വ്യക്തി ശുചിത്വം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.
കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്, സാർസ് (SARS) വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, എച്ച് ഐ വി, ഹെർപ്പിസ്, ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം. [അവലംബം ആവശ്യമാണ്]
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. മാസ്ക്കോ തുവാലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും.
വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.
പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
ഉയർന്ന നിലവാരമുള്ള മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുബാധകൾ ചെറുക്കും.
നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം.
മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, ചീപ്പ്, ഷേവിങ് സെറ്റ് , ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തം പുരണ്ട ഷേവിങ് സെറ്റ്, ബ്ലേഡ് എന്നിവ വഴി എച്ച് ഐ വി തുടങ്ങിയ അണുബാധകൾ പകരാൻ സാധ്യതയുണ്ട്.
കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും.[അവലംബം ആവശ്യമാണ്]
വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക. ഇറുക്കം കുറഞ്ഞ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ അണുനാശക ലായനിയിൽ മുക്കിയ ശേഷം കഴുകുക.
പാദരക്ഷ കൊക്കോപ്പുഴു(Hook worm)വിനെ ഒഴിവാക്കും, പരുക്കുകളേയും പെൺകുട്ടികൾ ആർത്തവ ശുചിത്വം പാലിക്കണം. സാനിറ്ററി പാഡുകളും, മെൻസ്ട്രൽ കപ്പുകളും കൃത്യ സമയത്ത് മാറ്റി ഉപയോഗിക്കുക.
മലമൂത്ര വിസർജനം സാനിട്ടറി കക്കൂസുകളിൽ മാത്രം. മല വിസർജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്. [അവലംബം ആവശ്യമാണ്]
ലൈംഗികബന്ധത്തിന് മുൻപും ശേഷവും വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് ലൈംഗികാവയങ്ങൾ കഴുകുന്നത് ഗുണകരമാണ്. കോണ്ടം ശരിയായി ഉപയോഗിച്ചാൽ എച്ച് ഐ വി/ എയ്‌ഡ്‌സ്, ഗോണേറിയ, സിഫിലിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുക്കളെ നിയന്ത്രിക്കാവുന്നതാണ്.
ഏതെങ്കിലും തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്.