ബാഹ്യകേളി

(രതിപൂർവ്വലീല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യരുടെ ലൈംഗികതയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘട്ടമാണ് ബാഹ്യകേളി അഥവാ ആമുഖലീല. മുഖ്യമായും ഇത് രണ്ട്‌ രീതിയിൽ കാണപ്പെടുന്നു. ലൈംഗികബന്ധത്തിന് മുൻപും അതിന് ശേഷവും. "ഫോർപ്ലേ (Foreplay)" എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് വാക്ക് കൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. വേഴ്ചയ്ക്ക് ശേഷമുള്ളവയെ സംഭോഗശേഷലീലകൾ അഥവാ "ആഫ്റ്റർ പ്ലേ" എന്ന് പറയുന്നു. ഇണയിൽ പരമാവധി ലൈംഗിക ഉത്തേജനമുണ്ടാക്കി സംഭോഗത്തിന് തയ്യാറാക്കുന്ന മാനസികവും ശാരീരികവുമായ പ്രവൃത്തിയാണ് സംഭോഗപൂർവ ബാഹ്യകേളി അഥവാ രതിപൂർവലീലകൾ എന്നൊക്കെ അറിയപ്പെടുന്നത്. ഇതൊരു സ്നേഹപ്രകടനം കൂടിയാണ്‌. അതിനാൽ സെക്സ് എന്നതിലുപരിയായി 'ലവ് മേക്കിങ്' എന്ന ആംഗലേയപദം ഇവിടെ കുറേക്കൂടി അർത്ഥവത്താണ് എന്ന് പറയപ്പെടുന്നു. ലൈംഗിക ബന്ധത്തിനുള്ള തയ്യാറെടുപ്പ്, രതിമൂർച്ഛയിലേക്കുള്ള പ്രവേശന കവാടം എന്നൊക്കെ ബാഹ്യകേളിയെപ്പറ്റി പറയാറുണ്ട്. ഇതുകൊണ്ട് മാത്രം രതിമൂർച്ഛ (Orgasm) അനുഭവപ്പെടുന്ന ആളുകളുണ്ട്. ലിംഗയോനി ബന്ധമില്ലാതെ ഇതുമാത്രം ഇഷ്ടപ്പെടുന്ന ആളുകളുമുണ്ട്. ഇതുകൊണ്ട് സ്ത്രീ ഗർഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു എന്ന മെച്ചവുമുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെട്ടവരും ഇത് ഇഷ്ടപ്പെടുന്നു. മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ പോലെയുള്ള ലൈംഗികവിദഗ്ദർ ഇതേപ്പറ്റി ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. സംഭോഗമില്ലാത്ത ലൈംഗികബന്ധം എന്നവർ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇതേപറ്റി ധാരാളം പുസ്തകങ്ങൾ ഇന്ന് ലഭ്യമാണ്. വാത്സ്യായന മഹര്ഷിയാൽ രചിക്കപ്പെട്ട കാമസൂത്രം ഇതേപറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.[1][2][3]

മാർട്ടിൻ വാൻ മെയിലിന്റെ പ്രിന്റ് ഫ്രാൻസിയോൺ 15 - ദമ്പതികൾ പുറത്ത് ബാഹ്യകേളിയിൽ ഏർപ്പെടുന്നതായി ചിത്രീകരിക്കുന്നു.

തുറന്ന ആശയവിനിമയം

തിരുത്തുക

ആമുഖ ലീലകളുമായി ബന്ധപെട്ടു നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും ഏതെങ്കിലും ആശങ്കകളെക്കുറിച്ചും നിങ്ങളുടെ പങ്കാളിയുമായി തുറന്ന് സംസാരിക്കുക എന്നത് അതി പ്രധാനമാണ്. നല്ല ആശയവിനിമയം പരസ്പരം ആവശ്യങ്ങൾ മനസ്സിലാക്കാൻ കാരണമാകും. ഇക്കാര്യത്തിൽ ലജ്ജയോ മടിയോ വിചാരിക്കേണ്ട കാര്യമില്ല. കട്ടിലിന്റെ സ്ഥാനം ഒന്ന് മാറ്റി ഇടുന്നതോ, വീട്ടിലെ മറ്റേതെങ്കിലും സ്ഥലത്ത് വച്ചോ ബാഹ്യകേളികൾ ആസ്വദിക്കുന്നത് പരീക്ഷിക്കാം[4][5].

ആമുഖലീലകളും ലൂബ്രിക്കേഷനും

തിരുത്തുക

ചില പുരുഷൻമാർ ശക്തി തെളിയിക്കാനെന്ന രീതിയിൽ തിടുക്കപ്പെട്ടു, ആക്രമണോത്സുകതയോടെ നടത്തുന്ന ലൈംഗികബന്ധം സ്ത്രീയുടെ യഥാർത്ഥ ആസ്വാദനത്തെ തന്നെ തകർക്കുകയും പീഡനതുല്യമായി അനുഭവപ്പെടുകയും ആ വ്യക്തിയുടെ ശീഘ്രസ്ഖലനത്തിൽ അവസാനിക്കുകയും ചെയ്യാറുണ്ട്. ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വഷളാകാൻ പ്രധാന കാരണം. യോനിയിൽ ശരിയായ ലൈംഗിക ഉത്തേജനം, ലൂബ്രിക്കേഷൻ (രതിസലിലം) തുടങ്ങിയവ ഉണ്ടാകാതെ ലൈംഗികബന്ധത്തിന് ശ്രമിക്കുക ആണെങ്കിൽ അത്‌ സ്ത്രീക്ക് വേദനയും പുരുഷന് ബുദ്ധിമുട്ടും ഉണ്ടാക്കിയേക്കാം. ഇത് ലൈംഗികജീവിതത്തിന്റെ ആസ്വാദ്യത കുറയ്ക്കുകയും പങ്കാളിയുടെ ലൈംഗിക താല്പര്യത്തെ കെടുത്തിക്കളയുകയും ചെയ്യുന്നു. ലൂബ്രിക്കന്റ് ജെല്ലി, വൈബ്രേറ്റർ തുടങ്ങിയവ പങ്കാളിയുടെ സഹായത്തോടെ ഉപയോഗിക്കുന്നതും ഗുണകരമാണ്. [6]

വിവിധ രീതികൾ

തിരുത്തുക

മധുരസംഭാഷണം ആമുഖലീലകളിൽ ഏറ്റവും പ്രധാനമാണ്. ചുംബനം, ആലിംഗനം, തഴുകൽ, തലോടൽ, ലാളന, ഒരുമിച്ചുള്ള കുളി, വദനസുരതം എന്നിവ ബാഹ്യകേളിയിൽ പെടുന്നു. എണ്ണയും മറ്റും ഉപയോഗിച്ച് മസാജ് കൊണ്ടുള്ള സുഖകരമായ മസാജ് ഫോർപ്ലേയുടെ ഭാഗമായി ഉപയോഗപ്പെടുത്താം. ഇണയുടെ ശിരസ്സ്, ചുണ്ട്, ചെവി, കഴുത്ത്, മാറിടം തുടങ്ങി കാൽപ്പാദങ്ങൾ വരെയുള്ള ശരീര ഭാഗങ്ങളിൽ ചുംബിക്കുന്നതും ലാളിക്കുന്നതും ഫോർപ്ലേയുടെ ഭാഗമാണ്. വയറിന്റെ ഇരുവശം, നിതംബം, തുട, മുട്ടിന്റെ പിൻഭാഗം തുടങ്ങി ശരീരത്തിലെ മിക്ക ഭാഗങ്ങളിലെയും സ്പർശനം സ്ത്രീക്കും പുരുഷനും ഒരുപോലെ അനുഭൂതി ദായകമാണ്. പലർക്കും ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ സ്പർശനം ശരിയായ ഉത്തേജനത്തിന് ആവശ്യമാണ്. ചുണ്ടോ വിരലോ നാവോ ഇതിന് വേണ്ടി ഉപയോഗിക്കാം. സ്പർശിക്കുന്ന രീതിയും പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ല എന്നത് പ്രധാനമാണ്. ഇവ ഓരോരുത്തർക്കും വ്യത്യസ്തമാകാം. ഇണയോട് തുറന്നു സംസാരിച്ചു അവരുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് മനസിലാക്കുന്നത് ഇതിൽ വളരെ പ്രധാനമാണ്. സ്ത്രീകളിൽ കൃസരി/ഭഗശിശ്നിക, പുരുഷന്മാരിൽ ലിംഗം തുടങ്ങി നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിലെ മൃദുവായ പരിലാളനം അത്യാനന്ദം നൽകുന്നു. മനസ്സിനിണങ്ങിയ പങ്കാളി, അവർ തമ്മിലുള്ള ആശയവിനിമയം, വ്യക്തി ശുചിത്വം, സുഗന്ധവുമുള്ള അന്തരീക്ഷം, അരണ്ട വെളിച്ചം, സംഗീതം മുതലായവ ഇതിന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്. നിത്യജീവിതത്തിലെ മാനസിക സമ്മർദ്ദം (Stress) ഒരു പരിധിവരെ ലഘൂകരിക്കാൻ ഇതുകൊണ്ട് സാധിക്കും.[7]

കിടപ്പറയിൽ മാത്രമോ

തിരുത്തുക

ആമുഖലീലകൾ കിടപ്പറയിൽ മാത്രം തുടങ്ങേണ്ടുന്ന ഒന്നല്ല. പങ്കാളികൾ തമ്മിലുള്ള സന്തോഷപൂർണമായ ഇടപെടലുകൾ, ഒന്നിച്ചുള്ള യാത്ര, ഭക്ഷണം, സിനിമ, വിനോദം, ചെറിയ സമ്മാനങ്ങൾ, പങ്കാളിയുടെ ഗുണങ്ങളെ, സൗന്ദര്യത്തെ പുകഴ്ത്തി സംസാരിക്കുക, മധുവിധു ആഘോഷം, വിവാഹവാർഷികം, പ്രണയദിനം, പങ്കാളിയുടെ ജന്മദിനം മുതലായവ കഴിവുപോലെ ആഘോഷിക്കൽ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. കിടപ്പറയിലേക്ക് പോകുന്നതിന് മുൻപ് കുളിച്ചു വൃത്തിയായി സുഗന്ധദ്രവ്യങ്ങൾ പൂശി ആകർഷകമായ വസ്ത്രങ്ങൾ ധരിക്കുക, താല്പര്യം കെടുത്തുന്നതൊന്നും ഓർക്കാതിരിക്കുക എന്നതൊക്കെ ലൈംഗിക ജീവിതത്തിന്റെ മാറ്റുകൂട്ടും.[8]

ബാഹ്യകേളിയെ ബാധിക്കുന്ന പ്രശ്നങ്ങൾ

തിരുത്തുക

ദിവസം മുഴുവനുമുള്ള ഇണയുടെ മോശമായ പെരുമാറ്റവും, ലഹരി ഉപയോഗവും, വായ്നാറ്റവും, ശരീരത്തിന്റെ ദുർഗന്ധവുമെല്ലാം പലപ്പോഴും ആമുഖലീലകളെ മോശമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് പരസ്പരം വേദനിപ്പിക്കുന്ന വാക്കുകൾ പറയുക, ഇണയുടെ കുടുംബാംഗങ്ങളെ അപമാനിക്കുക, താല്പര്യമില്ലാത്ത രതി രീതികൾക്ക് നിർബന്ധിക്കുക, നിർബന്ധിച്ചുള്ള ലൈംഗികബന്ധം, സാഡിസം, വേദനിപ്പിക്കുന്ന രതി തുടങ്ങിയവ മനസിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കുകയും പിന്നീടെത്ര സ്നേഹപ്രകടനവും ബാഹ്യകേളിയും കാഴ്ചവെച്ചാലും ഇണയ്ക്ക് താല്പര്യം ഉണ്ടായില്ലെന്നും വരാം. ചില ആളുകൾ ഇണയുടെ ശരീരത്തിൽ വേദനിപ്പിക്കുന്ന രീതിയിൽ കടിക്കുകയും നുള്ളുകയും അടിക്കുകയും മറ്റും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. പാപബോധം, ശാസ്ത്രീയ ലൈംഗിക പരിജ്ഞാനമില്ലായ്മ, വിഷാദം, ഭയം തുടങ്ങിയ മാനസിക രോഗങ്ങൾ, തൊഴിലിടത്തെ പ്രശ്നങ്ങൾ, സ്വകാര്യതയില്ലായ്മ, പങ്കാളിയുടെ വൃത്തിക്കുറവ് തുടങ്ങിയ അനേകം ഘടകങ്ങൾ ഇതിനെ മോശമായി ബാധിക്കാറുണ്ട്. നാഡീവ്യവസ്ഥയും മസ്തിഷ്കവും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു. മനുഷ്യൻ മാത്രമല്ല, സസ്തനികൾ ഉൾപ്പെടെ പല ജീവിവർഗങ്ങളും ബാഹ്യകേളിക്ക് ധാരാളം സമയം ചിലവഴിക്കുന്നതായി കാണാം.[9]

സംഭോഗശേഷലീലകൾ

തിരുത്തുക

ശാരീരികമായ ബന്ധത്തിന് ശേഷം പങ്കാളികൾ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിനെ സംഭോഗശേഷരതിലീലകൾ എന്ന് പറയുന്നു. ബാഹ്യകേളിയുടെ ഒരു പ്രധാന ഭാഗമാണിത്. ഇണകൾക്കിടയിൽ ഇത് നൽകുന്ന ഗുണങ്ങൾ പലതെന്ന് ഇതു സംബന്ധിച്ച് നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആഫ്റ്റർ പ്ലേ എന്നത് പൊതുവേ അവഗണിയ്ക്കപ്പെടുന്ന ഒന്നാണ്. എന്നാൽ ഇതിന് സ്ത്രീയെ സംബന്ധിച്ചിടത്തോളും പുരുഷനേക്കാൾ പ്രധാന്യമുള്ള ഒന്നാണ്. ശുക്ലസ്‌ഖലനത്തോടെ പുരുഷൻ പിൻവാങ്ങുമെങ്കിലും സ്ത്രീയ്ക്കത് കൂടുതൽ സമയമെടുക്കും. ഇതിനുളള പരിഹാരമായി പറയുന്ന ഒന്നാണ് സംഭോഗശേഷലീലകൾ. കാരണം അടുപ്പിച്ചുള്ള സംഭോഗം പലപ്പോഴും പുരുഷന് ശാരീരികമായ പ്രത്യേകതകളാൽ സാധ്യമാകാതെ വരുന്നു. പങ്കാളികൾ തമ്മിലുളള ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന ഒന്നാണ് സംഭോഗത്തിന് ശേഷമുള്ള ആഫ്റ്റർപ്ലേ എന്നു പറയാം. ഇത് ഇണകൾ തമ്മിലുള്ള ശാരീരിക അടുപ്പം വര്ധിപ്പിക്കുന്നതോടൊപ്പം മാനസിക അടുപ്പവും വർദ്ധിപ്പിയ്ക്കുന്നു. ആശയ വിനിമയവും പരസ്പരമുള്ള ലാളനകളുമെല്ലാം പങ്കാളികളെ കൂടുതൽ അടുപ്പിയ്ക്കുന്നു[10].

ബാഹ്യകേളിയും ഉത്തേജനവും

തിരുത്തുക

ആമുഖലീലകളിലൂടെ ശരിയായ ഉത്തേജനമുണ്ടാവുകയും മനസും ശരീരവും ലൈംഗികബന്ധത്തിനു തയ്യാറാവുകയും ചെയ്യുന്നു. അതോടെ ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടം വർധിക്കുന്നു. അതിന്റെ ഫലമായി പുരുഷലിംഗത്തിന് കൂടുതൽ ദൃഢമായ ഉദ്ധാരണവും സ്നേഹദ്രവം മൂലം വഴുവഴുപ്പും ലഭിക്കുന്നു. സ്ത്രീകളിൽ മുറുകി ഇരിക്കുന്ന യോനീഭാഗത്തെ പേശികൾ അയഞ്ഞു വരികയും, യോനി വികസിക്കുകയും, ബർത്തോലിൻ ഗ്രന്ഥികൾക്ക് പ്രവർത്തിക്കാൻ ധാരാളം സമയം ലഭിക്കുകയും, വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Lubrication) ഉൽപ്പാദിപ്പിക്കപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇത് സുഗമവും സുഖകരവും വേദനരഹിതവുമായ ലൈംഗികബന്ധത്തിന് അനിവാര്യമാണ്. സ്നേഹദ്രവത്തിന്റെ അഭാവത്തിൽ ലൈംഗികബന്ധം അസഹനീയമായ വേദനയുള്ളതോ അസ്വസ്ഥതയുള്ളതോ ആകാൻ സാധ്യതയുണ്ട് (വേദനാജനകമായ ലൈംഗികബന്ധം). വരണ്ട യോനിയിലേക്കുള്ള ലിംഗ പ്രവേശനം ബുദ്ധിമുട്ട് ഏറിയതാണ്. ഇത് ലൈംഗികവായയവങ്ങളിൽ ചെറിയ മുറിവോ പോറലോ, രക്തസ്രാവമോ ഉണ്ടാകുവാനും ഇടയാക്കാം. അത് ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും പങ്കാളിയോട് വെറുപ്പിനും കാരണമാകാം. ഇവിടെയാണ് രതിപൂർവ്വലാളനകളുടെ പ്രാധാന്യം. വേണ്ടത്ര ഉത്തേജനമില്ലാതെ നടത്തുന്ന സംഭോഗം പല സ്ത്രീകൾക്കും പീഡനതുല്യമായി അനുഭവപ്പെടാറുണ്ട്. ലൂബ്രിക്കേഷന്റെ അഭാവത്തിൽ യോനിയിൽ മുറുക്കം അനുഭവപ്പെടുന്നതും യോനീസങ്കോചം അഥവാ വാജിനിസ്മസ് ഉണ്ടാകുന്നതും അതിനാലാണ്. സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ വൈകിയായതിനാലും, ലൈംഗിക ഉണർവ്വ് ഏറെനേരം നീണ്ടു നിൽക്കുന്നതിനാലും ബാഹ്യകേളിയിൽ ഏർപ്പെടുന്നത് സംഭോഗത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാനും, പുരുഷന്മാരിലെ 'സമയക്കുറവ്' ചെറുക്കുവാനും സഹായിക്കുന്നു. ഇത് പുരുഷബീജങ്ങളുടെ ഗുണമേന്മ വർധിക്കുവാനും ശീഘ്രസ്ഖലനം പരിഹരിക്കാനും ഉപയുക്തമാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. സ്ത്രീകളിൽ പ്രസവശേഷം മുലയൂട്ടുന്ന കാലത്തോ, 45, 50 അല്ലെങ്കിൽ 55 വയസ് പിന്നിട്ടവരിൽ ആർത്തവവിരാമം (Menopause) മൂലമോ ഉണ്ടാകുന്ന (ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്‌റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ കുറവ് മൂലം) ഉത്തേജനക്കുറവും യോനീ വരൾച്ചയും ബന്ധപ്പെടുമ്പോഴുള്ള വേദനയും ബുദ്ധിമുട്ടും പരിഹരിക്കാൻ ദീർഘനേരം ഫോർപ്ലേയിൽ ഏർപ്പെടുന്നതും, അതോടൊപ്പം ഇന്ന്‌ ഫാർമസിയിലും ഓൺലൈനിലും മറ്റും ലഭ്യമായ ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കുന്നതും സഹായിക്കും. അതിനാൽ മധ്യവയസ്‌ക്കർക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് ബാഹ്യകേളി. സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പ്രധാന ഘട്ടമാണ് ആർത്തവവിരാമവും, അതിന് ശേഷമുള്ള കാലവും. ഈസ്ട്രജൻ അടങ്ങിയ ഗുണമേന്മയുള്ള ലൂബ്രിക്കന്റ് ജെല്ലി ഈ പ്രായത്തിൽ ഏറെ ഗുണകരമാണ്. മധ്യവയസിൽ ഒരു രണ്ടാം മധുവിധുവിന്റെ പ്രാധാന്യം ഇതിൽ നിന്നും മനസിലാക്കാം.[11][12][13][14].

പുരുഷന്മാരിൽ

തിരുത്തുക

പുരുഷന്മാരുടെ ലൈംഗിക സംതൃപ്തിക്കും ബാഹ്യകേളി വളരെ പ്രധാനമാണ്. ധാരാളം പുരുഷന്മാരും ഫോർപ്ലേ ആഗ്രഹിക്കാറുണ്ട്. പുരുഷന്റെ ശരീരത്തിലെ ശിരസ്സ് മുതൽ കാൽപാദം വരെയുള്ള ഭാഗങ്ങൾ ഇതിന് അനുയോജ്യമാണ്. അത് പുരുഷന്മാരിലെ മാനസിക സമ്മർദം കുറയ്ക്കാനും, ഉത്തേജനം മെച്ചപ്പെടുത്താനും തന്മൂലം ഉണ്ടാകുന്ന ചെറിയ തോതിലുള്ള ലിംഗ ഉദ്ധാരണക്കുറവ് അകറ്റാനും സഹായിക്കും. പ്രായമായ പുരുഷന്മാർക്ക് ഉദ്ധാരണത്തിന് കൂടുതൽ സമയം ലിംഗത്തിൽ നേരിട്ടുള്ള സ്പർശനം വേണ്ടി വന്നേക്കാം.[15][16][17]

ബാഹ്യകേളിയുടെ പ്രാധാന്യം

തിരുത്തുക

ആമുഖലീലകൾ അഥവാ ഫോർപ്ലേ, ആഫ്റ്റർപ്ലേ എന്നിവയുടെ പ്രാധാന്യം അറിയാത്ത ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത് പലരുടെയും ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. ചിലർക്ക് വളരെക്കുറച്ചു സമയം മാത്രം മതിയെങ്കിൽ മറ്റു ചിലർക്ക് കുറച്ചധികം സമയം ബാഹ്യകേളി ഉണ്ടായെങ്കിലേ ലൈംഗിക ഉത്തേജനം ഉണ്ടാകുകയുള്ളൂ. സംഭോഗപൂർവലീലകൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നത് ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത മെച്ചപ്പെടുത്തും എന്ന് പഠനങ്ങൾ പറയുന്നുണ്ട്.

പങ്കാളികൾ ഇഷ്ടപെടുന്ന ഏതൊരു രീതിയും ഇതിന് വേണ്ടി ഉപയോഗപ്പെടുത്താം. അതവർ പരസ്പരം തുറന്നു സംസാരിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീകളിൽ കൃസരിയിൽ നടത്തുന്ന പരിലാളനം കൊണ്ട് മാത്രം രതിമൂർച്ഛ ഉണ്ടാകാറുണ്ട്. എല്ലാവരും പൂർവകേളികൾ ഇഷ്ടപ്പെടുന്നവരാണെങ്കിലും പൊതുവേ സ്ത്രീകൾ കൂടുതലായി ഇതാസ്വദിക്കുന്നവരാണെന്ന് പഠനങ്ങൾ പറയുന്നു[18].

പുരുഷന്മാരും രതിപൂർവലീലകൾ ആസ്വദിക്കാറുണ്ട്. ഉദ്ധാരണക്കുറവ് ഒരു പരിധിവരെ പരിഹരിക്കുക മാത്രമല്ല പെട്ടന്ന് ഉണർവിലേക്കെത്തുന്ന പുരുഷന്റെ വേഗത അല്പമൊന്ന് കുറച്ചു പങ്കാളിയുമായി സമരസപ്പെടാൻ ഇത് ഉപകരിക്കും. അതുവഴി രണ്ടുപേരുടെയും രതിമൂർച്ഛ ഏതാണ്ട് ഒരേ സമയത്ത് ക്രമീകരിക്കാനും സാധിക്കും. ഇതിന് പങ്കാളികൾ തമ്മിൽ കൃത്യമായ ആശയവിനിമയം ആവശ്യമാണ്.[19]

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആഫ്റ്റർ പ്ലേ ഏറെ പ്രധാനമെന്നു പറയാം. പങ്കാളിയിൽ നിന്നും ലാളന കൂടുതൽ ആഗ്രഹിയ്ക്കുന്ന മാനസികാവസ്ഥ കൊണ്ടാണിത്. ലൈംഗികത അവൾക്ക് മാനസികവുമായ ഘടകമാണ്. എന്നാൽ ഇത്തരമൊരു ബന്ധത്തിനു ശേഷം പുരുഷൻ പെട്ടന്ന് തിരിഞ്ഞു കിടന്നുറങ്ങുന്നത് പല സ്ത്രീകൾക്കും തങ്ങൾ അവഗണിയ്ക്കപ്പെടുന്നുവെന്നും തങ്ങളെ വെറും ഉപകരണമാക്കുന്നുവെന്ന തോന്നലുമുണ്ടാക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇത് സ്ത്രീകളിൽ ഇത്തരം ബന്ധത്തോട് തന്നെ താൽപര്യക്കുറവും ലൈംഗിക താൽപര്യക്കുറവുമെല്ലാമുണ്ടാക്കും. ഇതിന് പരിഹാരമാണ് ആഫ്റ്റർ പ്ലേ എന്നത്. അതിനാൽ ലൈംഗിക ജീവിതത്തോട് സ്ത്രീയ്ക്ക് താൽപര്യമുണ്ടാക്കുന്ന ഒരു ഘടകം കൂടിയാണ് സംഭോഗശേഷലീലകൾ. പരസ്പര ധാരണയും, ബഹുമാനവും ബാഹ്യകേളിയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പങ്കാളികൾക്ക് മധ്യവയസിന് ശേഷവും തങ്ങളുടെ ലൈംഗികജീവിതം നല്ല രീതിയിൽ മുൻപോട്ടു കൊണ്ട് പോകുവാൻ സാധിക്കും. ഇതവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്.

ലൈംഗിക വികാരത്തിന്റെ യഥാർത്ഥ ഉറവിടം തലച്ചോർ തന്നെ. ഈ ഉത്തേജനം വർധിപ്പിക്കുവാൻ, തൃപ്തികരമാക്കുവാൻ ഫോർപ്ലേ, ആഫ്റ്റർപ്ലേ എന്നിവ ആവശ്യമാണ്. മാനസിക സമ്മർദം/ സ്ട്രെസ് ഒഴിവാക്കുന്നത് ബാഹ്യകേളികൾ ആസ്വദിക്കുന്നതിന് സഹായിക്കും. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIA) ഉൾപ്പെടുന്ന അലൈംഗികരായ (Asexuals) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ ചിലപ്പോൾ ലൈംഗികശേഷിയോ ഉണ്ടാകണമെന്നില്ല. ഇത്തരം സവിശേഷത ഉള്ളവർ ബാഹ്യകേളികളിൽ ഏർപ്പെട്ടത് കൊണ്ട് മാത്രം ഉത്തേജനം ഉണ്ടാവുകയില്ല.[20][21][22][23]

ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

തിരുത്തുക

ബാഹ്യകേളികൾക്ക് മുൻപ് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ഇത് ആമുഖ ലീല, ലൈംഗികബന്ധം എന്നിവ തികച്ചും സുരക്ഷിതവും സുഖകരവുമായ അനുഭവമാക്കാൻ സഹായിക്കും.

സുരക്ഷ:

  • ഗർഭ നിരോധനം: ഗർഭധാരണം ആഗ്രഹിക്കുന്നില്ലെങ്കിൽ, ഗർഭനിരോധന രീതികൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കോണ്ട്രാസെപ്റ്റീവ് പാച്ചുകൾ, ഗുളികകൾ, കോപ്പർ ടി, കോണ്ടം എന്നിവ ചില ഉദാഹരണങ്ങളാണ്. ഇവയിൽ പലതും സൗജന്യമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി ലഭ്യമാണ്.
  • എസ്‌ടിഡികൾ: ലൈംഗികമായി പകരുന്ന എയ്ഡ്‌സ് പോലെയുള്ള രോഗങ്ങൾ (എസ്‌ടിഡി) തടയാൻ കോണ്ടം ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന കോണ്ടം ഇന്ന് ലഭ്യമാണ്.
  • എസ്ടിഡി പരിശോധന: പുതിയ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ പരിശോധന നടത്തുന്നതും നല്ലതാണ്.
  • സമ്മതം: ആമുഖ ലീലകൾക്ക് പങ്കാളിയുടെ കൃത്യമായ സമ്മതം അത്യാവശ്യമാണ്. സമ്മതം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം എന്നത് ഓർമ്മിക്കുക. താല്പര്യമില്ലാത്ത കാര്യങ്ങൾക്ക് നിർബന്ധിക്കരുത്.

ആരോഗ്യം:

  • ശാരീരിക ആരോഗ്യം: ലൈംഗിക ബന്ധത്തിന് മുമ്പ് ശാരീരികമായി ആരോഗ്യവാനാണെന്ന് ഉറപ്പാക്കുക.
  • മദ്യം/ മയക്കുമരുന്ന്: മദ്യം അമിതമായി ഉപയോഗിക്കുന്നതോ മയക്കുമരുന്ന് ഉപയോഗിക്കുന്നതോ സമ്മതം, സുരക്ഷ എന്നിവയെ ബാധിക്കും.
  • ആശയവിനിമയം: പങ്കാളിയുമായി തുറന്ന് സംസാരിക്കുക. ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ആശങ്കകൾ എന്നിവ പങ്കിടുക.
  • സ്വയം പരിചയപ്പെടുക: സ്വന്തം ശരീരത്തെക്കുറിച്ച് കൂടുതൽ അറിയുക. ഇത് ആമുഖലീലയുടെ സുഖം വർദ്ധിപ്പിക്കാൻ സഹായിക്കും.

മറ്റ് കാര്യങ്ങൾ:

  • അന്തരീക്ഷം: സുരക്ഷിതവും സുഖകരവുമായ ഒരു അന്തരീക്ഷം ഒരുക്കുക.
  • വൃത്തി: സോപ്പിട്ടു കുളിച്ചു വൃത്തിയായി ഒരുങ്ങുക. പല്ല് തേക്കുക, നഖം വെട്ടുക, ശാരീരിക ശുചിത്വം എന്നിവ അനുയോജ്യം.
  • അധിക ലൂബ്രിക്കേഷൻ: കേവൈ പോലെയുള്ള വഴുവഴുപ്പ് നൽകുന്ന ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കുന്നത് സംഭോഗം കൂടുതൽ സുഗമമാക്കുന്നു. ഇവ മെഡിക്കൽ സ്റ്റോറിൽ ലഭ്യമാണ്.
  • മാനസിക സമ്മർദ്ദം ഒഴിവാക്കുക: ലൈംഗിക ബന്ധത്തെ സമ്മർദ്ദമായി കാണരുത്. മാനസിക സമ്മർദ്ദം ഉള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

  • ആരോഗ്യ വിദഗ്ദരെ സമീപിക്കുക.
  • ശാസ്ത്രീയമായ ഓൺലൈൻ മാർഗങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവ പരിശോധിക്കുക.

ഇതും കാണുക

തിരുത്തുക
  1. Amy@Planned Parenthood. "What is foreplay?". Planned Parenthood. Retrieved 2022-05-19.
  2. Sack, Harald (2020-12-27). "Masters and Johnson – The Masters of Sex" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-10-06.
  3. "7 Kamasutra sex positions you must know - Times of India" (in ഇംഗ്ലീഷ്). Retrieved 2022-10-06.
  4. "How to Talk About Sex With Your Partner | Psychology Today". www.psychologytoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Sex and Good Communication | HealthyPlace". www.healthyplace.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. Gilmour, Paisley (2020-05-11). "11 tips for better foreplay before sex" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-10-06.[പ്രവർത്തിക്കാത്ത കണ്ണി]
  7. Lanquist, Lindsey; Lanquist, Lindsey (2022-02-08). "9 Foreplay Positions That Are Fun Enough to Be the Main Event" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-10-06.
  8. Contributors, WebMD Editorial. "What Is Foreplay" (in ഇംഗ്ലീഷ്). Retrieved 2022-10-06. {{cite web}}: |last= has generic name (help)
  9. Zamosky, Lisa. "Why Foreplay Matters" (in ഇംഗ്ലീഷ്). Retrieved 2022-10-06.
  10. "How to Behave After Sex: 15 Things to Do After the Deed". www.wikihow.com. Retrieved 05-01-2024. {{cite web}}: Check date values in: |access-date= (help)
  11. "Foreplay - what it is, how to do it, and why it matters". playsafe.health.nsw.gov.au. 19-03-2018. Retrieved 05-01-24. {{cite web}}: Check date values in: |access-date= and |date= (help)
  12. "Tips from Science for Better Foreplay | Psychology Today". www.psychologytoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  13. [www.medicalnewstoday.com › articles › how-to-getHow to get turned on: Tips, tricks, and remedies "How to get turned on: Tips, tricks, and remedies"]. www.medicalnewstoday.com. {{cite web}}: Check |url= value (help)
  14. "Why Foreplay Matters (Especially for Women) - WebMD". www.webmd.com › sex-relationships.[പ്രവർത്തിക്കാത്ത കണ്ണി]
  15. valleywomenshealth2 (2017-01-04). "How men can improve their sexual performance". www.medicalnewstoday.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-10-06.{{cite web}}: CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  16. "yWhy Foreplay is Important - Men's Journal". www.mensjournal.com.[പ്രവർത്തിക്കാത്ത കണ്ണി]
  17. "Men Enjoy—and Want—Foreplay | Psychology Today". www.psychologytoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  18. "An OB-GYN's 3 Strategies for Making Sex Better After Menopause". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  19. Lohit, Dr A. V. "Why foreplay is important for good sex!" (in ഇംഗ്ലീഷ്). Retrieved 2022-10-06.
  20. "Foreplay - an overview | ScienceDirect Topics". Retrieved 2022-10-06.
  21. "11 tips for better love play before sex". www.netdoctor.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
  22. "Foreplay, Play, Orgasm, and Post-Orgasm | Psychology Today". www.psychologytoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  23. "Sex differences in sexual needs and desires - PubMed". pubmed.ncbi.nlm.nih.gov › 6466087Sex differences in sexual needs and desires - PubMed.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബാഹ്യകേളി&oldid=4286555" എന്ന താളിൽനിന്ന് ശേഖരിച്ചത്