ഫ്രാൻസിന്റെ തലസ്ഥാന നഗരമാണ് പാരിസ്. ഫ്രഞ്ചു ഉച്ചാരണം പാരി(paʁi ). വടക്കൻ ഫ്രാൻസിലെ സീൻ നദിയുടെ(സെയിൻ എന്നും പറയും) തീരത്ത് ഇൽ-ഡി-ഫ്രാൻസ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പ്രണയത്തിന്റേയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായി പാരിസ് അറിയപ്പെടുന്നു. പാരിസ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ ഭരണപരിധിക്ക് 1860ന് ശേഷം കാര്യമായ മാറ്റം വന്നിട്ടില്ല. പാരിസ് നഗരത്തിന്റെ വിസ്തീർണം 105.4 ചതുരശ്ര കിലോമീറ്ററാണ്. 2014 ജനവരിയിലെ കണക്കു പ്രകാരം പാരിസ് നഗരത്തിലെ ജനസംഖ്യ 2,241,246 ആണ്.[1]. ബൃഹദ് പാരിസ് നഗരത്തിന്റെ വിസ്തീർണം 2844 ചതുരശ്രകിലോമീറ്റർ;ജനസംഖ്യ 12,005,077 [1] അതിനുമപ്പുറം വ്യാപിച്ചു കിടക്കുന്ന പരിസരപ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന മെട്രോപോലിറ്റൻ പാരിസ് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ്. [2] ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, വാർത്താമാദ്ധ്യമം, ഫാഷൻ, ശാസ്ത്രം എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കിയിരിക്കുന്നു.[3] ഫോർച്ചുൺ മാസിക പുറത്തിറക്കിയ ഫോർച്ചുൺ ഗ്ലോബൽ 500 പട്ടികയിലുള്ള 36 കമ്പനികൾ പാരിസ് പ്രദേശം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.[4] യുനെസ്കോ, ഒഇസിഡി, ഐസിസി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും പാരിസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.

പാരിസ്
നഗരം
മുകളിൽ നിന്നും ഘടികാരദിശയിൽ: സെയിൻ നദീതീരത്തെ പാരിസ് നഗരവും ഈഫൽ ഗോപുരവും; നോത്ര ദാം ദേവാലയം, ലൂവ്രേ മ്യൂസിയം, ആർക് ഡി ട്രയംഫ്
പതാക പാരിസ്
Flag
ഔദ്യോഗിക ചിഹ്നം പാരിസ്
Coat of arms
Motto(s): 
Fluctuat nec mergitur
"Tossed but never sunk"
പാരിസ് is located in France
പാരിസ്
പാരിസ്
Location within France
പാരിസ് is located in Europe
പാരിസ്
പാരിസ്
Location within Europe
Coordinates: 48°51′24″N 2°21′03″E / 48.8567°N 2.3508°E / 48.8567; 2.3508
രാജ്യംഫ്രാൻസ്
മേഖലÎle-de-France
ഡിപ്പാർട്മെന്റ്പാരിസ്
Subdivisions20 arrondissements
ഭരണസമ്പ്രദായം
 • മേയർAnne Hidalgo (PS)
വിസ്തീർണ്ണം
 • ആകെ105.4 ച.കി.മീ.(40.7 ച മൈ)
ജനസംഖ്യ
 (2018)
 • ആകെ2,206,488
 • ജനസാന്ദ്രത21,000/ച.കി.മീ.(54,000/ച മൈ)
Demonym(s)പാരിസിയൻ
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
INSEE/postal code
75001–75020, 75116
വെബ്സൈറ്റ്www.paris.fr

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. വർഷംതോറും ഏകദേശം 3 കോടി വിദേശ വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.[5]

1900, 1924 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്[6] [7]

ചരിത്രം

തിരുത്തുക

ക്രിസ്തുവിന് മുമ്പ് മൂന്നാം ശതകത്തിൽ പാരിസി എന്ന ഗാൾ വംശജർ സെയിൻ നദിയിലെ ഇന്ന് ഇൽ ഡിലാസിറ്റി എന്നറിയപ്പെടുന്ന കൊച്ചു ദ്വീപിൽ താമസമുറപ്പിച്ചതായും ആ ജനപഥം പിന്നീട് പാരിസ് എന്ന പേരിലറിയപ്പെട്ടതായും പറയപ്പെടുന്നു [8]

റോമൻ ആധിപത്യം 50 BC- 500 AD

തിരുത്തുക

ക്രി.മു അഞ്ചാം ദശകത്തിൽ ജൂലിയസ് സീസറുടെ സൈന്യം ഇവിടെ താവളമടിച്ചു, ഈ പ്രദേശത്തെ റോമാ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. ചതുപ്പു നിലമെന്നോ ദ്വീപ് എന്നോ അർഥം വരുന്ന ലൂടേഷ്യ എന്ന പേരാണ് ഈ പ്രദേശത്തിന് റോമക്കാർ നല്കിയത്. സീസർ സ്വയം ഇവിടം സന്ദർശിച്ചതായും പറയപ്പെടുന്നു.[9] റോമൻ അധിനിവേശത്തിനെതിരായി ഗാൾ വംശജരുടെ എല്ലാ പോരാട്ടങ്ങളും റോമൻ സൈന്യം അടിച്ചമർത്തി[8]. റോമൻ അധിപർ സെയിൻ നദിയുടെ ഇടത്തെക്കരയിൽ നഗരനിർമ്മാണം ആരംഭിച്ചു. പഴയകാലത്തെ ചില അവശിഷ്ടങ്ങൾ ഇന്നുമുണ്ട്.[10]. നാലാം ശതകം വരെ റോമൻ ആധിപത്യം തുടർന്നു. ഇക്കാലത്ത് ക്രൈസ്തവമതവും റോമൻ സംസ്കാരവും കെട്ടടനിർമ്മാണത്തിലും കലാസാംസ്കാരികരംഗത്തും സ്വാധീനം ചെലുത്തി. ക്രിസ്തു വർഷം നാലാം ശതകത്തോടെ റോമൻ സാമ്രാജ്യത്തിന് ശക്തി ക്ഷയം സംഭവിക്കാൻ തുടങ്ങി. അഞ്ചാം ശതകത്തിന്റെ രണ്ടാം പകുതിയിൽ ഹുൺ വംശജനായ ആറ്റിലയുടേയും ഫ്രാങ്ക് വംശജനായ ഷിൽഡെറികിന്റേയും സൈന്യങ്ങൾ പാരിസിനു മേൽ ആധിപത്യം നേടാൻ ശ്രമിച്ചു. ഇവരെയൊക്കെ ചെറുത്തു നില്ക്കാൻ പാരിസിനെ ഉത്സാഹിപ്പിച്ചത് കന്യാസ്ത്രീ സെയിന്റ് ജനവീവ് ആണെന്നു പറയപ്പെടുന്നു.[10][11]

ഫ്രാങ്ക് ആധിപത്യം 500-1000

തിരുത്തുക

508-ൽ ഫ്രാങ്ക് വംശജനായ ക്ലോവിസ് പാരിസിനെ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കി. ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന ചാർളിമെയ്ൻ പാരിസിൽ ശ്രദ്ധ പതിപ്പിച്ചില്ല. 768-ൽ പദവിയേറ്റ ചാർളിമെയ്ൻ സാമ്രാജ്യം ഏറെ വികസിപ്പിച്ചു. കരോളിംഗ്യൻ സാമ്രാജ്യം എന്നപേരിലറിയപ്പെട്ട ഭൂവിഭാഗത്തിന്റെ തലസ്ഥാനം ഇന്നു ജർമനിയിൽ ഉൾപ്പെടുന്ന ആക്കെൻ ആയിരുന്നു. 814-ൽ ചാർളിമെയ്ൻ അന്തരിച്ചു. പിന്നീട് ഒന്നരനൂറ്റാണ്ടിലധികം പിൻഗാമികൾ തമ്മിൽ അധികാരത്തെച്ചൊല്ലി വിവാദങ്ങളുയർന്നു. സെയിൻ നദിവഴി യുദ്ധക്കോപ്പുകളോടെ എത്തിയ നോർമൻ-വൈക്കിംഗ് വംശജരുടെ തുടരെത്തുടരെയുള്ള ആക്രമണം സാമ്രാജ്യത്തേയും പാരിസിനെ പ്രത്യേകിച്ചും വല്ലാതെ ക്ഷീണിപ്പിച്ചു.[8] പാരിസിൽ ക്രമസമാധാനസ്ഥിതി തകരാറിലായി. ഫ്രാങ്ക് വംശത്തിലെ അവസാനത്തെ രാജാവ് ലൂയി അഞ്ചാമന് വെറും രണ്ടു വർഷമേ ഭരിക്കാനായുള്ളു. സന്തതികളില്ലാതെ ലൂയി അഞ്ചാമൻ 987-ൽ അന്തരിച്ചു. തുടർന്ന് പാരിസിലെ ഹ്യൂ കാപെറ്റ് പ്രഭു ഫ്രാൻസിന്റെ രാജാവായി അവരോധിക്കപ്പെട്ടു. 996-ൽ അന്തരിക്കും വരെ ഹ്യൂ കാപെറ്റ് പാരിസ് ഭരിച്ചു, അതിനുശേഷം അയാളുടെ പിൻഗാമികളും. [8]

പതിനൊന്നു മുതൽ പതിനാറാം ശതകം വരെ(1000-1500)

തിരുത്തുക

നോത്ര് ദാം പള്ളി, ലൂവ്ര് കോട്ട, പാരിസ് സർവകലാശാല, ലാറ്റിൻ ക്വാർട്ടർ

തിരുത്തുക

987-ൽ അധികാരത്തിൽ വന്ന കാപെറ്റ് വംശജർ 1328 വരെ ഭരിച്ചു. രാജവസതി ഇൽഡിലാസിറ്റിയിലെ കോട്ടയായിരുന്നു. ഇവരുടെ വാഴ്ചക്കാലത്താണ് നോട്ര് ഡാം കത്തീഡ്രൽ ,ലൂവ്ര് കൊട്ടാരം, നഗരപ്രാകാരം, എന്നിവയുടെ നിർമ്മാണം നടന്നത്. സെയ്ൻനദിയുടെ ഇരുകരകളും വ്യത്യസ്തമായ രീതിയിൽ വളർന്നു വികസിച്ചു. ഇടംകര വിദ്യാഭ്യാസ-കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി. പാരിസ് സർവകലാശാല 1200-ലും സോർബോൺ 1257-ലും മറ്റും അനേകം അധ്യയനസ്ഥാപനങ്ങളും രൂപംകൊണ്ടു. അധ്യയനമാധ്യമം ലാറ്റിൻ ആയിരുന്നതിനാൽ ഈ നഗരഭാഗം ലാറ്റിൻ ക്വാർട്ടർ എന്ന പേരിലാണ് അറിയപ്പെട്ടത്. വലംകരയിൽ വാണിജ്യ വ്യവസായസ്ഥാപനങ്ങൾ വികാസം പ്രാപിച്ചു. 1268-ൽ പാരിസിലെ നാവികസംഘം Fluctuat nec mergitur (ഫ്ലക്ചുവാ നേക് മെർഗിറ്റ്വോർ, ആടിയുലഞ്ഞാലും മുങ്ങിപ്പോകില്ല)നഗരത്തിന്റെ മുദ്രാവാക്യമാക്കി. കാപെറ്റ് വംശജരുടെ വാഴ്ചക്കു ശേഷം അവരോട് ബന്ധമുള്ള വലോയ്സ്, അംഗുലേം, ഓർലീൻസ്,ബേർബൻ എന്നീ രാജകുടുംബങ്ങൾ പാരിസ് ആസ്ഥാനമാക്കിയുള്ള സാമ്രാജ്യം ഭരിച്ചു.

 
പാരിസ് നഗരസീമ നൂറ്റാണ്ടുകളിലൂടെ-മതിലുകളുടെ പേരും നിർമിച്ച കാലവും
  ഗാൾ-റോമൻ കാലഘട്ടത്തിൽ
  മധ്യകാലഘട്ടത്തിൽ
  ഫിലിപ്II പ്രാകാരം - 13-ാം ശതകം
   ചാൾസ്V പ്രാകാരം-14-ാംശതകം
  ലൂയി XIII പ്രാകാരം-17-ാം ശതകം
   ഒക്ട്രോയ് പ്രാകാരം-18-ാം ശതകം
  തീയർ പ്രാകാരം-19-ാം ശതകം
   ഇന്ന്

പാരിസിന്റെ ദുരവസ്ഥ- പ്ലേഗ്, യുദ്ധം,

തിരുത്തുക

പതിനാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നഗരത്തിലാകമാനം പ്ലേഗ് പടർന്നു പിടിച്ചു. 1348 മുതൽ 1368 വരെ പലതവണ നഗരം ഇതിന് ഇരയായി. ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ഇതേ സമയത്തുതന്നെ ഇംഗ്ലണ്ടുമായി നിരന്തര സംഘട്ടനങ്ങൾ തുടങ്ങി. 1337-ൽ തുടങ്ങി 1453 വരെ ഒരു നൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന വൈരം നൂറുകൊല്ലത്തെ പോര് എന്നറിയപ്പെടുന്നു. നഗരരക്ഷക്കായി 1370-ൽ പണിയാനാരംഭിച്ച ബസ്റ്റീൽ കോട്ട മുഴുമിച്ചത് 1380-ലാണ്. പാരിസിന്റെ കിഴക്കുഭാഗത്ത് വാൻസെനിൽ മറ്റൊരു കൂറ്റൻ കോട്ട ഉയർന്നു. ഏതാണ്ട് ഇതേസമയത്ത് ലൂവ്ര് കോട്ട രാജവസതിയായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതികൾ ആരംഭിച്ചു. [12],[13].

 
പാരിസ്- 1380
  
ഉപയോഗത്തിലുുള്ള സ്ഥലങ്ങൾ
  
കൃഷിയിടങ്ങൾ, പുറമ്പോക്കുകൾ
  
മതസ്ഥാപനങ്ങൾ
  
മതസ്ഥാപനങ്ങൾ നിർമ്മാണദശയിൽ
  
വിദ്യാഭ്യാസസ്ഥാപനങ്ങൾ
  
പ്രമുഖരുടെ വസതികൾ
  
രാജകീയ-ഭരണ സ്ഥാപനങ്ങൾ
  
ആശുപത്രികൾ
   
സെമിത്തെരികൾ
  
യഹൂദ സെമിത്തെരികൾ
  
മാർക്കറ്റുകൾ

ഫ്രഞ്ചു രാജകുടുംബത്തിലെ അന്തശ്ചിദ്രങ്ങൾ മുതലെടുത്തുകൊണ്ട് ഇംഗ്ലണ്ട് , ഫ്രാൻസിനെ ആക്രമിച്ചു.1418-ൽ പാരിസടക്കം പല പ്രദേശങ്ങളും ഇംഗ്ലണ്ട് കീഴ്പെടുത്തി. തുടർന്നുണ്ടായ രാഷ്ട്രീയക്കോളിളക്കത്തിൽ പാരിസിനും ഫ്രാൻസിനും ഉത്തേജനം പകർന്നുകൊടുക്കാൻ ജോൻ ഓഫ് ആർക് ശ്രമിച്ചു. ഇംഗ്ലണ്ടിന്റെ ആധിപത്യം 1436 വരെ തുടർന്നു. അതിനകം പാരിസും പരിസരവും അനേകം നാശനഷ്ടങ്ങൾക്ക് ഇരയായിക്കഴിഞ്ഞിരുന്നു. [8]. 1469-ൽ പാരിസിലെ സോർബോൺ വിദ്യാലയത്തിൽ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിതമായി. മത പഠനത്തിനായെത്തുന്ന വൈദിക അധ്യാപക-വിദ്യാർഥികളുടെ താമസത്തിനായി ഓട്ടൽ ദുക്ലൂനി പണിയപ്പെട്ടു.

പതിനാറാം ശതകം നവോത്ഥാന കാലഘട്ടം

തിരുത്തുക

പതിനാറാം ശതകത്തിന്റെ ആരംഭത്തോടെ പാരിസിൽ സമാധാനവും ശാന്തിയും വിളയാടി. രാജാക്കന്മാരുടെ ശ്രദ്ധ നഗരത്തെ മോടിപിടിപ്പിക്കുന്നതിലേക്കും തിരിഞ്ഞു. യുറോപ്പിലാകമാനം വ്യാപിച്ച നവോത്ഥാനതരംഗം ഫ്രാൻസിലുമെത്തി. ഇൽഡിസിറ്റിയുമായി നഗരത്തെ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ നിർമ്മിക്കപ്പെട്ടു.

 
പാരിസ്- 1550
 
സെന്റ് ബർതലോമ്യോ ദിനത്തിലെ കൂട്ടക്കൊല- വർണചിത്രം

1528-ഫ്രാൻസിസ് ഒന്നാമൻ താമസം ലൂവ്രിലേക്കു മാറ്റി. നഗരാതിർത്തിയലുള്ള ബൊളോണ്യെ വനപ്രാന്തത്തിൽ വനവസതിയും നായാട്ടിനുള്ള സൗകര്യവും ഉണ്ടാക്കി. പാരിസ് നഗരത്തിലെ ആദ്യത്തെ ജലധാരായന്ത്രം (ഫൗണ്ടൻ, Fountaine des Innocents), ടുയിലെറി കൊട്ടാരം എന്നിവയും നിർമ്മിക്കപ്പെട്ടു, കൊട്ടാരത്തിനു ചുറ്റുമുള്ള ഉദ്യാനം വരേണ്യവർഗക്കാരുടെ സമ്മേളനസ്ഥലമായി[8]. ഇക്കാലത്ത് കത്തോലിക്കരും ഹുഗിനെറ്റുകളും ( പ്രൊട്ടസ്റ്റന്റ് വിഭാഗം) തമ്മിലുള്ള മതവിദ്വേഷം ഒട്ടേറെ രക്തച്ചൊരിച്ചിലിന് ഇടയാക്കി.[14]

പതിനേഴാം ശതകം-(1600-1700)ബെർബൻ വാഴ്ച- നഗരവികസനം

തിരുത്തുക

അകാദമികൾ-നാടകവേദികൾ-കഫേ പ്രോകോപ്

തിരുത്തുക
 
കഫേ പ്രോകോപ് സ്ഥാപിതം:1686

ബെർബൻ രാജവംശത്തിലെ ആദ്യ രാജാവായ ഹെന്റി നാലാമനിറെ കാലത്താണ് നഗരചത്വരങ്ങൾക്ക് രാജാക്കന്മാരുടെ പേരുകൾ നല്കുന്ന പതിവു തുടങ്ങിയത് . പുത്രനും യുവരാജാവുമായ ലൂയി പതിമൂന്നാമനെ വാഴ്ത്തുന്ന ഡോഫീൻ ചത്വരം(Place Dauphine) പൂർത്തിയാക്കാൻ ഒമ്പതു വർഷമെടുത്തു(1607-1616). സെയിൻ നദിയിലെ രണ്ടു കൊച്ചു ദ്വീപുകൾ (Ile aux Vaches , Ile Notre Dame ) സംയോജിപ്പിച്ച് സെന്റ് ലൂയിസ് ദ്വീപ് (ile Saint-Louis) നിർമിച്ചെടുത്തു(1614). ലുക്സംബർഗ് കൊട്ടാരം, പാലേ കാർഡിനൽ( പിന്നീട് പാലേ റോയാൽ) വിശാലമായ നഗരവീഥികൾ ഇവയെല്ലാം ഇക്കാലത്താണ് നിർമ്മിക്കപ്പെട്ടത്. ഫ്രഞ്ച് അകാദമി(1635 Académie française. ),[15] ചിത്ര-ശില്പകലാ അകാദമി (1648 Académie royale de peinture et de sculpture )[16],സയൻസ് അകാദമി[17] (1666 Académie royale des sciences.) സംഗീത അകാദമി [18](1669 Académie royale de musique), സംഗീതനാടക അകാദമി(1669 Académie d'Opéra) എന്നീ വരേണ്യ കൂട്ടായ്മകൾ രൂപം കൊണ്ടു. 1641-ൽ പാലേ റോയാലിൽ സ്ഥിരനാടകവേദിയൊരുങ്ങി. മോളിയേറുടെ നാടകങ്ങൾ അരങ്ങേറാൻ തുടങ്ങി. പരിക്കേറ്റ പട്ടാളക്കാർക്കായുള്ള ആതുരാലയം (Hotel de Invalides) 1671-ൽ നിലവിൽ വന്നു. ചാൾസ് അഞ്ചാമനും ലൂയി പതിമൂന്നാമനും നിർമിച്ച നഗരമതിലുകൾ ഇടിച്ചു നിരത്തപ്പെട്ടു.[8] 1680-ൽ ലൂയി പതിനാലാമൻ ലൂവ്ര് കൊട്ടാരത്തിൽനിന്ന് സകുടുംബം വെഴ്സായ് കൊട്ടാരത്തിലേക്ക് താമസം മാറ്റി.

1686-ൽ പാരിസ് നഗരത്തിലെ ആദ്യത്തെ കഫേ, കഫേ പ്രോകോപ് തുറന്നു, വ്യതിയാനങ്ങൾ വന്നെങ്കിലും ഈ കഫേ അതേ പേരിൽ ഇന്നുമുണ്ട്.[19],[20]

പതിനെട്ടാം ശതകം-ഫ്രഞ്ചു വിപ്ലവം,ഭീകരവാഴ്ച

തിരുത്തുക
പ്രധാന ലേഖനം: ഫ്രഞ്ചു വിപ്ലവം
പ്രധാന ലേഖനം: ഭീകരവാഴ്ച

ഓട്ടേൽ ഡിവ്രൂ- മിലിറ്ററി അകാദമി-ലൂയിXV ചത്വരം- പാന്തിയോൺ-ഓഡിയോങ് തിയേറ്റർ

തിരുത്തുക

പതിനെട്ടാം ശതകത്തിന്റെ തുടക്കത്തിൽത്തന്നെ പാരിസ് രാഷ്ട്രീയ-സൈനിക കേന്ദ്രമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കാര്യക്ഷമമായ ഭരണനിർവഹണത്തിനായി പാരിസ് ഇരുപതു പോലീസ് വാർഡുകളായി വിഭജിക്കപ്പെട്ടു. ജലവിതരണത്തിനായി ഇരുകരകളിലും വെള്ളം പമ്പുചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടായി. നഗരത്തിലേക്കെത്തുന്ന വാണിജ്യസാധനങ്ങൾക്ക് നിഷ്കർഷാപൂർവം കരം(ഒക്ട്രോയ്) ഈടാക്കാനായി നഗരത്തിനുചുറ്റും ചുങ്കമതിൽ ഉയർന്നു വന്നു. കെട്ടിടങ്ങൾക്ക് നമ്പറുകൾ ഇടുന്ന സമ്പ്രദായം നടപ്പിലായി.[15]

1720-ലാണ് ഓട്ടേൽ ഡീവ്രൂ (ഇന്നത്തെ എലീസി കൊട്ടാരം) എന്ന കെട്ടിടസമുച്ചയത്തിന്റെ പണി മുഴുവനായത്. 1782-ൽ മേരി അന്റോണൈറ്റ് ഓഡിയോങ് തിയേറ്റർ ഉദ്ഘാടനം ചെയ്തു. 1751-ൽ പട്ടാളപരിശീലന കേന്ദ്രം ( École Militaire ) സ്ഥാപിതമായി.[15]

ആറു പതിറ്റാണ്ട് ഭരിച്ച ലൂയി പതിനഞ്ചാമൻ (വാഴ്ചക്കാലം 1715-1774) സ്വന്തം പേരിൽ ചത്വരം നിർമിച്ചു. 1789 ജൂലൈ 14-ന് വിക്ഷുബ്ധരായ പാരിസ് ജനത ബസ്റ്റീൽ കാരാഗ്രഹം ദേദിച്ചത് ഫ്രഞ്ചു വിപ്ലവത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. വിപ്ലവസമയത്ത് ലൂയി പതിന്ഞ്ചാമൻ ചത്വരം വിപ്ലവചത്വരമായി നാമകരണം ചെയ്യപ്പെട്ടു. ഇവിടെ ഉയർത്തിയ കഴുമരത്തിലാണ് ലൂയി പതിനാറാമൻ , മേരി അന്റോണെറ്റ് എന്നിവരടക്കം രാജകുടുംബാംഗങ്ങളും വരേണ്യരും പൊതുജനസമക്ഷം വധിക്കപ്പെട്ടത്. ഇന്നത്തെ പേര് കോൺകോഡ് ചത്വരം.[10]

 
വിപ്ലവചത്വരം-ലൂയി പതിനാറാമൻ ഗില്ലോട്ടിനിൽ- 1794-ലെ ചിത്രം

1793 സപ്റ്റമ്പർ മുതൽ 1794 ജൂലൈ അവസാനം വരെ നീണ്ടു നിന്ന ഭീകരവാഴ്ച അലങ്കോലമാക്കിയ പാരിസിൽ ക്രമസമാധാനം തിരിച്ചുകൊണ്ടുവന്നത് നെപ്പോളിയനാണ് [8]

പത്തൊമ്പതാം ശതകം

തിരുത്തുക

ആർക് ദി ട്രയോംഫ്- റെയിൽഗതാഗതം -ഐഫെൽ ഗോപുരം

തിരുത്തുക
 
ലു ഫിഗാറോ ആദ്യത്തെ പതിപ്പ് 1826 ജനവരി 15
 
പാരിസ് കമ്യൂൺ- ലഘുലേഖ
 
മൂളാറോഷ് സ്ഥാപിതം 1889

പത്തൊമ്പതാം ശതകത്തിൽ ഫ്രാൻസിൽ രാജവാഴ്ചയും ജനാധിപത്യഭരണവും മാറിമാറി വന്നു. (നെപോളിയൻ ചക്രവർത്തി (1799-1814),വീണ്ടും ബെർബൻ രാജവാഴ്ച (1825-1848) രണ്ടാം റിപബ്ലിക് (1848-51), നെപോളിയൻ മൂന്നാമന്റെ രാജവാഴ്ച(1852-1870) മൂന്നാം റിപബ്ലിക് (1870-1940). ഈ കാലഘട്ടത്തിൽത്തന്നെ പാരിസിലെ തൊഴിലാളിവർഗം ഗണ്യമായ ശക്തിയായി രൂപാന്തരപ്പെട്ടു. 1830 ,1848 , 1871- എന്നീ വർഷങ്ങളിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് കളമൊരുക്കിയത് തൊഴിലാളികൾക്കിടയിലെ അസംതൃപ്കിയും വർഗബോധവുമാണ്. [21] 1871-ലെ തൊഴിലാളി പ്രക്ഷോഭത്തിലൂടെ പാരിസ് കമ്യൂൺ എന്ന റെവലൂഷണറി സോഷ്യലിസ്റ്റ് ഗവർമെന്റ് 1871 മാർച്ച് 18 മുതൽ മെയ് 28 വരെ മൂന്നുമാസത്തോളം അധികാരം കൈയടക്കി. ഈ സംഭവത്തെ തൊഴിലാളിവർഗ സർവാധിപത്യം എന്ന് മാർക്സ് വിശേഷിപ്പിച്ചു.[22],

1806-ൽ നെപ്പോളിയൻ ആർക് ദി ട്രയോംഫ് എന്ന വിജയകമാനത്തിന് തറക്കല്ലിട്ടു. പണി പൂർത്തിയായി ഉദ്ഘാടനം നടന്നത് മൂന്നു ദശാബ്ദങ്ങൾക്കു ശേഷവും(1836)[23]. 1826-ലുഫിഗാറോ പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി[24].1827-ൽ വർധിച്ചു വരുന്ന വ്യവസായാവശ്യങ്ങൾക്കായി സെയിൻ നദിയിൽ ഇലു സിന്യ് എന്ന വീതികുറഞ്ഞ കൃത്രിമദ്വീപ് നികത്തിയെടുക്കപ്പെട്ടു [25]. 1836-ൽ പാരിസ് കേന്ദ്രമായി റെയിൽവേ ഗതാഗതം ആരംഭിച്ചു[23]. 1878-ലെ ലോകമേളക്കായി ട്രോകാഡെറോ കൊട്ടാരം നിർമ്മിക്കപ്പെട്ടു [26] 1887 പാസ്കർ ഗവേഷണകേന്ദ്രം സ്ഥാപിതമായി [27]. 1889-ൽ പാരിസിലെ എെഫൽ ഗോപുരം പൂർത്തിയായി.[23],[28]. 1889-ൽ മൂളാ റോഷ് (Moulin Rouge ) കാബറെ ക്ലബ് പ്രവർത്തനമാരംഭിച്ചു [29].

നഗര വികസനം- ഹൗസ്മാന്റെ സംഭാവനകൾ

തിരുത്തുക

1853 മുതൽ 1870 വരെ നഗരാധിപതിയായി ചുമതലയേറ്റ ജോർജ് യൂജീൻ ഹൗസ്മാൻ മൂന്നു ഘട്ടങ്ങളിലായി പാരിസിനെ ആധുനിക നഗരമാക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു. കാറ്റും വെളിച്ചവും ഗതാഗതസൗകര്യങ്ങളുമുള്ള പാരിസ് ആയിരുന്നു ഹൗസ്മാൻ വിഭാവനം ചെയ്തത്. [30]. വ്യാവസായികവിപ്ലവം സാധ്യമാക്കിയ ഒട്ടനേകം കണ്ടുപിടിത്തങ്ങൾ ഹൗസ്മാൻ ഉപയോഗപ്പെടുത്തി. പക്ഷെ ഹൗസ്മാന്റെ സംരംഭങ്ങൾ നിശിത വിമർശനങ്ങൾക്കും വഴി തെളിച്ചു.[31]. ആർക് ദി ട്രയോംഫിനു ചുറ്റുമുള്ള പാതകൾക്ക് വീതികൂട്ടി അതിവിപുലമായ നക്ഷത്രാകൃതിയിലുള്ള കവലക്ക് രൂപം നല്കിയതും ഹൗസ്മാനാണ്. നക്ഷത്ര ചത്വരം എന്നർഥം വരുന്ന ലാപ്ലേസ് ദുലെറ്റ്വായ്ൽ (La Place de l'étoile ) ഇന്ന് ചാൾസ് ഡിഗാൾ ചത്വരം എന്നറിയപ്പെടുന്നു.[30]. വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഗതാഗതാവശ്യങ്ങളും കണത്തിലെടുത്ത് പാരിസിൽ മെട്രോ നിർമ്മാണത്തിനുള്ള പദ്ധതികൾ പരിഗണനക്കെടുത്തു.[32]

 
റിറ്റ്സ് ഹോട്ടൽ, പാരിസ് . സ്ഥാപിതം 1898

ഇരുപതാം ശതകം-രണ്ട് ആഗോളയുദ്ധങ്ങൾ

തിരുത്തുക
പ്രധാന ലേഖനം: വിഷി ഫ്രാൻസ്
 
ചരിത്രസ്മാരകങ്ങൾ- ടൂറിസ്റ്റ് മാപ് (1928)

ആദ്യത്തെ പതിനാലു വർഷം യൂറോപ്പിന്റെ സുവർണകാലഘട്ടത്തിന്റെ തുടർച്ചയായിരുന്നു. (Belle Époque 1870-1914 )[33]. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടു നിന്ന ലോകമേളയും (Exposition Universelle -1900),[34] വേനൽക്കാല ഒളിമ്പിക്സും[35] പാരിസിലേക്ക് അനേകായിരം സന്ദർശകരെ ആകർഷിച്ചു.

പ്രമാണം:Opéra Bastille.JPG
ഒപേറാ ബസ്റ്റീൽ 1989

പക്ഷെ അധികം താമസിയാതെ രണ്ട് ആഗോളയുദ്ധങ്ങളുടെ കനത്ത ആഘാതം യൂറോപ്പിന് സഹിക്കേണ്ടിവന്നു[36] രണ്ടാം ലോകമഹായുദ്ധത്താലത്ത് നാമമാത്രമായ വിഷിഭരണകൂടം നിലനിന്നിരുന്നുവെങ്കിലും പാരിസ് ജർമൻ അധീനതയിലായിരുന്നു. പാരിസിലെ മിക്ക പ്രധാന കെട്ടിടങ്ങളും നാസികളുടെ കാര്യാലയങ്ങളായി.[37]. യുദ്ധാനന്തരം ഫ്രാൻസ് വീണ്ടും ജനാധിപത്യത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ആൾജീറിയൻ പ്രശ്നവും [38],[15] വ്യാപകമായ വിദ്യാർഥി പ്രക്ഷോഭങ്ങളും നഗരത്തിൽ കോളിളക്കങ്ങളുണ്ടാക്കി. മാർക്സിസ്റ്റ് ചിന്തകൻ ഗി ദുബോർ പുതിയൊരു സാമൂഹ്യവിപ്ലവ പ്രസ്ഥാനത്തിന് (Situationist Internationale) നേതൃത്വം കൊടുത്തു [39]. 1989-ൽ ഫ്രഞ്ചുവിപ്ലവത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആധുനിക രീതിയിലുള്ള നാടകവേദി (Opéra Bastille) ഉദ്ഘാടനം ചെയ്യപ്പെട്ടു.[40]

നഗരം ഇന്ന്

തിരുത്തുക
എെഫെൽ ഗോപുരത്തിൽനിന്നുള്ള നഗരദൃശ്യം

നഗരത്തിന്റെ കിടപ്പ്

തിരുത്തുക
 
പാരിസ് നഗരത്തിന്റെ 20 വാർഡുകൾ
 
പാരിസ് മെട്രോ ലൈനുകൾ

നഗരത്തിലൂടെ പതിമൂന്നു കിലോമീറ്റർ [41] കിഴക്കുനിന്ന് പടിഞ്ഞാട്ടേക്കൊഴുകുന്ന സെയിൻ നദി പാരിസ് നഗരത്തെ രണ്ടായി വിഭജിക്കുന്നു. സാമ്പ്രദായികമായി ഇരുകരകളും വലംകര ഇടംകര എന്നാണ് അറിയപ്പെടുന്നത്. സെയിൻ നദിക്ക് വീതി കുറവാണ്. ഏറ്റവും കൂടിയത് 200 മീറ്റർ (ഗ്രെനെൽ പാലം) ഏറ്റവും കുറഞ്ഞത് 30 മീറ്റർ(ക്വാകെമോൺബെലോ). നഗരത്തിൽ ഇരു കരകളേയും ബന്ധിപ്പിക്കുന്ന 37 പാലങ്ങൾ ഉണ്ട്. ചിലത് കാൽനടക്കാർക്കു മാത്രമായുള്ളവയാണ്.[41].നദിയിൽ പണ്ട് അഞ്ചുദ്വിപുകളുണ്ടായിരുന്നതായി രേഖകളുണ്ട്. ഇന്ന് മൂന്ന് കൊച്ചു ദ്വീപുകളാണുള്ളത്. ഇവയിൽ രണ്ടെണ്ണം സെന്റ് ലൂയിസ് ദ്വീപും( Île Saint-Louis) സിറ്റി ദ്വീപും ( Île de la Cité, ) പ്രകൃത്യാ ഉള്ളതും ഹംസദ്വീപ് (ഇലു സിന്യ്, Île aux Cygnes) മനുഷ്യനിർമിതവുമാണ്. കുറുകേയും വിലങ്ങനേയുമുള്ള പതിനാല് അതിവേഗ മെട്രോ റെയിൽ ലൈനുകൾ നഗരഗതാതഗം ഏറെ സുഗമമാക്കുന്നു.

ഭരണസംവിധാനം

തിരുത്തുക

കാര്യക്ഷമമായ നഗരപരിപാലനത്തിനായി പാരിസ് ഇരുപത് നഗരവാർഡുകളായി (arrondisement) വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ നദിയുടെ ഇരുകരകളിലുമായി വൃത്താകൃതിയിൽ ചുരുളഴിയുന്നു. ഓരോ നഗരവാർഡും വീണ്ടും നാലു ഉപവാർഡുകളായി (quartier) വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ വാർഡും സ്വന്തം മേയറേയും പാരിസ് കൗൺസിലിലേക്കായി പ്രതിനിധികളേയും തെരഞ്ഞെടുക്കുന്നു. ഈ കൗൺസിലർമാരാണ് പാരിസ് മേയറെ തെരഞ്ഞെടുക്കുന്നത്. പാരിസ് മേയറും ഇരുപത്തിയൊന്നു ഡെപ്യൂട്ടികളും 163 കൺസിലർമാരുമടങ്ങുന്ന സംഘമാണ് ഭരണനിർവഹണം നടത്തുന്നത്. 2013-ലെ കണക്കനുസരിച്ച് പാരിസ് നഗരത്തിന്റെ ബഡ്ജറ്റ് എട്ടു ബില്യൺ യൂറോ ആണ്. [41]

അഞ്ചും ആറും വാർഡുകളിലായി പാരിസിലെ മിക്ക വിദ്യാഭ്യാസസ്ഥാപനകളും നിലകൊള്ളുന്നത്. ലുക്സംബർഗ് ഉദ്യാനം നഗരമധ്യത്തിൽ ആറാം വാർഡിലാണ്. ടുയിലെറി പാർക് ഒന്നാം വാർഡിലും. ഇവ കൂടാതെ മിക്ക വാർഡുകളിലും ഉദ്യാനങ്ങളുണ്ട്. നഗരത്തിന്റെ തെക്കുകിഴക്കും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന അതി വിശാലമായ രണ്ടു ഉദ്യാനങ്ങളാണ് യഥാക്രമം വിസെനും ബൊളോണ്യെയും . പന്ത്രണ്ടാം വാർഡിലെ വിസെൻ ഉദ്യാനവനത്തിന് 2459 ഏക്കർ വിസ്തീർണവും പതിനാറാം വാർഡിന്റെ ഭാഗമായ ബൊളോണ്യെ ഉദ്യാനവനത്തിന് 2091 ഏക്കർ വിസ്തീർണവുമുണ്ട്.[42]

കലാസാംസ്കാരികരംഗം

തിരുത്തുക
 
കഫേ പ്രോകോപിനകത്തെ സ്മാരകഫലകം. വിശിഷ്ഠാഥിതികളുടെ പേരുകൾ കാണാം
 
ലാ ക്ലോസെറി ദെലീലാ-(ആറാം വാർഡ്) ഹെമിംഗ് വേ ഇവിടെയിരുന്നാണ് തന്റെ ആദ്യനോവൽ എഴുതിത്തീർത്തത്

പാരിസ് നഗരജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ് പാരിസ് കഫേകൾ. ബൽസാക് കഫേകളെ ജനങ്ങളുടെ പാർലമെന്റ് എന്നു വിശേഷിപ്പിച്ചു[43], [44] ആറാം വാർഡിലെ പ്രകോപ് കഫേയിലിരുന്നുകൊണ്ടാണ് വോൾട്ടയറും ഡിഡറോയും മാനവരാശിയേയും സംസ്കാരത്തേയും കുറിച്ച് വിചിന്തനം നടത്തിയത്. ലോകമെമ്പാടുമുള്ള ബുദ്ധിജീവികളേയും കലാ-സാഹിത്യകാരന്മാരേയും സംഗീതജ്ഞരേയും പാരിസ് കഫേകൾ ആകർഷിച്ചു.[45] ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് ജെഫേഴ്സൺ, ജെയിംസ് ജോയ്സ് , എസ്രാ പൗണ്ട്,സ്കോട്ട് ഫിറ്റ്സ്‌ജെറാൾഡ് , സാമുവൽ ബെക്കറ്റ്, ഇവരൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു.ലാ ക്ലോസെറി ദെലീലാ എന്ന കഫേയിലിരുന്നാണ് ഏണസ്റ്റ് ഹെമിംഗ്വേ തന്റെ ആദ്യ നോവലായ ദി സൺ ഓൾസോ റൈസസ്(1926) എഴുതിയത് [46]സാൽവദോർ ദാലി , മാർക് ചാഗൽ, പികാസോ തുടങ്ങിയവരുടെ സമ്മേളനം മോപാർണെ ഭാഗത്തുള്ള കഫേകളിലായിരുന്നു. കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും തമ്മിലുള്ള ആദ്യത്തെ നീണ്ട കൂടിക്കാഴ്ച റീജൻസ് എന്ന പാരിസ് കഫേയിൽ വെച്ചാണെന്നു പറയപ്പെടുന്നു.[47]

ആറാം വാർഡിലെ 1812-ൽ നിലവിൽ വന്ന ലെദുമഗോ കഫേയിലും (Les Deux Magots) [48] 1885-ൽ നിലവിൽ വന്നഫ്ലോർ കഫേയിലും (Café de Flore)[49] ആൻഡ്രേ ഗീഡ്,ലൂയി ആരഗൺ,സാർത്ര്, സിമോൺ ദു ബൂവ്വാ, അൽബേർ കാമ്യു എന്നിവർ പതിവു സന്ദർശകരായിരുന്നുവത്രെ[48], [49]. ലെദു മഗോ 1933 മുതൽ സ്വന്തം പേരിൽ (Prix des Deaux Magot) വാർഷിക സാഹിത്യപുരസ്കാരം നല്കി വരുന്നു[48]. 1994 മുതൽ ഫ്ലോർ കഫേയും Prix de Flore എന്ന സാഹിത്യപുരസ്കാരം നല്കിത്തുടങ്ങി[49].

  1. 1.0 1.1 പാരിസ് ജനസംഖ്യ ജനവരി 2014 ശേഖരിച്ചത് 23 ഏപ്രിൽ 2015
  2. Stefan Helders, World Gazetteer. ""World Metropolitan Areas"". Archived from the original on 2007-10-01. Retrieved 2007-01-18.
  3. Globalization and World Cities (GaWC) Study Group and Network, Loughborough University. ""Inventory of World Cities"". Archived from the original on 2018-12-26. Retrieved 2007-10-04.
  4. Fortune (magazine). "Global Fortune 500 by countries: France". Retrieved 2007-11-03.
  5. Institut National de la Statistique et des Études Économiques. "Le tourisme se porte mieux en 2004" (PDF). Retrieved 2007-01-16.
  6. പാരിസ് ഒളിമ്പിക്സ് 1900
  7. പാരിസ് ഒളിമ്പിക്സ് 1924
  8. 8.0 8.1 8.2 8.3 8.4 8.5 8.6 8.7 പാരിസിന്റെ ചരിത്രം Volume I eBook
  9. ഗാൾയുദ്ധങ്ങളെപ്പറ്റി പുസ്തകം6 , അധ്യായം3 ശേഖരിച്ചത് 23 ഏപ്രിൽ 2015
  10. 10.0 10.1 10.2 "പാരിസിന്റെ ചരിത്രം". Archived from the original on 2015-03-26. Retrieved 2015-04-23.
  11. Andrew. "St. Genevieve." The Catholic Encyclopedia. Vol. 6. New York: Robert Appleton Company, Accessed 23 Apr. 2015
  12. Ballon, Hilary (1991). The Paris of Henri IV: Architecture and Urbanism. The MIT Press. ISBN 978-0-262-02309-2.
  13. Ayers, Andrew (2004). The Architecture of Paris. Axel Menges, Stuttgart; London. ISBN 9783930698967. {{cite book}}: Cite has empty unknown parameter: |1= (help)
  14. സെന്റ് ബർതലോമ്യോ ദിനത്തിലെ കൂട്ടക്കൊല
  15. 15.0 15.1 15.2 15.3 Fierro, Alfred (1996). Histoire et dictionnaire de Paris. Robert Laffont. ISBN 978-2221078624. {{cite book}}: Cite has empty unknown parameter: |1= (help),
  16. Heillbrun Timeline of Art History Retrieved 27 April 2015
  17. "French Academy of Sciences Retrieved 27 April 2015". Archived from the original on 2015-04-19. Retrieved 2015-04-27.
  18. Histoire de la musique dramatique en France -Retrieved 27 April 2015 ,
  19. "കഫേ പ്രോകോപ് ശേഖരിച്ചത് 27ഏപ്രിൽ 2015". Archived from the original on 2017-01-02. Retrieved 2015-04-27.
  20. "പാരിസ് കഫേകളുടെ പൂർവചരിത്രം- ശേഖരിച്ചത് 11 മെയ് 2015". Archived from the original on 2016-09-25. Retrieved 2015-05-11.
  21. ഫ്രാൻസിലെ ആഭ്യന്തര സംഘർഷം- കാൾ മാർക്സ് ശേഖരിച്ചത് 12 മെയ് 2015
  22. പാരിസ് കമ്യൂൺ- കാൾ മാർക്സ് ശേഖരിച്ചത് 12 മെയ് 2015
  23. 23.0 23.1 23.2 Gino Raymond. Historical Dictionary of France, Volume 64 of Historical Dictionaries of Europe (2 ed.). Scarecrow Press. ISBN 9780810862562. {{cite book}}: Cite has empty unknown parameter: |1= (help)
  24. ലുഫിഗോറോ - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് 28 April 2015
  25. "ഇലു സിന്യ്". Archived from the original on 2015-05-14. Retrieved 2015-04-28.
  26. ട്രൊകാഡെറോ ശേഖരിച്ചത് 29 ഏപ്രിൽ 2015
  27. പാസ്കർ ഇൻസ്റ്റിറ്റ്യൂട്ട്- ശേഖരിച്ചത് 28 ഏപ്രിൽ 2015
  28. ഐഫെൽ ടവർ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
  29. മൂളാ റോഷ്
  30. 30.0 30.1 ഹൗസ്മാന്റെ പദ്ധതികൾ- ശേഖരിച്ചത് 29 ഏപ്രിൽ 2015
  31. Michael Carmona (2002). Haussmann: His Life and Times, and the Making of Modern Paris. Ivan R. Dee. ISBN 978-1566634274.
  32. Benson Bobrick (1981). Labyrinths of Iron, a History of the World's Subways. Newsweek Books;. ISBN 9780882252995.{{cite book}}: CS1 maint: extra punctuation (link)
  33. "The European Belle Epoque-യൂറോപ്പിന്റെ സുവർണകാലം ശേഖരിച്ചത് 29 ഏപ്രിൽ 2015". Archived from the original on 2016-09-12. Retrieved 2015-04-29.
  34. ലോകമേള 1900
  35. ഒളിമ്പിക്സ് വിവരങ്ങൾ
  36. Winston Churchil. Trtiumph & Tragedy (Second World War Vo; VI). Mariner Books. ISBN 978-0395410608. {{cite book}}: Cite has empty unknown parameter: |1= (help)
  37. Julian Jackson. France: The Dark Years 1940-44. Oxford University Press. ISBN 978-0199254576.
  38. "The victory without laurels- The French military tragedy in Algeria-1954-62" (PDF). Archived from the original (PDF) on 2014-10-26. Retrieved 2015-04-30.
  39. [ http://www.cddc.vt.edu/sionline/si/report.html Archived 2011-05-14 at the Wayback Machine. situationist international archive]
  40. "ഒപേറാ ബസ്റ്റീൽ". Archived from the original on 2015-05-23. Retrieved 2015-04-30.
  41. 41.0 41.1 41.2 "പാരിസ് നഗരം". Archived from the original on 2015-05-15. Retrieved 2015-04-29.
  42. Susan Cahill (2012). Hidden Gadens of Paris- A guide to the Parks, squares and woodlands of the city of light. St. Martin's Griffin. ISBN 978-0312673338.
  43. ബൽസാകിന്റെ നോവൽ -മണ്ണിന്റെ മക്കൾ അധ്യായം 12
  44. W. Scott Haine (1998). The World of the Paris Café: Sociability Among the French Working Class, 1789-1914. JHU Press. ISBN 9780801860706.
  45. Noel Riley Fitch (2007). Paris Café: The Sélect Crowd. Counterpoint Press, 2007. ISBN 9781933368856.
  46. Jeffrey Meyers (1999). Hemingway- A Biography. Perseus Books Group. ISBN 9780306808906.
  47. കാൾ മാർക്സ് പാരിസിൽ- ശേഖരിച്ചത് 13മെയ് 2015
  48. 48.0 48.1 48.2 "ലെദു മഗോ കഫേ". Archived from the original on 2015-05-09. Retrieved 2015-05-14.
  49. 49.0 49.1 49.2 "ഫ്ലോർ കഫേ". Archived from the original on 2015-09-24. Retrieved 2015-05-14.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാരിസ്&oldid=4136545" എന്ന താളിൽനിന്ന് ശേഖരിച്ചത്