ആർത്തവവിരാമവും ലൈംഗികതയും

സ്ത്രീകളുടെ ലൈംഗികതയിലെ ഒരു പ്രധാന ഘട്ടമാണ് ആർത്തവവിരാമവും അതിന് ശേഷമുള്ള കാലവും. എന്നാൽ പല സ്ത്രീകളും അവരുടെ പങ്കാളികളും ഇതേപറ്റി അറിവില്ലാത്തവരാണ്. ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) എന്നത് ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. ഓവറി നീക്കം ചെയ്താലും സമാനമായ അവസ്ഥ ഉണ്ടാകാം. സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്സ്റ്ററോൺ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ ഉത്പാദനം കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. അപൂർവം ചിലർക്ക് 55 വയസിനു മുകളിലും 40 വയസിന് മുൻപും ആർത്തവ വിരാമം സംഭവിക്കാം. (അതോടെ ഒരു സ്ത്രീ സ്വാഭാവികമായി ഗർഭം ധരിക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതാകുന്നു)

ആർത്തവവിരാമമോ, ഗർഭപാത്രം നീക്കം ചെയ്യലോ സ്ത്രീ ലൈംഗികതയുടെ അവസാനമാണ് എന്നൊരു ധാരണ പലരിലും കാണാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ധാരാളം സ്ത്രീകൾ ജീവിതാവസാനം വരെ സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആർത്തവവിരാമത്തിന് ശേഷം ഗർഭധാരണം ഉണ്ടാകുന്നില്ല എന്നതും ഇതിന് ഒരു കാരണമായി പറയുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളും തുടർന്ന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളും പല സ്ത്രീ ലൈംഗികതയെ സാരമായി ബാധിക്കാറുണ്ട്. ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വഷളാകാൻ പ്രധാന കാരണം.

45 അല്ലെങ്കിൽ 55 വയസിന് ശേഷം ആർത്തവം നിലയ്ക്കുന്നതോടെ സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്‌റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ അളവ് താഴുന്നു. തന്മൂലം യോനി ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുക, ബർത്തോലിൻ ഗ്രൻഥിയുടെ പ്രവർത്തന മാന്ദ്യം, അതുമൂലം യോനിയുടെ ഉൾതൊലിയിൽ നനവ് (ലൂബ്രിക്കേഷൻ) നൽകുന്ന സ്നേഹദ്രവത്തിന്റെ ഉത്പാദനം കുറയുക, അതുമൂലം യോനീ വരൾച്ച അനുഭവപ്പെടുക (വാജിനൽ ഡ്രൈനസ്), യോനി ചർമ്മത്തിന്റെ കട്ടി കുറയുക തുടങ്ങിയ പ്രശ്നങ്ങൾ നല്ലൊരു ശതമാനം സ്ത്രീകളിലും ഉണ്ടാകാം. ഇക്കാരണത്താൽ ലൈംഗികബന്ധം അസഹനീയമായ വേദനയോ ബുദ്ധിമുട്ടോ ഉള്ളതും, യോനിയിൽ ചെറിയ മുറിവുകൾ, പോറലുകൾ എന്നിവ ഉണ്ടാകാനും, രതിമൂർച്ഛ ഇല്ലാതാകാനും കാരണമാകാം. തന്മൂലം പല സ്ത്രീകളും സംഭോഗത്തോട് വെറുപ്പും വിരക്തിയും കാണിക്കാറുണ്ട്. പ്രമേഹം ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. ചിലപ്പോൾ ഇത് വാജിനിസ്മസ് അഥവാ യോനീസങ്കോചം എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. യോനിയിലെ അണുബാധ, വജൈനിസ്മസ് അഥവാ യോനീസങ്കോചം, വൾവോഡയനിയ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, പ്രമേഹം, മലബന്ധം തുടങ്ങിയവ ഉള്ളവർക്കും ലൈംഗികമായി ബന്ധപ്പെടുമ്പോൾ കടുത്ത വേദന ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇവയൊന്നും ഇല്ല എന്ന്‌ ഒരു ഡോക്ടറെ കണ്ടു പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. വേദനാജനകമായ ലൈംഗികബന്ധം മൂലം തങ്ങളുടെ ലൈംഗികജീവിതം അവസാനിച്ചു എന്ന് സ്ത്രീകളും, സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാതെ അവർ തന്നെ പരിഗണിക്കുന്നില്ലെന്ന് പങ്കാളി കരുതുന്നതും സാധാരണയാണ്. ഹോർമോൺ കുറവ് മൂലം ലൈംഗിക താല്പര്യക്കുറവ് ഉണ്ടാകാം. മാത്രമല്ല, ശരീരത്തിലെ അമിതമായ ചൂട്, കോപം, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ തുടങ്ങിയവയും ലൈംഗികതയോടും പങ്കാളിയോടും അകൽച്ച ഉണ്ടാക്കും. മടിയോ ലജ്ജയോ വിചാരിച്ചു ഇക്കാര്യങ്ങൾ ആരോഗ്യ വിദഗ്ദരോട് പോലും ചർച്ച ചെയ്യാതെ മറച്ചു വെക്കുന്നതും പരിഹാര മാർഗങ്ങൾ തേടാതിരിക്കുന്നതും പലരുടെയും കുടുംബ ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്[1][2][3].

ചികിത്സ

തിരുത്തുക

ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇന്ന് പല തരത്തിലുള്ള ലളിതമായ ചികിത്സകൾ ലഭ്യമാണ്. 45, 50 അല്ലെങ്കിൽ 55 വയസ് പിന്നിട്ട യോനീ വരൾച്ച അനുഭവപ്പെടുന്ന സ്ത്രീകൾ ബന്ധപ്പെടുമ്പോൾ കഴിവതും ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി അഥവാ കൃത്രിമ സ്നേഹകങ്ങൾ ഉപയോഗിക്കണം. ഇവ വരൾച്ചയും, വേദനയും പരിഹരിക്കുക മാത്രമല്ല സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ഒരു പരിധിവരെ ലൈംഗിക വിരക്തി പരിഹരിക്കുകയും താല്പര്യം നിലനിർത്തുകയും ചെയ്യുന്നു. ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയും ഇന്ന് ഗുണമേന്മയുള്ള ലുബ്രിക്കന്റുകൾ ലഭ്യമാണ് (ഉദാ: കെവൈ ജെല്ലി, ഡ്യൂറെക്സ്, മൂഡ്സ് തുടങ്ങിയവ). ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ജൽ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുന്നത് ആർത്തവവിരാമം കഴിഞ്ഞവർക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ ആണ്. ഇതിനെ 'വാജിനൽ ഈസ്ട്രജൻ തെറാപ്പി' എന്ന് പറയുന്നു. അതുവഴി ചെറിയ അളവിൽ ഈസ്ട്രജൻ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, യോനിയുടെ സ്വഭാവികമായ ഈർപ്പം നിലനിർത്താനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുവാനും, രതിമൂർച്ഛ അനുഭവപ്പെടാനും ഗുണകരമാണ്. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്. കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ, വാസലിൻ, ബേബി ഓയിൽ തുടങ്ങിയവ ഉപയോഗിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും എന്നതിനാൽ ഒഴിവാക്കണം. യീസ്റ്റ്, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങിയവ ഉണ്ടാകാൻ സാധ്യത ഉള്ളവർ വെളിച്ചെണ്ണ തുടങ്ങിയ സസ്യ എണ്ണകൾ ഒഴിവാക്കുന്നതാവും ഉചിതം. ദീർഘനേരം ആമുഖലീലകൾ (ബാഹ്യകേളി) അഥവാ ഫോർപ്ലേയിൽ (Foreplay) ശരിയായ ഉത്തേജനത്തിന് അനിവാര്യമാണ്. യോനിയിലെ അണുബാധ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, മലബന്ധം, പ്രമേഹം, അമിത കോളെസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ലൈംഗിക പ്രശ്നങ്ങൾ അല്ലെങ്കിൽ വേദനാജനകമായ ലൈംഗികബന്ധം തുടങ്ങിയവ ഉണ്ടാകും എന്നതിനാൽ അത്തരം രോഗങ്ങൾ ഇല്ല, ഉണ്ടെങ്കിൽ നിയന്ത്രണത്തിലാണ് എന്ന് ഉറപ്പ് വരുത്താൻ ആവശ്യമായ പരിശോധനകളും സ്വീകരിക്കേണ്ടതുണ്ട്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) മേനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. ലൈംഗികബന്ധം, കെഗൽ വ്യായാമം എന്നിവ യോനിയുടെ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും അജിതേന്ദ്രിയം ഉണ്ടാകാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. [4][5][6][7]

വിവിധ ഘടകങ്ങൾ

തിരുത്തുക

ആമുഖലീലകളുടെ കുറവ്, വിഷാദരോഗം, പ്രായമായി എന്ന തോന്നൽ‌, ആവർത്തനവിരസത, പാപബോധം, ലൈംഗികജീവിതം ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്നൊക്കെയുള്ള തെറ്റായ ധാരണകൾ തുടങ്ങിയവ ഈ ഘട്ടത്തിൽ പലർക്കും ഉണ്ടാവാറുണ്ട്. യഥാർത്ഥത്തിൽ ആർത്തവവിരാമത്തോടെ ലൈംഗികത കുറേകൂടി പക്വമായ മറ്റൊരു തലത്തിലേക്ക് എത്തുകയാണ് എന്നതാണ് വിദഗ്ദമതം.[8]

ഗുണങ്ങൾ

തിരുത്തുക

സംതൃപ്തമായ ലൈംഗികജീവിതം ശാരീരിക മാനസിക ആരോഗ്യം വർധിപ്പിക്കുകയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, ചുറുചുറുക്ക് നിലനിർത്തുകയും, പങ്കാളികൾ തമ്മിലുള്ള ഐക്യം വർധിപ്പിക്കുകയും ചെയ്യുന്നു.[9]

ഇതും കാണുക

തിരുത്തുക

*രതിമൂർച്ഛ

*രതിമൂർച്ഛയില്ലായ്മ

*രതിസലിലം

*യോനീ വരൾച്ച

*കൃത്രിമ സ്നേഹകങ്ങൾ

*യോനീസങ്കോചം

*ബാഹ്യകേളി

*പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും

*സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം

  1. "Sex Therapy and Counseling - North American Menopause Society". www.menopause.org. Retrieved 15-01-2024. {{cite web}}: Check date values in: |access-date= (help)
  2. "Menopause and sexuality | Office on Women's Health". www.womenshealth.gov.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Painful Sex During Menopause: What to Know - WebMD". www.webmd.com.
  4. "Menopause and Vaginal Dryness: Understanding the Connection". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Yes, You Can Have an Orgasm After Menopause: 19 Tips - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Decreased Desire, Sexual Side Effects of Menopause". www.menopause.org.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Vaginal atrophy - Symptoms & causes - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Sexual health Sex and aging - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Health benefits of sex: Research, findings, and cautions". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]