ഗണപതി

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ
(ഗണപതി ധ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി, ഗണേഷൻ അഥവാ വിഘ്നേശ്വരൻ (സംസ്കൃതം: गणपति; IAST gaṇapati; കേൾക്കൂ). അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു. പ്രപഞ്ച സൃഷ്ടാവായ ഗണേശനെ മഹാഗണപതി എന്നറിയപ്പെടുന്നു. ഗണേശന്റെ പൂർണ്ണ രൂപമാണ് മഹാ ഗണപതി. ഹിന്ദു വിശ്വാസ പ്രകാരം ഏതൊരു നല്ല കാര്യം തുടങ്ങുന്നതിനും മുൻപ്‌ ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്. അതിനു വേണ്ടി ഗണപതി ഹോമം, ഗണേശപൂജ തുടങ്ങിയവ നടത്തപ്പെടുന്നു. അതിനാൽ ആദ്യപൂജിതൻ, മംഗളമൂർത്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ കാണാം. കുട്ടിയെ എഴുത്തിനിരുത്തുമ്പോ ആദ്യം നാവിലും കൈകളിലും നിറയുന്ന ആദ്യ അക്ഷരം ഗണപതി സ്തുതിയാണ്. 'ഓം ഹരിശ്രീ ഗണപതായേ നമഃ‘.

ഗണപതി (Gaṇeśa)
ഗണപതി
ദേവനാഗരിगणेश
Sanskrit Transliterationgaṇeśa
Affiliationഗണങ്ങളുടെ പതി
ഗ്രഹംശുക്രൻ, കേതു
മന്ത്രംഓം വിഘ്നേശ്വരായ നമഃ, ഓം ഗം ഗണപതയേ നമഃ
ജീവിത പങ്കാളിബുദ്ധി
സമൃതി
സിദ്ധി
Mountമൂഷികൻ

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഗണപതി ഉപദേവനായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. പൊതുവെ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നത് മഹാഗണപതിയാണ്. ഗണേശ പുരാണത്തിൽ പരമാത്മാവ് അഥവാ ദൈവമായ മഹാ ഗണപതിയുടെ മാഹാത്മ്യ കഥകൾ കാണാം. മഹാരാഷ്ട്ര തുടങ്ങിയ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലാണ് ഗണേശ ആരാധന കൂടുതലായി കാണപ്പെടുന്നത്. ഹൈന്ദവരായ വ്യാപാരികളുടെയും ബിസിനസ്‌ സമൂഹത്തിന്റെയും ഇടയിൽ ഗണേശ ആരാധന സാധാരണമാണ്. ബിസിനസ്‌ സംരംഭങ്ങളുടെ ഉയർച്ചയ്ക്കും ഐശ്വര്യത്തിനുമായി വിശേഷ ദിവസങ്ങളിൽ അവർ ഗണേശ പൂജ നടത്തുന്നു. പരമശിവന്റേയും പാർവതിദേവിയുടേയും മകനായി ഗണപതി അവതരിച്ചു എന്ന് പുരാണത്തിൽ കാണാം. ബുദ്ധിയുടെയും സിദ്ധിയുടേയും സ്മൃതിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. അതിനാൽ ഗണപതിയുടെ രണ്ട് ഭാര്യമാരായി സിദ്ധിബുദ്ധിമാരെ സങ്കൽപ്പിച്ചിരിക്കുന്നു. 32 ഭാവങ്ങളിൽ മഹാഗണപതി സങ്കൽപ്പിക്കപ്പെടുന്നു. സിദ്ധിവിനായകൻ, ലക്ഷ്മി ഗണപതി, ക്ഷിപ്ര പ്രസാദ ഗണപതി തുടങ്ങിയവ അവയിൽ ചിലതാണ്. ധന സൗഭാഗ്യങ്ങൾ ഉണ്ടാകാൻ വേണ്ടി മഹാലക്ഷ്മിയുടെ അനുഗ്രഹം തേടുന്നവർ ആദ്യം ഗണപതിയെ ആരാധിക്കണം എന്നാണ് വിശ്വാസം. ദീപാവലിയുമായി ബന്ധപ്പെട്ടു ഗണേശനെയും ലക്ഷ്മിയേയും പൂജിക്കുക എന്നത് വിശ്വാസികൾക്ക് ഇടയിൽ പതിവാണ്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ പ്രധാന ദൈവമായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു. ശൈവ ശക്തേയ വിശ്വാസങ്ങളിലും ഗണപതിക്ക് പ്രാധാന്യമുണ്ട്. തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം. [1] ഗണപതി ആരാധന ബുദ്ധ-ജൈന മതങ്ങളെ വളരെയധികം സ്വാധീനിച്ചീട്ടുണ്ട്.[2]

നിരുക്തം

തിരുത്തുക

ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ അല്ലെങ്കിൽ ഗണേഷൻ (സംസ്കൃതം: गणेश; IAST: Gaṇeśa) എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' (സംസ്കൃതം: श्री) എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.

സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം (ദേവനാഗരി: गण) നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ (ദേവനാഗരി: ईश) എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്. ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്. വിനായകൻ, വിഘ്നരാജൻ (വിഘ്ന ങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ), ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ), ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം), ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ) , ഹേരംബ, ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ), ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ. പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ (സംസ്കൃതം: विनायक; IAST: Vināyaka) എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്.[3] ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്. [4] ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ്(സംസ്കൃതം: विघ्नेश; IAST: vighneśa), വിഘ്നേ ശ്വരൻ (സംസ്കൃതം: विघ्नेश्वर; vighneśvara) എന്നീ പേരുകളിൽ അറിയപ്പെടുന്നത്. തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്[5]. എ. കെ നരൈന്റെ അഭിപ്രായത്തിൽ പിള്ള എന്നത് 'കുട്ടി' എന്നും പിള്ളയാർ എന്നത് 'കുലീനനായ കുട്ടി' എന്നും വ്യാഖ്യാനിക്കാം.[6] അനിത താപ്പാന്റെ ലേഖനങ്ങളിൽ പിള്ളയാർ എന്നത് ആനക്കുട്ടിയെയാണ് സൂചിപ്പിക്കുന്നതെന്നു പറയുന്നുണ്ട്.[7]

ബിംബവിജ്ഞാനീയം

തിരുത്തുക
 
അഷ്ടസിദ്ധി ഗണപതി

ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കൽപ്പന. കൈയ്യുകളുടെ എണ്ണത്തിലും കയ്യുകളിൽ പിടിച്ചിരിയ്ക്കുന്ന രൂപങ്ങളുടെ കാര്യത്തിലും ഐക്യരൂപം കാണുന്നില്ല[അവലംബം ആവശ്യമാണ്]. നാലുമുതൽ അറുപത്തിനാലു കയ്യുകൾ വരെയുള്ള ഗണേശ രൂപങ്ങൾ കണ്ടിട്ടുണ്ട് [അവലംബം ആവശ്യമാണ്]. രണ്ടു കയ്യുകളുമായി ഗണേശനെ ചിത്രീകരിയ്ക്കുന്നത് മതാചാര പ്രകാരം പൊതുവേ അംഗീകരിയ്ക്കപ്പെടുന്നില്ല [അവലംബം ആവശ്യമാണ്]. രണ്ടു കൈകളിൽ താമരയും മറ്റു രണ്ട് കൈകൾ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്ന രീതിയിലും ഗണപതി രൂപങ്ങൾ കാണാറുണ്ട്.

വിഘ്നേശ്വരൻ

തിരുത്തുക

സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുൻപും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കർണ്ണാടക സംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതി സ്തുതിയോടേയാണ് ആരംഭിയ്ക്കുക. വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവർ ആദ്യമായി എഴുതിയ്ക്കുന്നത്.

രൂപ വർണ്ണന

തിരുത്തുക
 

മഹാഗണപതിയുടെ രൂപത്തിന്റെ ഓരോരോ ഭാഗത്തിനും അതിന്റേതായ പ്രത്യേകതകളും അർത്ഥവുമുള്ളതായാണ് കണക്കാക്കുന്നത്.

* ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു

* ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.

* സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.

* ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിയ്ക്കുന്നു.

* നാലു കയ്യുകൾ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.

* കയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകൾ ഉടലെടുക്കുക.

* ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലിൽ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.

* സാധകന് അഭയം നൽകുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.

* പദ്മം ധ്യാനത്തിലെ ഒരു ഉയർന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയർന്ന അവസ്ഥയായി സനാതന ദർശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്

ഓംകാര സ്വരൂപം

തിരുത്തുക

മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം.ഗാണപത്യന്മാർക്ക് ഗണപതി പൂർണ്ണ പരബ്രഹ്മ രൂപമാണ്. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്

പ്രചാരം

തിരുത്തുക

ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ പ്രചാരം വളരെ വലുതാണ്. ഹൈന്ദവ ദർശനങ്ങളിലും ബുദ്ധ,ജൈനമത ദർശനങ്ങളിലും മഹാ ഗണപതീ രൂപം നിലവിലുണ്ട്. ഗണേശൻ, വിനായകൻ, ബാലാജി, വിഘ്നേശ്വരൻ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.

 

പുരാണം, ഐതിഹ്യം

തിരുത്തുക

പുരാണങ്ങളിൽ നിന്നുള്ളതോ പ്രാചാരത്തിലുള്ളതോ ആയ ഐതിഹ്യങ്ങൾ ഓരോ ദൈവ സങ്കൽപ്പങ്ങളെ പറ്റിയും നിലവിലുണ്ട്. ഗണപതിയുടെ അവതാരത്തെ പറ്റി പല കഥകളുണ്ട്. അതിലൊന്ന് പാർവ്വതി ആദിമൂല മഹാഗണപതിയെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി തന്റെ മകനായി പിറക്കണം എന്ന് ആവശ്യപ്പെട്ടു എന്നും അങ്ങനെ പാർവതിയുടെ മകനായി ആദിമൂല മഹാഗണപതി ഉണ്ണി ഗണേശനായി ജനിച്ചു എന്നും ആണ് ഒരു കഥ.

മറ്റൊന്ന് കൈലാസനാഥനായ പരമശിവന്റെ അടുത്ത് ദേവന്മാരും അസുരന്മാരും ശിവഗണങ്ങളും ആയി ഭയങ്കര തിരക്കായിരുന്നു. ആളൊഴിഞ്ഞൽപ്പം സമയം തനിക്കൊപ്പം ഇരിക്കാൻ ശ്രീ പരമേശ്വരന് നേരമില്ല എന്ന് പാർവതി ദേവി ഭഗവാനോട് പരാതി പറഞ്ഞിരുന്നു എങ്കിലും ലോകം വാണരുളുന്ന അദ്ദേഹത്തിന് അതിനുള്ള സമയം കുറവായിരുന്നു. അങ്ങനെ ശിവനോടുള്ള ദേഷ്യത്തിന് ആദിപരാശക്തിയായ ഭഗവതി ചന്ദനപ്പൊടികൊണ്ട് ഒരു പ്രതിമയുണ്ടാക്കി അതിനു തന്റെ ശക്തികൊണ്ടു ജീവൻ കൊടുത്തു. അവൻ ശ്രീ പാർവതിയുടെ സ്വന്തം പകർപ്പു തന്നെയായിരുന്നു. ഈ പുത്രൻ അവന്റെ അമ്മയുടെ ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാല ഗണേശനെ നിർത്തി പാർവതി നീരാട്ടിനു പോയി. ഈ സമയത്തു ബ്രഹ്‌മാദി ദേവന്മാർ കൈലാസത്തിൽ എത്തിച്ചേർന്നു. ശിവൻ നന്ദിയെയും മറ്റു ശിവഗണങ്ങളെയും വിട്ടു പാർവതിയെ വിളിപ്പിയ്ക്കാൻ ശ്രമിച്ചു. പക്ഷേ ഗണേശൻ ആരെയും അനുവദിച്ചില്ല. ദേവന്മാർ നേരിട്ട് ഗണപതിയോട് ആവശ്യപെട്ടെങ്കിലും അതും ഫലവത്തായില്ല. ഒടുവിൽ പരമശിവൻ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലഗണപതി കടത്തിവിട്ടില്ല. ഇതിൽ ക്രുദ്ധനായ ശിവൻ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാർവതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികൾ ശിവനു മനസ്സിലാവുന്നതു തന്നെ. എന്നാൽ ആദിപരാശക്തിയായ ശ്രീ പാർവതിയുടെ പുത്രദുഃഖത്താലുള്ള കോപാഗ്നി ഇതിനുള്ളിൽ ജ്വലിച്ചു തുടങ്ങിയിരുന്നു. ഉഗ്രരൂപം പൂണ്ട ശ്രീ പാർവതി മഹാകാളിയായി മാറി. ഭഗവതിയുടെ ആജ്ഞപ്രകാരം നവദുർഗ്ഗാ ദേവിമാർ യുദ്ധത്തിന് സന്നദ്ധരായി പ്രത്യക്ഷപ്പെട്ടു. ദേവീകോപം ഭയന്ന് സർവരും പരാശക്തിയെ സ്തുതിച്ചു ക്ഷമാപണം നടത്തി. തുടർന്നു ബ്രഹ്മാവും മഹാവിഷ്ണുവും ഇന്ദ്രാദി ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായ പ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ഗണപതിയിൽ ഉറപ്പിക്കുകയും ചെയ്തു എന്ന്‌ ഒരു പുരാണ കഥ.

മറ്റൊന്ന് ലളിത സഹസ്രനാമത്തിലെ 77, 78 നാമങ്ങൾ പ്രകാരമാണ്. 77,78 നാമങ്ങൾ സൂചിപ്പിക്കുന്നത് ശ്രീ മഹാഗണപതിയുടെ ഉല്പത്തിയും പ്രവർത്തനവുമാണ്.

ആദിപരാശക്തിയായ ലളിതാ പരമേശ്വരിയുടെ ശക്തിസേനയിലേക്ക് ഭണ്ഡാസുരാജ്ഞയാൽ  വിക്ഷേപിക്കപ്പെട്ട  "ജയവിഘ്നം"എന്ന ആഭിചാരകർമ്മം സേനയുടെ ഉത്സാഹം കെടുത്തി. അതിന് പരാഹാരമായാണ് ഗണേശജനനം.

77. കാമേശ്വരമുഖാലോകകല്പിതശ്രീ ഗണേശ്വരാ

ഭർത്താവായ കാമേശ്വരൻ്റെ (ശിവൻ) മുഖത്തേക്ക് ലളിത പരമേശ്വരി ആലോകനം (നോട്ടം) ചെയ്തപ്പോഴത്തെ കല്പനയിൽ, ഭാവനയിൽ / സങ്കല്പത്തിൽ ശ്രീ ഗണേശ്വരൻ രൂപമെടുത്തു.

ഗണപതിക്കു ആനയുടെ തല കിട്ടിയതിനെപ്പറ്റി പല കഥകളുണ്ട്. ഒരു കഥയനുസരിച്ച് പാർവതി ശനിയെ കാണിച്ചു കൊടുത്തപ്പോൾ ശനിയുടെ ദുർശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചു കൊടുത്തുവെന്നുമാണ് ഒരു പുരാണം.   

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. ഇങ്ങനെയാണ് ഗണപതി ഒറ്റക്കൊമ്പനായതത്രേ. വേദവ്യാസൻ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഏഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും, അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഒരു കഥയുണ്ട്.

ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പൂജാദ്രവ്യം കറുകയായി മാറിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ അനലാസുരൻ സ്വർഗ്ഗ ലോകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഈ അസുരന്റെ നേത്രങ്ങളിൽ നിന്നും പ്രവഹിച്ച അഗ്നിയിൽ എല്ലാം ചാമ്പലായി. ഇതിൽ നിന്നും രക്ഷപ്പെടാൻ ദേവന്മാർ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാട് രൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാൽ അസുരന്റെ താപം ഗണപതിയുടെ വയറ്റിൽ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവൻ തപിച്ചു.


അവസാനം മുനിമാർ 21 കറുക നാമ്പുകൾ കൊണ്ട് ഗണേശന് അർച്ചന ചെയ്തു. അതിന്റെ ഫലമായി ഗണേശന്റെ താപ ം ശമിക്കുകയും ചെയ്തു. സന്തുഷ്ടനായ ഗണപതി ആരാണോ തന്നെ കറുക കൊണ്ട് പൂജിക്കുന്നത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കപ്പെടും എന്ന് മുനിമാരെ അനുഗ്രഹിച്ചു. അന്നുമുതലാണ് ഗണപതിക്ക് കറുക ഏറ്റവും പ്രിയപ്പെട്ടതായത്.

21 എന്ന സംഖ്യയ്ക്ക് പ്രാധാന്യമുണ്ടായത്.

പൂവില്ലാത്ത കറുകയാണ് പുജയ്ക്കെടുക്കുന്നത്. കറുക ഒറ്റസംഖ്യയിൽ നുള്ളിയെടുക്കണം. അത് ഒറ്റക്കെട്ടാക്കി വെള്ളത്തിൽ മുക്കി ശുദ്ധമാക്കിയ ശേഷം ഗണപതിയെ പൂജിക്കണം. ഗണപതി ക്ഷേത്രങ്ങളിൽ സമർപ്പിക്കപ്പെടുന്ന ഏറ്റവും വീശിഷ്ട വസ്തുവാണ് കറുകപുല്ല്.

32 ഭാവങ്ങൾ

തിരുത്തുക

32 തരത്തിലുള്ള ഭാവങ്ങൾ ഗണപതിക്ക് ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്

  1. ബാലഗണപതി: കുട്ടികളുടേത് മാതിരി മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.
  2. തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.
  3. ഭക്തിഗണപതി: പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.
  4. വീരഗണപതി: ഒരു യോദ്ധാവിന്റെ ഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്. ഉഗ്രമൂർത്തിയാണ്.
  5. ശക്തിഗണപതി: 4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി. ദുർബലരെ രക്ഷിക്കുന്ന ഭാവം.
  6. ദ്വിജഗണപതി: 3 ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.
  7. സിദ്ധിഗണപതി: എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി. കഴിവുകൾ ഉണ്ടാകാൻ ഈ ഗണപതിയെ ആരാധിക്കുന്നത് നല്ലതെന്ന് വിശ്വസിക്കപ്പെടുന്നു.
  8. ഉച്ചിഷ്ട്ടഗണപതി: സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6 കൈകളിൽ മാതളം, നീലത്താമര, ജപമാല, നെൽക്കതിർ.
  9. വിഘ്നഗണപതി: എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.
  10. ക്ഷിപ്രഗണപതി: വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്. തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്. ഉഗ്രമൂർത്തിയാണ്.
  11. ക്ഷിപ്രപ്രസാദഗണപതി: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലു കൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്നു.
  12. ഹെരംബഗണപതി: 5 മുഖമുള്ള ഗണപതി, വെളുത്ത നിറം, ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്. ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.
  13. ലക്ഷ്മിഗണപതി: തുവെള്ള നിറമാണ് ഈ ഗണപതിക്ക്. ലക്ഷ്മിദേവിയോട് കൂടി ഇരിക്കുന്നു‌. കൈകളിൽ തത്ത, മാതളം. ഐശ്വര്യവും സമ്പത്തും നൽകുന്ന ഗണപതി. ബിസിനസ്‌ സമൂഹത്തിന്റെ ഇഷ്ട ദൈവം. വെള്ളിയാഴ്ച പ്രധാന ദിവസം.
  14. മഹാഗണപതി: ഈ ഗണപതിയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന് വിശ്വാസം. ഇത് പരമാത്മാവാണ്. ഗണപതിയുടെ പൂർണ രൂപം. തൃക്കണ്ണ് ഉള്ള ഗണപതിയാണ് ഇത്. മാതളം, നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു. ക്ഷേത്രങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഗണപതി ഇതാണ്.
  15. വിജയഗണപതി: എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി. സർവകാര്യവിജയത്തിന് ഉത്തമം.
  16. നൃത്തഗണപതി: കലകളുടെ നാഥനാണ് ഈ ഗണപതി. നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും കാണാം.
  17. ഉർധ്വഗണപതി: 6 കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.
  18. ഏകാക്ഷര ഗണപതി: തൃക്കണ്ൺ ഉള്ള ഗണപതി. താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്.
  19. വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
  20. ത്രയാക്ഷരഗണപതി: ഈ ഗണപതി പൊട്ടിയ കൊമ്പും, തുമ്പിക്കൈയിൽ മോദകവും.
  21. ഹരിന്ദ്രഗണപതി: ഒരു പീഠത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.
  22. ഏകദന്തഗണപതി: ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്. ലഡ്ഡു ആണ് പ്രസാദം.
  23. സൃഷ്ടിഗണപതി: ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്. എല്ലാം സൃഷ്ടിക്കുന്ന ഗണപതി ആണിത്.
  24. ഉദ്ദണ്ടഗണപതി: ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.
  25. ഋണമോചനഗണപതി: കടങ്ങളിൽ നിന്ന് മോചിപ്പിക്കുന്ന ഗണപതി. ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.
  26. ധുണ്ടി ഗണപതി: കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.
  27. ദ്വിമുഖഗണപതി: രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.
  28. ത്രിമുഖഗണപതി: സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.
  29. സിംഹഗണപതി: ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
  30. യോഗഗണപതി: യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്. ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.
  31. ദുർഗ്ഗഗണപതി: യുദ്ധ വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി. ശത്രുക്കളിൽ വിജയം നൽകുന്ന ഗണപതി.
  32. സങ്കടഹരഗണപതി: എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്. പൗർണമി കഴിഞ്ഞു വരുന്ന സങ്കടഹര ചതുർഥി പ്രധാന ദിവസം.

പ്രാർത്ഥനാ ശ്ലോകങ്ങൾ

തിരുത്തുക

വക്ര തുണ്ട മഹാകായ

സൂര്യകോടി സമപ്രഭഃ

നിർവിഘ്‌നം കുരുമേ‌ ദേവ

സർവ്വ കാര്യേഷു സർവദാ.

ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം. [8]

"ശുക്ലാംബരധരം വിഷ്ണും, ശശിവർണ്ണം ചതുർഭുജം, പ്രസന്നവദനം ധ്യായേത്, സർവവിഘ്നോപ ശാന്തയേ"

 
കട്ടിളവെക്കൽ ചടങ്ങിന്റെ ഗണപതിക്ക് നിവേദിക്കൽ

ശുഭ കാര്യങ്ങൾക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവർക്കിടയിൽ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങൾക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തിൽ പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഹോമം നടത്തുന്നത്‌ ഏറെ നല്ലതാണെന്ന്‌ തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. വിശേഷാൽ പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശർക്കര, മുപ്പത്തിരണ്ട്‌ കദളിപ്പഴം, നാഴിതേൻ, ഉരിയ നെയ്യ്‌, എന്നിവ ഹോമിക്കാം.

ശുഭാരംഭത്തിനും വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ഹൈന്ദവർ ഗണപ്തിയെയാണ് ആദ്യം പൂജിക്കുന്നത്. ദിവസവും കുടുബത്തിൽ ചെംഗണപതിഹോമം നടത്തുന്നത് സവിശേഷ ഫലദായകമാണ്. പൊതുവേ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശർക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ 'ഓം ഗം ഗണപ തയേ നമഃ' ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു ഹൈന്ദവ വിശ്വാസം. അതിനാൽ പ്രഥമ പൂജ്യൻ എന്നൊരുനാമവും ഗണപതിക്കുണ്ട്.[9] ഗണപതിയുടെ ഒരു ശില്പം പോലുമില്ലാത്ത വീട് ഇന്ത്യയിൽ കണ്ടെത്തുക ദുഷ്കരമായിരിക്കും എന്നാണ് K.N. സോമയാജിപറയുന്നത്. ജാതിഭേദമന്യേ ഗണപതിയെ രാജ്യം മുഴുവനും ആരാധിക്കുന്നു".[10] പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ ഗണപതി പ്രാർഥനയിൽ നൃത്ത-സംഗീതങ്ങളും ഉൾപ്പെടുത്താറുണ്ട്.[11]. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഉച്ചരിക്കുന്നു. ഗണപതിയെ സംബന്ധിച്ചുള്ള മറ്റൊരു പ്രശസ്തമായ മന്ത്രമാണ് ഓം ഗം ഗണപതയേ നമഃ[12]

ആഘോഷങ്ങൾ

തിരുത്തുക
 
പാരിസിൽ നടന്ന ഒരു ഗണേശ ശോഭയാത്ര

വിനായക ചതുർത്ഥി

തിരുത്തുക

ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശ ചതുർത്ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ശകവർഷ കലണ്ടർ അനുസരിച്ച് ഭാദ്രപദമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർത്ഥി നാളിലാണ് ഇത് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വിനായക ചതുർത്ഥി ആഗസ്തിലോ സെപ്റ്റംബറിലോ ആയിരിക്കും[13] ശണേശ വിഗ്രഹങ്ങൾ ഉണ്ടാക്കി, പൂജകൾക്ക് ശേഷം അത് ജലത്തിൽ നിമഞ്ജനം ചെയ്യുന്നത് ആഘോഷങ്ങളുടെ ഒരു ഭാഗമാണ്.

ഇന്ത്യയിലെ എല്ലായിടത്തും ഗണേശ ചതുർത്ഥി ആഘോഷിക്കാറുണ്ടെങ്കിലും മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും വിപുലമായി ആഘോഷങ്ങൾ നടക്കുന്നത്. മുംബൈയിലെ ഗണേശ ശോഭയാത്രക്ക് അന്തർദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.[14][15]. ഗോവയിലും ഗണേശചതുർത്ഥി ഒരു പ്രധാന ആഘോഷമാണ്. കേരളത്തിൽ പ്രധാനമായും ഗണപതിക്ഷേത്രങ്ങളിൽ ഒതുങ്ങിനിൽക്കുന്നവയാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾ എങ്കിലും ഈയടുത്ത കാലത്തായി ഗണേശോത്സവം പോലുള്ള പരിപാടികൾ കേരളത്തിലും ആരംഭിച്ചിട്ടുണ്ട്.

ഭാരതത്തിനും പുറത്തുള്ള സ്വാധീനം

തിരുത്തുക

വ്യാപാരവും മറ്റ് ജനമിശ്രണം മൂലം ഇന്ത്യൻ സാംസ്കാരത്തിന്റെ സ്വാധീനം തെക്കുകിഴക്കൻ ഏഷ്യ മുഴുവൻ വ്യാപിച്ചു. ഇതിന്റെ ഫലമായി ഭാരതത്തിന്റെ പുറത്തും ആരാധിക്കാൻ തുടങ്ങിയ ഹിന്ദുദൈവങ്ങളിൽ പ്രധാനിയാണ് ഗണപതി.[16] ഇന്ത്യയ്ക്ക് പുറത്തേക്ക് വ്യാപാരാവശ്യങ്ങൾക്കായി പോകുന്നവരാണ് പ്രധാനമായും ഗണപത്യാരാധന നടത്തുന്നത്.[17]പത്താം നൂറ്റാണ്ട് മുതൽ പുതിയ വ്യാപാര ശൃംഖലകളുടെ ഉദയത്തോടെ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള പണത്തിന്റെ ഒഴുക്ക് തുടങ്ങി. ഈ സമയത്ത് വ്യാപാരികൾക്കിടയിലെ മുഖ്യ ദൈവമായി ഗണപതി മാറി.[18]മലയ് ആർക്കിപെലഗോയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ അവർക്കൊപ്പം തങ്ങളുടെ സംസ്കാരത്തേയും അവിടെ വ്യാപിപ്പിച്ചു. ശിവാലയങ്ങൾക്ക് പുറമേ ഗണേശ ബിംബങ്ങളും അവിടെ ധാരാളമായി കാണാം. ജാവ, ബാലി എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഹൈന്ദവ കലകളിൽ ഗണപതി രൂപത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇത് വൻ‌തോതിലുള്ള സംസ്കാര മിശ്രണത്തെയാണ് സൂചിപ്പിക്കുന്നത്[19] തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഹിന്ദുസംസ്കാരത്തിന്റെ വ്യാപനം മൂലം ബർ‌മ്മ, തായ്‌ലന്റ്, കമ്പോഡിയ എന്നിവിടങ്ങളിൾ നവീനതരത്തിലുള്ള ഗണപതി രൂപങ്ങൾ കാണുന്നു. ഇന്റോചൈന പ്രദേശങ്ങളിൽ ഹിന്ദുമതവും ബുദ്ധമതവും അനുഷ്ടിച്ചതിനാൽ പരസ്പരമുള്ള സ്വാധീനം ഇവിടങ്ങളിലെ മതാനുഷ്ഠാനങ്ങളിൽ കാണാം.

വിശേഷ ദിവസങ്ങൾ

തിരുത്തുക

വെള്ളിയാഴ്ച, ഗണേശ ചതുർഥി, സങ്കടഹര ചതുർഥി (മലയാള മാസങ്ങളിലെ പൗർണമി കഴിഞ്ഞു വരുന്ന നാലാം ദിവസം).

വെള്ളിയാഴ്ച

തിരുത്തുക

ഗണേശന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച.

സങ്കടഹര ചതുർഥി

തിരുത്തുക

മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥിയാണ് സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നത്. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭക്തന്റെ സർവദുരിതങ്ങളും തടസ്സങ്ങളും നീക്കി ആഗ്രഹസാഫല്യം നൽകി ഗണപതി ഭഗവാൻ അനുഗ്രഹിക്കും എന്നാണ് വിശ്വാസം.  

സാഹചര്യം നിമിത്തം വ്രതമനുഷ്ഠിക്കാൻ സാധിക്കാത്തവർ ഗണേശ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തുന്നതും ഗണേശപ്രീതികരമായ സ്തോത്രങ്ങൾ  ജപിക്കുന്നതും പുണ്യദായകമാണ്.  കറുക, മുക്കുറ്റി എന്നിവ പറിച്ചു കഴുകി ഒരു ഇലക്കീറിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതും ഒരുരൂപാ നാണയം ഉഴിഞ്ഞു സമർപ്പിക്കുന്നതും ഉത്തമം. ഭവനത്തിൽ  മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യ വർധനവിന് ഉത്തമമാണ് എന്നാണ് വിശ്വാസം. ഭഗവാന്റെ മുന്നിൽ തേങ്ങാ ഉടയ്ക്കുന്നതും ഏത്തമിടുന്നതും സർവ വിഘ്‌നങ്ങളും നീങ്ങാൻ സഹായകമാകും എന്നാണ് വിശ്വാസം.

ഈ ദിനത്തിൽ കുടുബത്തിൽ ചെംഗണപതിഹോമം നടത്തുന്നത് സവിശേഷ ഫലദായകമാണ് എന്നാണ് വിശ്വാസം.

ഗണേശ ചതുർഥി

തിരുത്തുക

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്[അവലംബം ആവശ്യമാണ്].

കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങൾ

തിരുത്തുക
  • പാളയം ശ്രീ ശക്തിവിനായക ക്ഷേത്രം, തിരുവനന്തപുരം
  • കൊട്ടാരക്കര ഗണപതിക്ഷേത്രം, കൊല്ലം
  • കക്കാട് മഹാ ഗണപതി ക്ഷേത്രം, കുന്നംകുളം ,തൃശ്ശൂർ ജില്ല
  • കാര്യാലയ ഗണപതി ക്ഷേത്രം , ഗുരുവായൂർ , തൃശ്ശൂർ ജില്ല
  • തിരുവമ്പാടി ഗണപതി ക്ഷേത്രം , തൃശ്ശൂർ ജില്ല
  • നടുവിലാൽ ഗണപതി ക്ഷേത്രം , തൃശ്ശൂർ
  • ഈശ്വരമംഗലം മഹാ ഗണപതി ക്ഷേത്രം ,ശ്രീകൃഷ്ണപുരം,പാലക്കാട് ജില്ല
  • കൊട്ടാരക്കുളം മഹാ ഗണപതി ക്ഷേത്രം, കൊല്ലം ജില്ല
  • ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം, ഇടപ്പള്ളി , എറണാകുളം ജില്ല
  • ഗണപതിപുരം കോടംപ്ലാച്ചി ശ്രീ മഹാഗണപതി ക്ഷേത്രം, തിരുവനന്തപുരം
  • ചെറുതുരുത്തി ടൗൺ വിനായക ക്ഷേത്രം, ഷൊർണൂർ, പാലക്കാട് ജില്ല

ചിത്രശാല

തിരുത്തുക
  1. See:
    • Brown, p. 1. "Gaṇeśa is often said to be the most worshipped god in India."
    • Getty, p. 1. "Gaṇeśa, Lord of the Gaṇas, although among the latest deities to be admitted to the Brahmanic pantheon, was, and still is, the most universally adored of all the Hindu gods, and his image is found in practically every part of India."
  2. See:
    • Chapter XVII, "The Travels Abroad", in: Nagar (1992), pp. 175–187. For a review of Ganesha's geographic spread and popularity outside of India.
    • Getty, pp. 37-88, For discussion of the spread of Ganesha worship to Nepal, Chinese Turkestan, Tibet, Burma, Siam, Indo-China, Java, Bali, Borneo, China, and Japan
    • Martin-Dubost, pp. 311–320.
    • Thapan, p. 13.
    • Pal, p. x.
  3. Thapan, p. 20.
  4. For the history of the aṣṭavināyaka sites and a description of pilgrimage practices related to them, see: Mate, pp. 1–25.
  5. Martin-Dubost, p. 367.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-11. Retrieved 2010-11-16.
  7. Thapan, p. 62.
  8. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം
  9. Krishan pp.1–3
  10. K.N. Somayaji, Concept of Ganesha, p.1 as quoted in Krishan pp.2–3
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Nagar, Preface എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Grimes p.27
  13. For the fourth waxing day in Māgha being dedicated to Ganesa (Gaṇeśa-caturthī) see: Bhattacharyya, B., "Festivals and Sacred Days", in: Bhattacharyya, volume IV, p. 483.
  14. For Ganesh Chaturthi as the most popular festival in Maharashtra, see: Thapan, p. 226.
  15. "Gaṇeśa in a Regional Setting". Courtright, pp. 202–247.
  16. Nagar, p. 175.
  17. Nagar, p. 174.
  18. Thapan, p. 170.
  19. Getty, pp. 55–66.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://god.co.in/god-ganesha/


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്