കേരളത്തിൽ തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ‌ ഏലമലയിൽ കോട്ടയാർ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ കാണിക്കാർ. ആനകളുടെ സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി മുള ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകൾ നിർമ്മിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകൾ തൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലർ മധുരക്കിഴങ്ങ്, കരിമ്പ് , ധാന്യങ്ങൾ‍, എന്നിവയും കാട്ടിൽ കൃഷി ചെയ്യുന്നു. കവണ ഉപയോഗിച്ചാണ്‌ ഇവർ ഭക്ഷണം തേടുന്നത്. കെണികൾ ഉപയോഗിച്ച് മീനേയും എലികളേയും പിടിക്കുന്നു. കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാർ ഭക്ഷണമാക്കുന്നു. പെരുച്ചാഴി കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌. മുളകൊണ്ടുള്ള ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്. പരുത്തി വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. കാണി വംശജരായ ആദിവാസികൾ കല്ലാനയെ കണ്ടിട്ടുള്ളതായി അവകാശ വാദമുന്നയിക്കാറുണ്ട്. ഇവരുടെ ഒരു പ്രത്യേക സംഗീതോപകരണമാണ്‌ കൊക്കര. പല്ലു കൊത്തിയ അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങല കൊണ്ട് കൊക്കരയുമായി ബന്ധിച്ചിരിക്കുന്ന ഇരുമ്പു ദണ്ഡും ചേർന്നതാണ് കൊക്കര.[1]

ഒരു കാണിക്കാർ പുരുഷൻ. 1900 കളിൽ

ആരാധന ക്രമം

തിരുത്തുക

സംഘകാല മനുഷ്യരുടെ ആരാധനാക്രമമാണ് കാണിക്കാർക്കിടയിൽ ഇപ്പോഴും കാണാൻ കഴിയുന്നത്. മല്ലൻതമ്പുരാൻ, എല്ലക്കയ്യല്ലിസാമി, തിരുമുത്തുപാറകുഞ്ചൻ, കാലാട്ടുമുത്തൻ തുടങ്ങിയവർ ഇവരുടെ കുലദൈവങ്ങളാണ്. മാടൻ, മറുത, ഊര, വള്ളി, കരിങ്കാളി, ആയിരവല്ലി, രസത്ത് തുടങ്ങിയ മലദൈവങ്ങളെ വരവേറ്റ മൂർത്തികളെന്നാണ് പറയുന്നത്. വരവേറ്റ മൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.

കാണിക്കാർ ആരാധനയ്ക്കായി പ്രത്യേകം ക്ഷേത്രങ്ങളോ ദേവാലയങ്ങളോ പണിയാറില്ല. കുറച്ചു സ്ഥലം വെട്ടി വെളിവാക്കി വർഷത്തിലൊരിക്കൽ കൊടുതി നടത്താറുണ്ട്. കൊടുതി നടത്തുന്ന സ്ഥലത്തെ കൊടുതിക്കളമെന്നാണ് പറയുന്നത്. ആയിരവല്ലിക്ക് കൊടുതി നടത്തുന്നയിടം ആയിരവല്ലിക്കളമാണ്. പടുക്കയും പൊങ്കാലയും ചാറ്റുമാണ് കൊടുതിയിലെ മുഖ്യ ഇനങ്ങൾ. ഒരു കാണിപ്പറ്റിലെ മുഴുവൻ പേർക്കും വേണ്ടി നടത്തുന്നതാണ് ആണ്ടുകൊടുതി.വിളക്കുമാടം ആണ്ടുകൊടുതിയുടെ പ്രത്യേകതയാണ്. മുളയുപയോഗിച്ച് കെട്ടുന്ന വിളക്കുമാടത്തിന് സാധാരണ രണ്ടു മുറികളുണ്ട്, ആയിരവല്ലിക്കും ഇത്തിരനും. ഒരു മുറി മാത്രമേയുള്ളൂവെങ്കിൽ അത് ആയിരവല്ലിക്കു വേണ്ടിയായിരിക്കും. ആണ്ടുകൊടിതിയോടനുബന്ധിച്ച് ആയിരവല്ലി ചാറ്റാണ് നടത്തുന്നത്. ഭൂമിയമ്മയുടെ ഇടത്തേ തുടയിൽ നിന്ന് പൊട്ടി മുളച്ചതാണത്രേ ആയിരവല്ലി..[2]

കാണിക്കാരും ആരോഗ്യപച്ചയും

തിരുത്തുക

കാണിക്കാർ പൊതുവെ ആരോഗ്യവാന്മാരാണ്. ഒറ്റമൂലി പ്രയോഗത്തിൽ ഇവർ അഗ്രഗണ്യന്മാരായിരുന്നു. സാധാരണഗതിയിൽ ഒരു നേരത്തെ ആഹാരം കഴിക്കുന്ന അവർക്ക് വിശന്നു പൊരിയുമ്പോൾ ആശ്വാസമാണ് ആരോഗ്യപച്ച. കേരളത്തിലെ കാണിവിഭാഗത്തിൽപ്പെട്ട ആദിവാസി സമൂഹത്തിന്റെ അറിവായ ആരോഗ്യപ്പച്ച എന്ന ചെടിയുടെ ഊർജ്ജദായകത കേരള സർക്കാർ ഗവേഷണകേന്ദ്രമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റിറ്റ്യൂട്ട് (TBGRI)പേറ്റന്റ് നേടി കോയമ്പത്തൂർ ആയൂർവ്വേദ ഫാർമസിക്ക് ജീവനി എന്ന പേരിൽ ഔഷധനിർമ്മാണത്തിനായി ലൈസൻസ് നൽകുകയുണ്ടായി. ഇത് നാട്ടറിവുകളുടെ നഗ്നമായ ചൂഷണമാണെങ്കിലും ലൈസൻസ് ഫീസിന്റെ ഒരു ഭാഗം കാണിവിഭാഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു എന്നുള്ളത് ആശാവഹമാണ്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റ് നൽകുന്നതിനുമുമ്പുള്ള നിയമപരമായ വെളിപ്പെടുത്തൽ അംഗീകരിക്കാൻ 2008 ജൂലൈ മാസത്തിൽ നടന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് കഴിഞ്ഞില്ല. അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങി പതിനഞ്ച് രാജ്യങ്ങളാണ് നിയമപരമായ വെളിപ്പെടുത്തലിനെ ശക്തമായി എതിർത്തത്. നാട്ടറിവുകളെ അധികരിച്ചുള്ള കണ്ടുപിടിത്തങ്ങളിൽ നിന്നുള്ള ലാഭവിഹിതം ബന്ധപ്പെട്ട സമൂഹവുമായി പങ്കിടുന്നതിലൂടെ വിജ്ഞാനചൂഷണത്തിനെ ഒരു പരിധിവരെ അംഗീകരിക്കാനാകും. എന്നാൽ ജൈവസമ്പത്തിന്റെ ചൂഷണം തടയുന്നതിന് ഇത്തരത്തിലുള്ള പങ്കിടൽ ഒരു ശാശ്വത പരിഹാരമല്ല.

കാണിപ്പാട്ടു്

തിരുത്തുക

കാണിക്കാരുടെ ഇടയിൽ കാണിപ്പാട്ടു്,ചാറ്റു പാട്ട്, മലമ്പാട്ട് തുടങ്ങി നിരവധി ശാഖകളിലുള്ള പാട്ടുകളുണ്ട്. ചാറ്റു (മന്ത്രവാദം) പാട്ടുകളിൽ ഒന്ന് ഇങ്ങനെയാണ്. മുൻകാലത്തു് മൂന്നു കൊല്ലത്തിലൊരിക്കൽ എഴുപത്തിരണ്ടു കാണിപ്പറ്റുകളിലെ അരയന്മാരും ആറ്റിങ്ങൾ തമ്പുരാനു് അരണ്യവിഭവങ്ങൾ കാഴ്ചവയ്ക്കുക പതിവുണ്ടായിരുന്നു. അതിനു് ഒരവസരത്തിൽ അല്പം നേരനീക്കം വന്നതിനാൽ രാജാവു മാത്തക്കുട്ടി വലിയ പിള്ളയെ തുല്യംചാർത്തിയ ഒരു നീട്ടോലയോടുകൂടി അവരുടെ പ്രമാണിയായ വീരനല്ലൂർക്കോട്ടയിലെ വീരപ്പനരയന്റെ സമീപത്തിലേക്കയയ്ക്കുന്നു. ʻനിനവുʼ (കല്പന) കണ്ടു മാത്തക്കുട്ടിയോടു വീരപ്പൻ ഓരോന്നു ചോദിക്കുകയും മാത്തക്കുട്ടി ഉത്തരം പറയുകയും ചെയ്യുന്നു. [3]

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 32. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. സെബാസ്റ്റ്യൻ, എം. (1999). "7-മുത്തനും മുത്തിയും". കാണിക്കാരുടെ ലോകം. തിരുവനന്തപുരം: ആദികല എഴുത്തുകാഴ്ച. p. 76.
  3. ഉള്ളൂർ എസ്. പരമേശ്വര അയ്യർ, കേരള സാഹിത്യ ചരിത്രം (1964). കാണിപ്പാട്ടു്. കേരള സാഹിത്യ അക്കാദമി.

ഇതും കാണുക

തിരുത്തുക


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=കാണിക്കാർ&oldid=3348466" എന്ന താളിൽനിന്ന് ശേഖരിച്ചത്