ലൂബ്രിക്കന്റ് ജെല്ലി
മെഡിക്കൽ ആവശ്യങ്ങൾക്കോ ലൈംഗികമായി ബന്ധപ്പെടുമ്പോഴോ വഴുവഴുപ്പ് ലഭിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ലൂബ്രിക്കന്റ് ജെല്ലി (Lubricant gelly). 'പേഴ്‌സണൽ ലൂബ്രിക്കന്റ്' എന്ന വിഭാഗത്തിൽ വരുന്ന ഇവ സാധാരണ ഗതിയിൽ 'ലൂബ്, ജൽ' എന്നി പേരുകളിൽ അറിയപ്പെടുന്നു. ഉദാഹരണം കെവൈ ജെല്ലി, ഡ്യുറക്സ് തുടങ്ങിയവ. സ്ത്രീകളിൽ ലൂബ്രിക്കേഷൻ (രതിസലിലം) ഉണ്ടാകാത്ത അവസ്ഥയിൽ ഉണ്ടാകുന്ന യോനീ വരൾച്ച, സംഭോഗസമയത്ത് വേദന, ലൈംഗികബന്ധത്തിൽ ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവർക്ക് അവ ഇല്ലാതാക്കി ലൈംഗികബന്ധം അല്ലെങ്കിൽ സ്വയംഭോഗം സുഗമവും സുഖകരവുമാക്കാനും രതിമൂർച്ഛ അനുഭവപ്പെടാനും ഇത്തരം ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ ഏറെ ഫലപ്രദമാണ്. കത്തിറ്റർ ഇടുന്നത് പോലെയുള്ള പല മെഡിക്കൽ ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കാറുണ്ട്. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും, സ്വാഭാവിക ലൂബ്രിക്കേഷൻ കുറഞ്ഞവർക്കും, ആമുഖലീലകൾക്ക് (ബാഹ്യകേളി അല്ലെങ്കിൽ ഫോർപ്ലേ) താല്പര്യമില്ലാത്തവർക്കും, കൂടുതൽ സ്നിഗ്ദ്ധത ആവശ്യമുള്ളവർക്കും, പ്രമേഹം പോലെയുള്ള ചില രോഗങ്ങൾ ഉള്ളവർക്കും ഇവ ഗുണകരമാണ്. എന്നാൽ ഇതേപറ്റിയുള്ള ശാസ്ത്രീയമായ അവബോധം ആളുകൾക്ക് കുറവാണ് എന്ന് പറയാം. ലൈംഗിക ബന്ധത്തിന് മുന്നോടിയായി ഇവ യോനിയിലും ലിംഗത്തിലും പുരട്ടാവുന്നതാണ്. നാല്പതഞ്ചു അല്ലെങ്കിൽ അൻപത് വയസ് പിന്നിട്ട സ്ത്രീകൾ, പ്രത്യേകിച്ചും ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയവർ, പ്രസവം കഴിഞ്ഞ സ്ത്രീകൾ തുടങ്ങിയവർ ലൂബ്രിക്കന്റ് ജെല്ലുകൾ ഉപയോഗിക്കുന്നത് ഉത്തമമാണ്. 45/50/55 വയസിലെത്തിയ ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ ഉത്പാദനത്തിലെ കുറവ് കാരണം യോനിയുടെ ഉൽത്തൊലി വരണ്ടും നേർത്തും കാണപ്പെടാറുണ്ട്. ഇതിനെ യോനീ വരൾച്ച എന്നറിയപ്പെടുന്നു. അതിനാൽ വേദനാജനകമായ ലൈംഗികബന്ധം, അസ്വസ്ഥത, രതിമൂർച്ഛാഹാനി എന്നിവ അനുഭവപ്പെടാനുള്ള സാധ്യത ഉള്ളതിനാൽ പലരും ലൈംഗികബന്ധത്തോട് വെറുപ്പും വിരക്തിയും പ്രകടിപ്പിക്കാറുണ്ട്. പ്രമേഹ രോഗികൾക്കും മേല്പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ആരോഗ്യ പ്രവർത്തകർ മികച്ച ലൂബ്രിക്കന്റ് ജല്ലുകൾ നിർദേശിക്കാറുണ്ട്. മധ്യവയസ്ക്കാരായ സ്ത്രീകളുടെ ലൈംഗിക താല്പര്യവും രതിമൂർച്ഛയും നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ലൂബ്രിക്കന്റിനു വലിയ പങ്കുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ആരോഗ്യ പ്രവർത്തകരോടൊ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്.[1][2]
വിവിധ തരങ്ങൾ, ലഭ്യത
തിരുത്തുകഇവ പല തരത്തിലുണ്ട്. ജലം അടിസ്ഥാനമാക്കിയവ (Water based), സിലിക്കൺ അടിസ്ഥാനമാക്കിയവ (Silicon based), എണ്ണ അടിസ്ഥാനമാക്കിയവ (Oil based), ബീജനാശിനി (Spermicide), ഈസ്ട്രജൻ അടങ്ങിയവ (Oestrogen gel), വജൈനൽ മൊയിസ്ച്ചറൈസറുകൾ തുടങ്ങിയത് അവയിൽ ചിലതാണ്. ഫാർമസി, സൂപ്പർ മാർക്കെറ്റുകൾ, ഓൺലൈൻ സ്റ്റോറുകൾ തുടങ്ങിയ മർഗങ്ങളിൽ കൂടി ഇവ ലഭ്യമാണ്. എന്നാൽ പലർക്കും ഇവ ചോദിച്ചു വാങ്ങാൻ തന്നെ ലജ്ജയും മടിയുമാണ്. കേവൈ ജെല്ലി, ഡ്യുറക്സ്, കെഎസ് തുടങ്ങിയ ധാരാളം ബ്രാൻഡുകൾ വിപണിയിൽ കണ്ടുവരുന്നു. കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ, വെളിച്ചെണ്ണ, ഉമിനീർ, വാസലിൻ, ബേബി ഓയിൽ തുടങ്ങിയവ യോനി ഭാഗത്ത് അണുബാധയ്ക്ക് സാധ്യത വർധിപ്പിക്കും എന്നതിനാൽ അവ ഒഴിവാക്കുന്നതാണ് ഉചിതം. ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. രോഗവാഹകരുടെ ഉമിനീർ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു, ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളവർ വെളിച്ചെണ്ണ ഒഴിവാക്കുന്നതാവും ഉചിതം. എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ (Oil based lubricants) കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് നിർമിതമായ കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ ജലാംശമടങ്ങിയവയാണ് ഉറകൾക്കൊപ്പം നല്ലത്. ഇവ ശുദ്ധജലത്താൽ കഴുകി കളയാനും എളുപ്പമാണ്. എണ്ണ അടങ്ങിയ സ്നേഹകങ്ങൾ ബാത്ത് ടാബ്ബിലും മറ്റും ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കാവുന്നതാണ്.[3]
അവലംബം
തിരുത്തുക- ↑ "Vaginal Dryness: Symptoms, Causes, and Treatment - Patient". patient.info.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "6 Best Lubricants for Menopause Dryness - Medical News Today". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Types of Lube: How to Choose and Use the Best One for You | SELF". www.self.com.