ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്.[1] സിറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അടിസ്ഥാന വൈകല്യം എങ്ങനെയുണ്ടാകുന്നുവെന്നത് വ്യക്തമല്ല. എന്നാൽ വിഷാദരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക ഔഷധങ്ങൾ പരിവാഹക പദാർത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്.[2] തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നുഇത് ഒരു മൂഡ് ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ അളവിൽ കൂടുതലോ കുറവോ ആയാൽ മൂഡ് ഡിസോർഡർ ആയിത്തീരുന്നു.[3]

വർഗ്ഗീകരണങ്ങൾതിരുത്തുക

ഏകമുഖവിഷാദം(യുണീപോളാർ ഡിപ്രെഷൻ) : ഭൂരിപക്ഷം രോഗികളിലും വിഷാദരോഗം പെട്ടെന്നുണ്ടാവുകയും ഏതാനും മാസങ്ങൾക്കകം പൂർണമായി ശമിക്കുകയും ചെയ്യുന്നതാണ്.എന്നാൽ വലിയൊരു വിഭാഗം രോഗികളിൽ അത് ആവർത്തിക്കും.ചിലപ്പോൾ ഓരോവർഷവും ചിലരിൽ ഏതാനും വർഷങ്ങളിലെ ഇടവേളയ്ക്കുശേഷം മാത്രം.എല്ലാ പ്രാവശ്യവും വിഷാദലക്ഷണങ്ങളാണ് രോഗിക്കുണ്ടാകുന്നതെങ്കിൽ അതിനെ ഏകമുഖ വിഷാദം എന്നു വിളിക്കുന്നു.ഏകമുഖവിഷാദരോഗം ആണെന്നുറപ്പുണ്ടെങ്കിൽ വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി ഡിപ്രെസ്സെന്റ്സ്) മാത്രം കൊണ്ടുള്ള ചികിത്സ ഫലപ്രദമായേക്കും.[2]

ദ്വിമുഖവിഷാദം(ബൈപോളാർ ഡിപ്രെഷൻ): ഈ രോഗികളിൽ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകും.ഉന്മാദത്തിന്റെ പ്രത്യക്ഷലക്ഷണങ്ങൾ പ്രകടമായിട്ടില്ലെങ്കിലും പല രോഗികളിലും വിമുഖശ്രേണിയിൽ ഉൾപ്പെടുന്ന ലഹരിശീലം,പെരുമാറ്റ വൈകല്യങ്ങൾ,അനിയന്ത്രിതക്ഷോഭം എന്നിവയുണ്ടാകും.ഏകമുഖവിഷാദം ആണെന്ന് പ്രഥമദൃഷ്ടിയിൽ തോന്നിക്കുന്ന പല രോഗികളിലും ശ്രദ്ധാപൂർവം രോഗവിശകലനം നടത്തിയാൽ ദ്വിമുഖവിഷാദത്തിന്റെ തെളിവുകൾ കണ്ടെത്താം. ദ്വിമുഖവിഷാദരോഗത്തിന് വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി ഡിപ്രെസ്സെന്റ്സ്) മതിയാകില്ല.വിഷാദവിരുദ്ധൗഷധങ്ങൾ മാത്രം ഉപയോഗിക്കുന്നത് രോഗിയുടെ സ്ഥിതി മോശമാകാനും കാരണമാകും.വികാരതുലനൗഷധങ്ങൾ കൂടി ശ്രദ്ധാപൂർവം ഉപയോഗിച്ചാണ് അവയെ ചികിത്സിക്കേണ്ടത്.[2]

മെലങ്കോളിക് ഡിപ്രെഷൻ: ഇതിൽ ഉറക്കം, വിശപ്പ്, ലൈംഗികത ഇവയിൽ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.[3]

എടിപ്പിക്കൽ ഡിപ്രെഷൻ:ഈ രോഗികളിൽ അമിതമായ ഉറക്കം, കൂടുതൽ വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ പ്രകടമാകുന്നു.[3]

സൈക്കോട്ടിക് ഡിപ്രെഷൻ: ആരെക്കെയോ തന്നെ കൊല്ലാൻ വരുന്നു, ചുറ്റും ശത്രുക്കൾ ആണെന്നുമുള്ള ചിന്തയും ഭയവും ഇതിൽ കൂടുതലായി കാണുന്നു.[3]

പോസ്റ്റ് പാർട്ടം ഡിപ്രെഷൻ : ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു.[3] മൂഡ്‌ ഡിസോഡർ പ്രധാനമായും രണ്ടു തരത്തിലുണ്ട് -

  വിഷാദ രോഗം (അഥവാ depressive disorder)
  ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder)

ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡിൽ, അത്യാഹ്ലാദം, അതികഠിനമായ ദുഃഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാവുന്ന അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാർ മൂഡ്‌ ഡിസോഡർ. വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദുഃഖം ആണ് പ്രധാനമായും ഉണ്ടാവുന്നത്.

ലക്ഷണങ്ങൾതിരുത്തുക

വിഷാദരോഗത്തിൽ നിരാശ,ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ലൈംഗിക താൽപര്യക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചിൽ, തലവേദന, തലകറക്കം, സന്ധിവേദന, നീർക്കെട്ട് തുടങ്ങി പലതും ഇതിലുൾപ്പെടുന്നു. ചില രോഗികളിൽ വിഷാദത്തെക്കാൾ കൂടുതൽ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.[4]

 • ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത
 • അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,
 • വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
 • അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്
 • വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ
 • ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
 • കൂടുതലായോ കുറവായോ ഉറങ്ങുക.
 • പതിവിൽ കുറഞ്ഞതോ അമിതമായതോവായ ലൈംഗികതാല്പര്യം. പുരുഷനിൽ ഉദ്ധാരണ ശേഷിക്കുറവ്, സ്ത്രീകളിൽ യോനിവരൾച്ച തുടങ്ങിയവ[3]

കാരണങ്ങൾതിരുത്തുക

നമ്മുടെ തലച്ചോറിൽ കാണപ്പെടുന്ന നാഡീകോശങ്ങളിലാണ് സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നത്.ഈ രാസവസ്തുക്കൾ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ്‌ വിഷാദത്തിൽ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത്‌.[5].ഈ രാസവസ്തുക്കൾക്ക് ഉറക്കം,ഓർമ,പഠനം,മാനസിക നില,ലൈംഗിക താത്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്ഥാനമാണുള്ളത്.കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിൻ,നോർ-എപിനെഫ്രിൻ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം.[6] പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക.[3]

 • പീഡാനുഭവങ്ങൾ നിറഞ്ഞ ശൈശവം,ബാല്യം,കൗമാരം.
 • സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങൾ.
 • ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്പാട്.
 • ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ.
 • പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
 • വിവാഹ മോചനം,ജോലി നഷ്ടപ്പെടൽ തുടങ്ങൽ തുടങ്ങിയവ മാനസിക ശാരീരിക തീരാരോഗങ്ങൾ.

എങ്ങനെ നിയന്ത്രിക്കാംതിരുത്തുക

ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം.ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക,നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക.നടത്തം,ജോഗിംഗ്,നീന്തൽ ഇവയിലേതെങ്കിലും മൂന്ന് മിനിറ്റ് ചെയ്യുക.ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.ഒമേഗ-3-ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം,പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.നന്നായി ഉറങ്ങുക.ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക. ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക.പൂർണതയോ, മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.

ചികിൽസകൾതിരുത്തുക

ഔഷധങ്ങളും മനഃശാസ്ത്ര സമീപനങ്ങളും ജീവിതശൈലീ ക്രമീകരണങ്ങളും ചേർന്നതാണ് വിഷാദരോഗത്തിന്റെ ചികിൽസ.മസ്തിഷ്കത്തിലെ സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുപകരിക്കുന്ന എസ്.എസ്.ആർ.ഐ,എസ്.എൻ.ആർ.ഐ,മോണോഅമീൻ ഓക്സിഡേസ് ഇൻഹിബിറ്റർ,ട്രൈസൈക്ലിക് ആന്റി ഡിപ്രെസ്സെന്റ്സ് എന്നീ മരുന്നുകളാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്.ബൈപോളാർ ഡിപ്രെഷൻ ഉള്ളവർക്ക് മനസ്സിന്റെ വൈകാരികാവസ്ഥയെ ക്രമപ്പെടുത്തുന്ന മൂഡ് സ്റ്റെബിലൈസർ മരുന്നുകൾ വേണ്ടി വരും.സൈക്കോട്ടിക് ഡിപ്രെഷൻ ഉള്ളവർക്ക് മാനസിക വിഭ്രാന്തി മാറ്റാൻ ഉപയോഗിക്കുന്ന ആന്റി സൈക്കോട്ടിക് ഔഷധങ്ങൾ വേണ്ടി വരാം.മനസ്സിലെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ബിഹേവിയർ തെറാപ്പി,മൈൻഡ് ഫുൾനെസ്സ്,റിലാക്സേഷൻ എന്നിവയൊക്കെ പ്രയോജനം ചെയ്യുന്ന മഃനശാസ്ത്ര ചികിൽസകളാണ്.[4].[6]

അവലംബങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിഷാദരോഗം&oldid=3320193" എന്ന താളിൽനിന്ന് ശേഖരിച്ചത്