ചന്ദ്രശേഖർ ആസാദ്

(Chandrasekhar Azad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി, (ഹിന്ദി: चंद्रशेखर आज़ाद, ഉർദു: چندر شیکھر آزاد) (ജൂലൈ 23, 1906 ഭാവ്ര മദ്ധ്യപ്രദേശ്ഫെബ്രുവരി 27, 1931, അലഹബാദ്, ഉത്തർ പ്രദേശ്) ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ദേശീയവാദ വിപ്ലവകാരിയായിരുന്നു [1][2]. ഭഗത് സിംഗിന്റെ ഗുരുവായും ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.

ജുലൈ 23, 1906ഫെബ്രുവരി 27, 1931
Chandrasekhar_Azad.jpg
അപരനാമം: ചന്ദ്രശേഖർ ആസാദ്
ജനനം: ജുലൈ 23, 1906
ജനന സ്ഥലം: ഭവ് ര, ഝാബുവ ജില്ല, മധ്യപ്രദേശ്, ഇന്ത്യ
മരണം: ഫെബ്രുവരി 27, 1931
മരണ സ്ഥലം: അലഹബാദ്, ഉത്തർപ്രദേശ്, ഇന്ത്യ
മുന്നണി: ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം
സംഘടന: നൗജവാൻ ഭാരത് സഭ
കീർത്തി കിസ്സാൻ പാർട്ടി
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
ചന്ദ്രശേഖർ ആസാദ്

വളരെ ചെറിയപ്രായത്തിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയ ചന്ദ്രശേഖർ വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ചാണ് സമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നത്. നിസ്സഹകരണപ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ പ്രധാന പ്രചോദനങ്ങളായിരുന്നു. വൈകാതെ തന്നെ സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗം വിപ്ലവത്തിലൂടെയാണെന്ന് മനസ്സിലാക്കി ആ വഴിയിലേക്കു തിരിഞ്ഞു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ, നൗജവാൻ ഭാരത് സഭ, കീർത്തി കിസ്സാൻ പാർട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായിരുന്നു ചന്ദ്രശേഖർ ആസാദ്.

സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് ആസാദ് പൊലീസിനാൽ വളയപ്പെടുകയും തുടർന്നു നടന്ന വെടിവെപ്പിൽ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരന്റെ തൂക്കുമരത്തിലേറാൻ തയ്യാറല്ലാത്തതുകൊണ്ട് മരണത്തിന്റെ അന്ത്യഘട്ടം വരെ കൈത്തോക്കുകൊണ്ട് പൊരുതി നിന്നു.[1]

ജനനം, ബാല്യം

തിരുത്തുക

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ജനിച്ചു[2]. ഈ ദമ്പതികളുടെ രണ്ടാമത്തെ മകനായിരുന്നു ചന്ദ്രശേഖർ. ചന്ദ്രശേഖറിനു മുമ്പ് നാലുമക്കൾ ജനിച്ചിരുന്നുവെങ്കിലും ഒരാൾ മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കി മൂന്നുപേരും ചെറുപ്രായത്തിൽ തന്നെ മരണമടയുകയായിരുന്നു. ചന്ദ്രശേഖറിനേക്കാൾ മുതിർന്ന കുട്ടിയായിരുന്നു സുഖ്ദേവ്. [3]

പതിനാലാം വയസ്സിൽ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രാഥമിക വിദ്യാഭ്യാസം. നല്ല ഒരു വിദ്യാഭ്യാസം നൽകാൻ ചന്ദ്രശേഖറിന്റെ പിതാവിന് സാമ്പത്തികമായ കഴിവുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം മകന്റെ ഭാവിയെ ഓർത്ത് ബനാറസിൽ അയച്ചു പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.[4] ബനാറസിൽ പല പണ്ഡിതശ്രേഷ്ഠന്മാരും വിദ്യാർത്ഥികളെ പ്രതിഫലേച്ഛയില്ലാതെ ഗുരുകുല മാതൃകയിൽ വിദ്യ അഭ്യസിപ്പിക്കുമായിരുന്നു. ഈ സൗകര്യങ്ങൾ തന്റെ മകനു ലഭിച്ചേക്കും എന്നു കരുതിയാണ് ത്രിവേദി ചന്ദ്രശേഖറിനെ ബനാറസിൽ അയച്ചു പഠിപ്പിക്കാൻ തീരുമാനിച്ചത്. ചന്ദ്രശേഖർ ഇവിടെ വച്ച് ഭിൽസ് എന്നറിയപ്പെടുന്ന ഗോത്രവർഗ്ഗക്കാരുമായി അടുത്തു, അവരിൽ നിന്നും അമ്പും വില്ലും ഉപയോഗിക്കുന്ന വിധം ചന്ദ്രശേഖർ സ്വായത്തമാക്കി. ചെറുപ്രായത്തിൽ തന്നെ ധീരദേശാഭിമാനികളുടേയും മറ്റും വീരകഥകൾ ചന്ദ്രശേഖറിൽ വല്ലാത്തൊരു ഉണർവ് സൃഷ്ടിച്ചിരുന്നു.

ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ആസാദ്' എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

രാഷ്ട്രീയത്തിലേക്ക്

തിരുത്തുക

ചന്ദ്രശേഖർ ബനാറസിൽ പഠിക്കുന്ന സമയത്താണ് മോഹൻദാസ് കരംചന്ദ് ഗാന്ധി തന്റെ രാഷ്ട്രീയപ്രവേശം നടത്തുന്നത്. ഇന്ത്യൻ ദേശീയതക്ക് വളർച്ച പ്രാപിക്കുന്നൊരു കാലം കൂടിയായിരുന്നു അത്. ഇങ്ങനെ ഉയർന്നു വരുന്ന ശബ്ദങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഒരു കമ്മീഷൻ തന്നെ രൂപവത്കരിച്ചു. എ.എസ്.റൗളെറ്റ് ആയിരുന്നു ഇതിന്റെ തലവൻ. ഇദ്ദേഹം നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളെ, റൗളട്ട് ആക്ട് എന്നു വിളിച്ചു.[5] റൗളട്ട് ആക്ടിൽ പോലീസിന് അനിയന്ത്രിതമായ അധികാരങ്ങൾ ലഭിക്കുകയുണ്ടായി. [6] ഈ കരിനിയമത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. 1919 ഏപ്രിൽ 13നാണ് ഇന്ത്യയെ നടുക്കിയ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. ബൈശാഖി ദിനത്തിൽ റൗളറ്റ് നിയമത്തിനെതിരേ പ്രതിഷേധിക്കാൻ ജാലിയൻവാലാബാഗിൽ നടത്തിയ ഒരു സമ്മേളനത്തിലേക്ക് ബ്രിട്ടീഷ് പോലീസ് യാതൊരു കാരണവും കൂടാതെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടാൻ ആകെയുണ്ടായിരുന്നു ഒരു വാതിൽ കൂടി അടച്ചാണ് പോലീസ് ഈ ക്രൂരകൃത്യം നിർവ്വഹിച്ചത്.

ഇത്തരം സംഭവങ്ങളെല്ലാം പത്രദ്വാരാ അറിഞ്ഞിരുന്ന ചന്ദ്രശേഖർ അത്യധികം രോഷാകുലനായി. പ്രതികാരത്തിനുവേണ്ടി അദ്ദേഹത്തിന്റെ മനസ്സു തയ്യാറെടുക്കുകയായിരുന്നു. 1921 ൽ കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദ്യാർത്ഥികളോട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കുകൊള്ളാൻ ആഹ്വാനമുണ്ടായി. വിദ്യാർത്ഥികൾ സമരാഹ്വാനം കൈക്കൊണ്ട് വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിൽ പങ്കാളികളായി.[7] സമരവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചിരുന്ന സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും മുടങ്ങാതെ ചന്ദ്രശേഖർ പങ്കെടുക്കുമായിരുന്നു. ചെറുപ്രായത്തിൽതന്നെ പോലീസിന്റെ ക്രൂരതകൾ ചന്ദ്രശേഖറിനു മനസ്സിലായിരുന്നു. സ്വാതന്ത്ര്യത്തെ വാനോളം സ്നേഹിച്ചിരുന്ന ചന്ദ്രശേഖറിന് മറ്റൊന്നും ആലോചിക്കുവാനുണ്ടായിരുന്നില്ല. വിദ്യാഭ്യാസം പാതിവഴിക്കുപേക്ഷിച്ച് ആ യുവാവ് നിസ്സഹകരണപ്രസ്ഥാനത്തിന്റെ പാതയിലേക്ക് ചുവടുവെച്ചു.[8] ഒരു സമ്മേളനത്തിൽ വെച്ച് പോലീസുകാരനെതിരേ കല്ലെറിഞ്ഞതിന് അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കപ്പെട്ടു. ഭയം ലവലേശമില്ലാതെയാണ് ചന്ദ്രശേഖർ കൈവിലങ്ങുമണിഞ്ഞ് പോലീസ് അകമ്പടിയോടുകൂടി സ്റ്റേഷനിലേക്കു പോയത്. പിറ്റേ ദിവസം വിചാരണക്കായി കോടതിയിൽ ഹാജരാക്കപ്പെട്ട ചന്ദ്രശേഖർ, വിചാരണക്കിടെ ന്യായാധിപന്റെ ചോദ്യത്തിനു മറുപടിയായി തന്റെ പേര് ആസാദ് എന്നാണെന്നും, പിതാവിന്റെ പേര് ഇൻഡിപെൻഡൻസ് എന്നും താമസിക്കുന്നത് ജയിലിലാണെന്നും പറയുകയുണ്ടായി. ചൂരലുകൊണ്ടുള്ള പതിനഞ്ച് അടിയാണ് കോടതി ചന്ദ്രശേഖറിന് ശിക്ഷ വിധിച്ചത്. കൂസലന്യേന ആസാദ് ആ ശിക്ഷ ഏറ്റുവാങ്ങി. ഓരോ പ്രഹരം പുറത്തു വീഴുമ്പോഴും മഹാത്മാ ഗാന്ധീ കീ ജയ് എന്നു ഉറക്കെ വിളിക്കുകയാണ് ചന്ദ്രശേഖർ ചെയ്തത്. കണ്ടു നിന്നവരിൽ ഇത് അമ്പരപ്പും, ആശ്ചര്യവും ഉളവാക്കി. പതിനഞ്ചാമത്തെ അടി കഴിഞ്ഞതോടെ കൂടെയുള്ളവർ ഈ യുവാവിന്റെ തോളിലേറ്റി ചന്ദ്രശേഖർ ആസാദ് കീ ജയ് ഭാരത്മാതാ കീ ജയ് എന്നിങ്ങനെ ഉറക്കെ വിളിക്കാൻ തുടങ്ങി.[9] ധൈര്യശാലിയായ കുട്ടി എന്നാണ് അക്കാലത്ത് ബനാറസിൽ നിന്നും പുറത്തിറങ്ങിയ മര്യാദ എന്ന പത്രം ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചത്.

വിപ്ലവകാരി

തിരുത്തുക

നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചേക്കും എന്ന് ചന്ദ്രശേഖർ കരുതിയിരുന്നു. അക്കാലഘട്ടത്തിലാണ് നിനച്ചിരിക്കാതെ ചൗരിചൗരാ സംഭവം നടക്കുന്നത്. ഈ സംഭവത്തിൽ നിരാശനായി മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ചു. യുവാവായ ചന്ദ്രശേഖറിന് ഏറെ നിരാശപ്പെടുത്തിയ ഒരു പ്രഖ്യാപനമായിരുന്നു അത്. എന്നാൽ ഈ നിരാശ ക്ഷണികമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കൂടുതൽ മികച്ച മാർഗ്ഗം തേടുകയായിരുന്നു ചന്ദ്രശേഖറിലെ ദേശാഭിമാനി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ബനാറസിൽ ഇത്തരം സംഘടനകളൊന്നും തന്നെ വേരുറപ്പിച്ചിരുന്നില്ല. ബംഗാളിലാണ് വിപ്ലവ സംഘടനകൾ രൂപംകൊണ്ടതും, വളർന്നതും. സച്ചിദാനന്ദ സന്യാലിനേപ്പോലുള്ളവർ രാജ്യദ്രോഹക്കുറ്റം ചാർത്തി ജയിലലടക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ 1920 ൽ ജയിലിലായിരുന്ന നേതാക്കൾ മോചിപ്പിക്കപ്പെട്ടു. സന്യാലും ജയിൽ മോചിതനായി. ഇന്ത്യയിലെ യുവതലമുറ നിസ്സഹകരണപ്രസ്ഥാനം ഉപേക്ഷിച്ചതിൽ നിരാശരാണെന്ന് സന്യാലിന് മനസ്സിലായി. ഇവരെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അദ്ദേഹം തീരുമാനിച്ചു.[10] അറിയപ്പെടുന്ന വിപ്ലവസംഘടനയായ അനുശീലൻ സമിതി, ബനാറസിൽ ഒരു ശാഖ തുറന്നു. കല്യാണ സമിതി എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന പേരു സ്വീകരിച്ചു.[11] ഇക്കാലയളവിൽ ചന്ദ്രശേഖർ ആസാദ് ബനാറസിൽ അറിയപ്പെടുന്ന ഒരു പേരായിരുന്നു. ഈ സംഘടനയുടെ ലക്ഷ്യങ്ങളെല്ലാം റഷ്യൻ നയങ്ങളോട് ചായ്വുള്ളവയായിരുന്നു. പണ്ഡിറ്റ് രാംപ്രസാദ് ബിസ്മിലിനെപ്പോലുള്ളവരായിരുന്നു സംഘടനയുടെ നേതൃത്വത്തിൽ. സംഘടനയുടെ നേതൃത്വം ചന്ദ്രശേഖറിനെകണ്ട് സംസാരിക്കുകയും അദ്ദേഹത്തിൽ ആകൃഷ്ടനാവുകയുംചെയ്തു. ഏറെ വൈകാതെ ചന്ദ്രശേഖറും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി.

ആസാദ് കൂടി പാർട്ടിയിൽ ചേർന്നതോടെ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ അംഗസംഖ്യ വർദ്ധിക്കാൻ തുടങ്ങി. ആസാദ് കഠിനാധ്വാനിയായ ഒരു പ്രവർത്തകനായിരുന്നു. വിപ്ലവമാർഗ്ഗത്തിലൂടെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കൻ രാഷ്ട്രം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ആസാദ് പുതു തലമുറയെ പറഞ്ഞു മനസ്സിലാക്കി. അദ്ദേഹത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ യുവാക്കൾ വളരെ വേഗം പാർട്ടി അംഗങ്ങളായി. അംഗത്വം വർദ്ധിച്ചുവെങ്കിലും, പാർട്ടിക്ക് ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രചാരണപ്രവർത്തനങ്ങൾ ഉദ്ദേശിച്ചപോലെ നടത്തുവാനായില്ല.[12]

കാക്കോറി ഗൂഢാലോചന കേസ്

തിരുത്തുക

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ പണത്തിന്റെ ദൗർലഭ്യം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പാർട്ടിക്കുവേണ്ടി പണം സ്വരൂപിക്കുന്നതിന് അവർ ചന്ദ്രശേഖറിനെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. പണം സ്വരൂപിക്കുന്നതിനായി പല വഴികളും ആലോചിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ ഫലവത്തായിരുന്നില്ല. ധാരാളം സമ്പത്തുള്ള ഒരു മഠത്തിലെ ശിഷ്യനായി ചേർന്ന് അവസാനം മഠാധിപതിയുടെ മരണശേഷം ആ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനെക്കുറിച്ചും പാർട്ടി ചിന്തിച്ചു. എന്നാൽ വഞ്ചന എന്നു പറഞ്ഞ് ആസാദ് ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു. പിന്നീട്, വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം വിപ്ലവകാരികൾ അപായ ചങ്ങല വലിച്ച് നിർത്തി[13]. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു. മോഷ്ടിച്ച പണവും കൊണ്ട് ഇവർ ലക്നോയിലേക്കു കടന്നു കളഞ്ഞു. ഈ സംഭവത്തിൽ ഒരു യാത്രക്കാരൻ അബന്ധവശാൽ വെടിയേറ്റു മരിക്കുകയുണ്ടായി.[14] വിപ്ലവകാരികൾ സർക്കാരിന്റെ പണം തട്ടിയെടുത്തതല്ലാതെ മറ്റാരേയും ഉപദ്രവിക്കുകയുണ്ടായില്ല. ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതാവായ രാംപ്രസാദ് ബിസ്മിലിനെ പോലീസ് വൈകാതെ അറസ്റ്റു ചെയ്തു. പത്തു മാസങ്ങൾക്കു ശേഷം മറ്റൊരു പ്രതിയായ അഷ്ഫുള്ള ഖാനേയും ഡൽഹിയിൽ നിന്നും പോലീസ് പിടികൂടി.[15] ആസാദിനെ കിട്ടിയില്ല. വിവധയിടങ്ങളിൽ നിന്നായി 40 ഓളം പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.[16] പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി[17].

ഭഗത് സിംഗിനോടൊപ്പം

തിരുത്തുക

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. കാക്കോരി ഗൂഢാലോചനാ കേസ് നടക്കുന്ന സമയത്ത്, ഒളിവിലായിരുന്ന നേതാക്കളും, മറ്റു വിപ്ലവപാർട്ടികളിലെ ചില അംഗങ്ങളും സമാന ലക്ഷ്യങ്ങളുള്ള ഒരു പാർട്ടി എന്ന ലക്ഷ്യവുമായി ഫിറോസ് ഷാ കോട്ല എന്ന സ്ഥലത്ത് സംഗമിച്ചു. ഭഗത് സിംഗ് പിന്നീട് ഈ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവർത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.

ഇന്ത്യയിലെ രാഷ്ട്രീയസ്ഥിതി പഠിക്കുവാൻ വന്ന സൈമൺ കമ്മീഷനെതിരേ പ്രതിഷേധം പ്രകടിപ്പിച്ച ലാലാലജ്പത് റായിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു. ഈ മർദ്ദനത്തിൽ നിന്നും തീർത്തും മോചിതനാവാതെ റായ് മരണമടഞ്ഞു.[18] ഇതിൽ കുപിതരായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ പ്രവർത്തകർ ഇതിനെതിരേ പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. സംഭവത്തിനു ദൃക്സാക്ഷിയായിരുന്നില്ലെങ്കിലും, ലാത്തിച്ചാർജ്ജ് നടത്തിയ സ്കോട്ട് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ചന്ദ്രശേഖറും, ഭഗത്സിംഗും കൂടെ തീരുമാനിച്ചു. സുഖ്ദേവും, ശിവറാം രാജ്ഗുരുവും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു. എന്നാൽ സ്കോട്ടിനു പകരം കൊല്ലപ്പെട്ടത് ജോൺ സോണ്ടേഴ്സ് എന്ന ഉദ്യോഗസ്ഥനായിരുന്നു.[19]

ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ൽ ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചനക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. സുഖ്ദേവ് രാജ് എന്ന സഹപ്രവർത്തകനെ കണ്ട് സംസാരിക്കാനായിരുന്നു ചന്ദ്രശേഖർ ആൽഫ്രഡ് പാർക്കിലെത്തിയത്. എന്നാൽ ഒറ്റുകാരന്റെ സഹായത്തോടെ പോലീസ് ആ സ്ഥലം മനസ്സിലാക്കുകായിരുന്നു. തുടർന്നു നടന്ന വെടിവെപ്പിൽ ആസാദ് മൂന്നു പോലീസുകാരെ വധിക്കുകയുണ്ടായി. ഈ സംഘർഷത്തിലൂടെ സുഖ്ദേവിന് രക്ഷപ്പെടാൻ വഴിയൊരുക്കുക കൂടിയായിരുന്നു ആസാദ്. രക്ഷപ്പെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർ തന്റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

പൊതുജനങ്ങളെ അറിയിക്കാതെ മൃതദേഹം റാസുലാബാദ് ഘട്ട് എന്ന സ്ഥലത്തേക്ക് മരണാനന്തര ചടങ്ങുകൾക്കായി കൊണ്ടു പോയി. എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞതിനുശേഷം ജനങ്ങൾ ആൽഫ്രഡ് പാർക്കിനുമുന്നിൽ തടിച്ചു കൂടി ചന്ദ്രശേഖറിനെ വാഴ്ത്തി മുദ്രാവാക്യം മുഴക്കാൻ തുടങ്ങി.[20] അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. ചന്ദ്രശേഖർ മരണസമയത്ത് ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യൂസിയത്തിൽ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.[20]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. മലയാളം വെബ്ദുനിയ
  2. എമിനന്റ് പ്യൂപ്പിൾ പുറങ്ങൾ 40-41, R. ശശിധരൻ പിള്ള, സിസോ ബുക്സ്, തിരുവനന്തപുരം.
  • ഭവാൻ സിംഗ്, റാണ (2004). ചന്ദ്രശേഖർ ആസാദ്. ഡയമണ്ട് പോക്കറ്റ് ബുക്സ്. ISBN 81-288-0816-8.
  1. 1.0 1.1 "ചന്ദ്രശേഖർ ആസാദ്". ഇന്ത്യ: മിനിസ്റ്റ്രി ഓഫ് ബ്രോഡ്കാസ്റ്റിംഗ് (ഗവേഷണ വിഭാഗം).
  2. 2.0 2.1 "ചന്ദ്രശേഖർ ആസാദ്". ലൈവ് ഇന്ത്യ. ഒന്നാം ഖണ്ഡിക
  3. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണജനനം എന്ന അദ്ധ്യായം - പുറം.11-12
  4. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണവിദ്യാഭ്യാസം എന്ന ഉപഖണ്ഡിക - പുറം.12
  5. "ഡീകോളനൈസേഷൻ ആന്റ് റൈസ് ഓഫ് ആഫ്രോ ഏഷ്യൻ ഇൻഡിപെൻഡൻസ്" (PDF). ആപ്പിൾട്ടൺ ഏരിയ സ്കൂൾ ഡിസ്ട്രിക്ട്. Archived from the original (PDF) on 2012-01-27. Retrieved 2013-06-24.
  6. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണരാഷ്ട്രീയത്തിലേക്ക് - പുറം.15-16
  7. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണരാഷ്ട്രീയത്തിലേക്ക് - പുറം.20-21
  8. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണരാഷ്ട്രീയത്തിലേക്ക് - പുറം 21
  9. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണആദ്യത്തെ ശിക്ഷ - പുറം 24
  10. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണ വിപ്ലവപാതയിലേക്ക് - പുറം 27
  11. "ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ". ജനറൽ നോളജ് ടുഡേ.
  12. ചന്ദ്രശേഖർ ആസാദ് - ഡോക്ടർ.റാണ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷനിൽ - പുറം 29
  13. "കാക്കോരി ട്രെയിൻ കൊള്ള". ലൈവ് ഇന്ത്യ.
  14. "ദ കാക്കോരി ട്രെയിൻ റോബറി". ഗാദർ ഹെറിട്ടേജ് ഫൗണ്ടേഷൻ. Retrieved 25-ജൂൺ-2013. {{cite news}}: Check date values in: |accessdate= (help)
  15. അപർണ്ണ, സിംങ് (02-ഓഗസ്റ്റ്-2004). "ഡെയർഡെവിൾറി ഓഫ് ദ സൺസ് ഓഫ് ദ സോയിൽ". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2012-03-08. Retrieved 26-06-2003. {{cite news}}: Check date values in: |accessdate= and |date= (help)
  16. ഡോ.മെഹ്രോത്ര.എൻ.സി സ്വതന്ത്രത ആന്ദോളൻ മേം ഷാഹ്ജാൻപൂർ കാ യോഗ്ദാൻ പുറങ്ങൾ 124-125.
  17. "കാക്കോറി ട്രെയിൻ കൊള്ള". വെബ് ദുനിയ.
  18. റായ്, രഘുനാഥ് (2006). ഹിസ്റ്ററി ഫോർ ക്ലാസ്സ് 12: സി.ബി.എസ്.ഇ. ഇന്ത്യ. വി.കെ.പബ്ലിക്കേഷൻസ്. p. 187. ISBN 978-81-87139-69-0.
  19. നയ്യാർ, കുൽദ്ദീപ് (2000). ദ മാർട്ടിർ: ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ. ഹർ-ആനന്ദ് പബ്ലിക്കേഷൻസ്. p. 39. ISBN 978-81-241-0700-3.
  20. 20.0 20.1 ഖത്രി, രാം കൃഷ്ണ (1983). ഷഹീദോം കീ ഛായാ മേം. നാഗ്പൂർ: വിശ്വഭാരതി പ്രകാശൻ. pp. 138–139.


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖർ_ആസാദ്&oldid=3952290" എന്ന താളിൽനിന്ന് ശേഖരിച്ചത്