മെഡിക്കൽ ആവശ്യങ്ങൾക്കോ ലൈംഗികമായി ബന്ധപ്പെടുമ്പോഴോ വഴുവഴുപ്പ് ലഭിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ലൂബ്രിക്കന്റ് ജെല്ലി അഥവാ സ്നേഹകങ്ങൾ (Lubricant gelly). 'പേഴ്‌സണൽ ലൂബ്രിക്കന്റ്' എന്ന വിഭാഗത്തിൽ വരുന്ന ഇവ സാധാരണ ഗതിയിൽ 'ലൂബ്, ലൂബ്രിക്കന്റ്, ജൽ' എന്നി പേരുകളിൽ അറിയപ്പെടുന്നു. സ്ത്രീകളിൽ ലൂബ്രിക്കേഷൻ (രതിസലിലം) ഉണ്ടാകാത്ത അവസ്ഥയിൽ ഉണ്ടാകുന്ന യോനീ വരൾച്ച, സംഭോഗസമയത്ത് വേദന, ലൈംഗികബന്ധത്തിൽ ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവർക്ക് അവ ഇല്ലാതാക്കി ലൈംഗികബന്ധം അല്ലെങ്കിൽ സ്വയംഭോഗം സുഗമവും സുഖകരവുമാക്കാനും രതിമൂർച്ഛ അനുഭവപ്പെടാനും ഇത്തരം ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ ഏറെ ഫലപ്രദമാണ്. ചില മെഡിക്കൽ ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കാറുണ്ട്. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും, സ്വാഭാവിക ലൂബ്രിക്കേഷൻ കുറഞ്ഞവർക്കും, ആമുഖലീലകൾക്ക് (ബാഹ്യകേളി അല്ലെങ്കിൽ ഫോർപ്ലേ) താല്പര്യമില്ലാത്തവർക്കും, കൂടുതൽ സ്നിഗ്ദ്ധത ആവശ്യമുള്ളവർക്കും, പ്രമേഹം പോലെയുള്ള ചില രോഗങ്ങൾ ഉള്ളവർക്കും ഇവ ഗുണകരമാണ്. ലൈംഗിക ബന്ധത്തിന് മുന്നോടിയായി ഇവ യോനിയിലും ലിംഗത്തിലും പുരട്ടാവുന്നതാണ്. നാല്പതഞ്ചു അല്ലെങ്കിൽ അൻപത് വയസ് പിന്നിട്ട സ്ത്രീകൾ, പ്രത്യേകിച്ചും ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയവർ, പ്രസവം കഴിഞ്ഞ സ്ത്രീകൾ തുടങ്ങിയവർ ലൂബ്രിക്കന്റ് ജെല്ലുകൾ ഉപയോഗിക്കുന്നത് ഉത്തമമാണ്. ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഉത്പാദനത്തിലെ കുറവ് കാരണം യോനിയുടെ ഉൽത്തൊലി നേർത്തും വരണ്ടും കാണപ്പെടാറുണ്ട്. ഇതിനെ യോനീ വരൾച്ച എന്നറിയപ്പെടുന്നു. അതിനാൽ വേദനാജനകമായ ലൈംഗികബന്ധം, അസ്വസ്ഥത, രതിമൂർച്ഛാഹാനി എന്നിവ അനുഭവപ്പെടാനുള്ള സാധ്യത ഉള്ളതിനാൽ പലരും ലൈംഗികബന്ധത്തോട് വെറുപ്പും വിരക്തിയും പ്രകടിപ്പിക്കാറുണ്ട്. പ്രമേഹ രോഗികൾക്കും മേല്പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ആരോഗ്യ പ്രവർത്തകർ മികച്ച ലൂബ്രിക്കന്റ് ജല്ലുകൾ നിർദേശിക്കാറുണ്ട്. മധ്യവയസ്ക്കാരായ സ്ത്രീകളുടെ ലൈംഗിക താല്പര്യവും രതിമൂർച്ഛയും നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ലൂബ്രിക്കന്റിനു വലിയ പങ്കുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഇവ പല തരത്തിലുണ്ട്. ജലം അടിസ്ഥാനമാക്കിയവ (Water based), സിലിക്കൺ അടിസ്ഥാനമാക്കിയവ (Silicon based), എണ്ണ അടിസ്ഥാനമാക്കിയവ (Oil based), ബീജനാശിനി (Spermicide), ഈസ്ട്രജൻ അടങ്ങിയവ (Oestrogen gel), വജൈനൽ മൊയിസ്ച്ചറൈസറുകൾ തുടങ്ങിയത് അവയിൽ ചിലതാണ്. ഫാർമസി, സൂപ്പർ മാർക്കെറ്റുകൾ, ഓൺലൈൻ സ്റ്റോറുകൾ തുടങ്ങിയ മർഗങ്ങളിൽ കൂടി ഇവ ലഭ്യമാണ്. എന്നാൽ പലർക്കും ഇവ ചോദിച്ചു വാങ്ങാൻ തന്നെ ലജ്ജയും മടിയുമാണ്. കേവൈ ജെല്ലി, ഡ്യുറക്സ്, കെഎസ് തുടങ്ങിയ ധാരാളം ബ്രാൻഡുകൾ വിപണിയിൽ കണ്ടുവരുന്നു. കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ, വെളിച്ചെണ്ണ, ഉമിനീർ, വാസലിൻ, ബേബി ഓയിൽ തുടങ്ങിയവ യോനി ഭാഗത്ത്‌ അണുബാധയ്ക്ക് സാധ്യത വർധിപ്പിക്കും എന്നതിനാൽ അവ ഒഴിവാക്കുന്നതാണ് ഉചിതം. ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. രോഗവാഹകരുടെ ഉമിനീർ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു, ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളവർ വെളിച്ചെണ്ണ ഒഴിവാക്കുന്നതാവും ഉചിതം. എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ (Oil based lubricants) കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് നിർമിതമായ കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ ജലാംശമടങ്ങിയവയാണ് ഉറകൾക്കൊപ്പം നല്ലത്. ഇവ ശുദ്ധജലത്താൽ കഴുകി കളയാനും എളുപ്പമാണ്. എണ്ണ അടങ്ങിയ സ്നേഹകങ്ങൾ ബാത്ത് ടാബ്ബിലും മറ്റും ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കാവുന്നതാണ്[1].

45, 50 അല്ലേങ്കിൽ 55 വയസ് പിന്നിട്ട, ആർത്തവവിരാമത്തിന് ശേഷം സാധാരണ ലൂബ്രിക്കന്റുകൾ ഫലപ്രദമാകാത്ത സ്ത്രീകൾക്ക് ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ മികച്ച ജെല്ലുകൾ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാവികമായ ആരോഗ്യവും ഈർപ്പവും സംരക്ഷിക്കുന്നതിനും, യോനിചര്മത്തിന്റെ കട്ടി വർധിക്കാനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ കുറയ്ക്കുവാനും, രതിമൂർച്ഛ ഉണ്ടാകുവാനും സഹായകരമാണ്. ഇത് ഒരു ഡോക്ടറുടെ നിർദേശപ്രകാരമാണ് ഉപയോഗിക്കേണ്ടത്. ബീജനാശിനി അടങ്ങിയ ലൂബ്രിക്കന്റുകൾ ഗര്ഭനിരോധനത്തിനും സഹായിക്കും. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്. [2][3][4].

  1. "what-you-need-to-knowNeed-to-Know Details Before You Buy Vaginal Lubricants". www.verywellhealth.com ›.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vaginal lubricants: best lubes for vaginal dryness". www.netdoctor.co.uk. www.netdoctor.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Buy water based lubricant online in India". www.shycart.com. shycart.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Vaginal Dryness: Symptoms, Causes, and Treatment". patient.info.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കൃത്രിമ_സ്നേഹകങ്ങൾ&oldid=4117231" എന്ന താളിൽനിന്ന് ശേഖരിച്ചത്