ലൈംഗികബന്ധമോ, ആർത്തവ ടാമ്പൂണ് പോലെയുള്ളവ ഉപയോഗിക്കുന്നതോ, മെൻസ്ട്രൽ കപ്പോ, ചിലപ്പോൾ യോനിപരിശോധനയോ പോലും ദുഷ്ക്കരമോ വേദനാജനകമോ ആക്കുന്ന ഒരു അവസ്ഥയാണ് യോനീസങ്കോചം. ഇംഗ്ലീഷിൽ വാജിനിസ്‍മസ് അഥവാ വജൈനിസ്മസ് (Vaginismus). സ്ത്രീകൾക്ക് ഉണ്ടാകുന്ന സാധാരണമായ ഒരു രോഗാവസ്ഥ തന്നെയാണ് ഇത്. ബോധപൂർവ്വമല്ലാത്ത യോനിപേശിയുടെ സങ്കോചങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. യോനിയുടെ സങ്കോചവികാസങ്ങളെ നിയന്ത്രിക്കുന്ന മസിലുകൾ വലിഞ്ഞു മുറുകി ബന്ധപ്പെടാൻ സാധിക്കാതെ വരുന്നതും അസ്സഹനീയമായ വേദനയും ഇതിന്റെ പ്രധാന ലക്ഷണമാണ്. സ്ത്രീ പങ്കാളിക്ക് യോനിയിൽ ലൈംഗിക ബന്ധത്തിന് ആവശ്യമായ വികാസമോ, നനവോ(ലൂബ്രിക്കേഷൻ) ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും. പുരുഷ പങ്കാളിക്ക് ലിംഗ പ്രവേശനം സാധിക്കാതെ വരികയും, ചിലപ്പോൾ ഉദ്ധാരണക്കുറവും അനുഭവപ്പെടാം. ഇത്തരം അവസ്ഥമൂലം വന്ധ്യത പോലെയുള്ള പ്രശ്നങ്ങളും, ബന്ധങ്ങളുടെ തകർച്ചയും ഉണ്ടായി കാണാറുണ്ട്[1].

യോനിസങ്കോചത്തിന് ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണം മാനസികമായ പ്രശ്നം തന്നെയാണ്. പ്രധാനമായും ലൈംഗികബന്ധത്തോടുള്ള ഭയം, ലൈംഗികബന്ധം വേദന ഉളവാക്കുമോയെന്ന ഭയം എന്നിവയാണ് അടിസ്ഥാന കാരണം. ലൈംഗികബന്ധത്തോടുള്ള വെറുപ്പ്, ലൈംഗികതയെ പറ്റിയുള്ള തെറ്റായ ധാരണകൾ, ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവില്ലായ്മ, പാപചിന്ത, നേരത്തേ അനുഭവിക്കേണ്ടി വന്നിട്ടുള്ള ലൈംഗികപീഡനത്തിന്റെ ഓർമ്മകൾ, വൈവാഹിക ബലാത്സംഗം, പങ്കാളിയോടുള്ള അടുപ്പക്കുറവ്, ലൈംഗിക താല്പര്യക്കുറവ് തുടങ്ങിയവ വജൈനിസ്മസിന് കാരണമാകുന്ന ഘടകങ്ങൾ ആണ്‌. മനസിന്റെ ആഴങ്ങളിൽ അറിയാതെ കിടക്കുന്ന ഇത്തരം കാര്യങ്ങൾ ഒരുപക്ഷെ വ്യക്തി ബോധപൂർവം ശ്രമിച്ചാലും മാറിക്കൊള്ളണമെന്നില്ല. ശാരീരികമായ കാരണങ്ങളിൽ യോനിയിലെ അണുബാധ, വൾവോഡയനിയ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, എപ്പിസിയോട്ടമി ശാസ്ത്രക്രിയയുടെ മുറിവ്, മലബന്ധം, ബാഹ്യകേളിയുടെ കുറവ്,  ലൈംഗിക ഉത്തേജനക്കുറവ്, ലൂബ്രിക്കേഷന്റെ കുറവ് അഥവാ യോനീ വരൾച്ച, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദനയും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്. വേദനാജനകമായ ലൈംഗികബന്ധം ഭയത്തിലേക്കും, ലൈംഗിക താല്പര്യക്കുറവിലേക്കും പിന്നീട് വജൈനിസ്മസ് എന്ന അവസ്ഥയിലേക്കും നയിക്കാറുണ്ട്. മധ്യവയസ്ക്കരിൽ ആർത്തവവിരാമം എന്ന ഘട്ടത്തിൽ എത്തിയവർക്ക് ഈസ്ട്രജൻ ഹോർമോൺ കുറയുന്നത് മൂലം യോനിചർമ്മം വരണ്ടു നേർത്തു വരിക, യോനിയിൽ ലൂബ്രിക്കേഷൻ കുറയുക, അതുമൂലം ലൈംഗികബന്ധത്തിൽ കടുത്ത വേദന, ബുദ്ധിമുട്ട് എന്നിവ ഉണ്ടായേക്കാം. ഇതും ക്രമേണ യോനീസങ്കോചത്തിലേക്ക് നയിക്കാം. ഈ സാഹചര്യത്തിൽ പങ്കാളി ബന്ധപ്പെടാൻ നിർബന്ധിച്ചാൽ അത് പ്രശ്നം വഷളാക്കുകയേയുള്ളു എന്ന് മാത്രമല്ല അത് സ്ത്രീയുടെ ലൈംഗികതാല്പര്യത്തെ തീർത്തും ഇല്ലാതാക്കുകയും, മാനസിക നിലയെ മോശമായി ബാധിക്കുകയും ചെയ്യും. പുരുഷ പങ്കാളിക്ക് പലപ്പോഴും ലിംഗ പ്രവേശനം സാധിക്കാതെ വരികയും, ചിലപ്പോൾ ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടാൻ ഇടയാകുകയും ചെയ്യും. ഇതെപ്പറ്റി ശാസ്ത്രീയമായി അറിവില്ലാത്ത പങ്കാളികൾ പരസ്പരം കുറ്റപ്പെടുത്തുന്നതും പതിവായേക്കാം.

എന്നാൽ വിദഗ്ധ ചികിത്സ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ പലപ്പോഴും നാണക്കേട്, ലജ്ജ തുടങ്ങിയവ കാരണം പലരും ഇത്തരം പ്രശ്നങ്ങൾക്ക് ശരിയായ ചികിത്സ തേടാൻ മടിക്കാറുണ്ട്. ടോപ്പിക്കൽ തെറാപ്പി, പെൽവിക് ഫ്ലോർ വ്യായാമം അഥവാ കെഗൽ വ്യായാമം, ഡയലേറ്റർ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഈസ്ട്രജൻ തെറാപ്പി തുടങ്ങിയ വിവിധ ചികിത്സാ മാർഗങ്ങൾ ഇന്ന് വികസിച്ചു വന്നിട്ടുണ്ട്. പ്രാഥമികമായ രീതികളിൽ ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഫാർമസിയിലും മറ്റും ലഭ്യമായ ഏതെങ്കിലും മികച്ച കൃത്രിമ സ്നേഹകങ്ങൾ അഥവാ ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കുന്നത് ഗുണം ചെയ്തേക്കാം. വിദഗ്ദ പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റ്, സെക്സോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ്, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ദരുടെ സേവനം ഇവിടെ പ്രയോജനപ്പെടുത്താം. സാധാരണ ഗതിയിൽ കൗൺസിലിംഗ് കൊണ്ട് മാത്രം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാറില്ല[2][3].

  1. "www.webmd.com › women › vaginismus-causes-symptomsVaginismus: Types, Causes, Symptoms, and Treatment - WebMD". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vaginismus: Symptoms, Causes, Treatments, and More - Healthline". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  3. "www.mayoclinic.org". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=യോനീസങ്കോചം&oldid=4087218" എന്ന താളിൽനിന്ന് ശേഖരിച്ചത്