തിൽ നിർവചനം കാണാം.
സംസ്കൃതസാഹിത്യത്തിൽ ഒരു പ്രത്യേക സാഹിത്യപ്രസ്ഥാനമായി ഇവ വളർന്നിരുന്നു. ഒരു പക്ഷേ വിവരണസ്വഭാവമുള്ള മഹാകാവ്യ രചനയേക്കാൾ ധന്യാത്മകവും ഭാവസ്വയംപര്യാപ്തവുമാണ് ഈ ഒറ്റശ്ലോകങ്ങൾ. ഇവ കവിയുടെ മാറ്റുരയ്ക്കാൻ പര്യാപ്തമാണ്. അസാധാരണമായ രചനാകൗശലം ഇതിനാവശ്യമാണ്. സവിശേഷ മുഹൂർത്തങ്ങളിൽ കവിക്കുണ്ടാകുന്ന അനുഭവത്തിന്റെ മനോഹരമായ ആവിഷ്കാരങ്ങളാണ് മുക്തകങ്ങൾ. ഒറ്റപ്പെട്ട് നിൽക്കുന്ന ഇവയുടെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കണമെങ്കിൽ ഇവ പിറവികൊണ്ട സന്ദർഭങ്ങൾ കൂടി മനസ്സിലാക്കേണ്ടിവരും.
സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്കും മുക്തകങ്ങൾ കടന്നു വന്നത്. മണിപ്രവാള പ്രസ്ഥാനത്തിലൂടെയാണ് ഇവ മലയാളത്തിൽ തഴച്ചത്. ലീലാതിലകം എന്ന മണിപ്രവാളഗ്രന്ഥം മുക്തകങ്ങളുടെ കലവറയാണ്. എന്നാൽ, മലയാളത്തിൽ മുക്തകങ്ങളുടെ സുവർണ്ണകാലം പിറന്നത് കൊടുങ്ങല്ലൂർ കളരിയിലൂടെയാണ്. പിൽക്കാലത്തെ കാല്പനിക കവികളും മുക്തകരചന നടത്തിയിരുന്നു. എന്നാൽ, ഭാവഗീതങ്ങളുടെ കടന്നുവരവോടെ മുക്തകങ്ങൾ ക്രമേണ ഇല്ലാതാകാൻ തുടങ്ങി.
മുക്തകവും അക്ഷരശ്ലോകവും
തിരുത്തുകഅക്ഷരശ്ലോകക്കാരുടെ ആവേശമാണ് മുക്തകങ്ങൾ. ഓരോ ശ്ലോകങ്ങൾ ചൊല്ലുന്ന ഈ സമ്പ്രദായത്തിൽ ഒരു ശ്ലോകംകൊണ്ട് ഒരാശയം പൂർണ്ണമാക്കുന്ന മുക്തകങ്ങൾ ഏറ്റവും ചേർന്നതാണ്. അതുകൊണ്ടുതന്നെ ധാരാളം മുക്തകങ്ങൾ ശ്ലോകം ചൊല്ലാനായി ഇന്നും രചിക്കപ്പെടുന്നു. അവരിലൂടെ ഇവ ഇന്നും സജീവമായി നിലകൊള്ളുന്നു.