ഗർഭനിരോധന രീതികൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2024 മേയ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗർഭധാരണം തടയുന്നതിന് ശാസ്ത്രീയമായ അനേകം മാർഗങ്ങൾ ഉണ്ട്. ഇവ ഗർഭനിരോധന രീതികൾ അല്ലെങ്കിൽ ‘ഗർഭനിരോധന മാർഗങ്ങൾ‘ എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ ’കോൺട്രാസെപ്ഷൻ‘ (Contraception) എന്ന പേരിൽ അറിയപ്പെടുന്നു. കുടുംബാസൂത്രണം (ഫാമിലി പ്ലാനിങ്/ Family Planning) അല്ലെങ്കിൽ ഗർഭനിരോധനം എന്ന ആവശ്യത്തിന് വേണ്ടിയും ഇവ കൂടുതലായി ഉപയോഗപ്പെടുത്തുന്നു. ഇതിന് താൽക്കാലിക മാർഗങ്ങൾ, സ്ഥിരമാർഗങ്ങൾ എന്നിങ്ങനെ രണ്ടു രീതികളുണ്ട്. ഗർഭനിരോധന ഉപാധികൾ അഥവാ കോൺട്രാസെപ്റ്റീവ്സ് (Contraceptives) അതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇവയിൽ പലതും സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ വഴിയും സൗജന്യമായി ലഭ്യമാണ്. ഇവയിൽ പലതും ഫാർമസി വഴി ലഭ്യമാണ്. എന്നിരുന്നാലും അനാവശ്യമായ ലജ്ജയോ അറിവില്ലായ്മയോ കാരണം ഇത്തരം സേവനങ്ങൾ തേടാൻ മടിക്കുന്നവർ അനേകമുണ്ട്. ഗര്ഭനിരോധനത്തിന് ഏത് മാർഗമാണ് തങ്ങൾക്ക് അനുയോജ്യം എന്നറിയാത്തവരും ധാരാളമുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ കുടുംബാസൂത്രണ ബോധവൽക്കരണമോ ലൈംഗികാരോഗ്യ വിദ്യാഭ്യാസമോ ഇന്ത്യയിൽ ഇന്നും കാര്യക്ഷമമായി നടക്കുന്നില്ല. പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി സുരക്ഷാ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും ആഗ്രഹിക്കാത്ത ഗർഭധാരണത്തിനോ രോഗങ്ങൾക്കോ കാരണമാകാറുണ്ട്. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ആരോഗ്യ പ്രവർത്തകരോടൊ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്.[1]
ഗർഭനിരോധന ഉറ അഥവാ കോണ്ടം (പുരുഷന്മാർക്ക് വേണ്ടിയുള്ളത്)
തിരുത്തുകശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏറ്റവും ലളിതമായ ഗർഭനിരോധനമാർഗ്ഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. ലൈംഗികബന്ധ സമയത്ത് ശുക്ലം, സ്നേഹദ്രവം എന്നിവ പങ്കാളിയുടെ ഉള്ളിൽ പ്രേവേശിക്കുന്നത് ഒരു സുരക്ഷാ കവചം പോലെ ഉറ തടയുന്നു. നിരോധ് എന്ന പേരിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി ഉറകൾ സൗജന്യമായി ലഭ്യമാണ്. കോണ്ടം വിൽക്കുവാനോ വാങ്ങുവാനോ സൂക്ഷിക്കുവാനോ പ്രത്യേക ലൈസൻസോ അനുമതിയോ ആവശ്യമില്ല. പുരുഷൻമാർക്ക് ഉപയോഗിക്കാവുന്ന ഉറകളും സ്ത്രീകൾക്ക് ഉപയോഗിക്കാവുന്നവയുമുണ്ട്. മാത്രമല്ല, സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിസെക്സ് ഉറകളും ഇന്ന് ലഭ്യമാണ്. പുരുഷന്മാർക്ക് ഉദ്ധരിച്ച ലിംഗത്തിലേക്ക് ഉറ ധരിക്കാം. സ്ത്രീകൾക്ക് ഇവ യോനീ നാളത്തിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. ഇവ വാങ്ങാനും ഉപയോഗിക്കാനും എളുപ്പമാണെന്നതു കൊണ്ട്തന്നെ ഏറെ പ്രചാരമുള്ളതാണ് ഈ മാർഗം. ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ കൂടാതെ ഓൺലൈൻ വഴിയും ഇവ ലഭ്യമാണ്. സുരക്ഷയും ബോധവൽക്കരണവും ലക്ഷ്യമിട്ടു ഫെബ്രുവരി 13 അന്താരാഷ്ട്ര ഗർഭനിരോധന ഉറ ദിനമായി ലോക രാജ്യങ്ങൾ ആചരിച്ചു വരുന്നു.
പലതരം ഉറകൾ ഇന്ന് ലഭ്യമാണ്. തീരെ നേർത്തതും, ചോക്ലേറ്റ്, ബനാനാ, വാനിലാ തുടങ്ങിയ പല ഭക്ഷണപദാർഥങ്ങളുടെ രുചിയും സുഗന്ധത്തോട് കൂടിയതും, ലൂബ്രിക്കന്റ്, ബീജനാശിനി എന്നിവ അടങ്ങിയതും അവയിൽ ചിലതാണ്. 'അൾട്രാ തിൻ' തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന നേർത്ത ഉറകൾ ലൈംഗിക അനുഭൂതി തെല്ലും കുറക്കുന്നില്ല എന്ന് പറയാം. ഡോട്ടുകൾ, തടിപ്പുകൾ തുടങ്ങിയവ ഉള്ളത് സ്ത്രീക്ക് കൂടുതൽ അനുഭൂതി പകരുന്നതാണ്. അതിനാൽ ഇവ ലൈംഗിക ആസ്വാദനം വർധിപ്പിക്കാനും അനുയോജ്യമാണ്. കോണ്ടം ഉപയോഗിക്കുകയാണെങ്കിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച് ഐ വി അല്ലെങ്കിൽ എയ്ഡ്സ്, എച്ച്പിവി, പെൽവിക്ക് ഇൻഫെക്ഷൻ, സിഫിലിസ്, ഹെപ്പറ്റെറ്റിസ് ബി, ഹെർപ്പിസ് മുതലായ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷണവും ഉറപ്പാക്കാം. എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളോടൊപ്പം ഉപയോഗിച്ചാൽ ലാറ്റക്സ് ഉറ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശം അടങ്ങിയ ലൂബ്രിക്കന്റുകൾക്ക് ഈ പ്രശ്നമില്ല. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് പുരുഷന്മാരിലെ ശീഘ്രസ്ഖലനം ചെറുക്കുമെന്നും അഭിപ്രായമുണ്ട്. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ഇക്കാര്യം ചോദിച്ചു മനസിലാക്കാവുന്നതാണ്.
സ്ത്രീകൾക്കുള്ള കോണ്ടം
തിരുത്തുകലൈംഗികമായി ബന്ധപ്പെടുമ്പോൾ സ്ത്രീകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് ആന്തരിക കോണ്ടം. ‘ഫെമിഡോം അല്ലെങ്കിൽ പെൺ കോണ്ടം’ എന്നും ഇവ അറിയപ്പെടുന്നു. ഗർഭധാരണത്തിന്റെ സാധ്യതയോ, ലൈംഗികമായി പകരുന്ന രോഗാണുബാധയോ (എസ്ടിഐ) കുറയ്ക്കുന്നതിനുള്ള ഒരു സുരക്ഷാ മാർഗ്ഗമായി ലൈംഗികബന്ധത്തിൽ സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ ഉപകരണമാണ് ഇത്. പുരുഷന് കോണ്ടം ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ പോലും സ്ത്രീ പങ്കാളിക്ക് ഒരു ലളിതമായ സുരക്ഷാ മാർഗമെന്ന നിലയിൽ ഇവ ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിന് മുൻപ് യോനിയുടെ ഉള്ളിലേക്ക് തിരുകി വയ്ക്കാവുന്നതാണ്. ലൈംഗികബന്ധത്തിന് ശേഷം ഇത് എടുത്തു മാറ്റാം. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പെൺ കോണ്ടം 95% ഫലപ്രദമാണ്. എന്നാൽ പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉറകൾ 98% ഫലപ്രദമാണ്. ഫാർമസികളും സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്. ഗുദഭോഗം അഥവാ ഗുദ ലൈംഗികബന്ധത്തിൽ പങ്കാളിക്ക് ഇത്തരം ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്ഡ്സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു. അടഞ്ഞ അറ്റത്ത് വഴക്കമുള്ള മോതിരം/ഫ്രെയിം അല്ലെങ്കിൽ മോതിരം/ഫോം ഡിസ്കോടുകൂടിയ നേർത്തതും മൃദുവും അയഞ്ഞതുമായ ഉറയാണ് പെൺ കോണ്ടം. അവ സാധാരണയായി വിവിധ വലുപ്പങ്ങളിൽ വരുന്നു. മിക്ക യോനികൾക്കും, മിതമായ വലിപ്പമുള്ള കോണ്ടം മതിയാകും; അടുത്തിടെ പ്രസവിച്ച സ്ത്രീകൾ ആദ്യം വലിയ വലിപ്പം പരീക്ഷിക്കണം. ഉറയുടെ അടഞ്ഞ അറ്റത്തുള്ള അകത്തെ മോതിരം അല്ലെങ്കിൽ ഫോം ഡിസ്ക് യോനിക്കുള്ളിൽ കോണ്ടം തിരുകാനും പിടിക്കാനും ഉപയോഗിക്കുന്നു. ഉറയുടെ തുറന്ന അറ്റത്ത് ഉരുട്ടിയ പുറം വളയം അല്ലെങ്കിൽ പോളി ഫ്രെയിം യോനിക്ക് പുറത്ത് നിലകൊള്ളുകയും ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മൂടുകയും ചെയ്യുന്നു. ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ വിസമ്മതിച്ചതും, രണ്ടാമതായി കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ പുരുഷന് എസ്ടിഐ പകരും എന്നതിന്റെ സൂചനയുമാണ് ഇത് സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം.
ഗർഭനിരോധന ഗുളികകൾ
തിരുത്തുകശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഒരു ശതമാനത്തിൽ താഴെ മാത്രം പരാജയസാധ്യത ഉള്ളതാണ് ഹോർമോൺ അടങ്ങിയ ഗുളികകൾ. മറ്റ് ചില ഗുളികകളോടൊപ്പം കഴിക്കുമ്പോൾ ഇവയുടെ ഫലപ്രാപ്തി കുറയാം. മാത്രമല്ല, ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കഴിക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ഇവ കഴിക്കാൻ പാടുള്ളൂ. ഗുളിക നിർത്തിക്കഴിഞ്ഞാൽ വൈകാതെ ഗർഭധാരണശേഷി തിരിച്ച് കിട്ടും. ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കാവുന്ന സഹേലി പോലെയുള്ള ഗുളികകളും അക്കൂട്ടത്തിൽപ്പെടും. ഇവയിൽ ചിലത് സ്ത്രീകളിൽ കാണപ്പെടുന്ന സ്തനാർബുദത്തെ പ്രതിരോധിക്കുന്നതും പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതുമാണ്.
ഗർഭനിരോധന പാച്ചുകൾ
തിരുത്തുകഇടയ്ക്കിടെ ഗുളിക കഴിക്കാൻ മറക്കുന്നവർക്ക് വേണ്ടിയാണ് പാച്ചുകൾ. ഇവ ശരീരത്തിൽ ധരിക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ മാറ്റി ധരിക്കേണ്ടതാണ്. ഗുളികകളെ പോലെ ഹോർമോൺ ഉപയോഗിച്ചാണ് ഇവ ഗർഭധാരണം തടയുന്നത്. ഗുളികകളുടെ അത്രതന്നെ ഫലപ്രദവുമാണ്.
കോപ്പർ ടി അഥവാ ഐയുഡി
തിരുത്തുകകോപ്പർ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിക്കുന്നത് വഴി ഗർഭധാരണം തടയുന്നു. ഇത്തരം ലൂപ്പുകൾ 7 വർഷം വരെ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാറുണ്ട്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്ക് ഇത് ഏറെ ഉപയുക്തമാണ്. എന്നാൽ കോപ്പർ ടിയുടെ സ്ഥാനം കൃത്യമാണോ എന്നുറപ്പ് വരുത്തേണ്ടത് ഇതിന്റെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. ഹോർമോൺ അടങ്ങിയ ലൂപ്പുകൾ അമിതമായ ആർത്തവ രക്തസ്രാവം കുറയ്ക്കുവാനും ഉപയോഗിക്കാം. ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നുമില്ല.
ഇവിടെ T ആകൃതിയിലുള്ള ഒരുപകരണം ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിന് ശസ്ത്രക്രിയ ആവശ്യമില്ല. പിന്നീട് ഗർഭം ധരിക്കണമെന്ന ആവശ്യം വരുമ്പോൾ ഇത് എടുത്ത് മാറ്റുന്നത് കൊണ്ട് ഗർഭധാരണ ശേഷി തിരിച്ചുകിട്ടുന്നു. പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കുറക്കുവാനും ഇത് ഉപയോഗിക്കാം. സർക്കാർ ആശുപത്രികൾ വഴിയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ വഴിയും കോപ്പർ ടി സൗജന്യമായി ലഭ്യമാണ്. ആധുനിക ഐയുഡികൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല. ലൈംഗികബന്ധത്തിന് ശേഷം അഞ്ചു ദിവസത്തിനുള്ളിൽ നിക്ഷേപിച്ചാലും കോപ്പർ ടി ഫലം നൽകാറുണ്ട്.
അടിയന്തിര രീതികൾ
തിരുത്തുകസുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ കഴിക്കുന്ന അടിയന്തിര ഗർഭനിരോധന ഗുളികകൾ അഥവാ എമർജൻസി പിൽ ലഭ്യമാണ്. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിച്ചാലും ഫലം കാണാറുണ്ട്. എമർജ്ജൻസി പിൽ എന്ന പേരിലറിയപ്പെടുന്ന ഇവ പാർശ്വഫലങ്ങൾ കണക്കിലെടുത്തു വല്ലപ്പോഴും മാത്രം അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ സ്ത്രീ കോപ്പർ ടി ഇടുന്നതും ഗർഭധാരണം തടയും.
ബീജനാശിനികൾ
തിരുത്തുകപുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികൾ(സ്പേർമിസൈഡ്) ഗർഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതിയാണിത്. ലേപനം, ജെല്ലി രൂപങ്ങളിലുള്ള ഇവ സ്ത്രീകളുടെ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. അടിക്കടിയുള്ള ഉപയോഗം ചിലരിൽ അലർജിക്ക് ഇടയാക്കിയേക്കും. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്.
ഡയഫ്രം
തിരുത്തുകഗർഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതിൽ ബീജനാശിനികൾ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. ലൈംഗികരോഗങ്ങളെ തടുക്കാൻ ഇവയ്ക്ക് ശേഷിയില്ല. ആർത്തവസമയത്ത് ഇവ ഉപയോഗിക്കാൻ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. ഡയഫ്രത്തിന് സമാനമായി സെർവിക്കൽ ക്യാപ്പുകൾ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങൾ ഗർഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. 48 മണിക്കൂർ വരെ സെർവിക്കൽ ക്യാപുകൾ ഉപയോഗിക്കാം. ഇവ ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാൻ.
ഗർഭനിരോധന സ്പോഞ്ച്
തിരുത്തുകടുഡെ സ്പോഞ്ച് എന്നും അറിയപ്പെടുന്ന ഗർഭനിരോധന സ്പോഞ്ച് ബീജനാശിനികൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഗർഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. ഡയഫ്രത്തെയും സെർവിക്കൽ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗർഭാശയമുഖത്ത് സ്ഥാപിക്കുന്നത് സൂഷ്മതയോടെ ചെയ്യേണ്ടതാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.
വജൈനൽ റിംഗ്
തിരുത്തുകയോനിയിൽ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോർമോൺ ഉപയോഗിച്ചുള്ള ഗർഭനിരോധമാർഗമാണിത്. മാസത്തിൽ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനും പാർശ്വഫലങ്ങൾക്കും സാധ്യതയുണ്ട്.
ഗർഭനിരോധന കുത്തിവെപ്പ്
തിരുത്തുകഹോർമോൺ കുത്തിവെപ്പുകൾ മൂന്നുമാസം വരെ ഗർഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. വർഷത്തിൽ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു…
സുരക്ഷിതകാലം നോക്കൽ
തിരുത്തുകസുരക്ഷ ഏറ്റവും കുറഞ്ഞ ഗർഭനിരോധനമാർഗമാണ് 'സുരക്ഷിതകാലം നോക്കലും ശുക്ലം സ്ഖലിക്കുന്നതിന് തൊട്ട് മുൻപ് ലിംഗം പുറത്തെടുക്കലും.' രണ്ടിലും വലിയ പരാജയ സാധ്യതയുണ്ട്. വളരെ കൃത്യമായ ആർത്തവചക്രമുള്ളവർക്ക് മാത്രമേ സുരക്ഷിതകാലം നോക്കുന്നത് ഒരു പരിധി വരെയെങ്കിലും ഫലപ്രദമാകൂ. ആർത്തവചക്രത്തിന്റെ ഏകദേശം മധ്യത്തിൽ അതായത് പതിനാലാം ദിവസം വരുന്ന അണ്ഡവിസർജനകാലം (Ovulation), സുരക്ഷിതകാലം എന്നിവ നിർണ്ണയിക്കുന്നതിൽ പലർക്കും തെറ്റ് പറ്റാൻ സാധ്യതയുണ്ട്. ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ഗർഭധാരണ സാധ്യത ഏറ്റവും കൂടിയ ദിവസങ്ങളാണ് ഇത്. അതിനാൽ ഈ സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. അണ്ഡവിസർജന അവബോധം, പ്രകൃതി സഹജ കുടുംബാസൂത്രണം എന്ന് ഈ രീതിയെ വിളിക്കാം. സ്ത്രീക്ക് പ്രത്യുൽപാദനശേഷി കൂടുന്ന ദിനങ്ങളിൽ സംഭോഗം ഒഴിവാക്കുക. ശരീരതാപനില വർധിക്കുന്നതും യോനീദ്രവത്തിലുണ്ടാകുന്ന വർധനവും നോക്കി അണ്ഡവിസർജന സമയം മനസിലാക്കാം. ഒരു ഡോക്ടറെ കണ്ടും ഈ രീതിയെ പറ്റി കൂടുതൽ മനസിലാക്കാം. 75% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്. മറ്റൊരു വഴിയും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ രീതിയും ഉപയോഗിക്കാവുന്നതാണ്.
ലിംഗം പിൻവലിക്കൽ
തിരുത്തുകസ്ഖലനം നടക്കുന്നതിന് മുമ്പായി യോനിയിൽ നിന്നും പുരുഷലിംഗം പിൻവലിക്കുന്ന രീതി പണ്ടുമുതലേ സ്വീകരിച്ചു വരുന്നതാണ്. പുരുഷന്മാരിൽ സ്ഖലനത്തിന് മുൻപ് വരുന്ന ലൂബ്രിക്കന്റ് ദ്രാവകത്തിലും ബീജങ്ങൾ അടങ്ങിയിരിക്കാം എന്നിരിക്കേ സ്ഖലനത്തിന് തൊട്ട് മുൻപ് ലിംഗം യോനിയിൽ നിന്ന് പുറത്തെടുത്താലും ഗർഭം ധരിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല, ഇവയൊന്നും തന്നെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പലതരം രോഗാണുബാധകൾ തടയുന്നുമില്ല. എന്നാൽ മറ്റൊരു മാർഗവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒരു ഗർഭനിരോധന മാർഗമെന്ന നിലയിൽ പിൻവലിക്കൽ രീതിയും ഉപയോഗിക്കാവുന്നതാണ്. ഇത്തരം രീതികൾ തിരഞ്ഞെടുക്കുന്നവർ ഉറ പോലെയുള്ള മറ്റേതെങ്കിലും നിരോധന മാർഗങ്ങൾ കൂടി ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഏതൊരു രീതി ഉപയോഗിച്ചാലും 100% ഫലപ്രാപ്തി ഉറപ്പ് തരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വാസക്ടമി, ട്യൂബക്ടമി
തിരുത്തുകഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധനമാർഗ്ഗങ്ങൾ ഉപയോഗിക്കാം. ഇതിനായി സ്ത്രീകളിൽ അണ്ഢവാഹിനിക്കുഴലിൽ മാറ്റങ്ങൾ വരുത്തുന്ന ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷൻമാരിൽ ബീജം ശുക്ലവുമായി കലരുന്നത് തടയുന്ന വാസക്ടമിയുമാണ് നിലവിലുള്ളത്. വാസക്ടമി ഒരു തരത്തിലും ഉദ്ധാരണശേഷിയേയോ സ്കലനത്തെയോ ലൈംഗിക ശേഷിയെയോ ബാധിക്കില്ല. സിസേറിയൻ ശസ്ത്രക്രിയ ആണെങ്കിൽ കൂടെത്തന്നെ പ്രസവം നിർത്താം എന്ന കാരണത്താൽ പലരും ട്യൂബക്ടമി ചെയ്യാറുണ്ട്. ഇതൊഴിച്ചാൽ അത്യന്തം ലളിതമായി പുരുഷൻമാരിൽ ചെയ്യാവുന്ന വാസക്ടമി തന്നെയാണ് സ്ഥിര ഗർഭനിരോധനത്തിന് ഏറ്റവും എളുപ്പമാർഗ്ഗം എന്ന് പറയാം. ഇതിന് ആശുപത്രിവാസം ആവശ്യമില്ല. രണ്ട് രീതിയായാലും 'റീകനാലൈസേഷൻ' എന്ന വഴിയിലൂടെ ഒരുപരിധി വരെ ഗർഭധാരണശേഷി തിരിച്ച് കിട്ടാൻ സാധ്യതയുണ്ടെങ്കിലും ഇത് എല്ലായ്പോഴും വിജയിക്കണമെന്നില്ല. ഇന്ന് താക്കോൽ ദ്വാര ശസ്ത്രക്രിയ വഴിയും ട്യൂബക്ടമി ലഭ്യമാണ്. അതിന് ആശുപത്രിവാസം അധികം ആവശ്യമില്ല.[2][3]
റെഫെറൻസുകൾ
തിരുത്തുക- ↑ "Methods of contraception - NHS". www.nhs.uk.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Family planning/contraception methods". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "www.mayoclinic.org". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]