പൊന്മേരി ശിവക്ഷേത്രം

(പോന്മേരി ശിവക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരകേരളത്തിൽ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൊന്മേരി ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പൊന്മേരി ശിവക്ഷേത്രം.[1] ഉഗ്രമൂർത്തിയായ ശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, തുല്യപ്രാധാന്യത്തോടെ വിഷ്ണു, ബ്രഹ്മാവ്, ശങ്കരനാരായണൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി (പാർവ്വതി സങ്കല്പം), ശ്രീകൃഷ്ണൻ, സൂര്യൻ, നാഗദൈവങ്ങൾ, ഭൂതത്തേവർ എന്നിവരും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ത്രിമൂർത്തികൾ ഒരുമിച്ച് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്നതിനൊപ്പം, ബ്രഹ്മാവിനെ പ്രതിഷ്ഠിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ പെട്ട പ്രസിദ്ധമായ പന്നിയൂർ വരാഹമൂർത്തിക്ഷേത്രം പോലെ ഇവിടെയും പണി അവസാനിയ്ക്കില്ല എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ വ്യാപകമായ നാശം നേരിട്ട ക്ഷേത്രമായിരുന്നു ഇത്. മകരമാസത്തിലെ രോഹിണി നാളിൽ കൊടികയറി നടക്കുന്ന എട്ടുദിവസത്തെ ഉത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ഇവിടെ പ്രധാന ആഘോഷങ്ങൾ. മലബാർ ദേവസ്വം ബോർഡും കേരളക്ഷേത്ര സംരക്ഷണ സമിതിയും ചേർന്നാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം

തിരുത്തുക

ഉത്തരകേരളത്തിൽ, കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കൊട്ടിയൂർ ക്ഷേത്രങ്ങളുമായി അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യമാണ് പൊന്മേരി ക്ഷേത്രത്തിനുള്ളത്. തന്റെ പിതാവായ ദക്ഷപ്രജാപതിയാൽ അപമാനിയ്ക്കപ്പെട്ടതിൽ മനം നൊന്ത് യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്ത സതീദേവിയുടെ ശരീരവുമായി ഉഗ്രതാണ്ഡവമാടിയ പരമശിവൻ, യാഗവേദിയായ കൊട്ടിയൂരിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കി. ഭഗവാനെ ശാന്തനാക്കാനായി അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു, തന്റെ ആയുധമായ സുദർശനചക്രം ഉപയോഗിച്ച് സതീദേവിയുടെ ശരീരം പല കഷ്ണങ്ങളാക്കുകയും അവ വന്നുവീണ സ്ഥലങ്ങളിലെല്ലാം ദേവിമാരുടെ പലവിധ ക്ഷേത്രങ്ങളുണ്ടാകുകയും ചെയ്തു. ശാന്തനായി മാറിയ മഹാദേവൻ, തന്റെ ഭൂതമായ വീരഭദ്രനാൽ വധിയ്ക്കപ്പെട്ട ദക്ഷനെ പുനർജനിപ്പിച്ച് അനുഗ്രഹിച്ച ശേഷം, മേൽപ്പറഞ്ഞ ദേവിമാരോടുകൂടി പുറപ്പെട്ടു. ഈ ദേവിമാർ പിന്നീട് പലയിടങ്ങളിലായി സാന്നിദ്ധ്യം കൊണ്ടു. അങ്ങനെയുള്ള ഒരു യാത്രയ്ക്കിടയിൽ പൊന്മേരിയിലെത്തിയ മഹാദേവൻ, ഒരിടത്തുനിന്ന് പായസത്തിന്റെ മണം വരുന്നതുകണ്ട് അന്വേഷിച്ചപ്പോൾ ഒരു ഇല്ലത്ത് എത്തിച്ചേരുകയും തുടർന്ന് അവിടെ സാന്നിദ്ധ്യമുറപ്പിയ്ക്കുകയുമായിരുന്നു. പിന്നീട് പ്രശ്നവശാൽ ഭഗവദ്സാന്നിദ്ധ്യം മനസ്സിലാക്കിയ ഇല്ലത്തെ വലിയ നമ്പൂതിരി, മഹാദേവന് ഒരു ക്ഷേത്രം പണിയുകയായിരുന്നു. ദക്ഷയാഗത്തിന്റെ സ്മരണയ്ക്കായി വിഷ്ണു, ബ്രഹ്മാവ്, ശങ്കരനാരായണൻ, സൂര്യൻ തുടങ്ങിയ ദേവതകൾക്കും ഇവിടെ സ്ഥാനം നൽകുകയുണ്ടായി. ഇന്ന് ഇവർക്കെല്ലാം തുല്യസ്ഥാനമാണ് കണക്കാക്കിവരുന്നത്.

ചരിത്രം

തിരുത്തുക

ചരിത്രപരമായ സൂചനകൾ അനുസരിച്ച് എ.ഡി. ഒമ്പതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയിലാണ് പൊന്മേരി ശിവക്ഷേത്രത്തിന്റെ പണി നടന്നിരിയ്ക്കുന്നത്. കേരളം മുഴുവൻ അടക്കിഭരിച്ചിരുന്ന ചേരരാജാക്കന്മാരാണ് ക്ഷേത്രനിർമ്മാണത്തിന് നേതൃത്വം നൽകിയത്. പിൽക്കാലത്ത് ക്ഷേത്രം കോലത്തിരിമാർക്കും അതിനുശേഷം പുത്രാവകാശമായി കടത്തനാട് രാജാക്കന്മാർക്കും ലഭിച്ചു. ഇവരെല്ലാവരും ക്ഷേത്രത്തെ ഭംഗിയായി പരിപാലിച്ചുപോന്നു. കടത്തനാട് രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രത്തിൽ ഏറ്റവുമധികം പണികൾ നടന്നിട്ടുള്ളത്. ഒരിയ്ക്കൽ ക്ഷേത്രം ജീർണ്ണിച്ച അവസരത്തിൽ അന്നത്തെ കടത്തനാട് രാജാവ് വിദഗ്ദ്ധരായ നിരവധി ശില്പിമാരെ കൊണ്ടുവന്നിട്ടും പണി പൂർത്തിയാകാതെ വരികയും, ഒടുവിൽ സാക്ഷാൽ മഹാദേവൻ തന്നെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ വന്ന് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തതായി ഒരു ഐതിഹ്യകഥ നാട്ടിൽ പ്രചാരത്തിലുണ്ട്.

മൈസൂരു കടുവ എന്ന പേരിൽ പ്രസിദ്ധനായ ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ച അവസരത്തിൽ പൊന്മേരിയിലും വരികയുണ്ടായി. ക്ഷേത്രത്തിൽ വൻ തോതിലുള്ള നാശനഷ്ടങ്ങളാണ് അദ്ദേഹത്തിന്റെ സൈന്യമുണ്ടാക്കിയത്. ഉപദേവതകളുടെ വിഗ്രഹങ്ങളും ബലിക്കല്ലും നടപ്പുരകളും തകർത്തശേഷം പ്രധാന ശ്രീകോവിലും തകർക്കാൻ പുറപ്പെട്ട സൈനികർക്ക്, പക്ഷേ പെട്ടെന്നുണ്ടായ ചില ദുർനിമിത്തങ്ങളെത്തുടർന്ന് പലായനം ചെയ്യേണ്ടിവന്നു. ക്ഷേത്രത്തിലെ അടിച്ചുതളിക്കാരിയായിരുന്ന ചങ്ങരോത്ത് പെണ്ണൂട്ടി വാരസ്യാർ, താൻ ചൂലുകൊണ്ട് തട്ടുമ്പോൾ ഉഗ്രശബ്ദം പുറപ്പെടുവിയ്ക്കാൻ മഹാദേവനോട് അഭ്യർത്ഥിയ്ക്കുകയും തുടർന്ന് തീമഴ പെയ്യുകയുമായിരുന്നെന്നാണ് നാട്ടുമൊഴി. അങ്ങനെ, ക്ഷേത്രത്തിലെ ശ്രീകോവിലും അകത്തുള്ള ശിവലിംഗവും രക്ഷപ്പെട്ടു. ഈ സംഭവത്തിനുശേഷം ഇവിടെയുള്ള ഭഗവാൻ, തീയന്നൂരപ്പൻ എന്നും അറിയപ്പെടാൻ തുടങ്ങി.

എന്നാൽ, പിന്നീടുള്ള കാലം ക്ഷേത്രത്തിൽ ദുരിതങ്ങളുടേതായിരുന്നു. മലബാർ പ്രദേശം ബ്രിട്ടീഷ് ഭരണത്തിനുകീഴിലായതോടെ ക്ഷേത്രം നോക്കിനടത്താൻ കടത്തനാട് രാജവംശത്തിന് സാധിയ്ക്കാതെ വരികയും, 1907-ൽ അന്നത്തെ മദ്രാസ് സർക്കാർ ക്ഷേത്രം ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും പ്രാധാന്യം കണക്കിലെടുത്ത് കടത്തനാട്ട് രാജാവിനെ ട്രസ്റ്റിയാക്കിത്തന്നെ നിയമിച്ചു. ബ്രിട്ടീഷ് സർക്കാരിൽ നിന്നുലഭിയ്ക്കുന്ന മാലിഖാൻ എന്ന പെൻഷൻ കൊണ്ടുമാത്രം ക്ഷേത്രഭരണം നടത്താൻ സാധിയ്ക്കാതെ വന്നപ്പോൾ നാട്ടുകാരുടെ പങ്കാളിത്തം കൂടി സ്വീകരിയ്ക്കാൻ രാജാവ് തയ്യാറായി. 1956-ൽ കേരളപ്പിറവി കഴിഞ്ഞപ്പോൾ ക്ഷേത്രം എച്ച്.ആർ.&സി.ഇ. എന്ന സ്ഥാപനത്തിന്റെ ഭരണത്തിനുകീഴിലായി. 2008-ൽ ഇത് മലബാർ ദേവസ്വം ബോർഡായി പരിണമിച്ചു.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ക്ഷേത്രപരിസരം

തിരുത്തുക

പൊന്മേരി ദേശത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ മുന്നിലൂടെ വടകര-പുറമേരി റോഡ് കടന്നുപോകുന്നു. പറമ്പിൽ യു.പി. സ്കൂൾ, അഷ്ടപദി കളരിസംഘം, പൊന്മേരി ഫുട്ബോൾ ഗ്രൗണ്ട് തുടങ്ങിയ ആകർഷണങ്ങൾ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പ്രധാന വഴിയിൽ നിന്ന് അല്പം തിരിഞ്ഞുവേണം ക്ഷേത്രത്തിലെത്താൻ. തിരിയുന്ന ഭാഗത്തുതന്നെ ക്ഷേത്രത്തിന്റെ പേരെഴുതിയ ഒരു കമാനം വച്ചിട്ടുണ്ട്. ഇതിലൂടെ അല്പദൂരം മുന്നോട്ടുപോയാൽ ക്ഷേത്രത്തിന്റെ മുന്നിലെത്താം. ക്ഷേത്രത്തിൽ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. അവ പണിയാൻ പദ്ധതിയുണ്ട്. കിഴക്കേ നടയിലെ പ്രവേശനകവാടത്തിന് തൊട്ടുമുന്നിലായി ഒരു അരയാൽ വൃക്ഷം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും വാഴുന്നു എന്ന് സങ്കല്പമുണ്ട്. അങ്ങനെ പുണ്യവൃക്ഷമായി കണക്കാക്കപ്പെടുന്ന അരയാലിനെ ദിവസവും രാവിലെ ഏഴുതവണ വലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ത്രിമൂർത്തികൾ ഒരുമിച്ചുവാഴുന്ന പൊന്മേരി ക്ഷേത്രത്തിനുമുന്നിലെ അരയാലിനെ വലംവയ്ക്കുന്നത് കൂടുതൽ വിശേഷമായി കണക്കാക്കപ്പെടുന്നു. തെക്കുകിഴക്കുഭാഗത്താണ് വാഹനപാർക്കിങ് സൗകര്യം ഏർപ്പാടാക്കിയിരിയ്ക്കുന്നത്. ഇവിടെത്തന്നെയാണ് ദേവസ്വം ഓഫീസും കാണുന്നത്. മലബാർ ദേവസ്വം ബോർഡിനുകീഴിൽ വരുന്ന ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് പൊന്മേരി ദേവസ്വം. ലോകനാർക്കാവ് ഗ്രൂപ്പിനുകീഴിലാണ് ഇത് വരുന്നത്. വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. ഒന്നരയേക്കർ വിസ്തീർണ്ണം വരുന്നതും ഈ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുമായ ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ദർശനത്തിനെത്താറുള്ളത്. ഇവിടെത്തന്നെയാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. നിരവധി കുട്ടികൾ നീന്തൽ പഠിയ്ക്കാനായി ഈ കുളം ഉപയോഗിച്ചുവരുന്നുണ്ട്. വളരെ വൃത്തിയായി പരിപാലിച്ചുപോരുന്ന ഒരു കുളമാണിത്.

കിഴക്കേ നടയിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് അലൂമിനിയം ഷീറ്റിൽ നിർമ്മിച്ച ചെറിയൊരു നടപ്പുരയും അതിനപ്പുറം നിൽക്കുന്ന സ്വർണ്ണക്കൊടിമരവുമാണ്. രണ്ടും ഇവിടെ വന്നിട്ട് അധികകാലമായിട്ടില്ല. ക്ഷേത്രത്തിൽ പണ്ടുകാലത്ത് വലിയ ആനക്കൊട്ടിലുണ്ടായിരുന്നിരിയ്ക്കാൻ സാധ്യതയുണ്ട്. ടിപ്പു സുൽത്താന്റെയും മറ്റും ആക്രമണത്തിലാകണം അവ തകർന്നിരിയ്ക്കാൻ സാധ്യത. പിന്നീട് വിശദമായ നടപ്പുര പണിതിട്ടില്ല. ഭഗവദ്വാഹനമായ നന്ദികേശനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരം, ക്ഷേത്രത്തിന്റെ പ്രൗഢി തുറന്നുകാട്ടുന്നു. 2018-ലാണ് ഇത് ഇവിടെ പ്രതിഷ്ഠിച്ചത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. ഏകദേശം പത്തടി ഉയരം ഈ ബലിക്കല്ലിനുണ്ട്. തന്മൂലം പുറമേ നിന്നുനോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ഭഗവാന്റെ പ്രധാന സൈന്യാധിപനായ ഹരസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. ഇതിനുചുവട്ടിലായി അപ്പം പോലെ എട്ട് ചെറിയ ബലിക്കല്ലുകളും കാണാം. ഇവ ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. കിഴക്കുഭാഗത്ത് ഭൗതികൻ, തെക്കുകിഴക്കുഭാഗത്ത് ദുർവരീക്ഷൻ, തെക്കുഭാഗത്ത് ഭീമരൂപൻ, തെക്കുപടിഞ്ഞാറുഭാഗത്ത് സുലോചനൻ, പടിഞ്ഞാറുഭാഗത്ത് സുമുഖൻ, വടക്കുപടിഞ്ഞാറുഭാഗത്ത് മഹാബാഹു, വടക്കുഭാഗത്ത് ത്രിശ്ശിരസ്സ്, വടക്കുകിഴക്കുഭാഗത്ത് ത്രിഭുജൻ എന്നിവരാണ് ഉപസൈന്യാധിപന്മാർ. ഇവർക്ക് പുറത്തെ ബലിവട്ടത്തിൽ ഇതേ സ്ഥലങ്ങളിൽ വേറെയും ബലിക്കല്ലുകളുണ്ട്. ശീവേലിസമയത്ത് ഇവയിലാണ് ബലിതൂകാറുള്ളത്. ഉത്സവകാലത്ത് കൊടിയേറ്റത്തിനുശേഷം ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത് ഇവരെ സങ്കല്പിച്ചാണ്. കൂടാതെ, ക്ഷേത്രപാലനായി തെക്കുപടിഞ്ഞാറേമൂലയിൽ പിംഗളൻ എന്നൊരാളും കാണും. ശീവേലിയ്ക്ക് പാത്രത്തോടെ ബലിതൂകുന്നത് ഇദ്ദേഹത്തിനാണ്.[2]

സൂര്യക്ഷേത്രവും ഭൂതത്തേവരും ശാസ്താവും
തിരുത്തുക

നടവഴിയുടെ നേരെ തെക്കുമാറി പടിഞ്ഞാറോട്ട് ദർശനമായി ഒരു ശ്രീകോവിലുണ്ട്. ഇവിടെയാണ് സൂര്യഭഗവാന്റെ പ്രതിഷ്ഠയുള്ളത്. സാധാരണ ഉപദേവതകളെക്കാൾ പ്രാധാന്യത്തോടെയാണ് ഇവിടെ സൂര്യനെ കണ്ടുവരുന്നത്. ഇരുകൈകളിലും താമര പിടിച്ച്, പത്നിമാരോടുകൂടി നിൽക്കുന്ന സൂര്യനെ തൊഴുതാൽ നവഗ്രഹങ്ങളെ മുഴുവൻ തൊഴുത ഫലം സിദ്ധിയ്ക്കുമെന്നാണ് വിശ്വാസം. വിശേഷാൽ നവഗ്രഹപൂജ, ഗോതമ്പുപായസം, താമരമാല എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. ഞായറാഴ്ച ദിവസങ്ങളിൽ ഇവിടെ ദർശനം നടത്തുന്നത് അതിവിശേഷമായി കണ്ടുവരുന്നു. അവയിൽ തന്നെ മേടം, ചിങ്ങം, വൃശ്ചികം, ധനു എന്നീ മാസങ്ങളിലെ ഞായറാഴ്ചകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. തുടർന്ന് പ്രദക്ഷിണമായി വരുമ്പോൾ മേൽക്കൂരയില്ലാത്ത ഒരു തറയിൽ ഭൂതത്തേവരുടെ പ്രതിഷ്ഠ കാണാം. മഹാദേവന്റെ കാവലാളായാണ് ഭൂതത്തേവരെ സങ്കല്പിച്ചിരിയ്ക്കുന്നത്. ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഭൂതത്തേവരെ തൊഴുത അനുവാദം വാങ്ങിയേ മഹാദേവനെ വണങ്ങാവൂ എന്നാണ് ചിട്ട. ഭഗവാന്റെ നിവേദ്യത്തിന്റെ ഉച്ചിഷ്ടമാണ് ഭൂതത്തേവരുടെ പ്രധാന വഴിപാട്.

ക്ഷേത്രത്തിന്റെ തെക്കേ നടയിൽ ധാരാളം മരങ്ങൾ തഴച്ചുവളരുന്നുണ്ട്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, വാഴ തുടങ്ങിയവ അവയിൽ പ്രധാനമാണ്. കൂടാതെ നിരവധി പൂമരങ്ങളും കാണാം. തെക്കുപടിഞ്ഞാറേമൂലയിൽ പ്രദക്ഷിണവഴിയിൽ നിന്ന് അല്പം മാറിയാണ് അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ. മണ്ഡപത്തോടുകൂടിയ ചെറിയൊരു ശ്രീകോവിലാണ് ഇവിടെ അയ്യപ്പന്നുള്ളത്. ഏകദേശം രണ്ടടി ഉയരം വരുന്ന ഇവിടത്തെ വിഗ്രഹം, ഇരിയ്ക്കുന്ന രൂപത്തിലാണ്. എന്നാൽ, ശബരിമലയിലെ രൂപത്തിൽ നിന്ന് വളരെ വ്യത്യസ്തമായ രൂപമാണ്. വലതുകയ്യിൽ താമര ധരിച്ച്, ഇടതുകൈ ഇടതുകാൽമുട്ടിൽ വച്ചിരിയ്ക്കുന്ന രൂപത്തിലുള്ള അയ്യപ്പനാണ് ഇവിടെയുള്ളത്. സമീപം തന്നെ നാളികേരമുടയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലുള്ള മണ്ഡപത്തിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനമാണ് ഇവിടെ പ്രധാന വഴിപാട്.

സുബ്രഹ്മണ്യനും മഹാവിഷ്ണുവും
തിരുത്തുക

ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. വലതുകൈ മലർത്തിവച്ച്, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്ന ഭഗവാന്റെ വലത്തേ ചുമലിൽ വേലുണ്ട്. എല്ലാ മാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസം ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. തുലാമാസത്തിലെ സ്കന്ദഷഷ്ഠി അതിൽ ഏറ്റവും പ്രധാനമാണ്. സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് അല്പം കൂടി കിഴക്കുമാറിയാണ് മഹാവിഷ്ണുവിന്റെ ശ്രീകോവിൽ. മഹാവിഷ്ണു ഇവിടെ ഉപദേവനല്ല, മറിച്ച് മഹാദേവന്റെ അതേ പ്രാധാന്യമുള്ള മൂർത്തിയാണ്. ഇതിന്റെ പ്രതീകമായി ശ്രീകോവിലിന്റെ മുന്നിൽ ഒരു ബലിക്കല്ല് കാണാം. മുമ്പ് ഇതൊരു പ്രത്യേകക്ഷേത്രമായിരുന്നിരിയ്ക്കണം. നാലടിയിലധികം ഉയരം വരുന്ന ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹമാണ് ഇവിടെയുള്ളത്. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിവ ധരിച്ച മഹാവിഷ്ണുവിന് പാൽപ്പായസം, തുളസിമാല, ചന്ദനം ചാർത്തൽ എന്നിവയാണ് പ്രധാന വഴിപാടുകൾ. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, ധനുമാസത്തിലെ വൈകുണ്ഠ ഏകാദശി എന്നിവയാണ് മഹാവിഷ്ണുവിന്റെ പ്രധാന ആണ്ടുവിശേഷങ്ങൾ. മഹാവിഷ്ണുവിന്റെ ശ്രീകോവിലിന്റെ ഇടതുവശത്തെ വഴിയിലൂടെ പോയാൽ നമുക്ക് ക്ഷേത്രക്കുളത്തിലെത്താം.

സർപ്പക്കാവും ബ്രഹ്മാവും ശങ്കരനാരായണനും
തിരുത്തുക

ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ ദേവസ്വം വക വഴിപാട് കൗണ്ടറുണ്ട്. രുദ്രാഭിഷേകമാണ് പൊന്മേരിയപ്പന്നുള്ള പ്രധാന വഴിപാട്. ഇത് എല്ലാ ദിവസവും രാവിലെ നടത്തിവരുന്നതാണ്. യജുർവേദത്തിന്റെ ഭാഗമായ പ്രസിദ്ധമായ ശ്രീരുദ്രമന്ത്രം ചൊല്ലി ശിവലിംഗത്തിൽ വിവിധ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം നടത്തുന്നതാണ് ഈ ചടങ്ങ്. കൂടാതെ ധാര, പിൻവിളക്ക്, കൂവളമാല, ശർക്കരപ്പായസം, പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ തുടങ്ങി വേറെയും നിരവധി വഴിപാടുകൾ പൊന്മേരിയപ്പന്നുണ്ട്. വഴിപാട് കൗണ്ടറിന്റെ സമീപമുള്ള വഴിലൂടെ അല്പം നടന്നാൽ അതിവിശാലമായ സർപ്പക്കാവിലെത്താം. അത്തി, ഇത്തി, പേരാൽ, അരയാൽ, പുന്നാകം, ഏഴിലം‌പാല, ഇലഞ്ഞി തുടങ്ങി നിരവധി മരങ്ങൾ തഴച്ചുവളരുന്ന ഒരു കാവാണിത്. ഇവയുടെയെല്ലാം തണലിൽ പ്രത്യേകം തീർത്ത ഒരു തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി വാഴുന്ന കാവിൽ കൂടെ നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി, ചിത്രകൂടം തുടങ്ങിയ പരിവാരങ്ങളുമുണ്ട്. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാട്. എല്ലാമാസവും ആയില്യം നാളിൽ ഇവിടെ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് വിശേഷാൽ സർപ്പബലിയുമുണ്ട്. നാഗദൈവങ്ങളെ തൊഴുത് തിരിച്ച് മതിലകത്തെത്തിയാൽ വടക്കുകിഴക്കേ അറ്റത്ത് പടിഞ്ഞാറോട്ട് ദർശനം നൽകുന്ന രണ്ട് ശ്രീകോവിലുകൾക്ക് മുന്നിലെത്തും. ഇവയിൽ ആദ്യത്തേതിൽ ബ്രഹ്മാവും മറ്റേതിൽ ശങ്കരനാരായണനുമാണ് പ്രതിഷ്ഠകൾ. ത്രിമൂർത്തികളിൽ ഒരാളായി കണക്കാക്കപ്പെടുമ്പോഴും ബ്രഹ്മാവിനെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ ഭാരതത്തിൽ തന്നെ അത്യപൂർവ്വമാണ്. രാജസ്ഥാനിലെ പുഷ്കറിലുള്ളതാണ് അവയിൽ ഏറ്റവും പ്രധാനം. ഇവിടെ ബ്രഹ്മാവിന് നിത്യേന പൂജയും വച്ചുനിവേദ്യവുമുണ്ട്. സാധാരണ ചിത്രങ്ങളിൽ കാണപ്പെടുന്നതുപോലെ ചതുർമുഖനല്ല ഇവിടെ ബ്രഹ്മാവ്. ഒരു മുഖമേയുള്ളൂ. പുറകിലെ വലതുകയ്യിൽ വേദഗ്രന്ഥവും പുറകിലെ ഇടതുകയ്യിൽ ജപമാലയും മുന്നിലെ ഇടതുകയ്യിൽ കമണ്ഡലുവും ധരിച്ച് മുന്നിലെ വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്ന രൂപമാണ് ഇവിടെ ബ്രഹ്മാവിന്. ശങ്കരനാരായണശ്രീകോവിലിലാണെങ്കിൽ, വിഗ്രഹരൂപത്തിലാണ് പ്രതിഷ്ഠ. ഇതിന്റെ വലതുപകുതി ശിവനെയും ഇടതുപകുതി വിഷ്ണുവിനെയും കാണിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ ഇടതുകയ്യിൽ കൗമോദകിയും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഈ ശ്രീകോവിലുകൾക്കുമുന്നിലും വലിയ ബലിക്കല്ലുകൾ കാണാം. ഒരുകാലത്ത്, ഇവയും പ്രത്യേക ക്ഷേത്രങ്ങളായിരുന്നിരിയ്ക്കണം. അങ്ങനെ ത്രിമൂർത്തികളുടെയും അവരുടെ സംഗമമൂർത്തിയായ ശങ്കരനാരായണന്റെയും സാന്നിദ്ധ്യം കാരണം ഈ ക്ഷേത്രം ഒരു പുണ്യഭൂമിയായി മാറുന്നു.

ശ്രീകോവിൽ

തിരുത്തുക

ചതുരാകൃതിയിൽ തീർത്ത, ഇരുനിലകളോടുകൂടിയ ഒരു മഹാസൗധമാണ് ഇവിടത്തെ ശ്രീകോവിൽ. പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ പണികഴിപ്പിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഈ ശ്രീകോവിൽ, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകോവിലുകളിലൊന്നാണ്. കരിങ്കല്ലിലും വെട്ടുകല്ലിലും തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം ആറടി ഉയരം വരുന്ന ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പൊന്മേരിയപ്പൻ കുടികൊള്ളുന്നു. സതീവിരഹത്തിനുശേഷം തപസ്സനുഷ്ഠിയ്ക്കുന്ന ശിവനായാണ് പ്രതിഷ്ഠാസങ്കല്പം.

നാലമ്പലം

തിരുത്തുക
  1. https://www.mathrubhumi.com/travel/features/ponmeri-temple-kozhikode-temple-spiritual-travel-pilgrimage-1.6287134
  2. https://melparambath.blogspot.com/2020/01/blog-post_91.html
"https://ml.wikipedia.org/w/index.php?title=പൊന്മേരി_ശിവക്ഷേത്രം&oldid=4145518" എന്ന താളിൽനിന്ന് ശേഖരിച്ചത്